മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം നവീന സൃഷ്ടിയോ? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

st thomas

മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം നവീന സൃഷ്ടിയോ? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

വി. തോമാശ്ലീഹായുടെ സിഹാസനം നവീന സൃഷ്ടിയോ?

വത്തിക്കാന്‍ ലൈബ്രറിയില്‍ നിന്നും ഒരു പുതിയ രേഖ

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

വിശുദ്ധ തോമാശ്ലീഹായുടെ സിംഹാസനം ഒരു പുതിയ സൃഷ്ടിയാണെന്നു വാദിക്കുന്നവര്‍ക്ക് മറുപടി പറയുവാന്‍ സാധിക്കാത്തവിധത്തില്‍ ഒരു പുതിയ രേഖ കൂടെ വത്തിക്കാന്‍ ലൈബ്രറിയില്‍ നിന്നു ലഭിച്ചിരിക്കുന്നു. വത്തിക്കാന്‍ ലൈബ്രറിയിലെ സുറിയാനി കൈയെഴുത്തുരേഖകളുടെ കാറ്റ്ലോഗിന്‍റെ 186 മുതല്‍ 189 വരെയുള്ള വശങ്ങളില്‍ ഇതേക്കുറിച്ചുള്ള വിവരണം നല്കപ്പെട്ടിരിക്കുന്നു. പ്രസ്തുത പുസ്തകം പെരുനാള്‍ ദിവസം വായിക്കുവാനുള്ള വായനക്കാരുടെ പുസ്തകമാണ്. കേരളത്തില്‍ ‘ശെങ്ങള’ എന്ന സ്ഥലത്തുവച്ച് എഴുതപ്പെട്ടതാണ്. 1301-ാം ആണ്ടിലാണു പകര്‍ത്തി എഴുതപ്പെട്ടത്. അതായത് ഇന്നേക്ക് 675 വര്‍ഷം മുന്‍പ്. ഈ പുസ്തകത്തിന്‍റെ 93-ാം വശത്ത് സുറിയാനിയില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. “ദൈവത്തിന്‍റെ സഹായത്താലും കൃപയാലും കരുണയാലും പരിശുദ്ധനായ പൗലൂസ് ശ്ലീഹായുടെ ലേഖനങ്ങളുടെ വായനകള്‍ അടങ്ങിയ ഈ പുസ്തകം എഴുതിത്തീര്‍ന്നു…. സലൂക്യയുടെയും ക്തെസീഫോന്‍റെയും അതായതു തലസ്ഥാന നഗരമായ അര്‍ദശീറിലുള്ള ഊനമില്ലാത്ത കിഴക്കിന്‍റെ കാതോലിക്കാ സിംഹാസനത്തിങ്കലെ കൂക്കോയരുടെയും മഹൂസ്യരുടെയും സഭാക്രമപ്രകാരം എഴുതപ്പെട്ടു.”

93-ാം വശത്തുതന്നെ വീണ്ടും തുടരുന്നു: “ഈ പരിശുദ്ധ പുസ്തകം എഴുതപ്പെട്ടത് ഇന്‍ഡ്യാപ്രദേശത്തു മലബാറിലുള്ള സുപ്രസിദ്ധവും മഹനീയവുമായ തലസ്ഥാനനഗരമായ ശെങ്ങളായില്‍ ശ്രേഷ്ഠനായ മാര്‍ കുറിയാക്കോസ് സഹദായുടെ നാമത്തിലുള്ള പള്ളിയില്‍ വച്ചാണ്. അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന വിശ്വാസികള്‍ക്ക് കോട്ടയായിരിക്കട്ടെ. ആമ്മീന്‍. കിഴക്കിന്‍റെ പരിശുദ്ധ കാതോലിക സഭയുടെ നായകനും അതിന്‍റെ അതിര്‍ത്തികളോളം തന്‍റെ പ്രകാശത്തെ പ്രസരിപ്പിക്കുന്നവനുമായ വലിയ ഭരണാധിപതി അതായത് ഇടയന്മാരില്‍ പ്രധാനിയും മഹാപുരോഹിതന്മാരുടെ മഹാപുരോഹിതനും അധിപതിമാരുടെ അധിപതിയും പിതാക്കന്മാരുടെ പിതാവും പ്രധാനാചാര്യനുമായ പരിശുദ്ധനും വാഴ്ത്തപ്പെട്ടവനുമായ തുര്‍ക്കി രാജ്യക്കാരന്‍ കിഴക്കിന്‍റെ കാതോലിക്കോസ് പാത്രിയര്‍ക്കീസ് ആബൂന്‍ മാര്‍ യാഹബല്ലാഹ 5-ാമന്‍റെ കാലത്ത് എഴുതപ്പെട്ടു. പ്രകാശത്തിന്‍റെ ഉറവിടവും പ്രദേശത്തിന്‍റെ തലസ്ഥാനവുമായി കാതോലികസഭയുടെ ഉയര്‍ന്ന ദീപസ്തംഭമായി നിലകൊണ്ട് അതിന്‍റെ എല്ലാ നിരകളെയും പ്രകാശിപ്പിക്കുകയും അതിന്‍റെ കേടുപാടുകളെ തീര്‍ക്കുകയും ചെയ്യുന്നവനും അവന്‍ തന്നെ… ആമ്മീന്‍. മാര്‍തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിന്മേല്‍ അധിപതിയായി വാഴുന്ന മെത്രാപ്പോലീത്താ യാക്കോബ് എപ്പിസ്കോപ്പായുടെ കാലത്തു തന്നെ. അതായത് നമ്മുടെയും ഇന്‍ഡ്യാ രാജ്യത്തുള്ള എല്ലാ ക്രിസ്ത്യാനികളുടെയും അധിപതി ആയവന്‍ തന്നെ (വ് മാര്‍ യായിക്കോവ് എപ്പിസ്കോപ്പാ മിത്രാപ്പോലീത്തോസ് കോയുമോ വമ്ദബറോനോ ദ് കുര്‍സിയോ കാദീശോ ദ് മാര്‍ തോമാശ്ലീഹോ, അവുക്കിത്ത് മ്ദബറോനോ ദീലാന്‍ വദ്കുല്ലേ ഈദ് ത്തോ കാദീശ്ത്തൊ ദ് ഹിന്തു ദ് ക്രിസ്തിയോനൂസോ).”

മലയാളത്തില്‍ കൊടുത്തിരിക്കുന്നത് ഒരു ഏകദേശ തര്‍ജ്ജിമയാണ്. ഇതിന്‍റെ സുറിയാനി മൂലത്തിന്‍റെ ഫോട്ടോകോപ്പിയും കുറെക്കൂടെ ശരിയായ പരിഭാഷയും ഉടനെ പ്രസിദ്ധപ്പെടുത്താമെന്നു പ്രതീക്ഷിക്കുന്നു.

ഈ രേഖയില്‍ നിന്നും മനസ്സിലാകുന്ന കാര്യങ്ങള്‍ പലതാണ്. 1301-ല്‍ ഇവിടെ കാതോലിക്കാ സിംഹാസനമില്ല. ഇവിടെയുള്ള മെത്രാപ്പോലീത്താ മാര്‍ യാക്കോബ് എപ്പിസ്കോപ്പായാണ്. ഇദ്ദേഹം ഇന്‍ഡ്യയിലുള്ള എല്ലാ ക്രിസ്ത്യാനികളുടെയും അധിപതിയാണ്. ഇവിടെ അന്നു കത്തോലിക്കരുമില്ല; മറ്റു വകുപ്പുകാരായ ക്രിസ്ത്യാനികളുമില്ല. ഏക സഭയേ ഉള്ളൂ. ആ സഭയുടെ അധിപനാണ് മാര്‍ യാക്കോബ്. അദ്ദേഹം മെത്രാപ്പോലീത്തായായി ആരൂഢനായിരിക്കുന്നതു പരിശുദ്ധ തോമ്മാശ്ലീഹായുടെ സിംഹാസനത്തിലാണ്. മലങ്കര മെത്രാപ്പോലീത്തായുടെ സിംഹാസനം 1301-ല്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ സിംഹാസനമാണ്. കിഴക്കിന്‍റെ കാതോലിക്കാ സിംഹാസനം ഇന്‍ഡ്യയില്‍ പുനഃസ്ഥാപിക്കപ്പെട്ട 1912-ന് 600 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഇവിടെ തോമ്മാശ്ലീഹായുടെ സിംഹാസനമുണ്ടെന്നു ഇവിടെയുള്ള ക്രിസ്ത്യാനികള്‍ വിശ്വസിച്ചിരുന്നു എന്നതിനു വ്യക്തമായ തെളിവാണ് ഈ രേഖ കൊണ്ടു ലഭിക്കുന്നത്.

ഈ രേഖയെപ്പറ്റി ഇതിനുമുമ്പ് നമുക്കുള്ള അറിവ് ബഹുമാനപ്പെട്ട പ്ലാസിഡച്ചന്‍റെ പുസ്തകങ്ങളില്‍ നിന്നായിരുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായപ്രകാരം അന്നത്തെ കിഴക്കിന്‍റെ കാതോലിക്കോസ് പാത്രിയര്‍ക്കീസ് യാഹബല്ലാഹ തൃതീയനാണ്, യാഹബല്ലാഹ പഞ്ചമന്‍ എന്ന് തെറ്റിയെഴുതിയതാണ്. ‘ശെങ്ങള’ എന്നു പറയുന്നത് കൊടുങ്ങല്ലൂര്‍ തന്നെ. 1301-ല്‍ ഇവിടുത്തെ മെത്രാപ്പോലീത്താ ആയി വാഴുന്ന മാര്‍ യാക്കോബ് പേര്‍ഷ്യക്കാരനാകാനാണ് വഴി. പ്ലാസിഡച്ചന്‍ പറയുന്നതനുസരിച്ച് തോമാശ്ലീഹായുടെ സിംഹാസനം കൊടുങ്ങല്ലൂരായിരുന്നു. അത് മൈലാപ്പൂരില്‍ നിന്നും അങ്ങോട്ടു മാറ്റി സ്ഥാപിച്ചതാണെന്നും പിന്നീട് അതു കൊടുങ്ങല്ലൂരില്‍ നിന്നാണ് അങ്കമാലിയിലേക്ക് സ്ഥലം മാറ്റം ചെയ്തതെന്നും കത്തോലിക്കരുടെ ആദ്യത്തെ അങ്കമാലി ബിഷപ്പും സുപ്രസിദ്ധ ചരിത്രകാരനുമായ ഫ്രാന്‍സിസ് റോസ് എഴുതിയിരിക്കുന്നു. കൊടുങ്ങല്ലൂരില്‍ നിന്ന് അങ്കമാലിയിലേക്ക് കുടിയേറിപ്പാര്‍പ്പ് ഉണ്ടായത് 9-ാം ശതാബ്ദത്തിലാണെന്നും കത്തോലിക്കാ ചരിത്രകാരന്മാര്‍ പറയുന്നു. എന്നാല്‍ നമ്മുടെ രേഖയനുസരിച്ച് 1301-ല്‍ തോമാശ്ലീഹായുടെ സിംഹാസനം കൊടുങ്ങല്ലൂരാണ്. ഈ രേഖയെപ്പറ്റി കൂടുതല്‍ അറിയുവാനാഗ്രഹമുള്ളവര്‍ പ്ലാസിഡച്ചന്‍റെ ‘The Hierarchy of Syro-Malabar Church’ (പ്രകാശം പബ്ലിക്കേഷന്‍സ്, 1976) നോക്കുക.

(ചര്‍ച്ച് വീക്കിലിയില്‍ പ്രസിദ്ധീകരിച്ചത്)

Throne of St. Thomas / Paulos Mar Gregorios