Paulos Mar Gregorios Memorial Speech by Adv. Kumarakom Sankunni Menon
മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുമായി വളരെ അടുത്തു ഇടപെടുവാന്‍ മഹാഭാഗ്യം സിദ്ധിച്ചിട്ടുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ഞാന്‍ എന്ന് പലപ്പോഴും ഞാന്‍ അഭിമാനിച്ചിട്ടുണ്ട്. ഇപ്പോഴും അഭിമാനിക്കുന്നു. തിരുമേനിയെ അടുത്തറിയുവാന്‍ തുടങ്ങിയിട്ട് പത്തുമുപ്പതു വര്‍ഷങ്ങളായി. തിരുമേനിയുമായി ആദ്യം ഞാന്‍ സംസാരിക്കുന്നത് കമ്മ്യൂണിസ്റ്റ് മന്ത്രിയായിരുന്ന കെ. റ്റി ജേക്കബ് മരിച്ചപ്പോഴാണ്. അദ്ദേഹത്തിന്‍റെ ശവശരീരം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിനു വെയ്ക്കും എന്ന് പ്രസിദ്ധപ്പെടുത്തിയതനുസരിച്ച് അവിടെ കുറെസമയം വച്ചിരുന്നു. അത് നട്ടുച്ച സമയത്തായിരുന്നു. പതിനായിരക്കണക്കിന് ആളുകള്‍ അവിടെ കൂടിയിരുന്നു. ഈ ആള്‍ക്കൂട്ടത്തിനിടയില്‍ കൂടി ഒരു പുരോഹിതന്‍ – ഒരു പരിവാരവുമില്ലാതെ, ഒരു കുട പോലും ചൂടാതെ – നട്ടുച്ച വെയിലില്‍ ഒറ്റയ്ക്ക് നടന്നുചെന്ന് ആ കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ തലയ്ക്കല്‍ ഏതാനും നിമിഷങ്ങള്‍ പ്രാര്‍ത്ഥിച്ച് നിന്നു. അദ്ദേഹം അവിടെ നിന്നു തിരികെപോരുമ്പോള്‍ ഞാനും കൂടെ തിരിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു: ‘ധാരാളം കമ്മ്യൂണിസ്റ്റ് പ്രസംഗങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്, വായിച്ചിട്ടുമുണ്ട്. എന്നാല്‍ ഈ രാജ്യത്ത് തല ചായ്ക്കാന്‍ ഇടമില്ലാത്ത നാലു ലക്ഷം ആളുകള്‍ക്ക് പത്തു സെന്‍റ് വീതം കുടികിടപ്പ്, 24 മണിക്കൂര്‍ കൊണ്ട് കൊടുക്കാന്‍ ഉത്തരവിട്ട ഒരു മനുഷ്യനാണവിടെ കിടന്നത്. അദ്ദേഹത്തെ വന്നു കാണേണ്ടത് എന്‍റെ കര്‍ത്തവ്യമാണെന്ന് എനിക്ക് തോന്നിയിട്ട് ഞാന്‍ വന്നതാണ്.’
ലാന്‍ഡ് റിഫോംസ് ആക്റ്റിന്‍റെ പ്രസക്തഭാഗങ്ങള്‍, കെ. റ്റി. ജേക്കബ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനകം നടപ്പിലാക്കിയിരുന്നു. അതില്‍ തിരുമേനി സന്തുഷ്ടനായി. തിരുമേനിയെ അതിനുശേഷം പല സന്ദര്‍ഭങ്ങളില്‍, പല സംഘടനാ പ്രവര്‍ത്തനങ്ങളിലൊക്കെ പരിചയപ്പെടാനും ഇടപഴകാനും ഇടവന്നു. അദ്ദേഹം ഡല്‍ഹിയില്‍ നിന്നു വരുന്നുണ്ടോ എന്നു വിളിച്ചു ചോദിക്കും. വന്നു കഴിഞ്ഞാല്‍ സോഫിയാ സെന്‍ററില്‍ നിന്ന് ആരെങ്കിലും എന്നെ വിളിച്ചു പറയും, തിരുമേനി വന്നിട്ടുണ്ടെന്ന്. ഞാന്‍ വേഗം ഇവിടെ വരും. ഇവിടെ വന്ന് കുറെ നേരം തിരുമേനിയോടുകൂടെ ഇവിടെയിരിക്കും. ഈ സെമിനാരിയുടെ തണലില്‍ വലിയ ഒരു വടവൃക്ഷത്തിന്‍റെ ചുവട്ടില്‍ ഞങ്ങള്‍ ഇരിക്കാറുണ്ടായിരുന്നു. എല്ലാ വിഷയങ്ങളും സംസാരിക്കും. രാഷ്ട്രീയം, സാമുദായികം, സാമൂഹികം, ദൈവശാസ്ത്രം, മതപരം തുടങ്ങിയ ഏതു വിഷയത്തെപ്പറ്റിയും സംസാരിക്കും. ഋഗ്വേദത്തെപ്പറ്റി സംസാരിക്കും. ഋഗ്വേദത്തിലെ ശ്ലോകങ്ങള്‍ ചൊല്ലിക്കൊണ്ട് വ്യാഖ്യാനിച്ചു കേള്‍പ്പിക്കുമായിരുന്നു.
സമൂലമായ ഒരു ശാസ്ത്രജ്ഞനും അറിവിന്‍റെ ഭണ്ഡാഗാരവും വേദാന്തിയും ദാര്‍ശനികനുമായിരുന്ന ഒരു വ്യക്തി – ഒരു മഹാനായ വ്യക്തി – നമുക്കുണ്ടായിരുന്നോ എന്നെനിക്ക് സംശയമാണ്. ഏതായാലും എന്‍റെ ഓര്‍മ്മയിലില്ല. മുമ്പ് ജീവിച്ചിരുന്ന ശങ്കരാചാര്യരെയും, അങ്ങനെയുള്ള വലിയ ചരിത്രപുരുഷന്മാരെപ്പറ്റിയുമൊക്കെ ഞാന്‍ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. എന്‍റെ ജീവിതകാലത്ത് എനിക്ക് അനുഭവപ്പെട്ടിട്ടുള്ള ഒരു പ്രത്യേക പാഠം മാര്‍ ഗ്രീഗോറിയോസ് തിരുമേനിയായിരുന്നു.
ഞാന്‍ തിരുമേനിയോട് ഒരിക്കല്‍ പറഞ്ഞു: ‘ഞാന്‍ പലരോടും പറയുന്നുണ്ട്, ഞാന്‍ തിരുമേനിയുടെ ഒരു ശിഷ്യനാണെന്ന്.’ ‘ആയിക്കോളൂ’ എന്നു തിരുമേനി പറഞ്ഞു. അദ്ദേഹത്തിന് ഒരാളിനോടും വെറുപ്പുണ്ടായി ഞാന്‍ കണ്ടിട്ടില്ല. പല ആളുകളെപ്പറ്റിയും പറഞ്ഞോളൂ. ഏറ്റവും ക്രൂരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ദുഷ്ടനായി ജീവിക്കുകയും ചെയ്യുന്ന ഒരാളെപ്പോലും അദ്ദേഹം വെറുക്കുന്നില്ല. എന്തുകൊണ്ടാണ് അങ്ങനെ വെറുക്കാത്തത് എന്നു ചോദിച്ചാല്‍ അദ്ദേഹം പറയും: ‘അയാള്‍ അങ്ങനെ ആയത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കണം. അയാള്‍ അങ്ങനെ ആയതിന്‍റെ പിന്നില്‍ ഒരു ഭൗതിക സാഹചര്യം ഉണ്ട്. ആ സാഹചര്യം തിരുത്താന്‍ നമ്മെക്കൊണ്ട് കഴിയുന്നില്ലെങ്കില്‍ അങ്ങനെയുള്ള ആളുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അതുകൊണ്ട് ഭൗതിക സാഹചര്യത്തിന് വളരെ പ്രധാനപ്പെട്ട ഒരു റോളുണ്ട്. ആ നിലയിലാണ് ഞാന്‍ കമ്മ്യൂണിസ്റ്റുകാരോട് ആഭിമുഖ്യമുള്ളവനാണ് എന്നു പലരും പറയുന്നത്.’ڔ
ഇന്ത്യ-സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിലായാലും, ലോക സമാധാന പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനത്തിലായാലും, മറ്റ് സാമൂഹിക രക്ഷയ്ക്കുവേണ്ടിയുള്ള ഏതു നടപടിക്കായാലും അദ്ദേഹത്തിന് പുത്തനായെന്തെങ്കിലും പറയാനുണ്ട്. അത് അറിവിന്‍റെ ആഴത്തില്‍ നിന്നെടുത്തു തരുന്നതായിരിക്കും. അത് പുത്തനായിരിക്കും. തിരുമേനിയെ കാണാന്‍ ഇങ്ങോട്ടുവന്ന തരത്തിലല്ല ഞാന്‍ തിരിച്ചുപോകാറുള്ളത്! തീര്‍ച്ചയായും എന്തെങ്കിലും കൂടുതലായി എന്നില്‍ ഉണ്ടായിരിക്കും. ക്രിസ്തുവിനെ കാണുകയും ക്രിസ്തുവിനെ കേള്‍ക്കുകയും ചെയ്തു എന്ന ഒരു ബോധത്തോടുകൂടി തിരിച്ചുപോവാന്‍ തിരുമേനി എന്നെ സഹായിച്ചിട്ടുണ്ട്. ഇങ്ങോട്ടു വരുമ്പോള്‍ ആ സന്നിധാനത്തെപ്പറ്റിയായിരിക്കും ചിന്ത, തിരിച്ചുപോകുമ്പോഴും അത് തന്നെയായിരിക്കും മനസ്സില്‍.
എന്നാല്‍ എന്നോട് എപ്പോഴെങ്കിലും ‘താനൊരു ദൈവവിശ്വാസി ആകാത്തതെന്ത്’ എന്ന് ചോദിച്ചിട്ടില്ല. ഒരിക്കലും ചോദിച്ചിട്ടില്ല. ദൈവത്തെപ്പറ്റിയുള്ള സങ്കല്പം എന്തെന്ന് മനസിലാക്കണം എന്നു പറയും. അദ്ദേഹം പഠിപ്പിച്ചതനുസരിച്ച് ദൈവത്തെപ്പറ്റി ഞാന്‍ ചിന്തിക്കുമ്പോള്‍, പല ദൈവവിശ്വാസികളെപ്പറ്റിയും എനിക്ക് പുച്ഛമാണ്. ദൈവത്തെപ്പറ്റിയുള്ള സങ്കല്പം എത്രയോ മഹോന്നതമായിട്ടാണ് അദ്ദേഹം എനിക്ക് വിവരിച്ചു തന്നിട്ടുള്ളത്! അദ്ദേഹം ജീവിതകാലത്തോളം അത് പാലിച്ചിരുന്നു. അത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പറയാന്‍ ആര്‍ക്കും കഴിയും. പ്രസംഗിക്കുവാന്‍ കഴിയും. പ്രവൃത്തിപഥത്തില്‍ അത് വലിയ ബുദ്ധിമുട്ടാണ്.
ഇവിടെ വന്നിരുന്നാല്‍ പോകുന്നതിനു മുമ്പ് ഒരു ഗ്ലാസ്സ് കടുംകാപ്പിയും ഒരു ഉണ്ണിയപ്പവും തരും. അത് തന്നെ അദ്ദേഹവും കഴിക്കും. ഒരു യോഗത്തില്‍ ഇവിടെ വച്ച് ‘സെമിനാരിയുമായുള്ള ബന്ധം മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളു’ എന്നു പറഞ്ഞിട്ട് ‘എനിക്ക് അവസാനത്തെ ആറടി മണ്ണ് ഇവിടെയുണ്ടാവണമെന്നു’ പറഞ്ഞു. ആ ആറടി മണ്ണിനുള്ളില്‍, മഹാമേരു പോലെ സമുന്നതനായ ആ ദീപസ്തംഭം ഇപ്പോഴും ഇരിപ്പുണ്ട്. അതിന്‍റെ ജ്വാല കെട്ടടങ്ങുകയില്ല. ഉറപ്പാണ്.
(ഓര്‍ത്തഡോക്സ് സെമിനാരിയില്‍ നടന്ന അനുസ്മരണ സമ്മേളനത്തിലെ പ്രസംഗം.)