മനുഷ്യസ്വാതന്ത്ര്യം: ഗ്രിഗോറിയന്‍ ദര്‍ശനത്തില്‍ / ഫാ. ഡോ. മാത്യു ബേബി

paulos-gregorios

മലങ്കരയുടെ ദാര്‍ശനിക തേജസ്സായിരുന്ന പൗലൂസ് മാര്‍ ഗ്രിഗോറിയോസിന്‍റെ 10-ാം ഓര്‍മ്മപ്പെരുന്നാള്‍ 2006 നവംബ ര്‍ 24 ന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പഴയസെമിനാ രി ചാപ്പലില്‍ ആഘോഷിച്ചു. ദാര്‍ശനീക ലോകത്ത് ആയി രം വസന്തങ്ങള്‍ ഒന്നിച്ചു വിരിയിച്ച അദ്ദേഹത്തെ വേണ്ടവ ണ്ണം മനസ്സിലാക്കുന്നതിന് ഭാരതത്തിന്-കേരളത്തിന്-മലങ്ക രയ്ക്ക് സാധിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ പരലോകപ്രാപ്തിക്ക് ശേഷം ആ ദര്‍ശനത്തിന്‍റെ പരിമളം ക്രമേണ പരക്കുന്നു എന്നത് പ്രതീക്ഷ നല്‍കുന്നു.

പൗലൂസ് മാര്‍ ഗ്രിഗോറിയോസ് ജീവിച്ച കാലഘട്ടങ്ങളില്‍ ഒരു അത്ഭുത പ്രതിഭാസമായിരുന്നു. ജീവിച്ചിരിക്കുമ്പോ ള്‍ തന്നെ ഒരു വിശ്വപൗരനായി അറിയപ്പെട്ടു. ഭാഷ, കല, സാഹിത്യം, മതം, തത്വശാസ്ത്രം, സയന്‍സ്, മനഃശാസ്ത്രം, ബയോ എത്തിക്സ്, രാഷ്ട്രമീമാംസ തുടങ്ങി എല്ലാ മേഖല കളിലും മാര്‍ ഗ്രിഗോറിയോസ് കൈവച്ചിട്ടുണ്ട്. വിജ്ഞാനത്തിന്‍റെ സമസ്ത മേഖലകള്‍ അദ്ദേഹം കീഴടക്കി. മനുഷ്യ നുമായി ബന്ധമുള്ളത് ഒന്നും തനിക്ക് അന്യമല്ല എന്ന വിശ്വാസത്തിലാണ് ആ ബഹുമുഖ പ്രതിഭാശാലിയായത്.

ക്രിസ്താബ്ദം നാലാം ശതകത്തിലെ പൗരസ്ത്യ ദാര്‍ശനികനായ നിസ്സായിലെ മാര്‍ ഗ്രിഗോറിയോസിന്‍റെ ‘മനുഷ്യസ്വാതന്ത്ര്യം’ എന്ന വിഷയമാണ് ഗവേഷണപഠനത്തിനായി തെരഞ്ഞെടുത്തത്. പാശ്ചാത്യ ക്രൈസ്തവ ചിന്താധാരയില്‍ മനുഷ്യസ്വാതന്ത്ര്യവും ദൈവസ്വാതന്ത്ര്യവും പരസ്പര വൈരുദ്ധ്യമായി നില്‍ക്കുമ്പോള്‍ ഇവയെ ബുദ്ധിപരമായി ബന്ധപ്പെടുത്തുവാന്‍ കഴിഞ്ഞു എന്നതാണ് മാര്‍ ഗ്രിഗോറിയോസിന്‍റെ നേട്ടം.

നിസ്സായിലെ മാര്‍ ഗ്രിഗോറിയോസിന്‍റെ ചിന്താ പ്രപഞ്ചം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് മനുഷ്യന്‍ ദൈവസാദൃശ്യത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന ആശയത്തിലാണ്. മനുഷ്യന്‍ അടിമയെങ്കില്‍ അവന്‍റെ സൃഷ്ടാവും അടിമതന്നെ. അല്ലെങ്കില്‍ അവന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള “ദൈവസാദൃശ്യം” മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. മനുഷ്യന്‍ ദൈവസാദൃശ്യത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നു പറയുമ്പോള്‍ രണ്ട് സാദ്ധ്യതകള്‍ തെളിയുന്നു. ഒന്നുകില്‍ മനുഷ്യന്‍ ദൈവത്തെപ്പോലെ മരണമില്ലാത്തവനും പാപാ തീതനും ആയിരിക്കണം. അല്ലെങ്കില്‍ ദൈവവും മനുഷ്യനെ പ്പോലെ മരണമുള്ളവനും പാപബദ്ധനും ആയിരിക്കണം. ഇവ രണ്ടും നമുക്ക് അംഗീകരിക്കാന്‍ പ്രയാസമാണ്. ഈ പാരസ്പരീകത സിദ്ധാന്തപരമായി വിശകലനം ചെയ്യുന്നതി ലാണ് പൗരസ്ത്യ ദൈവശാസ്ത്രത്തിന്‍റെ മേന്മ കുടികൊ ള്ളുന്നത്.

യവനചിന്തകന്മാരില്‍ സ്റ്റോയിക്കുകളുടെ അഭിപ്രായ ത്തില്‍ ദൈവം പ്രപഞ്ചാന്തര്‍ലീനനാണ്. പ്രപഞ്ചത്തില്‍ നിന്ന് സ്വതന്ത്ര്യമായ ഒരു അസ്ഥിത്വം ദൈവത്തിനില്ല. എന്നാല്‍ അരിസ്റ്റോട്ടിലിനെപ്പോലെയുള്ളവര്‍ ദൈവത്തെ പൂര്‍ണ്ണമായും പ്രപഞ്ചാതിരിക്തനായി കാണുന്നു. ഇവിടെ പ്രസ ക്തമായ ഒരു ചോദ്യമുണ്ട്. പ്രപഞ്ചം എവിടെനിന്നുണ്ടായി? എന്തിലാണ് നിലകൊള്ളുന്നത്?. ദൈവത്തിനുള്ളിലോ അതോ ദൈവത്തിനു പുറത്തോ? പ്രപഞ്ചം നിലകൊള്ളുന്നത് ദൈവത്തിലാണങ്കില്‍ ദൈവവും വസ്തുമയനായിരിക്കണം. ദൈവത്തിന് പുറത്താണ് പ്രപഞ്ചം നിലകൊള്ളുന്നത് എങ്കില്‍ ദൈവത്തില്‍ നിന്ന് സ്വതന്ത്ര്യമായിരിക്കും. പ്രപഞ്ചവും ദൈവത്തെപ്പോലെ അനാദ്ധ്യന്തമായിരിക്കും.

ഇവിടെ നിസ്സായിലെ മാര്‍ ഗ്രിഗോറിയോസിന്‍റെ മറുപടി വളരെ ശ്രദ്ധേയമാണ്. അദ്ദേഹം വസ്തുവിന് തന്നെ പുതിയ നിര്‍വ്വചനം നല്‍കുന്നു. വസ്തു എന്നു പറയുന്നത് ദൈവത്തില്‍ നിന്ന് പുറപ്പെടുന്ന ശക്തിയുടെ (energia) ഒരു ഭാഗമാണ്. ദൈവം ഇച്ഛിക്കുമ്പോള്‍ ദൈവേച്ഛയുടെ ശക്തി പദാര്‍ത്ഥമായി പരിണമിക്കുന്നു. അതുകൊണ്ട് സര്‍വ്വ പദാര്‍ത്ഥത്തിന്‍റെയും അസ്ഥിത്വത്തിന് നിദാനം ദൈവേച്ഛയാണ്. ദൈവം തന്‍റെ ഇച്ഛാശക്തിയിലൂടെയാണ് പ്രപഞ്ചത്തില്‍ അന്തര്‍യാമിയായിതീരുന്നത് അല്ലാതെ ദൈവാസ്ഥിത്വം വസ്തു പ്രപഞ്ചത്തില്‍ അധിഷ്ഠിതമാണന്നല്ല അര്‍ത്ഥമാക്കുന്നത്. ദൈവത്തിന്‍റെ ഇച്ഛാശക്തി നിശ്ചലമല്ല. അത് ക്രിയാത്മകമാണ്. അതുകൊണ്ട് ദൈവത്തിന്‍റെ ഇച്ഛാശക്തിയില്‍ നിലകൊള്ളുന്ന പ്രപഞ്ചത്തിനും അതിലെ മനുഷ്യനും ദൈവത്തെ പൂര്‍ണ്ണമായും മനസ്സിലാക്കുവാന്‍ സാദ്ധ്യമല്ല. ദൈവത്തിന്‍റെ ഈ അജ്ഞേയത ദൈവസ്വാതന്ത്ര്യത്തിന്‍റെ ലക്ഷണമാണ്. അജ്ഞേയത പോലെ തന്നെ അതിരിക്തതയും (transcendance) ദൈവസ്വാതന്ത്ര്യത്തിന്‍റെ ഒരു വശമാണ്. സര്‍വ്വസാദ്ധ്യതകളുടെ ഉറവിടമായ ദൈവം തന്‍റെ ഏതെങ്കി ലുമൊരു സാദ്ധ്യതയെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവരു മ്പോള്‍ ആ പ്രത്യേക സാദ്ധ്യതയെകുറിച്ച് മനുഷ്യമനസ്സിന് “അറിയുവാന്‍” സാധിക്കും. ഇത് ദൈവസ്വാതന്ത്ര്യത്തിന്‍റെ ഇച്ഛാശക്തിയാണ്. മറിച്ച് ഇച്ഛിക്കുവാനും ദൈവത്തിന് സ്വാതന്ത്ര്യമുണ്ട്. അപ്പോള്‍ സര്‍വ്വസാദ്ധ്യതകളെ ഉള്‍ക്കൊള്ളുവാനും തന്‍റെ ഇച്ഛയ്ക്കനുസരിച്ച് അവയെ പ്രാപഞ്ചിക യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവരുവാനുള്ള ശക്തി ദൈവ ത്തിനുണ്ട്.

ഈ വിധത്തില്‍ തന്നെയാണ് മനുഷ്യസ്വാതന്ത്ര്യത്തെപ്പ റ്റിയും പൗരസ്ത്യക്രിസ്തീയ ദാര്‍ശനീകന്മാര്‍ ചിന്തിക്കുന്ന ത്. ഇവരുടെ അഭിപ്രായത്തില്‍ മനുഷ്യസ്വാതന്ത്ര്യത്തിന് ആറു തലങ്ങള്‍ ഉണ്ട്. വ്യക്തിയുടെ സ്വാതന്ത്ര്യം, സമൂഹത്തിന്‍റെ സ്വാതന്ത്ര്യം, കാലത്തിലുള്ള മനുഷ്യ സ്വാതന്ത്ര്യം, കാലാതീതമായ മനുഷ്യ സ്വാതന്ത്ര്യം, ഈ ബാന്ധവത്തില്‍ നിന്ന് എല്ലാമുള്ള സ്വാതന്ത്ര്യം, ബാഹ്യ സമ്മര്‍ദ്ദം കൂടാതെ സ്വമേധാ നന്മയെ സൃഷ്ടിക്കുവാനുള്ള സ്വാതന്ത്ര്യം. ഈ ആറു തലത്തിലുള്ള സ്വാതന്ത്ര്യം മനുഷ്യസ്വഭാവത്തിലുള്ള ദൈവസാദൃശ്യത്തിന്‍റെ ബഹുസ്പുരണങ്ങളാണ്.

നിസ്സായിലെ മാര്‍ ഗ്രിഗോറിയോസിന്‍റെ ചിന്തയില്‍ “മനു ഷ്യന്‍” എന്ന വാക്ക് ആദിമുതലുള്ള എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഈ പശ്ചാത്തല ത്തില്‍ നിന്നുകൊണ്ടാണ് വ്യക്തിയുടെ സ്വാതന്ത്ര്യത്തെ കാ ണാന്‍ അദ്ദേഹം ശ്രമിക്കുന്നത്. വ്യക്തത്വത്തിന്‍റെ അടിസ്ഥാ നം ലിംഗഭേദമാണ്. ലിംഗഭേദവും അതില്‍ നിന്ന് ഉല്‍ഭൂതമാ കുന്ന ബഹുത്വവും സൃഷ്ടിയുടെ ആരംഭത്തില്‍ ഇല്ലായിരു ന്നു. ആത്യന്തിക ലക്ഷ്യപ്രാപ്തിയില്‍ ഇവ ഒഴിഞ്ഞുപോകു മെന്ന് മാര്‍ ഗ്രിഗോറിയോസ് അഭിപ്രായപ്പെടുന്നു. പാപാധീ തനാകുന്ന മനുഷ്യന്‍ മരണാധീനനും ആയി തീരും എന്ന ദൈവം മുന്‍കൂട്ടി കണ്ടതുകൊണ്ടാണ് മരണത്തോടനുബ ന്ധിച്ച് ജനനവും അതിനാവശ്യമായ ലിംഗഭേദവും മനുഷ്യന് നല്‍കിയത്. അതുകൊണ്ട് പൂര്‍ണ്ണമോചനം എന്നു പറയു ന്നത് ഈ ജനനമരണങ്ങളില്‍ നിന്നും ലിംഗഭേദത്തില്‍ നി ന്നുമുള്ള മോചനമാണ്.

മനുഷ്യസ്വാതന്ത്ര്യത്തിന് രണ്ടു വശങ്ങളുണ്ട്. ഒന്ന് നിഷേധാത്മകമായ അര്‍ത്ഥത്തില്‍ നമ്മുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വസ്തുക്കളില്‍ നിന്നുള്ള സ്വാതന്ത്ര്യം- എല്ലാ ബന്ധനങ്ങളില്‍ നിന്നുമുള്ള മോചനം. സാധാരണ ചിന്താ മണ്ഡലങ്ങളില്‍ ഈ വശമാണ് കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. എന്നാല്‍ ഇതിന് മറ്റൊരുവശം കൂടിയുണ്ട്. നന്മയെ തിരിച്ചറിഞ്ഞ് അവയെ തെരഞ്ഞെടുക്കുവാനും അത് സാ ഫല്യത്തിലെത്തിക്കാനുള്ള ശക്തി. ഇവിടെയാണ് മനുഷ്യസ്വാതന്ത്ര്യം പൂര്‍ണ്ണമായി തീരുന്നത്.

മാര്‍ ഗ്രിഗോറിയോസ് ഇതിനോടൊപ്പം മറ്റൊരു ഘടകം കൂടി ചേര്‍ക്കുന്നു. ഇതിന് അപാഥിയ (apatheia) അല്ലെങ്കില്‍ ‘നിഷ്ക്കാമത’. നന്മയുടെ മാര്‍ഗ്ഗത്തില്‍ നിന്ന് മനുഷ്യനെ വ്യതിചലിപ്പിക്കുന്നത് എല്ലാം കാമമാണ് (pathos). സ്റ്റോയി ക്കുകളുടെ ചിന്തയില്‍ അപാഥിയ എന്നപദത്തിന് ‘തൃഷ്ണ യുടെ അഭാവം’ എന്നാണ് എന്നാല്‍ മാര്‍ ഗ്രിഗോറിയോസ് ഇത് സമ്മതിക്കുന്നില്ല. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ തൃഷ്ണയുടെ അഭാവം കൊണ്ടുമാത്രം കാര്യം നടക്കുക യില്ല. മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് പദാര്‍ത്ഥമയമായി ലോ കത്തെയും പദാര്‍ത്ഥേതരമായ ദിവ്യലോകത്തേയും ഒരുമിച്ച് ആസ്വദിക്കുന്നതിനാണ്. നിഷ്ക്കാമത എന്നതുകൊണ്ട് അ ദ്ദേഹം ഉദ്ദേശിക്കുന്നത് ബന്ധനത്തില്‍ വീഴാതെ നന്മയെ ആസ്വദിക്കുന്നതിനുള്ള ശക്തിയാണ്. ഇത് നിശ്ചലമായ ഒ ന്നല്ല. പദാര്‍ത്ഥലോകത്ത് നിന്ന് പൂര്‍ണ്ണമായി വിട്ടുപോകാ തെ പദാര്‍ത്ഥലോകത്തെയും പദാര്‍ത്ഥേതരലോകത്തില്‍ പൂര്‍ണ്ണമായി ചേരാതെ പദാര്‍ത്ഥേതരലോകത്തെയും ആ സ്വദിച്ച് സ്വര്‍ഗ്ഗത്തിനും ഭൂമിക്കും മദ്ധ്യവര്‍ത്തിയായി ജീവി ക്കുവാനാണ് മനുഷ്യന്‍ വിളിക്കപ്പെട്ടിട്ടുള്ളത്. അതായത് ‘സര്‍വ്വ നന്മയും ആസ്വദിക്കുന്നതിനുള്ള ശക്തി’ എന്നര്‍ത്ഥ ത്തിലാണ് ‘അപാഥിയ’ (apatheia) മാര്‍ ഗ്രിഗോറിയോസ് ഉപയോഗിച്ചിരിക്കുന്നത്.

“സ്വാതന്ത്ര്യം” എന്ന പദത്തിന് ദൈവസന്നിധിയിലേക്കു ഭയം കൂടാതെ പ്രവേശിക്കുവാനുള്ള സാദ്ധ്യത എന്നുകൂടി അര്‍ത്ഥമുണ്ട്. ദൈവസന്നിധിയില്‍ നിന്ന് നമ്മെ അകറ്റുന്നത് തിന്മയുടെ കാപട്യമാണ്. കളങ്കമില്ലാത്തവര്‍ക്കുമാത്രമേ ധൈര്യപൂര്‍വ്വം ദൈവസന്നിധിയില്‍ പ്രവേശിക്കുവാന്‍ സാധിക്കൂ. അതായത് ജീവിതത്തില്‍ നിന്നോ മറ്റുള്ളവരില്‍ നിന്ന് ഒന്നും ഒളിക്കുവാന്‍ ആവശ്യമില്ലാത്ത ഒരു സ്ഥിതിവിശേഷം. ആദാമും ഹവ്വായും പാപം ചെയ്തപ്പോള്‍ ആദ്യം ചെയ്തത് ദൈവസന്നിധിയില്‍ നിന്ന് തങ്ങളെത്തന്നെ മറച്ചു.

പ്രകൃത്യാ അപ്രാപ്യനും അജ്ഞേയനുമായ ദൈവസ ന്നിധിയിലേക്ക് മനുഷ്യന്‍ എങ്ങനെ പ്രവേശിക്കും? പൗരസ്ത്യ ചിന്തയില്‍ ദൈവം തന്‍റെ ഇച്ഛാശക്തിയുലുള്ള പ്രപഞ്ചത്തില്‍ സന്നിഹിതനായിരിക്കുന്നു എന്നാണ്. ദൈവം സത്തയില്‍ അജ്ഞേയനാണെങ്കിലും തന്‍റെ ശക്തിയിലും (energia) ക്രിയയിലും (act) മനുഷ്യന് പ്രാപ്യനാണ്.

മനുഷ്യനെ സൃഷ്ടിയുടെ മകുടമായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. അവന്‍റെ ശരീരഘടന തന്നെ ഈ പ്രകൃതത്തിന് അനുയോജ്യമായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മൃഗങ്ങള്‍ തങ്ങളുടെ മുന്‍കാലുകള്‍ ഉപയോഗിക്കുന്നത് അവയുടെ തല താങ്ങാനാണ്. എന്നാല്‍ മനുഷ്യനാകട്ടെ തലതാഴ്ത്താതെ ഉയര്‍ത്തിപ്പിടിച്ച് രണ്ട് കാലുകളില്‍ മാത്രം സഞ്ച രിക്കുന്നു. മൃഗങ്ങളുടെ വായും നാക്കും ഭക്ഷണം മണത്തറിഞ്ഞ് തിന്നുന്നതിനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ മനു ഷ്യന്‍റെ വായും നാവും ചുണ്ടും ഭാഷയെ ഉല്‍പ്പാദിപ്പിക്കുന്ന തിനും മനസ്സിന്‍റെ സര്‍ഗ്ഗശക്തിയെ വെളിപ്പെടുത്തുന്നതിനും അങ്ങനെ പരസ്പരബന്ധത്തെ പുഷ്ടിപ്പെടുത്തുവാനും ഉ പയോഗിക്കുന്നു. മൃഗങ്ങള്‍ക്ക് കൊമ്പും പല്ലും നഖവും വേ ഗതയും എല്ലാമുണ്ട്. മനുഷ്യന് ഇവ ഒന്നും ഇല്ല എങ്കിലും അവന്‍ മൃഗങ്ങളുടെ നാഥനായി വാഴുന്നു. ഇവയെല്ലാം മനു ഷ്യ സ്വാതന്ത്ര്യത്തിന്‍റെ അടയാളങ്ങളാണ്. സ്ഥൂലപ്രപഞ്ച ത്തില്‍ നിന്ന് വിട്ട് പരമാത്മാവോട് ചേരുന്നതില്‍ മാത്രമല്ല സ്വാതന്ത്ര്യം കുടികൊള്ളുന്നത്. സ്ഥൂലപ്രപഞ്ചത്തില്‍ നി ന്നുകൊണ്ട് അവയെ ഉപയോഗിക്കുന്നതിനും ആത്യന്തിക മായി നന്മ തെരഞ്ഞെടുക്കുന്നതിനും മനുഷ്യന് സ്വാത ന്ത്ര്യം നല്‍കിയിരിക്കുന്നു.

ദൈവം സര്‍വ്വ നന്മകളുടെയും ഉറവിടമാണ്. ദൈവസ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനും അങ്ങനെ തന്നെയാണ്. സൃഷ്ടിയെ മനുഷ്യന്‍ കീഴടക്കുന്നത് നന്മയെ ഉല്‍പ്പാദിപ്പിക്കുന്നതിനുവേണ്ടിയാണ്. ദൈവത്തിന്‍റെ നന്മയെ പ്രകൃതിയിലൂടെ പ്രദര്‍ശിപ്പിക്കുന്നതിലാണ് മനുഷ്യസ്വാതന്ത്ര്യത്തിന്‍റെ മേന്മ പ്രകടമാകുന്നത്. ദൈവം തന്‍റെ സ്വാതന്ത്ര്യത്തില്‍ നന്മയെ സൃഷ്ടിക്കുന്നു. മനുഷ്യനും അങ്ങനെ നന്മയെ സൃഷ്ടിക്കുന്നതിലൂടെയാണ് “ദൈവാനുരൂപനും” “സ്വതന്ത്രനുമായി” തീരുന്നത്.

നാലാം നൂറ്റാണ്ടിലെ ദാര്‍ശനികനായ നിസ്സായിലെ മാര്‍ ഗ്രിഗോറിയോസിന്‍റെ ദര്‍ശനം ഇരുപതാം നൂറ്റാണ്ടിലും പ്രസക്തമാണെന്ന് പണ്ഡിതലോകത്തെക്കൊണ്ട് സമ്മതിപ്പിക്കുന്നതിന് സാധിച്ചു എന്നതിലാണ് പൗലൂസ് മാര്‍ ഗ്രിഗോറിയോസിന്‍റെ ധീഷണശക്തിയും ജ്ഞാനത്തിന്‍റെ തനിമയും പ്രകടമാക്കുന്നത്.