ശ്രീനാരായണ ഗുരുദേവന്‍: ആദ്ധ്യാത്മിക ചൈതന്യത്തിന്‍റെ ഉത്തുംഗഗോപുരം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

pmg2

PDF File

നമ്മുടെ ദക്ഷിണ ഭാരതത്തിന്‍റെ ആദ്ധ്യാത്മിക ചൈതന്യത്തിന്‍റെ ഉത്തുംഗശിബിരം എന്ന് ഞാന്‍ കരുതുന്ന ശ്രീനാരായണ ഗുരുദേവന്‍റെ പാവന സ്മരണയ്ക്കു മുമ്പില്‍ എന്‍റെ എളിയ ആദരവുകള്‍.
എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് ശ്രീനാരായണഗുരുദേവന്‍ ആലുവായില്‍ സര്‍വ്വമത മഹാപാഠശാല സ്ഥാപിക്കണമെന്നുള്ള അഭിപ്രായം പറഞ്ഞത് – 1924 ല്‍. അതുകഴിഞ്ഞ് അര ശതാബ്ദകാലത്തിനു ശേഷമേ അത് നടപ്പില്‍ വന്നുള്ളു. 1971 ല്‍ അദ്ദേഹത്തിന്‍റെ ആദ്ധ്യാത്മികമായ മദ്ധ്യസ്ഥത മൂലം അത് നടപ്പില്‍ വന്നു. അതിന്‍റെ രജതജൂബിലി ആഘോഷിക്കുന്നു എന്നതില്‍ നിങ്ങളോടൊപ്പം ഞാനും വളരെയധികം സന്തോഷിക്കുന്നു.
ഈ കേരളത്തിന്‍റെ മണ്ണില്‍ ഉണ്ടായിട്ടുള്ള രണ്ട് വലിയ പ്രഭാപ്രസരങ്ങളില്‍ ഒരാള്‍ ശ്രീ ശങ്കരാചാര്യരും മറ്റെയാള്‍ ശ്രീ നാരായണ ഗുരുവുമാണ്. ഈ ചൈതന്യപ്രസരത്തിന്‍റെ പിറകില്‍ വളരെ വലിയ ഒരു പാരമ്പര്യം തെക്കേഇന്ത്യയില്‍ ഉണ്ടെന്നുള്ളത് പലപ്പോഴും ദക്ഷിണഭാരതീയരായ നാം ഓര്‍ക്കാത്ത ഒരു കാര്യമാണ്. ആദ്ധ്യാത്മികത നമ്മുടെ കേരളത്തില്‍ പരന്നത് വടക്കുനിന്നാണ് എന്നൊരു തെറ്റിദ്ധാരണ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഈയടുത്ത കാലത്തായിട്ട് നമ്മുടെ ചരിത്രരചനയും അങ്ങനെയാണ്. എന്നാല്‍ അതല്ല യാഥാര്‍ത്ഥ്യം. വടക്കുണ്ടായിരുന്നതിനേക്കാള്‍ ശക്തമായ ഒരു ചൈതന്യപ്രസരം ഇവിടെയുണ്ടായിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്. രണ്ടുമൂന്നെണ്ണം ഞാന്‍ നിങ്ങളുടെ മുമ്പാകെ വയ്ക്കാം.
നമ്മുടെ ഭാരതീയ ആദ്ധ്യാത്മിക ചൈതന്യപ്രസരത്തിലെ സിംഹഭാഗം വരുന്ന വലിയ ഉത്തുംഗന്മാരായ പരിശുദ്ധന്മാര്‍ ഉണ്ടായിട്ടുള്ളത് ഹിന്ദി ബെല്‍റ്റില്‍ നിന്നല്ല. ഹിന്ദി ബെല്‍റ്റില്‍ ഉണ്ടായിട്ടുള്ള വലിയ ആദ്ധ്യാത്മിക നേതാക്കള്‍ രണ്ടുപേരും അന്ന് നിലവിലുണ്ടായിരുന്ന ബ്രാഹ്മണമതത്തോട് എതിരിട്ടവരാണ്: ഭഗവാന്‍ ശ്രീ ബുദ്ധനും ശ്രീ ജൈനമഹാവീരനും. രണ്ടു പേരും വടക്കേ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള വലിയ വ്യക്തികളാണ്. എന്നാല്‍ മറ്റുള്ള വലിയ ആദ്ധ്യാത്മിക ശക്തികളെപ്പറ്റി ചിന്തിക്കുമ്പോള്‍ രണ്ടുപേരെക്കൂടി കൂട്ടാം: ശ്രീരാമകൃഷ്ണ, ശ്രീ അരബിന്ദോ.
ബാക്കിയുള്ളവരൊക്കെ തെക്കേഇന്ത്യക്കാരാണ്. ശ്രീ ശങ്കരാചാര്യ, ശ്രീ രാമാനുജന്‍, ശ്രീ മാധ്വന്‍, ഈയടുത്ത കാലത്തുണ്ടായിട്ടുള്ള വലിയ ആദ്ധ്യാത്മിക ശക്തികളായ ശ്രീ രമണ മഹര്‍ഷി, ശ്രീ നാരായണഗുരു – ഇവരെല്ലാം തെക്കേഇന്ത്യയില്‍ ഉണ്ടായിട്ടുള്ളവരാണ്. ഈ തെക്കേ ഇന്ത്യയിലെ, ദക്ഷിണാവൃത്തത്തിലെ ഒരു വലിയ പാരമ്പര്യത്തിന്‍റെ ഉടമകളാണ് നാമെല്ലാവരും. ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ഹിന്ദുവായാലും മറ്റ് മതങ്ങളില്‍പെട്ടവരായാലും എല്ലാവരുടെയും ചരിത്രത്തിന്‍റെ പിന്നില്‍ ഈ “മഹാചൈതന്യപ്രസരം” കിടപ്പുണ്ട് എന്നുള്ളതാണ് എനിക്ക് നിങ്ങളോട് പറയുവാനുള്ളത്.
ഞാനിപ്പോള്‍ ഒരു ഉദാഹരണമായിട്ട് എന്‍റെയൊരു ചെറിയ അഭിപ്രായം നിങ്ങളുടെ മുമ്പില്‍ വയ്ക്കുവാന്‍ ശ്രമിക്കുകയാണ്. നാമിപ്പോള്‍ ഭാരതീയ ആദ്ധ്യാത്മിക പാരമ്പര്യത്തിന്‍റെ പഠനത്തിന് അടിസ്ഥാനമാക്കുന്നത് സംസ്കൃതമാണ്. ഈ സംസ്കൃതഭാഷ ഉണ്ടാകുന്നതിനുമുമ്പ് ശ്രീ ബുദ്ധനും മഹാവീരനുമൊക്കെ ഉപയോഗിച്ച ഭാഷ ‘പ്രാകൃത’ എന്നു പറയുന്നതാണ്. അതിന്‍റെ ഒരു ഭാഗമാണ് ‘പാലി.’ ഇത് നമ്മുടെയാളുകളൊന്നും പഠിക്കാറില്ല. എന്നാല്‍ അതിനേക്കാള്‍ പഴക്കമുള്ള വലിയ ഭാഷയാണ് തമിഴ്. മലയാളികളായ നാമെല്ലാവരും ഒരുകാലത്ത് തമിഴന്മാരായിരുന്നു എന്നു പറഞ്ഞാല്‍ നമുക്കത്രവേഗം അത് സ്വീകാര്യമല്ല. കാരണം നമ്മുടെ മനസ്സിന്‍റെ ഒരു മൂലയില്‍ തമിഴരെപ്പറ്റി അല്പം കുറഞ്ഞ ഒരു അഭിപ്രായം എവിടെയോ ഒളിഞ്ഞുകിടപ്പുണ്ട്. അതുകൊണ്ടാണ് തമിഴ് നമ്മുടെ മാതൃഭാഷയാണെന്ന് സമ്മതിക്കുവാന്‍ പ്രയാസം. ശ്രീ ശങ്കരാചാര്യരുടെ കാര്യമെടുത്താല്‍ തന്നെ സംസ്കൃതത്തിലാണ് അദ്ദേഹം പുസ്തകമെഴുതിയതെങ്കിലും അദ്ദേഹത്തിന്‍റെ മാതൃഭാഷ തമിഴായിരുന്നു. ശ്രീ രാമാനുജനും ശ്രീ മാധ്വനുമൊക്കെ സംസ്കൃത പണ്ഡിതന്മാര്‍ ആയിരുന്നെങ്കിലും അവരുടെ ഭാഷ എപ്പോഴും ദ്രാവിഡഭാഷയായിരുന്നു.
ഈ തമിഴിന്‍റെ പാരമ്പര്യം മലയാളികളായ നാം മറന്നുകളയുന്നത് സങ്കടകരമായ ഒരു കാര്യമാണ്. കാരണം, ആദ്ധ്യാത്മികതയുടെ ഭാരതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രസരം ഉണ്ടായിട്ടുള്ളത് ഈ ദക്ഷിണാവൃത്തത്തില്‍ നിന്നാണ്. അല്ലാതെ ഗംഗാതീരത്തുനിന്നല്ല എന്നുള്ളത് എനിക്ക് വളരെ ബോധ്യമാണ്. അതിന്‍റെ തെളിവുകളെന്താണ് എന്ന് ചോദിക്കുകയാണെങ്കില്‍ ഒന്നു രണ്ടെണ്ണം ഞാന്‍ പറയാം.
ഒന്നാമത്, ഈ സംഘംകൃതികള്‍ എന്നു പറയുന്ന തമിഴ് സാഹിത്യത്തെപ്പറ്റി മലയാളികള്‍ക്ക് വലിയ താല്പര്യമൊന്നും കാണുന്നില്ല. മധുര കാമരാജ് യൂണിവേഴ്സിറ്റി അതിന് വലിയ പ്രാധാന്യം കൊടുത്ത് പഠിപ്പിച്ചുവരുന്നുണ്ടെങ്കിലും ഇന്ന് ഈ സംഘംകൃതികളുടെ ഒരു എഡിറ്റഡ് വേര്‍ഷന്‍ കിട്ടാന്‍ പ്രയാസമാണ്. ആദ്യ ശതാബ്ദത്തില്‍ എഴുതപ്പെട്ടിട്ടുള്ള കൃതികളാണ് സംഘംകൃതികളെന്ന് പറയുന്നത്. അതെല്ലാം നമ്മുടെ കയ്യില്‍ കിട്ടിയിട്ടില്ല. ചിലത് വളരെ ശുദ്ധസാഹിത്യത്തിലാണ് എഴുതിയിരിക്കുന്നത്.
പുറനാനൂറ്, അകനാനൂറ് മുതലായ അനേക കൃതികള്‍ നമുക്ക് ഇന്ന് സംസിദ്ധമായിട്ടുണ്ട്. ഈ സംഘം എന്നു പറഞ്ഞാല്‍ സാഹിത്യകാരന്മാരുടെ സംഘമാണ്. അന്നത്തെയെഴുത്തുകാരുടെയെല്ലാം കൂടി സംഘടനയാണ്. ഈ സംഘടനയുടെ പ്രധാന പ്രോത്സാഹകന്മാരായി ഉണ്ടായിരുന്നത് ഈ ദക്ഷിണഭാരതത്തിലെ ചേരമാന്‍ പെരുമാക്കന്മാരായ രാജാക്കന്മാരാണ്. ചേരമാന്‍ പെരുമാക്കന്മാര്‍ കേരളം ഭരിച്ചിരുന്ന കാലഘട്ടത്തില്‍ കേരളത്തെപ്പറ്റി എഴുതപ്പെട്ടിട്ടുള്ള ഒരു കൃതിയാണ് പതിറ്റിപ്പത്ത്. പത്ത്, പത്ത് പാട്ടുകളുള്ള പത്ത് എണ്ണം ഒരുമിച്ച് കൂടിയിട്ടുള്ള ഒരു ബൃഹദ്ഗ്രന്ഥം. പുരാതന സാഹിത്യകൃതികളില്‍ പ്രഥമസ്ഥാനം അര്‍ഹിക്കുന്ന ഒന്നാണിത്. എന്തുകൊണ്ടോ ഇപ്പോഴും ഭാരതത്തില്‍ പലര്‍ക്കും അതിനെപ്പറ്റി അറിയാന്‍വയ്യ എന്നുള്ളതില്‍ എനിക്ക് സങ്കടം തോന്നിയിട്ടുണ്ട്.
മലയാളികളായ നമ്മുടെ പഴയ ചരിത്രമാണിത്. ഇത് നമ്മള്‍ പഠിച്ചാല്‍ നമ്മുടെ ആദ്ധ്യാത്മികതയുടെ വേരുകള്‍ എവിടെയാണെന്ന് കാണുവാന്‍ പറ്റും. അതിനെപ്പറ്റി കൂടുതല്‍ ഞാനിപ്പോള്‍ പറയുന്നില്ല. നാം ശ്രദ്ധിക്കാത്ത പല കാര്യങ്ങളും ആ കൃതി പഠിക്കുമ്പോള്‍ കാണും. ഒന്നാമത്, ഉത്തരേന്ത്യയില്‍ നിന്നു വന്ന ഹിന്ദുദേവതമാരുടെ പേരുകള്‍ ഒന്നും അവിടെ കാണുകയില്ല. വേദത്തെപ്പറ്റിയോ ഉപനിഷത്തുകളെപ്പറ്റിയോ ഒന്നും അവിടെ കാണുകയില്ല. അവിടെ കാണുന്നത് ഈ ദക്ഷിണാവൃത്തത്തില്‍ തന്നെയുണ്ടായിരുന്ന അതിപ്രൗഢമായ ഒരു സാഹിത്യ, ആദ്ധ്യാത്മിക പാരമ്പര്യമാണ്. അതൊന്ന് പഠിക്കണമെന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുകയാണ്.
രണ്ടാമത്തെ കൃതി, ഈ അടുത്തകാലത്ത് നമ്മുടെ കയ്യില്‍ കിട്ടിയിട്ടുള്ളത് 13-ാം ശതാബ്ദത്തില്‍ ഉണ്ടായ ഒരു മഹാകൃതിയാണ്. “ആചാര്യഹൃദയം” എന്നാണതിന്‍റെ പേര്. ഈ കൃതി അക്കാലത്ത് ഇവിടെയുള്ള മതപാരമ്പര്യത്തിന്‍റെ ഏറ്റവും വലിയ ഒരു സാക്ഷിയാണ്. അത് പിന്നീട് വന്ന വൈഷ്ണവമതം, ശൈവമതം എന്നൊക്കെ പറയുന്ന മതത്തിന്‍റെ മുമ്പുണ്ടായിരുന്ന മതപാരമ്പര്യമാണ്. ഈ ‘ആചാര്യഹൃദയ’ത്തിന്‍റെ ഒരു പ്രധാന വ്യാഖ്യാതാവ് ആയിരിക്കുന്ന മണവാളമാമുനി എന്നു പറയുന്നയാള്‍ തമിഴ് മണിപ്രവാളത്തില്‍ എഴുതിയിരിക്കുന്ന ഒരു രേഖയാണ് നമുക്ക് ഇപ്പോള്‍ കിട്ടിയിട്ടുള്ളത്. തമിഴും സംസ്കൃതവും ഇടകലര്‍ത്തി എഴുതിയിട്ടുള്ള ഒരു കൃതിയാണ് ആചാര്യഹൃദയവും, അതിനെക്കുറിച്ചുള്ള വ്യാഖ്യാനവും. പഴയകാലത്തെ ആചാര്യന്മാരില്‍ ഉത്തുംഗനായിരുന്ന തെങ്കലപിള്ളൈ ലോകാചാര്യയുടെ സഹോദരനാണ് ഈ മണവാളമാമുനി.
വളരെ പ്രൗഢമായ ഒരു നിധിയാണീ ഗ്രന്ഥം. അതില്‍ പറയുന്നത് വടക്കന്‍ രാജ്യങ്ങളില്‍ വേദവും ഉപനിഷത്തുമുണ്ടെങ്കില്‍ നമുക്ക് തെക്കും ഉണ്ട്. ദക്ഷിണ ഭാരതീയന്‍റെ ഒരു വേദവും ശാസ്ത്രവും ഉണ്ട്. ആ വേദത്തിന്‍റേയും ശാസ്ത്രത്തിന്‍റെയും ഏറ്റവും പ്രധാനമായ ഒരു കാര്യം ഉത്തരഭാരതീയര്‍ പ്രധാനമായി കരുതുന്ന രണ്ട് കാര്യങ്ങളെ അത് നിഷേധിക്കുന്നുവെന്നതാണ്. ഒന്ന്, ജാതി (വര്‍ണ്ണാശ്രമം). ഉത്തരഭാരതീയര്‍ പലപ്പോഴും പറയുന്നു, വര്‍ണ്ണാശ്രമധര്‍മ്മമുള്ളിടത്തേ ഹിന്ദുമതമുള്ളു എന്ന്. ഇപ്പോഴും പറയുന്നവരുണ്ട്. ഒരിക്കലുമല്ല. വര്‍ണ്ണാശ്രമധര്‍മ്മം അല്ലെങ്കില്‍ ജാതി എന്നു പറയുന്നത് ഈ മായാപ്രപഞ്ചത്തിന്‍റെ പ്രത്യേകത മാത്രമല്ലാതെ അതിന് മൗലികമായി യാതൊരു അടിസ്ഥാനവുമില്ല എന്ന് വാദിക്കുന്നതോടുകൂടിത്തന്നെ മറ്റൊരു കാര്യവും അദ്ദേഹം പറയുന്നു. അത് ‘കര്‍മ്മ’ എന്ന പേരിലുള്ള, വടക്കു നിന്നുള്ള പഠിപ്പിക്കലിനെപ്പറ്റിയാണ്. അതും വെറുതെയാണെന്നദ്ദേഹം പറയുന്നു. ഒരു മനുഷ്യന്‍റെ കര്‍മ്മം കൊണ്ട് അവന്‍ ദൈവത്തെ അറിയാതെ കിടന്നുകൊള്ളണമെന്ന് എങ്ങും പറഞ്ഞിട്ടില്ല. എല്ലാ മനുഷ്യരിലും ഒരുപോലെ പ്രധാനമായിട്ടുള്ളത് കൈങ്കര്യം എന്നു പറയുന്നതാണ്. കൈങ്കര്യം എന്നു പറയുന്നത് ജാതിമത ഭേദമെന്യേ സകലമനുഷ്യരിലും ഒരുപോലെ കാണപ്പെടുന്ന ദൈവജ്ഞാനത്തിനുള്ള പ്രവണതയാണ്. അത് ബ്രാഹ്മണനായാലും ശൂദ്രനായാലും, സ്ത്രീയായാലും പുരുഷനായാലും ചെറിയ കുട്ടിയായിരുന്നാലും, ആരെയും അതില്‍ നിന്നു തടഞ്ഞു നിര്‍ത്തിക്കൂടാ എന്നതാണ് നമ്മുടെ ദക്ഷിണ ഭാരതത്തിലെ പാരമ്പര്യം. ശ്രീ നാരായണ ഗുരു എടുത്തുയര്‍ത്തിക്കാണിച്ച ഇത്, പണ്ടേ നമ്മുടെ പാരമ്പര്യത്തിലുള്ള കാര്യമാണെന്ന് മനസിലാക്കുവാന്‍ വേണ്ടിയാണ് ഞാന്‍ ഇത് എടുത്ത് പറഞ്ഞത്.


അതുപോലെ 11-ാം ശതാബ്ദത്തില്‍ രചിക്കപ്പെട്ടിട്ടുള്ള ശൈവമതത്തിന്‍റെ ഒരു പ്രധാനപ്പെട്ട തമിഴ് രേഖയുണ്ട്. അതില്‍ പറയുന്നത്, എല്ലാമതസമ്പ്രദായങ്ങളും അവയുടെ പരസ്പരവ്യത്യാസങ്ങളും ആവശ്യമില്ലാത്തവയാണ് എന്നാണ്. ശ്രീ നാരായണഗുരുവിന്‍റെ പഠിപ്പിക്കല്‍ തന്നെയാണത്. ഒരേയൊരു മതമേയുള്ളു. ആ മതം മാത്രം മതി. അതാണ് ഈ കൃതിയുടെ പ്രധാനമായ ചുരുക്കം.
അതില്‍ അല്പം ചില പ്രയാസം തോന്നുന്ന കാര്യങ്ങള്‍ ഒക്കെ കണ്ടേക്കും. ഒന്നു പറയുന്നത്, ഈ ശൈവമതമൊഴികെ ബാക്കിയുള്ള ഒരു സമ്പ്രദായവും മോക്ഷത്തിലേക്ക് നയിക്കുകയില്ല, മോക്ഷത്തില്‍ പോകണമെങ്കില്‍ ശൈവമതം സ്വീകരിക്കണമെന്ന് മാത്രമല്ല, അതിന് മുമ്പുണ്ടായിരുന്ന മതത്തെ എടുത്തുകളയണമെന്നുമാണ്. ഈ പുസ്തകത്തില്‍ പറയുന്നത്. ഓരോ മതവും അതിന്‍റെ അനുയായികളില്‍ ചില പ്രത്യേകതകള്‍ സൃഷ്ടിക്കുന്നു. അവയ്ക്ക് പുസ്തകത്തില്‍ കൊടുക്കുന്ന പേര് ലിംഗം (അടയാളം) എന്ന വാക്കാണ്. എല്ലാ മതാനുയായികള്‍ക്കും ആ മതത്തിന്‍റേതായ അടയാളങ്ങളുണ്ട്. അപ്പോള്‍ ഇവരെ ശരിയായിട്ട് മോക്ഷത്തിലേക്ക് കൊണ്ടുപോകണമെങ്കില്‍ ആദ്യം ഈ അടയാളങ്ങള്‍ എടുത്തുമാറ്റണം. അതിനു വേണ്ടുന്ന റിച്വല്‍സാണ് ഈ പുസ്തകത്തിലുള്ള പ്രധാനപ്പെട്ട ഒരു ഭാഗം. അതുകഴിഞ്ഞ് പിന്നെ പറയുന്നത് ഏക മാര്‍ഗ്ഗമേയുള്ളുവെന്നാണ്; പരമശിവന്‍ സര്‍വ്വത്തിന്‍റെയും ഉടയവനായ എല്ലാറ്റിന്‍റെയും അധിപനായ പരമശിവനിലുള്ള ഭക്തിമൂലം എല്ലാ മനുഷ്യര്‍ക്കും മോക്ഷത്തിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കും. നോക്കണം, ആരെയും തടഞ്ഞു വയ്ക്കുന്നില്ല. ഇതുതന്നെയാണ് ശ്രീനാരായണഗുരു നമ്മെ പഠിപ്പിച്ചിട്ടുള്ള പാഠം. അല്ലാതെ ദൈവത്തെ അറിയുക എന്നുള്ളത് കുറച്ചുപേര്‍ക്ക് മാത്രമുള്ള ഒരു പ്രത്യേകതയായിട്ട് ഗുരുദേവന്‍ ഒരു കാലത്തും കണ്ടില്ല എന്നുള്ളത് ഈ പുസ്തകങ്ങളെപ്പറ്റി പഠിക്കുമ്പോള്‍ എനിക്ക് പ്രത്യേകം ഓര്‍മ്മവന്നു. നമ്മുടെ ദക്ഷിണഭാരത പാരമ്പര്യത്തിന്‍റെ ഉത്തുംഗഗോപുരമെന്ന് ഞാന്‍ വിളിക്കുന്ന ശ്രീനാരായണഗുരുദേവനില്‍ നാം കാണുന്നത് ഇങ്ങനെയുള്ള സാര്‍വ്വലൗകികങ്ങളായ കാര്യങ്ങളാണ്.
ഒരു കാര്യം കൂടി പറയട്ടെ. സര്‍വ്വമത മഹാപാഠശാല സംസ്ഥാപിതമായിട്ടുണ്ട്. അതിന്‍റെ പ്രവര്‍ത്തനങ്ങളും കുറെയൊക്കെ നടന്നിട്ടുണ്ട്. പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് ലോകത്തിന്‍റെ ഏറ്റവും വലിയ ആവശ്യമെന്താണ്? രണ്ടു കാരണങ്ങള്‍ ഞാന്‍ പറയാം.
ഒന്നാമത്, ഞാനീ സര്‍വ്വമതസൗഹാര്‍ദ്ദത്തിനുവേണ്ടി ലോകമാകെ ഓടി നടന്നിട്ടുണ്ട്. അപ്പോള്‍ എനിക്ക് ഉണ്ടായിട്ടുള്ള വളരെ സങ്കടകരമായ ഒരു അനുഭവമിതാണ്. ഈ ലോകമതനേതാക്കന്മാരെ എല്ലാം കൂടെ എടുത്താല്‍ യഥാര്‍ത്ഥത്തില്‍ പരിശുദ്ധന്മാരായിട്ടുള്ളവര്‍ വളരെ കുറച്ചേ ഉള്ളൂ. അധികം പേരും അധികാരത്തിനും ശക്തിക്കും സ്ഥാനത്തിനും വേണ്ടി വടംവലി നടത്തിക്കൊണ്ട് സര്‍വ്വമതസമ്മേളനങ്ങളും സംഘടനകളും നടത്തിക്കൊണ്ട് പോകുന്നവരാണ്. ഇത് വളരെയധികം എന്നെ വേദനിപ്പിക്കുന്ന ഒരു കാര്യമാണ്. ഈ മനുഷ്യരാശിക്ക് രക്ഷയുണ്ടാകണമെങ്കില്‍ മതനേതാക്കന്മാരായ ഞങ്ങളെപ്പോലെയുള്ളവര്‍ ആന്തരികമായി പരിവര്‍ത്തനം ചെയ്ത് ഈശ്വരവാഹികളായി തീരണം. അല്ലെങ്കില്‍ യാതൊന്നും നടക്കുകയില്ല. മനുഷ്യര്‍ ഇന്ന് മതത്തില്‍ നിന്നു അധികമൊന്നും പ്രതീക്ഷിക്കുന്നില്ല. കാരണം നമ്മുടെ മതനേതാക്കന്മാരെ ജനങ്ങള്‍ നോക്കിയിട്ട്, “ഓ.. ഇവരാണോ ദൈവത്തിങ്കലേക്ക് നമ്മളെ നയിക്കാനുള്ളവര്‍..!” എന്നു പറയുന്നു. ഇതാണ് പരമാര്‍ത്ഥം. വളരെ ദുഃഖത്തോടുകൂടിയാണു ഞാനിത് പറയുന്നത്. കൂടുതല്‍ എന്തെങ്കിലും ഞാന്‍ പറയുന്നത് വളരെ മോശമായിരിക്കും.
രണ്ടാമത് എനിക്കുള്ള ഒരു പ്രധാനപ്പെട്ട അഭിപ്രായം, നമ്മുടെ മത നേതാക്കന്മാരെ പരിശീലിപ്പിക്കുന്ന വിദ്യാലയങ്ങളെക്കുറിച്ചാണ്. എന്‍റെ ചുമതലയില്‍ ഒന്ന് അതാണ്. ഓര്‍ത്തഡോക്സ് സെമിനാരിയില്‍ നൂറ്റമ്പതുപേരെ പഠിപ്പിക്കുന്നുണ്ട്. ഈ പഠിപ്പിച്ച് വിട്ട് ക്രിസ്തീയ ഗുരുക്കന്മാരും ഉപദേഷ്ടാക്കന്മാരുമായി പുറത്തു പോകുന്നയാളുകള്‍ക്ക് മറ്റു മതങ്ങളെപ്പറ്റി വളരെയൊന്നും അറിയില്ല. ഹിന്ദുമതത്തെപ്പറ്റിയും ജൈനമതത്തെപ്പറ്റിയും ബുദ്ധമതത്തെപ്പറ്റിയുമൊക്കെ ഞങ്ങള്‍ ക്ലാസുകള്‍ എടുക്കുന്നുണ്ട്. അതു പരീഷയ്ക്ക് പാസ്സാകുവാന്‍ വേണ്ടി ഇവരൊക്കെ പഠിക്കുന്നുമുണ്ട്. പക്ഷേ, അതിന്‍റെ അനുഭവം അവരുടെ ജീവിതത്തില്‍, അവരുടെ നേതൃത്വത്തില്‍ പലപ്പോഴും കാണുന്നില്ല എന്നുള്ളത് ക്രിസ്തുമതത്തെപ്പറ്റി ഞാന്‍ പറയുകയാണ്. ഇതുപോലെ തന്നെ മുഹമ്മദീയ ഗുരുക്കന്മാരെ പരിശീലിപ്പിക്കുന്ന മദ്രസകളിലും വിദ്യാലയങ്ങളിലും അതുപോലെ മറ്റു മതങ്ങളിലെ നേതൃത്വത്തെ പരിശീലിപ്പിക്കുന്ന സ്ഥലങ്ങളിലും ഒരു സര്‍വ്വമത സമന്വയമുള്ള ശിക്ഷണം ലഭിക്കുകയും, അവയെപ്പറ്റി തിയറിട്ടിക്കല്‍ ആയിട്ട് പഠിച്ചാല്‍ പോരാ, നേരിട്ട് അവരുടെ ആദ്ധ്യാത്മികത അനുഭവിക്കുവാന്‍ ശ്രമിക്കുകയും ചെയ്യണം
ഞാന്‍ രണ്ടാമത് മനസ്സിലാക്കിയ ഒരു പ്രധാനപ്പെട്ട കാര്യം, ഈ സര്‍വ്വമതമെന്നും പറഞ്ഞ് ഒരുപാട് പ്രസംഗം പറഞ്ഞതുകൊണ്ട് ഒരു വിശേഷവുമില്ല. ശ്രീ രമണ മഹര്‍ഷിയെപ്പോലുള്ള ഒരാളുടെ പാദത്തിങ്കല്‍ ഇരുന്നുകഴിഞ്ഞാല്‍ പിന്നെ എനിക്ക് ഒരു പ്രസംഗവും കേള്‍ക്കണ്ടാ. ആ പരിശുദ്ധമായ ആത്മാവില്‍ നിന്നു വരുന്ന ചൈതന്യപ്രസരം എന്നെ ആത്മികമായി വ്യത്യാസപ്പെടുത്തിക്കൊള്ളും. അങ്ങനെയുള്ള ചൈതന്യപ്രസരമുള്ള ആത്മാക്കള്‍ ധാരാളമായി രൂപപ്പെടണം. അവരില്‍ യാതൊരുവിധ അന്യമത വിദ്വേഷവും ഇല്ലാതെയിരിക്കണം. ഇത് ഇന്നത്തെ ലോകത്തിന്‍റെ വലിയ ഒരാവശ്യമാണ്.
ഈ രണ്ടു കാര്യങ്ങള്‍ സര്‍വ്വമത മഹാപാഠശാല നടത്തുമ്പോഴും പ്രത്യേകം ഓര്‍ക്കുകയും, മറ്റ് മതങ്ങളുടെ പ്രസംഗം കേട്ടാല്‍ മാത്രം പോരാ. മറ്റ് മതങ്ങളിലുള്ളവരുടെ ആരാധനയില്‍ സംബന്ധിക്കണം. അവരെങ്ങനെ ദൈവത്തെ അറിയുന്നു, അനുഭവിക്കുന്നു എന്നുള്ളത് തൊട്ട്, കണ്ട്, അടുത്ത് അറിയുമ്പോഴേ അതിനോട് ബഹുമാനം ഉണ്ടാവുകയുള്ളു.
ഞാനും ഒരു കാലത്ത് ഒരുപാട് പ്രസംഗങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ പ്രസംഗത്തേക്കാള്‍ കൂടുതല്‍ പരിശുദ്ധന്മാരായ മറ്റു മതങ്ങളിലുള്ള മനുഷ്യരുമായുള്ള സമ്പര്‍ക്കമാണ് എനിക്ക് ഏറ്റവും വലിയ പ്രചോദനം നല്‍കിയിട്ടുള്ളത്. അങ്ങനെയുള്ള മനുഷ്യരെ വാര്‍ത്തെടുക്കുന്ന സ്ഥാപനങ്ങളായി നമ്മുടെ പരിശീലന കേന്ദ്രങ്ങള്‍ വരണം എന്നുള്ള എളിയ അഭ്യര്‍ത്ഥനയോടുകൂടി, ശിവഗിരിയില്‍ സ്ഥാപിതമായിട്ടുള്ള മഹാപാഠശാലയുടെ പ്രവര്‍ത്തനങ്ങളില്‍ എളിയവനായ എന്‍റെ സര്‍വ്വ സഹകരണങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടും, ഈ സമ്മേളനം ഞാന്‍ ഉദ്ഘാടനം ചെയ്തു കൊള്ളുന്നു.
(മെത്രാപ്പോലീത്താ കേരളത്തില്‍ നടത്തിയ അവസാനത്തെ പ്രഭാഷണം. ചങ്ങനാശ്ശേരി എസ്. എന്‍. ഡി. പി. യുടെ ആഭിമുഖ്യത്തില്‍ നടന്ന ‘ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്‍റെ രജതജൂബിലി ആഘോഷങ്ങളുടെ’ കോട്ടയം ജില്ലാതല ഉദ്ഘാടന സമ്മേളനത്തില്‍ ചെയ്തത്. 1996 ഓഗസ്റ്റ് 18. സമ്പാദകന്‍: ജോയ്സ് തോട്ടയ്ക്കാട്)