മൂന്നു വൈദിക ശ്രേഷ്ഠന്മാര്‍ / പോള്‍ വര്‍ഗീസ്

paul-varghese-1954-aluva
സ്വഭാവസംസ്ക്കാരം കൊണ്ടും നേതൃത്വശക്തികൊണ്ടും പേരെടുത്തിട്ടുള്ള മൂന്ന് വൈദിക ശ്രേഷ്ഠന്മാര്‍ ഓര്‍ത്തഡോക്സ് – യാക്കോബായ സഭാവിഭാഗങ്ങളില്‍ നിന്നും അടുത്തകാലത്ത് റോമന്‍ കത്തോലിക്കാ സഭയെ ആശ്ലേഷിച്ചതിനെ തുടര്‍ന്ന് കുറെപ്പേര്‍ക്കെങ്കിലും കുറെയൊക്കെ ആശങ്കയും വെപ്രാളവും തോന്നിത്തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു.

ഇവര്‍ മൂവരും ആലുവായില്‍ നിന്നാണ് പോയത്. മൂന്നുപേരും എന്‍റെ അടുത്ത സ്നേഹിതന്മാരായിരുന്നു. വളരെ ഉറ്റ ആത്മികസഹത്വമാണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് ഈ തീരുമാനത്തിലേയ്ക്ക് അവരെ നയിച്ച കാരണങ്ങളെപ്പറ്റി കുറെയൊക്കെ അറിവെനിയ്ക്കുണ്ടെന്ന് ഞാന്‍ വിചാരിയ്ക്കുന്നു.

മൂന്ന് പേരും ഒരുമിച്ചിരിയ്ക്കുന്ന ഒരു ചിത്രം ഇയ്യിടെ സത്യദീപത്തില്‍ കണ്ടതിനെ തുടര്‍ന്ന് എന്‍റെ ഹൃദയത്തില്‍ ഉദിച്ച ചില ചിന്തകളെ ഞാന്‍ ചുവടെ കുറിച്ചുകൊള്ളട്ടെ.
യഥാര്‍ത്ഥ ക്രിസ്തീയ ജീവിതത്തിന്നും ആത്മിക ശാന്തിയ്ക്കും ആത്മാര്‍ത്ഥമായി അഭിലഷിച്ചിരുന്നവരായിരുന്നു. ഇവര്‍ മൂന്നുപേരും.

**         ****               ***                    **             **         ****               ***                    **

ബ. വി. സി. ഗീവറുഗീസ് കോര്‍എപ്പിസ്കോപ്പാ, ഒരു കാലത്ത് ആത്മീയ തീഷ്ണതയുടെ മൂര്‍ത്തീകരണമായിരുന്നു. സ്വഹൃദയത്തിലുള്ള മനുഷ്യ സഹജമായ ജഡീകാഗ്രഹങ്ങളെ ശക്തിയുക്തം അടിച്ചമര്‍ത്തിക്കൊണ്ട് സാത്താനുമായി സമരം ചെയ്യാന്‍ അരയും തലയും മുറുക്കിയിറങ്ങിയ കോരത് ശെമ്മാശ്ശന്‍, നാടാകെയുള്ള യാക്കോബായക്കാര്‍ക്ക് ത്യാഗസന്നദ്ധതയുടെ പ്രത്യക്ഷോദാഹരണവും ആത്മീയ പ്രചോദനത്തിന്‍റെ നീരുറവയുമായിരുന്നല്ലോ. കൃതജ്ഞതാപൂര്‍വ്വം അദ്ദേഹത്തെപ്പറ്റി അനുസ്മരിയ്ക്കുന്ന അനേകം യുവജനങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. നമ്മുടെ കര്‍ത്താവുമായി അവരെ പരിചയപ്പെടുത്തി പുതിയ ജീവിതശുദ്ധിയിലേയ്ക്കും സേവനസന്നദ്ധതയിലേയ്ക്കും അവരെ നയിച്ചത് ബഹുമാനപ്പെട്ട കോരതു ശെമ്മാശ്ശനായിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്ന് ചില പ്രത്യേക ബലഹീനതകളുണ്ടായിരുന്നു. എനിയ്ക്ക് ഇന്നും ആത്മാര്‍ത്ഥമായ ബഹുമാനമാണ് ഈ വന്ദ്യവയോധികനോടുള്ളത്. അതുകൊണ്ട് രണ്ട് പ്രത്യേക ബലഹീനതകളെ ഞാന്‍ പരസ്യമായി ചൂണ്ടിക്കാണിയ്ക്കുന്നത് അദ്ദേഹമെന്നോട് ക്ഷമിയ്ക്കണമേ എന്ന് ഞാന്‍ താഴ്മയോടെ പ്രാര്‍ത്ഥിക്കുന്നു.

ഒന്നാമത്, സമഗ്രമായ നിരീഷണ ശക്തിയുടെ അഭാവം. വളരെ കൂര്‍മ്മതയുള്ള ബുദ്ധിശക്തിയാണദ്ദേഹത്തിന്‍റേത്. ഒരൊറ്റ വായനയ്ക്ക് ഏതാശയവും സ്വായത്തമാക്കുവാനുള്ള ഒരു പ്രത്യേക ശക്തി അദ്ദേഹത്തിനുണ്ട് – പ്രത്യേകിച്ചും ഈ ആശയങ്ങള്‍ യുക്തിയുക്തമായും ക്രമാനുക്രമമായും പ്രതിപാദിയ്ക്കപ്പെട്ടിട്ടുണ്ടെങ്കില്‍. ഇത് സാധാരണഗതിയില്‍ ഒരു വലിയ ശക്തിയാണ്. പക്ഷേ, ഈ ആശയങ്ങളെ ശരിയായി നിരീക്ഷണം ചെയ്ത്, മറ്റാശയങ്ങളുമായി പരസ്പര വിവേചനം ചെയ്തിട്ട് പരസ്പര വൈരുദ്ധ്യമുള്ളവയെ നിഷ്കാസനം ചെയ്ത്, സമഗ്രമായ ഒരു ആശയ സൌധം കെട്ടിയുണ്ടാക്കുവാന്‍ അദ്ദേഹത്തിന് കഴിവു കുറവായിരുന്നെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.

അതോടൊരുമിച്ച് തന്നെ ബുദ്ധിശക്തിയേക്കാള്‍ കവിഞ്ഞ വികാരശക്തിയും അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് വികാരപരമായ തീരുമാനങ്ങളാണ് അദ്ദേഹത്തിന്‍റെ ജീവിതത്തിലധികവുമുണ്ടായിട്ടുള്ളത്. എന്നാല്‍ ബലിഷ്ഠമായ ഈ വികാരശക്തി സ്വഭാവദൂഷ്യത്തിലേയ്ക്ക് തന്നെ നയിയ്ക്കാതിരിയ്ക്കാന്‍ വേണ്ടി തന്‍റെ ഇച്ഛാശക്തി (ണശഹഹ ുീംലൃ) കൊണ്ട് അതിനെ നിയന്ത്രണം ചെയ്യുവാന്‍ അദ്ദേഹം ചെറുപ്പം മുതലേ പരിശീലിച്ചു. അതുകൊണ്ട് തന്നിലോ മറ്റുള്ളവരിലോ എന്തെങ്കിലും ബലഹീനതകളോ കുറവുകളോ കാണുമ്പോള്‍ അതിനോട് നിഷ്കരുണം പടവെട്ടുകയെന്നുള്ളത് അദ്ദേഹത്തിന്‍റെ സ്വഭാവത്തിന്‍റെ ഒരു വിഭാഗമായിരുന്നു.

തന്നെപ്പോലെ തന്നെ കഴിവും പ്രാപ്തിയുമുള്ള മറ്റുള്ളവരോടൊരുമിച്ച് വേല ചെയ്യുവാന്‍ അദ്ദേഹത്തെ അപ്രാപ്തനാക്കിത്തീര്‍ത്തത് തന്‍റെ ഈ രണ്ടാമത്തെ ബലഹീനതയായിരുന്നു. മൂന്നും നാലും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സഭാ വിഭാഗങ്ങളും പ്രസ്ഥാനങ്ങളും മാറുന്നതിന്‍റെ പിറകില്‍ പലപ്പോഴും കിടന്നിരുന്നത് തന്‍റെ കൂടെയുള്ളവരുമായി തനിയ്ക്ക് യോജിച്ചു പോകുവാന്‍ കഴിയാത്ത ഒരു സാഹചര്യമായിരുന്നു.

അതുകൊണ്ട് എവിടെയെങ്കിലും ഒരു വഴക്കുണ്ടായിക്കഴിയുമ്പോള്‍, അവിടം വിട്ടുപോകുവാന്‍ വേണ്ടി തന്‍റെ ഇച്ഛാശക്തി പ്രവര്‍ത്തിയ്ക്കുവാന്‍ തുടങ്ങും. ആ ഇച്ഛാശക്തിയെ തന്‍റെ വികാരശക്തി സഹായിയ്ക്കുകയായി. ആ വികാരശക്തിയുടെ പിന്‍ബലത്തിന്നായി തന്‍റെ ബുദ്ധിശക്തി രൂക്ഷമായി പ്രവര്‍ത്തിയ്ക്കുവാന്‍ തുടങ്ങും.

ഇത്രയുമായിക്കഴിയുമ്പോഴാണ് തന്‍റെ ദൈവഭക്തി പ്രവര്‍ത്തനമാരംഭിക്കുന്നത്. ഉടനെതന്നെ താന്‍ ജോലിത്തിരക്കുകളില്‍ നിന്നും പിന്‍വാങ്ങി ധ്യാനത്തിലേയ്ക്ക് പ്രവേശിയ്ക്കും. ആ ധ്യാന സമയത്ത് താന്‍ ഒരു പുതിയ പ്രവര്‍ത്തനമണ്ഡലത്തെപ്പറ്റിയാണ് ധ്യാനിയ്ക്കുന്നത്. തന്നെത്തന്നെ ആത്മാര്‍ത്ഥമായി ദൈവത്തിന് കാഴ്ച വെച്ച് പുതിയ വെളിച്ചത്തിനായി താന്‍ കാത്തിരിയ്ക്കുന്നുവെങ്കിലും തന്‍റെ പഴയ പ്രവൃത്തിമണ്ഡലത്തിലേയ്ക്ക് തിരികെപ്പോവുകയില്ലെന്ന തീരുമാനം ദൈവ വെളിച്ചത്തിന്നായി കാത്തിരിയ്ക്കാതെ തന്നെ ഉണ്ടായിരിയ്ക്കുന്നു.

യാക്കോബായ സഭാ വിഭാഗത്തിലെ രണ്ട് അഭിവന്ദ്യ തിരുമേനിമാരുമായുണ്ടായ സാരമായ അഭിപ്രായ വ്യത്യാസങ്ങളാണ് റോമ്മാ സഭയെ ആശ്ലേഷിയ്ക്കുവാനുള്ള തീരുമാനത്തിലേയ്ക്ക് അദ്ദേഹത്തെ നയിച്ചിട്ടുള്ളതെന്നാണെന്‍റെയറിവ്. മാര്‍ യൂലിയോസ് തിരുമേനിയുമായി തന്‍റെ വേദപുസ്തക വ്യാഖ്യാന സംബന്ധമായിട്ടുണ്ടായ അഭിപ്രായ വ്യത്യാസം അദ്ദേഹം തന്നെ പരസ്യമാക്കിയിട്ടുള്ളതാണല്ലോ (രണ്ടാമത്തെ തിരുമേനിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ ഈ പംക്തികളില്‍ പ്രതിപാദിയ്ക്കുന്നത് ഉചിതമല്ലെന്ന് ഞാന്‍ കരുതുന്നു). ബഹുമാനപ്പെട്ട കോര്‍എപ്പിസ്കോപ്പായെ എനിയ്ക്കറിയാവുന്നിടത്തോളം ഇവാന്‍ജലിക്കല്‍ പ്രോട്ടസ്റ്റന്‍റ് രീതിയിലുള്ള ഒരു വ്യാഖ്യാനമായിരിയ്ക്കണം അത്. അദ്ദേഹം ഇപ്പോളുള്‍പ്പെട്ടു നില്ക്കുന്ന റോമ്മാ സഭ അത് അപ്പാടെ പ്രസിദ്ധം ചെയ്യുവാന്‍ ഒരുമ്പെടുകയില്ലെന്ന് എനിയ്ക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ട്. എന്നാല്‍ യൂലിയോസ് തിരുമേനിയെപ്പോലെ, മാര്‍പാപ്പാ വായിച്ചു നോക്കിയിട്ടേ ഈ മലയാള പുസ്തകം പ്രസിദ്ധം ചെയ്യാവൂ എന്നു പറയുവാന്‍ മാത്രം ബുദ്ധിഹീനരല്ല റോമന്‍ കത്തോലിക്കര്‍. ആ പുസ്തകം വായിച്ചു നോക്കി, അതിലുള്ള അനേക വിശ്വാസ വിപരീതങ്ങളെ ബഹുമാനപ്പെട്ട കോര്‍എപ്പിസ്കോപ്പായ്ക്ക് മനഃപ്രയാസം വരാത്തവിധം തിരുത്തി, ഈ വ്യാഖ്യാനത്തിന്‍റെ നല്ല വശങ്ങളെ സാധാരണജനങ്ങള്‍ക്ക് ഉപകാരയുക്തമാക്കുവാന്‍ മാത്രമുള്ള അനുഭവ സമ്പത്തും വിവേകവും അവര്‍ക്കുണ്ടെന്നുള്ളതാണ് റോമ്മാ സഭയുടെ വലിയ ശക്തികളിലൊന്ന്.

നമ്മുടെ സഭയില്‍ അനേകം ആളുകള്‍ ഇതുപോലെ വളരെയധികം കഴിവും ത്യാഗസന്നദ്ധതയും എന്നാല്‍ വളരെക്കുറച്ച് കാതോലികജ്ഞാനവും വിശ്വാസപഠനവും ഉള്ളവരായിട്ടുണ്ട്. അവരെ കാതോലിക വിശ്വാസത്തിലേയ്ക്ക് കൊണ്ടുവന്ന് സഭാസേവനത്തിന്നുള്ള ഉപാധികളുണ്ടാക്കിക്കൊടുക്കുന്നതിന് പകരം അവരെ പ്രോട്ടസ്റ്റന്‍റ് വിശ്വാസികളെന്ന് മുദ്രയടിച്ച് ആത്മപ്രശംസയിലും ഔന്നത്യഭാവത്തിലും ആശ്വാസം നേടുവാനുള്ള പ്രവണതയാണ് നമുക്കുള്ളത്.

ബ. വി. സി. ഗീവറുഗീസ് കോര്‍എപ്പിസ്കോപ്പാ പോയതിനെപ്പറ്റി പരിതപിയ്ക്കുകയോ കലികൊള്ളുകയോ അല്ല നാം ചെയ്യേണ്ടത്, അതിന് കാരണമാക്കിയ നമ്മുടെ ബലഹീനതകളെ കണ്ടുപിടിച്ച് പരിഹരിയ്ക്കുവാന്‍ ശ്രമിയ്ക്കുകയാണ് കരണീയമെന്ന് പറയുവാന്‍ വേണ്ടി ആ വന്ദ്യ വൈദികന്‍റെ പേര്‍ ഞാനിവിടെയെടുത്തെന്നേയുള്ളൂ.

ചെറുപ്പം മുതലേ തന്‍റെ വികാരശക്തി മൂലം അത്യധികമായ “അശാന്തി” (restlessness) അനുഭവിച്ചിരുന്നിട്ടുള്ള ഈ ബഹുമാനപ്പെട്ട വൈദികന് തന്‍റെ വാര്‍ദ്ധക്യത്തില്‍ യഥാര്‍ത്ഥ ശാന്തിയും മനഃസമാധാനവും നല്കുവാന്‍ ദൈവം റോമാ സഭയ്ക്ക് കഴിവു നല്കട്ടെ എന്നാണ് അദ്ദേഹം പോയതു മുതലുള്ള എന്‍റെ പ്രാര്‍ത്ഥന.

**         ****               ***                    **           **         ****               ***                    **

ബുദ്ധികൂര്‍മ്മതയിലും ഭരണശക്തിയിലും ബ. കോര്‍എപ്പിസ്കോപ്പായേക്കാള്‍ ഒട്ടും പുറകിലല്ല ബ. ടി. വി. ജോണച്ചന്‍. വികാരശക്തിയും ത്യാഗസന്നദ്ധതയും കുറെ കുറവായിരിയ്ക്കാമെങ്കിലും, കാതോലിക വിശ്വാസ സംബന്ധമായ പഠനത്തില്‍ ഓര്‍ത്തഡോക്സ് സഭയിലെ മിക്ക വൈദികരേയും കവച്ചു വയ്ക്കുവാന്‍ അദ്ദേഹത്തിന് തന്‍റെ വാര്‍ദ്ധക്യത്തില്‍ കഴിഞ്ഞിട്ടുണ്ട്.

ആലുവാ കോളജില്‍ നിന്നും അടുത്തൂണ്‍ പറ്റി പിരിഞ്ഞ ശേഷമാണ് സഭാസംബന്ധമായ കാര്യങ്ങള്‍ക്ക് തന്‍റെ പൂര്‍ണ്ണസമയവും വിനിയോഗിയ്ക്കുവാന്‍ അദ്ദേഹം ആരംഭിച്ചത്. വി. സി അച്ചന്‍റെ ശക്തി ക്രിസ്തുവുമായുള്ള തന്‍റെ യഥാര്‍ത്ഥ ബന്ധമായിരുന്നെങ്കില്‍ ജോണച്ചന്‍റെ ശക്തി മുഴുവന്‍ സഭയോടും ഓര്‍ത്തഡോക്സ് കക്ഷിയോടുമുള്ള തന്‍റെ സ്വാമീഭക്തിയിലായിരുന്നു. ഓര്‍ത്തഡോക്സ് സഭയുടെ മേലദ്ധ്യക്ഷനോട് അദ്ദേഹത്തിന് ഒരു കാലത്തുണ്ടായിരുന്ന ഭക്തി തന്‍റെ ദൈവഭക്തിയേക്കാള്‍ കവിഞ്ഞതായിരുന്നു. മക്കാബ്യ പുസ്തകത്തിലെ മഹാപുരോഹിതന്‍റെ മഹിമയെ വിവരിയ്ക്കുന്ന ഭാഗം വേദപുസ്തകത്തില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയമായിരുന്നതിന്‍റെ കാരണം, ആ ഭാഗം വായിയ്ക്കുമ്പോള്‍ തനിയ്ക്കോര്‍മ്മ വരുന്നത് പരിശുദ്ധ കാതോലിക്കാ ബാവായുടെ മഹിമയായിരുന്നുവെന്നുള്ളതാണ്.

അതുകൊണ്ട് സഭാസേവനത്തിന്നായി അദ്ദേഹത്തിന് ചിന്തിയ്ക്കാമായിരുന്നതില്‍ ഏറ്റവും ശ്രേഷ്ഠമായ കേന്ദ്രം ഓര്‍ത്തഡോക്സ് സഭയുടെ മേലദ്ധ്യക്ഷാസനമായ കോട്ടയമായിരുന്നു. “മലങ്കരസഭ” എന്ന സഭാ മാസികയുടെ ചുമതല അദ്ദേഹം ഏറ്റെടുത്ത് കുറെ കഴിഞ്ഞപ്പോഴാണ് “ദേവലോക”ത്തുണ്ടായിരുന്ന ചില “അസുര”ന്മാരുമായി അദ്ദേഹത്തിന്ന് ഏറ്റുമുട്ടേണ്ടി വന്നത്. പരിശുദ്ധ കാതോലിക്കാബാവാ തിരുമേനിയോടുള്ള ബഹുമാനം അതുകൊണ്ട് വര്‍ദ്ധിച്ചതേയുള്ളുവെങ്കിലും സഭാസേവന സാദ്ധ്യതകളെപ്പറ്റിയുള്ള അദ്ദേഹത്തിന്‍റെ ആശകള്‍ കുറെയൊക്കെ തകര്‍ന്നുപോയി.

അന്നു തുടങ്ങിയാണദ്ദേഹത്തിന്‍റെ സംശയങ്ങള്‍ കുറെക്കൂടി പ്രബലമായത്. തന്നെയും തന്‍റെ പ്രവര്‍ത്തനങ്ങളേയും അഭിനന്ദിയ്ക്കുന്നവര്‍ സഭയുടെ കേന്ദ്രത്തില്‍ കുറവായതുകൊണ്ട്, സഭയുടെ പുറം പരിധികളിലുള്ളവര്‍ക്ക് തന്‍റെ സേവനങ്ങളെ നല്കുവാന്‍ അദ്ദേഹം സന്നദ്ധനായി. വടക്കന്‍ കൊച്ചിയിലുള്ള ചില എസ്റ്റേറ്റുകളില്‍ പള്ളിയും പട്ടക്കാരുമില്ലാതെ കിടന്നിരുന്ന പല സ്ഥലങ്ങളിലും അദ്ദേഹം ചെന്ന് ശുശ്രൂഷകള്‍ നടത്തുകയും വിശ്വാസം പഠിപ്പിയ്ക്കുകയും ചെയ്യുവാന്‍ തുടങ്ങി. ആലുവായിലും തൃശൂരിലും ഉള്ള ഇടവകകളെ അദ്ദേഹം ത്യാഗപൂര്‍വ്വം സേവിച്ചു.

പക്ഷേ, കൊച്ചുന്നാളിലെ അദ്ദേഹത്തിനുണ്ടായിരുന്ന ഒരു ബലഹീനത, (നമ്മില്‍ മിക്കവര്‍ക്കും ഉള്ള ഒന്നാണിത്) മറ്റുള്ളവര്‍ തന്നെ അഭിനന്ദിയ്ക്കുവാനുള്ള അതിയായ വാഞ്ചയായിരുന്നു. ഈ വാഞ്ചയുടെ പൂരണത്തിന്ന് വേണ്ടി അദ്ദേഹം ചെയ്തിട്ടുള്ള പല കാര്യങ്ങളും ബ. അച്ചനെ അടുത്തറിയുന്നവര്‍ക്കേ നിശ്ചയമുള്ളു.

ഏതായാലും ഓര്‍ത്തഡോക്സ് സഭയില്‍ അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ വേണ്ടത്ര അഭിനന്ദിയ്ക്കപ്പെട്ടിട്ടില്ല. അതോടുകൂടെ സ്വഭവനത്തില്‍പ്പോലും തന്നെപ്പറ്റി വേണ്ടത്ര ഉയര്‍ന്ന അഭിപ്രായമില്ലെന്നായി തനിയ്ക്ക് ഭയം. ഈ മാനസിക പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്‍റെ ബുദ്ധി റോമ്മാ സഭയുടെ നേര്‍ക്ക് ഒരു കണ്ണു തിരിച്ചു. പക്ഷേ, ബ. വി. സി. അച്ചനെപ്പോലെ ഉടനടി തീരുമാനങ്ങളെടുക്കുന്ന ആളല്ല ബ. ജോണച്ചന്‍.

തന്‍റെ സമയം മുഴുവന്‍ വിശ്വാസപരമായ പുസ്തകങ്ങള്‍ വായിയ്ക്കുവാന്‍ അദ്ദേഹം വിനിയോഗിച്ചു. തനിയ്ക്ക് വേദശാസ്ത്ര സംബന്ധമായ അടിസ്ഥാനപരിശീലനം പോലുമില്ലായിരുന്നെങ്കിലും പരിശുദ്ധന്മാരുടെ പുസ്തകങ്ങളും അനേക റോമ്മന്‍ കത്തോലിക്കാ ഗ്രന്ഥങ്ങളും അദ്ദേഹം അത്യാര്‍ത്തിയോടെ വായിച്ചു തീര്‍ത്തു.

തന്‍റെ കൂര്‍മ്മതയുള്ള ബുദ്ധി ഒരൊറ്റ വേദവാക്യത്തിന്മേല്‍ തന്‍റെ ചിന്താസൌധത്തിന്‍റെ അടിസ്ഥാനമിട്ടു. “നിത്യജീവനെന്നതോ, അവര്‍ യഥാര്‍ത്ഥ ദൈവമായ നിന്നെയും, നീ അയച്ചിട്ടുള്ളവനായ യേശുക്രിസ്തുവിനേയും അറിയുന്നതു തന്നെ” (യോഹ. 17:3).

നിത്യജീവന്‍ പ്രാപിയ്ക്കുകയെന്നതാണ് ബ. ജോണച്ചന്‍റെ പ്രകടമായ ജീവിതോദ്ദേശ്യം. അതിന്നുള്ള മാര്‍ഗ്ഗമോ ദൈവത്തെയും യേശുക്രിസ്തുവിനേയും അറിയുകയെന്നതാണെന്ന് തിരുവെഴുത്തുകള്‍ പഠിപ്പിയ്ക്കുന്നു. ദൈവത്തെ അറിയുന്നതിന് യേശുക്രിസ്തുവിനെ അറിയുന്നതല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. യേശുക്രിസ്തുവിനെ അറിയുക എന്ന് പറഞ്ഞാല്‍ തന്‍റെ ആളത്വത്തെ മനസ്സിലാക്കുക (to understand the Person of Christ) എന്നാണ് ജോണച്ചന്‍ ധരിച്ചിരിയ്ക്കുന്നത്.

ഇങ്ങിനെ തന്‍റെ ചിന്താഗതി ക്രിസ്തുവിന്‍റെ ആളത്വത്തെക്കുറിച്ചുള്ള സഭാ വിശ്വാസത്തിന്മേല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കല്ക്കിദൂന്‍ സുന്നഹദോസിന്‍റെ സാഹചര്യങ്ങളെപ്പറ്റി ലഭിയ്ക്കാമായിരുന്നത്ര പുസ്തകങ്ങള്‍ അദ്ദേഹം വായിച്ചു തീര്‍ത്തു.

ഒരു പ്രശ്നം മാത്രം അവശേഷിച്ചു – യേശുക്രിസ്തുവിന്‍റെ മനുഷ്യത്വവും ദൈവത്വവും തമ്മിലുള്ള ബന്ധമെന്താണ്?

ഈ പ്രശ്നത്തിന്‍റെ ശരിയായ ഉത്തരത്തിലാണ് നിത്യജീവന്‍ കിടക്കുന്നതെന്നായിരുന്നു അച്ചന്‍റെ വിശ്വാസം. റോമ്മാ സഭയില്‍ പോകുവാനുള്ള തീരുമാനം നേരത്തെ സ്വഹൃദയത്തില്‍ ഉണ്ടായിക്കഴിഞ്ഞിരുന്ന കാര്യം അദ്ദേഹം സമ്മതിയ്ക്കയില്ലായിരുന്നു. ചില സാഹചര്യങ്ങളില്‍ ആ തീരുമാനത്തെ പ്രവൃത്തിപഥത്തില്‍ വരുത്തുവാന്‍ അദ്ദേഹത്തിന് ധൈര്യം വന്നില്ലെന്നതാണ് പരമാര്‍ത്ഥം.

അന്ന് എറണാകുളത്ത് ഹൈക്കോടതിയില്‍ സമുദായക്കേസു നടക്കുകയാണ്. സൗകര്യമുള്ളപ്പോഴൊക്കെ അച്ചന്‍ കോടതിയില്‍പ്പോകും.

1956-ാമാണ്ടിന്‍റെ അവസാന കാലമായപ്പോഴേയ്ക്ക് ഇവ രണ്ടുമായി അദ്ദേഹത്തിന്‍റെ ചിന്താജീവിതത്തിലെ പ്രധാന സംഗതികള്‍ – സമുദായക്കേസും കല്ക്കിദൂന്‍ സുന്നഹദോസും.

നമ്മുടെ കര്‍ത്താവിന്‍റെ സ്വഭാവത്തിന്‍റെ ഏകത്വ വിശ്വാസത്തെ അംഗീകരിയ്ക്കുവാന്‍ അദ്ദേഹത്തിന് പ്രയാസമായിരുന്നു. കര്‍ത്താവിന്‍റെ മനുഷ്യത്വവും ദൈവത്വവും ദ്വിസ്വഭാവങ്ങളായിത്തന്നെ അന്നും ഇന്നും നിലകൊള്ളുന്നു വെന്നാണദ്ദേഹത്തിന്‍റെ മതം. കര്‍ത്താവിന്‍റെ മനുഷ്യത്വവും ദൈവത്വവും ചേര്‍ന്ന് ഒരു സ്വഭാവമായിയെന്ന് നാം വിശ്വസിയ്ക്കുന്നുവെങ്കില്‍, നാമും ഉയിര്‍ത്തെഴുന്നേല്പില്‍

കര്‍ത്താവിനെപ്പോലെയാകുവാനുള്ളവരാകകൊണ്ട് നമുക്കും ദൈവസ്വഭാവമുണ്ടായിത്തീരുമെന്നാണല്ലോ വരുന്നത്! ഇതാണ് ബ. അച്ചന് സ്വീകാര്യമല്ലാതിരുന്നത്. The Deification of man is a Pagan doctrine (മനുഷ്യനെ ദൈവമാക്കുന്നത് പുറജാതിക്കാരന്‍റെ പഠിപ്പിയ്ക്കലാണ്) എന്നാണ് അദ്ദേഹത്തിന്‍റെ വാദം.

ഇയ്യിടെ ബ. സി. എ. എബ്രഹാമച്ചന്‍ സത്യദീപത്തിലെഴുതിയിരുന്ന ലേഖനത്തില്‍, “”I do not believe that there is any distinctive value in the Jacobite Church which cannot be better preserved in communion with the Holy See of St. Peter” ( വി. പത്രോസിന്‍റെ പരിശുദ്ധ ഇടവകയുമായുള്ള സമ്പര്‍ക്കത്തില്‍ കുറേക്കൂടി നന്നായി പുലര്‍ത്തിക്കൊണ്ടു പോകാന്‍ സാധിയ്ക്കാത്ത വിശിഷ്ടതകളേതെങ്കിലും യാക്കോബായ സഭയിലുണ്ടെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നില്ല) എന്ന് പ്രസ്താവിച്ചിരുന്നതിന്‍റെ തെറ്റ് ഈ ഒരു കാര്യത്തിലെങ്കിലും എനിയ്ക്ക് ചൂണ്ടിക്കാണിയ്ക്കാതെ നിവൃത്തിയില്ല.

ഉയിര്‍ത്തെഴുന്നേല്പില്‍ മനുഷ്യരായ നമുക്ക് ക്രിസ്തുവിന്‍റെ മനുഷ്യത്വത്തിന്‍റെ പൂര്‍ണ്ണത മാത്രമേയുണ്ടാവുകയുള്ളുവെന്നും ദൈവസ്വഭാവത്തിന്‍റെ അംശമേതെങ്കിലും നമ്മിലുണ്ടാകുമെന്ന് പറയുന്നത് ഹൈന്ദവമതമാണെന്നുമാണ് ബ. ജോണച്ചന്‍ പലപ്പോഴും എന്നോട് പറഞ്ഞിട്ടുള്ളത്.

എന്നാല്‍ കിഴക്കുള്ള പരിശുദ്ധ പിതാക്കന്മാരുടേയും വി. പൌലൂസു ശ്ലീഹായുടേയും അഭിപ്രായം ഇതാണെന്ന് തോന്നുന്നില്ല. വി. പൌലൂസ് ശ്ലീഹായുടെ എഴുത്തുകളിലെ പ്രധാന ആശയങ്ങളിലൊന്ന് “പുത്രത്വം” (വശീവേലൃശമ) എന്നതാണ്. പിതൃസ്വഭാവവും പുത്രസ്വഭാവവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വന്നാല്‍ പുത്രത്വമെന്ന വാക്കിന് യാതൊരര്‍ത്ഥവുമില്ല. നാം ദൈവപുത്രന്മാരായി ദത്തെടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍, നമുക്കും ദൈവസ്വഭാവമുണ്ടായിത്തീരാതെ നിവൃത്തിയില്ല.

നമ്മുടെ കര്‍ത്താവ് ഇന്നും ദൈവപുത്രനും മനുഷ്യപുത്രനുമാണ്. തന്‍റെ മനുഷ്യത്വം കുരിശുമരണത്തോടെ അവസാനിച്ചതൊന്നുമല്ല. ഉയിര്‍ത്തെഴുന്നേറ്റ മനുഷ്യപുത്രനാണ് ഇന്ന് ദൈവത്തിന്‍റെ വലത്തുഭാഗത്തുള്ളത്. “കണ്ടാലും, സ്വര്‍ഗ്ഗം തുറന്നിരിയ്ക്കുന്നതായും, മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ വലത്തുഭാഗത്തു നില്ക്കുന്നതായും ഞാന്‍ കാണുന്നു” എന്നാണ് മരണാസന്നനായ വി. സ്തേഫാനോസ് വിളിച്ചു പറഞ്ഞത്.

ഉയിര്‍ത്തെഴുന്നേല്പില്‍ നാം ഈ മനുഷ്യപുത്രന്‍റെ സ്വഭാവത്തിലാണ് ഭാഗഭാക്കുകളാകുന്നത്. ഈ മനഷ്യപുത്രന്‍റെ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും തമ്മില്‍ വേര്‍തിരിയ്ക്കുവാന്‍ ഒരു മാര്‍ഗ്ഗവുമില്ല. ദൈവമാണ് മനുഷ്യനായത്. അല്ലാതെ ദൈവത്തിന്‍റെ കൂടെ മനുഷ്യത്വം ഒട്ടിച്ചു വെയ്ക്കുകയല്ല ചെയ്തത്. ഈ വിശ്വാസം ക്രൈസ്തവ വിശ്വാസത്തിന്‍റെ കേന്ദ്രിക യാഥാര്‍ത്ഥ്യമാണ്. ഇതില്‍ മനുഷ്യസ്വഭാവം ദൈവസ്വഭാവമായിത്തീരുന്നു എന്ന് പഠിപ്പിയ്ക്കുവാന്‍ ആസക്തിയുള്ള ഗ്രീക്കുസഭയ്ക്ക് പോലും തെറ്റുപറ്റിയിരിയ്ക്കുന്നു. ഈ സത്യം മുറുകെപ്പിടിയ്ക്കുന്നവരായ ചെറിയ കിഴക്കന്‍ സഭകള്‍ക്ക് മറ്റൊന്നും ക്രിസ്തീയ സഭയ്ക്ക് കൊടുക്കാനില്ലെങ്കിലും, ഈ മൌലികയാഥാര്‍ത്ഥ്യം നാം മനസ്സിലാക്കുകയും നമ്മുടെ റോമന്‍ കത്തോലിക്കാ, പ്രോട്ടസ്റ്റന്‍റ്, ഓര്‍ത്തഡോക്സ് സഹോദരങ്ങളെ പഠിപ്പിയ്ക്കുകയും ചെയ്യണം.

പക്ഷേ, ബ. ജോണച്ചന് ഈ കാര്യം എത്ര പ്രാവശ്യം തന്നെ പറഞ്ഞിട്ടും ഇതുവരെ മനസ്സിലായിട്ടില്ലെന്നു തോന്നുന്നു. ഏകത്വ സ്വഭാവ വിശ്വാസം ഹൈന്ദവമാണെന്ന് അദ്ദേഹത്തിന്നഭിപ്രായമുള്ള സ്ഥിതിയ്ക്ക് അദ്ദേഹം കല്ക്കിദൂന്‍ സഭകളിലേതിലെങ്കിലും ആത്മശാന്തി തേടുകയെന്നത് സ്വാഭാവികമാണ്. അദ്ദേഹം തേടുന്ന ശാന്തി, റോമ്മന്‍ സഭയില്‍ അദ്ദേഹത്തിന് ലഭിയ്ക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു.

എന്നാലും ഈ വിശ്വാസപരമായ സംശയത്തെക്കുറിച്ച് ഒരവസാന തീരുമാനമെടുക്കുവാന്‍ അദ്ദേഹത്തെ സഹായിച്ചത് സമുദായക്കേസിന്‍റെ വിധിയായിരുന്നു. താനുള്‍പ്പെട്ടു നില്ക്കുന്ന കാതോലിക്കാ കക്ഷിയ്ക്ക് വിപരീതമായ വിധിയുടെ അര്‍ത്ഥം, വടക്കന്‍ ഇടവകകള്‍ ആ കക്ഷിയിലേയ്ക്ക് വരുമെന്നും അങ്ങിനെ തനിയ്ക്ക് ഒരു പുതിയ സ്ഥാനമുണ്ടായിത്തീരുമെന്നുമുള്ള പ്രതീക്ഷയുടെ തകരലായിരുന്നു. പിന്നെയൊരു മാര്‍ഗ്ഗമേയുള്ളൂ തന്‍റെ അഭിനന്ദനകാംക്ഷയുടെ പൂരണത്തിന് – അതാണദ്ദേഹം സ്വീകരിച്ചത്.
പരമാര്‍ത്ഥം പറഞ്ഞാല്‍ – ബ. അച്ചന്‍ ക്ഷമിയ്ക്കണേ! – പണ്ഡിതോചിതമായ ഒരു നല്ല ജോലി സഭാമണ്ഡലത്തില്‍ അദ്ദേഹത്തിന് നല്കുവാന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹവും പോകയില്ലായിരുന്നു. ഇവിടെയും അപരാധം നമ്മുടേതു തന്നെ.

___________________________

(ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, ആലുവാ ഫെലോഷിപ്പ് ഹൗസില്‍ സേവനമനുഷ്ഠിച്ച കാലഘട്ടത്തില്‍ 1956-ല്‍ എഴുതിയ ലേഖനം. ഈ ലേഖനം ചര്‍ച്ച് വീക്കിലിയിലോ മറ്റ് പ്രസിദ്ധീകരണങ്ങളിലോ പ്രസിദ്ധപ്പെടുത്തിയതാണോ എന്ന കാര്യത്തില്‍ നിശ്ചയമില്ല. ഇതില്‍ പറയുന്ന ഫാ. ടി. വി. ജോണാണ് ഗുരു നിത്യചൈതന്യ യതിയുടെ ആത്മകഥയിലും അദ്ദേഹത്തിന്‍റെ പല ലേഖനങ്ങളിലും ഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന വ്യക്തിയെന്ന് തോന്നുന്നു. ഒറ്റത്തോര്‍ത്തുമുടുത്ത് അലഞ്ഞുനടന്ന യതി തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ പുസ്തകക്കടയിലെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ നോക്കിനില്‍ക്കെ ജോണച്ചന്‍ ചെന്ന് പരിചയപ്പെട്ട് വിളിച്ചു വീട്ടില്‍ കൊണ്ടുപോയി അലക്കിത്തേച്ച മുണ്ടും ഷര്‍ട്ടും നല്‍കി കൂടെ താമസിപ്പിച്ച് പിറ്റേന്ന് ആലുവാ യു. സി. കോളജില്‍ ഫിലോസഫി പഠിക്കാന്‍ ചേര്‍ക്കുകയായിരുന്നു. – ജോയ്സ് തോട്ടയ്ക്കാട്)