മാര്‍ട്ടിന്‍ ലൂതര്‍ എന്ന മനുഷ്യസ്നേഹി / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

Martin_Luther
മദ്ധ്യയുഗത്തില്‍ യൂറോപ്പിലെ നവോത്ഥാനപ്രസ്ഥാനത്തിന്‍റെ മുഖ്യശില്പി, പ്രൊട്ടസ്റ്റന്‍റ് മതവിഭാഗത്തിന്‍റെ സ്ഥാപകന്‍, ജര്‍മ്മന്‍ ഭാഷയില്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്ത സാഹിത്യകാരന്‍, സര്‍വ്വോപരി ഒരു മനുഷ്യസ്നേഹി – ഇങ്ങനെ പല നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മാര്‍ട്ടിന്‍ ലൂതറിന്‍റെ അഞ്ഞൂറാം ജന്മവാര്‍ഷികം നവംബര്‍ പത്തിന് ലോകമെങ്ങും ആഘോഷിക്കുകയാണ്.

ഇന്ന് ജി. ഡി. ആറില്‍ (ജര്‍മ്മന്‍ ജനാധിപത്യ റിപ്പബ്ലിക്ക്) സ്ഥിതിചെയ്യുന്ന ഐസല്‍ബന്‍ എന്ന പട്ടണത്തില്‍ 1483 നവംബര്‍ പത്താം തീയ്യതിയാണ് മാര്‍ട്ടിന്‍ ലൂതര്‍ ജനിച്ചത്. ജി. ഡി. ആറില്‍ ഇന്നുള്ള പ്രദേശങ്ങളില്‍ത്തന്നെയാണ് ജീവിതം നയിച്ചതും. ഐസല്‍ബെനിലെ സെന്‍റ് പീറ്റര്‍, സെന്‍റ് പോള്‍ റോമന്‍ കത്തോലിക്കാപള്ളിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ ജ്ഞാനസ്നാനം. അവിടെത്തന്നെയുള്ള സെന്‍റ് ആന്‍ഡ്രൂസ് പള്ളിയില്‍ വെച്ചായിരുന്നു അവസാനത്തെ പ്രാര്‍ത്ഥനയും മതപ്രഭാഷണവും. കിഴക്കന്‍ ജര്‍മ്മനിയുടെയും പശ്ചിമ ജര്‍മ്മനിയുടെയും അതിര്‍ത്തിക്കടുത്തുള്ള ഒരു നഗരത്തില്‍ വച്ചു തന്നെ മാര്‍ട്ടിന്‍ ലൂതറിന്‍റെ അന്ത്യവും സംഭവിച്ചു.

മാഗ്ഡെബഗ്ഗിലെ സ്കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. 1498 മുതല്‍ 1501 വരെ ഐസല്‍ബെനില്‍ താമസിച്ചുകൊണ്ട് വിദ്യാഭ്യാസം തുടര്‍ന്നു. 1501 മുതല്‍ 1505 വരെ എര്‍ഫുര്‍ട്ടിലെ സര്‍വ്വകലാശാലയില്‍ ചേര്‍ന്ന് പഠനം നടത്തി. 1505 മുതല്‍ 1507 വരെയും പിന്നീട് 1509 മുതല്‍ 1510 വരെയും അദ്ദേഹം അഗസ്റ്റിനിയില്‍ ഒരു സന്യാസിമഠത്തില്‍ പാതിരിയായി സേവനമനുഷ്ഠിച്ചു. 1508 മുതല്‍ 1511 വരെ വിറ്റന്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ തത്ത്വശാസ്ത്ര പ്രൊഫസറായിരുന്നു. തിയോളജിയില്‍ ഡോക്ടര്‍ ബിരുദം നേടി 1524-ല്‍ അഗസ്റ്റിനിയിലെ പള്ളിയിലേക്ക് തിരിച്ചുവരികയും 1546 ഫെബ്രുവരി 18-ാം തീയ്യതി, അന്ത്യംവരെ അവിടെത്തന്നെ കഴിച്ചുകൂട്ടുകയും ചെയ്തു.

സാമൂഹ്യ പരിഷ്കര്‍ത്താവ്

എര്‍ഫര്‍ട്ട്, ഹാലേ, ജേന, ന്യൂസ്ടാദ്, ലീപ്പ്സിഗ്, സാല്‍ഫെഡ്, ഷാമല്‍ കാല്‍ദന്‍, ടോര്‍ഗൗ, വിറ്റന്‍ബര്‍ഗ് എന്നീ നഗരങ്ങളിലായിരുന്നു മാര്‍ട്ടിന്‍ ലൂതര്‍ പ്രധാനമായും തന്‍റെ മതപ്രഭാഷണങ്ങളും പ്രാര്‍ത്ഥനകളും നടത്തിയത്. കത്തോലിക്കാസഭയുടെ സാന്മാര്‍ഗിക നിലവാരത്തിന്‍റെ അധഃപതനം അദ്ദേഹത്തെ ഞെട്ടിപ്പിക്കുകയും അതിനെതിരായി കലാപക്കൊടിയുയര്‍ത്തുകയും ചെയ്തു. ‘ജര്‍മ്മന്‍ പ്രഭുവര്‍ഗ്ഗത്തോടാഹ്വാനം’, ‘സഭയുടെ ബാബിലോണിയന്‍ അടിമത്തം’ തുടങ്ങിയ ലഘുലേഖകളിലൂടെ അദ്ദേഹം റോമന്‍ കത്തോലിക്കാ സഭയുമായി വളരെ അകന്നു. 1521 ആദ്യത്തില്‍ ലൂതറെ സഭയില്‍ നിന്നു ബഹിഷ്കരിച്ചു. കല്പന നടപ്പാക്കാന്‍ നിയുക്തനായ ചാറല്‍സ് അഞ്ചാമന്‍ ലൂതറോട് സ്വന്തം പ്രവര്‍ത്തനങ്ങളില്‍ പശ്ചാത്താപം പ്രകടിപ്പിച്ച് അവ പിന്‍വലിക്കുവാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ച ലൂതറെ നിയമഭ്രഷ്ടനാക്കുകയും ചെയ്തു. തന്‍റെ സുഹൃത്തായ സാക്സണിയിലെ രാജകുമാരന്‍റെ സഹായത്തോടെ വാര്‍ട്ട്ബര്‍ഗ് കൊട്ടാരത്തില്‍ ലൂതര്‍ ഒളിവില്‍ കഴിച്ചുകൂട്ടി. 1544-ല്‍ അദ്ദേഹം തൊര്‍ഗോവില്‍ (ജി. ഡി. ആര്‍.) ആദ്യത്തെ പ്രൊട്ടസ്റ്റന്‍റ് പള്ളി ആരംഭിച്ചു.

മാര്‍ട്ടിന്‍ ലൂതര്‍ ഒരു ക്രൈസ്തവ മത സാമൂഹ്യ പരിഷ്കര്‍ത്താവ് മാത്രമായിരുന്നില്ല. ക്ലാസ്സിക്കല്‍ ജര്‍മ്മന്‍ ഭാഷയുടെ ജനയിതാവു കൂടിയായിരുന്നു. വാര്‍ട്ട്ബര്‍ഗ് കൊട്ടാരത്തില്‍ ഒളിവില്‍ കഴിയവെ അദ്ദേഹം കുര്‍ബാനയും ബൈബിളും ജര്‍മ്മന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. ഈ പരിഭാഷയാണ് ആധുനിക ജര്‍മ്മന്‍ഭാഷയുടെ അസ്തിവാരമായത്. ജര്‍മ്മന്‍ ദേശീയത്വത്തിന്‍റെയും തനതായ വ്യക്തിത്വത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഉപജ്ഞാതാവ് കൂടിയായിരുന്നു ലൂതര്‍. ആരാധനയ്ക്കായി അനേകം ഗീതങ്ങളും കീര്‍ത്തനങ്ങളും അദ്ദേഹം രചിച്ചു. ഉത്തമ സാഹിത്യകാരന്‍, ബോധനവിദ്യയില്‍ പുതിയ സരണികള്‍ വെട്ടിത്തുറന്ന ഒന്നാന്തരം അദ്ധ്യാപകന്‍, സാമൂഹ്യമൂല്യങ്ങളില്‍ വിപ്ലവാത്മകമായ മാറ്റത്തിന് നേതൃത്വം നല്‍കിയ സാമൂഹ്യ പരിഷ്കര്‍ത്താവ് തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

പള്ളിമേധാവിത്വത്തിന് എതിരെ

പള്ളിയില്‍ അന്ന് നിലനിന്നിരുന്ന ഫ്യൂഡല്‍ മേധാവിത്വ മൂല്യങ്ങള്‍ക്കെതിരായി പതിനാറാം നൂറ്റാണ്ടില്‍ ആരംഭിച്ച കലാപം നയിച്ചത് ലൂതറായിരുന്നു. യൂറോപ്പിലെ സാമൂഹ്യവ്യവസ്ഥിതിയില്‍ സുപ്രധാനമായ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും നേതൃത്വം നല്‍കുകയും അങ്ങനെ മാനവചരിത്രത്തിന്‍റെ ഗതിയെ തന്നെ സാരമായി സ്വാധീനിക്കുകയും ചെയ്ത വിപ്ലവകാരിയായിരുന്നു അദ്ദേഹം.

പള്ളിയില്‍ നടമാടിയിരുന്ന നഗ്നമായ അഴിമതിക്കെതിരായി ധീരവും ശക്തവുമായി പൊരുതിയ വികാരിയെന്ന നിലയിലാണ് ലൂതര്‍ പരക്കെ അറിയപ്പെടുന്നത്. മനുഷ്യമനസ്സിനെയും സാമൂഹ്യ മൂല്യങ്ങളെയും വ്യവസ്ഥാപിത മതസംവിധാനത്തിന്‍റെ സങ്കുചിതവും നിര്‍ബന്ധപൂര്‍വവുമായ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരുന്നതിനെതിരായി അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്തു. ആ മേഖലയില്‍ അതുല്യ സംഭാവനകള്‍ നല്കിയ ക്രൈസ്തവ തിയോളജിയുടെ ശില്പിയായിരുന്നു മാര്‍ട്ടിന്‍ ലൂതര്‍. മനുഷ്യന്‍റെ മനസ്സാക്ഷിയുടെ നിസ്സീമമായ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ‘ഞാന്‍ ഈ പ്രശ്നത്തില്‍ ഈ നിലപാടാണ് എടുക്കുന്നത്, മറ്റൊന്നും എന്നാല്‍ സാദ്ധ്യമല്ല’ എന്ന് ഉറച്ചു പറയാന്‍ അദ്ദേഹം തയ്യാറായി.

മധ്യകാലഘട്ടത്തില്‍ പള്ളിയെപ്പോലെയും ഫ്യൂഡല്‍ ആധിപത്യത്തെപ്പോലെയും സര്‍വ്വശക്തമായ ഒരു ശത്രുവിനെ നേരിടുന്നതിന് ലൂതര്‍ കൂട്ടു പിടിച്ചത് പാവപ്പെട്ടവരെയല്ല, കൃഷിക്കാരെയുമായിരുന്നില്ല; രാജാക്കന്മാരെയും പ്രഭുക്കളെയുമായിരുന്നു. പള്ളിമേധാവിത്വത്തെ ചെറുത്തുനില്ക്കുവാന്‍ തുല്യ ശക്തിയുള്ളത് പരിശുദ്ധ ജര്‍മ്മന്‍ പാര്‍ലമെന്‍റാണ് എന്ന് അദ്ദേഹം കരുതി. ആ നിയമസഭയിലാകട്ടെ കൃഷിക്കാരുടെയും ദരിദ്രരുടെയും പ്രതിനിധികളല്ല ഉണ്ടായിരുന്നത്; രാജാക്കന്മാര്‍, ഭൂപ്രഭുക്കള്‍, സ്വതന്ത്രനഗരങ്ങളുടെ അധിപന്മാരായ മാടമ്പികള്‍, കച്ചവടക്കാര്‍, വ്യവസായികള്‍, പട്ടണങ്ങളില്‍ പുതുതായി വളര്‍ന്നു തുടങ്ങിയ ബൂര്‍ഷ്വാ വര്‍ഗ്ഗത്തിന്‍റെ പ്രതിനിധികള്‍ എന്നിവരായിരുന്നു. ലൂതര്‍ അവരുടെ ശക്തനായ വക്താവായി. അലസതയെയും നിഷ്ക്രിയത്വത്തെയും അദ്ദേഹം അപലപിക്കുകയും അലസനായിരിക്കുന്നവന്‍ പാപം ചെയ്യുന്നവനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അധ്വാനത്തിന്‍റെ പുതിയ തത്വസംഹിത

ജോണ്‍ കാല്‍വിന്‍ പില്ക്കാലത്ത് രൂപംനല്‍കിയ അധ്വാനത്തിന്‍റെ പുതിയ തത്വസംഹിതയുടെ (Work Ethics) ജനയിതാവായിരുന്നു ലൂതര്‍. ആധുനികതയുടെ ഉറവിടം തന്നെ ഈ തത്വസംഹിതയായിരുന്നു. കരകൗശലവിദഗ്ധര്‍, ശില്പികള്‍, അദ്ധ്യാപകന്മാര്‍, വിദ്യാര്‍ത്ഥികള്‍, കൈവേലക്കാര്‍ ഇവരൊക്കെത്തന്നെ അദ്ധ്വാനത്തിന്‍റെ മേന്മ കണ്ടറിയുകയും മാര്‍ട്ടിന്‍ ലൂതറിന്‍റെ പിന്നില്‍ അണിനിരക്കുകയും ചെയ്തു.

ഫ്യൂഡല്‍ ദുഷ്പ്രഭുത്വത്തിനെതിരായി സമരങ്ങള്‍ നടത്തിയ കൃഷിക്കാരും ആദ്യമാദ്യം ലൂതറിന് പിന്തുണ നല്‍കുകയുണ്ടായി. എന്നാല്‍, ലൂതറാകട്ടെ, മാനസികമായും വൈകാരികമായും മദ്ധ്യവര്‍ഗ്ഗത്തില്‍ പെട്ട ആളായിരുന്നു. പാവപ്പെട്ടവരില്‍ നിന്ന് ഉയര്‍ന്നു വന്നവനായിരുന്നില്ല. 1492 മുതല്‍ 1517 വരെ നടന്ന കാര്‍ഷികലഹളകള്‍ക്കെല്ലാം കാരണക്കാര്‍ ഭൂപ്രഭുക്കളായിരുന്നുവെന്ന് അദ്ദേഹം വാദിക്കുകയും കൃഷിക്കാരുടെ കൂടെ നില്ക്കുകയും ചെയ്തു. എന്നാല്‍ അവരുടെ ലഹളകളെ നിയന്ത്രിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ബൂര്‍ഷ്വാവര്‍ഗ്ഗത്തിന്‍റെ വക്താക്കളായ നേതാക്കന്മാര്‍ ഇന്നും ചെയ്യാറുള്ളതുപോലെ അദ്ദേഹം കൃഷിക്കാരോട് സമാധാനത്തിന്‍റെ മാര്‍ഗ്ഗം അവലംബിക്കുവാനും അവരുടെ അവകാശങ്ങള്‍ ഭൂപ്രഭുക്കള്‍ സമക്ഷം ബോധിപ്പിക്കുവാനും സമരമാര്‍ഗം കൈവിടുവാനും ഉപദേശിച്ചു. ലൂതറെ സംബന്ധിച്ചിടത്തോളം ‘കലാപം’ എന്നുവെച്ചാല്‍ അത് ചെകുത്താന്‍റെ സൃഷ്ടിയായിരുന്നു (റോമന്‍ കത്തോലിക്കാപ്പള്ളി മേധാവിത്വത്തിനെതിരായി അദ്ദേഹം നയിച്ച തുറന്ന കലാപമൊഴിച്ച്!). അദ്ദേഹത്തിന് പിന്തുണ നല്‍കിവന്ന നഗരകൗണ്‍സിലുകളിലെ പ്രതിനിധികളെല്ലാം തന്നെ കൃഷിക്കാരെ ചൂഷണം ചെയ്തിരുന്ന ദുഷ്പ്രഭുക്കളായിരുന്നുവെന്ന് കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. മാര്‍പ്പാപ്പയ്ക്കെതിരായി അദ്ദേഹം നടത്തിയ വിമര്‍ശനങ്ങളേക്കാള്‍ കടുത്ത ഭാഷയില്‍ അദ്ദേഹം കൃഷിക്കാരുടെ കലാപങ്ങളെ അപലപിച്ചു. ‘കൊള്ളക്കാരായ കൃഷിക്കാരുടെ കൊള്ളസംഘങ്ങള്‍ക്കെതിരായി’ എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതിയ ലഘുലേഖയും കൃഷിക്കാരുടെയും ആനാ ബാപ്പ് റ്റിസ്റ്റുകളുടെയും നേതാവായിരുന്ന തോമസ് മനസറെ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തതും ചരിത്രസത്യങ്ങളാണ്. ലൂതറിന്‍റെ വ്യക്തിത്വത്തില്‍, അദ്ദേഹം ലോകത്തിന് നല്‍കിയ സംഭാവനകളില്‍, അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഈ ഒരു വശം ഒരു പോറലോ ദൗര്‍ബല്യമോ ആയി തോന്നിയേക്കാം. എന്നാല്‍ മാര്‍ട്ടിന്‍ ലൂതര്‍ സങ്കീര്‍ണ്ണമായ, വൈരുദ്ധ്യങ്ങള്‍ തീക്ഷ്ണത പ്രാപിച്ചുവന്ന ഒരു കാലഘട്ടത്തിന്‍റെ സന്തതിയായിരുന്നു എന്നു നാം ഓര്‍ക്കണം. ധീരത, കറയില്ലാത്ത തത്വദീക്ഷ, താന്‍ ശരിയാണെന്നു കരുതുന്നതില്‍ ഉറച്ച നിലപാട്, നീതിബോധം, വിട്ടുവീഴ്ചയില്ലായ്മ എന്നീ ഗുണങ്ങള്‍ അദ്ദേഹത്തില്‍ സമ്മേളിച്ചിരുന്നു.

പാവപ്പെട്ടവര്‍ക്കു വേണ്ടി

ഇതൊക്കെയാണെങ്കിലും ഏറ്റവും ദരിദ്രരായവരില്‍ ലൂതര്‍ അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പാവപ്പെട്ടവരുടെ ഒരു മതതത്ത്വസംഹിതയ്ക്കു തന്നെ അദ്ദേഹം രൂപം നല്‍കി. പള്ളിയുടെയും മത സ്ഥാപനങ്ങളുടെയും സ്വത്തുക്കളായുള്ള നിലം കണ്ടെടുത്തു പാവപ്പെട്ടവരെ കുടിയിരുത്തണമെന്നദ്ദേഹം വാദിച്ചു. സ്വത്തൊക്കെ കണ്ടുകെട്ടി. എന്നാല്‍ അവ നേടിയെടുത്തത് പാവപ്പെട്ടവരായിരുന്നില്ല. പട്ടണങ്ങളിലെ പുത്തന്‍ മുതലാളികളായിരുന്നു. ഫ്യൂഡല്‍ പ്രഭുക്കള്‍ പാവപ്പെട്ടവരുടെ സംരക്ഷണ ചുമതല ഏറ്റെടുത്തു നടത്തേണ്ട ട്രസ്റ്റികളാണെന്ന ‘ട്രസ്റ്റിഷിപ്പ്’ സിദ്ധാന്തത്തില്‍ അദ്ദേഹം വിശ്വസിച്ചു. സ്വാഭാവികമായി, പാവപ്പെട്ടവരുടെ പ്രശ്നങ്ങളുടെ പരിഹാരം മദ്ധ്യവര്‍ഗ്ഗത്തിന്‍റെ ഹൃദയപരിവര്‍ത്തനം കൊണ്ടുണ്ടാവുന്ന ഔദാര്യത്തിലൂടെ നേടാമെന്ന വ്യാമോഹം വെച്ചുപുലര്‍ത്തിയ ലൂതര്‍ ഈ ശ്രമങ്ങളില്‍ വിജയിച്ചില്ല.

നവോത്ഥാനപ്രസ്ഥാനം

എന്നാല്‍ ഫ്യൂഡലിസത്തില്‍ നിന്നു മുതലാളിത്തത്തിലേക്കുള്ള മധ്യകാലഘട്ടത്തിലെ പരിവര്‍ത്തനം വിജയിപ്പിക്കുന്നതില്‍ ലൂതര്‍ നിസ്തുലമായ സംഭാവനകള്‍ നല്കി. അദ്ദേഹത്തിന്‍റെ നേത്യത്വത്തില്‍ ആരംഭിച്ച നവോത്ഥാനപ്രസ്ഥാനം പുതിയ മുതലാളിത്ത സംസ്ക്കാരത്തിന്നു വഴിതെളിച്ചു. വടക്കന്‍ യൂറോപ്പിലെ പുതിയ രാഷ്ട്രങ്ങള്‍ക്ക് ലോകം മുഴുവനും പിടിച്ചടക്കുവാനും കച്ചവടം വഴി ലാഭവും കോളനികള്‍ തന്നെയും നേടിയെടുക്കുവാനും ഉള്ള പ്രചോദനം ഈ പുതിയ സംസ്കാരത്തില്‍ നിന്നുണ്ടായി. ലൂതറിന്‍റെ ആശയങ്ങള്‍, ഇതര സാമൂഹ്യ പരിഷ്കര്‍ത്താക്കളായ ജോണ്‍ കാല്‍വിന്‍, ഉല്‍റിക്ക് സ്വിങ്ക്ളി, മാര്‍ട്ടിന്‍ ബട്സര്‍, ജോണ്‍ നോക്സ്, മൈക്കല്‍ അഗ്രിക്കോളാ, ഒലാവസ് പെട്രി എന്നിവരുടെ ആശയങ്ങളുമായി ഒത്തുചേരുകയും വടക്കന്‍ യൂറോപ്പിലാകെത്തന്നെ – ഫ്രാന്‍സ്, സ്വീഡന്‍,ഡെന്‍മാര്‍ക്ക്, ഫിന്‍ലണ്ട്, ഹോളണ്ട്, ഇംഗ്ലണ്ട്, സ്കോട്ട്ലന്‍റ് എന്നീ രാജ്യങ്ങളിലാകെ – നവോത്ഥാനത്തിന്‍റെ കൊടുങ്കാറ്റ് വീശിത്തുടങ്ങുകയും ചെയ്തു. രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം ഈ രാഷ്ട്രങ്ങളൊക്കെതന്നെയാണ് വ്യാപാരത്തിനായും കോളനി സ്ഥാപനത്തിനായും ലോകത്തെമ്പാടും ഒരുങ്ങി പുറപ്പെട്ടതും ആധുനിക പാശ്ചാത്യ സംസ്ക്കാരം പ്രചരിപ്പിച്ചുതുടങ്ങിയതും. ഇംഗ്ലണ്ടില്‍ 17 -ാം നൂറ്റാണ്ടില്‍ നടന്ന റിഫര്‍മേഷന്‍, 1789-ലെ ഫ്രഞ്ച് വിപ്ലവം, 18 -ാം നൂറ്റാണ്ടിലെ അമേരിക്കന്‍ സ്വാതന്ത്ര്യ സമരം ഇവയ്ക്കൊക്കെ പ്രചോദനം നല്കിയതും കളമൊരുക്കിയതും ഈ പ്രൊട്ടസ്റ്റന്‍റ്സാമൂഹ്യപരിഷ്കരണ പ്രസ്ഥാനം തന്നെയായിരുന്നു.

നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം തന്നെ – മനുഷ്യന്‍റെ മനസ്സിന്‍റെയും ബുദ്ധിയുടെയും വികസനത്തിനുള്ള ശക്തമായ ഉപാധി – ലൂതറുടെ ആശയങ്ങളിലധിഷ്ഠിതമായി ഫിലിപ്പ് മലാഞ്ച്ത്തോണ്‍ ആരംഭിച്ച വിദ്യാലയങ്ങളെ മാതൃകയാക്കിയവയാണ്. യൂറോപ്പിലെ പ്രശസ്ത സര്‍വകലാശാലകള്‍ – അവയുടെ ദുര്‍ബലമായ അനുകരണമായിട്ടാണ് ഇവിടെയും നാം സര്‍വകലാശാലകള്‍ ആരംഭിച്ചത് – മാര്‍ട്ടിന്‍ ലൂതറിന്‍റെ ആശയങ്ങള്‍ക്കനുസൃതമായി രൂപംകൊണ്ടവയാണ്. മാര്‍ക്സും എംഗല്‍സും ലൂതറിന്‍റെ ആശയങ്ങളുടെ പുരോഗമനാത്മകമായ സ്വാധീനത്തെ അംഗീകരിക്കുകയും അദ്ദേഹത്തിന്‍റെ ചില സാമ്പത്തിക തത്ത്വങ്ങള്‍ക്ക് വില കല്പിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യ സമൂഹത്തിന്‍റെ പരിവര്‍ത്തനത്തില്‍ ഒരു കാലഘട്ടത്തില്‍ സാരമായ പങ്ക് വഹിക്കുകയും ആഗോള വ്യാപകമായി പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തത് ലൂതറാണ് എന്ന് മാര്‍ക്സ് പലയിടത്തും എടുത്തുപറയുന്നു.

മഹാനായ ജര്‍മ്മന്‍ ചിന്തകന്‍, പുരോഗമനചിന്തകളുടെയും പ്രസ്ഥാനത്തിന്‍റെയും ജനയിതാവ്, മാനവചരിത്രത്തില്‍ സുപ്രധാനമായ പരിവര്‍ത്തനത്തിനു വഴിതെളിച്ച വിപ്ലവകാരി എന്നീ നിലകളിലെല്ലാം ആരാധ്യനായ മാര്‍ട്ടിന്‍ ലൂതറിന്‍റെ 500-ാം ജന്മവാര്‍ഷികം ലോകത്തിലെ പ്രബുദ്ധ ജനവിഭാഗങ്ങളോടൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും കേരളത്തിലും കൊണ്ടാടുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1983 നവംബര്‍ 6)