റഷ്യന്‍ മാതൃകയില്‍ ശില്പചാരുതയോടെ നിര്‍മ്മിച്ച ഡല്‍ഹി ഓര്‍ത്തഡോക്സ് സെന്‍റര്‍ ഡല്‍ഹിയിലെ ഒരു പ്രധാന നിരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിട സമുച്ചയമാണ്. എന്നാല്‍ പ്രധാന റോഡില്‍ നിന്ന് സെന്‍ററിലേക്ക് പ്രവേശിക്കുന്ന കൈവഴിയില്‍ അനേകം പാവങ്ങള്‍ ഷെഡ്ഡുകെട്ടി ചില്ലറ കച്ചവടങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. അത് അവരുടെ അഷ്ടിയ്ക്കുള്ള മാര്‍ഗ്ഗമായിരുന്നു. പ്രധാന നിരത്തുകളുടെ അരികില്‍ ഇത്ര വൃത്തിഹീനമായ രീതിയില്‍ അനധികൃതമായി നടത്തുന്ന കച്ചവടക്കാരെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഇടയ്ക്കിടെ ഒഴിപ്പിക്കാറുമുണ്ടായിരുന്നു. പ്രധാന റോഡില്‍ നിന്ന് ഓര്‍ത്തഡോക്സ് സെന്‍ററിന്‍റെ കാഴ്ച തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ ചെറു കച്ചവടസംഘങ്ങള്‍ ഒരു ഒഴിയാബാധയായി മാറിയപ്പോള്‍ അവരെ ഒഴിപ്പിക്കുവാനായി ഞാനൊരു പരാതി നല്‍കി.
മുന്‍സിപ്പാലിറ്റി അധികൃതര്‍ കുടിയൊഴിപ്പിക്കാന്‍ വന്നപ്പോള്‍ തിരുമേനി എന്നോട്, ‘എന്താണ് കാര്യം?’ എന്നു ചോദിച്ചു. ഞാന്‍ വിജയഭാവത്തില്‍ ഷെഡ്ഡുകള്‍ പൊളിച്ചുമാറ്റാന്‍ പരാതി നല്‍കിയത് അനുസരിച്ച് മുന്‍സിപ്പാലിറ്റി അധികൃതര്‍ വന്നിരിക്കുകയാണ് എന്ന് അറിയിച്ചു. തിരുമേനി വളരെ വേദനയോടെ കുപിതനായി എന്നോട്, ‘ഞാനിവിടെ വരുന്നതിനു മുമ്പ് ഈ പാവങ്ങള്‍ ഇവിടെയുണ്ട്. അവര്‍ അവിടെ കഴിഞ്ഞോട്ടെ. ഒഴിപ്പിക്കേണ്ട’ എന്നു പറഞ്ഞു. ഇടമില്ലാത്തവരോടുള്ള കരുണയും കരുതലും വിശ്വമാനവന് എത്രയായിരുന്നു എന്ന് ചിന്തിക്കൂ. സന്ധ്യയ്ക്ക് തിരുമേനി നടക്കാന്‍ ഇറങ്ങുമ്പോള്‍ മൂക്കള ഒലിപ്പിച്ചും വള്ളിനിക്കറുമിട്ട് നടക്കുന്ന തെരുവ് കുട്ടികളെയും കൂടെ കൊണ്ടുപോകുമായിരുന്നു. അവര്‍ക്ക് നിലക്കടല വാങ്ങിക്കൊടുത്ത് കൊച്ചുവര്‍ത്തമാനം പറഞ്ഞ് നടക്കുന്ന കാഴ്ച നമ്മുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. അന്താരാഷ്ട്ര വേദികളില്‍ ലോകനേതാക്കളോടും ബുദ്ധിജീവികളോടുമൊപ്പം ജീവിതത്തിന്‍റെ സിംഹഭാഗം കഴിച്ചുകൂട്ടിയ തിരുമേനിക്ക് ഇടമില്ലാത്തവരുടെ നൊമ്പരങ്ങളും നന്നായി അറിയാമായിരുന്നു.