തന്‍റെ എണ്‍പതാം ജന്മദിനം അനാര്‍ഭാടമായി ആഘോഷിച്ച്, സങ്കീര്‍ത്തനക്കാരന്‍ പറഞ്ഞിട്ടുള്ള മുപ്പിരുപതും പത്തും എന്നുള്ള ജീവിതപരിധിയെ മറികടന്ന് പത്തു കൊല്ലം കൂടി മുമ്പോട്ട് പോയിട്ടുള്ള നമ്മുടെ പരിശുദ്ധബാവാ തിരുമേനിക്ക് തന്‍റെ രണ്ട് പൂര്‍വ്വികന്മാരേയുംപോലെ തൊണ്ണൂറും കടക്കാന്‍ ദൈവംതമ്പുരാന്‍ ആരോഗ്യവും ദീര്‍ഘായുസ്സും നല്കട്ടെ.
മലങ്കരസഭ അതിന്‍റെ പത്തൊമ്പത് നൂറ്റാണ്ടുകളിലെ ജീവിതത്തില്‍ എത്രയെത്ര പ്രതിസന്ധികളെ തരണം ചെയ്തു! പോര്‍ത്തുഗീസുകാരുടേയും ഇംഗ്ലീഷുകാരുടേയും കടന്നാക്രമണങ്ങളും, പുതിയ നവീകരണ പ്രസ്ഥാനങ്ങളും പ്രലോഭനം കൊണ്ടുള്ള മതപരിവര്‍ത്തനങ്ങളും നമ്മുടെ എത്രയോ ലക്ഷം ആളുകളേയാണ് പാശ്ചാത്യ സഭകളിലേക്ക് പിടിച്ചുകൊണ്ടു പോയിരിക്കുന്നത്! പൗരസ്ത്യ സിറിയന്‍ സഭയില്‍ നിന്നും അതുപോലെയുള്ള കടന്നാക്രമണങ്ങള്‍ (1653 മുതല്‍ ഇന്നുവരെ) നാം അനുഭവിച്ചുകൊണ്ടാണിരിക്കുന്നത്.
സുറിയാ പാത്രിയര്‍ക്കീസിന്‍റെ അടുത്തകാലത്തെ വലിയ കടന്നാക്രമണത്തിന്‍റെ പ്രതിസന്ധിയില്‍ കൂടെ നമ്മുടെ സഭയെ വഴിനയിച്ചത് കാലം ചെയ്ത പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ ബാവായും ഇന്നത്തെ പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായുമാണല്ലോ. കഴിഞ്ഞ ശതാബ്ദത്തില്‍ നവീകരണകാലത്ത് പരുമലത്തിരുമേനിയും ഈ ശതാബ്ദത്തില്‍ വട്ടശ്ശേരില്‍ തിരുമേനിയും – രണ്ട് രീതിയിലാണെങ്കിലും – സഭയ്ക്കുവേണ്ടി പൊരുതി അതിനെ കാത്തു രക്ഷിച്ചതുപോലെ ഒരു വലിയ നേതൃത്വമാണ് ഇപ്പോഴത്തെ ബാവാ തിരുമേനി നമ്മുടെ സഭയ്ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്.
സഭയുടെ കേസുകാര്യങ്ങളില്‍ വി. കെ. മാത്യൂസായും, മാത്യൂസച്ചനായും, പിന്നീട് അത്താനാസ്യോസ് തിരുമേനിയായും ബാവാ തിരുമേനി നല്കിയ നേതൃത്വം സുപ്രീംകോടതിയിലെ വലിയ വിജയത്തിലേക്ക് സഭയെ നയിച്ചു. പക്ഷേ ആ വിധി നമുക്കൊരു വലിയ തടങ്ങല്‍പാറയായി അനുഭവപ്പെട്ടു. കാരണം ആ വിധിയിലുള്ള നമ്മുടെ ആശ്രയം കുറെ കൂടിപ്പോയതുകൊണ്ട് സഭയെ ദൈവം ശിക്ഷിച്ചു. ഇന്ന് കോടതി വിധികളിലുള്ള നമ്മുടെ ആശ്രയം കുറച്ചൊന്ന് കുറഞ്ഞ് യഥാര്‍ത്ഥമായ ദൈവാശ്രയത്തിലേക്ക് നാം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബാവാ തിരുമേനിയിലും ആ പരിവര്‍ത്തനം വ്യക്തമായി കാണാം.
കര്‍ത്താവിന്‍റെ കുരിശിനെയാണ് ബാവാ തിരുമേനി ഇന്ന് പ്രധാന ആശ്രയമാക്കുന്നത്. പരിശുദ്ധ കന്യകമറിയാമിന്‍റേയും മറ്റ് പരിശുദ്ധന്മാരുടേയും കുക്കിലിയോനുകള്‍ ചൊല്ലുന്നതിന് മുമ്പുതന്നെ സ്ലീബായുടെ കുക്കിലിയോന്‍ ചൊല്ലിക്കൊണ്ടാണ് ബാവാ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളാരംഭിക്കുന്നത്. സഭയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ കാര്യം തന്നെ. കോടതികളും മറ്റും അന്നത്തെ രാഷ്ട്രീയമനുസരിച്ചു മാറിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളാണ്. അവയേയും അവയുടെ വിധികളേയും ആശ്രയിച്ച് ഒരു സഭയ്ക്കും മുന്‍പോട്ടുപോകുവാന്‍ സാദ്ധ്യമല്ല. ദൈവത്തിന്‍റെ കരുണയാണ് സഭയെ രണ്ടായിരം കൊല്ലം ഈ നാട്ടില്‍ നടത്തിക്കൊണ്ടു പോയത്. ആ കരുണയില്‍ത്തന്നെ ഇന്നും നാം ആശ്രയിക്കത്തക്കവിധം ബാവാ തിരുമേനി നല്കിക്കൊണ്ടിരിക്കുന്ന നേതൃത്വമാണ് സഭയ്ക്ക് പ്രത്യാശ നല്കുന്നത്.
ഭരണപരമായ കാര്യങ്ങളില്‍ ഇതിന് മുമ്പുണ്ടായിട്ടില്ലാത്ത വലിയ നേട്ടങ്ങളാണ് ബാവാ തിരുമേനിയുടെ ഒരു ദശകത്തിലധികം വരുന്ന ഭരണകാലത്തുണ്ടായിട്ടുള്ളത്. അസോസ്യേഷനും മാനേജിംഗ് കമ്മിറ്റിയും വര്‍ക്കിംഗ് കമ്മിറ്റിയും എപ്പിസ്കോപ്പല്‍ സുന്നഹദോസും നിശ്ചിത സമയങ്ങളില്‍ കൂടുകയും കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുക എന്ന പതിവ് ബാവാ തിരുമേനിയുടെ കാലത്ത് മാത്രമാണ് ശരിക്ക് നടപ്പില്‍ വന്നിട്ടുള്ളത്. പ. ബാവായുടെ കാലത്തിനു മുമ്പ് എപ്പിസ്കോപ്പല്‍ സുന്നഹദോസ് കൂടുന്നത്, വല്ലപ്പോഴും ഒരിക്കല്‍, എന്തെങ്കിലും പ്രതിസന്ധിയുണ്ടാകുമ്പോള്‍ മാത്രമായിരുന്നു. ഇന്നാകട്ടെ ആണ്ടില്‍ രണ്ടു പ്രാവശ്യം. ഫെബ്രുവരിയിലും ജൂലൈയിലും പതിവായി ഒരാഴ്ചത്തേക്ക് സുന്നഹദോസ് കൂടി സഭാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുക എന്ന പതിവുണ്ടായിരിക്കുന്നു. ജനങ്ങളുടെ അദ്ധ്യാത്മികാവശ്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് സുന്നഹദോസ് ചെയ്യുന്ന പരിഗണനകളും പുതിയ തീരുമാനങ്ങളും പത്രത്തില്‍ അധികം വരാത്തതുകൊണ്ട് അതിന്‍റെ പ്രാധാന്യത്തെ വേണ്ടുംവിധം വിലയിരുത്താന്‍ പലര്‍ക്കും സാധിക്കാറില്ല. എന്നാല്‍ ആരാധനാക്രമങ്ങളുടെ പരിഷ്കരണം, പ്രസാധനം, പരിഭാഷ (ഹിന്ദി, തമിഴ്, ഇംഗ്ലീഷ്) മുതലായ കാര്യങ്ങളില്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യുവാന്‍ സുന്നഹദോസിന് സാധിച്ചത് ബാവാ തിരുമേനിയുടെ കര്‍മ്മകുശലതയും ഭരണശേഷിയും കൊണ്ടാണ്. വിദ്യാര്‍ത്ഥിപ്രസ്ഥാനം, യുവജനപ്രസ്ഥാനം, സണ്ടേസ്ക്കൂള്‍, മര്‍ത്തമറിയം സമാജം, മിഷന്‍ ബോര്‍ഡ്, ബാലികാസമാജം, വൈദിക സംഘടന, അല്‍മായര്‍ക്കുവേണ്ടിയുള്ള ദിവ്യബോധനം എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഭരണഘടനയും ചിട്ടയും ഉണ്ടാക്കുവാന്‍ ബാവാ തിരുമേനിയുടെ നേതൃത്വത്തില്‍ സുന്നഹദോസിന് സാധിച്ചിട്ടുണ്ട്. വൈദികസെമിനാരിയുടെ കഴിഞ്ഞ ഇരുപത് വര്‍ഷത്തെ വലിയ പുരോഗതിയില്‍ ബാവാ തിരുമേനി സുപ്രധാനമായ നേതൃത്വമാണ് നല്കിയിട്ടുള്ളത്. കാതോലിക്കാദിനപ്പിരിവ് ഒരു നല്ല നിലയില്‍ കൊണ്ടുവരുവാന്‍ ബാവാ തിരുമേനിക്ക് സാധിച്ചതുകൊണ്ടാണ് സഭയിലെ എല്ലാ ആത്മീയപ്രസ്ഥാനങ്ങളും ഒരുമാതിരി ഭംഗിയായിത്തന്നെ മുമ്പോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.
പരുമല സെമിനാരിയുടെ ഭരണവും കണക്കും, പുതിയ ഭദ്രാസനങ്ങളുടെ രൂപീകരണം, എം.ഡി. ആര്‍ക്കേഡിന്‍റെ പണി പൂര്‍ത്തിയാക്കല്‍, സഭയുടെ കണക്കുകള്‍ ശരിയായി പ്രസിദ്ധപ്പെടുത്തല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളിലും ബാവാ തിരുമേനിയുടെ ഭരണകാലത്തുണ്ടായിട്ടുള്ള പുരോഗതി അസാധാരണം എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.
സപ്തതി ആഘോഷം, പാപ്പായുടെ സന്ദര്‍ശനം, സഹോദരീ സഭകളുടെ സന്ദര്‍ശനം മുതലായ പരിപാടികള്‍ ആവിഷ്ക്കരിച്ച് നമ്മുടെ സഭയും മറ്റു സഭകളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിലും തിരുമേനി വലിയ ഒരു പങ്കാണ് നിര്‍വ്വഹിച്ചിട്ടുള്ളത്.
ബാവാതിരുമേനിയുടെ വ്യക്തിസ്വഭാവത്തില്‍ കാണുന്ന നിരവധി ഗുണങ്ങളുണ്ട്. ലളിത ജീവിതം, കുര്‍ബ്ബാനയും പട്ടംകൊടയും പള്ളികൂദാശയും പോലുള്ള ആത്മീയ കര്‍മ്മങ്ങളില്‍ ശരീരത്തിന്‍റെ ക്ഷീണത്തേയും വാര്‍ദ്ധക്യത്തേയും കണക്കാക്കാതുള്ള ജാഗരൂകത, പുറമേ മറിച്ചു തോന്നാമെങ്കിലും യഥാര്‍ത്ഥത്തിലുള്ള താഴ്മയും മനുഷ്യസ്നേഹവും, വിശ്രമം കൂടാതെയുള്ള പ്രവര്‍ത്തനനിരതയും, വിശ്വാസസംബന്ധമായ കാര്യങ്ങളിലുള്ള പാണ്ഡിത്യവും വിവേചനാശക്തിയും… എന്നിങ്ങനെ അനേക കാര്യങ്ങള്‍ എടുത്തു പറയുവാന്‍ കഴിയും.
സഭയ്ക്ക് ദീര്‍ഘനാള്‍ അതുല്യമായ സാരഥ്യവും നേതൃത്വവും നല്കുവാന്‍ തക്കവണ്ണം ദൈവംതമ്പുരാന്‍ ശരീരാരോഗ്യവും ബുദ്ധിവൈഭവവും നല്കുവാന്‍വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം.
(ഓര്‍ത്തഡോക്സ് ഹെറാള്‍ഡ്, 1986 ഏപ്രില്‍ 23)