എത്യോപ്യയിലെ ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി സംഘടന / പോള്‍ വര്‍ഗീസ് (ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്)

PAULOSE (40)
നമ്മുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനം സുവര്‍ണ്ണ ജൂബിലി കൊണ്ടാടുന്ന ഈ വര്‍ഷത്തില്‍ എത്യോപ്യയില്‍ ഒരു ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം ഉടലെടുക്കുവാന്‍ തുടങ്ങുന്നേയുള്ളു. അതിലത്ഭുതപ്പെടാനൊന്നുമില്ല. ഇവിടെ കോളേജു തന്നെ ആരംഭിച്ചിട്ട് ആറു വര്‍ഷത്തില്‍ കൂടുതലായിട്ടില്ല. മൂന്നു കോളേജുകളാണുള്ളത്. യൂണിവേഴ്സിറ്റി കോളേജില്‍ ആകെ 300 വിദ്യാര്‍ത്ഥികളോളമുണ്ട്. എന്‍ജിനീയറിങ്ങ് കോളേജുകള്‍ രണ്ടിലും കൂടി 100 വിദ്യാര്‍ത്ഥികളോളമാണുള്ളത്. പക്ഷേ, ആധുനിക വിദ്യാഭ്യാസത്തിന്‍റെ തിരത്തള്ളലില്‍ സഭയ്ക്ക് യുവജനങ്ങളുടെ മേലുള്ള സ്വാധീനം ക്രമാനുഗതമായി നഷ്ടപ്പെട്ടു പോകുന്നത് ഇവിടെയെല്ലാവര്‍ക്കും കാണാം. ഈ വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ കോളേജില്‍ മതവിശ്വാസ സംബന്ധമായ സംഗതികള്‍ ചര്‍ച്ച ചെയ്യുന്നതു പോലും യുവ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ അറപ്പായിരുന്നു.

ഈ കോളേജ് ഗവര്‍മ്മെന്‍റ് ചെലവില്‍ നടത്തുന്നത് ജെസ്യൂട്ടുകളുടെ നേതൃത്വത്തില്‍ പടിഞ്ഞാറന്‍ കത്തോലിക്കരാണ്. കത്തോലിക്കാ വിശ്വാസം പഠിപ്പിച്ചുകൂടെന്ന് ചക്രവര്‍ത്തി വിരോധിച്ചിട്ടുണ്ടെങ്കിലും അവര്‍ അവരുടെ ജോലി മുറയ്ക്കു നടത്തുന്നുണ്ട്. ഇവിടെ പഠിപ്പിക്കുന്ന കത്തോലിക്കാ പുരോഹിതന്മാര്‍ അവരുടെ സ്ഥാനവസ്ത്രം ധരിക്കേണ്ടതില്ലെന്ന് മാര്‍പ്പാപ്പാ പ്രത്യേകാനുമതി നല്‍കിയിട്ടുണ്ടത്രേ. കോളേജിന്‍റെ പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ മാറ്റ് എത്യോപ്യയെ മുഴുവനായി കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ടുവരുവാന്‍ വത്തിക്കാനില്‍ നിന്നും ചുമതലപ്പെടുത്തിയിട്ടുള്ള ഒരു ബിഷപ്പാണെന്നാണ് ഇവിടെ സംസാരം. പക്ഷേ അദ്ദേഹത്തിനെ സാധാരണ വസ്ത്രത്തിലാണ് ഞങ്ങളൊക്കെ കാണുന്നത്.

ഡോക്ടര്‍ മാറ്റിനും കൂട്ടര്‍ക്കും ഇന്ത്യാക്കാരോട് വിരോധമാണ്. മുമ്പ് അദ്ദേഹം ഇവിടെ ഒരു ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന കാലത്ത് നമ്മുടെ ഡോക്ടര്‍ കെ. എം. സൈമണ്‍ അവിടെ ചെന്ന് ഓര്‍ത്തഡോക്സ് വിശ്വാസത്തെപ്പറ്റി ഒരു പ്രസംഗം ചെയ്തു. പിറ്റേ ദിവസം ആ സ്കൂളിലെ ആയിരത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ (കത്തോലിക്കരായ പത്തോ ഇരുപതോ ഒഴികെ) ഒന്നടങ്കം പുറത്തിറങ്ങി. “ഈ കത്തോലിക്കാ അദ്ധ്യാപകര്‍ ഇവിടെ നിന്നു പോയല്ലാതെ ഞങ്ങള്‍ ക്ലാസില്‍ കയറുകയില്ല” എന്ന് ശാഠ്യം തുടങ്ങി. പിന്നെ ചക്രവര്‍ത്തി തിരുമനസ്സുകൊണ്ട് നേരിട്ടുവന്നാണ് അവരെ ക്ലാസില്‍ കയറ്റിയത്.

ഡോക്ടര്‍ സൈമന്‍റെ പ്രസംഗം കൊണ്ടു മാത്രമല്ല ഇതുണ്ടായത്. വളരെ നാളുകളായി വിദ്യാര്‍ത്ഥി ഹൃദയങ്ങളില്‍ എരിഞ്ഞു പുകഞ്ഞുകൊണ്ടിരുന്ന കത്തോലിക്കാ വിദ്വേഷം സൈമണ്‍ ശെമ്മാശന്‍റെ എരിവേറിയ പ്രസംഗത്തോടു കൂടി ആളിക്കത്തിയെന്നു മാത്രമേയുള്ളു.

ഏതായാലും ജസ്യൂട്ടുകളുടെ ആ വിദ്വേഷം ഇന്നും പോയിട്ടില്ല. “ഒരിന്ത്യാക്കാരനെപ്പോലും ഈ കോളേജിന്‍റെ പടിക്കകത്ത് പ്രസംഗിക്കാന്‍ ഞങ്ങള്‍ സമ്മതിക്കയില്ല” എന്ന് ഡോക്ടര്‍ മാറ്റ് പരസ്യമായി പ്രസ്താവിച്ചുവെന്നാണ് കേള്‍വി.
അതുകൊണ്ട് കഴിഞ്ഞയാണ്ടില്‍ ഞാനിവിടെ വന്നപ്പോള്‍ കോളേജു വിദ്യാര്‍ത്ഥികളുമായി എന്തെങ്കിലുമൊരു ബന്ധം സ്ഥാപിക്കുവാന്‍ കഴിയുന്നത്ര ശ്രമിച്ചുവെങ്കിലും യാതൊന്നും സാധിച്ചില്ല.

ഈ വര്‍ഷത്തില്‍ കോളേജ് തുറക്കുന്നതിനു മുമ്പ് യൂണിവേഴ്സിറ്റി കോളേജിലും ഡോക്ടര്‍ സൈമണ്‍ പ്രധാനാദ്ധ്യാപകനായിട്ടുള്ള തിയോളജിക്കല്‍ സ്കൂളിലും, ഓര്‍ത്തഡോക്സ് വിശ്വാസ സംബന്ധമായുള്ള അദ്ധ്യയനം പതിവായി നല്‍കുന്നതിന് ചക്രവര്‍ത്തി തിരുമേനിയോട് അനുവാദം ചോദിച്ചു.

“നിന്‍റെ ജോലി വളരെയധികം വര്‍ദ്ധിച്ചുവരുന്ന ജോലിയാണ്. അതിന്‍റെ കൂടെ ഈ ഭാരം കൂടി വഹിക്കുവാന്‍ നിന്നെക്കൊണ്ട് കഴിയുമെന്ന് നമുക്കു തോന്നുന്നില്ല” എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

“ജോലി കുറഞ്ഞുപോയി എന്നല്ലാതെ കൂടിപ്പോയി എന്ന് ഞാന്‍ സാധാരണ പരാതിപ്പെടാറില്ല തിരുമേനി” എന്നു ഞാന്‍ മറുപടിയും പറഞ്ഞു.

“നല്ല കാര്യം. നാം ഇപ്പോള്‍ തന്നെ കല്‍പ്പന നല്‍കാം.”

കോളേജിലേക്കുള്ള കല്പന ഉടന്‍ തന്നെ നല്‍കപ്പെട്ടു. “തിയോളജിക്കല്‍ സ്കൂളിലേക്ക് കല്പന വേണ്ട, എന്‍റെ സ്നേഹിതന്‍ ഡോക്ടര്‍ സൈമനാണവിടത്തെ പ്രധാനാദ്ധ്യാപകന്‍. ഞാന്‍ നേരിട്ടു പറഞ്ഞുകൊള്ളാം” എന്ന് ഞാന്‍ അബദ്ധവശാല്‍ പറഞ്ഞുപോയി. അതു കഴിഞ്ഞു മാസം ആറായെങ്കിലും അവിടെ ഇതുവരെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഉടനെ അവിടെയും പഠിപ്പിക്കാന്‍ തുടങ്ങണമെന്ന് ദൈവത്തില്‍ ശരണപ്പെടുന്നു. ഏതായാലും കോളേജിലെ ഡോക്ടര്‍ മാറ്റിന് ഗത്യന്തരമൊന്നുമില്ലായിരുന്നു. ‘കോളേജില്‍ ഓര്‍ത്തഡോക്സ് വിശ്വാസ സംബന്ധമായ അദ്ധ്യയനം നല്‍കുവാന്‍ നിങ്ങളെ ചക്രവര്‍ത്തി തിരുമനസ്സുകൊണ്ടു കല്‍പിച്ചു നിയമിച്ചിരിക്കുന്നുവെന്നും ഉടനെ വന്ന് ജോലിയില്‍ പ്രവേശിച്ചുകൊള്ളണമെന്നും’ എനിക്കു ഡോക്ടര്‍ മാറ്റിന്‍റെ കത്തു കിട്ടി. കോളേജ് വര്‍ഷത്തിന്‍റെ ആരംഭത്തില്‍ തന്നെ ജോലിയും തുടങ്ങി.

കോളേജില്‍ ആകെ ഇരുനൂറോളം ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥികളാണുള്ളത്. ബാക്കിയുള്ളവര്‍ മുസ്ലീം, കത്തോലിക്കാ, പ്രോട്ടസ്റ്റന്‍റ് വിശ്വാസികളാണ്. ഈ ഇരുനൂറു പേരെ രണ്ടു ക്ലാസ്സായിട്ട് വിഭാഗിച്ച് ഇരു കൂട്ടര്‍ക്കും ആഴ്ചയില്‍ ഓരോ പ്രാവശ്യം ഒരു മണിക്കൂര്‍ വീതം അദ്ധ്യയനം നല്‍കിക്കൊണ്ടാണിരിക്കുന്നത്.

ആദ്യത്തെ ടേമില്‍ “ഓര്‍ത്തഡോക്സ് വിശ്വാസവും അന്യ ക്രിസ്തീയ വിശ്വാസങ്ങളും” എന്ന ശീര്‍ഷകത്തില്‍, കത്തോലിക്കാ, പ്രൊട്ടസ്റ്റന്‍റു വിശ്വാസങ്ങളുമായുള്ള താരതമ്യ വിവേചനമാര്‍ഗത്തില്‍ കൂടെ ഓര്‍ത്തഡോക്സ് വിശ്വാസത്തിന്‍റെ മൗലിക തത്വങ്ങള്‍ പഠിപ്പിക്കുകയാണ് ചെയ്തത്. ഇത്രയും ശ്രദ്ധയോടും താല്പര്യത്തോടും കൂടി ക്രിസ്തീയ വിശ്വാസം പഠിക്കുന്ന ഒരു സംഘത്തെ ഞാന്‍ നമ്മുടെ നാട്ടില്‍ കണ്ടിട്ടില്ല.

ഈ ടേമില്‍ “ഓര്‍ത്തഡോക്സ് വിശ്വാസം വേദപുസ്തകാനുസൃതമോ?” എന്ന ശീര്‍ഷകത്തില്‍ ഞങ്ങള്‍ എഫേസ്യാ ലേഖനം പഠിക്കുകയാണ്.

ആദ്യമൊക്കെ എന്‍റെ ക്ലാസുകളിലെല്ലാം തന്നെ മുടങ്ങാതെ ഒരു ജെസ്യൂട്ട് പ്രൊഫസര്‍ ആദ്യവസാനം ഇരുന്നു ശ്രദ്ധിക്കുമായിരുന്നു. ചിലപ്പോഴെല്ലാം ക്ലാസ്സു കഴിയുമ്പോള്‍ “നിങ്ങള്‍ കത്തോലിക്കരെപ്പറ്റി അങ്ങനെയൊന്നും പറയാന്‍ പാടില്ല” എന്നൊക്കെ പറയുമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിനെന്നെ വിശ്വാസമാണെന്നു തോന്നുന്നു. ഈയിടെ അധികമായി കാണുന്നില്ല.

ദൈവകൃപയാല്‍ വിദ്യാര്‍ത്ഥികളുടെ താല്പര്യം ക്രമാനുഗതമായി വളര്‍ന്നുകൊണ്ടാണിരിക്കുന്നത്. ഞാന്‍ ഇടയ്ക്കിടയ്ക്കൊക്കെ ഭാരതത്തിലെ ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെപ്പറ്റിയും, കഴിഞ്ഞ 50 വര്‍ഷങ്ങളായി ഈ സ്ഥാപനം സഭയ്ക്ക് നല്‍കിയിട്ടുള്ള ഉത്തേജനത്തേയും സേവനത്തേയും പറ്റിയുമൊക്കെ അവരോട് സംസാരിക്കാറുണ്ട്.

ഏതായാലും അവര്‍ക്കും ഇത്തരത്തിലുള്ള ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനമുണ്ടാകണമെന്ന് അവര്‍ തന്നെ ഒരുമിച്ചു കൂടി തീരുമാനിച്ചു. അതിലേക്ക് വേണ്ടുന്ന ഏര്‍പ്പാടുകള്‍ ചെയ്യുന്നതിനായി അവരുടെ ഇടയില്‍ നിന്നു തന്നെ ഒരു കമ്മിറ്റി നിയമിതമായി. നമ്മുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ ഏകദേശ രൂപത്തിലുള്ള ഒരു പ്രസ്ഥാനം ഇതാ ഉടലെടുക്കുവാന്‍ തുടങ്ങിയിരിക്കുന്നു.

ചക്രവര്‍ത്തി തിരുമനസ്സു കൊണ്ട് രക്ഷാധികാരിയായും എത്യോപ്യന്‍ സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ ആബൂന ബാസേലിയോസ് തിരുമേനി വന്ദ്യാദ്ധ്യക്ഷ (ഒീിീൗൃമൃ്യ ജൃലശെറലിേ) നായും, ഇവിടത്തെ പ്രധാനമന്ത്രിയായിരുന്നതിനു ശേഷം ഇപ്പോള്‍ സെനറ്റിന്‍റെ പ്രസിഡണ്ടായിരിക്കുന്ന സര്‍വ്വജനസമ്മതനായ റാസ്ബിത്വൊഡഡ് മകോനന്‍ അദ്ധ്യക്ഷനായുമാണ് ഈ സംഘത്തിന്‍റെ ഘടന ഞങ്ങള്‍ രൂപവല്‍ക്കരിച്ചിരിക്കുന്നത്. ഇവരുടെ എല്ലാവരുടേയും അവസാന സമ്മതം കിട്ടിയിട്ടില്ലെങ്കിലും, ആരും വിസമ്മതിക്കുകയില്ലെന്നാണ് ഞങ്ങളുടെ പ്രത്യാശ.

സംഘടനയുടെ പേര് അമ്ഹാരിക്കിലാണ്. തര്‍ജ്ജമ ചെയ്താല്‍ “പിതൃവിശ്വാസാധിഷ്ഠിത കോളേജ് വിദ്യാര്‍ത്ഥി സംഘടന” എന്നു വരും. ജനറല്‍ സെക്രട്ടറി ഒരു കോളേജു വിദ്യാര്‍ത്ഥിയായിരിക്കും. സഭയിലെ മെത്രാന്മാര്‍ പലരും അടങ്ങിയ ഒരു ഉപദേശകസമിതിയും രൂപവല്‍ക്കരിക്കപ്പെടും.

സഭയില്‍ നിന്നും വിശ്വാസസംബന്ധമായ പഠനത്തിനും പ്രസംഗത്തിനും മറ്റും വേണ്ടി ആയിരത്തോളം പേര്‍ക്കിരിക്കാവുന്ന ഒരു ഹാള്‍ ഈയിടെ പണിതിട്ടുണ്ട്. ഈ ഹാള്‍ എല്ലാ ആഴ്ചയിലും ശനിയാഴ്ച ഉച്ചകഴിഞ്ഞ് കോളേജ് വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനായി വിട്ടുതരാമെന്ന് അധികാരികള്‍ സമ്മതിച്ചിട്ടുണ്ട്. അവിടെ ആഴ്ച തോറുമുള്ള ഒരു അദ്ധ്യയന പരിപാടി ആരംഭിക്കണമെന്നാണ് ഞങ്ങളുടെ ഉദ്ദേശ്യം.

കോളേജിലെ ജെസ്യൂട്ടുകള്‍ അതിനിടയ്ക്കു ഒരു പുതിയ വിദ്യ ആരംഭിച്ചിട്ടുണ്ടെന്ന് ഈയ്യിടെ കേട്ടു. കോളേജില്‍ ഓര്‍ത്തഡോക്സ് വിശ്വാസം പഠിപ്പിക്കുന്നതിനെത്തുടര്‍ന്ന്, കുറെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കും തങ്ങളുടെ മതസംബന്ധമായ അദ്ധ്യയനം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗമുണ്ടായിക്കിട്ടണമെന്ന് കോളേജ് ബോര്‍ഡിന് ഒരപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന്, യാതൊരു വിധമായ മതാദ്ധ്യയനവും കോളേജില്‍ നടന്നുകൂടെന്ന് ബോര്‍ഡ് തീരുമാനിച്ചതായിട്ടാണ് കേള്‍വി. എന്നാല്‍ ചക്രവര്‍ത്തി തിരുമനസ്സിലെ കല്പനയായതു കൊണ്ട് ഈ വര്‍ഷത്തിന്‍റെ അവസാനം വരെ പോള്‍ വറുഗീസ് പഠിപ്പിച്ചുകൊള്ളട്ടെ എന്നും തീരുമാനിച്ചിട്ടുണ്ടത്രേ.

ഏതായാലും ഈ പ്രവര്‍ത്തനം പ്രശ്നങ്ങള്‍ നിറഞ്ഞതും, കര്‍ത്തൃകൃപ കൊണ്ടു മാത്രം പൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്നതുമാണ്. വിദ്യാര്‍ത്ഥികളില്‍ നിന്നും ചക്രവര്‍ത്തി തിരുമേനിയില്‍ നിന്നുമല്ലാതെ മറ്റാരില്‍ നിന്നും വളരെയധികം സഹകരണം പ്രതീക്ഷിക്കാനില്ല.

സര്‍വ്വശക്തനായ ദൈവംതമ്പുരാന്‍ പ്രയാസങ്ങളുടേയും പ്രശ്നങ്ങളുടേയും മദ്ധ്യത്തില്‍ തന്‍റെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനാണല്ലോ. ഈ വിദ്യാര്‍ത്ഥിപ്രസ്ഥാനം വളര്‍ന്നു വന്ന്, എത്യോപ്യയിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സഭയ്ക്ക് പൊതുവേയും ഉത്തേജനവും ആത്മീയ ചൈതന്യവും നല്‍കുവാനിടയാകട്ടെ എന്ന് കേരളസഭയിലെ ജനങ്ങളെല്ലാവരും, നമ്മുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്‍റെ സുവര്‍ണ്ണ ജൂബിലി മഹാമഹത്തിന്‍റെ ഈ അനുഗൃഹീതാവസരത്തില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ വിനീതമായപേക്ഷിച്ചുകൊള്ളുന്നു.

നമ്മുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തേയും പിതാവായ ദൈവം തമ്പുരാന്‍ അനുഗ്രഹിക്കയും തന്‍റെ രാജ്യത്തിന്‍റെ ഉദ്ദേശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുമാറാകട്ടെ.

(ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സ്റ്റുഡന്‍റ് മൂവ്മെന്‍റ് ഓഫ് ഇന്ത്യാ ഗോള്‍ഡന്‍ ജൂബിലി സുവനീര്‍, 1958 ഏപ്രില്‍, പേജ് 27-30)