ക്രൈസ്തവ സഭയില്‍ കശ്ശീശായുടെ ചുമതലകള്‍ / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

fr-paul-varghese

ഇന്നിപ്പോള്‍ നമ്മുടെ പ്രിയങ്കരനായ ജോര്‍ജ്ജ് പൗലോസ് ശെമ്മാശനെ സഭയിലെ ശ്രേഷ്ഠമായ കശ്ശീശാ സ്ഥാനത്തേയ്ക്കുയര്‍ത്തിയിരിക്കുകയാണ്. അറിവും പരിജ്ഞാനവും പക്വതയും പരിപാവനമായ ജീവിത നൈര്‍മ്മല്യവും നേടിയിട്ടുള്ളവരെയാണ് കശ്ശീശാ സ്ഥാനത്തേയ്ക്കു നിയോഗിക്കേണ്ടത്. അവരുടെ പ്രായപരിധിയും നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് മുപ്പതു വയസ്സു കഴിഞ്ഞവരെ മാത്രമേ കശ്ശീശാ സ്ഥാനത്തേയ്ക്കു നിയോഗിക്കുകയുള്ളു. അതുകൊണ്ടാണ് കശ്ശീശാമാരെ സഭയിലെ ‘മൂപ്പന്മാര്‍’ എന്നു വിളിച്ചിരുന്നത്.

കശ്ശീശാ എന്ന സുറിയാനി പദത്തിന് ‘ഉണങ്ങിവരണ്ടവന്‍’ എന്നും അര്‍ത്ഥമുണ്ട്. കശ്ശീശാ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും സദാ ജാഗരൂകനായിരിക്കണമെന്നാണ് ആ പദത്തിന്‍റെ അര്‍ത്ഥസൂചന. അവന്‍ കേവലം ഭക്ഷണപ്രിയനായിരിക്കരുത്.

കശ്ശീശായുടെ പ്രധാനപ്പെട്ട മൂന്നു ചുമതലകള്‍

കശ്ശീശാ ഇടയനും ജനങ്ങള്‍ ആടുകളുമാകുന്നു. ആകയാല്‍ സര്‍വപ്രധാനമായി മൂന്നു ചുമതലകളാണ് കശ്ശീശായ്ക്കുള്ളത്. ഒന്നാമത്തെ ചുമതല ആടുകള്‍ക്കു ഭക്ഷണം കൊടുക്കുകയാണ്. ജനങ്ങളാകുന്ന ആടുകള്‍ക്ക് സത്യവിശ്വാസമാകുന്ന ആത്മീയ ഭക്ഷണം നല്‍കി അവയെ പുഷ്ടിപ്പെടുത്തേണ്ടത് ഇടയന്‍റെ ചുമതലയാണ്. ആടുകള്‍ക്കു നല്ല ഭക്ഷണപാനീയങ്ങള്‍ നല്‍കാത്ത ഒരിടയന് അവയുടെ പാല്‍ കറന്നെടുത്തുപയോഗിക്കാന്‍ അവകാശമില്ല.

രണ്ടാമത്തെ ചുമതല ആടുകള്‍ തമ്മിലുണ്ടാകുന്ന വഴക്കും പിണക്കവും പോരും തമ്മില്‍കുത്തും അവസാനിപ്പിച്ച് അവയെ രമ്യപ്പെടുത്തുക എന്നുളളതാണ്. ചില മുഷ്ക്കരന്മാരായ മുട്ടാടുകള്‍ തമ്മില്‍ ചിലപ്പോള്‍ കൊമ്പു കുലുക്കി ചാടിയടുത്ത് ഇടിയും കുത്തും നടത്താറുണ്ട്. അപ്പോള്‍ ഇടയന്‍ അവയുടെ നടുവില്‍ ചാടി രണ്ടിനെയും പിടിച്ചുമാറ്റി സമാധാനമുണ്ടാക്കണം.

മൂന്നാമത്തെ ചുമതല വഴിതെറ്റിപ്പോകുന്ന ആടുകളെ പിടിച്ചു നേര്‍വഴിയിലേയ്ക്കു കൊണ്ടുവരണം എന്നുള്ളതാണ്. ചില ആടുകള്‍ വഴിതെറ്റി വല്ല കുഴിയിലും അപകടത്തിലുമൊക്കെ ചാടിയെന്നു വരാം. അവയെ പിടിച്ചുകയറ്റി അപകടത്തില്‍ നിന്നും രക്ഷിക്കേണ്ടത് ഇടയന്‍റെ ചുമതലയാണ്. ഇടയപ്രമുഖരായ മേല്‍പ്പട്ടക്കാരുടെ അറ്റം വളഞ്ഞ അംശവടി ആ ചുമതലയെ സൂചിപ്പിക്കുന്നതാണ്. ഇടയനായ കശ്ശീശാ ആടുകള്‍ക്കുവേണ്ടി ആരാധന നടത്തിയാല്‍ മാത്രം പോരാ, അവയെ നല്ല നിലയില്‍ ഭരിക്കുകയും വേണം. കശ്ശീശാ ഇടയനും ഭരണകര്‍ത്താവുമാകുന്നു.

അവസാനമായി ജനങ്ങള്‍ക്ക് കശ്ശീശായോടുള്ള ചുമതല കൂടി പറയട്ടെ. ചിലര്‍ വൈദികരെ കുറ്റം പറയാറുണ്ട്. വൈദികര്‍ കുറ്റമില്ലാത്തവരല്ല. അവരും നിങ്ങളെപ്പോലെ സാധാരണ മനുഷ്യരാണ്. തെറ്റും കുറ്റവുമൊക്കെ അവരിലും കാണും. അവയെ നിങ്ങള്‍ ക്ഷമിക്കുകയും അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അവര്‍ക്കു വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുകയും വേണം.

(1987 ഡിസംബര്‍ 26 നു മെത്രാപ്പോലീത്താ ഓണക്കൂര്‍ സെന്‍റ് മേരീസ് പള്ളിയില്‍ പട്ടംകൊട ശുശ്രൂഷാ മദ്ധ്യേ ചെയ്ത പ്രസംഗം. സമ്പാദകന്‍: പി. മത്തായി ഓണക്കൂര്‍. 1988 ജനുവരിയിലെ ചര്‍ച്ച്വീക്ക്ലിയില്‍ നിന്നും)