വൈദികരുടെ വേതനം / ഫാ. പോള്‍ വര്‍ഗീസ്

fr-paul-varghese
വൈദികപരിശീലനത്തിന് നല്ല സ്ഥാനാര്‍ത്ഥികളെ
ധാരാളം ലഭിക്കാത്തതിന്‍റെ കാരണമെന്ത്?

സഭയ്ക്ക് പുതിയ ജീവപ്രസരമുണ്ടാകണമെങ്കില്‍ ആദ്ധ്യാത്മിക ചൈതന്യവും നേതൃശക്തിയുമുള്ള വൈദികരുണ്ടാകണം. വേറെ മാര്‍ഗ്ഗമൊന്നുമില്ല. എന്നാല്‍ വൈദികരെ പരിശീലിപ്പിക്കുന്ന വിദ്യാലയം എത്രതന്നെ ഉപകരണ സമ്പന്നമായാലും പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ ആത്മാര്‍ത്ഥതയും കഴിവും സേവനസന്നദ്ധതയും ത്യാഗശീലവും താണ നിലയിലുള്ളതാണെങ്കില്‍ വിദ്യാലയത്തിന് വളരെയൊന്നും ചെയ്വാന്‍ സാധിക്കുകയില്ല.

ഇന്ന് സഭയ്ക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത് വൈദികപദവിയിലേക്ക് പരിശീലിപ്പിക്കപ്പെടുവാന്‍ നല്ല സ്ഥാനാര്‍ത്ഥികളെ ലഭിക്കുകയെന്നതാണ്. എന്തുകൊണ്ടാണ് ഉയര്‍ന്ന കഴിവുകളും സേവനസന്നദ്ധതയും സ്വഭാവവിശേഷവും ത്യാഗശീലവുമുള്ള ചെറുപ്പക്കാരെ ആവശ്യത്തിന് കിട്ടാത്തത് എന്നൊരു ചോദ്യം എന്‍റെ മനസ്സില്‍ എപ്പോഴും ഉണ്ട്.

ഈ ചോദ്യത്തിന് ഒരു വന്ദ്യവൈദികന്‍ ഈയിടെ എനിക്ക് മറുപടി തന്നു. അതില്‍ അദ്ദേഹം പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ വളരെ ചിന്തോദ്ദീപകമാകയാല്‍ വായനക്കാരുടെ സമക്ഷം സമര്‍പ്പിക്കട്ടെ.

ഒന്നാമത് അദ്ദേഹം പറയുന്നു, പല വൈദികര്‍ തന്നെയും കഴിവുള്ള തങ്ങളുടെ മക്കളെ വൈദികരാക്കി വിടാന്‍ താല്‍പര്യപ്പെടുന്നില്ല എന്ന്. മക്കളെ ഡോക്ടര്‍മാരോ എന്‍ജിനീയര്‍മാരോ ആയി കാണാനാണ് വൈദികര്‍ക്ക് തന്നെയും ആഗ്രഹം. പിന്നെയെന്തിന് അത്മായക്കാരെ കുറ്റം പറയുന്നു? നല്ല നിലയിലുള്ള എത്ര അച്ചന്മാരുണ്ട് തങ്ങളുടെ പെണ്‍മക്കളെ ശെമ്മാശന്മാര്‍ക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ തയ്യാറുള്ളവര്‍?
രണ്ടാമത് പള്ളികളിലെ ദുര്‍ച്ചെലവ് നിര്‍ത്തി വൈദികരുടെ വേതനം വര്‍ദ്ധിപ്പിക്കണം.
അദ്ദേഹം പറയുന്നത് ശരിയല്ലേ? പക്ഷേ അദ്ദേഹം ഉന്നയിക്കാത്ത മറ്റൊരു ചോദ്യം ഉണ്ട്. എന്തുകൊണ്ട് വൈദികര്‍ക്ക് വിവാഹവിപണിയില്‍ ഇത്ര വിലയില്ലാതായിപ്പോയി? ഒരേയൊരു കാരണമേയുള്ളു. വൈദികരേയും അത്മായക്കാരേയും ഒരുപോലെ ഭരിക്കുന്നത് ദ്രവ്യാഗ്രഹവും സ്ഥാനമോഹവുമാണെന്നുള്ളത് തന്നെ.

എന്നാല്‍ സമൂഹത്തില്‍ എല്ലാവരും തേടുന്ന മൂല്യങ്ങളെത്തേടിയുള്ള പരക്കംപാച്ചില്‍ വിട്ടിട്ട് ക്രിസ്തീയ മൂല്യങ്ങള്‍ക്കുവേണ്ടി ത്യാഗസന്നദ്ധതയോടുകൂടെ നിലകൊള്ളുവാന്‍ തയ്യാറുള്ള ചെറുപ്പക്കാരെ വൈദികപരിശീലനത്തിന് ലഭിച്ചെങ്കില്‍ മാത്രമേ സഭയ്ക്ക് പുതിയ ജീവനുണ്ടാകുകയുള്ളു.

എന്‍റെ വൈദികസുഹൃത്ത് എഴുതിയ കത്തില്‍ ഒരു വാസ്തവമുണ്ട്. ഒരു പോലീസുകാരനോ തപാല്‍ശിപായിക്കോ ലഭിക്കുന്നതില്‍ താഴ്ന്ന വേതനമാണ് ഇന്ന് പല വൈദികര്‍ക്കും കിട്ടിക്കൊണ്ടിരിക്കുന്നത്. ആ സ്ഥിതി മാറാതെ നല്ല സ്ഥാനാര്‍ത്ഥികളെ വൈദികപരിശീലനത്തിന് കിട്ടുകയില്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം. അതില്‍ കുറച്ച് പരമാര്‍ത്ഥമുണ്ട്. എന്നാല്‍ ഉയര്‍ന്ന ശമ്പളത്തെ ആഗ്രഹിച്ചു കൊണ്ടുമാത്രം വരുന്ന ചെറുപ്പക്കാരെയാണോ ഇന്ന് സഭയ്ക്കാവശ്യം എന്നതിനെക്കുറിച്ച് എനിക്ക് സംശയമുണ്ട്. ത്യാഗശീലവും സേവനസന്നദ്ധതയും നേതൃശക്തിയുമുള്ള ചെറുപ്പക്കാര്‍ മുമ്പോട്ടു വരുമ്പോള്‍ വൈദികസ്ഥാനത്തിന് സമൂഹത്തിലുള്ള വിലയിരുത്തലും ഉയര്‍ന്നുവരുമെന്നും വരുമാനം വര്‍ദ്ധിപ്പിച്ചതുകൊണ്ടുമാത്രം നല്ല വൈദികര്‍ ഉണ്ടാകുകയില്ലെന്നുമാണ് എന്‍റെ അഭിപ്രായം.

ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ അധികവും കുടുംബം ഉള്ളവരാണ്. അവരുടെ ആവശ്യങ്ങള്‍ നടക്കേണ്ടതാണ്. അതിന് ഇടവകക്കാര്‍ക്ക് ചുമതലയുമുണ്ട്. പക്ഷേ ശമ്പളം വര്‍ദ്ധിപ്പിച്ചതുകൊണ്ടു മാത്രം നല്ല സ്ഥാനാര്‍ത്ഥികളെ കിട്ടിക്കൊള്ളണമെന്നില്ല. മൂല്യങ്ങളെക്കുറിച്ചുള്ള ദര്‍ശനത്തിനും മാറ്റം വരണം.

കര്‍ത്താവ് തന്‍റെ അപ്പോസ്തോലന്മാരെ തെരഞ്ഞെടുത്ത സമയത്ത് വലിയ വേതനം വാഗ്ദാനം ചെയ്താണോ അവരെ വിളിച്ചത്? ദൈവരാജ്യത്തിനുവേണ്ടി കഷ്ടമനുഭവിക്കുവാന്‍ തയാറുള്ളവരെയാണ് കര്‍ത്താവ് വിളിച്ചത്. ഇന്നും ആവശ്യം അതു തന്നെ.

(1970-കളില്‍ എഴുതിയ ലേഖനം)