പ്രളയശേഷം ഗ്രിഗോറിയന്‍ മഴവില്‍ ദര്‍ശനം / ഫാ. ഡോ. ബിജേഷ് ഫിലിപ്പ്

baba-virsa-sing-paulos-gregorios-3
നോഹയുടെ കാലത്തെ പ്രളയം അതിജീവിച്ച മനുഷ്യര്‍ക്ക് നല്‍കപ്പെട്ട പ്രത്യാശയുടെ അടയാളമായിരുന്നു മഴവില്‍. മഴവില്‍ വൈവിധ്യത്തിന്‍റെയും ഐക്യത്തിന്‍റെയും മനോഹാരിത പകരുന്ന ഒരു സുന്ദരദൃശ്യവുമാണ്. ഒരേ പ്രകാശം ഏഴു വ്യത്യസ്ത നിറങ്ങളായി ആകാശത്തു വിരിയുമ്പോള്‍ കാഴ്ചക്കാരുടെ മനസ്സ് സന്തോഷപൂരിതമാകും. ഇതുപോലെയാണ് കേരളം കണ്ട അതിഭീകരമായ 2018 ഓഗസ്റ്റിലെ പ്രളയത്തോടു ബന്ധപ്പെട്ട സാഹോദര്യചിന്തകള്‍ പ്രത്യാശ പകര്‍ന്നത്. പ്രളയത്തെക്കുറിച്ചോ ദുരിതാശ്വാസത്തെക്കുറിച്ചോ പറയുകയല്ല, മറിച്ച് പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ പ്രത്യാശ പകരുന്ന വിശ്വസാഹോദര്യ ദര്‍ശനത്തിന്‍റെ ഒരു ഓര്‍മ്മ പുതുക്കലാണ് ഈ കുറിപ്പിന്‍റെ പ്രധാനോദ്ദേശ്യം.

ഭൗതികതയുടെയും വിഭാഗീയതയുടെയും പ്രളയത്തില്‍ നിന്നു ലോകത്തെ രക്ഷിക്കുവാനായി വിശ്വസാഹോദര്യത്തിന്‍റെ ദര്‍ശന ചികില്‍സ നടത്തിയ ശ്രേഷ്ഠ ഗുരുവായ പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ചിന്തകള്‍ ദൈവം ഒരുക്കിയ ഒരു മഴവില്ലായിരുന്നു. നവംബര്‍ 24-ന് ഓര്‍മ്മദിനം ആചരിച്ച മാര്‍ ഗ്രീഗോറിയോസിന്‍റെ ഐക്യത്തിന്‍റെ വിശാല ദര്‍ശനത്തിന്, ഈ പിതാവ് കാലം ചെയ്ത് രണ്ടു പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്ന ഇക്കാലത്ത് പ്രസക്തി വര്‍ദ്ധിച്ചു വരുന്നതായി അനുഭവപ്പെടുന്നു.

സഭകളുടെയും മതങ്ങളുടെയും സങ്കുചിതത്വത്തിനും വര്‍ഗ്ഗീയ ചിന്തകള്‍ക്കും ഉള്ള മറുമരുന്ന് മതവിരുദ്ധ ഭൗതിക ചിന്തയുമല്ല, മത സങ്കലനവുമല്ല എന്ന് ഈ പിതാവ് പഠിപ്പിച്ചു. മതങ്ങളെ അപ്രസക്തമെന്നു കരുതി അവഗണിക്കാതെയും എല്ലാ മതങ്ങളേയും ഒന്നാക്കി അക്ബറുടെ ദില്‍ഇലാഹി പോലെ ഒരു മതമുണ്ടാക്കാന്‍ ശ്രമിക്കാതെയും വിശ്വവിശാല ഐക്യം തേടുന്ന ഒരു ദര്‍ശനമാണിത്. വിവിധ മതങ്ങള്‍, സഭകള്‍, വിശ്വാസരഹിതമതേതര സമൂഹങ്ങള്‍, മനുഷ്യേതര സൃഷ്ടി തുടങ്ങിയവയെല്ലാം കൈകോര്‍ത്ത് സാഹോദര്യം പങ്കുവെയ്ക്കുന്ന ഒരു വിശ്വ സമൂഹ നിര്‍മ്മിതിക്കായുള്ള അന്വേഷണമാണിവിടെ. വിവിധ മതങ്ങള്‍ തമ്മിലും മതലോകവും മതരഹിതലോകവും തമ്മിലും ഉള്ള ആദരവും അറിവും വര്‍ദ്ധിപ്പിക്കാനുള്ള ആഹ്വാനമാണ് ഈ ഗ്രിഗോറിയന്‍ ദര്‍ശനം. ആ ലക്ഷ്യം കൈവരിക്കാനുള്ള സംഭാഷണ സംവാദങ്ങള്‍ സജീവമാക്കാനുള്ള ആഹ്വാനമാണ് നല്‍കപ്പെട്ടത്. സഭകള്‍ തമ്മിലും മതങ്ങള്‍ തമ്മിലും മതവും ശാസ്ത്രവും തമ്മിലും ആരോഗ്യകരമായ ബന്ധം വളര്‍ത്തുവാന്‍ പരസ്പരം കൂടുതല്‍ അറിയുവാന്‍ ശ്രമിക്കേണ്ടതാണെന്നും അതിനു തടസ്സം നില്‍ക്കുന്ന ഓരോ വിഭാഗത്തിന്‍റെയും സ്വയംപര്യാപ്തതാ ചിന്തയും അഹങ്കാരവും അതിജീവിക്കേണ്ടതാണെന്നും ഓര്‍മ്മിപ്പിക്കുകയായിരുന്നു ഈ പിതാവ്.

എവിടെ നന്മ കണ്ടാലും അതിനെ ദൈവികമായി കരുതി ആദരിക്കാന്‍ മാര്‍ ഗ്രീഗോറിയോസ് പഠിപ്പിച്ചു. ڇനല്ല ശമര്യാക്കാരനെڈ അംഗീകരീച്ചാദരിക്കാന്‍ വര്‍ഗ്ഗീയതയുടെ തിമിരം ബാധിച്ചിരുന്ന യഹൂദനെ പഠിപ്പിച്ച യേശുവിന്‍റെ ഉത്തമ ശിഷ്യനായി ഇതര മതങ്ങളിലെയും സമൂഹങ്ങളിലെയും നന്മകളെ ആദരിക്കാന്‍ ഈ പിതാവ് മടി കാണിച്ചിരുന്നില്ല. ڇനന്മയുള്ളിടത്ത് ദൈവം സന്നിഹിതനാണെന്നും എവിടെ കണ്ടാലും നന്മയുടെ മുമ്പാകെ ഞാന്‍ തല കുനിക്കുന്നുڈ എന്നും ആത്മകഥയില്‍ എഴുതിയ മാര്‍ ഗ്രീഗോറിയോസ് കേരളത്തില്‍ നടത്തിയ തന്‍റെ അവസാനത്തെ ഒരു പ്രധാന പ്രഭാഷണത്തില്‍ ശ്രീ രമണ മഹര്‍ഷിയെ കുറിച്ച് പറയുന്നതിപ്രകാരമാണ് ,. ڇആ പരിശുദ്ധമായ ആത്മാവില്‍ നിന്നു വരുന്ന ചൈതന്യ പ്രസരം എന്നെ ആത്മികമായി വ്യത്യാസപ്പെടുത്തിക്കൊള്ളും. അങ്ങനെയുള്ള ചൈതന്യപ്രസരമുള്ള ആത്മാക്കള്‍ ധാരാളമായി രൂപപ്പെടണം.ڈ തിന്മയല്ലാത്തിടത്തുപോലും തിന്മ ആരോപിച്ച് വിദ്വേഷം വളര്‍ത്തുകയും ഗാന്ധിജിയേക്കാളധികം ഗോഡ്സെയെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന ലോകത്ത് ഈ നന്മയുടെ ചികില്‍സാ പദ്ധതി വളരെ പ്രസക്തിയും പ്രധാന്യവും ഉള്ളതാണ്.

വര്‍ദ്ധിച്ചു വരുന്ന വര്‍ഗ്ഗീയതയ്ക്കും വിഭാഗീയതയ്ക്കുമുള്ള മറുമരുന്ന് മതവിരുദ്ധ ഭൗതികതയോ ഉപരിപ്ലവ മതേതരത്വമോ അല്ലെന്ന ബോദ്ധ്യമായിരുന്നു മാര്‍ ഗ്രീഗോറിയോസിന്‍റേത്. സ്വന്തം വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് തന്നെ സകല മതങ്ങളോടും മതേതര ലോകത്തോടും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളോടും ഒക്കെ സംവാദങ്ങളും തുറന്ന ബന്ധങ്ങളും സാധ്യമാണെന്ന് തന്‍റെ ജീവിതം കൊണ്ട് അദ്ദേഹം തെളിയിക്കുകയും ചെയ്തു. അവസാന വില്‍പത്രത്തില്‍ തന്‍റെ വിശ്വാസവും ക്രിസ്തുബന്ധവും തിരുമേനി ഇങ്ങനെ ക്രോഡീകരിക്കുന്നു: ڇപൂര്‍ണ്ണമായും ഞാന്‍ മനുഷ്യാവതാരം ചെയ്ത ദൈവപുത്രനുള്ളവനാണ്. മറ്റു മതങ്ങളിലുള്ളവരോടുള്ള നല്ല ബന്ധത്തിന്‍റെ പേരില്‍ ഈ വിശ്വാസം നിസ്സാരവല്‍ക്കരിക്കുവാന്‍ എനിക്കു സാധിക്കില്ല. അവനില്‍ ഞാന്‍ ആശ്രയം വയ്ക്കുന്നു. ക്രിസ്തു എന്‍റെ എല്ലാമാണ്. ക്രിസ്തുവിനെ കൂടാതെ ഞാനൊന്നുമില്ല. …. ഞാന്‍ അവനിലും അവന്‍ എന്നിലും വസിക്കുന്നു. ഏകജാതനായ ഈ ദൈവപുത്രനെ ഞാന്‍ പിതാവിനോടും പരിശുദ്ധാന്മാവിനോടും കൂടെ ആരാധിക്കുന്നു.ڈ മതത്തെയല്ല മതത്തിന്‍റെ ദുരുപയോഗത്തെ തള്ളിക്കളയാനാണ് തിരുമേനിയുടെ പഠിപ്പിക്കല്‍. ഗ്രിഗോറിയന്‍ ചിന്തയെ വിശ്വാസത്തില്‍ വേരൂന്നിയ വിശാലതയെന്നോ. വിശ്വസാഹോദര്യസമന്വയമെന്നോ വിശേഷിപ്പിക്കാം.

എല്ലാ പ്രധാന മതങ്ങളിലും ഉള്ള മാനവീകരണ സാദ്ധ്യതകളെ പ്രകാശിപ്പിക്കുവാനുള്ള ശ്രമം കൂടുതലായി നടക്കണം എന്നു തിരുമേനി പഠിപ്പിച്ചത് വളരെ പ്രസക്തമാണ്. നേരെ തിരിച്ച് മത തീവ്രവാദികളും ചില രാഷ്ട്രീയ നേതാക്കളും മതത്തിന്‍റെ വൈകാരിക തലങ്ങളെ ദുരുപയോഗപ്പെടുത്തി അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനെയും തിരിച്ചറിയാനും ഗ്രിഗോറിയന്‍ ചിന്ത നമുക്കു വെളിച്ചം തരുന്നു. ഈയൊരു ദര്‍ശനം ഇക്കാലത്ത് അത്യന്താപേക്ഷിതമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരുല്‍കൃഷ്ട ഗ്രന്ഥമാണ് ശ്രീമാന്‍ ശശി തരൂരിന്‍റെ څണവ്യ ക മാ മ ഒശിറൗ.چ വേദങ്ങളും ഉപനിഷത്തുകളും ഉദ്ധരിച്ചും ശങ്കരാചാര്യരെയും വിവേകാനന്ദനെയും പോലുള്ള വേദാന്തത്തിന്‍റെ വിശുദ്ധ വ്യാഖ്യാതാക്കളെയൊക്കെ ആഴമായി പഠിച്ചും ഉയര്‍ത്തിക്കാട്ടിയും യഥാര്‍ത്ഥ ഹിന്ദു മതം സ്നേഹവും ഐക്യവും ശാന്തിയും സാഹോദര്യവും വളര്‍ത്തുന്നതാണെന്നു തെളിയിക്കുവാനുള്ള ശ്രമമാണ് ഈ പുസ്തകത്തില്‍. എന്നാല്‍ ഹിന്ദുത്വ തീവ്രവാദ നിലപാടുകള്‍ യഥാര്‍ത്ഥ ഹിന്ദുമതത്തിന് ദ്രോഹമാണെന്നു ചിന്തിക്കുന്ന ഭൂരിപക്ഷം ആളുകളോടൊപ്പമാണ് താനെന്നും ശശി തരൂര്‍ അവകാശപ്പെടുന്നു. ക്രീസ്തീയ മതത്തിലും ഇസ്ലാമിലും അംഗങ്ങളായിരിക്കുന്നവരുടെ ഇടയിലും പരസ്പരവിരുദ്ധമായ സ്നേഹാധിഷ്ഠിത സാഹോദര്യ സമീപനവും വിദ്വേഷാധിഷ്ഠിതമായ വിഭാഗീയ ശൈലിയും കാണുവാന്‍ കഴിയും. ഇതില്‍ ആദ്യത്തേതിനെ പരിപോഷിപ്പിച്ച് വളര്‍ത്തണമെന്നതാണ് മാര്‍ ഗ്രീഗോറിയോസിനേപ്പോലുള്ള ചിന്തകരുടെ ദര്‍ശനം.

ജിഹാദ്, ഓരോരുത്തരുടെയും ഉള്ളിലെ പാപപ്രവണതകളോടുള്ള പോരാട്ടമായാണ് ആദ്യം ഇസ്ലാം മനസ്സിലാക്കിയിരുന്നത്. പാശ്ചാത്യ ഭൗതികതയുടെ ആഗോളവല്‍ക്കരണ പ്രളയം തങ്ങളുടെ മതത്തിന്‍റെയും സംസ്കാരത്തിന്‍റെയും അസ്തിത്വം തകര്‍ക്കുമെന്ന ഭയവും പാലസ്തീന്‍ പ്രശ്നവും പാശ്ചാത്യ പിന്തുണയുള്ള സയണിസ്റ്റ് അതിക്രമങ്ങളുണര്‍ത്തിയ ആകുലതകളും ഇസ്ലാമിന്‍റെയും ജിഹാദിന്‍റെയും ഒക്കെ തീവ്രവാദ വ്യാഖ്യാനങ്ങള്‍ക്ക് അറബ് ലോകത്തിനു പ്രേരണ നല്‍കി. ഇതുപോലുള്ള ഭയങ്ങളും ആകുലതകളും രൂപപ്പെടുത്തുന്ന വിദ്വേഷവും വിരോധവും, സത്യവിരുദ്ധമോ സത്യം മറച്ചു പിടിക്കുന്നതോ ആയ ചരിത്രവ്യാഖ്യാനങ്ങളും മിക്ക മതങ്ങളിലും വര്‍ഗ്ഗീയതയ്ക്കും തീവ്രവാദവല്‍ക്കരണത്തിനും പ്രചോദനമേകി. തല്‍ഫലമായി മതത്തിന്‍റെ അന്തസത്തയില്‍ നിന്നകന്ന് വര്‍ഗ്ഗീയതയിലൂടെയും അക്രമത്തിലൂടെയും മതരാഷ്ട്രീയാധികാര സംസ്ഥാപനത്തിനായി ശ്രമമുണ്ടാകുന്നു. ഇതിനു വിരുദ്ധമായി സ്നേഹത്തിന്‍റെയോ സമാധാനത്തിന്‍റെയോ മാര്‍ഗ്ഗം പറയുന്നവരെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ കൊല്ലുവാനോ അല്ലെങ്കില്‍ തേജോവധം ചെയ്യുവാനോ ശ്രമിക്കും. 2018-ല്‍ നോബല്‍ സമാധാന സമ്മാനം ലഭിച്ച ഇറക്കുകാരി നാദിയ മുറദ്, ഐഎസ് (കട) പോലുള്ള മത തീവ്രവാദി സംഘങ്ങള്‍ ഒരുക്കിയ കഠിനതര കഷ്ടതകളുടെ ജീവിക്കുന്ന സാക്ഷ്യമാണ്. ബംഗ്ലാദേശില്‍ മാത്രമല്ല, ഗൗരി ലങ്കേഷിനെയും പാന്‍സാരെയും പോലുള്ള മതേതര പുരോഗമന ചിന്തകരില്‍ പലരും സാക്ഷാല്‍ ഭാരതത്തില്‍ തന്നെ വര്‍ഗ്ഗീയ തീവ്രവാദികളാല്‍ കൊല്ലപ്പെടുന്നു. ലോക കുടുംബക്ഷേമം ഉറപ്പാക്കുന്ന څവസുദൈവകുടുംബകംچ എന്ന ഭാരതീയ ഋഷിമാരുടെ വിശ്വവിശാല ദര്‍ശനവും സകലര്‍ക്കും സൗഖ്യവും സ്നേഹവും സ്വാതന്ത്ര്യവും വിഭാവന ചെയ്യുന്ന ക്രിസ്തീയ ദൈവരാജ്യചിന്തയും സമന്വയിപ്പിച്ച പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ വിശ്വനാഗരിക സാഹോദര്യ ചിന്തയ്ക്ക് ഈ പശ്ചാത്തലത്തില്‍ പ്രസക്തി ഏറിവരുകയാണ്.

ഭയത്തില്‍ നിന്നും ആകുലതകളില്‍ നിന്നും രൂപപ്പെടുന്ന വികൃതമാക്കപ്പെട്ട ഒരു മതരൂപമായി തീവ്രവാദത്തെയും വര്‍ഗ്ഗീയതയെയും കണക്കാക്കാം. പ്രത്യേകിച്ച് ഭയാശങ്കകള്‍ക്ക് അടിമപ്പെടുന്ന മതസംഘങ്ങള്‍ څഅന്ധതچ ബാധിച്ച് ഇതര മത വിഭാഗങ്ങളോടു വിദ്വേഷത്തോടെ പെരുമാറുന്നു. അങ്ങനെ ശാന്തിയും സ്നേഹവും വളര്‍ത്തേണ്ട മതങ്ങളില്‍പ്പെടുന്ന നല്ല മനുഷ്യര്‍ പോലും ക്രമേണ നിഷേധാന്മക സ്വാധീനത്താല്‍ അക്രമങ്ങളിലേക്കു നീങ്ങുന്നു. യേശുക്രിസ്തു തന്നെ ഈ അധഃപതനത്തിന്‍റെ ഇരയായിരുന്നല്ലോ. ഇത് ഇന്നും പല രൂപേണ തുടങ്ങുമ്പോള്‍ സഹൃദയര്‍ ലജ്ജ എന്നും വീണ്ടും ലജ്ജിക്കുന്നു എന്നും പറഞ്ഞു രചനകള്‍ നടത്തുന്നു, പ്രതിഷേധങ്ങള്‍ പലവിധത്തില്‍ പ്രകടിപ്പിക്കുന്നു. എന്നാല്‍ വിമര്‍ശനത്തേക്കാളുപരി, മതങ്ങളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്കു സ്നേഹം നല്‍കാനും പരസ്പരം വെളിച്ചം പകരുന്ന മതസൗഹൃദ ഉദ്യമങ്ങള്‍ എല്ലായിടങ്ങളിലും വളര്‍ത്തുവാനും ഗ്രിഗോറിയന്‍ ചിന്തകള്‍ പ്രചോദനം ആകേണ്ടതാണ്.

സര്‍വ്വപ്രപഞ്ചത്തിന്‍റെയും പരസ്പരബന്ധിതമായ അവസ്ഥ, നാളുകള്‍ കഴിയുന്തോറും ശാസ്ത്രം കൂടുതല്‍ വെളിവാക്കി സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് ബ്രൂസ് ലിപറ്റണെപ്പോലുള്ള ജീവശാസ്ത്രജ്ഞര്‍ ഒരു മനുഷ്യശരീരത്തിലെ കോശങ്ങള്‍പ്പോലെയാണ് ഈ ലോകത്തിലെ മനുഷ്യരെല്ലാം ഒരു ശരീരമായി വര്‍ത്തിക്കുന്നത് എന്നു നീരിക്ഷിക്കുന്നു. പതിനാറു നൂറ്റാണ്ടു മുമ്പേ നിസ്സായിലെ മാര്‍ ഗ്രീഗോറിയോസിനെ പോലുള്ള ക്രിസ്തീയ പിതാക്കന്മാരും, പന്ത്രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പു ശങ്കരാചാര്യരെ പോലുള്ള ഭാരതീയ ചിന്തകരും ഈ ദര്‍ശനം അതിലും വിപുലമായി ഉള്‍ക്കൊണ്ടിരുന്നു. ഇങ്ങനെയുള്ള ആദ്ധ്യാത്മിക ദര്‍ശനം ആഴത്തില്‍ ഉള്‍ക്കൊള്ളുന്നതാണ് പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ദര്‍ശനം. സചേതനവും അചേതനവും ആയ സകലത്തിന്‍റെയും പരസ്പരബന്ധവും അവയുടെ അസ്ഥിത്വം നിശ്ചയിക്കുന്ന ദൈവബന്ധവും സമന്വയിക്കുന്ന ഒരു ഐക്യദര്‍ശനത്തിന്‍റെ മഴവില്‍ മനോഹാരിത ഈ പിതാവില്‍ തെളിയുന്നു.
മനുഷ്യരുടെ ആര്‍ത്തിയുടെയും അത്യാഗ്രഹത്തിന്‍റെയും ഇരയാകുന്ന പ്രകൃതി ഒരുക്കുന്ന ദുരിതങ്ങളെ നേരിടാന്‍ എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറത്തേക്ക് കൈ കോര്‍ക്കേണ്ടിയിരിക്കുന്നു. മതത്തിന്‍റെയും ഭാഷയുടെയും രാഷ്ട്രത്തിന്‍റെയും വേര്‍തിരിവുകളില്ലാതെ മനുഷ്യരും ജീവജാലങ്ങളും എല്ലാം പ്രകൃതിയുടെ തകര്‍ച്ചയില്‍ ദുരിതമനുഭവിക്കുന്നു, കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുകയും ചെയ്യും. ഇതു പോലെയുള്ള ദുരന്തങ്ങളെ നേരിടുവാനും വിശ്വ വിശാല സാഹോദര്യം ഉണ്ടായേ മതിയാകൂ. ഒരു ബോട്ടില്‍ യാത്ര ചെയ്യുന്ന മനുഷ്യരെപ്പോലെയാണ് ഈ ഭൂമിയിലെ മനുഷ്യരും എല്ലാ ജീവജാലങ്ങളും. ബോട്ടില്‍ യാത്ര ചെയ്യുന്നതില്‍ ഒരാള്‍ താനിരിക്കുന്ന ഇടത്തുമാത്രം ബോട്ടില്‍ താഴെ വെള്ളത്തില്‍ ചെന്നു മുട്ടുന്ന ഒരു ദ്വാരമുണ്ടാക്കിയാല്‍ അതിലൂടെ ബോട്ടില്‍ വെള്ളം കയറുമ്പോഴുണ്ടാകുന്ന ദുരന്തത്തില്‍, യാത്രചെയ്യുന്ന എല്ലാവരും ദുരിതമനുഭിക്കേണ്ടി വരും.

കേരളത്തിലെ കഴിഞ്ഞ പ്രളയം പഠിപ്പിച്ച ഏറ്റവും വലിയ പാഠം സാഹോദര്യത്തിന്‍റേതാകും. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ നടപടികളിലും, എല്ലാ വിഭാഗീയതകള്‍ക്കും ഉപരിയായ സാഹോദര്യം നാം കണ്ടു. പ്രകൃതിയുടെ ആരോഗ്യം വിണ്ടെടുക്കാനും നവകേരള നിര്‍മ്മിതിക്കും ആ സാഹോദര്യം സഹായകമാകണം. ഈ മഴവില്‍, സൗന്ദര്യം മാത്രമല്ല ലോകത്തിനു പ്രത്യാശ നല്‍കുന്ന വെളിച്ചവുമാണ്. പ്രളയാനന്തര കേരളം ലോകത്തിന് ഒരു മഴവില്ലാകണം. കേരളം ശങ്കരാചര്യരിലൂടെയും ശ്രീനാരായണ ഗുരുവിലൂടെയും പൗലോസ് മാര്‍ ഗ്രീഗോറിയോസിലൂടെയും ഒക്കെ ലോകത്തിനു മഴവില്ലുയര്‍ത്തി കാട്ടുകയായിരുന്നു. സര്‍വ്വലോകത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷമെന്ന് ക്രിസ്തുവിന്‍റെ ജനനത്തില്‍ വാര്‍ത്ത അറിയിച്ച ദൂതനെപ്പോലെ സാഹോദര്യത്തിന്‍റെയും പ്രത്യാശയുടെയും മഴവില്‍ ദൂതര്‍ക്കായി ലോകം കാതോര്‍ക്കുകയാണ്. നോഹയുടെ പെട്ടകം ഒരു ചെറിയലോകമായിരുന്നു. പ്രളയശേഷം അതിലുള്ളവരോട് څഞാനും നിങ്ങളും നിങ്ങളോടുകൂടെ ഉള്ള സകല ജീവജന്തുക്കളും തമ്മില്‍ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന അടയാളچമെന്നു പറഞ്ഞാണ് ദൈവം മഴവില്‍ കാണിച്ചുകൊടുത്തത് (ഉല്‍പത്തി 9:12, 13). നോഹയുടെ പെട്ടകം സഭയുടെ പ്രതീകമായും പിതാക്കന്മാര്‍ പഠിപ്പിക്കുന്നു. ഈ ദര്‍ശനം കാണുവാനും വര്‍ണ്ണങ്ങളെ സമന്വയിപ്പിക്കുന്ന ഏക പ്രകാശംപോലെ പൂര്‍ണ്ണ ഐക്യത്തിന്‍റെ സമുന്നത ദര്‍ശനം നല്‍കുന്ന പ. ത്രിത്വത്തെപ്പോലെ ലോകത്തിനു മഴവില്ലാകുവാനും ലോകത്തെയും മഴവില്ലാക്കി സുന്ദരതരമാക്കാനും ഉള്ള വിളിയാണ് സഭയ്ക്കു ലഭിച്ചിട്ടുള്ളതും.

മഴവില്ലിലെ ഒരു നിറം കൂടുതല്‍ താല്പര്യപ്പെടുന്നവര്‍ മറ്റു നിറങ്ങളെയെല്ലാം വെറുക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിനെ മൗഡ്യമെന്നോ ലജ്ജാകരമെന്നോ ഒക്കെ നാം വിശേഷിപ്പിക്കും. ആ വിധത്തിലുള്ള ഒരു വിദ്വേഷ സമീപനം മഴവില്ലിന്‍റെ വൈവിധ്യ സൗന്ദര്യം ചോര്‍ത്തികളയുകയും ചെയ്യും. എന്നാല്‍ മഴവില്ലിലെ ഈ നാനാത്വത്തിന്‍റെ പിന്നിലെ പ്രധാന കാരണം സൂര്യനാണെന്നു കണ്ടെത്തുമ്പോഴാണ് ഐക്യദര്‍ശനം പൂര്‍ണ്ണമാകുന്നത്. ക്രിസ്തു ആത്യന്തിക ജീവസ്രോതസ്സിനെ പിതാവെന്നു മനുഷ്യര്‍ക്ക് പരിചയപ്പെടുത്തി. ഈ പിതാവിന്‍റെ സ്നേഹം സര്‍വ്വര്‍ക്കും സകലത്തിനും വേര്‍തിരിവുകളില്ലാതെ പ്രകാശം നല്‍കുന്ന സൂര്യനെപ്പോലെയാണെന്നു (മത്തായി 5:45) പഠിപ്പിക്കുകയും ചെയ്തു. സൂര്യന്‍ വെളിച്ചം നല്‍കുന്നതും നദികള്‍ വെള്ളമൊഴുക്കുന്നതും കാറ്റ് കുളിരു പകരുന്നതും ഹിന്ദുവെന്നോ, മൂസ്ലീമെന്നോ, ക്രിസ്ത്യാനിയെന്നോ, ബുദ്ധനെന്നോ, സിക്കുകാരനെന്നോ, ശത്രുവെന്നോ, മിത്രമെന്നോ, മതരഹിതനെന്നോ, ഒന്നും നോക്കിയല്ലല്ലോ. ഈ മഹത്തായ സത്യം തുറന്നു തന്ന ക്രിസ്തുവിനെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നവര്‍ക്ക് സാര്‍വ്വലൗകിക സ്നേഹസാഹോദര്യം പഠിപ്പിച്ച മാര്‍ ഗ്രീഗോറിയോസിനെ പോലെയല്ലേ ചിന്തിക്കുവാന്‍ കഴിയൂ. അങ്ങനെ ചിന്തിച്ചു പ്രവര്‍ത്തിക്കുവാന്‍ മറ്റൊരു പ്രളയം വരെ കാത്തിരിക്കേണ്ടതുണ്ടോ?