പോള്‍ വറുഗീസ് അച്ചന്‍ കുറച്ചുകാലം ഫെലോഷിപ്പ് ഹൗസില്‍ തൊമ്മന്‍ സാറിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്താണ് ആ സ്ഥാപനത്തിന് ഏറ്റവും അഭിവൃദ്ധി ഉണ്ടായത്. ഒരു ലേഖനം എഴുതുവാന്‍ മാത്രമുള്ള അറിവ് എനിക്കില്ല. കൂടാതെ എന്‍റെ ഓര്‍മ്മ ഇപ്പോള്‍ തകരാറിലാണ്. ഞാന്‍ ഡയറി ഒന്നും എഴുതാറുമില്ല.
പോള്‍ വറുഗീസ് ഇവിടെ ഉണ്ടായിരുന്നപ്പോള്‍ അദ്ദേഹവും തൊമ്മച്ചനും കോളജിലെ Student Christian Fellowship (SCF) ന്‍റെ പ്രവര്‍ത്തനത്തില്‍ വളരെ സഹായിച്ചിരുന്നു. ഞാനും കോളജിന്‍റെ വശത്ത് അവരോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. ശനിയാഴ്ച രാത്രിയിലായിരുന്നു SCF ന്‍റെ പരിപാടികള്‍. Panel discussions, Religious drama മുതലായ പരിപാടികളില്‍ പോള്‍ വറുഗീസ് താല്‍പര്യപൂര്‍വ്വം സഹായിച്ചു. കോളജിലെ Religion ക്ലാസ്സുകള്‍ നടത്തുന്നതില്‍ തൊമ്മച്ചനും അദ്ദേഹവും സഹായിച്ചു. വ്യക്തിപരമായി ഞാന്‍ അദ്ദേഹത്തിന്‍റെ സഹായവും ഉപദേശവും തേടുമായിരുന്നു. ഒരു കുടുംബമായും ഞങ്ങളോട് അദ്ദേഹത്തിന് സ്നേഹവും സുഹൃദ്ബന്ധവും ഉണ്ടായിരുന്നു. ലണ്ടനില്‍ Imperial College ല്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ മൂത്ത പുത്രി അന്ന തോമസിനോടും അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു.
കോളജ് വിദ്യാര്‍ത്ഥികളോട് അദ്ദേഹം ബന്ധം പുലര്‍ത്തി. അവരെ സഹായിച്ചു. ഇടയ്ക്ക് അദ്ദേഹം ഫെലോഷിപ്പ് ഹൗസില്‍ വരുമായിരുന്നു. ഏതു വിഷയത്തെപ്പറ്റിയും പ്രസംഗിക്കാന്‍ വേണ്ട പ്രാഗത്ഭ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ഇവിടെ നടത്തിയ ഒരു പ്രസംഗത്തില്‍ നിന്നാണ് തെയ്യാര്‍ദ് ഷെര്‍ദാനെപ്പറ്റിയും അദ്ദേഹത്തിന്‍റെ ക്രിസ്തീയ കാഴ്ചപ്പാടിനെപ്പറ്റിയും ഞാന്‍ ആദ്യം അറിഞ്ഞത്. ദൈവശാസ്ത്രത്തിലും മറ്റുമുള്ള ആധുനിക ചിന്തകള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകത്തക്കവണ്ണം പറഞ്ഞു ഫലിപ്പിക്കുന്നതില്‍ തിരുമേനിക്ക് പ്രത്യേകം കഴിവുണ്ടായിരുന്നു. മെത്രാനായശേഷം കോളജില്‍ അദ്ദേഹം വന്ന് പ്രസംഗിച്ചിട്ടുണ്ട്. കുസൃതിക്കാരായ വിദ്യാര്‍ത്ഥികള്‍ പോലും പൂര്‍ണ്ണ നിശ്ശബ്ദത പാലിച്ച് അദ്ദേഹത്തെ കേള്‍ക്കുമായിരുന്നു.