എന്‍റെ സുഹൃത്തും സഹോദരനുമായ പി. റ്റി. തോമസ് അച്ചന്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ച്, നമ്മില്‍ നിന്നും വിടപറയുന്ന ഈ സന്ദര്‍ഭത്തില്‍, അദ്ദേഹത്തിന്‍റെ അപദാനങ്ങളെക്കുറിച്ച് വര്‍ണ്ണിക്കുവാന്‍ ഞാന്‍ ശക്തനല്ല.
നമ്മുടെ ക്രൈസ്തവ പാരമ്പര്യത്തില്‍ ഒരു സഹോദരനോ സഹോദരിയോ വിടപറയുമ്പോള്‍ നാം വിലപിക്കരുത്. ദൈവഭക്തന്മാരുടെ മരണം സ്വര്‍ഗ്ഗത്തില്‍ സന്തോഷമുളവാക്കുന്നു. സ്വര്‍ഗ്ഗത്തില്‍ ഒരംഗംകൂടി പ്രവേശിക്കുന്നതിനാല്‍ മാലാഖമാര്‍ സന്തോഷിക്കുന്നു. നാമോ വിലപിക്കേണ്ട ആവശ്യമില്ല.
ലാസര്‍ മരിച്ചതായ സമയത്ത്, ലാസറിന്‍റെ സഹോദരിമാരും, സൃഹൃത്തുക്കളും കരയുന്നതു കണ്ടിട്ട് കര്‍ത്താവും കരഞ്ഞു. ദുഃഖം മനുഷ്യസഹജമാണ്. എന്നാല്‍ കര്‍ത്താവ് എന്തുകൊണ്ടു കരഞ്ഞു എന്നത് പ്രസക്തിയുള്ള ചോദ്യമാണ്. അവരുടെ, മരണത്തോടുള്ള ഭയവും ദുഃഖവും കണ്ടിട്ട് കര്‍ത്താവിന് അവരോടുണ്ടായ സഹതാപമായിരുന്നു അത്.
ജീവിച്ചിരിക്കുന്നവരെ ഉദ്ബോധിപ്പിക്കുക എന്നതാണ് മരണത്തിന്‍റെ ലക്ഷ്യം. മരണത്തിന് നമ്മെ ദൈവത്തില്‍ നിന്നു വേര്‍പിരിക്കാനാവില്ല. നാമെല്ലാവരും മാതൃഗര്‍ഭത്തില്‍ നിന്നാണ് ഈ ലോകത്തിലേക്ക് വന്നത്. ഗര്‍ഭസ്ഥ അവസ്ഥയില്‍ ശിശുവിന് പുറത്തുള്ള ലോകത്തിലെ കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുകയില്ല; അറിയുവാന്‍ കഴിയുകയില്ല. ഗര്‍ഭസ്ഥ അവസ്ഥയില്‍ കഴിയുന്ന കാലയളവ് പോലെയാണ് മനുഷ്യന്‍റെ 70-തോ 80-തോ വയസു വരെയുള്ള ജീവിതവും. മരണശേഷം അടുത്ത പുതിയ ജീവിതത്തിലേക്കുള്ള പ്രവേശനമാണ്.
ഈ ശരീരത്തില്‍ നിന്നും നാം വാങ്ങിപ്പോകുമ്പോള്‍ സ്ഥലകാല പരിമിതിയുള്ള ഈ ലോകവും താനേ തിരോധാനം ചെയ്തിട്ട്, വര്‍ണ്ണിക്കാവതല്ലാത്ത മറ്റൊരു ലോകവ്യവസ്ഥിതിയിലേക്കു നാം പ്രവേശിക്കുന്നു. അവിടെ മാലാഖമാരെപ്പോലെ നാമും ജനനമരണങ്ങളോ സ്ഥലകാല പരിമിതികളോ ഇല്ലാത്ത ഒരു മനുഷ്യരാശിയായിത്തീരുന്നു. അതിന്‍റെയും അടുത്ത ലോകമായ പുനരുത്ഥാന ലോകത്തില്‍ പുതിയ ശരീരം നമുക്കു ലഭിക്കുന്നുവെങ്കിലും അവിടെയും ജനനമരണങ്ങളോ വിവാഹബന്ധങ്ങളോ ഇല്ലെന്നു കര്‍ത്താവു നമ്മെ പഠിപ്പിക്കുന്നു (വി. ലൂക്കോസ് 20:35-36).
മനുഷ്യജീവിതത്തില്‍ മനുഷ്യന്‍ ആര്‍ജ്ജിക്കേണ്ടതായ മൂന്ന് കാര്യങ്ങള്‍ ഉണ്ട്.
1) വിശ്വാസം – ദൈവത്തിലുള്ള ഉറപ്പ്
എന്‍റെ ദൈവമാണ് എന്‍റെ അസ്തിത്വത്തിന്‍റെ അടിസ്ഥാനം, എന്തുവന്നാലും ദൈവം എന്നെ കരുതിക്കൊള്ളും എന്ന ഉറപ്പാണ് വിശ്വാസം.
2) പ്രത്യാശ
പ്രത്യാശ എന്നുപറഞ്ഞാല്‍ നാം എവിടെച്ചെന്നു ചേരണമെന്നാണോ നാം ഉദ്ദേശിക്കുന്നത് (ലക്ഷ്യമാക്കുന്നത്) അതാണ് പ്രത്യാശ. ലോകത്തില്‍ പലതരത്തിലുള്ള പ്രത്യാശകളുണ്ട്. എന്നാല്‍ ക്രിസ്തീയ പ്രത്യാശ; തനിക്ക് ദൈവമുമ്പാകെ നിന്നുകൊണ്ട് ജീവിതത്തില്‍ എന്തെല്ലാം നേരിട്ടാലും ദൈവത്തെ സ്തുതിച്ചുകൊണ്ട് ജീവിക്കുവാന്‍ സാധിക്കും എന്നതാണ്. നമ്മെയും നമ്മുടെ ജീവിതത്തെയും രൂപവല്‍ക്കരിക്കുന്നത് ക്രിസ്തീയ പ്രത്യാശയാകണം.
3) സ്നേഹം
സ്നേഹം അഭ്യസിക്കുവാനുള്ള സന്ദര്‍ഭമാണ് ഈ ലോകത്തില്‍ നമുക്കുള്ളത്. ചുറ്റുമുള്ള സമൂഹങ്ങളിലെ മനുഷ്യര്‍ക്കു വേണ്ടി കരുതുകയും ജീവിക്കുകയും ചെയ്യുക എന്നതാണ് സ്നേഹം. തന്നെക്കുറിച്ച് വ്യാകുലചിന്തകളില്ലാതെ, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും, കരുതുവാനും നമുക്ക് സാധിക്കണം.
ഞാന്‍ ഉറപ്പിച്ചു പറയട്ടെ, മേല്‍ പ്രസ്താവിച്ച മൂന്നു കാര്യങ്ങളിലും പി. റ്റി. തോമസ് അച്ചന്‍ അടിയുറച്ചിട്ടുണ്ടായിരുന്നു.
(മാങ്ങാനം ക്രൈസ്തവാശ്രമത്തിലെ ആചാര്യയും പ്രമുഖ ചിന്തകനും എഴുത്തുകാരനും സംഘാടകനുമായിരുന്ന പി. റ്റി. തോമസ് അച്ചന്‍റെ കബറടക്ക ശുശ്രൂഷാ മധ്യേ ചെയ്ത പ്രസംഗം. സമ്പാദകന്‍: സന്തോഷ് മാങ്ങാനം)