എന്‍റെ ജ്യേഷ്ഠ സഹോദരനു നമോവാകം / ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ

Dr_Philipose_Mar_Theophilos
അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ എന്‍റെ സഹോദരനാണോ എന്ന് വിദേശത്തുള്ള പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ സാധാരണ പറയാറുള്ള മറുപടി ഇപ്രകാരമായിരിക്കും, ‘അതെ, അദ്ദേഹം എന്‍റെ ജ്യേഷ്ഠ സഹോദരനത്രെ.’ ചിലയാളുകള്‍ അത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഉള്‍ക്കൊള്ളുന്നതായി തോന്നി. അപ്പോള്‍ ഞാന്‍ വിശദീകരിക്കും – ‘എല്ലാ ഓര്‍ത്തഡോക്സ് മെത്രാന്മാരും എന്‍റെ സഹോദരന്മാരത്രെ.’ ഞാനും തെയോഫിലോസ് തിരുമേനിയും രക്തബന്ധമുള്ള സഹോദരന്മാരല്ലെന്നറിയുമ്പോള്‍ ആളുകള്‍ വിസ്മയഭരിതരാകാറുണ്ട്. ഞങ്ങള്‍ യഥാര്‍ത്ഥ സഹോദരന്മാരെപ്പോലെ സാമ്യമുള്ളവരായി തോന്നിക്കുമെന്നാണ് അവര്‍ പറയുന്നത്.

മൂന്നു കാര്യങ്ങളിലെങ്കിലും അഭിവന്ദ്യ തെയോഫിലോസ് തിരുമേനി എന്‍റെ ജ്യേഷ്ഠ സഹോദരനാണ് എന്ന് നിസംശയം പറയാം. ഒന്നാമതായി, അദ്ദേഹം എന്നെക്കാള്‍ സീനിയറായ മെത്രാപ്പോലീത്തായാണ്. ഞങ്ങള്‍ രണ്ടുപേരും ഒരേ അസോസിയേഷനില്‍ വച്ച് മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ഡബ്ല്യൂ.സി.സി. (സഭകളുടെ ലോക കൗണ്‍സില്‍) യുടെ അസോസിയേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നതിനാലും മെത്രാന്‍സ്ഥാന ലബ്ധിക്കുവേണ്ട യോഗ്യതകള്‍ എനിക്കില്ലെന്ന് തോന്നിയതിനാലും എന്‍റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഞാന്‍ ഔപചാരികമായിത്തന്നെ അപേക്ഷ സമര്‍പ്പിച്ചു. എന്‍റെ പേരിനോട് നിഷേധാത്മകമായ സമീപനമാണ് അധികാരസ്ഥാനങ്ങളില്‍ നിന്നു ലഭിച്ചതെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി. ഏതായാലും തെയോഫിലോസ് തിരുമേനി മെത്രാഭിഷിക്തനാവുകയും ഞാന്‍ പട്ടക്കാരനായി കുറേക്കാലം കൂടി തുടരുകയും ചെയ്തു. അങ്ങനെ അദ്ദേഹം എന്നെക്കാള്‍ വളരെ സീനിയറായ മെത്രാപ്പോലീത്തായായി.

രണ്ടാമതായി, 1954-ല്‍ അമേരിക്കയിലെ ഉപരിപഠനത്തിനുശേഷം നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഞാന്‍ കേവലം ഒരു അത്മായക്കാരന്‍ മാത്രമായിരുന്നു. അദ്ദേഹമോ പേരെടുത്ത ഒരു പട്ടക്കാരനും. ബഹുമാനപ്പെട്ട ഫിലിപ്പോസ് അച്ചന്‍ (അന്നത്തെ അദ്ദേഹത്തിന്‍റെ പേര്) പോള്‍ വര്‍ഗീസ് എന്ന എന്‍റെ മാര്‍ഗ്ഗദര്‍ശിയും ആത്മീയഗുരുവും ഉപദേഷ്ടാവുമായിരുന്നു. ആ കാലങ്ങളില്‍ അദ്ദേഹം കോട്ടയം ചെറിയപള്ളിയിലും ഞാന്‍ അലുവാ ഫെലോഷിപ്പ് ഹൗസിലുമായിരുന്നു. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും സഭയുടെ പല പ്രധാന പദ്ധതികളിലും ക്രൈസ്തവ സഭകളുടെ കൂട്ടായ്മകളിലും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം ലഭിച്ചു. ബഹു. അച്ചന് പരിശുദ്ധ സഭയോടുള്ള അത്യഗാധമായ സ്നേഹവും വിധേയത്വവും അതോടൊപ്പം തന്നെ എക്യുമെനിക്കല്‍ പ്രസ്ഥാനത്തോടുള്ള ആവേശവും അദ്ദേഹത്തെപ്പറ്റി എന്നില്‍ വലിയ മതിപ്പുളവാക്കിയിരുന്നു. എന്‍റെ സ്നേഹ ബഹുമാന ആദരവുകള്‍ക്ക് പാത്രീഭൂതനായ അദ്ദേഹം അന്നാളുകള്‍ മുതല്‍ തന്നെ എന്‍റെ ജ്യേഷ്ഠ സഹോദരനായി മാറിക്കഴിഞ്ഞിരുന്നു.
അക്കാലത്തെ ഒരു പ്രധാന സംഭവം ഇന്നും എന്‍റെ ഓര്‍മ്മകളില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. കാലംചെയ്ത ഭാഗ്യസ്മരണാര്‍ഹനായ മോറാന്‍ മാര്‍ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സിന്‍റെ പുണ്യസന്നിധിയില്‍ എന്നെ പരിചയപ്പെടുത്തിയത് ബ. അച്ചനായിരുന്നു.

കോട്ടയം കുരിശുപള്ളിയില്‍ പീസ് ലീഗിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മരണം വരെയുള്ള നിരാഹാര സമരത്തില്‍ പങ്കെടുത്ത ആറുപേര്‍ക്ക് വേദപഠന ക്ലാസുകള്‍ നടത്തുന്നതില്‍ ഞാനും പങ്കാളിയായിരുന്നു. പാത്രിയര്‍ക്കീസ് വിഭാഗവും കാതോലിക്കാ വിഭാഗവും തമ്മില്‍ അനുരഞ്ജനപ്പെടണമെന്നുള്ളതായിരുന്നു അവരുടെ ആവശ്യം. പ. കാതോലിക്കാ ബാവായാകട്ടെ, സത്യഗ്രഹികളോടോ അവരുമായി ബന്ധപ്പെടുന്നവരോടോ യാതൊരു വിധത്തിലുമുള്ള അനുഭാവമോ താല്‍പര്യമോ പ്രകടിപ്പിച്ചിരുന്നില്ല. കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍ പോള്‍ വറുഗീസ് എന്നൊരു അത്മായക്കാരന്‍ അമേരിക്കയില്‍ നിന്ന് വേദശാസ്ത്ര ബിരുദവും നേടി, നിരാഹാരം കിടക്കുന്നവര്‍ക്കും അവരെ കാണാനെത്തുന്നവര്‍ക്കും ക്ലാസ് എടുക്കുന്നത് അദ്ദേഹത്തിന് ഒട്ടും ഇഷ്ടമായില്ല. ഒരു ദിവസം ദേവലോകത്ത് വച്ച് നടത്തിയ പ്രബോധനത്തില്‍ അദ്ദേഹമത് സൂചിപ്പിക്കുകയും പോള്‍ വറുഗീസ് പഠിപ്പിക്കുന്നത് അമേരിക്കന്‍ വേദപുസ്തകമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇതറിഞ്ഞ ഫിലിപ്പോസച്ചന്‍ ഞാനുമായി ബന്ധപ്പെടുകയും പരിശുദ്ധ ബാവായെ കണ്ട് തെറ്റിദ്ധാരണകള്‍ എത്രയും പെട്ടെന്ന് തീര്‍ക്കുവാന്‍ ശ്രമിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഞാനതിന് തയ്യാറായെങ്കിലും ഒരു നിബന്ധന വച്ചു. അതായത് ഫിലിപ്പോസച്ചന്‍ തന്നെ എന്നെ ബാവാതിരുമേനിയുടെ അടുക്കല്‍ കൊണ്ടുപോകുകയും പരിചയപ്പെടുത്തുകയും ചെയ്യണം. അങ്ങനെ ഞങ്ങള്‍ ഒരുമിച്ചു പോയി. പ. ബാവാ വിശുദ്ധ വേദപുസ്തകവുമായി ബന്ധപ്പെട്ട് നൂറിലധികം ചോദ്യങ്ങള്‍ എന്നോട് ചോദിച്ചു. പ. പിതാവിന്‍റെ അഗാധമായ അറിവും ആത്മീയതയില്‍ മുഴുകിയ വേദപുസ്തക പരിജ്ഞാനവും എന്നെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. അവസാനം പോള്‍ വറുഗീസ് കൊള്ളാവുന്നവനാണെന്നും അയാള്‍ നടത്തുന്ന പഠിപ്പിക്കലുകള്‍ യഥാര്‍ത്ഥ ഓര്‍ത്തഡോക്സ് വിശ്വാസത്തിലധിഷ്ഠിതമാണെന്നും പ. ബാവാ ഫിലിപ്പോസച്ചനോട് പറഞ്ഞു. അന്നെന്‍റെ ജ്യേഷ്ഠ സഹോദരന്‍റെ സ്നേഹമസൃണമായ പ്രേരണയ്ക്കു വഴങ്ങി പ. ബാവായുടെ സന്നിധിയില്‍ പോയില്ലായിരുന്നുവെങ്കില്‍ ഇന്നും ഞാനൊരു അത്മായക്കാരനായി തുടരുമായിരുന്നില്ലേ എന്ന് ചിന്തിച്ചു പോകുന്നു. പ. സഭയില്‍ മഹാപുരോഹിത ശുശ്രൂഷ നിര്‍വഹിക്കുന്നതിനുള്ള അവസരം യാഥാര്‍ത്ഥ്യമായത് ദൈവംതമ്പുരാന്‍ ഫിലിപ്പോസ് അച്ചനില്‍ കൂടി പ്രവര്‍ത്തിച്ചതിനാലാണെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഞാനതിലദ്ദേഹത്തോട് എന്നും കൃതാര്‍ത്ഥനുമായിരിക്കും.
മൂന്നാമതായി, എന്‍റെ സഹോദരന്‍ എന്ന നിലയില്‍ ഞാന്‍ തെയോഫിലോസ് തിരുമേനിയോട് കടപ്പെട്ടിരിക്കുന്നത് മറ്റു സഭകളുമായി നമ്മുടെ സഭയെ ബന്ധപ്പെടുത്തിയ പ്രക്രിയയിലൂടെയും ആ ബന്ധം ശ്രദ്ധയോടെ ഊട്ടിയുറപ്പിച്ച് ബലപ്പെടുത്തിയതിലൂടെയുമാണ്. പൗരസ്ത്യ യൂറോപ്പിലെ സഭകളുമായി, പ്രത്യേകിച്ച് സേര്‍ബിയന്‍ സഭ, ബള്‍ഗേറിയന്‍ സഭ, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ, റുമേനിയന്‍ ഓര്‍ത്തഡോക്സ് സഭ തുടങ്ങിയവയുമായി വളരെയടുത്ത സ്നേഹബന്ധമാണ് അദ്ദേഹം വളര്‍ത്തിയെടുത്തത്. ഇപ്പറഞ്ഞ സഭകളിലെ മുതിര്‍ന്ന നേതാക്കന്മാരെല്ലാം ബഹു. കോര ഫിലിപ്പോസ് അച്ചനെക്കുറിച്ച് വളരെ സ്നേഹബഹുമാനാദരവുകളോടെയാണ് ഇപ്പോഴും സംസാരിക്കാറുള്ളത്. അദ്ദേഹമിട്ട അടിസ്ഥാനത്തിന്മേലാണ് പിന്നീട് എനിക്ക് വ്യത്യസ്തമായ മറ്റൊരു ശൈലിയിലൂടെ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനായത്. ഡബ്ലൂ.സി.സി. യിലും അദ്ദേഹം എന്‍റെ ജ്യേഷ്ഠസഹോദരനായിരുന്നു. 1968 വരെയും അദ്ദേഹം ഡബ്ലൂ.സി.സി. യുടെ സെന്‍ട്രല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചു. ഞാനാ സമയത്ത് ജനീവയില്‍ അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. സെന്‍ട്രല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സഭയ്ക്കുവേണ്ടി മിത്രങ്ങളെ നേടുവാനുള്ള അദ്ദേഹത്തിന്‍റെ നിപുണത ഒന്നു വേറെ തന്നെയായിരുന്നു. അതുപോലെ എനിക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം. വാസ്തവത്തില്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വം എന്‍റേതുമായി തട്ടിച്ചുനോക്കുമ്പോള്‍ എത്രയോ ഹൃദ്യവും സ്നേഹനിര്‍ഭരവുമാണ്. തന്നെയുമല്ല, എന്‍റെ കാര്‍ക്കശ്യവും പരുഷഭാവവും മിത്രങ്ങളെ നേടുന്നതിനു പകരം പലരെയും അകറ്റുവാനേ ഉപകരിച്ചിട്ടുള്ളു എന്നു വേണം പറയുവാന്‍. അങ്ങനെ സുഹൃത്തുക്കളെ സഭയ്ക്കുവേണ്ടി നേടുന്ന കാര്യത്തിലും തെയോഫിലോസ് തിരുമേനി അതുല്യമായ സേവനമാണ് കാഴ്ചവച്ചത്.

എഴുപത്തിയഞ്ചാം ജന്മദിനാഘോഷങ്ങള്‍ നടക്കുന്ന ഇത്തരുണത്തില്‍ എന്‍റെ ജ്യേഷ്ഠ സഹോദരനെ ആദരിക്കുന്നതിനും ആശംസകളര്‍പ്പിക്കുന്നതിനും ലഭിച്ച ഈ അവസരം ഒരു വലിയ പദവിയായും അതിലേറെ ഹൃദയഹാരിയായ അനുഭവമായും ഞാന്‍ കണക്കാക്കുന്നു. ഇനിയും അനേക വര്‍ഷങ്ങള്‍ ഈ സഭയെ ശുശ്രൂഷിക്കുന്നതിനുവേണ്ട ബുദ്ധിയും കഴിവും ആരോഗ്യവും പ്രാപ്തിയും അദ്ദേഹത്തിന് ലഭിക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു.

അഭി. തെയോഫിലോസ് തിരുമേനിയെ സഭയ്ക്കായി നല്‍കിയ സര്‍വ്വശക്തനായ ദൈവം തമ്പുരാന്‍റെ കൃപയും കരുണയും മഹത്വപ്പെടുമാറാകട്ടെ.

(ഇംഗ്ലീഷ് ലേഖനത്തിന്‍റെ മലയാള പരിഭാഷ. പരിഭാഷകന്‍: ബാബു കുര്യന്‍ പുളിയേരില്‍)

A Tribute to My Elder Brother (Dr. Philipose Mar Theophilos)