ആലുവാ അന്ന് ഒരു വലിയ ഗ്രാമം. ഇന്നത്തെ പെരുമ്പാവൂരിനേക്കാള്‍ ചെറിയ സ്ഥലം. വേനല്‍ക്കാലത്ത് കുളിച്ച് താമസിക്കുവാന്‍ വരുന്നവരുടെ ‘നദി’ തഴുകിയിരുന്ന നാട്. കാത്തായി മില്ലിന് തൊട്ടുകിഴക്ക് കൊവേന്തയുടെ ബോര്‍ഡുനിന്ന പഴയ വളവ് കഴിഞ്ഞാല്‍ കാണുന്ന നെടുമ്പറമ്പായിരുന്നു അന്ന് ആലുവാ. പിന്നെ ഒരു തീയേറ്റര്‍, സി.എസ്.ഐ. – കത്തോലിക്കാ പള്ളികളും വൈ.എം.സി.എ. യും ഒരു ചെറിയ ട്രാന്‍സ്പോര്‍ട്ട് ഓഫീസും. അന്നും ഇന്നും മാറ്റമില്ലാത്തതായി മാര്‍ത്താണ്ഡവര്‍മ്മ പാലം മാത്രമുണ്ട്.
എനിക്ക് 15 വയസ്സ് പ്രായമുള്ളപ്പോള്‍ ഞാന്‍ ആലുവാ യു.സി. കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു. അല്പം വായാടിത്തരം അന്നും ഉണ്ടായിരുന്നതുകൊണ്ടും, റാങ്ക് വാങ്ങിച്ച് ചെന്നതുകൊണ്ടും, അന്നവിടെ അല്മായക്കാരനായി താമസിച്ച് ബൈബിള്‍ പഠിപ്പിച്ചുകൊണ്ടിരുന്ന പോള്‍ വര്‍ഗീസ് സാറിന് എന്നോട് വളരെ വാത്സല്യമുണ്ടായി. കൗമാരത്തിന്‍റെ ആന്ദോളനങ്ങളില്‍ സഭയേയും ദൈവത്തേയും വേദപുസ്തകത്തെയും സ്നേഹിക്കുവാന്‍ കുടുംബത്തില്‍നിന്ന് ലഭിച്ചിരുന്ന പരിശീലനത്തില്‍ എന്നെ ഉറപ്പിച്ചുനിര്‍ത്തിയത് ആലുവായിലെ അന്തരീക്ഷവും പോള്‍ വര്‍ഗീസ് സാര്‍ ഉള്‍പ്പെടെയുള്ള മൂന്നോ നാലോ ഗുരുജനങ്ങളുമായിരുന്നു. ഞായറാഴ്ചയും കംപല്‍സറി ഗെയിംസുള്ള ദിവസങ്ങളുമൊഴികെയുള്ള ആഴ്ചയിലെ അഞ്ചു ദിവസങ്ങളിലും, വൈകുന്നേരം ഖദര്‍ ജൂബായുമിട്ട് ഒരു കാലന്‍കുടയുമായി നടക്കാന്‍പോകുന്ന പോള്‍ വര്‍ഗീസ് സാറിന്‍റെ കൂടെ നടന്ന് അറിവിന്‍റെ അനേക കഷണങ്ങള്‍ സ്വാംശീകരിക്കുവാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്.
പല സായാഹ്നങ്ങളിലും കോളജ് കുന്നില്‍നിന്ന് ആലുവായിലെ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനടുക്കലേക്ക് പോള്‍ വര്‍ഗീസ് സാറിനോടൊപ്പം നടക്കുന്നതും, പെരിയാറിലേക്ക് നോക്കിനിന്ന് അറിവിന്‍റെ അപാരതകളെ ക്കുറിച്ച് അനേക സംഗതികള്‍ അദ്ദേഹം എനിക്ക് പറഞ്ഞുതരുന്നതും ഇപ്പോഴും എന്‍റെ മനസ്സിലുള്ള നിത്യഹരിതമായ സ്മരണകളിലൊന്നാണ്. മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന്‍റെ കൈവരികളില്‍ പിടിച്ചുനിന്നുകൊണ്ട്, കൈവഴികളായി പിരിഞ്ഞൊഴുകിപ്പോകുന്ന പെരിയാറിനെ നോക്കിക്കൊണ്ട് എത്രയോ സായാഹ്നങ്ങളില്‍ അദ്ദേഹം എനിക്ക് എന്തെല്ലാം പറഞ്ഞുതന്നു! ആലുവാ സെറ്റില്‍മെന്‍റ് കുന്നിന്‍റെ മുകളില്‍ ചാപ്പലിന്‍റെ പടിഞ്ഞാറ് വശത്തുള്ള അരമതിലിലിരുന്നുകൊണ്ട് എത്രയോ അസ്തമനസൂര്യന്മാരെ സാക്ഷിനിര്‍ത്തിക്കൊണ്ട് ആ പിതാവ് എന്നെ പഠിപ്പിച്ചു – അറിവിന്‍റെ അതിരില്ലായ്മയെക്കുറിച്ച്. ‘അറിവ് ഒരു ചക്രവാളം കണക്കെ ഒരു മരീചിക കണക്കെയാണ്. അറിവിന് അതിരില്ലായെന്ന് അറിയുന്നതാണ് ആദ്യത്തെ അറിവ്.’ ഇന്നും അറിവിന്‍റെ അതിരില്ലായ്മയെക്കുറിച്ച് പറഞ്ഞുതന്ന മഹാനായ ആ പണ്ഡിതനെ ഓര്‍ക്കാതിരിക്കുവാന്‍, അദ്ദേഹം പറഞ്ഞുതന്ന വാക്കുകളുടെ അര്‍ത്ഥഗാംഭീര്യം എത്രയുണ്ടെന്ന് അനുദിനം അനുസ്മരിക്കാതിരിക്കുവാന്‍ കഴിയുന്നില്ല.
പിന്നീട് കളക്ടറായി കോട്ടയത്ത് വന്നപ്പോള്‍ പോള്‍ വര്‍ഗീസ് അച്ചന്‍ വൈദികസെമിനാരിയുടെ പ്രിന്‍സിപ്പലായി അവിടെയുണ്ടായിരുന്നു. ചാര്‍ജ്ജ് എടുക്കുന്നതിനു മുമ്പ് കോട്ടയത്തു മൂന്നു പേരെയാണ് ഞാന്‍ കണ്ട് അനുഗ്രഹം തേടിയത്. എന്‍റെ വന്ദ്യപിതാവിന്‍റെ നിര്‍ദ്ദേശപ്രകാരം അച്ചന്‍റെ മല്പാനായിരുന്ന ഔഗേന്‍ ബാവായേയും മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ഈ നൂറ്റാണ്ടിന്‍റെ ആദ്യപാദത്തില്‍ അച്ചന്‍റെ അദ്ധ്യാപകനായിരുന്ന മലയാള മനോരമ ചീഫ് എഡിറ്റര്‍ ശ്രീ. കെ. എം. ചെറിയാനെയും, എന്‍റെ സ്വന്തം താല്പര്യപ്രകാരം പോള്‍ വര്‍ഗീസ് അച്ചനെയും. അദ്ദേഹം എന്നോട് ആദ്യം ചോദിച്ച ചോദ്യം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്‍റെ ചുണ്ടുകളില്‍ ഒരു മന്ദഹാസം വിരിയുന്നു, “ബാബു ഇപ്പോഴും വായനാശീലം തുടരുന്നുണ്ടോ? അതോ പണ്ട് സംഭരിച്ച ഊര്‍ജ്ജം ഉപയോഗിച്ച് വണ്ടി ഓടിക്കുകയാണോ?” അക്ഷരവിരോധിയായി മാറിയിട്ടില്ലായെന്ന് ഞാന്‍ മറുപടി പറഞ്ഞു. വായനയ്ക്ക് ആഴത്തെക്കാള്‍ പരപ്പുണ്ടായിരുന്ന ചെറുപ്രായം. കഷ്ടിച്ച് മുപ്പതു വയസ്സ്. കയ്യില്‍ കിട്ടുന്നതെന്തും വായിക്കുന്ന സ്വഭാവം വിട്ടിരുന്നില്ല. എന്നാല്‍ താല്പര്യം ബൈബിളിലും, വേദശാസ്ത്ര – ദാര്‍ശനിക മേഖലകളിലും ചുരുങ്ങിവരാന്‍ തുടങ്ങിയിട്ടുണ്ടോ എന്ന് സംശയം തോന്നുന്ന കാര്യം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അത് അറിവിലേക്കുള്ള ശരിയായ പാത തന്നെയാണ് എന്ന് ഗുരു എന്നെ ധൈര്യപ്പെടുത്തി. പരപ്പ് നിലനിര്‍ത്തിക്കൊണ്ടുതന്നെ ആഴത്തിലുള്ള താല്പര്യം ഇനിയും ചുരുങ്ങിവരേണ്ടതുണ്ട് എന്ന് ധൈര്യപ്പെടുത്തുന്നമട്ടില്‍ പറഞ്ഞതുമോര്‍ക്കുന്നു. ഇന്ന് രണ്ട് വ്യാഴവട്ടങ്ങള്‍ക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ ആ പറഞ്ഞതിന്‍റെ അര്‍ത്ഥം എനിക്ക് മനസ്സിലാകുന്നു. ബ്രഹ്മമുഹൂര്‍ത്തത്തിലെ ഏകാന്ത ധ്യാനത്തിലേക്കും ഏതാണ്ട് നിത്യേനയുള്ള കുര്‍ബ്ബാനാനുഭവത്തിലേക്കും എന്‍റെ ഹര്‍ഷോന്മാദം ആദ്ധ്യാത്മികതലത്തില്‍ പരിമിതപ്പെട്ടുവെങ്കില്‍ ബൗദ്ധികതലത്തില്‍ എന്‍റെ സംതൃപ്തി ബൈബിളിലേക്കും ഗീതയിലേക്കും മനുഷ്യാവതാരം എന്ന മനസ്സിലാകാത്ത അത്ഭുതത്തിലേക്കും ഒതുങ്ങിയിരിക്കുന്നു. അന്നൊരിക്കല്‍ കോട്ടയത്തു വച്ചു നടന്ന കേരള ദാര്‍ശനിക സമിതിയുടെ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുവാന്‍ അതിന്‍റെ സംഘാടകരില്‍ പ്രമുഖനായിരുന്ന തിരുമേനി എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ പ്രകടിപ്പിച്ച വികാരം ഭയം ആയിരുന്നു. “ടേക്ക് ഇറ്റ് ആസ് എ ചലഞ്ച്. ഗോഡ് വില്‍ ഗിവ് യു സംതിങ്ങ് ടു ടെല്‍ അസ്” എന്ന് ധൈര്യപ്പെടുത്തിയ തിരുമേനി അതിനും ഒരു വര്‍ഷം മുമ്പ് ഓര്‍ത്തഡോക്സ് സെമിനാരിയുടെ ബിരുദദാന പ്രസംഗം നടത്തുവാന്‍ എന്നെ ക്ഷണിച്ചതും 30 തികയാത്ത ഞാന്‍ അതിനു യോഗ്യനല്ലായെന്ന് മറുപടി അയച്ചതും തിരുമേനിയും ഞാനും അപ്പോള്‍ അനുസ്മരിച്ചു (എങ്കിലും പിന്നെ ചില ദുര്‍ബല നിമിഷങ്ങളിലെങ്കിലും അന്ന് ആ ക്ഷണം സ്വീകരിച്ചെങ്കില്‍ ഇന്ന് അതൊരു ഗമയായിരുന്നേനേ എന്ന് തോന്നിയിട്ടുണ്ട് എന്ന് കുമ്പസാരിച്ചുകൊള്ളട്ടെ). എന്‍റെ ഉദ്ഘാടന പ്രസംഗം നന്നായിരുന്നു എന്ന് തിരുമേനി മറ്റു ചിലരോട് പറഞ്ഞ് ഞാനറിഞ്ഞപ്പോള്‍ ഐ.എ.എസ്. ന്‍റെ ഫലം അറിവായ ദിവസം തോന്നിയ വികാരം തന്നെയാണ് തോന്നിയത്.
ഞങ്ങള്‍ വളരെ വ്യക്തമായി രണ്ട് അഭിപ്രായസരണികള്‍ പ്രകടിപ്പിക്കുകയും ഞാന്‍ തിരുമേനിയെത്തന്നെ വ്യക്തിപരമായി വിമര്‍ശിച്ചുകൊണ്ട് എഴുതുകയും ചെയ്തിട്ടുള്ള കാലത്തുപോലും ആ സ്നേഹത്തിനും വാത്സല്യത്തിനും ഒരു കുറവും ഉണ്ടായില്ല. ഒരു വലിയ മനസ്സിന്‍റെയും വലിയ സ്നേഹത്തിന്‍റെയും ഉറവിടമായിരുന്നു ആ തിരുമേനി. എന്നാല്‍ മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനം മലങ്കര മെത്രാപ്പോലീത്തായ്ക്കുള്ളതാണെന്നും, കാതോലിക്കാസ്ഥാനം ടെഗ്രീസിന്‍റെ തുടര്‍ച്ചയാണെങ്കില്‍ മുറിമറ്റത്തെ ബാവാ (ഒന്നാം കാതോലിക്കാ) പൗലോസ് ദ്വിതീയന്‍ ആയിരിക്കേണ്ടതാണെന്നും ഞാന്‍ പറഞ്ഞിട്ട് തിരുമേനി മറുപടി പറഞ്ഞില്ലായെന്ന് എഴുതിയത് തിരുമേനിയെ ശരിക്കും കോപിപ്പിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. ഏതായാലും പിന്നീട് കുറേക്കാലം തിരുമേനിയെക്കാണാന്‍ എനിക്ക് ധൈര്യവും എന്നെക്കാണാന്‍ തിരുമേനിക്ക് താല്പര്യവുമില്ലായിരുന്നുവെന്ന് തോന്നുന്നു. തിരുമേനി രോഗബാധിതനായതിനെ തുടര്‍ന്നാണ് ഗുരുസന്നിധിയില്‍ ഞാന്‍ വീണ്ടും എത്തിയത്. ജര്‍മ്മനിയില്‍ നിന്ന് കോട്ടയത്ത് തിരിച്ചെത്തിയ ആദ്യനാളുകളില്‍ ഞാന്‍ പഴയസെമിനാരിയില്‍ ചെന്ന് പാദംതൊട്ട് നമസ്ക്കരിച്ച് കൈ മുത്തി. ഒന്നൊന്നര മണിക്കൂര്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. ഫിസിയോതെറാപ്പിക്കുള്ളയാള്‍ കാത്തിരിക്കുന്നുവെന്ന് രണ്ടാമതും അറിയിപ്പു വന്നപ്പോഴാണ് ഞാന്‍ മുട്ടുകുത്തി അനുഗ്രഹം പ്രാപിച്ച് യാത്രയായത്. അന്ന് സുപ്രീംകോടതി വിധിയൊന്നും വന്നിട്ടില്ലല്ലോ. തിരുമേനി പറഞ്ഞ ഒരു ഫലിതം ഇപ്പോഴും ഓര്‍ക്കുന്നു: “നമ്മുടെ ബന്ധം അറിഞ്ഞുകൂടാത്ത ശെമ്മാശന്മാര്‍ ബാബു പോള്‍ എന്തോ പാരപണിയാന്‍ വന്നിരിക്കുകയാണ് എന്ന് പറയുന്നുണ്ടായിരിക്കും.” തിരുമേനി പൊട്ടിച്ചിരിച്ചു. സാഹചര്യങ്ങളുടെ നിര്‍ബന്ധംകൊണ്ട് അകന്നു കഴിയാന്‍ നിര്‍ബന്ധിതമായ കാലയളവിനെക്കുറിച്ച് ഉള്ള ദുഃഖമായിരുന്നു അപ്പോഴും എന്‍റെ മനസ്സു നിറയെ. തിരുമേനി ആ കെട്ടിടത്തിലേക്ക് (ശ്രുതി) മാറിയതിനുശേഷം ഞാന്‍ ആദ്യമായിട്ടാണ് അവിടെയെത്തിയത് എന്നതുതന്നെ എനിക്കനുഭവപ്പെട്ട നഷ്ടബോധത്തിന്‍റെ ഒരു തെളിവാണ്. എന്നാല്‍, പിന്നീട് കോട്ടയം വഴി കടന്നുപോകുമ്പോള്‍ സൗകര്യപ്പെട്ടാല്‍ തിരുമേനിയെ കാണുകയും അല്ലെങ്കില്‍ ഫോണ്‍ ചെയ്യുകയും പതിവായി. അങ്ങനെയൊരു സന്ദര്‍ഭത്തിലാണ് തിരുമേനിയുടെ വിനയത്തിന്‍റെ ഏറ്റവും ഉദാത്തമായ, ബാഹ്യലോകം അധികം കണ്ടിട്ടില്ലാത്ത ഒരു മുഖം ഒരിക്കല്‍ എനിക്ക് കാണുവാന്‍ കഴിഞ്ഞത്. സംസാരമദ്ധ്യേ തിരുമേനി എന്നോടു പറഞ്ഞു: “പഠിപ്പിക്കുമ്പോഴാണ് ബാബു ഞാന്‍ പഠിക്കുന്നത്. ഞാന്‍ ഇന്ന് എം.റ്റി.എച്ച്. കാര്‍ക്ക് ഹെര്‍മന്യൂട്ടിക്സിന് ഒരു ക്ലാസ്സെടുക്കുവാനായി ഒരുങ്ങിയപ്പോള്‍, ഒരിക്കലും എന്‍റെ മനസ്സില്‍ ഇതിനു മുമ്പ് ഉദിച്ചിട്ടില്ലാത്ത രണ്ട് ആശയങ്ങള്‍ എനിക്ക് കിട്ടി.” അപ്പോള്‍ ഞാന്‍ തിരുമേനിയോടു ചോദിച്ചു: “ഇപ്പോഴും എം.റ്റി.എച്ചു. കാരെ പഠിപ്പിക്കുവാന്‍ തിരുമേനി ക്ലാസ്സിനു മുന്‍കൂട്ടി തയ്യാറെടുക്കുമോ?” അതിന് അദ്ദേഹം പറഞ്ഞ മറുപടിയാണ് വിനയത്തിന്‍റെ പ്രതീകമായി ഞാന്‍ കണ്ടത്. “That is what I owe my students.” അതായിരുന്നു പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി.
** *** **** ***
ഓര്‍മ്മയുടെ ഓളങ്ങളില്‍ ഒതളങ്ങ പോലെ ഒഴുകിനടന്ന് ഈ അവതാരിക എന്‍റെ ആത്മകഥയിലെ ഒരദ്ധ്യായംപോലെയായി ഭവിച്ചത് അനുവാചകര്‍ ക്ഷമിക്കണം. കൃതിയെക്കുറിച്ച് കൂടെ അല്പം ചിലത് പറഞ്ഞുകൊള്ളട്ടെ.
ലേഖനങ്ങളായി വന്നപ്പോള്‍ത്തന്നെ ഞാന്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചു പഠിച്ചതാണ് ഇത്. ഗ്രിഗോറിയോസ് തിരുമേനിയുടെ ദാര്‍ശനികതലത്തിലേക്ക് ഉയര്‍ന്ന് അതിന്‍റെ സത്തയും സാരാംശവും ഗ്രഹിച്ച് തിരികെ നമ്മെപ്പോലുള്ള സാധാരണ മനുഷ്യരുടെ തലത്തിലേക്ക് ഇറങ്ങിവന്ന് ലളിതവും സുഗ്രാഹ്യവുമായ ഭാഷയില്‍ ഒരു വിശ്വോത്തര ദാര്‍ശനികന്‍റെ ചിന്തകള്‍ അവതരിപ്പിക്കുക എന്നത് ലഘുവായ സംഗതിയല്ല (വിശ്വോത്തര ദാര്‍ശനികന്‍ എന്നു പ്രയോഗിച്ചത് അതിശയോക്തിയായി കരുതേണ്ടതില്ല. ‘ആദിശങ്കരന് ശേഷം ഭാരതം ലോകത്തിന് നല്‍കിയ ഏറ്റവും മഹാനായ മൗലിക ദാര്‍ശനികനായ പൗലോസ് മാര്‍ ഗ്രിഗോറിയോസ്’ എന്ന് ‘വേദശബ്ദരത്നാകര’ത്തില്‍ (പേജ് 566) ഞാന്‍ എഴുതിയിട്ടുണ്ട്. അതിനെക്കുറിച്ച് വിമര്‍ശനരൂപേണ പരാമര്‍ശിച്ച ഡോ. വി. എസ്. ശര്‍മ്മപോലും മാധ്വാചാര്യരെയും മറ്റും കൂടെ പരാമര്‍ശിക്കാതിരുന്നതില്‍ മാത്രമാണ് കുറവു കണ്ടത്.). നിസ്സായിലെ ഗ്രിഗോറിയോസ് ഗ്രീക്ക് തത്വചിന്തയേയും ക്രിസ്തുവിന്‍റെ ഉപദേശങ്ങളെയും കുറിച്ചു പഠിക്കുവാനും അവയുടെ പാരസ്പരികത അപഗ്രഥിക്കുവാനും ശ്രമിച്ചിട്ടുള്ളതായി പുനര്‍ജന്മത്തെക്കുറിച്ചുള്ള ഒരു പഠനത്തില്‍ കാണുന്നുണ്ട്. നിസ്സായിലെ ഗ്രിഗോറിയോസിനെ ഇതില്‍ സ്വാധീനിച്ചത് ഓറിഗണ്‍ ആയിരുന്നു. അവിടെനിന്ന് ബഹുദൂരം യാത്ര ചെയ്യുവാന്‍ നിസ്സായിലെ ഗ്രിഗോറിയോസിനു കഴിഞ്ഞു എന്ന് നമുക്കൊക്കെ അറിയാം. ആ ചിന്തകളെ ചില പ്രത്യേക മേഖലകളുടെ പരിമിതിയില്‍നിന്നുകൊണ്ട് അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍ ചെയ്തിട്ടുള്ളത്. ക്രിസ്തീയ മിസ്റ്റിക്കുകളുടെ പ്രത്യേകതകളെ ജ്ഞാനവാദത്തില്‍ നിന്നും മാണിക്കേയിസത്തില്‍നിന്നും യഹൂദ-ഗ്രീക്ക് ചിന്തകളില്‍ നിന്നും വേര്‍തിരിച്ച് കാണുവാനുള്ള പരിശ്രമം പൗരസ്ത്യ ദൈവവിജ്ഞാനീയത്തിന്‍റെ അവിഭാജ്യ ഘടകമാണ്. പഴയനിയമത്തിലെ ജ്ഞാനസാഹിത്യവും പില്‍ക്കാലത്തെ സൂഫി പാരമ്പര്യങ്ങളും ജ്ഞാനത്തിന്‍റെ കാമുകനാണ് (philosophia) ദാര്‍ശനികന്‍ എന്ന യവന സങ്കല്‍പവും കുമ്രാന്‍ ലിഖിതങ്ങളും പൗലോസിന്‍റെയും യോഹന്നാന്‍റെയും വേദശാസ്ത്ര ചിന്തകളും തുടങ്ങി ഒട്ടനേകം ഘടകങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്ന ഒരു മേഖലയിലാണ് ഗ്രന്ഥകര്‍ത്താവ് അയത്നലളിതമായി സഞ്ചരിക്കുന്നത്. ഇതിന്‍റെ തുടര്‍ച്ചയായി ഭാരതീയ ദര്‍ശനങ്ങളുമായി ബന്ധപ്പെടുത്തി നമ്മുടേതായ ഒരു ദൈവവിജ്ഞാനീയം രൂപപ്പെടേണ്ടിയിരിക്കുന്നു. പാശ്ചാത്യ സ്വാധീനത്തില്‍ നിന്നുള്ള മോചനം ബൈസന്‍റയിന്‍ ചട്ടക്കൂടുകളില്‍ ഉള്ള ബന്ധനം ആകരുത്. ഭാരതത്തിലെ ക്രൈസ്തവസഭയ്ക്ക്, വിശേഷിച്ചും മലങ്കര സുറിയാനി സഭയ്ക്ക്, അടുത്ത നൂറ്റാണ്ടില്‍ ഏറ്റെടുക്കാനുള്ള വെല്ലുവിളി ഒരു മലങ്കര ദൈവവിജ്ഞാനീയത്തിന്‍റെ വികസനമാണ്. ഭാഗ്യസ്മരണാര്‍ഹനായ പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി “ഇതാ ഇതിലെ” എന്ന് വ്യക്തമായി ബഹുമാനപ്പെട്ട ഗബ്രിയേല്‍ അച്ചനെപ്പോലെ ചിലര്‍ക്കെങ്കിലും കാണിച്ചുകൊടുത്തിട്ടുള്ള ഈ പാത ദുര്‍ഗ്ഗമമെങ്കിലും അവശ്യം സഞ്ചരിക്കേണ്ടതു തന്നെയാണ്. മഹത്തായ ആ വൈജ്ഞാനിക തീര്‍ത്ഥയാത്രയിലെ ആദ്യത്തെ ഇടത്താവളമായിട്ടാണ് ഞാന്‍ ഈ കൃതിയെ വിലയിരുത്തുന്നത്. ഈ യാത്രയില്‍ പങ്കുചേരാന്‍ ഓര്‍ത്തഡോക്സ് പാരമ്പര്യത്തോട് വിശ്വസ്തതയും ഭാരതീയ ദര്‍ശനങ്ങളോട് ബഹുമാനവും ഉള്ള സുമനസ്സുകള്‍ കൂടുതല്‍ കൂടുതലായി പങ്കുചേരുവാന്‍ ഈ കൃതി ഉപകരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ വിനയപൂര്‍വ്വം, ഞാന്‍ ഇത് സഹൃദയസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.
(ഗുരുമുഖത്തുനിന്നും ഒന്നാം വാല്യത്തിന് എഴുതിയ അവതാരിക)