യേശുക്രിസ്തുവിനെക്കുറിച്ചുള്ള ചില സംശയങ്ങളും മറുപടിയും / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

jesus

ക്രിസ്തു 33 വയസ്സുവരെ ജീവിച്ചിരുന്നുവെന്നും എ.ഡി. 29-ല്‍ മരിച്ചു എന്നും കാണുന്നു. എങ്കില്‍ എ.ഡി. യുടെ ആരംഭം എന്നു മുതലായിരുന്നു? എ.ഡി. എന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം എന്ത്?

എ.ഡി. എന്നത് anno domini (കര്‍ത്താവിന്‍റെ വര്‍ഷത്തില്‍) എന്നതിന്‍റെ ചുരുക്കമാണ്. ഈ വിധത്തിലുള്ള കണക്കുകൂട്ടല്‍ ആരംഭിച്ചത് ക്രിസ്ത്വാബ്ദം 550-ാമാണ്ടില്‍ അന്തരിച്ച ദീവന്നാസ്യോസ് എന്ന ക്രൈസ്തവ സന്യാസിയായിരുന്നു. അതുവരെ ഉപയോഗിച്ചിരുന്ന ഡയോക്ലീഷന്‍ വര്‍ഷം ഉപേക്ഷിച്ചിട്ട്. റോമാവര്‍ഷം 753-ല്‍ ക്രിസ്തു ജനിച്ചു എന്നുള്ള തെറ്റിദ്ധാരണയില്‍ പുതിയ ക്രിസ്തബ്ദം ആരംഭിച്ചു. ഹേരോദോസ് രാജാവ് കാലം ചെയ്തത് (വി. മത്തായി 2:19) ബി.സി നാലാമാണ്ടിലായിരുന്നതിനാലും ക്രിസ്തുവിന്‍റെ ജനനം അതിനു കുറെ മുമ്പായിരിക്കണമെന്നുള്ളതുകൊണ്ടും കുറേനിയോസിന്‍റെ നികുതി ചുമത്തല്‍ (വി. ലൂക്കോസ് 2:1) എ.ഡി. ആറാമാണ്ടിലായിരുന്നുവെന്നത് ചരിത്രകാരന്മാര്‍ കരുതുന്നതു മൂലവും കര്‍ത്താവിന്‍റെ ജന്മവര്‍ഷം ഇപ്പോഴും തീര്‍ത്തുപറയാനാവില്ല. ബി.സി. അഞ്ചോ ആറോ എന്ന നിഗമനത്തിനാണ് കൂടുതല്‍ സാദ്ധ്യതയുള്ളത്.

യേശുക്രിസ്തു കന്യകമറിയാമിന്‍റെ ഏകപുത്രനായിരുന്നോ?

അതെ. കന്യകമറിയം ക്രിസ്തുവിന്‍റെ ജനനത്തിനുശേഷം വിവാഹിതയായിയെന്നും, മറ്റു പുത്രന്മാരുണ്ടായിയെന്നും പ്രോട്ടസ്റ്റന്‍റുകാര്‍ വാദിക്കുന്നതിനു കാര്യമായ അടിസ്ഥാനമൊന്നുമില്ല. “കര്‍ത്താവിന്‍റെ സഹോദരന്മാര്‍” എന്നു വേദപുസ്തകത്തില്‍ കാണുന്നതിന് ‘ഏക മാതാവിന്‍റെ മക്കള്‍’ എന്ന് അറമായ ഭാഷയില്‍ അര്‍ത്ഥമില്ല. ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവരെപ്പറ്റി സഹോദരന്മാര്‍ എന്നു പറയുക സെമിറ്റിക്ക് സംസ്കാരത്തില്‍ സാധാരണയാണ്. അതുപോലെ തന്നെ “അവള്‍ പുത്രനെ പ്രസവിയ്ക്കുവോളം അവന്‍ അവളെ അറിഞ്ഞില്ല” (വി. മത്തായി 1:25) എന്നുള്ള വാക്യത്തിനു പുത്രനെ പ്രസവിച്ചു കഴിഞ്ഞു വി. യോസഫ് വി. കന്യകമറിയവുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടു എന്നര്‍ത്ഥമില്ല. മറിയാം പുരുഷബന്ധം കൂടാതെ തന്‍റെ പുത്രനെ പ്രസവിച്ചു എന്ന അത്ഭുതത്തെ മാത്രമേ ഇവിടെ കുറിക്കുന്നുള്ളു. വി. മറിയാമിന് മറ്റു മക്കളുണ്ടായിരുന്നെങ്കില്‍ കര്‍ത്താവ് ക്രൂശില്‍ കിടന്നുകൊണ്ട് തന്‍റെ മാതാവിനെ തന്‍റെ ശിഷ്യനായ വി. യോഹന്നാനെ ഏല്‍പ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ലായിരുന്നല്ലോ (വി. യോഹ. 19:26-27).

യേശുക്രിസ്തു ക്രൂശില്‍ കിടന്നപ്പോള്‍ “ദൈവമേ, ദൈവമേ എന്നെ കൈവിട്ടതെന്ത്” എന്ന് ഉച്ചരിക്കുവാന്‍ കാരണമെന്ത്? സര്‍വ്വശക്തനായവന്‍ അങ്ങനെ ഉച്ചരിക്കണമെന്നായിരുന്നുവോ?

മനുഷ്യവര്‍ഗത്തിന്‍റെ പാപഭാരം മുഴുവന്‍ ചുമക്കുക എന്നു പറഞ്ഞാല്‍, പാപത്തിന്‍റെ ഫലമായ ദൈവത്തില്‍ നിന്നുള്ള വേര്‍പാടു കൂടെ അനുഭവിച്ചറിയാതെ അത് സാധ്യമല്ല. തന്‍റെ മനുഷ്യാവതാരത്തില്‍ തന്‍റെ ശക്തിയെ താന്‍ തന്നെ പരിമിതപ്പെടുത്തിക്കൊണ്ടാണ് പ്രവര്‍ത്തിച്ചതും ജീവിച്ചതും. മനുഷ്യവര്‍ഗത്തിന്‍റെ പാപം മൂലം മനുഷ്യനെന്ന നിലയില്‍ പിതാവാം ദൈവത്തില്‍ നിന്നുള്ള വേര്‍പാട് താന്‍ അനുഭവിച്ചതു കൊണ്ടാണ് തനിക്ക് 22-ാം സങ്കീര്‍ത്തനത്തിന്‍റെ ആദ്യ വാക്യമായ ആ വചനം ഉച്ചരിക്കേണ്ടി വന്നത്. സര്‍വ്വശക്തനെന്ന നിലയില്‍ മരിക്കുന്നതും കഷ്ടമനുഭവിക്കുന്നതും ആവശ്യമായിരുന്നില്ലല്ലോ. നമുക്ക് വേണ്ടിയാണ് താന്‍ ഇതെല്ലാം അനുഭവിച്ചതും ഉച്ചരിച്ചതും.

ഇന്നു സഭയിലുള്ള പൗരോഹിത്യം അഹറോന്‍റേതാണോ, മല്‍ക്കിസദേക്കിന്‍റേതാണോ?

രണ്ടുമല്ല; കര്‍ത്താവായ യേശുമിശിഹായുടേതാണ്. അഹറോന്‍റെയും മല്ക്കിസദേക്കിന്‍റെയും സാദോക്കിന്‍റെയും എല്ലാം പട്ടത്വങ്ങള്‍, നമ്മുടെ കര്‍ത്താവിന്‍റെ പൂര്‍ണ്ണപട്ടത്വത്തിന്‍റെ നിഴലും മുന്‍കുറിയുമായിരുന്നു. സഭയ്ക്കുള്ളത് പഴയനിയമത്തിലെ പട്ടത്വമല്ല; കര്‍ത്താവിന്‍റെ പട്ടത്വമാണ്.

വി. യോഹന്നാന്‍ കര്‍ത്താവിനു പട്ടത്വം കൊടുത്തത് എപ്പോള്‍, എവിടെ വെച്ച്; മാമ്മോദീസായോടു കൂടെയെങ്കില്‍ അതു സ്നാനം ഏല്ക്കുന്ന ഏവര്‍ക്കുമുള്ളതല്ലേ?

പട്ടം എന്നു പറയുന്നത് പൗരോഹിത്യം മാത്രമല്ല. പൗരോഹിത്യം എന്നതു ബലിയര്‍പ്പിപ്പാനുള്ള അധികാരമാണ്. കര്‍ത്താവിന് പൗരോഹിത്യവും രാജത്വവും പ്രവാചകത്വവുമുണ്ട്. ഇത് മൂന്നും കൂടെ കൂടുന്നതാണ് ക്രിസ്തീയ പട്ടം. മനുഷ്യാവതാരം ചെയ്ത കര്‍ത്താവിനു ഈ മൂന്നു സ്ഥാനങ്ങളുടെയും പൂര്‍ണ്ണത നല്‍കപ്പെട്ടത്, യോഹന്നാന്‍ യൂര്‍ദ്നാന്‍ നദിയില്‍ വെച്ച് തന്നെ മാമ്മോദീസാ മുക്കിയ അവസരത്തില്‍ പരിശുദ്ധാത്മാവ് പ്രാവ് രൂപത്തില്‍ കര്‍ത്താവിന്മേല്‍ ആവസിക്കുകയും, മനുഷ്യാവതാരം ചെയ്ത യേശുവിനെ, പിതാവ് തന്‍റെ പുത്രനായി പ്രഖ്യാപിക്കയും ചെയ്ത അവസരത്തിലാണ്.

ഈ പട്ടത്തില്‍ സഭ മുഴുവന്‍ ഒരുമിച്ച് പങ്കുകാരാകുന്നു. ക്രിസ്തുവിനുള്ള പട്ടം ക്രിസ്തുവിന്‍റെ ശരീരമായ സഭയ്ക്കുമുണ്ട്. എന്നാല്‍ സഭയില്‍ പൗരോഹിത്യവും രാജത്വവും പ്രവാചകത്വവും കര്‍ത്താവിന്‍റെ നാമത്തില്‍ പ്രാവര്‍ത്തികമാക്കുന്നയാളും, മഹാപുരോഹിതനും നല്ല ഇടയനുമായ ക്രിസ്തുവിന്‍റെ സഭയിലുള്ള സാന്നിദ്ധ്യത്തിന്‍റെ കൗദാശിക പ്രതിഭാസവുമാണ് എപ്പിസ്ക്കോപ്പായും അദ്ദേഹത്തിന്‍റെ പ്രതിനിധിയായ പട്ടക്കാരനും.

വി. യോഹന്നാന്‍ 1:29-30-ല്‍ പരിശുദ്ധാത്മാവ് ഇറങ്ങി വസിക്കുന്നത് കാണുകയും “ഇവന്‍ ദൈവപുത്രന്‍ തന്നെ” എന്ന് സാക്ഷ്യം പറയുകയും ചെയ്ത യോഹന്നാന്‍ മാംദാനാ പിന്നെയെന്തിനാണ് വി. മത്തായി 11:3-ല്‍ “വരുവാനുള്ളവന്‍ നീയോ, ഞങ്ങള്‍ മറ്റൊരുവനെ കാത്തിരിക്കണമോ?” എന്നു ചോദിക്കുന്നത്.

കെ. എം. മാത്യു വാഴൂര്‍

മിശിഹാ വന്നാല്‍ ഉടനെ ദൈവരാജ്യം സ്ഥാപിതമാകുമെന്നും ദൈവശത്രുക്കള്‍ നിഷ്ക്കാസിതരാകുമെന്നുമായിരുന്നു ഇസ്രായേലില്‍ പലരുടേയും വിശ്വാസം. യോര്‍ദ്ദാനിലെ മാമ്മോദീസായ്ക്കുശേഷം അധികം താമസിയാതെ ദൈവരാജ്യം കാണാമെന്ന് യോഹന്നാനും പ്രതീക്ഷിച്ചെങ്കിലും, ദൈവരാജ്യശത്രുക്കള്‍ തന്നെ തടവിലിടുകയാണുണ്ടായത്. അവസാന ന്യായവിധി ഉടനെ ഉണ്ടാകുമെന്നും താന്‍ തടവില്‍ നിന്നും മോചിതനാകുമെന്നും യോഹന്നാന്‍ പ്രതീക്ഷിച്ചു കാണണം. അതു നടക്കാതായപ്പോള്‍ മിശിഹാരാജാവ് യേശു തന്നെയാണോ എന്നു സംശയമുണ്ടാവുക മനുഷ്യസഹജമാണല്ലോ.

നമ്മുടെ കര്‍ത്താവായ യേശുമിശിഹാ നമുക്കുവേണ്ടി എത്ര സഭകള്‍ സ്ഥാപിച്ചിട്ടുണ്ട്? സഭകളുടെ തലവന്‍ ആര്? സഭയെ സ്ഥാപിച്ചത് എവിടെ? നമ്മുടെ വിശ്വാസപ്രമാണത്തില്‍ “കാതോലികവും ശ്ലൈഹികവും ഏകവും വിശുദ്ധവുമായ തിരുസഭയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്നുള്ളതിന്‍റെ ശരിയായ അര്‍ത്ഥം എന്താണ്? യഥാര്‍ത്ഥ ക്രിസ്തുവിന്‍റെ സഭ ഏത്?

കെ. വര്‍ഗീസ്, ബാംഗ്ലൂര്‍-22

കര്‍ത്താവ് സഭയൊന്നേ സ്ഥാപിച്ചിട്ടുള്ളു. അതിന്‍റെ തലവനും കര്‍ത്താവ് തന്നെ (കൊലോ. 1:18, എഫേ. 1:22). സഭയെ സ്ഥാപിച്ചിട്ടുള്ളത്, തന്‍റെ സ്വന്ത ശരീരത്തിന്മേലും (വി. യോഹന്നാന്‍ 2:21, 1 കൊരി. 3:11) അപ്പോസ്തോലന്മാരുടെമേലും പ്രവാചകന്മാരുടെമേലും (എഫേസ്യ 2:20) ആണ്. കാതോലികം എന്നു വച്ചാല്‍ സാര്‍വത്രികം-യഹൂദനേയും യവനനെയും ജീവനുള്ളവരേയും മരിച്ചവരേയും ഉള്‍ക്കൊള്ളുന്നത് എന്നര്‍ത്ഥം. ശ്ലൈഹികം-അപ്പോസ്തോലിക വിശ്വാസവും അപ്പോസ്തോലികാടിസ്ഥാനവും പാരമ്പര്യവുമുള്ള സഭ. ഏകം – ഈ ലോകത്തില്‍ എത്രതന്നെ വിഭാഗങ്ങളുണ്ടായിരുന്നാലും സ്വര്‍ഗ്ഗത്തില്‍ ക്രിസ്തുവിന്‍റെ ശരീരം ഒന്നല്ലാതെ രണ്ടുണ്ടാകുവാന്‍ സാദ്ധ്യമല്ലല്ലോ. വിശുദ്ധം – ദൈവതിരുനിവാസത്തിനായി മാറ്റിവെയ്ക്കപ്പെട്ടിട്ടുള്ളത്. അവസാന ദിവസത്തില്‍ സര്‍വ്വകളങ്കങ്ങളില്‍ നിന്നും ന്യൂനതകളില്‍ നിന്നും ശുദ്ധീകൃതമാകാനുള്ളത്, ഇവിടെ ആ വരുവാനുള്ള വിശുദ്ധ ജീവിതം പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുന്നത് എന്നര്‍ത്ഥം. ക്രിസ്തുവിന്‍റെ സഭയുടെ സത്യപാരമ്പര്യ വിശ്വാസാചാരങ്ങളുടെ കാര്യത്തില്‍ വളരെയധികം വ്യത്യാസം കൂടാതെ പുലര്‍ത്തിക്കൊണ്ടുപോന്നിട്ടുള്ളത് ഓര്‍ത്തഡോക്സ് സഭകളാണെന്നു നാം വിശ്വസിക്കുന്നു.

ചരിത്രത്തില്‍ എവിടെയോ ജീവിച്ചു മരിച്ച യേശുക്രിസ്തുവിന്‍റെ പ്രവൃത്തി എപ്രകാരമാണ് എന്നെ രക്ഷിക്കുന്നത്?

കെ. പി. ജോണ്‍, കോട്ടയം

ഞാന്‍ രക്ഷിക്കപ്പെടുന്നത് നിത്യജീവന്‍റെ അടിസ്ഥാനമായ യേശുവിന്‍റെ ശരീരത്തിലെ അംഗമായിത്തീരുന്നതു മൂലമാണ്. ആ ശരീരം, അതായത്, സഭ, പരസ്യമായി രൂപമെടുത്തത് 19 ശതാബ്ദക്കാലം മുമ്പ് പലസ്തീന്‍ രാജ്യത്തെ യറുശലേം പട്ടണത്തില്‍ വച്ചായിരുന്നു. ആ കാലത്തും ആ സ്ഥലത്തും ജനിച്ച് ജീവിച്ചു മരിച്ചുയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവിന്‍റെ പ്രവൃത്തി മൂലമാണ് സഭ പെന്തിക്കോസ്ത് പെരുനാളില്‍ രൂപമെടുത്തത്.

ഇന്നിവിടെയുള്ള ഞാനും അന്നവിടെയുണ്ടായിരുന്ന ക്രിസ്തുവും തമ്മില്‍ ബന്ധം സ്ഥാപിതമാകുന്നത് വിശ്വാസം കൊണ്ടു മാത്രമോ, അല്ലെങ്കില്‍ ദൈവവചനം കേള്‍ക്കുന്നതുകൊണ്ടു മാത്രമോ അല്ല. പിന്നെയോ, വിശ്വാസമുള്ള സഭ വിശ്വാസപൂര്‍വ്വം ദൈവവചനം പ്രസംഗിച്ച് മാമ്മോദീസാ മൂലം എന്നെ സഭാംഗമാക്കിത്തീര്‍ത്തതു കൊണ്ടും, ആ സഭയില്‍ അനുഷ്ഠിക്കപ്പെടുന്ന ദിവ്യബലി മൂലം ഞാന്‍ ക്രിസ്തുവിന്‍റെ മരണത്തിലും ഉയിര്‍ത്തെഴുന്നേല്പിലും പങ്കുകാരനായിത്തീരുന്നതുകൊണ്ടാണ്. ദൈവവചനം കേള്‍ക്കുന്നതിനും കുര്‍ബ്ബാന അനുഭവിപ്പാനും എനിക്കിന്നു സാധിക്കുന്നത് സഭ അന്നു മുതല്‍ ഇന്നു വരെ നിലനിന്നു പോകുന്നതുകൊണ്ടാണ്.

സമയ കാല പരിമിതികള്‍ക്കുള്ളിലുള്ള സഭയാണ് അന്ന് അവിടെ ജീവിച്ച ക്രിസ്തുവും, ഇന്ന് ഇവിടെ ജീവിക്കുന്ന എന്നെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. എന്തെന്നാല്‍ ഇപ്പോള്‍ ഇവിടെയുള്ള സഭയില്‍ വസിക്കുന്നവനായ കര്‍ത്താവ് തന്നെയാണ് തന്‍റെ പരിശുദ്ധാത്മ ദാനത്താല്‍ അന്ന് അവിടെ നടന്ന ക്രിസ്തുവിന്‍റെ രക്ഷണ്യ പ്രവൃത്തികളില്‍ പങ്കാളിയാക്കുന്നത്.

കര്‍ത്താവ് മുപ്പതാമത്തെ വയസ്സിലാണ് മാമ്മോദീസാ സ്വീകരിച്ചത്. എന്നാല്‍ നാമെന്തുകൊണ്ടു ശിശുസ്നാനമേല്‍ക്കുന്നു? മാമ്മോദീസായ്ക്കു മുമ്പ് കുട്ടികളിലുള്ള ആത്മീയാവസ്ഥ എന്ത്?

പി. കെ. ഇട്ടൂപ്പ്, പൈനാടത്ത്

കര്‍ത്താവിന്‍റെ മാമ്മോദീസാ തന്‍റെ സ്വന്തം പാപങ്ങള്‍ക്കു വേണ്ടിയായിരുന്നില്ലല്ലോ. അതിനെ നാം മാനദണ്ഡമായെടുക്കാന്‍ പാടില്ല. അവിശ്വാസികള്‍ പ്രായപൂര്‍ത്തിയായി വിശ്വസിക്കുമ്പോള്‍ അവരെ മാമോദീസാ മുക്കണമെന്നാണ് സഭ പഠിപ്പിക്കുന്നത്. ശിശുസ്നാനം എന്നു പറയുന്നത് വിശ്വാസികളുടെ കുഞ്ഞുങ്ങള്‍ക്കു മാത്രമുള്ളതാണ്. ദമ്പതികളില്‍ ഒരാള്‍ മാത്രമേ വിശ്വാസിയായിട്ടുള്ളു എങ്കില്‍പോലും കുഞ്ഞുങ്ങളെ മാമോദീസാ മുക്കാമെന്ന് 1 കോരി. 7:14-ല്‍ കാണുന്നു. ക്രിസ്തീയ മാതാപിതാക്കന്മാരുടെ കുഞ്ഞുങ്ങള്‍ മാതാവിനു പള്ളിയില്‍ പോകാറാകുന്ന സമയത്ത് മാമ്മോദീസാ മുക്കപ്പെടുന്നതിന്‍റെ അര്‍ത്ഥം അവര്‍ ആദ്യം മുതലേ ദൈവത്തിനായി വേര്‍പെടുത്തപ്പെട്ട് വിശുദ്ധീകരിക്കപ്പെട്ടവരാണെന്നാണ്. അവിശ്വാസികളുടെ കുഞ്ഞുങ്ങളുടെ അവസ്ഥയെന്താണെന്നു നമുക്കറിഞ്ഞു കൂടാ.

കര്‍ത്താവ് മരക്കുരിശിലാണു മരണം പ്രാപിച്ചത്. എന്നാല്‍ നമ്മുടെ സഭാപിതാക്കന്മാര്‍ സ്വര്‍ണ്ണക്കുരിശ് ഉപയോഗിക്കുന്നതിന്‍റെ അര്‍ത്ഥമെന്ത്?

കെ. വി. ജോര്‍ജ്, കൊല്ലാട്

കര്‍ത്താവ് കുരിശു ധരിച്ചിരുന്നില്ലല്ലോ. താന്‍ ക്രൂശിക്കപ്പെട്ട കുരിശിനു ഒരു 12 അടിയെങ്കിലും ഉയരമുണ്ടായിരുന്നിരിക്കണം. അത്രയും ഉയരമുള്ള കുരിശു മെത്രാന്മാര്‍ ധരിക്കണമെന്നു നിങ്ങള്‍ നിര്‍ബ്ബന്ധിക്കുമോ? മരക്കുരിശു ധരിക്കുന്നോ, സ്വര്‍ണ്ണക്കുരിശ് ധരിക്കുന്നോ എന്നതിലല്ല കാര്യം. ഒരു ആത്മീയപിതാവിന്‍റെ ജീവിതം കര്‍ത്താവിന്‍റെ ജീവിതത്തോടു എന്തുമാത്രം ആനുകൂല്യമുള്ളതാണ് എന്നതാണ് പ്രധാനമായിട്ടുള്ളത്.

നമ്മുടെ കര്‍ത്താവ് 12 വയസ്സു മുതല്‍ 30 വയസ്സു വരെ എവിടെയായിരുന്നുവെന്നു വ്യക്തമായി മനസ്സിലാകുന്നില്ല. ഒന്നു വിശദമാക്കുവാന്‍ ശ്രമിക്കുമോ?

ടി. പി. ഏലിയാസ് തോട്ടുങ്ങല്‍

വ്യക്തമായ അറിവൊന്നുമില്ല. പലസ്തീനിലെ മണലാരണ്യങ്ങളില്‍ അനേകര്‍ സന്യാസികളായി വസിച്ചിരുന്നു. നമ്മുടെ കര്‍ത്താവും അവിടെയായിരുന്നിരിക്കാം. ഈജിപ്തിലായിരുന്നു, അല്ലെങ്കില്‍ ഇന്ത്യയിലായിരുന്നു എന്നിങ്ങനെയുള്ള നിഗമനങ്ങള്‍ക്കു ചരിത്രപരമായ യാതൊരടിസ്ഥാനവുമില്ല.

(പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ സഭ, വിശ്വാസം, അനുഷ്ഠാനം എന്ന ഗ്രന്ഥത്തില്‍ നിന്നും)