ഇന്ത്യന്‍ അടിയന്തിരാവസ്ഥയും പൗലോസ് മാര്‍ ഗ്രീഗോറിയോസും / ജോയ്സ് തോട്ടയ്ക്കാട്

paulos-gregorios

അടിയന്തിരാവസ്ഥ

ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി 1975 ജൂണ്‍ 25-ന് പ്രഖ്യാപിച്ച ‘അടിയന്തിരാവസ്ഥ’യ്ക്ക് ആഗോളതലത്തില്‍ നീതികരണം നല്‍കിയത് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസായിരുന്നു. അടിയന്തിരാവസ്ഥയ്ക്കു പ്രത്യയശാസ്ത്രപരമായ വിശദീകരണം നല്‍കാന്‍ ശ്രമിച്ചവരിലും മുന്‍പന്തിയില്‍ നിന്നത് അദ്ദേഹമായിരുന്നു. അഖിലലോക സഭാകൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഫിലിപ്പ് പോട്ടര്‍ അടിയന്തിരാവസ്ഥയെ പ്രതികൂലിച്ചുകൊണ്ട് പ്രധാനമന്ത്രിക്കയച്ച കത്തിന് ശക്തമായ ഭാഷയില്‍ മെത്രാപ്പോലീത്താ മറുപടി കൊടുക്കുകയുണ്ടായി. മെത്രാപ്പോലീത്തായുടെ വീക്ഷണങ്ങള്‍ക്കും വാദമുഖങ്ങള്‍ക്കും പിന്നില്‍ കേരളത്തിലെ മിക്ക സഭാനേതാക്കന്മാരും നിലപാടുറപ്പിച്ചിരുന്നു. ഈ വീക്ഷണങ്ങളോടും വാദമുഖങ്ങളോടും പൂര്‍ണ്ണമായി യോജിക്കുവാന്‍ ഡോ. എം. എം. തോമസും, ഡോ. സി. റ്റി. കുര്യനും അന്ന് തയ്യാറായില്ല. ശക്തരും സമ്പന്നരുമായ ജനവിഭാഗം ജനായത്ത സമ്പ്രദായം ഉപയോഗിച്ചു പാവപ്പെട്ടവരേയും മര്‍ദ്ദിതരേയും ചൂഷണം ചെയ്തിരുന്നു എന്നും, ജനാധിപത്യ രാഷ്ട്രീയ സമ്പ്രദായങ്ങള്‍ അതില്‍ത്തന്നെ സാമ്പത്തികരംഗത്തു ജനശക്തി വര്‍ദ്ധിപ്പിക്കുന്നതിനിടയാക്കുന്നില്ലെന്നും ഉള്ള മെത്രാപ്പോലീത്തായുടെ വാദഗതിയോടു ഡോ. തോമസ് യോജിച്ചു. എന്നാല്‍ ജനാധിപത്യ മാര്‍ഗ്ഗങ്ങള്‍ നിഷേധിച്ചാലുള്ള അപകടം അദ്ദേഹം എടുത്തുകാട്ടി. രാഷ്ട്രീയ പ്രക്രിയയില്‍ ജനങ്ങള്‍ക്കുള്ള പങ്കാളിത്തം നിഷേധിക്കുന്നതു മൂലം അവര്‍ക്കു സംഘടിക്കുന്നതിനും അതില്‍കൂടി സാമ്പത്തികരംഗത്തു സ്വാധീനം ചെലുത്തുന്നതിനുമുള്ള സാദ്ധ്യത നഷ്ടപ്പെടുന്നു. മര്‍ദ്ദിതവിഭാഗങ്ങളുടെ അവകാശ സംരക്ഷണം ബ്യൂറോക്രസിയുടെ സംഭാവനയായി ലഭിക്കുകയില്ല. അവരുടെ സംഘടിത ശ്രമങ്ങളിലൂടെ മാത്രമേ അതു സാദ്ധ്യമാവൂ. പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ പരിമിതികളെപ്പറ്റി ഗാന്ധിയും നെഹ്രുവും ബോധവാന്മാരായിരുന്നു. എന്നാല്‍ തന്നെയും മൗലികാവകാശങ്ങളും ജനാധിപത്യമാര്‍ഗ്ഗങ്ങളും താഴേക്കിടയിലുള്ള ദരിദ്രവിഭാഗങ്ങളുടെ അടുക്കല്‍ എത്തിക്കുകയും, അവ അവരുടെ വിമോചനത്തിനുവേണ്ടി ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്തത്. ഇന്ത്യയുടെ പ്രത്യേക പശ്ചാത്തലത്തില്‍ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക വിമോചനത്തിനുള്ള ഉപാധികളാണു ബഹുജനപ്രക്ഷോഭങ്ങളും കാര്യക്ഷമമായ പൊതുജന പങ്കാളിത്തവും. ഇതിനു നേതൃനിരകളെ വാര്‍ത്തെടുക്കേണ്ടതിന്‍റെ ആവശ്യം മെത്രാപ്പോലീത്താ ചൂണ്ടിക്കാണിക്കുന്നത് ഡോ. തോമസിനു സ്വീകാര്യമാണ്. എന്നാല്‍ ജനാധിപത്യമാര്‍ഗ്ഗങ്ങളും പത്രസ്വാതന്ത്ര്യവും ഉണ്ടെങ്കില്‍ മാത്രമേ മര്‍ദ്ദനത്തിനും ചൂഷണത്തിനും വിധേയമായ ജനലക്ഷങ്ങള്‍ക്ക് കരകയറാനാവൂ എന്നാണ് ഡോ. തോമസ് സമര്‍ത്ഥിക്കുവാന്‍ ശ്രമിച്ചത്. ദൈവദത്തമായ മനുഷ്യാവകാശങ്ങള്‍ എവിടെ നിഷേധിക്കുന്നുവോ അവിടെ ജനങ്ങള്‍ക്ക് അവരുടെ വികസനത്തിനുള്ള പ്രക്രിയയിലെ പങ്കാളിത്തം നഷ്ടപ്പെടുകയാണ്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ നീതി നിഷേധിക്കപ്പെടുക മാത്രമല്ല, രാഷ്ട്രം സ്വേഛാധിപത്യത്തിലേക്കു വഴുതി വീഴുകയും ചെയ്യു മെന്ന് ഡോ. തോമസ് അഭിപ്രായപ്പെട്ടു.

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്, ഫിലിപ്പ് പോട്ടര്‍ക്ക് അയച്ച കത്തിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമായിരുന്നു:

പ്രിയ ഫിലിപ്പ്,

ശ്രീമതി ഇന്ദിരാഗാന്ധിക്ക് ഒക്ടോബര്‍ 9-ാം തീയതി അയച്ച കത്തിന്‍റെ ഒരു പ്രതി ഞങ്ങള്‍ക്ക് അയച്ചുതന്നതിനു നന്ദി. ഞങ്ങളുടെ സഭയ്ക്ക് ഒക്ടോബര്‍ 22-നു ലിയോപ്പോള്‍ഡ് അയച്ച കത്തും ഞാന്‍ കൈപ്പറ്റുകയുണ്ടായി. ഔപചാരികമായി ഈ രണ്ടു കത്തുകളും പരിശോധിക്കുന്നതിനു ഞങ്ങളുടെ സഭാസമിതികള്‍ക്ക് അവസരമുണ്ടായില്ല. വിവിധ കൂട്ടങ്ങളുടെയും അനൗപചാരിക ചര്‍ച്ചകളുടെയും, ഇക്കാര്യങ്ങളില്‍ താല്‍പ്പര്യമുള്ള വ്യക്തികളുമായുള്ള സംഭാഷണങ്ങളുടെയും സംഗ്രഹമാണു ഞാന്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നത്.

തീര്‍ച്ചയായും താങ്കള്‍ ഞങ്ങളുടെ പ്രധാനമന്ത്രിക്കയച്ച കത്തിനു മറുപടി നല്‍കുകയെന്നുള്ളത് എന്‍റെ അധികാരപരിധിയിലുള്ളതല്ല. അവര്‍ അതിനു നല്‍കേണ്ട മറുപടി നല്‍കിക്കൊള്ളും. ഞാന്‍ മനസ്സിലാക്കിയിടത്തോളം പല ഇന്‍ഡ്യാക്കാരിലും ഗണ്യമായ അമര്‍ഷം നിലവിലുണ്ട്. അവരെല്ലാം സര്‍ക്കാരുദ്യോഗസ്ഥരല്ല. ഇതുപോലെയൊരു കത്ത് പ്രധാന മന്ത്രിക്കയയ്ക്കുന്നതില്‍ നിങ്ങള്‍ കാട്ടിയത് ഭാവനാശൂന്യതയാണെന്നും, അത് ഇന്‍ഡ്യയുടെ ആഭ്യന്തരകാര്യങ്ങളിലുള്ളതും, അനധികൃതവുമായ കൈകടത്തലായിരിക്കുമ്പോള്‍തന്നെ വസ്തുതകളിലേക്കു വേണ്ടത്ര വെളിച്ചം വീശാത്തതാണ് അതിന്‍റെ ഉള്ളടക്കമെന്നും അവര്‍ കരുതുന്നു.

പ്രാഥമിക മാനുഷികാവശ്യങ്ങള്‍ ധ്വംസിക്കപ്പെടുവാന്‍ തക്കതായ കാരണങ്ങളുണ്ടായിരുന്നപ്പോഴൊക്കെ, ഇതുപോലെ മറ്റു സന്ദര്‍ഭങ്ങളിലും ഭരണകര്‍ത്താക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും, മനുഷ്യവര്‍ഗത്തിന്‍റെ ക്ഷേമത്തെക്കുറിച്ച് ആകാംക്ഷയുള്ള ഒരു സമിതിയാണ് ‘അഖില ലോക സഭാകൗണ്‍സി’ലെന്നും എന്‍റെ സുഹൃത്തുക്കളെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കുകയുണ്ടായി.
താങ്കള്‍ കത്തിലൂടെ അവതരിപ്പിച്ച പ്രശ്നങ്ങളില്‍ പ്രധാനമായതു താഴെപ്പറയുന്നവ ആണല്ലോ:

(1) രാഷ്ട്രീയ കാരണങ്ങളാല്‍ അനേകമാളുകളെ അറസ്റ്റു ചെയ്യുകയും വിചാരണ കൂടാതെ തടങ്കലിലാക്കുകയും, നീതിന്യായ കോടതികളുടെ സംരക്ഷണം പൂര്‍ണ്ണമായും നിഷേധിക്കുകയും ചെയ്തതില്‍ താങ്കള്‍ക്കുള്ള സങ്കടം.

(2) ഭേദഗതി ചെയ്യപ്പെട്ട ആഭ്യന്തര സുരക്ഷിതത്വ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ യാതൊരു കുറ്റവുമാരോപിക്കാതെ ആളുകളെ തടങ്കലിലാക്കുകയും അവര്‍ക്ക് എല്ലാ വ്യക്തിസ്വാതന്ത്ര്യങ്ങളും നിഷേധിക്കുകയും ചെയ്യുന്നതിനുള്ള അധികാരം സര്‍ക്കാര്‍ ഏറ്റെടുത്തത് മനുഷ്യാവകാശങ്ങളുടെമേലുള്ള ഗുരുതരമായ കൈയേറ്റമാണെന്ന് താങ്കള്‍ പറയുന്നു.

(3) മൂന്നു മാസത്തിലധികം അടിയന്തിരാവസ്ഥ വലിച്ചു നീട്ടിയെന്നുള്ളത്.

(4) ഒരു രാജ്യത്തെ വാര്‍ത്താവിനിമയോപാധികളിന്മേലുള്ള പുതിയ നിയന്ത്രണങ്ങള്‍ രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പങ്കെടുക്കുന്നതിനുള്ള അവസരം നിഷേധിക്കലാണെന്നത്.

(5) രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുകയും ജനാധിപത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത.

(6) ധര്‍മ്മനീതിയും രാഷ്ട്രീയ രംഗത്തെ സത്യനിഷ്ഠയും പുലര്‍ ത്തുന്ന ജയപ്രകാശ് നാരായണനേയും മറ്റുള്ളവരേയും വിട്ടയക്കണമെന്നുള്ള പ്രത്യേക അഭ്യര്‍ത്ഥന.

വിവരങ്ങള്‍ ലഭിക്കുന്നതിനുതകുന്ന കേന്ദ്രങ്ങള്‍ സഭാകൗണ്‍സിലിന് ഉണ്ടെന്ന് എനിക്കറിയാം. കൂടാതെ നിങ്ങളുടെ പ്രവര്‍ത്തക സമിതിയില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും കഴിവുള്ള പ്രവര്‍ത്തകര്‍ നിങ്ങള്‍ക്കുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, ഈ പരിതഃസ്ഥിതികളില്‍ കാതലായുള്ള ഏതെങ്കിലും പറയുവാന്‍ തക്ക എല്ലാ വിവരങ്ങളും ഗ്രഹിച്ചിട്ടുണ്ടെന്നുള്ളതിനു താങ്കളുടെ കത്തില്‍ യാതൊരു സൂചനയുമില്ല. അതുകൊണ്ട് ഈ പരിതഃസ്ഥിതികളില്‍ ജീവിക്കുന്ന ക്രിസ്ത്യാനികള്‍ എന്ന നിലയ്ക്ക്, എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് അഭിപ്രായം പുറപ്പെടുവിക്കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ലിയോപ്പോള്‍ഡിന്‍റെ കത്തിനു ഞാന്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തട്ടെ.

എന്‍റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ഇന്നത്തെ സാഹചര്യങ്ങളെ വിലയിരുത്തുന്നതിനു നിങ്ങള്‍ സ്വീകരിച്ച താത്വികമായ ചട്ടക്കൂട് അപര്യാപ്തമാണെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു.

ഒന്നാമതായി നിങ്ങള്‍ പറയുന്നത് മൗലിക മാനുഷികാവകാശങ്ങളെപ്പറ്റിയും ജനാധിപത്യ പ്രക്രിയയുടെ അംഗീകൃത മര്യാദകളെപ്പറ്റിയുമാണ്. ധനികര്‍ക്കും ശക്തന്മാര്‍ക്കും ദരിദ്രരെ അടിച്ചമര്‍ത്താനും ചൂഷണം ചെയ്യുവാനും വേണ്ടത്ര അവസരം കൊടുക്കുന്ന ഒന്നാണു നാം വിവക്ഷിക്കുന്ന ജനാധിപത്യ സമ്പ്രദായം എന്നതിനെക്കുറിച്ച് ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നാം ചിന്തിക്കേണ്ടതില്ലേ? കോടതികളെ അഭയം തേടുന്നതിനും മറ്റു നീതിന്യായ സംരക്ഷണം ലഭ്യമാക്കുന്നതിനും സാധാരണജനങ്ങള്‍ക്ക് മിക്ക ജനാധിപത്യരാജ്യങ്ങളിലും സാദ്ധ്യമാണെന്നു താങ്കള്‍ വിചാരിക്കുന്നുണ്ടോ? ജനാധിപത്യരാജ്യങ്ങളിലെ പത്രമാസികകളിലൂടെ പ്രകടിപ്പിക്കപ്പെടുന്നത് പൊതുജനാഭിപ്രായമാണോ?

ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാമര്‍ശവും താങ്കളുടെ കത്തിലില്ലെന്നുള്ളതാണ് ഞാന്‍ അതില്‍ കാണുന്ന ഒരു ന്യൂനത. ജയപ്രകാശ് നാരായണനെ ഈ ഘട്ടത്തില്‍ വിട്ടയക്കണമെന്ന് പ്രത്യേകം ആവശ്യപ്പെടുന്നതിലൂടെ, ജനാധിപത്യവിരുദ്ധ പ്രക്ഷോഭണങ്ങളിലൂടെ രാജ്യത്തെ കലാപങ്ങളിലേക്കു നയിക്കുന്ന വലതുപക്ഷ തീവ്രവാദികളുടേയും ഇടതു പക്ഷ തീവ്രവാദികളുടേയും കൂടെ നിങ്ങള്‍ ഒത്തുചേരുന്നതായി തോന്നുന്നു. ജയപ്രകാശിനെ പരോളില്‍ വിടുന്നു എന്നതാണ് ഏറ്റവും ഒടുവില്‍ കിട്ടിയ വാര്‍ത്ത. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ അറസ്റ്റ് ചെയ്തതോ തടങ്കലിലാക്കിയതോ അന്യായമാണെന്നു തോന്നുന്നില്ല.

ദേശീയ അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനം വഴി സാധാരണജനങ്ങളുടെ ദേശീയ പങ്കാളിത്തത്തിനു കുറവു വരുത്തിയിട്ടില്ലെന്ന് ഉറപ്പിച്ചു പറയുവാന്‍ കഴിയും. അടിയന്തിരാവസ്ഥയ്ക്കു മുമ്പ് ദേശീയ പങ്കാളിത്തത്തില്‍ സാധാരണജനങ്ങളുടെ പങ്കാളിത്തത്തിന്‍റെ തോതിനെപ്പറ്റി എനിക്കു വലിയ മതിപ്പുണ്ടെന്നര്‍ത്ഥമില്ല.

നാളിതുവരെയും നമ്മുടെ ദിനപ്പത്രങ്ങളെ നിയന്ത്രിച്ചിരുന്ന വന്‍കിട പണച്ചാക്കുകളായ ജനങ്ങളുടെ പങ്കാളിത്തത്തിനാണ്, എന്തെങ്കിലും കുറവു സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉണ്ടായിട്ടുള്ളത്. ഇത്ര കോളിളക്കം സൃഷ്ടിക്കേണ്ട വിധത്തിലുള്ളതാണ് അവരുടെമേലുള്ള നിയന്ത്രണമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ വര്‍ത്തമാനപത്രങ്ങള്‍ മുമ്പത്തേക്കാള്‍ വിരസങ്ങളായിട്ടുണ്ടെന്ന് സമ്മതിക്കുന്നു. അവ നിയന്ത്രിക്കപ്പെട്ടു എന്നതു ശരി തന്നെ. ഊതിവീര്‍പ്പിച്ച വാര്‍ത്തകളും വീക്ഷണങ്ങളും പ്രചരിപ്പിക്കുക വഴി നമ്മുടെ രാഷ്ട്രീയ ഘടനയെ തകര്‍ത്തു തരിപ്പണമാക്കുവാന്‍ ഇടതു വലതു തീവ്രവാദി സംഘങ്ങള്‍ വാര്‍ത്താ പത്രങ്ങളെ അവരുടെ മാധ്യമങ്ങളായി, ഉപയോഗിക്കുമായിരുന്നു എന്നുള്ളതുകൊണ്ടാണ് അത്. രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ ജനപങ്കാളിത്തത്തിനു വഴിതെളിക്കുന്ന പ്രധാന ഉപാധി വര്‍ത്തമാനപത്രങ്ങളാണ് എന്നുള്ളത് സത്യത്തിന് നിരക്കുന്നതല്ല. സാധാരണജനങ്ങള്‍ മുമ്പത്തെപ്പോലെ ഇപ്പോഴും അതില്‍ പങ്കാളികളാണ്.

ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനും നീതി പുനഃസ്ഥാപിക്കുന്നതിനും വേണ്ടി ഇപ്പോഴത്തെ സര്‍ക്കാര്‍ പരിപാടികളോ ദേശീയ പരിപാടികളോ അപര്യാപ്തമാണെന്നുള്ള എന്‍റെ ഉറച്ച വിശ്വാസം ഞാന്‍ രേഖപ്പെടുത്തട്ടെ. സോഷ്യലിസ്റ്റു മാതൃകയെന്ന പേരില്‍ നിലവിലിരിക്കുന്ന മുതലാളിത്ത വ്യവസ്ഥയെ ഞാന്‍ സാധൂകരിക്കുകയല്ല. എന്നാല്‍ തികച്ചും ജനാധിപത്യത്തിലധിഷ്ഠിതമായ ഒരു സാമ്പത്തിക രാഷ്ട്രീയ ഘടന നിലനിറുത്തുന്നതിനാവശ്യമായ ചുറ്റുപാടുകള്‍ ക്രമീകരിക്കാതെ ആ സമ്പ്രദായത്തെ തകര്‍ക്കുന്നത് നമ്മുടെ രാജ്യത്തെ ജനലക്ഷങ്ങള്‍ക്ക് വിവരണാതീതമായ കഷ്ടപ്പാടുകള്‍ക്കു കാരണമാവുകയേയുള്ളു.

ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഗവണ്‍മെന്‍റിന്‍റെ കാലത്ത് ഇന്ത്യയിലെ ശക്തരായ സമ്പന്ന വിഭാഗത്തിനു പരിപൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. സമ്പദ്ഘടനയില്‍ അവര്‍ക്കുണ്ടായിരുന്ന അമിത സ്വാധീനത്തെ അവര്‍ ചോദ്യം ചെയ്യുകയുണ്ടായി. അഴിമതി, കള്ളക്കടത്ത് തുടങ്ങിയ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചതും, ബാങ്ക് ദേശസാല്‍ക്കരണവും ഇതിന്‍റെ ശക്തമായ പ്രകടനമായിരുന്നു.

വലതുപക്ഷ തീവ്രവാദികളുടെ ശക്തമായ അക്രമത്തിന്‍റെ പ്രേരണ കൊണ്ടാണ് ഇന്ദിരാവിരുദ്ധ പ്രസ്ഥാനം രൂപംകൊണ്ടത്. സ്വന്തം സ്ഥാപിത താല്പര്യത്തിനു തീവ്ര ഇടതുപക്ഷ തീവ്രവാദികള്‍ തീവ്ര വലതുപക്ഷശക്തികളെ മുതലെടുക്കുന്നതില്‍ താല്‍പര്യം കാണിക്കുന്നു. കുറുക്കുവഴികള്‍ സ്വീകരിക്കുന്നതു മൂലവും അച്ചടക്കരാഹിത്യം നിമിത്തവും ഇന്ത്യന്‍ മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രായോഗികമായി തൂത്തെറിയപ്പെടുന്നതിന്‍റെ ലക്ഷണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ പുനരുജ്ജീവനത്തിനുവേണ്ടി അവര്‍ രാജ്യത്തു കലാപം അഴിച്ചുവിടുകയാണ്. ഇതിനുവേണ്ടി വര്‍ഗ്ഗീയവാദികളോടോ ഫാസിസ്റ്റുകളോടോ കൂട്ടുചേരുന്നതിനുപോലും യാതൊരു മടിയുമില്ല. അവര്‍ ജനാധിപത്യവിരുദ്ധവും പാര്‍ലമെന്‍ററി വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. തെളിയിക്കപ്പെട്ട പക്വതയില്ലായ്മയും ഗണ്യമായ ആദര്‍ശ ശുദ്ധിയുമുള്ള ഒരു രാഷ്ട്രീയക്കാരനാണ് ജയപ്രകാശ്. ത്യാഗപൂര്‍ണ്ണമായ ദേശഭക്തിയുടെ ചിഹ്നമായും ഒരു കാലത്ത് ഇന്ത്യന്‍ പാത്രിയര്‍ക്കീസ് ആയ വിനോബാഭാവയുടെ പ്രധാന ശിഷ്യനായും (വിനോബാജിയുമായി നേരത്തെ തെറ്റിപ്പിരിഞ്ഞു) കക്ഷിരഹിതനായ ഒരു അംഗീകൃത നേതാവായും അറിയപ്പെടുന്ന മി. ജയപ്രകാശ്, പിന്നീട് ഇദ്ദേഹം വലത് – ഇടതുപക്ഷ തീവ്രവാദി ശക്തികള്‍ക്ക് ഒന്നിച്ചണിനിരക്കുവാനുള്ള കേന്ദ്രബിന്ദുവായി മാറി. അദ്ദേഹത്തിന്‍റെ രാഷ്ട്രീയമായ അപക്വത തന്‍റെ പരിപാടി യുടെ രണ്ടു ഭാവങ്ങളില്‍ കൂടി പ്രധാനമായും വ്യക്തമാക്കാം.

ശ്രീമതി ഇന്ദിരാ ഗാന്ധിയോടുള്ള വ്യക്തിപരമായ വൈരാഗ്യത്തില്‍ നിന്നുള്ള, നിന്ദ്യമായ വ്യക്തിപരാമര്‍ശം.

വ്യക്തവും ക്രിയാത്മകവുമായ പ്ലാറ്റ്ഫോമിന്‍റെ അഭാവത്തില്‍ പ്രതിപക്ഷ കക്ഷികളെല്ലാം കൂടി കൈകോര്‍ത്തു പിടിക്കുന്നു.
ഒരു ഗവണ്‍മെന്‍റിന്‍റെ ഭരണസാരഥ്യം വഹിക്കുന്നതിനു ശ്രീമതി ഇന്ദിരാ ഗാന്ധിയേക്കാള്‍ യാതൊരുവിധത്തിലുള്ള മേന്മയും ജയ്പ്രകാശിനില്ലെന്ന് പ്രബുദ്ധരായ ഇന്ത്യയിലെ ജനങ്ങള്‍ക്കറിയാമെന്ന് എനിക്കുറപ്പുണ്ട്.

മൊറാര്‍ജിയുടെ സഹായത്തോടെ അദ്ദേഹത്തിനു ഗുജറാത്തില്‍ നല്ലൊരു പിന്തുണ നേടിയെടുക്കുവാന്‍ കഴിഞ്ഞു. മുതലാളിത്തത്തിന്‍റെ ഇന്ത്യയിലെ അഗ്രഗണ്യ വക്താക്കളില്‍ ഒരാളും ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഒരു പ്രധാന പ്രതിയോഗിയും എന്നാല്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ ഭാവിയും ഇല്ലാത്ത ഒരു വ്യക്തിയാണു മൊറാര്‍ജി ദേശായി. അദ്ദേഹത്തെയാണ് ഇന്ത്യയിലേയും പാശ്ചാത്യലോകത്തിലേയും മുതലാളിമാര്‍ ഇന്ത്യയുടെ അധികാരത്തില്‍ അവരോധിക്കുവാന്‍ താല്‍പ്പര്യപ്പെട്ടത്. എന്നാല്‍ ശ്രീമതി ഇന്ദിരാ ഗാന്ധി അദ്ദേഹത്തെ ഞെരുക്കിക്കളഞ്ഞു. അദ്ദേഹത്തിന് അവരോടുള്ള വൈരാഗ്യം ജയപ്രകാശിനുള്ളതിനോടു മാത്രമേ താരതമ്യപ്പെടുത്താനാവൂ. കോണ്‍ഗ്രസ്സില്‍ നിന്നും പുറംതള്ളപ്പെട്ട പഴയ പിന്തിരിപ്പന്‍ ശക്തികളോടു മാത്രമല്ല അറു വര്‍ഗീയവാദികളായ ജനസംഘം, ആര്‍.എസ്.എസ്. തുടങ്ങിയവരോടും കൂട്ടുചേരാന്‍ താല്‍പ്പര്യപ്പെട്ടിരിക്കുകയാണ്. ജയപ്രകാശിനെപ്പോലുള്ള ഒരാള്‍ക്കാണ് പാശ്ചാത്യ ഗവണ്‍മെന്‍റുകള്‍ പിന്തുണ നല്‍കുന്നത്. എന്നാല്‍ അതുപോലൊരു പിന്തുണയ്ക്ക് ഡബ്ലിയു.സി.സി. കക്ഷിയാകരുത്.

വിരുദ്ധ പ്രക്ഷോഭണങ്ങള്‍ അക്രമരാഹിത്യത്തില്‍ നിന്നും വളരെ അകന്നതാണ്. കൊള്ള, കൊള്ളിവെയ്പ്, ഘെരാവോ, പണിമുടക്ക്, ബന്ത് തുടങ്ങിയ എല്ലാ കുത്സിതമാര്‍ഗ്ഗങ്ങളും കുതന്ത്രങ്ങളും സ്വീകരിച്ചിരിക്കുന്നു (ഈ ഇനത്തില്‍പ്പെടുന്ന പുതിയ പല വേലകളും കണ്ടുപിടിച്ച് പേരു നല്‍കിയിട്ടുണ്ട്). രാജി വെയ്ക്കുന്നതിന് പാര്‍ലമെന്‍റംഗങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ട്. റെയില്‍വേ മന്ത്രിയെ കൊലപ്പെടുത്തി. ഇന്ത്യയിലെ ചീഫ് ജസ്റ്റീസിന്‍റെ ജീവനപഹരിക്കുന്നതിനൊരു ശ്രമം നടന്നു. ഈ തരത്തില്‍ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും അരാജകത്വത്തിലേക്കു നീങ്ങുകയും ചെയ്തു. ഞങ്ങളുടെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതു ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അതുപോലെയൊരു സാഹചര്യം ഒഴിവാക്കാമെന്നു ഞങ്ങള്‍ക്ക് പ്രത്യാശയുണ്ട്.

ജനാധിപത്യവിരുദ്ധ നടപടികളിലും ഏര്‍പ്പെടാന്‍ ജനങ്ങളെ ജയപ്രകാശ് ആഹ്വാനം ചെയ്തു. പാര്‍ലമെന്‍റംഗങ്ങളെ ഘെരാവോയും നിര്‍ബന്ധിപ്പിച്ചു രാജിവെപ്പിക്കലും, ഗവണ്‍മെന്‍റാഫീസുകളില്‍ ജോലി മരവിപ്പിക്കുക, നികുതി കൊടുക്കാതിരിക്കുക, സമാന്തര ഗവണ്‍മെന്‍റ് സ്ഥാപിക്കുക, കോടതിവിധികളെ മാനിക്കാതിരിക്കുക, പട്ടാളത്തെ കലാപത്തിനാഹ്വാനം ചെയ്യുക തുടങ്ങിയവ. അദ്ദേഹം അക്രമത്തിന്‍റെ ചുമതല സ്വയം സ്വീകരിക്കുകയും വക്താവാകുകയും ചെയ്തു. അദ്ദേഹം മൗലികങ്ങളായ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടില്ലെന്നു മാത്രമല്ല അതിനെതിരുമായിരുന്നു. അദ്ദേഹത്തിനു പിന്തുണ നല്‍കുന്നതു വഴി ജനാധിപത്യത്തിന്‍റെ ശത്രുക്കളോടൊപ്പം അണിനിരക്കുകയാണു ചെയ്യുന്നത്.

അടിയന്തിരാവസ്ഥ പ്രഖ്യാപനം വഴി ശ്രീമതി ഇന്ദിരാ ഗാന്ധി രാജ്യത്തെ അരാജകത്വത്തില്‍ നിന്നും രക്ഷിച്ചു എന്നാണെന്‍റെ അഭിപ്രായം. അടിയന്തിരാവസ്ഥയുടെ അഭാവത്തില്‍ സമ്പദ്ഘടന, തകര്‍ച്ചയുടെ വക്കത്തായിരുന്നു. കൂടാതെ രാഷ്ട്രീയമായ അനിശ്ചിതത്വം ഒരു പൊട്ടിത്തെറിക്കു തീ കൊളുത്തിയേനേ.

പത്രങ്ങള്‍ക്കു സ്വാതന്ത്ര്യം കൊടുത്തിരുന്നെങ്കില്‍ വാര്‍ത്തകള്‍ പ്രചരിച്ച് ലഹളയുടെയും പൊട്ടിത്തെറിയുടെയും ജ്വാല ആളിപടര്‍ത്തുമായിരുന്നു. അരക്ഷിതാവസ്ഥ ഒഴിവാക്കുന്നതിന് അവരെ തീര്‍ത്തും നിയന്ത്രിക്കേണ്ടിയിരുന്നു. അരക്ഷിതാവസ്ഥ പടര്‍ത്തി വിടുന്നതിനു പിന്തിരിപ്പന്‍ ശക്തികളെല്ലാം അവയെ ഉപയോഗിക്കുമായിരുന്നു. കാരണം അവയെല്ലാം നിയന്ത്രിച്ചിരുന്നതു വന്‍കിട പണച്ചാക്കുകളാണ്.

അടിയന്തിരാവസ്ഥ കുറേക്കാലം കൂടി തുടരണം. അത് ഇപ്പോള്‍ പിന്‍വലിക്കുന്നത് അപകടകരമാണ്.

വലിയൊരു സംഘം രാഷ്ട്രീയ തടവുകാരെ ഒതുക്കത്തില്‍ തന്നെ വിട്ടയച്ചിരിക്കുന്നു. കള്ളക്കടത്തുകാര്‍, കരിഞ്ചന്തക്കാര്‍, വ്യാജച്ചരക്കു കച്ചവടക്കാര്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റക്കാരെയാണു തടങ്കലില്‍ പാര്‍പ്പിച്ചവരില്‍ അധികംപങ്കും.
സ്വാതന്ത്ര്യം അവര്‍ക്കു നല്‍കിയിരുന്നെങ്കില്‍, ഏതു വന്‍ ക്രിമിനല്‍ പുള്ളിയെയും രക്ഷപെടുത്താന്‍ തക്ക നിയമ പഴുതുണ്ടാക്കുന്നതിനു കഴിയുമെന്നു തെളിയിച്ച വിദഗ്ദ്ധന്മാരായ അഭിഭാഷകരുടെ സഹായം ലഭിക്കത്തക്ക ധനശേഷി അവര്‍ക്കുണ്ട്.
നിയമാനുസൃതമായുള്ള രാജ്യത്തെ സമ്പദ്ഘടന ത്വരിതഗതിയില്‍ വളര്‍ച്ച പ്രാപിക്കുന്നു. താല്‍ക്കാലികമായി തകര്‍ക്കപ്പെട്ടതു കള്ളപ്പണത്തിന്‍റേതായ നിയമവിരുദ്ധ സമാന്തര സമ്പദ്ഘടനയെയാണ്. ഈ നടപടി വിശിഷ്ടാഡംബര വസ്തുക്കളുടെ വ്യവസായത്തെ കാര്യമായി ഉപദ്രവിച്ചുകൊണ്ടിരുന്നു. അടിയന്തിരാവസ്ഥ മുഖാന്തരം ക്രമീകരിക്കപ്പെട്ട വിപുലമായ ഒരു പ്രശ്നമാണിത്. ഏഷ്യന്‍ ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സമാനമായ ഒരു ചിത്രം ലഭിക്കുന്നതുകൊണ്ട് ണ.ഇ.ഇ. സൂക്ഷ്മതയോടു കൂടി വേണം ഈ പ്രശ്നം പഠിക്കേണ്ടത്.

ചുരുക്കത്തില്‍ താങ്കളുടെ കത്തിലെ വിവിധ സംഗതികളുടെ മറുപടി എന്ന നിലയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ താഴെ കൊടുക്കുന്നു:

1. ഒരു വലിയ സംഘം ആള്‍ക്കാരെ അറസ്റ്റു ചെയ്യുകയും വിചാരണ കൂടാതെ അവരെ തടങ്കലിലാക്കുകയും ചെയ്തു. അവരുടെ എണ്ണം എത്രയുണ്ടെന്നറിയില്ല. അവരില്‍ ഒരു വലിയ പങ്കിനെ വിട്ടയച്ചിട്ടുണ്ട്.

2. ഫാസിസ്റ്റുകളെന്നു വിളിക്കപ്പെട്ട ഞ.ട.ട. ഉം, ആനന്ദമാര്‍ഗ്ഗികളുമാണ് തടങ്കലിലാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും വ്യാജച്ചരക്കു കച്ചവടക്കാരുമാണ് മറ്റൊരു വിഭാഗം. കുറെ സര്‍വ്വോദയ നേതാക്കന്മാരും മറ്റു ചിലര്‍ സി.പി.എം. -ല്‍ പെടുന്നവരുമാണ്. തടവിലാക്കപ്പെട്ടവരുടെ യഥാര്‍ത്ഥ വിവരം പ്രസിദ്ധപ്പെടുത്തുവാന്‍ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുന്നതില്‍ ന്യായീകരണമുണ്ട്.

3. തടവുകാരെ മര്‍ദ്ദനമുറകള്‍ക്കു വിധേയരാക്കുന്നുവെന്നു ഞാന്‍ വിചാരിക്കുന്നില്ല. ചില പോലീസുദ്യോഗസ്ഥന്മാര്‍ തങ്ങളുടെ സ്വന്തം വൈരാഗ്യം തീര്‍ക്കുന്നതിന് അടിയന്തിരാവസ്ഥയെ ഉപയോഗിച്ചു എന്നു ചില പരാതികള്‍ കിട്ടിയിട്ടുണ്ട്. അടിയന്തിരാവസ്ഥയുടെ ദുര്‍വിനിയോഗങ്ങളെപ്പറ്റിയുള്ള പരാതികള്‍ തക്കതായ കേന്ദ്രങ്ങളിലറിയിച്ചാല്‍ തെറ്റുകള്‍ തിരുത്തുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും ഗവണ്‍മെന്‍റ് തയ്യാറാണ്.

4. താഴെക്കിടയിലുള്ള ജയിലുദ്യോഗസ്ഥന്മാരില്‍ നിന്നുള്ള പീഡനങ്ങളെക്കുറിച്ചു ചില റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്. എന്നാല്‍ ക്രമീകൃതമായ പീഡനമുറകള്‍ സ്വീകരിക്കുന്നുവെന്നു ചിന്തിക്കുവാന്‍ തക്ക കാരണങ്ങളൊന്നുമില്ല. വിട്ടയക്കപ്പെട്ട ചില തടവുകാരോടു ഞാന്‍ സംസാരിക്കുകയും ചെയ്തു.

5. മനുഷ്യാവകാശങ്ങളുടെ ധ്വംസനം ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൂടുതലായി കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരുമാണ് പിടിക്കപ്പെട്ടിട്ടുള്ളത്. സാധാരണജനങ്ങള്‍ക്ക് അതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ വിരളമാണ്.

6. ഇന്ത്യയിലെ ദേശീയ സാഹചര്യത്തെപ്പറ്റിയുള്ള നാലോ അഞ്ചോ ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുത്തതില്‍ തുറന്ന ചര്‍ച്ചകളും ഗവണ്‍മെന്‍റിന്‍റെ നേരെ ശക്തമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. താങ്കള്‍ വിചാരിക്കുന്നതുപോലെ ഭീതി കാരണം ജനങ്ങള്‍ വാ മൂടിക്കെട്ടിയിരിക്കുകയല്ല, കുറഞ്ഞപക്ഷം ഇന്നു വരെയെങ്കിലും. ഗവണ്‍മെന്‍റിന് അനുകൂലമല്ലാത്ത യാതൊരു ചര്‍ച്ചകളുടേയും ഫലങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയില്ലെങ്കിലും കുറെയൊക്കെ സ്വതന്ത്ര ചര്‍ച്ചകള്‍ ഞങ്ങളുടെയിടയിലുണ്ട്.

7. കുറെ മാസങ്ങള്‍ കൂടി അടിയന്തിരാവസ്ഥ നീട്ടിക്കൊണ്ടു പോകേണ്ടി വരും. അടിയന്തിരാവസ്ഥയ്ക്ക് നേരത്തെ തന്നെ വിരാമമിടുന്നതിന് ണ.ഇ.ഇ. ആവശ്യപ്പെടുന്നതു ന്യായം തന്നെ. എന്നാല്‍ അതില്‍ വലിയ കാര്യമൊന്നുമില്ല. തക്കതായ സമയത്ത് വിരാമമിടുമെന്ന് എനിക്ക് തോന്നുന്നു.

8. കുറെ താല്‍ക്കാലിക നേട്ടങ്ങളുടെ താല്‍പ്പര്യത്തിനുവേണ്ടി ഏകാധിപത്യ ഭരണത്തിന്‍റെ ഗുണഗണങ്ങളുടെ കെണിയില്‍ വീഴാന്‍ എനിക്കാഗ്രഹമില്ല. കൂടാതെ ദീര്‍ഘകാല പ്രശ്നങ്ങള്‍ക്കുത്തരം അടിയന്തിരാവസ്ഥയാണെന്നും ഞാന്‍ പറയുന്നില്ല. പക്ഷേ, പെട്ടെന്നുണ്ടായ നേട്ടങ്ങള്‍ ഗണ്യമാണെന്നു ഞാന്‍ കരുതുന്നു.

(1) വിദ്യാര്‍ത്ഥികളുടേയും പൊതുജനങ്ങളുടേയും നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രക്ഷോഭണങ്ങളും നിയന്ത്രിക്കപ്പെട്ടതോടുകൂടി ഉത്തരവാദിത്വത്തിന്‍റേതായ ഒരന്തരീക്ഷം ഉടലെടുക്കുന്നതിന് സഹായകമായി. കുറെ വര്‍ഷത്തേക്ക് ഈ ശിക്ഷണബോധം നിലനിന്നേക്കും.

(2) പല സംസ്ഥാന ഗവണ്‍മെന്‍റുകളിലും കേന്ദ്രത്തിലും ഗവണ്‍മെ ന്‍റിന്‍റെ കാര്യക്ഷമത കാര്യമായി വര്‍ദ്ധിച്ചു.

(3) പല വ്യവസായ മേഖലകളിലും ലക്ഷ്യം സഫലീകരിക്കാന്‍ പോരുന്നവിധം വ്യവസായരംഗത്തു സമാധാനം കൈവന്നു. ഉല്പാദനം പതിന്‍മടങ്ങു വര്‍ദ്ധിച്ചു. താറുമാറായി കിടന്ന പൊതുമേഖല പെട്ടെന്നു ഉണര്‍വ്വു പ്രാപിച്ചു.

(4) നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ഒരു വലിയ സമാന്തര സമ്പദ് ഘടന (കള്ളപ്പണം, കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്, വ്യാജച്ചരക്കു കച്ചവടം, കൈകൂലി ലരേ.) യെ വെളിച്ചത്താക്കുകയും കാര്യമായി കടിഞ്ഞാണിടുകയും ചെയ്തു. ഈ രംഗം പൊതുവെ ഒളിവിലായിട്ടുണ്ട്. അടിയന്തിരാവസ്ഥ പിന്‍വലിച്ചാല്‍ അതു തലപൊക്കാന്‍ സാദ്ധ്യതയുണ്ട്.

(5) ശ്രീമതി ഇന്ദിരാ ഗാന്ധി അധികാരത്തിലിരിക്കുന്നിടത്തോളം സാധാരണ ജനങ്ങളുടെ താല്‍പ്പര്യത്തെ മറികടന്നു പോകുവാന്‍ വന്‍കിട പണച്ചാക്കുകളെ അനുവദിക്കുകയില്ല. അടുത്തു വരുന്ന തിരഞ്ഞെടുപ്പിനുവേണ്ടി അവര്‍ക്ക് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരുമെങ്കിലും അത് ഒരു പരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള വിട്ടുവീഴ്ചയായിരിക്കുമെന്ന് ആശിക്കാം.

9. ജനങ്ങളുടെ പങ്കാളിത്തത്തെപ്പറ്റിയുള്ള താങ്കളുടെ വാദമുഖം വളരെ വികൃതമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. പത്രസ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, അഭിപ്രായപ്രകടന സ്വാതന്ത്ര്യം മുതലായവയെ അനുവദിക്കുന്നതു മൂലം ജനങ്ങളുടെ പങ്കാളിത്തം യഥാര്‍ത്ഥമാകണമെന്നില്ല. ഈ സ്വാതന്ത്ര്യങ്ങളൊക്കെ ആവശ്യമാണ്. അടിയന്തിരാവസ്ഥക്കു മുമ്പ് ഈ സ്വാതന്ത്ര്യങ്ങള്‍ അതിന്‍റെ മുഴുവന്‍ അളവില്‍ത്തന്നെ ഇവിടെ ഉണ്ടായിരുന്നു. എന്നിട്ടും ജനപങ്കാളിത്തം വെറും വട്ടപ്പൂജ്യമായിരുന്നു. അതിനു കാരണം ദേശീയപദ്ധതി രൂപീകരണവും അവ നടപ്പാക്കലും നിയമനിര്‍മ്മാണ കാഴ്ചപ്പാടിലൊതുങ്ങിയതും ഉദ്യോഗസ്ഥ നിയമപരിപാടികളാല്‍ നടപ്പിലാക്കിയതിനാലുമാണ്.

കൃഷിയുടേയും വ്യവസായത്തിന്‍റേയും ഉല്‍പാദനത്തിന്‍റെ പ്രാഥമിക തലങ്ങളില്‍ പരിശീലനം സിദ്ധിച്ച കേഡറ്റുകളെ വാര്‍ത്തെടുക്കുന്നതിനുള്ള കാര്യക്ഷമമായ യാതൊരു ശ്രമവും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുണ്ടായിട്ടില്ല. ഈ സംഗതിയിലാണിപ്പോഴും ഭാവി നിലകൊള്ളുന്നത്. അല്ലാതെ പാശ്ചാത്യ ലിബറല്‍ തത്വജ്ഞാനികള്‍ വിശ്വസിക്കുന്നതുപോലെ സംഘടിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യങ്ങളിലല്ല. ക്രമസമാധാനത്തോടുള്ള അമിതമായ ആശ്രയത്വവും ബഹുമാനവും നിമിത്തം, നിരൂപണാത്മകമല്ലാത്തതും വികാരപരവുമായ നിലവിലിരിക്കുന്ന വ്യവസ്ഥിതിയോട് ഇഴുകിച്ചേര്‍ന്നുള്ള പോക്ക് ക്രിസ്ത്യാനികളുടെ ബലഹീനതയാണെന്ന് ലിയോപോള്‍ഡിന്‍റെ കത്തില്‍ സൂചിപ്പിച്ചത് ഞാന്‍ പലപ്പോഴും പ്രസംഗിച്ചിട്ടുള്ളതാണെന്ന് താങ്കള്‍ക്കറിയാം. എന്നാല്‍ നിരൂപണാത്മകമല്ലാത്തതും വികാരപരമായതുമായ പ്രവാചകത്വം – സ്റ്റാറ്റ്സ്കോയെ വിമര്‍ശിക്കുന്ന പൊതുപ്രസ്താവനകളാണ് ക്രിസ്തീയ സമൂഹത്തിന്‍റെ പരമമായ ഗുണം എന്നു കരുതുന്നതും – ഞാന്‍ തുല്യമായ വിമര്‍ശനബുദ്ധിയോടു കൂടി മാത്രമേ നോക്കിക്കാണുകയുള്ളൂ. നമ്മുടെ ഇടയിലെ ലിബറല്‍ ക്രിസ്ത്യാനികള്‍ പലപ്പോഴും വീണുപോകാറുള്ള ഒരുതരം മിഡില്‍ ക്ലാസ്സ് ബലഹീനതയാണ് സ്ഥാനത്തും അസ്ഥാനത്തും ഉള്ള പ്രവാചകത്വം.

കേന്ദ്ര കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരിക്കുന്ന ശ്രീ. എം. എം. തോമസിന്‍റെ പല പ്രസ്താവനകളോടും എനിക്കു വിയോജിപ്പുണ്ടെന്ന് കൂടി ഞാന്‍ രേഖപ്പെടുത്തട്ടെ. അദ്ദേഹത്തിനൊരു രക്തസാക്ഷി ആകണമെന്ന് ആഗ്രഹമുണ്ടെന്നോ അല്ലെങ്കില്‍ മറ്റിന്ത്യന്‍ ക്രിസ്ത്യാനികള്‍ക്ക് അപകടപ്പെടുത്തുവാന്‍ പാടില്ലാത്തത്, അദ്ദേഹം തന്‍റെ അന്തര്‍ദേശീയ സ്ഥാനത്തെ മുതലെടുത്തുകൊണ്ട്, അപകടപ്പെടുത്തുന്നുവെന്നോ ഞാന്‍ പറയുന്നില്ല. അദ്ദേഹത്തിന്‍റെ വിമര്‍ശനങ്ങള്‍ക്ക് മതിയായ ദീര്‍ഘവീക്ഷണമോ അഗാധതയോ ഇല്ലെന്നതിലും, അതിനാല്‍ അതു വഴിതെറ്റിക്കാന്‍ ഇടയാക്കുന്നതിലുമാണ് എന്‍റെ എതിര്‍പ്പ്.
നാം നൈറോബിയിലായിരിക്കുമ്പോള്‍ ശ്രീ. എം. എം. തോമസ്, ലിയോപോള്‍ഡ്, നൈനാന്‍ കോശി തുടങ്ങിയവരോടൊരുമിച്ചിരുന്ന് ഈ വിഷയത്തെപ്പറ്റിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സ്വകാര്യമായി ചര്‍ച്ച ചെയ്തതിനുശേഷം ഒരു പൊതു വാദപ്രതിവാദത്തിന് മുതിര്‍ന്നാല്‍ പോരേ?

താങ്കള്‍ ചുമതലയേറ്റശേഷമുള്ള ആദ്യത്തെ അസംബ്ലിയുടെ ഭാരിച്ച ചുമതല ഏറ്റെടുത്തുകൊണ്ടിരിക്കുന്നവേളയില്‍ താങ്കള്‍ക്കു ദൈവാനുഗ്രഹമുണ്ടായിരിക്കട്ടെ! ഡൊരീനും താങ്കള്‍ക്കും സ്നേഹാന്വേഷണങ്ങള്‍.

ക്രിസ്തുവിലുള്ള ഐക്യത്തില്‍

പൗലോസ് ഗ്രീഗോറിയോസ്

pmg_indira

ഇന്ദിരാഗാന്ധി

മെത്രാപ്പോലീത്താ പരസ്യമായി ഇന്ദിരാഗാന്ധിയെയും അടിയന്തിരാവസ്ഥയെയും വിമര്‍ശിച്ചില്ല. ഇന്ദിരാഗാന്ധിയെ ഏതു സമയത്തും കാണുവാനുണ്ടായിരുന്ന സ്വാതന്ത്ര്യമുപയോഗിച്ച്, മുഖാമുഖമായി അവരെ വിമര്‍ശിക്കുകയും, ചെയ്യുന്നത് തെറ്റാണെന്ന് ധൈര്യപൂര്‍വ്വം ചൂണ്ടിക്കാണിക്കുകയും ചെയ്തു. മെത്രാപ്പോലീത്താ പറയുന്നതിനെ കുറെയൊക്കെ അവര്‍ ഗൗരവപൂര്‍വ്വം എടുക്കുകയും ചെയ്തിരുന്നു.
“പി. സി. അലക്സാണ്ടര്‍ മുഖേനയാണ് ഇന്ദിരാഗാന്ധിയുമായി എനിക്ക് പരിചയമുണ്ടായത്. എനിക്ക് എല്ലാ സമയത്തും ഇന്ദിരാഗാന്ധിയെ കാണാനുള്ള സ്വതന്ത്ര്യമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയോട് ഒരു കരാര്‍ പോലെയുണ്ടായിരുന്നു. അതായത് ഞാന്‍ പരസ്യവേദികളില്‍ ഇന്ദിരാഗാന്ധിയെ വിമര്‍ശിക്കുകയില്ല. പക്ഷേ, നേരിട്ട് മുഖാമുഖമായി വിമര്‍ശിക്കാനുള്ള അവകാശവും അവസരവും എനിക്ക് തരണമെന്ന് പറഞ്ഞു. അത് അവര്‍ തരുമായിരുന്നു. പലപ്പോഴും ഒറ്റയ്ക്കു കണ്ട്, അവര്‍ ചെയ്യുന്നത് തെറ്റാണെന്ന് ധൈര്യത്തോടുകൂടി പറയാന്‍ സാധിക്കുമായിരുന്നു. ഞാന്‍ പറയുന്നതിനെ കുറെയൊക്കെ ഗൗരവമായിട്ട് അവര്‍ എടുക്കുകയും ചെയ്തിരുന്നു.”

“ഞാന്‍ പരസ്യമായി ഇന്ദിരാഗാന്ധിയെ വിമര്‍ശിക്കാഞ്ഞതിന്‍റെ ഒന്നാമത്തെ കാരണം, അവര്‍ പോയിക്കഴിഞ്ഞാല്‍ വരുന്ന വ്യവസ്ഥിതിയില്‍ (പിന്നീടുണ്ടായപോലെ ജനതാ വ്യവസ്ഥിതിയില്‍) എനിക്ക് ഒട്ടും കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നു. അവരെയൊക്കെ എനിക്കറിയാവുന്നതുമാണ്. മൊറാര്‍ജി ദേശായി, ചരണ്‍സിംഗ്, ജയപ്രകാശ് നാരായണന്‍ തുടങ്ങിയവരോട് എനിക്കൊട്ടും ബഹുമാനമില്ലായിരുന്നു. അതിനേക്കാള്‍ ഭേദം ഇന്ദിരാഗാന്ധി തന്നെയാണെന്നുള്ള അഭിപ്രായമാണ് എനിക്കുണ്ടായിരുന്നത്. നേരേമറിച്ച് എന്‍റെ സുഹൃത്തായ എം. എം. തോമസിന്‍റെ അഭിപ്രായം ഇന്ദിരാഗാന്ധിയെ മാറ്റിയാല്‍ എല്ലാ പ്രശ്നങ്ങളും തീരും എന്നുള്ളതായിരുന്നു. അതിനോട് ഒട്ടും ഞാന്‍ യോജിക്കുന്നില്ലായിരുന്നു. ഇന്ദിരാഗാന്ധിയെ മാറ്റിയതുകൊണ്ട് പ്രശ്നം തീര്‍ന്നില്ല എന്ന് എല്ലാവര്‍ക്കും അറിയാം. അതുകഴിഞ്ഞ് വന്ന ഗവണ്‍മെന്‍റ് ഇന്ദിരാഗാന്ധിയുടേതിനേക്കാള്‍ മോശമായിരുന്നു എന്നും നമുക്കെല്ലാവര്‍ക്കും അറിയാം.”

“പരസ്യമായിട്ട് അടിയന്തിരാവസ്ഥയെ കുറ്റം പറഞ്ഞാല്‍ ഞാനൊരു പ്രത്യേക കൂട്ടത്തില്‍ ആയിത്തീരും. മൊറാര്‍ജി ദേശായി, ജയപ്രകാശ് നാരായണന്‍, ചരണ്‍സിംഗ്, ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയ ആളുകളുടെ കൂട്ടത്തിലായിത്തീരും. ചരണ്‍സിംഗിന് അയാള്‍ക്ക് അധികാരം കിട്ടണമെന്ന ഒറ്റ വിചാരമേ ഉണ്ടായിരുന്നുള്ളു. മൊറാര്‍ജിക്ക് ഇന്ദിരാഗാന്ധിയോട് പകരം വീട്ടുവാന്‍ വേണ്ടി അധികാരസ്ഥാനത്തു കയറണമെന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് അയാളെപ്പറ്റിയും ഒട്ടും ബഹുമാനമില്ല. ഇതുപോലെയുള്ള ആളുകളുടെ കൂട്ടത്തില്‍ പോയിപ്പെടാന്‍ എനിക്കിഷ്ടമില്ല. അവരെയൊന്നും പിന്തുണയ്ക്കുവാനും എനിക്ക് ഒട്ടും ഇഷ്ടമില്ല. അന്നും ഇഷ്ടമില്ല, ഇന്നും ഇഷ്ടമില്ല. അതുകൊണ്ട് ഞാന്‍ പരസ്യമായിട്ട് ഒന്നും ചെയ്തില്ല. പക്ഷേ, എപ്പോഴും ഇന്ദിരാഗാന്ധിയെ പോയി കാണുകയും സംസാരിക്കുകയും, പ്രശ്നങ്ങള്‍ തീര്‍ക്കാനായി ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു.”

“ഇതേസമയം തന്നെ അടിയന്തിരാവസ്ഥക്കാലത്ത് പോലീസിന്‍റെ അധികാരങ്ങള്‍, അവര്‍ ദുരുപയോഗം ചെയ്യുന്നതിനെ ഞാന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. ഞാന്‍ ഒരിക്കലും അതിന് വഴങ്ങിക്കൊടുക്കുകയില്ലായിരുന്നു. ‘പോലീസ് രാജ്യം’ ഇവിടെ നടപ്പിലാക്കാന്‍ സാധിക്കുകയില്ല എന്ന് ഇന്ദിരാഗാന്ധിയോട് വളരെ ശക്തമായിട്ടു തന്നെ ഞാന്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. ‘മാക്സിമം പന്ത്രണ്ടു മാസത്തില്‍ കൂടുതല്‍ പോലീസിന് അധികാരം വഹിയ്ക്കാന്‍ സാധ്യമല്ല. പോലീസ് കറപ്റ്റ് ആകും. അങ്ങേയറ്റം പോയാല്‍ 18 മാസമേ എടുക്കാവൂ. അതില്‍ കൂടുതല്‍ ഒരു അടിയന്തിരാവസ്ഥ കൊണ്ടുപോകുവാന്‍ സാധ്യമല്ല’ എന്നു ഞാന്‍ പറഞ്ഞു. അവരത് നോട്ട് എഴുതിയെടുത്തു. എന്‍റെ ആശയത്തോട് പൂര്‍ണ്ണമായി യോജിക്കുകയും ചെയ്തു.”

ഡബ്ലിയു.സി.സി. ഇടപെടുവാന്‍ ശ്രമിച്ചതിനെ, അങ്ങ് എതിര്‍ത്തത് എന്തുകൊണ്ടാണ്?

“ഡബ്ലിയു.സി.സി. ഈ പ്രശ്നത്തില്‍ ഇടപെടണമെന്നുള്ളതായിരുന്നു ഫിലിപ്പ് പോട്ടറുടെയും എം. എം. തോമസിന്‍റെയും ആഗ്രഹം. ഡബ്ലിയു.സി.സി. അങ്ങനെ ഇടപെടുകയാണെങ്കില്‍ ആ ഇടപെടുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് ഞാന്‍ ശക്തിയായിട്ട് പറഞ്ഞു. ഡബ്ലിയു. സി.സി. ഇടപെട്ട് ഇന്ത്യയിലെ പ്രശ്നം തീര്‍ക്കാനൊന്നും സാധിക്കുകയില്ലെന്നുള്ളത് എനിക്ക് നല്ലതുപോലെ അറിയാമായിരുന്നു. ഫിലിപ്പ് പോട്ടറിനെയൊക്കെ എനിക്കു നല്ലതുപോലെ അറിയാവുന്നതാണ്. അവരെക്കൊണ്ടൊന്നും ഒരു ലവലിനു മീതെ ചിന്തിക്കാന്‍ കഴിവില്ലാത്തവരാണ്. ഡബ്ലിയു.സി.സി. വന്ന് ഇവിടെ ഇടപെടണമെന്ന് എനിക്ക് വിചാരമില്ലായിരുന്നു. സഭാകൗണ്‍സിലിനകത്ത് ഇന്ത്യയെപ്പറ്റി ഒരു വിമര്‍ശനമുണ്ടാകുന്നതുകൊണ്ട്, ഇന്ത്യയില്‍ വലിയ പുരോഗതി ഉണ്ടാവുകയില്ലെന്നും എനിക്കറിയാമായിരുന്നു.”

“അതേസമയം തന്നെ ഇന്ദിരാഗാന്ധിയെ നേരില്‍ കണ്ട് ഞാന്‍ പറഞ്ഞു: ‘നാളെ ഞാന്‍ ജനീവായിലേക്കു പോകുകയാണ്. അവിടെ അഖിലലോക സഭാകൗണ്‍സിലിന്‍റെ മീറ്റിംഗില്‍, ഇന്ത്യയിലെ അടിയന്തിരാവസ്ഥയെക്കുറിച്ച് ചര്‍ച്ച വരും. ആ സമയത്ത് താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഞാന്‍ സമാധാനം കൊടുക്കേണ്ടി വരും. അതിന് മിസിസ് ഗാന്ധി സമാധാനം തരണം.’ ഒരു മണിക്കൂര്‍ അവരുമായി സംസാരിച്ചു. വളരെക്കാര്യങ്ങളില്‍ സഹകരണ മനോഭാവത്തോടു കൂടിയുള്ള മറുപടിയാണ് അവര്‍ തന്നത്. ഒന്നാമത് ഞാന്‍ പറഞ്ഞത്, ഇന്നത്തെ അടിയന്തിരാവസ്ഥയില്‍ എല്ലാ ജയിലുകളും നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. ഒരു കുറ്റവും ചെയ്യാത്ത ഒരുപാടു പേരെ പിടിച്ച് ജയിലിലിട്ടിരിക്കുന്നുവെന്നാണ് പൊതുവെയുള്ള അഭിപ്രായം. മനുഷ്യാവകാശ ലംഘനത്തിന്‍റെ പ്രശ്നമാണല്ലോ, അതേപ്പറ്റി എന്തെങ്കിലും പറയണമല്ലോ എന്നു ഞാന്‍ ചോദിച്ചു. ജയിലില്‍ കിടക്കുന്നവരില്‍ മൂന്നില്‍രണ്ടു ഭാഗം ആള്‍ക്കാരെ നാളെത്തന്നെ വിട്ടയയ്ക്കുന്നതാണെന്ന് അവര്‍ എനിക്ക് ഉറപ്പുതന്നു. അതുപോലെ ചെയ്യുകയും ചെയ്തു. അതിനുശേഷം, മൊറാര്‍ജി ദേശായിയെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചോദിച്ചു. ‘മൊറാര്‍ജി ഭായിക്ക് ആവശ്യമുള്ള എല്ലാം നല്‍കിക്കൊണ്ടാണിരിക്കുന്നത്. മൊറാര്‍ജി ഭായിയുടെ പേരിലുള്ള ആരോപണങ്ങള്‍ വിശദമായി ചിന്തിച്ചശേഷം ഞാന്‍ അദ്ദേഹത്തെ വിട്ടയയ്ക്കുമെന്ന്’ ഇന്ദിരാഗാന്ധി പറഞ്ഞു. ജയപ്രകാശ് നാരായണനോട് ഇന്ദിരാഗാന്ധിക്ക് ഒട്ടും ബഹുമാനമില്ല എന്നെനിക്ക് തോന്നി. മൊറാര്‍ജിയെപ്പറ്റി പറഞ്ഞപ്പോള്‍ ‘മൊറാര്‍ജി ഭായ്’ എന്നാണു പറഞ്ഞത്. ജയപ്രകാശിനെപ്പറ്റി പറഞ്ഞപ്പോള്‍ ‘ദാറ്റ് ഫെലോ’ എന്നാണ് പറഞ്ഞത്. ‘അയാള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കുന്നുണ്ട്. കുറച്ചു സമയത്തിനകം അയാളെയും വിട്ടയയ്ക്കുമെന്ന്’ എനിക്ക് ഉറപ്പു നല്‍കി. അതുപോലെ ധാരാളം കാര്യങ്ങളില്‍ ഇന്ദിരാഗാന്ധിയുടെ ഗ്യാരന്‍റി ഉണ്ടായിരുന്നു.”

അടിയന്തിരാവസ്ഥ അവസാനിപ്പിക്കാന്‍ കേരളത്തിലൊരു രാഷ്ട്രീയ നീക്കം

“ഈ സമയത്ത് കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ സഖ്യമുണ്ടാക്കി ഇലക്ഷന്‍ നടത്തണമെന്ന ഒരു നിര്‍ദ്ദേശം ഉണ്ടായി. കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസുമായി ഒരു സഖ്യമുണ്ടാക്കുവാന്‍ തയ്യാറായിരുന്നു. ഈ നിര്‍ദ്ദേശം ഇന്ദിരാഗാന്ധിക്കു കൊടുക്കാന്‍ ആരാണു പോകേണ്ടത് എന്നുള്ളതിനെക്കുറിച്ച് ഒരു വലിയ സംവാദം നടന്നു. കെ. എം. ജോര്‍ജ്, ഞാന്‍ തന്നെ പോയെങ്കിലേ ശരിയാവുകയുള്ളൂ എന്നു ശഠിച്ചു. കെ. എം. മാണിയെ അയക്കുകയില്ല എന്നു പറഞ്ഞു; ആരെങ്കിലും പോയാല്‍, ആ ആള്‍ ലീഡറായി വരും എന്നുള്ള ഭയം കൊണ്ട്. ഒടുവില്‍ ദീപികയുടെ എഡിറ്ററെ ഈ നിര്‍ദ്ദേശവുമായി ഡല്‍ഹിയിലയച്ചു. അദ്ദേഹത്തിന് ഇന്ദിരാഗാന്ധിയെ കാണാന്‍ സാധിച്ചില്ല. അതുകൊണ്ട് തിരിച്ചു വന്നു. ആ സാഹചര്യത്തില്‍ ഞാന്‍ പോകണമെന്ന് അവര്‍ തീരുമാനിച്ചു. എനിക്ക് ഇന്ദിരാഗാന്ധിയെ കാണാനുള്ള സൗകര്യം ഉണ്ടെന്ന് ഒരുമാതിരി ആളുകള്‍ക്കൊക്കെ അറിയാം. അതുകൊണ്ട് എന്നോട്, ഇതു കൊണ്ടുപോയി കൊടുക്കണമെന്നു പറഞ്ഞു. അലക്സാണ്ടര്‍ വെള്ളാപ്പള്ളിയാണ് ലിസ്റ്റ് മുഴുവന്‍ കൊണ്ടുവന്ന് എന്‍റെ കൈയില്‍ തന്നത്. ഞാനതുമായി ഇന്ദിരാഗാന്ധിയെ പോയി കണ്ടു. ഞാന്‍ പറഞ്ഞു: ‘ഇപ്പോള്‍ ഞാന്‍ വന്നിരിക്കുന്നത് ഒരു രാഷ്ട്രീയ സഖ്യത്തിനുള്ള നിര്‍ദ്ദേശവും കൊണ്ടാണ്. ആ നിര്‍ദ്ദേശമനുസരിച്ച് കേരളത്തില്‍ ആദ്യത്തെ ഇലക്ഷന്‍ നടത്താനൊക്കും. കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസുമായി ഒരു രാഷ്ട്രീയ സഖ്യത്തിന് തയ്യാറാണ്. കേരളാ കോണ്‍ഗ്രസിന് ആവശ്യമുള്ള സീറ്റുകള്‍ ഇവയാണ്.’ ഞാന്‍ 200 പേജുള്ള ഒരു ലിസ്റ്റ് അവര്‍ക്ക് കൊടുത്തു. അവര്‍ അത് മിക്കവാറും സമ്മതിച്ചു. എന്നോട് സമ്മതിച്ചില്ല. അന്നുതന്നെ ഇവിടേക്ക് അവരുടെ ഒരു ഏജന്‍റിനെ വിട്ട് (ഒരു രവീന്ദ്രന്‍) കെ. എം. മാണിയുമായും കെ. എം. ജോര്‍ജുമായും ദീര്‍ഘമായി സംസാരിച്ച് ഒരു രാഷ്ട്രീയ സഖ്യത്തിന് സമ്മതിച്ചു. പക്ഷേ നടന്നില്ല. അത് ഇവിടെയുള്ള ആഭ്യന്തരകലഹങ്ങള്‍ കൊണ്ടാണ്. കെ. എം. ജോര്‍ജും കെ. എം. മാണിയും തമ്മിലുള്ള നേതൃത്വത്തിന്‍റെ പ്രശ്നം മൂലമാണ് നടക്കാതെ പോയത്. അന്ന് അതനുസിച്ച് ഒരു ഇലക്ഷന്‍, അപ്പോള്‍ തന്നെ നടത്തിയിരുന്നെങ്കില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നുള്ളതിന് യാതൊരു സംശയവുമില്ലായിരുന്നു. അതുകഴിഞ്ഞാല്‍ പിന്നീട് മറ്റു സംസ്ഥാനങ്ങളിലൊക്കെ തിരഞ്ഞെടുപ്പ് നടത്തി അടിയന്തിരാവസ്ഥ അവസാനിപ്പിക്കാമെന്നാണ് ഞാന്‍ ഇന്ദിരാഗാന്ധിയോട് പറഞ്ഞത്. അവരത് സമ്മതിക്കുകയും ചെയ്തിരുന്നു. ആ വഴിക്ക് പോയിരുന്നെങ്കില്‍ വളരെ നേരത്തെ തന്നെ അടിയന്തിരാവസ്ഥ തീര്‍ന്നുപോയേനെ. അങ്ങനെ നേരിട്ടുള്ള മാര്‍ഗ്ഗങ്ങളില്‍ കൂടി അടിയന്തിരാവസ്ഥ അവസാനിപ്പിക്കാന്‍ വേണ്ടി ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പരസ്യമായിട്ട് അടിയന്തിരാവസ്ഥയെ ഞാന്‍ കുറ്റം പറഞ്ഞില്ല എന്നുള്ളത് പരമാര്‍ത്ഥമാണ്. അത് പേടിച്ചിട്ടൊന്നുമല്ല, കാര്യം നടക്കാന്‍ വേണ്ടിയാണ്.”

കെ. കരുണാകരനുമായി ഒരു ഏറ്റുമുട്ടല്‍

കേരള മുഖ്യമന്ത്രിയായ സി. അച്യുതമേനോനെ കാണുവാന്‍ ഒരിക്കല്‍ മെത്രാപ്പോലീത്താ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രിയെ കണ്ട് അടിയന്തിരാവസ്ഥയുടെ പ്രശ്നങ്ങളെല്ലാം ദീര്‍ഘമായി ചര്‍ച്ച ചെയ്തു. ഈ സമയത്ത് അവിടെയിരുന്ന ഒരാള്‍ തന്നെ, ആഭ്യന്തരമന്ത്രി കെ. കരുണാകരന് ഫോണ്‍ ചെയ്ത് ഈ സംഭാഷണ വിവരങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള സംഭാഷണത്തെ തുടര്‍ന്ന് മെത്രാപ്പോലീത്താ നേരെ പോയത് ആഭ്യന്തരമന്ത്രി കരുണാകരന്‍റെ ഓഫീസിലേക്കാണ്. കരുണാകരന്‍ ഹൃദ്യമായി മെത്രാപ്പോലീത്തായെ സ്വീകരിച്ചു. മെത്രാപ്പോലീത്താ തനിക്ക് പറയാനുള്ളതെല്ലാം അദ്ദേഹത്തോട് തുറന്ന് പറഞ്ഞു: “പോലീസിനെക്കൊണ്ട് കേരളം ഭരിക്കാനൊന്നും സാധിക്കുകയില്ല. ഭാരതവും ഭരിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട് ഏതെങ്കിലുംവിധത്തില്‍ ഒരു അനുരഞ്ജനത്തിലേക്ക് പോകുകയായിരിക്കും നല്ലത്.” കുറെനേരം സംസാരിച്ചു കഴിഞ്ഞപ്പോള്‍ കരുണാകരന്‍ മെത്രാപ്പോലീത്തായോട് പറഞ്ഞു: “ബിഷപ്പ് ഒരു കാര്യം മറക്കരുത്. പോലീസിനെ വഴക്കാക്കിയാല്‍ തടിക്കു കൊള്ളുകേലാ.”

മെത്രാപ്പോലീത്തായ്ക്ക് പെട്ടെന്ന് ദേഷ്യം വന്നു. അദ്ദേഹം എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു: “മിസ്റ്റര്‍ കരുണാകരന് എന്നെ അറിയാന്‍ പാടില്ല. ഞാന്‍ ഇന്ത്യയിലും മറ്റു സ്ഥലങ്ങളിലുമൊക്കെ പല ചുമതലകളും വഹിച്ചിട്ടുള്ളയാളാണ്. ഒരു ചക്രവര്‍ത്തിയുടെ സെക്രട്ടറി ആയിട്ടും കുറച്ചുനാള്‍ ജോലി ചെയ്തിട്ടുണ്ട്. ഒരു മനുഷ്യനും പേടിപ്പിച്ച് എന്നെ കാര്യം കാണാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. അത് നടക്കുകയുമില്ല. മിസ്റ്റര്‍ കരുണാകരനെക്കൊണ്ടും സാധിക്കുകയില്ല.”

മെത്രാപ്പോലീത്താ കരുണാകരന്‍റെ ഓഫീസില്‍ നിന്നും ഇറങ്ങിപ്പോന്നു. ‘പോലീസിനോട് എതിരിട്ടാല്‍ തിരുമേനിക്ക് കുഴപ്പമാണെന്ന്’ പറഞ്ഞ് പേടിപ്പിക്കുവാനായിരുന്നു കരുണാകരന്‍റെ ശ്രമം. അത് വിജയിച്ചില്ല.

തമിഴ് പുലി പ്രഭാകരന്‍റെ സന്ദര്‍ശനം

ഇന്ദിരാഗാന്ധിയുമായുള്ള സൗഹൃദത്തെക്കുറിച്ചറിഞ്ഞ പലരും, അവര്‍ക്ക് വിവരങ്ങള്‍ കൈമാറുവാനായി മെത്രാപ്പോലീത്തായെ സമീപിച്ചിരുന്നു. ഒരിക്കല്‍ എല്‍.റ്റി.റ്റി.ഇ. നേതാവ് പ്രഭാകരനും ഇങ്ങനെയൊരു സഹായാഭ്യര്‍ത്ഥനയുമായി മെത്രാപ്പോലീത്തായെ കണ്ടു. ആ കൂടിക്കാഴ്ചയെക്കുറിച്ച് മെത്രാപ്പോലീത്താ ഓര്‍മ്മിക്കുന്നു: “ശ്രീലങ്കയില്‍ നിന്നാണെന്നും പറഞ്ഞ്, ഒരിക്കല്‍ ഒരാള്‍ ഓര്‍ത്തഡോക്സ് സെമിനാരിയിലെത്തി എന്നെ സന്ദര്‍ശിച്ചു. പ്രഭാകരന്‍ എന്നാണ് പേരെന്നാണ് എന്‍റെ ഓര്‍മ്മ. തീര്‍ത്തു പറയുവാന്‍ സാധിക്കുകയില്ല. ഈ സമരമൊക്കെ തുടങ്ങുന്നതിനു മുമ്പാണ്. ഭീകരപ്രവര്‍ത്തനമൊന്നും അന്നില്ല. അദ്ദേഹം അന്ന് എന്നോട് പറഞ്ഞത്, ഞങ്ങള്‍ ഭീകരപ്രവര്‍ത്തനം തുടങ്ങാന്‍ നിര്‍ബന്ധിതരാവുകയാണെന്നാണ്. അത് തടയാന്‍ സാധിക്കുന്ന ഏക വ്യക്തിയേയുള്ളൂ; അത് ഇന്ദിരാഗാന്ധിയാണ്. ഇന്ദിരാഗാന്ധിയും തമിഴരെ സഹായിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഭീകരപ്രവര്‍ത്തികളിലേക്ക് പോവുകയാണെന്നുള്ള സന്ദേശം അവരെ അറിയിക്കണമെന്ന് പറയാന്‍ വേണ്ടിയാണ് അദ്ദേഹം വന്നത്. പി. സി. അലക്സാണ്ടറിലൂടെ മിസിസ് ഗാന്ധിയെ അറിയിക്കുവാനാണ് അവര്‍ എന്‍റെ സഹായം തേടിയത്. എനിക്ക് പി. സി. അലക്സാണ്ടറിനോട് അടുപ്പമുണ്ടെന്നും, അലക്സാണ്ടര്‍ വഴിയാണെങ്കില്‍ ആ സന്ദേശം അവിടെ കിട്ടുമെന്നും അറിയാവുന്നതുകൊണ്ടാണ് അവര്‍ വന്നത്. ഞാന്‍ അദ്ദേഹത്തോട് ആ സന്ദേശം കൈമാറാമെന്ന് സമ്മതിച്ചു. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു: ‘നിങ്ങള്‍ ഉദ്ദേശിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ കൊണ്ട് വലിയ അപകടമേ നിങ്ങള്‍ക്ക് ഉണ്ടാവുകയുള്ളൂ. ഭീകരപ്രവൃത്തികളില്‍ കയറി പ്രവേശിച്ചു കഴിയുമ്പോളാണ് മനസ്സിലാകുന്നത്, അതില്‍ നിന്നും പുറത്തിറങ്ങുവാന്‍ സാധിക്കുകയില്ലെന്ന്. ഒരിക്കല്‍ നിങ്ങളതില്‍ പ്രവേശിച്ചാല്‍ നിങ്ങളതിന്‍റെ ഒരു തടവുകാരനായി തീരും. പിന്നീടൊരിക്കലും നിങ്ങള്‍ക്കതില്‍ നിന്നും രക്ഷപെടാന്‍ സാധിക്കുകയില്ല.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞങ്ങള്‍ക്ക് വേറെ മാര്‍ഗ്ഗങ്ങളൊന്നുമില്ല. ബാക്കി എല്ലാ മാര്‍ഗ്ഗങ്ങളും ഞങ്ങള്‍ നോക്കി. അവസാന സാധ്യത, ഇന്ദിരാഗാന്ധി ഞങ്ങളുടെ ഗവണ്‍മെന്‍റില്‍ എന്തെങ്കിലും സമ്മര്‍ദ്ദം ചെലുത്തുക എന്നതു മാത്രമാണ്.’ ഇന്ദിരാഗാന്ധിക്ക് ഒരു അടുത്ത ഗവണ്‍മെന്‍റിന്‍റെ മേല്‍ ഇത്രയും സമ്മര്‍ദ്ദം ചെലുത്തുവാന്‍ സാധ്യമല്ല എന്നും, പക്ഷേ നിങ്ങളുടെ ഉദ്ദേശ്യമെന്താണെന്ന് ഇന്ദിരാഗാന്ധിയെ ഞാനറിയിക്കാമെന്നും പറഞ്ഞു.”

“പക്ഷേ അന്നൊന്നും ഇങ്ങനെ ഭീകരപ്രവര്‍ത്തനം ഭയങ്കരമായിട്ട് ഉദിക്കുമെന്ന ഒരു ഭയമില്ല. ഒരു ചിന്ത പോലുമില്ല. പ്രഭാകരനെ കണ്ടാല്‍ വളരെ സൗമ്യതയുള്ള സൗഹാര്‍ദ്ദമുള്ള സംസ്ക്കാരമുള്ള ഒരു മനുഷ്യനായിട്ടാണ് എനിക്ക് തോന്നിയത്. ഇത്രയും വലിയ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ഞാന്‍ വിചാരിച്ചില്ല. അന്ന് ഒന്നും ബുദ്ധിയായിട്ട് ചെയ്യാന്‍ ഇന്ദിരാഗാന്ധിയെക്കൊണ്ട് സാധിച്ചില്ല. ഇന്നും നമ്മുടെ ഇന്ത്യന്‍ ഗവണ്‍മെന്‍റിന് യാതൊരു സ്വാധീനവുമില്ല. ഇന്ത്യ ഇടപെട്ടതുകൊണ്ട് പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചതേയുള്ളൂ. കാര്യങ്ങളൊന്നും ശരിയായിട്ട് മനസ്സിലാക്കി വേണ്ടതുപോലെ ചെയ്യുവാന്‍ നമ്മുടെ ഗവണ്‍മെന്‍റിനെക്കൊണ്ട് സാധിച്ചിട്ടില്ല. നമ്മുടെ ഗവണ്‍മെന്‍റ് ഇടപെട്ടപ്പോഴൊക്കെ കുഴപ്പത്തിലാണ് പോയിട്ടുള്ളത്. ഒന്നുകില്‍ തമിഴ്നാട്ടില്‍ ഉള്ള തമിഴന്‍മാരുടെ വോട്ടു കിട്ടാനുള്ള നീക്കങ്ങള്‍. അല്ലെങ്കില്‍ ഏതെങ്കിലുംവിധത്തില്‍ ഈ തമിഴന്മാരെ അടിച്ചമര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍. ഈ രണ്ടേ ഉണ്ടായിരുന്നുള്ളൂ മിസിസ് ഗാന്ധിക്കും രാജീവ് ഗാന്ധിക്കും. അതില്‍ കൂടി പോയാല്‍ ശരിയാവുകയില്ല. രണ്ടു കൂട്ടരും തമ്മില്‍ പരസ്പരം കണ്ടിട്ട്, ശ്രീലങ്കയ്ക്കകത്തുള്ള അധികാരം പങ്കുവയ്ക്കുന്നതില്‍ വ്യത്യാസം വരണം. തമിഴന്മാര്‍ക്കും അധികാരം ഉണ്ടാകണം. അവരെ പൂര്‍ണ്ണമായിട്ടും അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുവാന്‍ സാധിക്കുകയില്ല. അതാണ് അന്നു മുതലുള്ള പ്രധാനപ്പെട്ട പ്രശ്നം. അതിന്നുവരെ നടപ്പില്‍ വന്നിട്ടില്ല. ഫെഡറല്‍ സ്റ്റേറ്റ് വേണമെന്നും തമിഴന്മാര്‍ക്ക് കൂടുതല്‍ അധികാരം കൊടുക്കണമെന്നും ഇപ്പോള്‍ കുമാരതുംഗെ പറയുന്നുണ്ട്. അതിപ്പോള്‍ എല്‍.ടി.ടി.ഇ. ക്കാര്‍ സമ്മതിക്കുകയില്ല. അവര്‍ അവരുടെ സമരം തുടങ്ങിയതില്‍ നിന്ന് മാറാന്‍ തയ്യാറില്ല. അവരുടെ കൈയില്‍ അധികാരം വരണമെന്നുള്ളതാണ് അവരുടെ നോട്ടം. അതുകൊണ്ട് വലിയ വിശേഷമില്ല. എല്‍.ടി.ടി.ഇ. ക്ക് ശ്രീലങ്കന്‍ തമിഴന്മാരുടെ മുഴുവന്‍ പൂര്‍ണ്ണ പിന്തുണയില്ല. അവരെ പേടിച്ച് പലതും ചെയ്യുന്നുണ്ട്. ഇന്ന് അവിടെ നടന്നുകൊണ്ടിരിക്കുന്നത് ഭയങ്കരമാണ്! ഓരോ വീട്ടില്‍ നിന്നും പത്തും പന്ത്രണ്ടും വയസ്സുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും റിക്രൂട്ട് ചെയ്ത് കാട്ടില്‍ കൊണ്ടുപോയി പരിശീലിപ്പിച്ച്,

അവസാനം അതെല്ലാം മരിക്കുകയാണ്. അങ്ങനെയുള്ള ഒരു സിസ്റ്റമാണ് തമിഴ് പുലികള്‍ ഉണ്ടാക്കിയിട്ടുള്ളത്. അത് കൊള്ളുകയില്ല. നേരേമറിച്ച് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ച് ഒരു ഫെഡറല്‍ സ്റ്റേറ്റ് ഉണ്ടാക്കാനുള്ള നീക്കങ്ങളാണ് വേണ്ടത്. അത് ചെയ്യാമെന്ന് കുമാരതുംഗെ പറഞ്ഞെങ്കിലും, അതിനെതിരായിട്ടാണ് ഇപ്പോള്‍ എല്‍.ടി.ടി.ഇ. പ്രവര്‍ത്തിക്കുന്നത്. ഫെഡറല്‍ സ്റ്റേറ്റ് ഉണ്ടാക്കി തമിഴന്മാര്‍ക്കും സിംഹളന്മാര്‍ക്കും താമസിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാക്കുക എന്നുള്ളതേ മാര്‍ഗ്ഗമുള്ളൂ.”

prabhakaran

ശ്രീലങ്കയിലെ തമിഴരുടെ കാര്യത്തില്‍ രാജീവ് ഗാന്ധി എടുത്ത നിലപാടുകള്‍ ശരിയായിരുന്നോ?

“തെറ്റായിരുന്നു. ഇന്ത്യാ ഗവണ്‍മെന്‍റ് ഒരു സേനയെ ശ്രീലങ്കയിലേക്ക് അയച്ചത് വലിയ അബദ്ധമായിരുന്നു. ആഴത്തില്‍ ചിന്തിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് സൈന്യബലം ഉപയോഗിച്ച് അടുത്ത രാജ്യത്തെ പ്രശ്നം തീര്‍ക്കാമെന്ന് രാജീവ് വിചാരിച്ചത്. അത് തീര്‍ച്ചയായും തെറ്റാണ്. ഒരു രാജ്യം അടുത്ത രാജ്യത്തിന്‍റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് ഒരിയ്ക്കലും ശരിയല്ല. അത് രാജീവ് ഗാന്ധി അറിയേണ്ടതായിരുന്നു. ‘ഇന്ത്യാ ഈസ് ദ് ഗ്രേറ്റ് പവര്‍’ എന്ന്, ഇപ്പോള്‍ കിസിഞ്ജര്‍ വന്ന് നമ്മുടെ ആളുകളോടൊക്കെ പറയുന്നുണ്ടല്ലോ. അതുപോലെ രാജീവ് ഗാന്ധിയോടും പറഞ്ഞു: ‘യു ആര്‍ എ ഗ്രേറ്റ് പവര്‍. യു മസ്റ്റ് സോള്‍വ് ദ് ഓള്‍ പ്രോബ്ലംസ് ഇന്‍ ദ് ഏരിയാ.’ അമേരിക്കക്കാര്‍ ലോകത്തിന്‍റെ മുഴുവന്‍ പോലീസുകാരനാകാന്‍ ശ്രമിക്കുന്നതുപോലെ, ഇന്ത്യക്ക് ഏഷ്യയുടെ മുഴുവന്‍ പോലീസുകാരനാകാന്‍ സാധിക്കുമെന്ന ഒരു വ്യാമോഹം രാജീവ് ഗാന്ധിക്ക് വന്നതുകൊണ്ടാണ് ഇത്രയും അബദ്ധമുണ്ടായത്.”

(ജോയ്സ് തോട്ടയ്ക്കാട് രചിച്ച പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര എന്ന ജീവചരിത്രത്തില്‍ നിന്നും)

Paulos Mar Gregorios & Prabhakaran