വി. മക്രീന: എന്‍റെ വലിയ ആരാധനാപാത്രം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

cropped-pmg3.jpg

എന്‍റെ വലിയ ആരാധനാപാത്രമായ ഒരു സ്ത്രീയാണ് മാര്‍ത്താ മക്രീന. നാലാം ശതാബ്ദത്തില്‍ ജീവിച്ചിരുന്ന അനുഗൃഹീതയായ മക്രീന പരിശുദ്ധനായ മാര്‍ ബസേലിയോസിന്‍റെ മൂത്ത പെങ്ങളാണ്. ആ സ്ത്രീയുടെ ജീവചരിത്രം ഇന്നും ഞാന്‍ വായിക്കുകയായിരുന്നു. 12 വയസ്സായപ്പോഴേക്കും ആ കുട്ടിക്കു സങ്കീര്‍ത്തനങ്ങള്‍ മുഴുവനും മനഃപാഠമായി. ഒരു സ്ഥലത്തു നിന്നും വേറൊരു സ്ഥലത്തേക്കു പോകുന്നതു തന്നെ സങ്കീര്‍ത്തനം ചൊല്ലിക്കൊണ്ടായിരിക്കും. മാത്രമല്ല, അന്നത്തെ വേദപുസ്തകത്തില്‍ ശലോമോന്‍റെ വിജ്ഞാനം എന്നൊരു പുസ്തകമുണ്ടായിരുന്നു. അത് അപ്പോക്രീഫാ ബൈബിളിലേ ഉള്ളൂ. അതും മനഃപാഠമാക്കി കഴിഞ്ഞു 12 വയസ്സായപ്പോഴേയ്ക്കും ഈ കുട്ടി. അന്നുതന്നെ വലിയ ഫിലോസഫര്‍ ആയി. 12 വയസ്സായപ്പോള്‍ ആ കാലത്തെ ഏറ്റവും വലിയ പണ്ഡിതയെന്ന പ്രശസ്തി അവള്‍ നേടി. നാലാം നൂറ്റാണ്ടില്‍ ഇത്രയും വിദ്യാഭ്യാസമുള്ള ഒരു സ്ത്രീ ഉണ്ടായിട്ടില്ല. വലിയ പിതാക്കന്മാരായ ബസേലിയോസിനേയും ഗ്രീഗോറിയോസിനേയും പഠിപ്പിച്ചത് ഈ സഹോദരിയാണ്. അതുകൊണ്ട് പഠിപ്പിക്കല്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതീവ പ്രധാനമായ ഒരു ധര്‍മ്മമാണ്. മക്രീനയുടെയും, ബസേലിയോസിന്‍റെയും, ഗ്രീഗോറിയോസിന്‍റേയും അമ്മയും നല്ല അഭ്യസ്തവിദ്യയായ വനിത ആയിരുന്നു. ദൈവശാസ്ത്രം മാത്രമല്ല ഭൗതിക വിജ്ഞാനീയവും കൂടെ നല്ലതുപോലെ അറിയാമായിരുന്നതുകൊണ്ടാണ് മക്കളെ ഇങ്ങനെ വളര്‍ത്തി എടുത്തത്.

ബോധന ശുശ്രൂഷ

സ്ത്രീകളുടെ പഠിപ്പിക്കല്‍ ശുശ്രൂഷ നഷ്ടപ്പെട്ടുപോയാല്‍ പാരസ്ത്യസഭകളെ സംബന്ധിച്ചിടത്തോളം അവയുടെ ജീവന്‍ നഷ്പ്പെടും. വാസ്തവം പറഞ്ഞാല്‍ പൗരസ്ത്യസഭകളെ സംബന്ധിച്ചിടത്തോളം സഭകളുടെ നിലനില്‍പിന്‍റെ അടിസ്ഥാനം തന്നെ സ്ത്രീകളുടെ പഠിപ്പിക്കല്‍ ശുശ്രൂഷയാണ്. ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, എന്നില്‍ വിശ്വാസത്തിന്‍റെ അടിത്തറ പാകിത്തന്നത് ആരാണെന്ന്. അത് എന്‍റെ പള്ളിയിലെ അച്ചന്‍ ആയിരുന്നില്ല. ഏതെങ്കിലും മെത്രാപ്പോലീത്താമാരുമല്ലായിരുന്നു; എന്‍റെ അമ്മയാണ്. എന്നെ വിശ്വാസത്തിന്‍റെ ബാലപാഠം പഠിപ്പിച്ചത്. അവിടെ നിന്നാണ് എനിക്കു കിട്ടിയിട്ടുള്ള വിശ്വാസം.

ഇപ്പോഴും ദൈവശാസ്ത്രത്തില്‍ പറയും, മെത്രാപ്പോലീത്തന്മാര്‍ അടുത്ത മെത്രാപ്പോലീത്തന്മാര്‍ക്കു വിശ്വാസം കയ്യേല്‍പ്പിച്ചു കൊടുക്കുന്നുവെന്ന്. എന്നെ മെത്രാപ്പോലീത്തായൊന്നുമല്ല കയ്യേല്പിച്ചത്. എന്‍റെ അമ്മയാണ്. എന്‍റെ അപ്പോസ്തോലിക പിന്തുടര്‍ച്ച വരുന്നതും എന്‍റെ അമ്മയില്‍ നിന്നാണ്. വിശ്വാസത്തെ സംബന്ധിച്ചിടത്തോളം ഇതാണു നമ്മുടെ സഭയുടെ വലിയ ശക്തി. വിശ്വാസം മക്കള്‍ക്കു കൈമാറുന്നതിനുള്ള സ്വഭാവശുദ്ധിയും വിജ്ഞാനവും നമ്മുടെ സ്ത്രീകള്‍ക്കുണ്ടെങ്കില്‍ അതാണു വാസ്തവത്തിലുള്ള കരുത്ത്. സഭയുടെ സ്ഥാപനപരമായ ഘടനയൊക്കെ അവിടെ കിടക്കും. അതിനകത്തു കൂടെ കുറെ കാര്യങ്ങള്‍ ചെയ്യണം. തര്‍ക്കമില്ല. പക്ഷേ, ആ സ്ഥാപനപരമായ ഘടനയേക്കാള്‍ കൂടുതലായി നമ്മുടെ സഭയുടെ വിശ്വാസം പരിരക്ഷിച്ചു പോന്നിട്ടുള്ളത് അമ്മമാരുടെ വിജ്ഞാനവും വിവേകവും പ്രബോധനങ്ങളും ആണ്. ആദിമുതലേ സഭയില്‍ അങ്ങനെ ആയിരുന്നു.

ഇതു സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായ ഒരു കാര്യമാണ്. മുമ്പു പറഞ്ഞ മക്രീനയുടെ അമ്മൂമ്മയും ഒരു മക്രീനയാണ്. ആ മഹതിയും ഒരു വലിയ അദ്ധ്യാപികയായിരുന്നു. ഈ അമ്മയില്‍ നിന്നും അമ്മൂമ്മയില്‍ നിന്നുമാണ് ഈ പറയുന്ന കുടുംബത്തിനു മുഴുവന്‍ വിശ്വാസവും കിട്ടിയിട്ടുള്ളത്. നമ്മുടെ ഇന്നത്തെ പ്രശ്നം വരുന്നതു മുഴുവനും അവിടെയാണ്. നമ്മുടെ അമ്മമാര്‍ ഇന്നു വിശ്വാസം പഠിക്കാത്തതു വലിയ ഒരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. വിശ്വാസകാര്യങ്ങള്‍ സണ്ടേസ്കൂളില്‍ പഠിപ്പിച്ചുകൊള്ളുമെന്നൊരു ധാരണ എങ്ങനെയോ പരന്നിട്ടുണ്ട്. അങ്ങനെ പറഞ്ഞുവിടരുത്. സണ്ടേസ്കൂളില്‍ വിശ്വാസം പഠിപ്പിക്കും, പഠിപ്പിക്കണം. അതാവശ്യമാണ്. പക്ഷേ, അടിസ്ഥാനമിടേണ്ടത് അമ്മയാണ്; അമ്മൂമ്മയാണ്. അക്കാര്യത്തില്‍ തര്‍ക്കം വേണ്ട. അവര്‍ക്ക് യഥാര്‍ത്ഥമായിട്ടുള്ള വിശ്വാസം ഉണ്ടെങ്കിലേ സഭ നിലനിന്നു പോരുകയുള്ളു. അതുകൊണ്ട് ആ ശുശ്രൂഷയ്ക്ക് ഇന്നും ഉയര്‍ന്ന മുന്‍ഗണന കൊടുക്കണം. അതൊരു ചെറിയ കാര്യമായി തള്ളിക്കളയരുത്. അപ്പോള്‍ നമ്മുടെ വനിതകള്‍ നമ്മുടെ വിശ്വാസം ശരിയായി പഠിച്ചേ തീരൂ. അല്ലാതൊക്കുകയില്ല. നമ്മുടെ സ്ത്രീകള്‍ നമ്മുടെ വിശ്വാസം നന്നായി പഠിച്ചില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് അതു പകര്‍ന്നുകൊടുക്കാന്‍ കഴിയുകയില്ല. ബുദ്ധിപരമായി മാത്രം പഠിച്ചാല്‍ പോരാ. വിശ്വാസത്തില്‍ ജീവിക്കണം. കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം പ്രായോഗിക നിദര്‍ശനം ആണു കുറേക്കൂടെ അവരുടെ മനസ്സില്‍ പതിയുക.

(1990 ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടന്ന ഓര്‍ത്തഡോക്സ് വനിതാ ദേശീയസമ്മേളനത്തില്‍ ചെയ്ത പ്രഭാഷണത്തില്‍ നിന്ന്)

വി. മക്രീന: എന്‍റെ വലിയ ആരാധനാപാത്രം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്. PDF File