കെ. കരുണാകരന്‍: ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ വാക്കുകളില്‍

paulos-gregorios-k-karunakaran
മുഖ്യമന്ത്രിയായ സി. അച്യുതമേനോനെ കാണുവാന്‍ ഒരിക്കല്‍ മെത്രാപ്പോലീത്താ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രിയെ കണ്ട് അടിയന്തിരാവസ്ഥയുടെ പ്രശ്നങ്ങളെല്ലാം ദീര്‍ഘമായി ചര്‍ച്ച ചെയ്തു. ഈ സമയത്ത് അവിടെയിരുന്ന ഒരാള്‍ തന്നെ, ആഭ്യന്തരമന്ത്രി കെ. കരുണാകരന് ഫോണ്‍ ചെയ്ത് ഈ സംഭാഷണവിവരങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള സംഭാഷണത്തെ തുടര്‍ന്ന് മെത്രാപ്പോലീത്താ നേരെ പോയത് അഭ്യന്തരമന്ത്രി കെ. കരുണാകരന്‍റെ ഓഫീസിലേക്കാണ്. കരുണാകരന്‍ ഹൃദ്യമായി മെത്രാപ്പോലീത്തായെ സ്വീകരിച്ചു. മെത്രാപ്പോലീത്താ തനിക്ക് പറയാനുള്ളതെല്ലാം അദ്ദേഹത്തോട് തുറന്ന് പറഞ്ഞു: “പോലീസിനെക്കൊണ്ട് കേരളം ഭരിക്കാനൊന്നും സാധിക്കുകയില്ല. ഭാരതവും ഭരിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട് ഏതെങ്കിലുംവിധത്തില്‍ ഒരു അനുരഞ്ജനത്തിലേക്ക് പോകുകയായിരിക്കും വേണ്ടത്.” കുറെനേരം സംസാരിച്ചു കഴിഞ്ഞപ്പോള്‍ കരുണാകരന്‍ മെത്രാപ്പോലീത്തായോട് പറഞ്ഞു: “ബിഷപ്പ് ഒരു കാര്യം മറക്കരുത്. പോലീസിനെ വഴക്കാക്കിയാല്‍ തടിക്കു കൊള്ളുകേലാ.”
മെത്രാപ്പോലീത്തായ്ക്ക് പെട്ടെന്ന് ദേഷ്യം വന്നു. അദ്ദേഹം എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു: “മിസ്റ്റര്‍ കരുണാകരന് എന്നെ അറിയാന്‍ പാടില്ല. ഞാന്‍ ഇന്ത്യയിലും മറ്റു സ്ഥലങ്ങളിലുമൊക്കെ പല ചുമതലകളും വഹിച്ചിട്ടുള്ളയാളാണ്. ഒരു ചക്രവര്‍ത്തിയുടെ സെക്രട്ടറി ആയിട്ടും കുറച്ചുനാള്‍ ജോലി ചെയ്തിട്ടുണ്ട്. ഒരു മനുഷ്യനും പേടിപ്പിച്ച് എന്നെ കാര്യം കാണാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. അത് നടക്കുകയുമില്ല. മിസ്റ്റര്‍ കരുണാകരനെക്കൊണ്ടും സാധിക്കുകയില്ല.”

paulos-gregorios-k-karunakaran-1

മെത്രാപ്പോലീത്താ കരുണാകരന്‍റെ ഓഫീസില്‍ നിന്നും ഇറങ്ങിപ്പോന്നു. ‘പോലീസിനോട് എതിരിട്ടാല്‍ തിരുമേനിക്ക് കുഴപ്പമാണെന്നു പറഞ്ഞ് പേടിപ്പിക്കുവാനായിരുന്നു’ കരുണാകരന്‍റെ ശ്രമം. അത് വിജയിച്ചില്ല.

(ജോയ്സ് തോട്ടയ്ക്കാട് രചിച്ച ‘പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര’ എന്ന ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ജീവചരിത്രത്തില്‍ നിന്നും)