എന്‍റെ ഓര്‍മ്മയിലെ പോള്‍ വറുഗീസ് സാര്‍ / ഡോ. എ. എം. ചാക്കോ (റിട്ട. പ്രിന്‍സിപ്പാള്‍, യു.സി. കോളജ്, ആലുവ)

paul-varghese-1954
ഞാന്‍ അവസാനവര്‍ഷ ബി.എസ്.സി. ക്ലാസില്‍ പഠിക്കുമ്പോഴാണ് (1954-1955) ആ വര്‍ഷം ആദ്യം ആലുവാ ഫെലോഷിപ്പ് ഹൗസില്‍ വന്നു താമസമാക്കിയ പോള്‍ വറുഗീസ് സാറുമായി പരിചയപ്പെടുന്നത്. യു.സി. കോളജിലെ എസ്.സി.എം. സെക്രട്ടറി എന്ന നിലയില്‍ ഫെലോഷിപ്പ് ഹൗസ് സെക്രട്ടറി എം. തൊമ്മന്‍ സാറുമായി അടുത്ത പരിചയം എനിക്കുണ്ടായിരുന്നു. കോളജിലെ കുട്ടികളുടെ പ്രാര്‍ത്ഥനാക്കൂട്ടങ്ങളും വേദപഠനക്ലാസ്സുകളും ഒക്കെ അന്ന് ഫെലോഷിപ്പ് ഹൗസില്‍ വച്ച് നടത്തുന്നതിന് തൊമ്മന്‍ സാര്‍ പ്രത്യേക സൗകര്യം ചെയ്തു തന്നിരുന്നതായി ഓര്‍ക്കുന്നു. ഒരു ദിവസം എസ്.സി.എം. ന്‍റെ ശനിയാഴ്ച സന്ധ്യയിലെ സമ്മേളനത്തില്‍ പ്രസംഗിക്കാനായി തൊമ്മന്‍ സാറിനെ ക്ഷണിക്കാന്‍ ഫെലോഷിപ്പ് ഹൗസില്‍ ചെന്നപ്പോള്‍ ആണ് തൊമ്മന്‍ സാര്‍, അമേരിക്കയില്‍ നിന്നും പഠനം കഴിഞ്ഞെത്തിയ പോള്‍ വറുഗീസ് സാറിനെ എനിക്കു പരിചയപ്പെടുത്തിത്തന്നത്. ‘എന്നേക്കാള്‍ വലിയവന്‍ ഇവിടെ എത്തിയിരിക്കുന്നു’ എന്ന വിനയഭാവത്തോടെയാണ് തൊമ്മന്‍ സാര്‍, പ്രതിഭാസമ്പന്നനും ഊര്‍ജ്ജസ്വലനുമായ പോള്‍ വറുഗീസ് സാറിനെ എനിക്കു പരിചയപ്പെടുത്തിത്തന്നത്. ഞാന്‍ ഒരു വിദ്യാര്‍ത്ഥി മാത്രമായിരുന്നെങ്കിലും വളരെ സ്നേഹത്തോടും അനൗപചാരികതയോടുമാണ് പോള്‍ വറുഗീസ് സാര്‍ എന്നോട് സംസാരിച്ചത് എന്നു ഞാന്‍ ഓര്‍ക്കുന്നു. വിവിധ വിഷയങ്ങളില്‍ അഗാധപാണ്ഡിത്യം ആര്‍ജ്ജിച്ച ഒരു വ്യക്തിയോടാണ് ഞാന്‍ ഇടപെടുന്നത് എന്ന് ആദ്യ സംഭാഷണത്തില്‍ നിന്നു തന്നെ എനിക്ക് വ്യക്തമായി. കോളജിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തുചേരുന്ന ശനിയാഴ്ച മീറ്റിംഗുകളില്‍ ഏറ്റവും അനുയോജ്യമായ പ്രഭാഷണങ്ങള്‍ തരുവാന്‍ പ്രാപ്തിയുള്ള ആളായി അദ്ദേഹത്തെ കണ്ടതിനാല്‍ ഒരു മീറ്റിംഗിനു പകരം, അടുത്ത അഞ്ചു ശനിയാഴ്ചകളിലെ മീറ്റിംഗുകളില്‍ പ്രസംഗിക്കുവാനുള്ള സമ്മതവും പ്രസംഗവിഷയങ്ങളും വാങ്ങിക്കൊണ്ടാണ് ഞാന്‍ അന്ന് അദ്ദേഹത്തില്‍ നിന്നും വിടവാങ്ങിയത്. കൂടെക്കൂടെ താനുമായി ബന്ധപ്പെടുന്നത് തികച്ചും സ്വാഗതം ചെയ്യുന്നു എന്ന് എന്നോട് പറയാന്‍ തക്കവണ്ണം വിനയവും അനൗപചാരികതയും അദ്ദേഹം അന്നു കാണിച്ചത് അദ്ദേഹത്തിന്‍റെ ഊഷ്മളമായ വ്യക്തിത്വവുമായി കൂടുതല്‍ ഇടപഴകാന്‍ എനിക്ക് ഇടയാക്കി.

paul-varghese-1954-aluva-1

പോള്‍ വറുഗീസ് സാര്‍ താമസിച്ചിരുന്നത് ഫെലോഷിപ്പ് ഹൗസിന്‍റെ സ്ഥാപകനായിരുന്ന കെ. സി. ചാക്കോ സാര്‍ താമസിച്ചിരുന്ന കോട്ടേജിലായിരുന്നു. വിദ്യാര്‍ത്ഥികളായിരുന്ന ഞങ്ങള്‍ക്കൊക്കെ ഒരു വീടു തന്നെയായിരുന്നു അത്. വിദ്യാര്‍ത്ഥികളുടെ ‘Students Missionary Union’ (SMU) എന്ന ഗ്രൂപ്പ് അവിടെ വച്ചായിരുന്നു കൂടിയിരുന്നത്. അദ്ദേഹവും ഫെലോഷിപ്പ് ഹൗസിലുള്ളപ്പോഴെല്ലാം SMU-ല്‍ പങ്കെടുക്കുകയും പ്രാര്‍ത്ഥനയ്ക്കും കൂട്ടായ്മയ്ക്കും നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. പഠനരംഗത്തും പാഠ്യേതര രംഗത്തും നല്ല നിലവാരം പുലര്‍ത്തിയിരുന്ന പല വിദ്യാര്‍ത്ഥികളേയും ഈ പ്രാര്‍ത്ഥനാക്കൂട്ടത്തിലേക്ക് ആകര്‍ഷിക്കുന്നതിന് പോള്‍ വറുഗീസ് സാറിന്‍റെ സാന്നിദ്ധ്യം സഹായിച്ചിരുന്നു.

വിദ്യാര്‍ത്ഥികളുടെയിടയില്‍ പ്രാര്‍ത്ഥനയ്ക്കും വേദപഠനത്തിനും മാത്രമല്ലായിരുന്നു പോള്‍ വറുഗീസ് നേതൃത്വം നല്‍കിയത്. കോളജിലെ എസ്.സി.എം. യൂണിറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണാര്‍ത്ഥം അക്കാലങ്ങളില്‍ വര്‍ഷത്തിലൊരിക്കല്‍ നല്ല നിലവാരമുള്ള വിവിധ കലാപരിപാടികള്‍ നടത്തുന്ന പതിവുണ്ടായിരുന്നു. 1954-55-ലെ വിവിധ കലാപരിപാടിയില്‍ പോള്‍ വറുഗീസ് സാറിന്‍റെ നേതൃത്വത്തില്‍ കോളജിലെ അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ചേര്‍ത്ത് ‘Justice for Jonah’ എന്ന ഒരു Choral drama അഭ്യസിപ്പിച്ച് വിജയകരമായി അവതരിപ്പിച്ചത് Dramatics-ല്‍ ഉള്ള പാടവം അദ്ദേഹത്തിന് എത്ര അധികം ഉണ്ട് എന്നതിന് തെളിവായിരുന്നു.

paul-varghese-1954-aluva

അക്കാലങ്ങളില്‍ യു.സി. കോളജില്‍ എല്ലാ വിദ്യാര്‍ത്ഥികളും വേദപഠനക്ലാസ്, മോറല്‍ ഇന്‍സ്ട്രക്ഷന്‍ ക്ലാസ്, ക്രിസ്റ്റ്യന്‍ ഇന്‍സ്ട്രക്ഷന്‍ ക്ലാസ് ഇവയിലേതെങ്കിലും ഒന്നില്‍ ഇരിക്കേണ്ട പതിവുണ്ടായിരുന്നു. കോളജിലെ മറ്റദ്ധ്യാപകരോടൊപ്പം പോള്‍ വറുഗീസ് സാറും തൊമ്മന്‍ സാറും ഈ ക്ലാസ്സുകള്‍ നടത്തുന്നതിനായി വരുന്നുണ്ടായിരുന്നു. അതുകൂടാതെ, കോളജിലെ ഫിലോസഫി ഗ്രൂപ്പിന്‍റെ ക്ലാസുകളിലും പോള്‍ വറുഗീസ് സാര്‍ guest lectures നടത്താറുണ്ടായിരുന്നു.

1955-56 ല്‍ ആദ്യം മുതലേതന്നെ കോളജിലെ ക്രിസ്തീയ അദ്ധ്യാപകര്‍ക്കായി ഫെലോഷിപ്പ് ഹൗസില്‍ വച്ച് ആഴ്ചയിലൊരിക്കല്‍ റോമാ ലേഖനത്തെപ്പറ്റി വേദപഠനക്ലാസ്സ് നടത്തുന്നതിനായി പോള്‍ വറുഗീസ് സാര്‍ തയ്യാറായി. ഈ ലേഖകനും അക്കൊല്ലം കോളജില്‍ അദ്ധ്യാപകവൃത്തി ആരംഭിച്ചതിനാല്‍ ആ ക്ലാസ്സുകളില്‍ ആദ്യവസാനം സംബന്ധിക്കുന്നതിനിടയായി. ക്രിസ്തീയ വിശ്വാസത്തിന്‍റെ മര്‍മ്മരഹസ്യങ്ങള്‍ ഏറ്റവും പ്രഗത്ഭമായി പ്രതിപാദിക്കപ്പെടുന്ന റോമാലേഖനം ഒന്നു മുതല്‍ എട്ടു വരെയുള്ള അദ്ധ്യായങ്ങള്‍ പോള്‍ വറുഗീസ് സാര്‍ തന്‍റെ വിദഗ്ദ്ധമായ ക്ലാസ്സുകളിലൂടെ വേദശാസ്ത്രം ഒന്നും പഠിച്ചിട്ടില്ലാത്ത ഞങ്ങള്‍ക്ക് വളരെ ലളിതമായി മനസ്സിലാക്കിത്തന്നു. ആ ക്ലാസ്സുകളില്‍ ചേര്‍ന്ന് പഠിക്കുന്നതിനു ലഭിച്ച അവസരം വിലയേറിയതായി കരുതുന്നു.

paul-varghese-1954-aluva-3

ഫെലോഷിപ്പ് ഹൗസിലെ സേവനത്തില്‍ നിന്നും വിരമിച്ച് ഓര്‍ത്തഡോക്സ് സഭയുടെ വൈദികനായും, വൈദിക സെമിനാരി പ്രിന്‍സിപ്പലായും, അഖിലലോക സഭാകൗണ്‍സിലിന്‍റെ സെക്രട്ടറിമാരിലൊരാളായും, മെത്രാപ്പോലീത്തായായും മറ്റുമുള്ള വിസ്തൃതമായ സേവനരംഗങ്ങളില്‍ പ്രവേശിച്ചതിനു ശേഷം ഈ ലേഖകന് പോള്‍ വറുഗീസ് സാറുമായുള്ള അടുത്ത കൂട്ടായ്മ നഷ്ടപ്പെട്ടെങ്കിലും, സ്നേഹവായ്പോടെ ഇന്നും അദ്ദേഹം പഴയ ബന്ധത്തെ ഓര്‍ക്കുന്നു എന്നത് സന്തോഷം നല്‍കുന്ന വസ്തുതയാണ്. ഒരു ഉദാഹരണം മാത്രം എഴുതി ഈ പ്രതിപാദനം അവസാനിപ്പിക്കട്ടെ. ഈ ലേഖകന്‍ യു.സി. കോളജിന്‍റെ പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിക്കുന്ന കാലയളവില്‍ കോളജിലെ Founders Day Address നടത്താനായി അഭിവന്ദ്യ പൗലൂസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി വരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ക്ഷണക്കത്തയച്ചത്, തിരുമേനി സദയം പരിഗണിക്കുകയും, 1984-85-ലെ Founders Day Address കോളജില്‍ വന്ന് നടത്തുകയും, കോളജിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അന്നു താന്‍ കണ്ട പ്രത്യേകതകളെപ്പറ്റി ശ്ലാഘിച്ച് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു എന്നത് ഇന്നും ലേഖകന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

യു.സി. കോളജില്‍ ഓരോ അഞ്ചു കൊല്ലഘട്ടം കഴിയുമ്പോഴും പുതിയ പ്രിന്‍സിപ്പലിനെ തെരഞ്ഞെടുക്കാന്‍ കോളജ് ഗവേണിംഗ് കൗണ്‍സില്‍ പ്രത്യേക കമ്മിറ്റിയെ ആക്കാറുണ്ട്. 1972-ല്‍ അങ്ങനെ നിയമിതമായ കമ്മിറ്റിയില്‍ ഡോ. യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായോടൊപ്പം ഫാ. പോള്‍ വറുഗീസും ഒരംഗമായിരുന്നു.

അക്കാലങ്ങളിലെ (1954-56) യു. സി. കോളജില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കൂടെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചിരുന്ന ‘എക്യുമെനിസം’ പോള്‍ വറുഗീസ് സാറിനെ ആകര്‍ഷിച്ചിരുന്നതായിട്ടാണ്, അടുത്ത കാലത്ത് പ്രൊഫ. റ്റി. ബി. തോമസിന്‍റെ 80-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകൃതമായ സോവനീറില്‍ അദ്ദേഹം പ്രൊഫ. റ്റി. ബി. തോമസിനെ സ്ഥാപകനേതാക്കളായ കെ. സി. ചാക്കോ, വി. എം. ഇട്ടിയര എന്നിവരോടൊപ്പം ഒരു ‘grassroot ecumenist’ എന്ന് സംബോധന ചെയ്തതില്‍ നിന്നും മനസ്സിലാകുന്നത്.