പന്ത്രണ്ടു ശ്ലീഹന്മാരില്‍ ഒരാളായ പ. പത്രോസ് ശ്ലീഹായ്ക്കു മാത്രമേ ശ്ലൈഹീക സിംഹാസനം ഉള്ളുവെന്നും മറ്റു ശ്ലീഹന്മാര്‍ക്ക് പത്രോസിന്‍റെ സിംഹാസനത്തില്‍കൂടി മാത്രമെ കൃപ ലഭിക്കുവാന്‍ സാധിക്കുകയുള്ളു എന്നുമുള്ള വാദം ആ രൂപത്തില്‍ ക്രൈസ്തവസഭയില്‍ കേള്‍ക്കുവാന്‍ തുടങ്ങിയത് അടുത്ത കാലത്തു മാത്രമാണെങ്കിലും ഈ വാദത്തിന് പുരാതനമായ ഒരു പാരമ്പര്യം ഉണ്ട്. പത്രോസിന്‍റെ സിംഹാസനം സഭയിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനമാണെന്ന് റോമന്‍ കത്തോലിക്കാ സഭ ഇപ്പോഴും വാദിക്കുന്നുണ്ട്. എന്നാല്‍ സഭയിലെ ഏതെങ്കിലും ഒരു മെത്രാപ്പോലീത്താ പത്രോസിന്‍റെ മാത്രം പിന്‍ഗാമിയാണെന്ന് റോമന്‍ കത്തോലിക്കാ സഭ പോലും പഠിപ്പിക്കുന്നില്ല. രണ്ടാം വത്തിക്കാന്‍ സുന്നഹദോസിന്‍റെ ഏറ്റവും ഔദ്യോഗിക തീരുമാനമായ സഭയെക്കുറിച്ചുള്ള ഡോഗ്മാറ്റിക്ക് കോണ്‍സ്റ്റിസ്റ്റ്യൂഷന്‍ 18-ാം ഖണ്ഡികയില്‍ വ്യക്തമായി പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്:
“ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ചുവട്ടടികളെ സൂക്ഷ്മമായി പിന്‍തുടര്‍ന്നുകൊണ്ട് ആ കൗണ്‍സിലിനോടൊപ്പം ഈ പരിശുദ്ധ കൗണ്‍സിലും പഠിപ്പിക്കുന്നതും പ്രഖ്യാപിക്കുന്നതുമെന്തെന്നാല്‍: നിത്യ ഇടയനായ യേശുക്രിസ്തു താന്‍ തന്നെ തന്‍റെ പിതാവിനാല്‍ അയക്കപ്പെട്ടതുപോലെ അപ്പോസ്തോലന്മാരെയും നിയോഗിച്ച് അയച്ചുകൊണ്ട് തന്‍റെ പരിശുദ്ധ സഭയെ സ്ഥാപിച്ചു. ലോകാവസാനത്തോളം അപ്പോസ്തോലന്മാരുടെ പിന്‍ഗാമികള്‍ അതായത് എപ്പിസ്കോപ്പന്മാര്‍ തന്‍റെ സഭയില്‍ ഇടയന്മാരായിരിക്കണമെന്ന് താന്‍ ഇച്ഛിച്ചു. എന്നാല്‍ എപ്പിസ്കോപ്പേറ്റ് ഏകവും അവിഭജിതവും ആയിരിക്കുവാന്‍ വേണ്ടി അനുഗൃഹീതനായ പത്രോസിന് മറ്റു ശ്ലീഹന്മാര്‍ക്ക് ഉപരിയായി കര്‍ത്താവ് സ്ഥാനം കൊടുക്കുകയും വിശ്വാസത്തിലും കൗദാശിക സംസര്‍ഗ്ഗത്തിലുമുള്ള ഐക്യത്തിന്‍റെ സ്ഥിരവും ദൃഷ്ടവുമായ ഉറവയും അടിസ്ഥാനവുമായി അവനെ നിയോഗിക്കുകയും ചെയ്തു. എല്ലാ വിശ്വാസികളും ഉറപ്പോടെ വിശ്വസിക്കുവാന്‍ തക്കവണ്ണം റോമാ പാപ്പായുടെ പവിത്രമായ പ്രാഥമികത്വത്തെയും, അപ്രമാദിത്വത്തിന്‍റെയും ഉപദേശകത്വത്തിന്‍റെയും സ്ഥാപനം, സ്ഥിരത, അര്‍ത്ഥം, കാരണം എന്നിവയെക്കുറിച്ചുള്ള ഈ പഠനങ്ങളേയും ഈ സുന്നഹദോസ് വീണ്ടും ഉറച്ചു പ്രഖ്യാപിക്കുന്നു.”
പത്രോസിനു മാത്രമേ സിംഹാസനമുള്ളൂ എന്ന വാദം ഇവിടെ കാണുന്നില്ല. എന്നാല്‍ പ. പത്രോസ് ശ്ലീഹാ മറ്റു ശ്ലീഹന്മാരേക്കാള്‍ ഉപരിയായ ഒരു സ്ഥാനത്ത് യേശുക്രിസ്തുവിനാല്‍ നിയോഗിക്കപ്പെട്ടു എന്ന വാദം റോമാസഭ ഇന്നും പഠിപ്പിക്കുന്ന വാദമാണ്. എന്നാല്‍ ഈ പ്രഖ്യാപനത്തിന്‍റെ തന്നെ 22-ാം ഖണ്ഡികയില്‍ പത്രോസും മറ്റു ശ്ലീഹന്മാരും ഏക അപ്പോസ്തോലിക സമൂഹമായി അവിഭജനീയമായി നിലകൊള്ളുന്നു എന്ന് പ്രഖ്യാപിക്കുന്നുണ്ട്. പത്രോസിന്‍റെ പിന്‍ഗാമിയായ റോമാപാപ്പായുടെ അധികാരത്തോടു കൂടെയല്ലാതെ ഒരു ബിഷപ്പിനും ബിഷപ്പുമാരുടെ സമൂഹത്തിനും അധികാരമൊന്നുമില്ലെന്ന് ഈ ഖണ്ഡിക നിര്‍വ്വിശങ്കം പ്രഖ്യാപിക്കുന്നുണ്ട്. ഒരു സുന്നഹദോസു പോലും സ്വീകാര്യമാകണമെങ്കില്‍ റോമാപാപ്പായുടെ അംഗീകാരം വേണമെന്നും ആകമാന സുന്നഹദോസ് വിളിച്ചുകൂട്ടുവാനും അതില്‍ ആദ്ധ്യക്ഷം വഹിക്കാനും അതിന്‍റെ തീരുമാനങ്ങളെ സ്ഥിരപ്പെടുത്തുവാനുമുള്ള അധികാരം പത്രോസിന്‍റെ പിന്‍ഗാമിയായ റോമാപാപ്പായ്ക്കു മാത്രമേ ഉള്ളുവെന്നും 2-ാം വത്തിക്കാന്‍ സുന്നഹദോസ് പഠിപ്പിച്ചു.
പത്രോസിന്‍റെ പരമാധികാരത്തെക്കുറിച്ചുള്ള ഈ വാദങ്ങള്‍ അടുത്തകാലംവരെ പൗരസ്ത്യ സഭകളിലെങ്ങും കേട്ടിരുന്നില്ല. മാത്രമല്ല റോമാബിഷപ്പിന് എന്തെങ്കിലും പ്രാഥമികത്വം ഉണ്ടെങ്കില്‍ അതു പത്രോസിന്‍റെ പിന്‍ഗാമിത്വത്തില്‍ നിന്നു ലഭിക്കുന്നതല്ല. പ്രത്യുത റോമാനഗരം ലോകത്തിലെ പ്രധാന നഗരമായി കരുതപ്പെട്ടിരുന്നതുകൊണ്ടാണ് എന്ന അടിയുറച്ച വിശ്വാസമാണ് പൗരസ്ത്യ സഭകള്‍ക്ക് ഉണ്ടായിരുന്നത്.
ഏകസിംഹാസന വാദത്തിന് അടിത്തറയിട്ടത് മൂന്നാം ശതകത്തില്‍ ഉത്തര ആഫ്രിക്കയില്‍ കാര്‍ത്തേജിലെ ബിഷപ്പായിരുന്ന കുപ്രിയാനോസ് ആണ്. കുപ്രിയാനോസിന്‍റെ ലേഖനങ്ങളില്‍ നാല്‍പ്പത്തിമൂന്നാമത്തേതിലാണ് ഈ വാദം വ്യക്തമായി കാണുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇപ്രകാരമാണ്:
“ദൈവം ഒരുവന്‍, ക്രിസ്തു ഒരുവന്‍, സഭ ഒന്ന്, കര്‍ത്താവിന്‍റെ വചനത്താല്‍ പാറമേല്‍ സ്ഥാപിക്കപ്പെട്ട സിംഹാസനവും ഒന്ന്.” അതുപോലെതന്ന ‘കാതോലികസഭയുടെ ഏകത്വം’ എന്ന ലഘു ഗ്രന്ഥത്തില്‍ കുപ്രിയാനോസ് പറയുന്നത് ഇങ്ങനെയാണ്, “പത്രോസിന്മേല്‍ കര്‍ത്താവ് സഭ പണിയുന്നു. ആടുകളേയും മേയിപ്പാന്‍ തക്കവണ്ണം അവന്‍ അവനെ ഏല്പ്പിക്കുന്നു. എല്ലാ അപ്പോസ്തോലന്മാര്‍ക്കും അവന്‍ തുല്യ സ്ഥാനം നല്‍കിയെങ്കിലും സിംഹാസനം ഒന്നു മാത്രമേ സ്ഥാപിച്ചുള്ളു. കര്‍ത്താവ് തന്‍റെ അധികാരത്താല്‍ ഐക്യത്തിന്‍റെ ഉറവയും വ്യവസ്ഥയും നിയമിച്ചു. തീര്‍ച്ചയായും മറ്റുള്ളവര്‍ പത്രോസിനെപ്പോലെ തന്നെയായിരുന്നു. എന്നാല്‍ പത്രോസിന് പ്രാഥമികത്വം നല്‍കപ്പെട്ടു. ഒരു സഭയും ഒരു സിംഹാസനവും മാത്രം നല്‍കപ്പെടുന്നു. അവരെല്ലാവരും ഇടയന്മാരാണെങ്കിലും എല്ലാ അപ്പോസ്തോലന്മാരും ഏകമനസ്സോടെ മേയിക്കുന്ന ആട്ടിന്‍കൂട്ടം ഒന്നേയുള്ളു. സഭയുടെ ഈ ഐക്യം കാത്തുസൂക്ഷിക്കാത്തവന്‍ വിശ്വാസം കാത്തുസൂക്ഷിക്കുന്നു എന്നു വിചാരിക്കുന്നുവോ? സഭ അവന്‍റെമേല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്ന പത്രോസിന്‍റെ സിംഹാസനത്തെ ഉപേക്ഷിക്കുന്നവന്‍ പിന്നെയും സഭയിലാണെന്ന് വിശ്വസിക്കുന്നുവോ?”
കുപ്രിയാനോസിന്‍റെ ഈ വാദത്തിന് ഒരു പ്രത്യേക പശ്ചാത്തലമുണ്ട്. അദ്ദേഹത്തിന്‍റെ അധികാരത്തെ എതിര്‍ക്കുന്ന കുറെ ആളുകള്‍ ഉത്തരാഫ്രിക്കയില്‍ ഉണ്ടായിരുന്നു. റോമാപാപ്പാ കാര്‍ത്തേജിലെ മെത്രാപ്പോലീത്തായെ അനുകൂലിക്കുന്ന സമയത്ത് എതിര്‍കക്ഷികളില്‍പ്പെട്ട അഞ്ചു പട്ടക്കാര്‍ ചേര്‍ന്ന് ഫോര്‍ച്യുനാറ്റൂസ് എന്ന പട്ടക്കാരനെ മെത്രാപ്പോലീത്തായാക്കി. ഫോര്‍ച്യുനാറ്റൂസ് വ്യവസ്ഥാപിത മെത്രാപ്പോലീത്താ അല്ലെന്നു സ്ഥാപിക്കുവാന്‍ വേണ്ടി റോമാപാപ്പാ അംഗീകരിക്കുന്ന ആള്‍ക്കു മാത്രമേ സഭയില്‍ മെത്രാപ്പോലീത്താ ആയിരിക്കുവാന്‍ സാധിക്കുകയുള്ളു എന്നുള്ള വാദം കൊണ്ടുവന്നത് ആത്മരക്ഷയ്ക്കുള്ള ഉപാധിയായിരുന്നു. എന്നാല്‍ കുപ്രിയാനോസിന്‍റെ ഈ വാദത്തെ അന്നുള്ള മറ്റു മെത്രാപ്പോലീത്താമാര്‍ അംഗീകരിച്ചില്ല. ഒരുദാഹരണം: ഫെര്‍മിലിയന്‍ കപ്പദോക്യന്‍ കൈസറിയയിലെ ബിഷപ്പായിരുന്നു. 256-ല്‍ അദ്ദേഹം കുപ്രിയാനോസിന് ഇപ്രകാരം എഴുതി, ” റോമിലുള്ളവര്‍ ആദിമുതലേ ഭരമേല്‍പ്പിക്കപ്പെട്ടിട്ടുള്ള എല്ലാ പാരമ്പര്യങ്ങളെയും അനുഷ്ഠിക്കുന്നില്ല. അപ്പോസ്തോലിക അധികാരം ഉണ്ടെന്നുള്ള അവരുടെ അവകാശവാദം മിഥ്യയാണെന്ന് ആര്‍ക്കും കാണുവാന്‍ കഴിയും. ഉയിര്‍പ്പു പെരുനാളിന്‍റെ ആഘോഷകാര്യത്തിലും മറ്റു പല കൂദാശകളിലും അനുഷ്ഠാനങ്ങളിലും ഊര്‍ശ്ലേമിലെ അനുഷ്ഠാനങ്ങളനുസരിച്ചല്ല അവര്‍ അനുഷ്ഠിക്കുന്നത്. …. ഇത്ര വ്യക്തവും സ്പഷ്ടവുമായ സ്റ്റീഫന്‍ പാപ്പായുടെ അബദ്ധോപദേശത്തെപ്പറ്റി എനിക്കു കോപം വരുന്നതു ന്യായമല്ലേ. തന്‍റെ എപ്പിസ്കോപ്പത്വത്തെപ്പറ്റി വീമ്പു പറയുകയും സഭയുടെ അടിസ്ഥാനം അവന്‍റെമേല്‍ ഇട്ടിരിക്കുന്നു എന്നു പറയുന്ന പത്രോസിന്‍റെ പിന്‍ഗാമിയാണെന്ന് ശഠിക്കുകയും ചെയ്യുന്ന ഈ മനുഷ്യന്‍ പല പുതിയ പാറകളും കൊണ്ടു വന്ന് പുതിയ സഭകള്‍ സ്ഥാപിക്കുകയാണ്. … ഓ സ്റ്റീഫന്‍! നീ എല്ലാ വേദവിപരീതികളേക്കാള്‍ ഭയങ്കരനാണ്. ജനങ്ങള്‍ തങ്ങളുടെ തെറ്റു മനസ്സിലാക്കി സഭയിലേക്ക് തിരികെ വരുമ്പോള്‍ നീ അവരുടെ തെറ്റുകളെ വീണ്ടും സ്ഥിരീകരിക്കുന്നു. … ഓ സ്റ്റീഫന്‍ പാപ്പാ നിന്നെക്കുറിച്ചാണ് വി. വേദപുസ്തകം പറയുന്നത് ‘ക്രോധമുള്ളവന്‍ കലഹമുണ്ടാക്കുന്നു” (സദൃ. 15:18). ലോകം മുഴുവനുമുള്ള സഭകളില്‍ എന്തെല്ലാം കലഹങ്ങളും കലാപങ്ങളുമാണ് നീ ഇളക്കിവിട്ടിരിക്കുന്നത്. ഇത്ര വളരെ ആട്ടിന്‍കൂട്ടങ്ങളില്‍നിന്ന് നിന്നെത്തന്നെ വേര്‍പെടുത്തുന്നതു മൂലം എത്ര വലിയ പാപമാണ് നീ സംഭരിച്ചിരിക്കുന്നത്. അതെ! നിന്നെത്തന്നെ നീ വേര്‍പെടുത്തുകയാകുന്നു ചെയ്തത്. വഞ്ചിതനാകരുത്. ഏകമായ സഭയിലെ സംസര്‍ഗ്ഗത്തില്‍ നിന്ന് തന്നത്താന്‍ വേര്‍പെട്ടുപോകുന്നവനാണ് യഥാര്‍ത്ഥ ശീശ്മക്കാരന്‍. എല്ലാവരെയും മുടക്കുവാന്‍ അധികാരമുണ്ടെന്ന് കരുതുന്ന നീ എല്ലാവരില്‍ നിന്നും നിന്നെത്തന്നെ മുടക്കിയിരിക്കുന്നു.”
സാര്‍വ്വത്രികസഭയില്‍ പരമാധികാരിയാണ് താനെന്ന് റോമാപാപ്പാ അവകാശപ്പെട്ടുവെന്നും ആ അവകാശവാദത്തെ പിന്‍താങ്ങുന്ന മെത്രാപ്പോലീത്താ ഉത്തരാഫ്രിക്കയില്‍ ഉണ്ടായിരുന്നെങ്കിലും കിഴക്കുള്ള ഒരു മെത്രാപ്പോലീത്താ (പ. മാര്‍ ബസ്സേലിയോസിന്‍റെ മുന്‍ഗാമി) ഇതിനെ അതര്‍ഹിക്കുന്ന അവഗണനയോടെ നിരാകരിച്ചുവെന്നുമാണ് ഈ എഴുത്തില്‍ നിന്നും വ്യക്തമാകുന്നത്.
റോമന്‍പാപ്പായുടെ പ്രാഥമികത്വത്തിന്‍റെ അടിസ്ഥാനം അന്നത്തെ അറിയപ്പെട്ട ലോകത്തിലെ പ്രഥമ നഗരമായിരുന്നു റോം എന്നുള്ള വസ്തുതയിലാണ്. 381-ലെ കുസ്തന്തീനോപോലീസ് സുന്നഹദോസ് കുസ്തന്തീനോപോലീസ് നഗരത്തിന്‍റെ ഉന്നതസ്ഥാനം പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലായിരുന്നു? ഒരു അപ്പോസ്തോലിക നഗരമെന്ന് അഭിമാനിക്കാന്‍ കുസ്തന്തീനോസ്പോലീസ് നഗരത്തിനു വകയില്ലായിരുന്നു. എന്നാല്‍ റോമാനഗരം സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നതുപോലെ കിഴക്ക് ഒരു പുതിയ തലസ്ഥാനം ഉണ്ടായപ്പോള്‍ ആ നഗരത്തിലെ ബിഷപ്പിന് റോമാ ബിഷപ്പിന് തുല്യമായ സ്ഥാനം നല്‍കപ്പെട്ടു എങ്കില്‍ റോമാ ബിഷപ്പിന്‍റെ പ്രാഥമികതയുടെ അടിസ്ഥാനം പത്രോസിന്‍റെ പിന്‍ഗാമിത്വമല്ല തലസ്ഥാന നഗരമാണെന്നുള്ള ബഹുമതി മാത്രമാണെന്ന് സുവ്യക്തമല്ലേ.
ലെയോന്‍ മാര്‍പാപ്പാ
അന്ത്യോക്യായിലെ ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് ബാവായുടെ അഭിപ്രായങ്ങളോട് പലവിധത്തിലും യോജിക്കുന്ന ആളാണ്, സുറിയാനി സഭ വേദവിപരീതിയായി പ്രഖ്യാപിച്ചിരിക്കുന്ന ലെയോന്‍ പാപ്പാ (440-461). ഇരുസ്വഭാവ വിശ്വാസത്തെ അനുകൂലിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തെ വേദവിപരീതിയായി നാം കണക്കാക്കുന്നത്. പത്രോസിന്‍റെ പരമാധികാരത്തെ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ച ഈ പാപ്പായുടെ എല്ലാ പ്രസംഗങ്ങളിലും എല്ലാ ലേഖനങ്ങളിലും പത്രോസിന്‍റെ പരമാധികാരത്തെ ഊന്നിപ്പറയുന്നു. അതുകൊണ്ട് ആകമാനസഭയുടെ മേല്‍ തനിക്ക് പരമാധികാരമുണ്ടെന്ന് അദ്ദേഹം വാദിച്ചു. കുസ്തന്തീനോപോലീസിലെ പാത്രിയര്‍ക്കീസായ ഫ്ളാവിയാനോസിന് എഴുതിയ തന്‍റെ 23-ാം ലേഖനത്തില്‍ ലെയോന്‍ വ്യക്തമായി അവകാശപ്പെടുന്നത് വിശ്വാസ സംബന്ധമായി ലോകത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ അതിന്‍റെ അപ്പീല്‍ കേള്‍ക്കുവാനുള്ള അധികാരം തനിക്കാണെന്നാണ്. കുസ്തന്തീനോപോലീസിലെ മെത്രാപ്പോലീത്തായുടെ സ്ഥാനം കിട്ടിയിരിക്കുന്നതുപോലും തന്‍റെ അനുമതിമൂലമാണെന്ന് ലെയോന്‍, മാര്‍ക്കിയാനോസ് ചക്രവര്‍ത്തിക്കെഴുതിയ 104-ാം ലേഖനത്തിലും പള്‍ക്കേറിയ ചക്രവര്‍ത്തിനിക്കെഴുതിയ 105-ാം ലേഖനത്തിലും വാദിക്കുന്നു. കുസ്തന്തീനോപോലീസിലെ എപ്പിസ്കോപ്പാ, റോമിലെ എപ്പിസ്കോപ്പായ്ക്ക് തുല്യനാണെന്ന് വാദിക്കുന്നത് അമിതമായ സ്ഥാനമോഹം കൊണ്ടാണെന്നാണ് ചക്രവര്‍ത്തിനിക്കെഴുതിയത്. 381-ല്‍ കൂടിയ സുന്നഹദോസിലെ തീരുമാനങ്ങള്‍ തന്‍റെ സമ്മതം കൂടാതെ നടപ്പില്‍ വരുത്തുവാന്‍ സാദ്ധ്യമല്ലെന്ന് ലെയോന്‍ വാദിച്ചു. ഈ വിഷയത്തെക്കുറിച്ച് ലെയോന്‍ മാര്‍പാപ്പാ കുസ്തന്തീനോപോലീസിലെ മെത്രാപ്പോലീത്താക്കെഴുതിയ 106-ാം ലേഖനത്തില്‍ കുസ്തന്തീനോ പോലീസിനു രണ്ടാം സ്ഥാനം നല്‍കിയാല്‍ അലക്സന്ത്രിയായുടെ രണ്ടാം സ്ഥാനവും അന്ത്യോഖ്യായുടെ മൂന്നാം സ്ഥാനവും നഷ്ടപ്പെട്ടുപോകുമെന്നും വാദിക്കുന്നുണ്ട്.
ലെയോന്‍ പാപ്പായുടെ കാലത്ത് തന്‍റെ അധികാരികളുമായി വഴക്കുകൂടുന്ന ഏതൊരു മെത്രാപ്പോലീത്തായ്ക്കും കശ്ശീശായ്ക്കും റോമാ പാപ്പായുടെ സഹായം ലഭിക്കണമെങ്കില്‍ റോമാ സഭയുടെ പരമാധികാരവാദവും ഏകസിംഹാസനവാദവും സമ്മതിച്ചുകൊടുത്താല്‍ മാത്രം മതിയായിരുന്നുവെന്ന് സുപ്രസിദ്ധ വേദശാസ്ത്രജ്ഞനും ചരിത്രകാരനുമായ ബിഷപ്പ് ഗോര്‍ എഴുതിയ ‘മഹാനായ ലെയോ’ എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിരിക്കുന്നു.
എന്നാല്‍ കത്തോലിക്കാസഭയില്‍ ഉണ്ടായ ഈ അവകാശവാദം കിഴക്കന്‍ സഭകളൊന്നും സമ്മതിച്ചു കൊടുത്തില്ല.
സുറിയാനിസഭാ പാരമ്പര്യം
സുറിയാനിസഭാ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ പ്രധാന രേഖകള്‍ ബാറെബ്രായയും മീഖായേല്‍ റാബോയും ആണ്. ഈ രണ്ടു പിതാക്കന്മാര്‍ തങ്ങളുടെ നിദാനമായി സ്വീകരിച്ചത് 845-ാമാണ്ടില്‍ കാലം ചെയ്ത ദീവന്നാസ്യോസിന്‍റെ ചില എഴുത്തുകളാണ്. എന്നാല്‍ ദീവന്നാസ്യോസിന്‍റെയോ മീഖായേല്‍ റാബോയുടെയോ ബാറെബ്രായയുടെയോ ലേഖനങ്ങളില്‍ ഒരിടത്തും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് ആകമാന സഭയുടെമേല്‍ അധികാരം ഉണ്ടായിരുന്നു എന്ന വാദം കാണുകയില്ല. ലോകത്തെ നാലായി ഭാഗിച്ചുവെന്നും നാലു ഭാഗങ്ങള്‍ക്കും നാലു പാത്രിയര്‍ക്കീസന്മാരെ നല്‍കിയെന്നും ഉള്ള വാദം ദീവന്നാസ്യോസില്‍ കാണുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ വാദത്തില്‍ റോം, അലക്സന്ത്രിയ, കുസ്തന്തീനോപോലീസ്, അന്ത്യോഖ്യാ എന്നീ നാലു നഗരങ്ങളിലെ എപ്പിസ്കോപ്പന്മാര്‍ക്ക് പാത്രിയര്‍ക്കാ സ്ഥാനം കൊടുത്തു വെന്നു കാണുന്നത് അപ്പോസ്തോലിക കാലത്തിനു ശേഷം രണ്ടോ മൂന്നോ ശതകങ്ങള്‍ക്കു ശേഷമാണ് കുസ്തന്തീനോപോലീസ് നഗരം സ്ഥാപിക്കപ്പെട്ടതെന്ന വിവരം അദ്ദേഹത്തിന് അറിവില്ലായിരുന്നതിനാലായിരിക്കണം. ഏതായാലും സിറിയാക്കാരനായ ദീവന്നാസ്യോസു പോലും അന്ത്യോഖ്യായ്ക്ക് നാലാം സ്ഥാനമാണ് നല്‍കുന്നത്. ലോകത്തിന്‍റെ നാലിലൊന്നേ അദ്ദേഹത്തിന്‍റെ അധികാരത്തിന്‍ കീഴിലുള്ളൂ. ഏതായാലും ഏക സിംഹാസനവാദം അവരാരും ഉന്നയിച്ചില്ല.
ആറാം ശതകത്തിലെ അവസ്ഥ
എഡേസായില്‍ നിന്നും കണ്ടുകിട്ടിയിട്ടുള്ള ആറാം ശതകത്തിലെ ഒരു സുറിയാനി രേഖ കത്തോലിക്കരുടെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് 1920-ല്‍ റോമില്‍ പ്രസിദ്ധീകരിച്ചു. അതിന്‍റെ ഒന്നു മുതല്‍ ഏഴു വരെ പേജുകളില്‍ കാണുന്നത് ഇങ്ങനെയാണ്:
“ആദ്യത്തെ സിംഹാസനം യേശുക്രിസ്തുവിന്‍റേതാണ്. അതു കഴിഞ്ഞാല്‍ പിന്നെ ആദ്യത്തെ സിംഹാസനം അന്ത്യോഖ്യായിലെയാണ്. അതു പാത്രിയര്‍ക്കീസിന്‍റേതാണ്. അതിന്‍റെ നേരിട്ടു കീഴില്‍ ഏഴു ഭദ്രാസനങ്ങളുണ്ട്: (1) ഹലാഗ് (2) കെന്നശ്രീന്‍ (3) ഗബ്ല (4) സെലൂക്യ (5) ഹന്‍സര്‍ത്താ (6) ഫ്ളാത്തോന്‍ (7) ഗാബൂല. ഇതു കൂടാതെ സ്വയശീര്‍ഷകങ്ങളായ (മൗീരേലുവമഹീൗെ) നാലു സഭകള്‍ ഉണ്ട്. (1) ബെയ്റൂട്ട് (2) ഹോംസ് (3) ലവോദോക്യ (4) കൂറോസ്. ഇവയ്ക്കെല്ലാം പുറമെ പന്ത്രണ്ട് മെത്രാപ്പോലീത്തന്‍ ആസ്ഥാനങ്ങളുമുണ്ട്. (1) ടയര്‍ മെത്രാപ്പോലീത്തന്‍ പ്രവിശ്യയില്‍ 13 ഭദ്രാസനങ്ങള്‍ (2) തര്‍ശീശ് പ്രവിശ്യയില്‍ 6 ഭദ്രാസനങ്ങള്‍ (3) ഉറഹാ പ്രവിശ്യയില്‍ 12 ഭദ്രാസനങ്ങള്‍ (4) അപ്പാമിയ പ്രവിശ്യയില്‍ ഏഴു ഭദ്രാസനങ്ങള്‍ (5) മാബൂഗ് പ്രവിശ്യയില്‍ 11 ഭദ്രാസനങ്ങള്‍ (6) ബസ്രാ പ്രവിശ്യയില്‍ 19 ഭദ്രാസനങ്ങള്‍ (7) ആനസ്ബര്‍ബാ പ്രവിശ്യയില്‍ 8 ഭദ്രാസനങ്ങള്‍ (8) ഈസൗറായിലെ സെലൂക്യ പ്രവിശ്യയില്‍ 25 മെത്രാന്മാര്‍ (9) ഡമാസ്കസ് പ്രവിശ്യയില്‍ 11 മെത്രാന്മാര്‍ (10) അമീഭായ് പ്രവിശ്യയില്‍ 8 മെത്രാന്മാര്‍ (11) റൂഷായ പ്രവിശ്യയില്‍ 5 മെത്രാന്മാര്‍ (12) ഭാറായ് പ്രവിശ്യയില്‍ 3 മെത്രാന്മാര്‍.”
ഇതിന്‍റെ ആകെത്തുക ഈ രേഖയില്‍തന്നെ കൊടുക്കുന്നുണ്ട്. അങ്ങനെ അന്ത്യോഖ്യന്‍ സഭയില്‍ ഒരു പാത്രിയര്‍ക്കീസും, അദ്ദേഹത്തിന്‍റെ നേരിട്ടു കീഴില്‍ ഏഴു മെത്രാന്മാരും രണ്ടു വികാരി മെത്രാന്മാരും 4 സ്വയശീര്‍ഷക സഭകളും 12 മെത്രാപ്പോലീത്തന്മാരും അവരുടെ കീഴില്‍ 128 എപ്പിസ്ക്കോപ്പന്മാരും. ഇതില്‍ നിന്നും ചില കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ട്. പാത്രിയര്‍ക്കീസിന് നേരിട്ട് ഭരണാധികാരമുള്ളത് ഏഴു ഭദ്രാസനങ്ങളേയുള്ളു. മറ്റു നാലു ഭദ്രാസനങ്ങളിലെ മെത്രാപ്പോലീത്തന്മാര്‍ സ്വയംപര്യാപ്തതയുള്ളവരാണ്. അതിനു പുറമേയുള്ള 12 മെത്രാപ്പോലീത്തന്‍ പ്രവിശ്യകളില്‍ പാത്രിയര്‍ക്കീസ് നേരിട്ടു ഭരണം നടത്തുന്നില്ല. ഈ പറയുന്നതില്‍ ഒന്നിലുംതന്നെ പെടാതെ നില്‍ക്കുന്നതാണ് കിഴക്കിന്‍റെ കാതോലിക്കേറ്റ് (6-ാം ശതകത്തില്‍). അതില്‍പോലും പെടാതെ നില്‍ക്കുന്നതാണ് ഇന്ത്യയിലുള്ള സഭ. ഏതായാലും ആറാം ശതാബ്ദത്തില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് ഇന്ത്യയില്‍ യാതൊരു അവകാശവും ഇല്ലായിരുന്നു എന്നതിന് സുറിയാനിക്കാരുടെ ഈ രേഖയെക്കാളുപരി തെളിവുകള്‍ ആവശ്യമില്ല.
അടുത്തകാലത്തെ അവസ്ഥ
1847 മുതല്‍ 1871 വരെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസായിരുന്ന ഇഗ്നാത്തിയോസ് യാക്കോബ് ദ്വിതീയനാണ് കിഴക്കിന്‍റെ മപ്രിയാനാ സ്ഥാനം നിറുത്തലാക്കിയത്. കിഴക്കുള്ള സഭകള്‍ കൂടെ അന്ത്യോഖ്യായുടെ നേരിട്ടുള്ള ഭരണത്തില്‍ കൊണ്ടുവരുവാനുള്ള ആഗ്രഹം മൂലമാണ് ഇങ്ങനെ പ്രവര്‍ത്തിച്ചതെന്നു തോന്നുന്നു. അതിനുശേഷമുണ്ടായിരുന്ന പാത്രിയര്‍ക്കീസന്മാരും തങ്ങളുടെ ഭരണനയത്തിന്‍റെ പ്രധാന അടിസ്ഥാനമായി സ്വീകരിച്ചത് അന്ത്യോഖ്യാ സിംഹാസനത്തിന്‍റെ അധികാര വികസനമായിരുന്നു. 1894-ല്‍ കാലം ചെയ്ത പത്രോസ് പാത്രിയര്‍ക്കീസും 1914-ല്‍ കാലം ചെയ്ത അബ്ദല്‍ മിശിഹാ പാത്രിയര്‍ക്കീസും, 1916-ല്‍ കാലം ചെയ്ത അബ്ദള്ളാ പാത്രിയര്‍ക്കീസും 1917-ല്‍ സ്ഥാനമേറ്റ് നമ്മുടെ നാട്ടില്‍ വന്ന് കാലം ചെയ്ത ഏലിയാസ് പാത്രിയര്‍ക്കീസും ഒരുപോലെ വികസനവാദികളായിരുന്നു. എന്നാല്‍ അധികാര വികസനം ഉണ്ടാക്കുന്നത് ഒരു കാതോലിക്കാ സിംഹാസനത്തിന്‍റെ മാധ്യമത്തില്‍ കൂടി ആയിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ആളാണ് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ്. സമാധാനം സ്ഥാപിക്കുന്നതു മൂലം തന്‍റെ അധികാരത്തെ അംഗീകരിക്കാതെ നില്‍ക്കുന്നവരെ അധികാരത്തിന്‍കീഴില്‍ കൊണ്ടുവരുവാന്‍ ആഗ്രഹിച്ച ആളാണ് ഇപ്പോഴത്തെ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ്. സമാധാനം കൊണ്ടു ലഭിക്കുന്ന അധികാരം പോരെന്നു തോന്നിയപ്പോള്‍ അസമാധാനം പുലര്‍ത്തി അധികാരം സ്ഥാപിക്കാമെന്നുള്ള ആശയമാണ് ഇപ്പോഴുള്ളതെന്നു തോന്നുന്നു. വീണ്ടും അധികാരം കിട്ടുന്നതിനു വേണ്ടി വീണ്ടും സമാധാനം ആലോചിക്കുവാന്‍ വലിയ മടിയൊന്നുമില്ലെന്നാണ് അടുത്തകാലത്ത് അദ്ദേഹവുമായി സംസാരിച്ചിട്ടുള്ളവരില്‍ നിന്നു കിട്ടുന്ന പ്രതീതി.
ഏകമാത്ര സിംഹാസനവാദം അംഗീകരിക്കുക മാത്രമല്ല ശക്തിയായി പഠിപ്പിക്ക കൂടി ചെയ്യുന്ന ഒരു കിഴക്കന്‍ സഭ ആദ്യമായിട്ട് ഉണ്ടാകുന്നത് ഇരുപതാം ശതാബ്ദത്തിലും ഇഗ്നാത്തിയോസ് യാക്കോബ് തൃതീയന്‍റെ നേതൃത്വത്തിലുമാണ്. ഈ അഭിപ്രായം കത്തോലിക്കാ സഭയുടെ അഭിപ്രായത്തോട് ചേര്‍ന്നതാകുന്നതിനാല്‍ കത്തോലിക്കാ സഭയ്ക്ക് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ അനുയായികളോട് പ്രത്യേക സഹതാപം തോന്നുകയും പത്രങ്ങള്‍ വഴിയും മറ്റുമൊക്കെ കുറച്ചൊക്കെ അവരെ സഹായിക്കുകയും ചെയ്യുന്നെങ്കില്‍ അത്ഭുതത്തിനവകാശമില്ല. പക്ഷേ, കിഴക്കന്‍ സഭകളെ സംബന്ധിച്ചിടത്തോളം പന്തിരുവരില്‍ ഒരാള്‍ക്കു മാത്രമേ സിംഹാസനം ഉള്ളുവെന്നും, ആ സിംഹാസനത്തില്‍ കൂടി മാത്രമാണ് കൃപ ഒഴുകുന്നതെന്നും മറ്റുമുള്ള വാദങ്ങള്‍ കടുത്ത അബദ്ധോപദേശങ്ങളാണ്. കാതോലികവും ശ്ലൈഹികവുമായ ഉപദേശങ്ങളില്‍ നിന്നും വേര്‍പെട്ട് പാശ്ചാത്യസഭയില്‍ പില്‍ക്കാലത്തുണ്ടായ ചില അബദ്ധോപദേശങ്ങളെ അനുധാവനം ചെയ്യുന്നവരുടെ അവസാന നിലപാട് ആ പാശ്ചാത്യസഭയില്‍ തന്നെയാണെങ്കില്‍ അതില്‍ അത്ഭുതത്തിന് എന്തവകാശമുള്ളൂ.
(ഓര്‍ത്തഡോക്സ് സെമിനാരി ആനുവല്‍ റിപ്പോര്‍ട്ട്, 1974-75)