വിവാഹവും കുടുംബജീവിതവും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

incense-and-icon
സ്വര്‍ഗത്തില്‍ വിവാഹം കഴിയ്ക്കുന്നുമില്ല; കഴിച്ചു കൊടുക്കുന്നുമില്ല. അവിടെ മരണമില്ല. അതുകൊണ്ട് ജനനവുമില്ല. വിവാഹത്തിന്‍റെയാവശ്യവുമില്ല (വി. ലൂക്കോ. 20:27-39).

വിവാഹവും കുടുംബജീവിതവും ഈ ശരീരത്തിലും ഈ ലോകത്തിലും നാം ജീവിക്കുന്ന കാലത്തേയുള്ളൂ. ഈ ശരീരത്തില്‍ നിന്നു നാം വാങ്ങിപ്പോകുമ്പോള്‍ സ്ഥലകാല പരിമിതിയുള്ള ഈ ലോകവും താനേ തിരോധാനം ചെയ്തിട്ട് വര്‍ണിക്കാവതല്ലാത്ത മറ്റൊരു ലോക വ്യവസ്ഥിതിയിലേക്കു നാം പ്രവേശിക്കുന്നു. അവിടെ മാലാഖമാരെപ്പോലെ നാമും ജനനമരണങ്ങളോ സ്ഥലകാല പരിമിതികളോ ഇല്ലാത്ത ഒരു മനുഷ്യരാശിയായിത്തീരുന്നു.
അതിന്‍റെയും അടുത്ത ലോകമായ പുനരുത്ഥാന ലോകത്തില്‍ പുതിയ ശരീരം നമുക്കു ലഭിക്കുന്നുവെങ്കിലും അവിടെയും ജനനമരണങ്ങളോ വിവാഹബന്ധങ്ങളോ ഇല്ലെന്നു കര്‍ത്താവ് നമ്മെ പഠിപ്പിക്കുന്നു (വി. ലൂക്കോസ് 20:35-36).

സന്യാസിമാര്‍ എന്നു പറയുന്നവര്‍ ആ പുനരുത്ഥാന ജീവിതം ഇവിടെവച്ചു തന്നെ ജീവിക്കുവാനാഗ്രഹിക്കുന്നവരാണ്. ഇന്ദ്രിയങ്ങളുടെ തൃഷ്ണകളെ സംയമനം കൊണ്ട് ഒതുക്കി നിയന്ത്രിച്ചു ജഡത്തെ ലാഘവപ്പെടുത്തി, ദൈവരാജ്യത്തിനുവേണ്ടി തങ്ങളെത്തന്നെ പൂര്‍ണമായി ഒരുക്കുന്നവരാണു താപസന്മാര്‍.

എന്നാല്‍ എല്ലാവരും അതുപോലെ താപസന്മാരാകണമെന്നല്ല സഭ പഠിപ്പിക്കുന്നത്. വിവാഹം സഭയില്‍ ബഹുമാന്യമാണ്; വിവാഹജീവിതത്തെ അപമാനിയ്ക്കുകയോ തരംതാഴ്ത്തിക്കാണിക്കുകയോ ചെയ്വാനും ഒരു ക്രിസ്തീയ താപസനും അധികാരമില്ല. ‘വിവാഹം എല്ലാ വിധത്തിലും ബഹുമാന്യം; ഭാര്യാഭര്‍ത്തൃബന്ധം നിര്‍മ്മലമായിരിക്കാനും’ എന്ന് എബ്രായ ലേഖനം 13:4 ല്‍ കാണുന്നു.

സംയമനമില്ലാത്തവര്‍ക്കുള്ളതല്ല വിവാഹ ജീവിതം. ശരിയായ ആത്മസംയമനം കൊണ്ടേ ക്രിസ്തീയ വിവാഹജീവിതത്തെ യഥാര്‍ത്ഥത്തില്‍ ഫലഭൂയിഷ്ഠമാക്കാന്‍ സാധിക്കുകയുള്ളൂ. നോമ്പു ദിവസങ്ങളില്‍ മാത്രമല്ല, അല്ലാത്ത സമയങ്ങളിലും കാമാവേശമാത്രഭരിതരായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ക്രിസ്തീയ ദമ്പതികള്‍ക്കു സാധ്യമല്ല. സഹദമ്പതിയോടുള്ള യഥാര്‍ത്ഥ സ്നേഹമില്ലാത്തിടത്തു വിവാഹബന്ധം പാപകരമായിത്തീരുന്നു.

നമ്മുടെ കര്‍ത്താവ് തന്‍റെ പ്രഥമ അടയാളം (അത്ഭുതം) പ്രവര്‍ത്തിച്ചത് ഒരു വിവാഹവിരുന്നിലായിരുന്നല്ലോ. വേദപുസ്തകത്തിന്‍റെ അന്തിമഭാഗത്തും നാം കാണുന്നത് ഒരു വിവാഹമാണ്. പരിശുദ്ധ ആത്മാവും സഭയാകുന്ന വധുവും ഒത്തു ക്രിസ്തുവാകുന്ന വരനെ ‘വരിക’ എന്നു വിളിക്കുന്ന വലിയ മഹാരഹസ്യം (വെളി. 22:17). സ്വര്‍ഗീയ ഊര്‍ശ്ലേമാകുന്ന ‘കുഞ്ഞാടിന്‍റെ വധു’വിനെ സര്‍വാലങ്കാരവിഭൂഷിതയായി മാലാഖാ വെളിപ്പാടുകാരനെ കാണിച്ചു കൊടുക്കുന്നു (വെളി. 21:2, 9; 19:7, 9).

എന്നാല്‍ വിവാഹബന്ധത്തിന്നെതിരായുള്ളതാണ് വ്യഭിചാരമെന്ന പാപം (വി. ലൂക്കോസ് 16:18; എബ്രായ 13:15). ദമ്പതികള്‍ തങ്ങള്‍ക്കുള്ള ജഡിക മോഹങ്ങളെ പൂരിപ്പിക്കാന്‍ വേണ്ടിയുള്ളതല്ല വിവാഹബന്ധം. രണ്ടു മനുഷ്യവ്യക്തികള്‍ ക്രിസ്തുവില്‍ ഒന്നായിത്തീര്‍ന്ന് പരസ്പര സ്നേഹത്തില്‍ ആയുഷ്ക്കാലം മുഴുവന്‍ ജീവിക്കുന്നതിലാണു യഥാര്‍ത്ഥ ക്രിസ്തീയ വിവാഹബന്ധം. അവര്‍ പരസ്പരം സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് ഒരേക വ്യക്തിയായി സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് ജീവിക്കുന്നതിലാണ് ഒരു ക്രിസ്തീയ വിവാഹത്തിന്‍റെ ശ്രേഷ്ഠത വെളിപ്പെടുന്നത്. ആ പരസ്പരസ്നേഹത്തേയും വിശ്വസ്തതയെയും വഞ്ചിക്കുന്നതാണ് വ്യഭിചാരം. അതിനു കഠിനശിക്ഷയാണു സഭയില്‍ വിധിച്ചിരിക്കുന്നത്.

വലിയ ഒരു പരമരഹസ്യമാണു വിവാഹബന്ധത്തില്‍ ഉള്‍ക്കൊള്ളുന്നത്. നാം എല്ലാവരും വ്യക്തികള്‍ എന്ന നിലയില്‍ പൂര്‍ണരല്ല; അംശികള്‍ മാത്രമാണ്. മറ്റൊരു വ്യക്തിയുമായുള്ള വിവാഹത്തിന്‍റെ സമ്പൂര്‍ണ്ണ സംലയനത്തില്‍ക്കൂടെ നാം അനുഭവിക്കേണ്ടത്, സഭയും ക്രിസ്തുവും തമ്മിലുള്ള സ്നേഹത്തിലുള്ള സംലയനം തന്നെയാണ്. മനുഷ്യന്‍ ദൈവവുമായി ഒന്നായിത്തീരുന്നതിന്‍റെ ഒരു പ്രതീകമാണ് വിവാഹബന്ധം. ദമ്പതികളുടേയും പുതിയ മനുഷ്യവ്യക്തികളാകുന്ന കുഞ്ഞുങ്ങളുടേയും സ്വഭാവ സൌഷ്ടവം വാര്‍ത്തെടുക്കുന്ന പരിശുദ്ധ മൂശയാണ് ഒരു ക്രിസ്തീയ കുടുംബം. അതു വിശുദ്ധവും അനുഗ്രഹീതവും തന്നെ.
താപസജീവിതവും കുടുംബജീവിതവും രണ്ടു വിധത്തിലുള്ള ദൈവ വിളികളാണ്. ഒന്നു മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമെന്നോ മോശമെന്നോ സഭ പഠിപ്പിക്കുന്നില്ല. രണ്ടു വിധത്തിലുള്ള ദൈവവിളികളും സഭ വളരുന്നതിന് ഒരുപോലെ ആവശ്യമാണ്. താപസജീവിതത്തിലും കുടംബജീവിതത്തിലും ഒരേ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമാണുള്ളത്. കുടുംബജീവിതമില്ലെങ്കില്‍, എല്ലാവരും താപസരും തപസ്വിനികളുമാകുന്നെങ്കില്‍, സഭ ഇല്ലാതാകുമല്ലോ.

യുക്തിയില്‍ മാത്രം അധിഷ്ഠിതമായ നവീനചിന്തയ്ക്ക് ഇതൊന്നും മനസ്സിലാക്കുവാന്‍ കഴിവില്ല. അങ്ങിനെയുള്ള ആധുനികതയേയും യുക്തിയേയും അനുധാവനം ചെയ്യുന്നവര്‍ വിവാഹജീവിതത്തെ കാമപൂരണത്തിനുള്ള ഉപാധിയായി മാത്രം കാണുന്നു. ആ വിധത്തിലുള്ള വിവാഹബന്ധങ്ങള്‍ വിജയം വരിക്കുന്നില്ല; ഒരു നല്ല കുടുംബജീവിതത്തിനു നിദാനമായിത്തീരുന്നില്ല; ദമ്പതികളുടേയും കുഞ്ഞുങ്ങളുടേയും ജീവിതത്തിന് അടിസ്ഥാനപരമായ ദോഷം ചെയ്യുന്നു.

ഒരു ക്രിസ്തീയ മനുഷ്യന്‍റെ സ്വാര്‍ത്ഥതയെ കാര്യമായി നീക്കുവാന്‍ ഒരു വിവാഹബന്ധത്തിനു സാധിക്കുന്നില്ലെങ്കില്‍ അതു ക്രിസ്തീയ വിവാഹമാണെന്നു പറയാന്‍ പ്രയാസമാണ്. ഇന്നത്തെക്കാലത്തു വിവാഹം കൂടാതെയുള്ള വിവാഹബന്ധത്തിലേക്കു പല യുവജനങ്ങള്‍ കടന്നുപോകുന്നുവെന്നു പറയുന്നതു സാമൂഹ്യ മൂല്യങ്ങളുടെ വിനാശനത്തിനു മാത്രമേ വഴിതെളിയിക്കുകയുള്ളു.

വിവാഹം ബഹുമാന്യം; വിവാഹബന്ധം കുറ്റമറ്റത്. വിവാഹത്തില്‍ക്കൂടെ ദൈവത്വത്തെ മഹത്വപ്പെടുത്തുവാനുള്ള ദൈവവിളിയാണു ക്രിസ്തീയ കുടുംബജീവിതത്തിന്‍റെ അടിസ്ഥാനം. വിവാഹം കൂടാതെ തന്നെ സ്വാര്‍ത്ഥമില്ലാത്തവരായിത്തീര്‍ന്ന് ദൈവത്തെ മഹത്വപ്പെടുത്തുവാനുള്ള വിളിയാണ് താപസജീവിതത്തിന്നടിസ്ഥാനം. രണ്ടും ഒരു സഭയില്‍ത്തന്നെ. രണ്ടും ദൈവ മഹത്വത്തിന്നായിത്തന്നെ.