മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പേരും പെരുമയും അഖിലലോക സഭാതലങ്ങളിലും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലും ഉയര്‍ത്തിപ്പിടിക്കുവാന്‍ ദൈവം ഉപയോഗിച്ച അതുല്യ പ്രതിഭാശാലിയാണ് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്.
ജനനം കൊണ്ട് മലയാളി ആയിരുന്നുവെങ്കിലും നാലു ഭൂഖണ്ഡങ്ങളിലും (ഏഷ്യാ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക) അനേകം സംസ്കാരങ്ങളിലുമായി പരന്നു കിടക്കുന്ന കര്‍മ്മമണ്ഡലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ മനസ്സും ശരീരവും. ആഗോള വ്യാപകമായ നീതി, നിരായുധീകരണം, സമാധാനം എന്നീ മേഖലകളില്‍ ലോകോത്തരമായ സംഭാവനകള്‍ അദ്ദേഹം നല്‍കി.
തിരുമേനിയുടെ ചിന്തകളും രചനകളും ഇന്ന് യൂറോപ്യന്‍ യൂണിവേഴ്സിറ്റികളില്‍ ഗവേഷണ പഠനവിഷയങ്ങളാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭ അറിയുന്നതിനേക്കാള്‍ അദ്ദേഹത്തെ അറിയുന്നതും ആദരിക്കുന്നതും ഇതര ഭൂഖണ്ഡങ്ങളിലുള്ള ചിന്തകരും പണ്ഡിതരും ആണെന്നുള്ളത് ഒരു പരമാര്‍ത്ഥമാണ്.
പാശ്ചാത്യരെ വിസ്മയിപ്പിച്ച വിഖ്യാതമായ വേറെയും ഗ്രന്ഥങ്ങള്‍ ഡോ. ഗ്രീഗോറിയോസ് തിരുമേനി രചിച്ചിട്ടുണ്ട്. ‘കോസ്മിക് മാന്‍’, ‘ജോയ് ഓഫ് ഫ്രീഡം’, ‘ഫ്രീഡം ഓഫ് മാന്‍’, ‘ദ് ഹ്യൂമന്‍ പ്രസന്‍സ്’ എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങള്‍ ഉണ്ട്. ഇംഗ്ലീഷില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥങ്ങള്‍ക്ക് ലോകത്തിലെ വിവിധ ഭാഷകളില്‍ വിവര്‍ത്തനങ്ങള്‍ വന്നിട്ടുണ്ട്. മലയാളത്തില്‍ എഴുതിയ ‘ദര്‍ശനത്തിന്‍റെ പൂക്കള്‍’ എന്ന ഗ്രന്ഥം വളരെ ശ്രദ്ധേയമത്രെ.
ഒരു ദിവസം ന്യൂയോര്‍ക്കിലാണെങ്കില്‍ അടുത്ത ദിവസം പാരീസിലും തുടര്‍ന്നുള്ള ദിവസം മോസ്കോയിലും എന്ന മട്ടിലായിരുന്നു തിരുമേനിയുടെ പ്രഭാഷണ പരിപാടികള്‍. മാത്രമല്ല സീതാറാം യച്ചൂരി മുതല്‍ മിഖായേല്‍ ഗോര്‍ബച്ചേവു വരെയുള്ളവരുമായി അദ്ദേഹം രാഷ്ട്രീയ സംവാദത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു.
ബഹുമുഖ വ്യക്തിപ്രഭാവവും അതിനനുസരിച്ചുള്ള തിരക്കുകളും ഉള്ള തിരുമേനിയുടെ നിഷ്ഠയുള്ള ആരാധനാജീവിതവും ആത്മീയതയും അതിശയിപ്പിക്കുന്നവിധത്തിലുള്ളതായിരുന്നു. ആദ്ധ്യാത്മികതയുടെ പാരമ്യം ആതുരരെ പരിപാലിക്കുന്നതിലാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അതിന്‍റെ ഒരു പ്രതിഫലനമാണ് ശിശുക്കളോട് അദ്ദേഹം കാണിച്ചിരുന്ന പ്രതിപത്തി.
മുളന്തുരുത്തി തലക്കോടിലെ സെന്‍റ് മേരീസ് ബോയ്സ് ഹോമില്‍ അദ്ദേഹം വരുമ്പോഴെല്ലാം എത്ര വലിയ കൃത്യാന്തര ബാഹുല്യത്തിനിടയിലാണെങ്കിലും കുഞ്ഞുങ്ങളെ താലോലിച്ച് തലോടി അവരുമായി സല്ലപിക്കുവാന്‍ തിരുമേനി എപ്പോഴും സമയം കണ്ടെത്തിയിരുന്നു. അവരോടു കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്നതിനു മാത്രമല്ല അവരുടെ നോട്ടുബുക്കുകള്‍ പോലും പരിശോധിച്ച് തെറ്റുകള്‍ തിരുത്തിക്കൊടുക്കുന്നതും ലേഖകന്‍ നേരില്‍ കണ്ടിട്ടുള്ളതാണ്.
തിരുമേനി കാലം ചെയ്തതിനെ തുടര്‍ന്ന് മലയാള മനോരമയില്‍ പ്രത്യക്ഷപ്പെട്ട ലേഖനങ്ങള്‍ ‘അവസാന നിമിഷം വരെ കര്‍മ്മനിരതന്‍’ (ഡി. വിജയമോഹന്‍), ‘ഇടിഞ്ഞത് ഒരു കുലപര്‍വ്വതം’ (സുകുമാര്‍ അഴിക്കോട്), ‘ഈ ജീവിതയാത്ര എത്ര ധന്യം, സഫലം’ (പോള്‍ മണലില്‍), ‘മഹാനായ പണ്ഡിതന്‍’ (ഇ. എം. എസ്.), ‘മാര്‍ ഗ്രീഗോറിയോസ്, പണ്ഡിതന്‍’ (ഉപരാഷ്ട്രപതി കെ. ആര്‍. നാരായണന്‍), ‘കണക്കിലെ കേമനായി എന്നുമീ കുഞ്ഞുങ്ങള്‍’ (ജെക്കോബി), ‘ഗ്രിഗോറിയോസിന്‍റെ ദേഹവിയോഗം കനത്ത നഷ്ടം’ (സുര്‍ജിത്) എന്നിവയ്ക്കെല്ലാം മകുടം ചാര്‍ത്തുന്നവിധത്തിലായിരുന്നു “പൗരസ്ത്യ ദര്‍ശനത്തിന്‍റെ അപൂര്‍വ്വ ജ്യോതിസ്സ്” എന്ന പേരിലുള്ള വിജ്ഞാനപ്രദമായ എഡിറ്റോറിയല്‍.