പൗലോസ് ഗ്രീഗോറിയോസ്
ഡല്‍ഹി മെത്രാപ്പോലീത്താ
മാര്‍ച്ച് 17, 1995
പരിശുദ്ധ ബാവാ തിരുമേനിക്ക്,
വളരെയധികം പ്രാര്‍ത്ഥനാപൂര്‍വ്വം ചിന്തിച്ചശേഷം എത്തിച്ചേര്‍ന്ന ഒരു തീരുമാനം താഴ്മയായി തിരുമനസ്സ് അറിയിക്കട്ടെ.
അങ്ങ് അറിയുന്നപ്രകാരം എന്‍റെ ആരോഗ്യം ഇപ്പോഴും നല്ലതായിട്ടില്ല. അതിനാല്‍ കൂടുതല്‍ ബദ്ധപ്പാടുകളില്‍ നിന്നും ബുദ്ധിമുട്ടുകളില്‍ നിന്നും ഞാന്‍ എന്നെത്തന്നെ കാത്തു സൂക്ഷിക്കേണ്ടിയിരിക്കുന്നു.
എനിക്ക് സഭാനേതൃത്വത്തിലുള്ള വിശ്വാസം ക്രമേണ നഷ്ടപ്പെട്ടു വരുന്നു. അടുത്ത സമയത്തുണ്ടായ നേതൃത്വത്തിന്‍റെ തീരുമാനങ്ങളിലും അവ നടപ്പിലാക്കുന്ന രീതിയിലും എനിക്ക് സഹകരിക്കാന്‍ പ്രയാസമുണ്ട്.
അതുകൊണ്ട് ഞാന്‍ എന്‍റെ രാജി മേയ് ഒന്നു മുതല്‍ നടപ്പില്‍ വരത്തക്കവണ്ണം സമര്‍പ്പിക്കുന്നു. പ. സുന്നഹദോസിന്‍റെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും അസ്സോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയില്‍ നിന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി തുടങ്ങിയുള്ള ഭരണസമിതികളില്‍ നിന്നും ഞാന്‍ രാജി വെക്കുന്നു. പ. സുന്നഹദോസിന്‍റെ സെക്രട്ടറി പദം ഞാന്‍ ഒരിക്കലും സ്വീകരിച്ചിരുന്നില്ലല്ലോ. അതിലെ കുഴപ്പങ്ങള്‍ ഇന്നും പരിഹൃതമായിട്ടില്ലാത്തതിനാല്‍ ഞാന്‍ സെക്രട്ടറി പദവി ഏറ്റെടുത്തിട്ടില്ല. ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്താ സ്ഥാനവും ഞാനിതാ രാജിവയ്ക്കുന്നു.
1995 മേയ് ഒന്നു മുതല്‍ ഇയ്യോബ് മാര്‍ പീലക്സിനോസിനെ ഡല്‍ഹിയുടെ ആക്ടിംഗ് മെത്രാപ്പോലീത്തായായി നിയമിക്കുമെങ്കില്‍ എന്‍റെ എല്ലാ ചുമതലകളും നിയമനം കഴിഞ്ഞാലുടന്‍ അദ്ദേഹത്തെ ഏല്പ്പിച്ചുകൊള്ളാം.
സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വൈദികസംഘത്തിന് ആവശ്യമായ സമയം എനിക്ക് കൊടുക്കാനില്ലാത്തതിനാല്‍ ഞാന്‍ അതിന്‍റെ പ്രസിഡണ്ട് സ്ഥാനവും രാജിവെയ്ക്കുന്നു.
ഒരു പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കുന്നതുവരെയോ എന്‍റെ ഉത്തരവാദിത്വം ഒഴിയണമെന്ന് ആവശ്യപ്പെടുന്നതുവരെയോ വൈദികസെമിനാരിയുടെ പ്രിന്‍സിപ്പലായി കഴിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സോഫിയാ സൊസൈറ്റി, നീതിശാന്തികേന്ദ്രം, സര്‍വ്വധര്‍മ്മ നിലയം എന്നിങ്ങനെ ഡല്‍ഹിയിലുള്ള സംഘടനകളുടെ പ്രോഗ്രാം തുടരാന്‍ ഞാനാഗ്രഹിക്കുന്നു.
എന്‍റേതായ ഒരു പുതിയ വീട്ടിലേക്കു ഞാന്‍ മാറുന്നതുവരെ ഡല്‍ഹി ഓര്‍ത്തഡോക്സ് സെന്‍ററില്‍ താമസിക്കാന്‍ എന്നെ അനുവദിക്കണം. സഭ എനിക്ക് ഒരു റിട്ടയര്‍മെന്‍റ് അലവന്‍സ് നല്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഞാന്‍ അതു സ്വീകരിച്ചുകൊള്ളാം.
തലക്കോട്ടുള്ള പരുമല മാര്‍ ഗ്രീഗോറിയോസ് ട്രസ്റ്റ്, അതിനോട് ബന്ധപ്പെട്ട ഗ്രീഗോറിയോസ് ഐ.ടി.ഐ., സെന്‍റ് മേരീസ് ബോയ്സ് ഹോം എന്നിവയുടെ പ്രസിഡന്‍റ് സ്ഥാനം ഞാന്‍ തല്ക്കാലം തുടരുന്നതാണ്.
കോട്ടയത്ത്, എന്‍റെ പുസ്തകങ്ങള്‍ക്കും ചിന്തകള്‍ക്കും സഹായകരമാകുന്നതിന് സ്ഥാപിക്കപ്പെട്ട മാര്‍ ഗ്രീഗോറിയോസ് ഫൗണ്ടേഷന്‍റെ ചുമതലയും ഞാന്‍ തുടരുന്നതാണ്. ഡല്‍ഹിയിലെ മാര്‍ ഗ്രീഗോറിയോസ് ചാരിറ്റബിള്‍ ഫണ്ടിന്‍റെ ചെയര്‍മാന്‍ സ്ഥാനവും ഞാന്‍ തുടരുന്നതാണ്. അവ എന്‍റെ പേരില്‍ പിരിച്ചെടുക്കുന്ന തുകയാണ്. മറ്റുള്ളവരെ സഹായിക്കാന്‍ എനിക്കു ഒരു മാര്‍ഗ്ഗം ഉണ്ടായിരിക്കണമല്ലോ.
തന്‍റെ സേവനത്തിനു എന്നെ വിളിച്ച ദൈവത്തോട് വിശ്വസ്തനായി തുടരാന്‍ എനിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം.
കര്‍ത്താവില്‍ പ്രിയ സഹോദരന്‍
പൗലോസ് മാര്‍ ഗ്രീഗോറിയോസ്