ഗാന്ധിജിയുടെ കേരള സന്ദര്‍ശനം: ഓര്‍മ്മകള്‍ / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

paul_verghese(paulos_gregorios)

ഒരു കൗമാരപ്രായക്കാരന്‍റെ രാഷ്ട്രീയ ജീവിതം

1937-ലും ’38-ലും ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനം ശക്തിയാര്‍ജിക്കാന്‍ തുടങ്ങി. പൊതുവേ പറഞ്ഞാല്‍ ക്രിസ്ത്യാനികള്‍ ഇക്കാര്യത്തില്‍ ആവേശമോ അത്യുത്സാഹമോ കാണിച്ചില്ല. സ്വയംഭരണത്തേക്കാള്‍ ഭേദം ബ്രിട്ടീഷ് സാമ്രാജ്യഭരണമാണെന്നായിരുന്നു അവരില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും വിചാരം. കോളനിഭരണകര്‍ത്താക്കളും ക്രിസ്ത്യാനികളായിരുന്നുവല്ലൊ! ഈ വീക്ഷണഗതി എനിക്ക് സ്വീകാര്യമായി തോന്നിയില്ല. പ്രത്യേകിച്ചും കൊച്ചിയിലും തിരുവിതാംകൂറിലും മഹാരാജാക്കന്മാരാണ് ഭരിച്ചിരുന്നത്; ബ്രിട്ടീഷുകാര്‍ നേരിട്ടല്ല. വളരെ ചുരുക്കം ബ്രിട്ടീഷുകാരെ മാത്രമേ ഞങ്ങള്‍ കണ്ടിരുന്നുള്ളു. അവര്‍ ഞങ്ങളുടെ സാമൂഹ്യജീവിതത്തിന്‍റെ ഭാഗമായിരുന്നുമില്ല.

കൊച്ചിയിലെ ഞങ്ങളുടെ മഹാരാജാക്കന്മാര്‍ – സാധാരണഗതിയില്‍ എണ്‍പതു വയസ്സോളമുണ്ടാകും – പ്രായേണ ദയാതല്പരരും ദൈവഭയമുള്ളവരുമായിരുന്നു. ഏതാണ്ട് 600 അംഗങ്ങളുള്ള രാജകുടുംബത്തിലെ ഏറ്റവും പ്രായംകൂടിയ പുരുഷനാണ് സാധാരണഗതിയില്‍ സിംഹാസനാരൂഢനാകുന്നത്. അപ്പോള്‍ അദ്ദേഹത്തിന് സാധാരണയായി എണ്‍പത് വയസ്സുണ്ടാകും. അതിനുശേഷം അദ്ദേഹം അധികകാലം ജീവിച്ചിരിക്കാറില്ല. ഞങ്ങളുടെ വീട് ഹില്‍പാലസ് റോഡിലായിരുന്നു. ഏതാണ്ട് ഒരു മൈല്‍ അകലെയുള്ള മഹാരാജാവിന്‍റെ കൊട്ടാരത്തിലേക്ക് പോകാനുള്ള പാതയാണത്. ഞങ്ങളുടെ വീടിന്‍റെ മുമ്പിലൂടെ മഹാരാജാവ് കടന്നുപോകുന്നത് ഞങ്ങള്‍ മിക്കവാറും കാണാറുണ്ട്.

ഉത്സവദിവസങ്ങളിലൊഴികെ വലിയ ആര്‍ഭാടങ്ങളോ ആഡംബരങ്ങളോ ഉണ്ടാകാറില്ല. സ്കൂള്‍ കുട്ടികളായിരുന്നപ്പോള്‍ ഞങ്ങള്‍ ആണ്ടിലൊരിക്കല്‍ കൊട്ടാരത്തില്‍ പോകുമായിരുന്നു. അവിടെ ഞങ്ങള്‍ക്ക് മധുരപലഹാരങ്ങള്‍ നല്കി. രാജകൊട്ടാരത്തിലെ പല ചെറുപ്പക്കാരും എന്‍റെ സഹപാഠികളായിരുന്നു. ഞങ്ങളുമായി സാമൂഹികമായി ഇടപെടുന്നതില്‍ നിന്ന് അവരെ വിലക്കിയിരുന്നു. ചില മഹാരാജാക്കന്മാര്‍ മികച്ച പണ്ഡിതന്മാരായിരുന്നു. പ്രത്യേകിച്ച് സംസ്കൃതത്തില്‍. ചില മഹാരാജാക്കന്മാരാകട്ടെ ശുദ്ധഗതിക്കാരും. പല തമാശകളും അവരെപ്പറ്റി പറയുന്നുണ്ട്.

ഒരു തമാശ ഇതാണ്. എണ്‍പതു വയസ്സുള്ള അദ്ദേഹം ഒരു ഫുട്ബോള്‍ മത്സരത്തില്‍ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ആദ്യമായാണ് ഫുട്ബോള്‍ കളി കാണുന്നത്. 22 പേര്‍ ഒരു പന്തിനുവേണ്ടി പന്തിന്‍റെ പിന്നാലെ പരക്കംപായുന്നതു കണ്ടിട്ട് അദ്ദേഹം മന്ത്രിയോടു പറഞ്ഞു: “ഒരു പന്തിനു വേണ്ടി എന്തിനാണ് ഇവരെല്ലാംകൂടി ഉന്തും തള്ളും നടത്തുന്നതും ബഹളം വയ്ക്കുന്നതും? രണ്ടു ഡസന്‍ പന്തുകള്‍ വാങ്ങിക്കൊടുത്താല്‍ ഓരോരുത്തനും ഓരോ പന്തു കിട്ടുമല്ലോ.”

ഇത്തരം ഓമനത്തമുള്ള ശുദ്ധാത്മാക്കള്‍ ഭരിച്ചിരുന്നതിനാല്‍ ബ്രിട്ടീഷ് സാമ്രാജ്യഭരണത്തിന്‍റെ ഭാരം ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല. സമൂഹത്തില്‍ ഒട്ടേറെ മര്‍ദ്ദനവും ചൂഷണവും അനേകം അസമത്വങ്ങളും അനീതികളും നടമാടിയിരുന്നെങ്കിലും അക്കാലത്ത് അതൊന്നും എന്നെ ആവേശംകൊള്ളിച്ചില്ല.

മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്രുവും അന്നു ഞങ്ങളുടെ വലിയ നേതാക്കന്മാരായിരുന്നു. പക്ഷേ അവരെ ഞങ്ങള്‍ ദുര്‍ലഭമായേ കണ്ടിരുന്നുള്ളു. യുവാവായിരിക്കുമ്പോള്‍ ഞാന്‍ ഒരിക്കല്‍  നെഹ്രുവിന്‍റെ പ്രസംഗം കേട്ടു. അദ്ദേഹം പറഞ്ഞ കാര്യങ്ങളും അവ പറഞ്ഞ രീതിയും എന്നില്‍ മതിപ്പു വളര്‍ത്തി. ഗാന്ധിജി ഒരിക്കല്‍ ഞങ്ങളുടെ പട്ടണം സന്ദര്‍ശിച്ചു. അദ്ദേഹത്തിന്‍റെ ലാളിത്യവും പല്ലില്ലാത്ത പുഞ്ചിരിയും എന്നെ ആകര്‍ഷിച്ചു. പക്ഷേ ഞങ്ങളുടെ നാട്ടിലൊരാള്‍ ഒരു വൃത്തികേടു കാണിച്ചു. തനിക്കു കിട്ടുന്നതെന്തും ഗാന്ധിജി ലേലം വിളിക്കുമായിരുന്നു. കിട്ടുന്ന തുക ഏതെങ്കിലും ധര്‍മ്മകാര്യങ്ങള്‍ക്കു നല്കും. എന്‍റെ പട്ടണത്തില്‍ അദ്ദേഹത്തിനു നല്കിയ മംഗളപത്രം (ഗില്‍റ്റിട്ടത്) ലേലം ചെയ്തു. ഏറ്റവും കൂടുതല്‍ തുകയ്ക്കു ലേലം കൊണ്ടത് ഒരു കൃഷ്ണന്‍കുട്ടിയായിരുന്നു. അന്നു നാല്പതു രൂപ ഒരു വലിയ തുകയാണ്. കൃഷ്ണന്‍കുട്ടി വ്യാജനോട്ടു വില്‍പ്പനക്കാരനാണെന്ന് ഞാന്‍ പിന്നീടു  മനസ്സിലാക്കി. അയാള്‍ ഗാന്ധിജിക്കു നൂറു രൂപയുടെ ഒരു കള്ളനോട്ടു നല്കി. ബാക്കികിട്ടിയ അറുപതുരൂപയുടെ നല്ല നോട്ടുകള്‍ അയാള്‍ പോക്കറ്റിലാക്കുകയും ചെയ്തു. അതിനുംപുറമെ നന്നായി ഫ്രെയിം ചെയ്ത, ഗില്‍റ്റിട്ട, മംഗളപത്രം അയാള്‍ക്കു സ്വന്തമായി.

കൗമാരപ്രായക്കാരനെന്ന നിലയില്‍ സ്വന്തസ്ഥലത്തെയും സംസ്ഥാനത്തെയും രാഷ്ട്രീയത്തിലായിരുന്നു എനിക്കു കൂടുതല്‍ താല്പര്യം. അയിത്തം സമൂഹത്തില്‍ നിന്നു വിപാടനം ചെയ്യേണ്ടതിന്‍റെ ആവശ്യകത എനിക്കു മനസ്സിലായിത്തുടങ്ങി. അതിനുവേണ്ടിയായിരുന്നല്ലൊ ഗാന്ധിജി പോരാടിക്കൊണ്ടിരുന്നത്. കാലംകഴിഞ്ഞതോടെ, സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങള്‍ നീക്കം ചെയ്യേണ്ടതിന്‍റെ ആവശ്യകത എനിക്കു ബോധ്യമായി. ഒരു റിപ്പോര്‍ട്ടറെന്ന നിലയില്‍, ഞാന്‍ റിപ്പോര്‍ട്ടു ചെയ്ത രാഷ്ട്രീയ യോഗങ്ങള്‍ എന്‍റെ അവബോധരൂപവല്‍ക്കരണ പ്രക്രിയയെ സഹായിച്ചു.

ഞങ്ങളുടെ സംസ്ഥാനത്തെ പിന്നോക്ക ഈഴവസമുദായത്തില്‍നിന്നുള്ള വലിയ സാമൂഹിക പരിഷ്ക്കര്‍ത്താക്കളില്‍ ഒരാളായ സഹോദരന്‍ അയ്യപ്പന്‍ പ്രസംഗിച്ച ഒരു മഹായോഗം റിപ്പോര്‍ട്ടുചെയ്യുകയായിരുന്നു ഞാന്‍. സാമൂഹ്യപരിഷ്ക്കാരത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്‍റെ വാദമുഖങ്ങള്‍ എന്നെ ആകര്‍ഷിച്ചു. ചര്‍ച്ചാവേളയില്‍ ഞാന്‍ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു (പ്രസ് ഗാലറിയില്‍നിന്ന് അങ്ങനെയൊരു ചോദ്യം അന്ന് തീരെ അപ്രതീക്ഷിതമായിരുന്നു): “പതിനാറുവയസുകാരനായ എന്നെപ്പോലുള്ളവരെ, നേതാക്കന്മാരായ നിങ്ങള്‍, രാഷ്ട്രീയത്തില്‍ ചേരാന്‍ അനുവദിക്കാത്തതെന്താണ്?” അദ്ദേഹത്തിന്‍റെ മറുപടി അതിശ്രദ്ധേയമായിരുന്നു. ഇന്നും അതെന്‍റെ ചെവികളില്‍ മുഴങ്ങുന്നു: “വയലില്‍നിന്ന് നെല്ലിന്‍ഞാറുകള്‍ പിഴുതെടുത്ത് കന്നുകാലികള്‍ക്കു കൊടുക്കുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല.” ഞാന്‍ എവിടെ നില്ക്കുന്നുവെന്ന് അങ്ങനെ ഞാന്‍ മനസ്സിലാക്കി. ഞാന്‍ വെറും ഞാറിന്‍തൈ മാത്രം.

എന്നിരിക്കിലും അനുവദനീയമായ ഇടങ്ങളില്‍ ഞാന്‍ രാഷ്ട്രീയമായി സജീവം പ്രവര്‍ത്തിച്ചു. ഞങ്ങളുടെ നിയോജകമണ്ഡലത്തില്‍ നിന്ന് കൊച്ചി നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഞാന്‍ പങ്കെടുത്തു. എന്‍റെ റിപ്പോര്‍ട്ടിങ്ങും രാഷ്ട്രീയമായി അര്‍ത്ഥവത്തായിരുന്നു. ഇതൊക്കെയാണെങ്കിലും രാഷ്ട്രീയമായ എന്‍റെ സംവേദനക്ഷമത വികസിക്കുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്.

(1934 ജനുവരി 10-22 തീയതികളില്‍ കേരളം സന്ദര്‍ശിച്ച മഹാത്മാഗാന്ധിയെ തൃപ്പൂണിത്തുറയിലെ സമ്മേളനത്തില്‍ വച്ചു കണ്ടതിന്‍റെ ഓര്‍മ്മകള്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസ് ആത്മകഥയായ “സ്നേഹത്തിന്‍റെ സ്വാതന്ത്ര്യം: ഒരു മഹാ രഹസ്യം എന്ന ഗ്രന്ഥത്തില്‍ എഴുതിയതില്‍ നിന്നും)