ധൂപക്കുറ്റിയുടെ അര്‍ത്ഥം എന്താണ്?
ധൂപക്കുറ്റി സഭയുടെ പ്രതീകമാണ്. സ്വര്‍ഗ്ഗവും ഭൂമിയും ക്രിസ്തുവില്‍ ഒന്നാകുന്നതാണ് സഭ. ധൂപക്കുറ്റിയുടെ താഴത്തെ പാത്രം ഭൂമിയുടേയും മുകളിലത്തേത് സ്വര്‍ഗ്ഗത്തിന്‍റേയും പ്രതീകമാണ്. അതിലെ കരി പാപം നിറഞ്ഞ മനുഷ്യവര്‍ഗ്ഗത്തേയും അഗ്നി മനുഷ്യാവതാരം ചെയ്ത ദൈവമായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തേയും കുറിക്കുന്നു. അതിന്‍റെ നാലു ചങ്ങലകള്‍ ലോകത്തിന്‍റെ നാലു ദിക്കുകളെ, അതായത് സൃഷ്ടിയുടെ എല്ലാ ഭാഗത്തേയും കുറിക്കുന്നു. 12 മണികള്‍ 12 അപ്പോസ്തലന്മാരുടെ സാന്നിദ്ധ്യത്തിന്‍റേയും അവരുടെ പ്രഖ്യാപന ശബ്ദത്തിന്‍റേയും പ്രതീകമാണ്. അതില്‍ നിന്ന് ഉയരുന്ന സൗരഭ്യധൂപം മനുഷ്യരുടെ സല്‍പ്രവൃത്തികളേയും ആരാധനയേയും പ്രാര്‍ത്ഥനയേയും സൂചിപ്പിക്കുന്നു.
ധൂപക്കുറ്റി വീശേണ്ടത് എപ്പോഴൊക്കെയാണ്?
സഭയുടെ പൊതുവായ പ്രാര്‍ത്ഥനകളിലാണ് ധൂപക്കുറ്റി വീശേണ്ടത്. വാങ്ങിപ്പോയവരുടേയും ജീവനുള്ളവരുടേയും ഒരുമിച്ചുള്ള പ്രാര്‍ത്ഥനയേയും ബലി കാഴ്ചകളേയുമാണല്ലോ ധൂപം സൂചിപ്പിക്കുന്നത്. പ്രധാനമായും ധൂപം വീശേണ്ടത് സഭയുടെ പരിശുദ്ധ രഹസ്യങ്ങള്‍ (കൂദാശകള്‍ എന്ന് തെറ്റായിപ്പറയുന്നത്) അനുഷ്ഠിക്കുന്ന സമയങ്ങളിലും രാവിലെയും വൈകിട്ടുമുള്ള സഭയുടെ പൊതുവായ പ്രാര്‍ത്ഥനകളിലുമാണ്. വിശുദ്ധ ഏവന്‍ഗേല്യോന്‍ സഭയില്‍ വായിക്കുന്ന സമയത്തും ലേഖനങ്ങള്‍ വായിക്കുന്ന സമയത്തും, സഭ പ്രാര്‍ത്ഥനയോടെ ദൈവവചനം ശ്രദ്ധിക്കുന്നു എന്നതിന്‍റെ സൂചനയായി ധൂപം വീശുന്നു. സെദ്റാ വായിക്കുന്ന സമയത്തും എത്രായുടെ സമയത്തും വിശ്വാസപ്രമാണത്തിന്‍റെ സമയത്തും പ്രാര്‍ത്ഥന തീരുന്നതുവരെ ധൂപക്കുറ്റി വീശിക്കൊണ്ടിരിക്കണം. കുക്കിലിയോന്‍റെ സമയത്ത് ധൂപം വീശുന്നത് എല്ലാ കുക്കിലിയോനിലും കാണുന്ന ശെമ്മാശ്ശന്‍റെ സ്തൗമന്‍കാലോസും ജനങ്ങളുടെ കുറിയേലായിസോനും കഴിഞ്ഞ് പ്രുമിയോനും സെദ്റായും വരുന്നതുകൊണ്ടാണ്. എന്നാല്‍ ഇന്ന് പ്രുമിയോനും സെദ്റായും കൂടാതെ കോലോകള്‍ മാത്രം ചൊല്ലുന്ന പതിവ് തെറ്റാണ്. ഒരു കുക്കിലിയോന്‍ എന്നു പറയുന്നത് പ്രാര്‍ത്ഥനകളുടെ ഒരു സൈക്കിള്‍ (ര്യരഹശീി) ആണ്. അതില്‍ ഉണ്ടായിരിക്കേണ്ടത് താഴെപ്പറയുന്ന അംശങ്ങളാണ്.
1. പ്രാരംഭഗീതം (ഉദാഹരണം: നിന്നാള്‍ സ്തുതിയൊടു രാജമകള്‍).
2. ത്രിത്വവന്ദന (ശുബ്ഹോ).
3. പ്രുമിയോന്‍ സെദ്റായ്ക്ക് മുമ്പുള്ള എക്ബോ (ഉദാഹരണം: ഭക്തര്‍ പുകഴ്ചാഭാജനമേ).
4. ശെമ്മാശ്ശന്‍റെ സ്തൗമന്‍ കാലോസ് (പ്രാര്‍ത്ഥനയ്ക്കായി നല്ലവണ്ണം നില്‍ക്കുവാനുള്ള ആഹ്വാനം).
5. ജനങ്ങളുടെ കുറിയേലായിസോന്‍ (കര്‍ത്താവേ കൃപചെയ്യണമേ).
6. പ്രുമിയോന്‍-സെദ്റാ (ഈ സമയത്ത് ധൂപക്കുറ്റി വീശണം).
7. ധൂപാനന്തര കോലോകള്‍ (ധൂപം വീശി പടിഞ്ഞാറുവരെ എല്ലാ ജനങ്ങള്‍ക്കും സഭയുടെ ധൂപപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ഈ കോലോകള്‍ ചേര്‍ത്തിട്ടുള്ളത്). ആദ്യത്തെ കോലോ കഴിഞ്ഞ് ശുബ്ഹോ ചൊല്ലണം.
8. മൊറിയോ റാഹേം അലൈന്‍ (കര്‍ത്താവേ ഞങ്ങളുടെമേല്‍ കൃപചെയ്യണമേ).
9. എത്രോ അല്ലെങ്കില്‍ ധൂപപ്രാര്‍ത്ഥന (ഈ സമയത്തും ധൂപം വീശണം).
10. ധൂപാനന്തരമുള്ള സമാപന എക്ബോ (ഉദാ: മോറാനീശോ കുരിശും നിന്‍).
ആരാണ് ധൂപം വീശേണ്ടത്?
ധൂപം വീശുകയെന്നത് സഭയുടെ പൊതുവായ ഒരു പ്രവൃത്തിയാകകൊണ്ട് മെത്രാപ്പോലീത്തായാണ് ധൂപം വീശേണ്ടത്. അദ്ദേഹത്തിന്‍റെ അനുമതിയോടുകൂടി, അദ്ദേഹത്തിനുവേണ്ടി, കശീശായ്ക്കും, ശെമ്മാശ്ശനും, രണ്ടുമില്ലെങ്കില്‍ ശുശ്രൂഷക്കാരനും ധൂപം വീശാം. ധൂപം വീശുന്നത് ശുശ്രൂഷക്കാരന്‍റെ ചുമതലയായി കരുതുന്നത് തെറ്റാണ്. ശെമ്മാശ്ശന്മാരില്ലാത്ത സമയത്തേ അത്മായക്കാരനായ ശുശ്രൂഷക്കാരന്‍ ധൂപം വീശാവൂ.
ഒരിടവകപ്പള്ളിയില്‍ രാവിലെയും വൈകിട്ടും പ്രാര്‍ത്ഥിക്കുമ്പോള്‍ ധൂപം വീശണോ?
വേണം. ഒരു പള്ളിയെന്നു പറയുന്നത് സഭയുടെ പൊതുവായ ആരാധനാലയമാണ്. അവിടെ, യെരൂശലേം ദേവാലയത്തിലെന്നതുപോലെ, എല്ലാ ദിവസവും മുടങ്ങാതെ, രാവിലെയും വൈകിട്ടും ധൂപം വച്ച് പ്രാര്‍ത്ഥന നടത്തി, സഭയുടെ ധൂപബലി പരിശുദ്ധ ബലിപീഠത്തിങ്കല്‍ അര്‍പ്പിക്കുകയെന്നത് സഭയുടെ കടമയാണ്. കശീശന്മാര്‍ പള്ളിയില്‍ താമസിക്കണമെന്നു പറയുന്നതിന്‍റെ ഒരുദ്ദേശ്യം മുടങ്ങാതെ ദിവസവും ധൂപബലിയര്‍പ്പിക്കുകയെന്നതാണ്.