Malayala Manorama
ഇന്ദിരാഗാന്ധിയുമായുള്ള സൗഹൃദത്തെക്കുറിച്ചറിഞ്ഞ പലരും, അവര്‍ക്ക് വിവരങ്ങള്‍ കൈമാറുവാനായി മെത്രാപ്പോലീത്തായെ സമീപിച്ചിരുന്നു. ഒരിക്കല്‍ എല്‍.റ്റി.റ്റി.ഇ. നേതാവ് പ്രഭാകരനും ഇങ്ങനെയൊരു സഹായാഭ്യര്‍ത്ഥനയുമായി മെത്രാപ്പോലീത്തായെ കണ്ടു. ആ കൂടിക്കാഴ്ചയെക്കുറിച്ച് മെത്രാപ്പോലീത്താ ഓര്‍മ്മിക്കുന്നു: “ശ്രീലങ്കയില്‍ നിന്നാണെന്നും പറഞ്ഞ്, ഒരിക്കല്‍ ഒരാള്‍ ഓര്‍ത്തഡോക്സ് സെമിനാരിയിലെത്തി എന്നെ സന്ദര്‍ശിച്ചു. പ്രഭാകരന്‍ എന്നാണ് പേരെന്നാണ് എന്‍റെ ഓര്‍മ്മ. തീര്‍ത്തു പറയുവാന്‍ സാധിക്കുകയില്ല. ഈ സമരമൊക്കെ തുടങ്ങുന്നതിനു മുമ്പാണ്. ഭീകരപ്രവര്‍ത്തനമൊന്നും അന്നില്ല. അദ്ദേഹം അന്ന് എന്നോട് പറഞ്ഞത്, ഞങ്ങള്‍ ഭീകരപ്രവര്‍ത്തനം തുടങ്ങാന്‍ നിര്‍ബന്ധിതരാവുകയാണെന്നാണ്. അത് തടയാന്‍ സാധിക്കുന്ന ഏക വ്യക്തിയേയുള്ളൂ; അത് ഇന്ദിരാഗാന്ധിയാണ്. ഇന്ദിരാഗാന്ധിയും തമിഴരെ സഹായിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഭീകരപ്രവര്‍ത്തികളിലേക്ക് പോവുകയാണെന്നുള്ള സന്ദേശം അവരെ അറിയിക്കണമെന്ന് പറയാന്‍ വേണ്ടിയാണ് അദ്ദേഹം വന്നത്. പി. സി. അലക്സാണ്ടറിലൂടെ മിസിസ് ഗാന്ധിയെ അറിയിക്കുവാനാണ് അവര്‍ എന്‍റെ സഹായം തേടിയത്. എനിക്ക് പി. സി. അലക്സാണ്ടറിനോട് അടുപ്പമുണ്ടെന്നും, അലക്സാണ്ടര്‍ വഴിയാണെങ്കില്‍ ആ സന്ദേശം അവിടെ കിട്ടുമെന്നും അറിയാവുന്നതുകൊണ്ടാണ് അവര്‍ വന്നത്. ഞാന്‍ അദ്ദേഹത്തോട് ആ സന്ദേശം കൈമാറാമെന്ന് സമ്മതിച്ചു. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു: ‘നിങ്ങള്‍ ഉദ്ദേശിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ കൊണ്ട് വലിയ അപകടമേ നിങ്ങള്‍ക്ക് ഉണ്ടാവുകയുള്ളൂ. ഭീകരപ്രവൃത്തികളില്‍ കയറി പ്രവേശിച്ചു കഴിയുമ്പോളാണ് മനസ്സിലാകുന്നത്, അതില്‍ നിന്നും പുറത്തിറങ്ങുവാന്‍ സാധിക്കുകയില്ലെന്ന്. ഒരിക്കല്‍ നിങ്ങളതില്‍ പ്രവേശിച്ചാല്‍ നിങ്ങളതിന്‍റെ ഒരു തടവുകാരനായി തീരും. പിന്നീടൊരിക്കലും നിങ്ങള്‍ക്കതില്‍ നിന്നും രക്ഷപെടാന്‍ സാധിക്കുകയില്ല.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞങ്ങള്‍ക്ക് വേറെ മാര്‍ഗ്ഗങ്ങളൊന്നുമില്ല. ബാക്കി എല്ലാ മാര്‍ഗ്ഗങ്ങളും ഞങ്ങള്‍ നോക്കി. അവസാന സാധ്യത, ഇന്ദിരാഗാന്ധി ഞങ്ങളുടെ ഗവണ്‍മെന്‍റില്‍ എന്തെങ്കിലും സമ്മര്‍ദ്ദം ചെലുത്തുക എന്നതു മാത്രമാണ്.’ ഇന്ദിരാഗാന്ധിക്ക് ഒരു അടുത്ത ഗവണ്‍മെന്‍റിന്‍റെ മേല്‍ ഇത്രയും സമ്മര്‍ദ്ദം ചെലുത്തുവാന്‍ സാധ്യമല്ല എന്നും, പക്ഷേ നിങ്ങളുടെ ഉദ്ദേശ്യമെന്താണെന്ന് ഇന്ദിരാഗാന്ധിയെ ഞാനറിയിക്കാമെന്നും പറഞ്ഞു.”
“പക്ഷേ അന്നൊന്നും ഇങ്ങനെ ഭീകരപ്രവര്‍ത്തനം ഭയങ്കരമായിട്ട് ഉദിക്കുമെന്ന ഒരു ഭയമില്ല. ഒരു ചിന്ത പോലുമില്ല. പ്രഭാകരനെ കണ്ടാല്‍ വളരെ സൗമ്യതയുള്ള സൗഹാര്‍ദ്ദമുള്ള സംസ്ക്കാരമുള്ള ഒരു മനുഷ്യനായിട്ടാണ് എനിക്ക് തോന്നിയത്. ഇത്രയും വലിയ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ഞാന്‍ വിചാരിച്ചില്ല. അന്ന് ഒന്നും ബുദ്ധിയായിട്ട് ചെയ്യാന്‍ ഇന്ദിരാഗാന്ധിയെക്കൊണ്ട് സാധിച്ചില്ല. ഇന്നും നമ്മുടെ ഇന്ത്യന്‍ ഗവണ്‍മെന്‍റിന് യാതൊരു സ്വാധീനവുമില്ല. ഇന്ത്യ ഇടപെട്ടതുകൊണ്ട് പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചതേയുള്ളൂ. കാര്യങ്ങളൊന്നും ശരിയായിട്ട് മനസ്സിലാക്കി വേണ്ടതുപോലെ ചെയ്യുവാന്‍ നമ്മുടെ ഗവണ്‍മെന്‍റിനെക്കൊണ്ട് സാധിച്ചിട്ടില്ല. നമ്മുടെ ഗവണ്‍മെന്‍റ് ഇടപെട്ടപ്പോഴൊക്കെ കുഴപ്പത്തിലാണ് പോയിട്ടുള്ളത്. ഒന്നുകില്‍ തമിഴ്നാട്ടില്‍ ഉള്ള തമിഴന്‍മാരുടെ വോട്ടു കിട്ടാനുള്ള നീക്കങ്ങള്‍. അല്ലെങ്കില്‍ ഏതെങ്കിലുംവിധത്തില്‍ ഈ തമിഴന്മാരെ അടിച്ചമര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍. ഈ രണ്ടേ ഉണ്ടായിരുന്നുള്ളൂ മിസിസ് ഗാന്ധിക്കും രാജീവ് ഗാന്ധിക്കും. അതില്‍ കൂടി പോയാല്‍ ശരിയാവുകയില്ല. രണ്ടു കൂട്ടരും തമ്മില്‍ പരസ്പരം കണ്ടിട്ട്, ശ്രീലങ്കയ്ക്കകത്തുള്ള അധികാരം പങ്കുവയ്ക്കുന്നതില്‍ വ്യത്യാസം വരണം. തമിഴന്മാര്‍ക്കും അധികാരം ഉണ്ടാകണം. അവരെ പൂര്‍ണ്ണമായിട്ടും അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുവാന്‍ സാധിക്കുകയില്ല. അതാണ് അന്നു മുതലുള്ള പ്രധാനപ്പെട്ട പ്രശ്നം. അതിന്നുവരെ നടപ്പില്‍ വന്നിട്ടില്ല. ഫെഡറല്‍ സ്റ്റേറ്റ് വേണമെന്നും തമിഴന്മാര്‍ക്ക് കൂടുതല്‍ അധികാരം കൊടുക്കണമെന്നും ഇപ്പോള്‍ കുമാരതുംഗെ പറയുന്നുണ്ട്. അതിപ്പോള്‍ എല്‍.ടി.ടി.ഇ. ക്കാര്‍ സമ്മതിക്കുകയില്ല. അവര്‍ അവരുടെ സമരം തുടങ്ങിയതില്‍ നിന്ന് മാറാന്‍ തയ്യാറില്ല. അവരുടെ കൈയില്‍ അധികാരം വരണമെന്നുള്ളതാണ് അവരുടെ നോട്ടം. അതുകൊണ്ട് വലിയ വിശേഷമില്ല. എല്‍.ടി.ടി.ഇ. ക്ക് ശ്രീലങ്കന്‍ തമിഴന്മാരുടെ മുഴുവന്‍ പൂര്‍ണ്ണ പിന്തുണയില്ല. അവരെ പേടിച്ച് പലതും ചെയ്യുന്നുണ്ട്. ഇന്ന് അവിടെ നടന്നുകൊണ്ടിരിക്കുന്നത് ഭയങ്കരമാണ്! ഓരോ വീട്ടില്‍ നിന്നും പത്തും പന്ത്രണ്ടും വയസ്സുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും റിക്രൂട്ട് ചെയ്ത് കാട്ടില്‍ കൊണ്ടുപോയി പരിശീലിപ്പിച്ച്,
അവസാനം അതെല്ലാം മരിക്കുകയാണ്. അങ്ങനെയുള്ള ഒരു സിസ്റ്റമാണ് തമിഴ് പുലികള്‍ ഉണ്ടാക്കിയിട്ടുള്ളത്. അത് കൊള്ളുകയില്ല. നേരേമറിച്ച് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ച് ഒരു ഫെഡറല്‍ സ്റ്റേറ്റ് ഉണ്ടാക്കാനുള്ള നീക്കങ്ങളാണ് വേണ്ടത്. അത് ചെയ്യാമെന്ന് കുമാരതുംഗെ പറഞ്ഞെങ്കിലും, അതിനെതിരായിട്ടാണ് ഇപ്പോള്‍ എല്‍.ടി.ടി.ഇ. പ്രവര്‍ത്തിക്കുന്നത്. ഫെഡറല്‍ സ്റ്റേറ്റ് ഉണ്ടാക്കി തമിഴന്മാര്‍ക്കും സിംഹളന്മാര്‍ക്കും താമസിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാക്കുക എന്നുള്ളതേ മാര്‍ഗ്ഗമുള്ളൂ.”
ശ്രീലങ്കയിലെ തമിഴരുടെ കാര്യത്തില്‍ രാജീവ് ഗാന്ധി എടുത്ത നിലപാടുകള്‍ ശരിയായിരുന്നോ?
“തെറ്റായിരുന്നു. ഇന്ത്യാ ഗവണ്‍മെന്‍റ് ഒരു സേനയെ ശ്രീലങ്കയിലേക്ക് അയച്ചത് വലിയ അബദ്ധമായിരുന്നു. ആഴത്തില്‍ ചിന്തിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് സൈന്യബലം ഉപയോഗിച്ച് അടുത്ത രാജ്യത്തെ പ്രശ്നം തീര്‍ക്കാമെന്ന് രാജീവ് വിചാരിച്ചത്. അത് തീര്‍ച്ചയായും തെറ്റാണ്. ഒരു രാജ്യം അടുത്ത രാജ്യത്തിന്‍റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് ഒരിയ്ക്കലും ശരിയല്ല. അത് രാജീവ് ഗാന്ധി അറിയേണ്ടതായിരുന്നു. ‘ഇന്ത്യാ ഈസ് ദ് ഗ്രേറ്റ് പവര്‍’ എന്ന്, ഇപ്പോള്‍ കിസിഞ്ജര്‍ വന്ന് നമ്മുടെ ആളുകളോടൊക്കെ പറയുന്നുണ്ടല്ലോ. അതുപോലെ രാജീവ് ഗാന്ധിയോടും പറഞ്ഞു: ‘യു ആര്‍ എ ഗ്രേറ്റ് പവര്‍. യു മസ്റ്റ് സോള്‍വ് ദ് ഓള്‍ പ്രോബ്ലംസ് ഇന്‍ ദ് ഏരിയാ.’ അമേരിക്കക്കാര്‍ ലോകത്തിന്‍റെ മുഴുവന്‍ പോലീസുകാരനാകാന്‍ ശ്രമിക്കുന്നതുപോലെ, ഇന്ത്യക്ക് ഏഷ്യയുടെ മുഴുവന്‍ പോലീസുകാരനാകാന്‍ സാധിക്കുമെന്ന ഒരു വ്യാമോഹം രാജീവ് ഗാന്ധിക്ക് വന്നതുകൊണ്ടാണ് ഇത്രയും അബദ്ധമുണ്ടായത്.”
(പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ജീവചരിത്രമായ പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്രയില്‍ നിന്നും)