വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഭ / എം. റ്റി. പോള്‍

guru-nitya-paulos-gregorios
പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ദര്‍ശനങ്ങളെക്കുറിച്ചോ ഗ്രന്ഥങ്ങളെക്കുറിച്ചോ ആധികാരികമായി പ്രതിപാദിക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തുന്നില്ല. മെത്രാപ്പോലീത്തായുടെ പ്രവര്‍ത്തനമേഖലയിലുള്ള സ്പെട്രം (ുലെരൃൗാേ) ഒന്ന് അവതരിപ്പിക്കുവാനേ ഇവിടെ ഞാന്‍ ശ്രമിക്കുന്നുള്ളു.

മെത്രാപ്പോലീത്താ കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പെട്ടെന്ന് ഒരു ദിവസം എന്നെ ഫോണില്‍ വിളിച്ച് എനിക്ക് നിങ്ങളുടെ പള്ളിയില്‍ വി. കുര്‍ബ്ബാന അനുഷ്ഠിക്കണമെന്ന് പറഞ്ഞു. വളരെ പാവപ്പെട്ട ഒരു പള്ളിയായിരുന്നു ഞങ്ങളുടേത്. അവിടെ ഒരു മെത്രാപ്പോലീത്താ വി. കുര്‍ബ്ബാന അനുഷ്ഠിക്കുക എന്നത് ഇടവകാംഗങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സുവര്‍ണ്ണ സന്ദര്‍ഭമായിരുന്നതുകൊണ്ട് ഒന്നുമാലോചിക്കാതെ ഞാന്‍ മെത്രാപ്പോലീത്തായെ ക്ഷണിക്കുകയും, അദ്ദേഹം എന്‍റെ കൂടെ താമസിച്ച് ഞങ്ങളുടെ പള്ളിയില്‍ വി. കുര്‍ബ്ബാന അനുഷ്ഠിക്കുകയും ചെയ്തു. അതു കഴിഞ്ഞപ്പോഴാണ് മെത്രാപ്പോലീത്താ അവിടെ എത്തിയതിന്‍റെ പ്രധാന കാരണം മനസ്സിലായത്. കാലടി മഠത്തില്‍ മെത്രാപ്പോലീത്തായ്ക്ക് ഒരു ക്ഷണം ഉണ്ടായിരുന്നു. അവിടെ പോകുവാന്‍ വേണ്ടിയും ഉജ്ജ്വല വാഗ്മികളുമായി ഏറ്റുമുട്ടുവാന്‍ വേണ്ടിയും ഉള്ള പ്രാരംഭ നടപടികള്‍ക്കായാണ് മെത്രാപ്പോലീത്താ എന്‍റെ കൂടെ താമസിച്ചത്. അവിടെ അവതരിപ്പിക്കേണ്ട പേപ്പര്‍ തയ്യാറാക്കുവാന്‍ സ്വസ്ഥമായ ഒരു സ്ഥലമായിരുന്നു മെത്രാപ്പോലീത്തായ്ക്ക് ആവശ്യം. ഒന്നര ദിവസത്തെ ദീര്‍ഘമായ പ്രയത്നംകൊണ്ട് അദ്ദേഹം പേപ്പര്‍ തയ്യാറാക്കി.

എന്‍റെ കൂടെ താമസിച്ചു എന്നല്ലാതെ ഞാനും അദ്ദേഹവുമായി സംസാരിച്ചോ എന്നുതന്നെ എനിക്ക് സംശയമുണ്ട്. ഏതായാലും സംസാരിച്ച് അതില്‍ വലിയ പ്രയോജനമുണ്ടാക്കുവാന്‍ ഞാന്‍ ശ്രമിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ‘മലയാള മനോരമ’യില്‍ മെത്രാപ്പോലീത്താ അവിടെ പോയതും അവിടെ ആര്‍ക്കും ഇതുവരെ പ്രവേശനം അനുവദിച്ചിട്ടില്ലാത്ത ഉന്നത സ്ഥാനത്ത് അവര്‍ അദ്ദേഹത്തെ എഴുന്നള്ളിച്ചിരുത്തിയതായും വാര്‍ത്ത വന്നു. അത് കണ്ടപ്പോള്‍ അതിന് ചെറിയൊരു മുഖാന്തിരമായി പ്രവര്‍ത്തിച്ച എനിക്ക് അതിയായ സന്തോഷമുണ്ടായി.

ഈയടുത്ത കാലത്ത് കൊച്ചി യൂണിവേഴ്സിറ്റി കാമ്പസില്‍ വച്ച് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് നടക്കുകയുണ്ടായി. ആ സമയത്ത് എറണാകുളത്തെ അച്ചന്മാരാരോ ഫോണില്‍ വിളിച്ച് ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കണം എന്നു പറഞ്ഞു. സയന്‍സ് കോണ്‍ഗ്രസ് തുടങ്ങുന്നതിന് രണ്ടു ദിവസമേയുള്ളു. ഞാന്‍ വിചാരിച്ചു മെത്രാപ്പോലീത്താ വല്ല പരിചയക്കാരെയും കാണാന്‍ വരുന്നതായിരിക്കും എന്ന്. അപ്പോള്‍, മെത്രാപ്പോലീത്തായ്ക്കു അഞ്ച് ദിവസം താമസസൗകര്യം ശരിയാക്കണം എന്ന് അച്ചന്‍ പറഞ്ഞു.

മെത്രാപ്പോലീത്തായ്ക്ക് അഞ്ചു ദിവസം സയന്‍സ് കോണ്‍ഗ്രസുമായി എന്താണ് ബന്ധം എന്ന് ഞാന്‍ ചിന്തിച്ചു. ഏതായാലും ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ മെത്രാപ്പോലീത്തായ്ക്ക് താമസിക്കുവാന്‍ പെട്ടെന്ന് ഒരു സ്ഥലം കണ്ടുപിടിക്കുവാന്‍ കഴിയാതിരുന്നതുകൊണ്ട് വീണ്ടും അദ്ദേഹം എന്‍റെ കൂടെ താമസിച്ചു. യൂണിവേഴ്സിറ്റിക്ക് തൊട്ടടുത്താണ് ഞാന്‍ താമസിക്കുന്നത്. മെത്രാപ്പോലീത്തായെ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കുവാന്‍ കൊണ്ടുചെന്നാക്കുന്നതും കൊണ്ടുവരുന്നതും ഞാന്‍ തന്നെയായിരുന്നു. ആ സമയത്ത് അവിടെയുള്ള പരിചയക്കാരില്‍ നിന്നും മെത്രാപ്പോലീത്താ അവിടെ എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ മനസ്സിലാക്കി.

എനിക്കും സയന്‍സ് കോണ്‍ഗ്രസിലേക്ക് ക്ഷണം ഉണ്ടായിരുന്നു എങ്കിലും അവിടെ പോയാല്‍ എനിക്ക് പല കാര്യങ്ങളും മനസ്സിലാകാത്തതുകൊണ്ട് പോയില്ല. മെത്രാപ്പോലീത്താ അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് എന്നോട് ചര്‍ച്ച ചെയ്തപ്പോള്‍ മനസ്സിലായി പോകാഞ്ഞത് വളരെ നന്നായി എന്ന്. മെത്രാപ്പോലീത്താ അവിടെ പോയി പറഞ്ഞ കാര്യങ്ങളൊക്കെ എന്നോട് പറയുവാന്‍ ശ്രമിച്ചു. എനിക്ക് മനസ്സിലാകാത്തതുകൊണ്ട് കാപ്പിയും ചായയും ഒക്കെ കൊടുത്ത് ആ വിഷയത്തില്‍ നിന്ന് തടിതപ്പാന്‍ ഞാന്‍ ശ്രമിച്ചു.

പൗരസ്ത്യ പിതാക്കന്മാരുടെ തിയോളജിയുമായിട്ട് മല്ലടിക്കുന്ന തിരുമേനി ചിത്രം വരയ്ക്കുന്ന ക്യാന്‍വാസുകള്‍ എത്ര വലുതാണ് എന്ന് നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുവാനാണ് ഈ സംഭവങ്ങള്‍ വിവരിച്ചത്. പതിനഞ്ച് വര്‍ഷത്തോളമായി മെത്രാപ്പോലീത്തായെ എനിക്ക് പരിചയമുണ്ട്. അദ്ദേഹത്തിന്‍റെ ഈ കാലഘട്ടത്തിലെ വളര്‍ച്ചയെ നോക്കിക്കാണുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ദിവസവും വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മഹാപ്രതിഭയായിട്ടാണ് മെത്രാപ്പോലീത്തായെ എനിക്ക് ദര്‍ശിക്കുവാന്‍ സാധിച്ചിട്ടുള്ളത്.

(ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയില്‍ വച്ച് 1992-ല്‍ നടന്ന മെത്രാപ്പോലീത്തായുടെ സപ്തതി സമ്മേളനത്തില്‍ ചെയ്ത പ്രസംഗം.)

(ലേഖകന്‍ മുന്‍ മലങ്കരസഭാ അസോസിയേഷന്‍ സെക്രട്ടറിയാണ്)