ശാന്തിയുടെ നീര്‍ച്ചാലുകള്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

pmg

നമ്മുടെ കര്‍ത്താവിന്‍റെ ജനനപ്പെരുനാള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ സെമിനാരി കുടുംബം ഒരുമിച്ച് നിങ്ങളെ അഭിവാദനം ചെയ്യുന്നു.
ലോകരക്ഷകനായി പിറക്കാനിരിക്കുന്ന യേശുവിനെ ഉദരത്തില്‍ വഹിച്ചു വിശുദ്ധ കന്യകമറിയാം തന്‍റെ ചാര്‍ച്ചക്കാരിയായ എലിസബേത്തിനെ വന്ദനം ചെയ്തു. ഒരിക്കല്‍ വന്ധ്യയായിരുന്ന, വൃദ്ധയായ എലിസബേത്തിന്‍റെ ഉള്ളില്‍ ശിശുവായ യോഹന്നാന്‍ ആ ശബ്ദം കേട്ട് സന്തോഷപൂര്‍ണ്ണനായി ചാഞ്ചാടി എന്നു സുവിശേഷം രേഖപ്പെടുത്തുന്നു. യേശുവിനെ ഉള്ളില്‍ വഹിച്ചുകൊണ്ടാവണം നാം ലോകത്തെ അഭിവാദനം ചെയ്യേണ്ടത്. എങ്കില്‍ തിന്മയ്ക്കും മരണത്തിനും അധീനമായി വന്ധ്യമായിപ്പോകുന്ന ഈ ലോകം അതു കേട്ട് തുള്ളിച്ചാടും. പ്രത്യാശയുടേയും സ്നേഹത്തിന്‍റേയും പുതിയ നാമ്പുകള്‍ അവിടെ മൊട്ടിടും. രോഗവും ദുഃഖവും അനീതിയും അക്രമവും നിലനില്‍ക്കുന്ന നമ്മുടെ ലോകം സത്യവും സമാധാനവും സമത്വവും തേടുന്നു. ദൈവം തന്‍റെ ആര്‍ദ്രമായ കരുണ യേശുക്രിസ്തുവിലൂടെ ലോകത്തിനു മുഴുവന്‍ നല്‍കിയിരിക്കുന്നു. നമ്മുടെ ജീവിതവും പ്രവര്‍ത്തനവും ആ മഹാകാരുണ്യത്തിന്‍റേയും ശാന്തിയുടേയും നീര്‍ച്ചാലുകളായിത്തീര്‍ന്ന് ലോകത്തെ രൂപാന്തരപ്പെടുത്തട്ടെ.


ദൈവകൃപയാല്‍ സെമിനാരിക്കാര്യങ്ങള്‍ സാമാന്യം ഭംഗിയായി പോകുന്നു. നിങ്ങള്‍ നിരന്തരം നല്‍കുന്ന സ്നേഹത്തിനും കൈത്താങ്ങലിനും ഞങ്ങള്‍ അതീവ കൃതജ്ഞതയുള്ളവരാണ്. പ. കാതോലിക്കാബാവാ തിരുമേനിയും അഭിവന്ദ്യ തിരുമേനിമാരും ഞങ്ങള്‍ക്ക് എപ്പോഴും പ്രോത്സാഹനവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നു. സെമിനാരിയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ വൈദികര്‍ അവരുടെ സന്ദര്‍ശനം കൊണ്ടും സ്നേഹം കൊണ്ടും ഞങ്ങളെ പിന്തുണയ്ക്കുന്നു. നമ്മുടെ ഇടവക ജനങ്ങള്‍ സെമിനാരിക്കാര്യത്തില്‍ പൂര്‍വ്വാധികം താല്പര്യം കാണിക്കുന്നു. എല്ലാറ്റിനെയും പുറമേ ‘സെമിനാരി സ്നേഹിതരുടെ’ സവിശേഷമായ വാത്സല്യവും കരുതലും ഞങ്ങള്‍ അനുഭവിക്കുന്നു. ഇതെല്ലാം ഞങ്ങളെ ധൈര്യപ്പെടുത്തുന്നു. ആശ്വസിപ്പിക്കുന്നു. സഭയുടേയും മനുഷ്യ സമൂഹത്തിന്‍റേയും സേവനത്തിനായി ഞങ്ങള്‍ വിനയപൂര്‍വ്വം ഞങ്ങളെത്തന്നെ സമര്‍പ്പിക്കുന്നു. ഏവര്‍ക്കും ഐശ്വര്യത്തിന്‍റെയും സമാധാനത്തിന്‍റെയും ക്രിസ്തുമസ്സും നവവത്സരവും ആശംസിക്കുന്നു. ദൈവം നമ്മേയും സൃഷ്ടി മുഴുവനേയും അനുഗ്രഹിക്കട്ടെ.
(ഓര്‍ത്തഡോക്സ് സെമിനാരി ബുള്ളറ്റിന്‍, ഡിസംബര്‍ 1995)