വെല്ലുവിളി പ്രാര്‍ത്ഥനയായി / ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്

paul_verghese(paulos_gregorios)

1947-ല്‍ എറണാകുളത്തു ഡോക്ടര്‍ പോള്‍ പുത്തൂരാന്‍ പെട്ടെന്നാണു മരിച്ചത്. ടെന്നീസ് കളിക്കുവാന്‍ ക്ലബ്ബില്‍ പോകുമ്പോള്‍ ക്ലബ്ബിന്‍റെ ഗേറ്റിനു സമീപം ഹൃദയസ്തംഭനം മൂലം വീണു മരിക്കുകയാണുണ്ടായത്.

എന്‍റെ സ്നേഹിതന്‍റെ ഈ അപ്രതീക്ഷിത മരണം എന്നെ വളരെ ചിന്തിപ്പിച്ചു. എനിക്ക് അന്ന് എറണാകുളം കമ്പിത്തപാല്‍ ഓഫീസില്‍ ടെലിഗ്രാഫിസ്റ്റ് ആയി ജോലിയാണ്. വയസ്സ് 25. കൂട്ടുകാര്‍ ധാരാളം. കുറെയൊക്കെ ജനസമ്മതിയുമുണ്ട്. പക്ഷേ, മനസ്സില്‍ സമാധാനമില്ല. അമ്മയും ജ്യേഷ്ഠ സഹോദരനും മാനസിക രോഗികളാണെന്നുള്ളത് ഒരു വശം. മറുവശത്ത് ജീവിക്കുന്നതിന്‍റെ ഉദ്ദേശ്യമെന്താണെന്നുള്ള ചോദ്യം മനസ്സില്‍ കൂടെക്കൂടെ ഉദിച്ചലട്ടുന്നു. വലിയ സ്വഭാവദൂഷ്യങ്ങളൊന്നുമില്ലെങ്കിലും ദൈവപ്രതിഷ്ഠിതമായ ഒരു ജീവിതം നയിക്കുവാന്‍ സാധിക്കുന്നില്ല എന്നതിന്‍റെ അസംതൃപ്തി ഉള്ളില്‍ വിഷമമുണ്ടാക്കുന്നുണ്ടായിരുന്നു.

ഡോക്ടര്‍ പുത്തൂരാന്‍ മരിച്ച ദിവസം ദൈവവുമായി ഒരു ചെറിയ സംഭാഷണം ഞാന്‍ നടത്തി. കൂടുതല്‍ സേവന സാധ്യതയും പ്രതിഷ്ഠാ മനോഭാവവും ഉള്ള ഒരു ജീവിതത്തുറയിലേക്കു പോകേണ്ടതാണെന്ന് എനിക്കറിയാമെന്നു ഞാന്‍ ഈശ്വരനോട് സമ്മതിച്ചു പറഞ്ഞു. പക്ഷേ, എറണാകുളത്തെ ജീവിതശൈലിക്കുള്ളില്‍ അങ്ങനെയുള്ള സമര്‍പ്പണജീവിതം സാദ്ധ്യമല്ല എന്നും ജീവിത സാഹചര്യങ്ങള്‍ മാറ്റിത്തരികയാണെങ്കില്‍ ആദ്ധ്യാത്മിക സമര്‍പ്പണജീവിതം നയിച്ചുകൊള്ളാമെന്നും ഞാന്‍ ഒഴികഴിവെന്ന രൂപേണയാണു ദൈവത്തോടു പറഞ്ഞത്.

പക്ഷേ, പിറ്റേദിവസം തന്നെ എന്‍റെ വെല്ലുവിളി ഈശ്വരന്‍ സ്വീകരിച്ചു. ഡോക്ടര്‍ പുത്തൂരാന്‍റെ ശവസംസ്ക്കാരം രാവിലെ കഴിഞ്ഞു. എനിക്കന്ന് ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ഓഫീസില്‍ പോയാല്‍ മതി. ടെലിഗ്രാഫ് ഓഫീസില്‍ രണ്ടു മണി മുതല്‍ പത്തു മണി വരെയാണു ഡ്യൂട്ടി. രാവിലെ ശവസംസ്ക്കാരവും കഴിഞ്ഞു ഷണ്‍മുഖം റോഡില്‍ മാത്യു ചൂളയ്ക്കലിന്‍റെ റേഡിയോ ഷോപ്പില്‍ ഇരുന്നു വര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്ന സമയത്തു തനിക്ക് ഉച്ചയ്ക്കു മുമ്പേ ആലുവായില്‍ പോയിട്ടു വരേണ്ടുന്നയാവശ്യമുണ്ടെന്നും കൂടെ വരുന്നോ എന്നും മാത്യു എന്നോട് ചോദിച്ചു. ഞാന്‍ സമ്മതിച്ചു.

ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ പോകണം. അപ്പോഴാണ് ഒരു സായ്പ്പ് കടയില്‍ കയറി വരുന്നത്. തനിക്കു കോട്ടയം വരെ പോകണമെന്നും എന്നാല്‍ എറണാകുളത്തു നിന്നും കോട്ടയത്തേക്കു നേരിട്ടു ബസ്സില്ലാത്തതുകൊണ്ട് ആലുവായില്‍ പോയി ബസ്സു കയറണമെന്നും പറഞ്ഞിട്ട് ആലുവായ്ക്കു പോകാനുള്ള വഴിയേതാണെന്നു ഞങ്ങളോടു ചോദിച്ചു.

ഞങ്ങള്‍ ആലുവായില്‍ പോകാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും മാത്യുവിന്‍റെ കൊച്ചു കാറില്‍ സായ്പ്പിനെക്കൂടെ കയറ്റാമെന്നും ഞങ്ങള്‍ സമ്മതിച്ചു. അങ്ങനെ ഞങ്ങള്‍ ഒരുമിച്ച് ആലുവാ വരെ യാത്ര ചെയ്തതിന്‍റ പരിണതഫലം ഞാന്‍ കുറേ മാസങ്ങള്‍ കഴിഞ്ഞ് 1947 ഓഗസ്റ്റില്‍ എത്യോപ്യയില്‍ അധ്യാപകനായി പോയി എന്നതു തന്നെ. എത്യോപ്യന്‍ ഗവണ്‍മെന്‍റ് സ്കൂളുകളിലേക്ക് അദ്ധ്യാപകരെ റിക്രൂട്ട് ചെയ്യുവാന്‍ ആദ്യമായി വന്ന ആളായിരുന്നു ആ സായ്പ്. കാനഡാക്കാരനായ അദ്ദേഹത്തിന്‍റെ പേര് ഡോക്ടര്‍ ആര്‍. എന്‍. തോംപ്സണ്‍.

ദൈവത്തെ പരിശോധിക്കാനോ പരീക്ഷിക്കാനോ അല്ലാതെ ആത്മാര്‍ത്ഥമായി ദൈവത്തോട് ഇടപെട്ടാല്‍ ഉടനേതന്നെ പ്രവര്‍ത്തിക്കുവാന്‍ ദൈവത്തിനു സാധിക്കുമെന്നതിനു മറ്റു തെളിവൊന്നും എനിക്കാവശ്യമില്ല.

പുതിയ ജീവിത സാഹചര്യം നല്‍കിയാല്‍ കൂടുതല്‍ സമര്‍പ്പിതജീവിതം നയിച്ചുകൊള്ളാമെന്നായിരുന്നു പകുതി ഒഴികഴിവായിട്ടാണെങ്കിലും എന്‍റെ വെല്ലുവിളി. അത് ഒരു പ്രാര്‍ത്ഥനയായി ദൈവം കണക്കിലെടുത്തു. പിറ്റേന്നു തന്നെ ദൈവം വഴി കാണിച്ചു. അന്നു ഞാന്‍ എത്യോപ്യയില്‍ പോയില്ലായിരുന്നു എങ്കില്‍ ഇന്നു ഞാന്‍ എവിടെയായിരിക്കുമായിരുന്നു എന്നു പലപ്പോഴും ചിന്തിക്കാറുണ്ട്.

(മലയാള മനോരമ ആഴ്ചപ്പതിപ്പ്, ജനുവരി 13, 1990)