നീതിക്കായി വിശന്നു ദാഹിച്ചിരിക്കുക / ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്

1902 നവംബര്‍ മാസം 2-ാം തീയതി കൃത്യം 92 വര്‍ഷം മുമ്പാണ് പരുമല തിരുമേനി നമ്മില്‍ നിന്നും വാങ്ങിപ്പോയത്. 1947-ലാണ് ആ പിതാവിനെ ഒരു പരിശുദ്ധനായി പ്രഖ്യാപിച്ചത്. അതായത് അദ്ദേഹത്തിന്‍റെ കാലശേഷം 45 വര്‍ഷം കഴിഞ്ഞ്. പക്ഷേ ഈ 1947-ല്‍, പരിശുദ്ധനല്ലാതിരുന്ന പരുമല തിരുമേനി പരിശുദ്ധനായി തീര്‍ന്നു എന്നര്‍ത്ഥമില്ല. അതിനു മുമ്പു തന്നെ ആ പിതാവ് പരിശുദ്ധനായിരുന്നു. അക്കാര്യം 1947-ല്‍ സഭ അംഗീകരിച്ചു, പ്രഖ്യാപിച്ചു എന്നുള്ളത് മാത്രമേയുള്ളു. ആ പിതാവ് ജീവിച്ചിരുന്ന കാലത്ത് ഈ സഭയുടെ വലിയ പ്രകാശസ്തംഭമായിത്തന്നെ നിലനിന്നു എന്നുള്ളതിന് യാതൊരു സംശയവുമില്ല. സുപ്രസിദ്ധനായ ബാര്‍ എബ്രായയെപ്പോലെ തന്‍റെ 20-ാം വയസുകളില്‍ തന്നെ ഒരു മെത്രാപ്പോലീത്തായായിത്തീര്‍ന്ന വലിയ പണ്ഡിതനും വലിയ ഭക്തനുമായ ആ പിതാവിന്‍റെ സന്നിധിയില്‍ എല്ലാ വര്‍ഷവും നമുക്ക് ഒരുമിച്ച് കൂടുവാന്‍ സാധിക്കുന്നു എന്നുള്ളത് ഒരു വലിയ ഭാഗ്യം തന്നെയാണ്.

സിറിയന്‍ സ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സ്

ആ പിതാവ് നമ്മില്‍ നിന്നും കാലം ചെയ്ത് ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ സഭയില്‍ ഒരു പുതിയ പ്രസ്ഥാനം സംജാതമായി. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഉണ്ടായിരുന്നതല്ല. ആ പിതാവ് കാലം ചെയ്ത് ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിറിയന്‍ സ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സ് (ട. ട. ഇ.) അഥവാ സിറിയന്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ എന്നു പേരുള്ള ഒരു സംഘടന ഇവിടെ രൂപവല്‍കൃതമായത്. അതിനകത്ത് ഏറ്റവും കൂടുതല്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചത് സഭയിലെ അല്മായക്കാരായിരുന്നു. സുപ്രസിദ്ധന്മാരായ നമ്മുടെ അല്മായക്കാരെല്ലാം ആദ്യകാലം മുതലെ അതിന് നേതൃത്വം കൊടുത്തിട്ടുണ്ട്. സ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സ് കൂടുകയാണെങ്കില്‍ സഭയിലെ വലിയ അല്മായ നേതാക്കന്മാരെല്ലാം അവിടെ കാണും എന്നുള്ളത് ഒരു കാലത്തെ പതിവായിരുന്നു. കെ. സി. മാമ്മന്‍മാപ്പിള, ഒ. എം. ചെറിയാന്‍, എം. എ. ചാക്കോ – ഇതുപോലെയുള്ള പ്രശസ്തന്മാരായ വലിയ അല്മായക്കാര്‍ വന്ന് നേതൃത്വം നല്‍കിയ ഒരു സംഘടനയായിരുന്നു സിറിയന്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ അല്ലെങ്കില്‍ സിറിയന്‍ സ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സ്.

മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ്  വിദ്യാര്‍ത്ഥി പ്രസ്ഥാനം

1955-ലാണ് ഈ പ്രസ്ഥാനത്തിന്‍റെ ചുമതല ഏറ്റെടുക്കുവാന്‍ എനിക്ക് ഭാഗ്യമുണ്ടായത്. മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സ്റ്റുഡന്‍റ് മൂവ്മെന്‍റ് എന്നൊരു പ്രസ്ഥാനം രൂപവല്‍ക്കരിക്കാന്‍ എനിക്ക് 1955 ലും 1956 ലും ആയിട്ട് സാധിച്ചു. മുമ്പ് വെറും ആനുവല്‍ കോണ്‍ഫ്രന്‍സ് മാത്രമായിരുന്ന ഈ സംഘടനയ്ക്ക് തദ്ദേശീയ യൂണിറ്റുകള്‍ ഓരോ കോളജ് സെന്‍ററിലും ഉണ്ടാക്കി, അവിടെ തദ്ദേശീയ ഭാരവാഹികളെയാക്കി മൂവ്മെന്‍റിനെ ഒരു പ്രസ്ഥാനമാക്കി ഉയര്‍ത്തി. ഇന്നേക്ക് ഏതാണ്ട് 38 വര്‍ഷം മുമ്പാണ്. അതിന്‍റെ ആരംഭകാലത്ത് ഉത്തരേന്ത്യയില്‍പ്പോലും പല കോളജുകളിലും – ആഗ്രായിലും കല്‍ക്കട്ടായിലുമൊക്കെ പോയി – അതിന്‍റെ ബ്രാഞ്ചുകള്‍ സ്ഥാപിക്കുവാന്‍ അന്നെനിക്ക് സാധിച്ചിട്ടുള്ളത് വലിയ സന്തോഷത്തോടെ ഞാന്‍ ഓര്‍ക്കുകയാണ്. ഞാനന്ന് അല്മായക്കാരനായിരുന്നു – പോള്‍ വര്‍ഗീസ്. ആലുവാ ഫെലോഷിപ്പ് ഹൗസിലെ ഒരു അന്തേവാസിയായിട്ട് ജീവിക്കുന്ന കാലത്താണ് ഞാനിത് ചെയ്തത്. എന്നാല്‍ അതിനു മുമ്പുള്ള അനുഭവം വച്ച് നോക്കുമ്പോള്‍ നമ്മുടെ സഭയില്‍ നല്ല തലയെടുപ്പുള്ള മെത്രാപ്പോലീത്തന്മാര്‍ പലരും ഉണ്ടായിട്ടുള്ളത് സ്റ്റുഡന്‍റ് മൂവ്മെന്‍റില്‍ നിന്നാണ്. ഭാസുരന്മാരായ വൈദിക ശ്രേഷ്ടന്മാര്‍ ഉണ്ടായിട്ടുള്ളത് സ്റ്റുഡന്‍റ് മൂവ്മെന്‍റില്‍ നിന്നാണ്. സഭാനേതൃത്വത്തിലേക്ക് എല്ലായ്പ്പോഴും നല്ല സ്ഥാനാര്‍ത്ഥികളെ കാഴ്ച വച്ചിരുന്ന ഒരു പ്രസ്ഥാനമായിരുന്നു വിദ്യാര്‍ത്ഥിപ്രസ്ഥാനം. ഇന്ന് അത് എത്രമാത്രം ശരിയാണെന്ന് എനിക്കറിഞ്ഞു കൂടാ. ഇന്ന് വിദ്യാര്‍ത്ഥിപ്രസ്ഥാനത്തില്‍ നിന്ന് മുമ്പോട്ട് വന്ന് മെത്രാന്മാരാകുന്ന ചിലരൊക്കെ ഉണ്ടായിരിക്കാം. അങ്ങനെ സഭയ്ക്ക് ഒരു നേതൃത്വപരിശീലന ക്യാമ്പു കൂടിയായിട്ടാണ് ഈ സ്റ്റുഡന്‍റ് മൂവ്മെന്‍റ് പണ്ട് പ്രവര്‍ത്തിച്ചിട്ടുള്ളത് എന്ന കാര്യം ഞാന്‍ വലിയ ചാരിതാര്‍ത്ഥ്യത്തോടുകൂടെത്തന്നെ ഓര്‍ക്കുകയാണ്.

ഗിരിപ്രഭാഷണം

കര്‍ത്താവില്‍ വാത്സല്യമുള്ളവരെ, ഇന്ന് ദീര്‍ഘമായ ഒരു പ്രസംഗം ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വേദപുസ്തകത്തിലെ ഒരു ഭാഗത്തെ അടിസ്ഥാനമാക്കി രണ്ടു മൂന്നു കാര്യങ്ങള്‍ നിങ്ങളെ ഓര്‍പ്പിക്കാനാണ് എനിക്ക് ആഗ്രഹം. അതായത് നമ്മുടെ കര്‍ത്താവ് തന്‍റെ ശിഷ്യന്മാരെ വളരെയധികം കാര്യങ്ങള്‍ പഠിപ്പിച്ചു. അതില്‍ ഏറ്റവും പ്രധാനമായ ഒരു സന്ദേശം വ്യക്തമാക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ കര്‍ത്താവിന്‍റെ ഗിരി പ്രഭാഷണത്തെപ്പറ്റി എല്ലാവരും കേട്ടിട്ടുണ്ട്. കര്‍ത്താവിന്‍റെ പഠിപ്പിക്കല്‍ എന്താണ് എന്നുള്ളതിന്‍റെ ഒരു സംക്ഷിപ്ത രൂപമാണ് ഗിരിപ്രഭാഷണം. ആ ഗിരിപ്രഭാഷണത്തിന്‍റെ ആദ്യത്തെ രണ്ടു മൂന്നു ആലമശേൗറേലെ നെ സംബന്ധിച്ച് നിങ്ങളെ ഓര്‍മ്മിപ്പിക്കുവാന്‍ ആഗ്രഹിക്കുകയാണ്. കര്‍ത്താവ് തന്‍റെ ഗിരിപ്രഭാഷണം ആരംഭിച്ചത് അന്നത്തെ ആളുകള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുള്ള ഒരു വാചകത്തിലാണ്. ലൂക്കോസിന്‍റെ സുവിശേഷം വായിച്ചാല്‍ കാണുന്നത് “ദരിദ്രരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍” എന്നാണ്. പരീശന്മാരുടെ പഠിപ്പിക്കല്‍ ധനവാന്മാര്‍ ഭാഗ്യവാന്മാര്‍ എന്നായിരുന്നു. അതായത് മോശയുടെ ന്യായപ്രമാണപ്രകാരമുള്ള നീതി മുഴുവനാക്കുന്ന ആളുകളാണ് ഭാഗ്യവാന്മാര്‍. പക്ഷേ അവരുടെ കൂട്ടത്തില്‍ ഈ പരീശന്മാര്‍ എന്നു പറയുന്നവര്‍ അങ്ങേയറ്റം വന്നാല്‍ അയ്യായിരം പേരേ ഉള്ളു. എന്നാല്‍ യഹൂദ സമൂഹത്തിലെ ഏറ്റവും പണക്കാരായ ആളുകളുടെ പകുതി ഭാഗമാണ് ഈ പരീശന്മാരായിരുന്നത്. അതുകൊണ്ട് അവരുടെ പഠിപ്പിക്കല്‍ ദൈവത്തെ സേവിച്ചാല്‍ ദൈവം അനുഗ്രഹിക്കും, പണമുണ്ടാകും എന്നായിരുന്നു. ഇപ്പോഴും പലരുടെയുമൊക്കെ വിചാരം അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്. പരുമല പോവുകയും പ്രാര്‍ത്ഥിക്കുകയും ഒക്കെ ചെയ്യാമെങ്കില്‍ ദൈവം അനുഗ്രഹിക്കും, അഭിവൃദ്ധി ഉണ്ടാകും, പണമുണ്ടാകും, സുഖമായിട്ട് ജീവിക്കാം എന്നൊരു മതം നമുക്കൊക്കെയുണ്ട്. അതാണ് പരീശന്മാരുടെ മതം എന്നു കര്‍ത്താവ് പറയുന്നത്. അതായത് ദൈവത്തെ പ്രസാദിപ്പിച്ചാല്‍ ദൈവം നമുക്ക് പ്രതിഫലം നല്‍കും എന്നുള്ള പഠിപ്പിക്കല്‍. അത് പരീശന്മാരുടെ പഠിപ്പിക്കലാണ്. ആ പഠിപ്പിക്കല്‍ പ്രകാരം പാവപ്പെട്ടവരെന്നു പറഞ്ഞാല്‍ പാപികള്‍ എന്നാണ് അര്‍ത്ഥം. ഇതാണ് പരീശന്മാരുടെ പഠിപ്പിക്കല്‍. എന്തുകൊണ്ട് നീ പാവപ്പെട്ടവനായി? നീ ദൈവനിയമപ്രകാരം ജീവിക്കാത്തതുകൊണ്ട് നീ പാവപ്പെട്ടവനായി. അതുകൊണ്ട് പാവപ്പെട്ടവനെന്നും പാപിയെന്നും പറയുന്നത് രണ്ടും ഒന്നാണെന്നായിരുന്നു പരീശന്മാരുടെ പഠിപ്പിക്കല്‍. അതിന് കടകവിരുദ്ധമായ ഒരു പഠിപ്പിക്കല്‍ ആണ് കര്‍ത്താവിന്‍റെ പ്രഖ്യാപനം. ദൈവരാജ്യത്തില്‍ ധനവാന് പ്രത്യേക സ്ഥാനമൊന്നും ഇല്ല എന്നുള്ളത് കര്‍ത്താവ് ഇവിടെ വ്യക്തമാക്കുകയാണ്. മാത്രമല്ല ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നവര്‍ കുഞ്ഞുങ്ങളെപ്പോലെയും പാവപ്പെട്ടവരെപ്പോലെയും ഉള്ളവരായിരിക്കണമെന്ന് കര്‍ത്താവ് വ്യക്തമാക്കുകയും ചെയ്തു. മത്തായിയുടെ സുവിശേഷത്തില്‍ കാണുന്നത് ‘ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍’ എന്നാണ്. എന്താണ് ഈ ആത്മാവില്‍ ദരിദ്രത? പാവപ്പെട്ടവന്‍ എന്നു പറഞ്ഞാല്‍ രണ്ട് കാര്യങ്ങളാണ് പ്രധാനപ്പെട്ടതായിട്ടുള്ളത്. ഒന്ന് അവന് അവനവനെ തന്നെ ആശ്രയിക്കുവാന്‍ സാദ്ധ്യമല്ല. മറ്റുള്ളവരുടെ സഹായംകൊണ്ടേ ജീവിക്കുവാന്‍ ഒക്കൂ. അതാണ് poverty എന്നുപറയുന്നത്. poverty എന്നുപറഞ്ഞാല്‍ Independence കൂടെ ഇല്ലാത്ത അവസ്ഥ. അതായത് always in need. എപ്പോഴും മറ്റുള്ളവര്‍ വല്ലതുമൊക്കെ സഹായിച്ചെങ്കിലേ ജീവിക്കാന്‍ ഒക്കൂ. ആത്മാവില്‍ ദരിദ്രരായവരെന്ന് പറഞ്ഞാലും ഏറെക്കുറെ അത് തന്നെയാണ്. അതായത് ഞാന്‍ ആത്മാവില്‍ ധനികനാണ്, എനിക്ക് യാതൊന്നും ആവശ്യമില്ല, Spiritual power ഉണ്ട്, Energy ഉണ്ട് എന്ന് വിചാരിക്കുന്നവന് ദൈവരാജ്യത്തില്‍ പ്രവേശിപ്പാന്‍ സാധ്യമല്ല. ഞാന്‍ ദരിദ്രനാണ്, ദൈവത്തിന്‍റെ കരുണകൊണ്ട് മാത്രമേ എനിക്ക് ജീവിക്കാന്‍ ഒക്കൂ എന്ന് വിചാരിക്കുന്നവരെക്കുറിച്ചാണ്poor in spirit എന്നു പറയുന്നത്.

എന്‍റെ വാത്സല്യമുള്ളവരേ, എനിക്ക് നിങ്ങളോട് പറയാനുള്ള പ്രധാനകാര്യം; നമ്മള്‍ എന്തെങ്കിലും ചെയ്തിട്ട് അതിന്‍റെ പ്രതിഫലമായിട്ട് ദൈവം നമുക്കെന്തെങ്കിലും തരും, ദൈവരാജ്യം തരും എന്നല്ല പഠിപ്പിക്കുന്നത്. പക്ഷേ ദൈവരാജ്യത്തിന്‍റെ മക്കള്‍ക്ക് ഉണ്ടായിരിക്കേണ്ട ചില പ്രത്യേകഗുണവിശേഷങ്ങളെക്കുറിച്ചാണ് ഈ വേദഭാഗം നമ്മെ പഠിപ്പിക്കുന്നത്. ഒന്നാമത്തെ ഗുണവിശേഷം poverty of spirit. ആത്മാവില്‍ ദരിദ്രരായിരിക്കുക. ആത്മീയമായി പാവപ്പെട്ടവനായിരിക്കുക. എനിക്ക് എന്നില്‍ തന്നെ ആത്മീയമായി യാതൊന്നുമില്ല എന്നു മനസിലാക്കിക്കൊണ്ട് ദൈവത്തിന്‍റെ കരുണയില്‍ ആശ്രയിക്കുക. അതാണ് ദൈവരാജ്യത്തിന് ഏറ്റവും ആവശ്യമായിട്ടുള്ളത്. ഇന്ന് വളരെ വിരളമാണീ കാര്യം. എനിക്ക് കഴിവില്ല, എന്നെക്കൊണ്ടൊന്നും വയ്യ, ദൈവം തമ്പുരാന്‍ വിചാരിച്ചെങ്കിലേ എനിക്ക് ജീവിക്കാന്‍ ഒക്കൂ എന്നു പറയുന്നവര്‍ ചുരുക്കമാണ്. ദൈവരാജ്യത്തിലേക്ക് പ്രവേശിക്കുന്നവര്‍ തങ്ങളുടെ സ്വന്തം അപര്യാപ്തതയും അപ്രാപ്തിയും അറിഞ്ഞുംകൊണ്ട് താഴ്മയോടെ ദൈവത്തില്‍ ആശ്രയിച്ച് ജീവിക്കുന്നവരായിരിക്കണം.

രണ്ടാമത് കര്‍ത്താവ് പറയുന്നത്, അതുപോലെ തന്നെ പ്രയാസമേറിയ ഒരു വാക്കാണ്: “വിലപിച്ചിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.” അന്നു പരീശന്മാര്‍ പഠിപ്പിക്കുന്നതിന്‍റെ നേരെ വിപരീതമാണ്. ദൈവം അനുഗ്രഹിക്കുന്നവന്‍ ഒരിക്കലും സങ്കടം കാണുകയില്ല എന്നാണ് പരീശന്മാരുടെ പഠിപ്പിക്കല്‍. അതിന്‍റെ നേരെ വിപരീതമാണ് കര്‍ത്താവിന്‍റെ പഠിപ്പിക്കല്‍. ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നവര്‍ എപ്പോഴും വിലപിച്ചുകൊണ്ടിരിക്കുന്നവരാണ്. അവനവന്‍റെ പരാജയങ്ങളെക്കുറിച്ച് മാത്രമല്ല, ലോകത്തിന്‍റെ പരാജയത്തെക്കുറിച്ചും, ധാര്‍മ്മികതയുടെ പരാജയത്തെക്കുറിച്ചും, മനുഷ്യന്‍റെ പ്രയാസങ്ങളെക്കുറിച്ചുമൊക്കെ വിലപിച്ചുകൊണ്ടിരിക്കുന്നവരാണ് ദൈവരാജ്യത്തിന്‍റെ മക്കള്‍. ലോകം അനുഭവിക്കുന്ന കഷ്ടപ്പാടുകളെപ്പറ്റി മനസ്സലിവുണ്ടായിട്ട് അതിനെപ്പറ്റി കരഞ്ഞ് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെയാണ് ദൈവരാജ്യത്തിലേക്ക് ദൈവം പ്രവേശിപ്പിക്കുന്നത്. എനിക്ക് ഇന്ന് നിങ്ങളോട് പറയാനുള്ള ഒരു കാര്യമതാണ്. ലോകത്തിനു വേണ്ടി കരയാന്‍, നമുക്കു വേണ്ടി തന്നെയല്ല, ലോകത്തിനു മുഴുവന്‍ വേണ്ടി, സഭയ്ക്കുവേണ്ടിയും – അതിന്‍റെ പ്രയാസങ്ങളും കഷ്ടപ്പാടുകളും മനസ്സിലാക്കി, കരയാന്‍ സാധിക്കുന്നവരെയാണ് ദൈവരാജ്യത്തിന് ആവശ്യം. അതുപോലെ സുപ്രധാനമായിട്ടുള്ളതാണ് “താഴ്മയുള്ളവര്‍ ഭാഗ്യവാന്മാര്‍” എന്നതും. ഇന്ന് നമ്മുടെ സമൂഹത്തിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളുടെയും പുറകില്‍ കിടക്കുന്നത് അഹങ്കാരമാണ്. ഓരോ മനുഷ്യന്‍റെയും അഹങ്കാരം. ഞാന്‍ മറ്റൊരാളേക്കാള്‍ വലിയവനാണ് എന്ന അഹങ്കാരം. ആ അഹങ്കാരം നമ്മില്‍ നിന്നു മാറിയെങ്കിലേ ദൈവരാജ്യത്തിന്‍റെ മക്കളായിത്തീരുവാന്‍ സാധിക്കൂ.

നാലാമത് നമ്മുടെ കര്‍ത്താവ് പറയുന്നു, “നീതിക്കായി വിശന്നു ദാഹിച്ചിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.” നിങ്ങള്‍ക്ക് അങ്ങനെയൊരു വിശപ്പുണ്ടോ? ലോകത്തില്‍ നീതിയുണ്ടാകണം, ലോകത്തില്‍ നിന്ന് അനീതി പരിഹരിക്കപ്പെടണം, എല്ലാ മനുഷ്യരും നീതിയോടു കൂടെ സമൂഹത്തിലും വ്യക്തിപരമായും ജീവിക്കണം എന്നു ദാഹത്തോടും വിശപ്പോടും കൂടെ ആഗ്രഹിക്കുന്നുണ്ടോ? ദൈവരാജ്യത്തിന്‍റെ മക്കള്‍, നീതി ലോകത്തില്‍ മുഴുവന്‍, സഭയില്‍ മുഴുവന്‍, നടക്കുവാന്‍ വേണ്ടി വളരെയധികം വിശപ്പും ദാഹവും ഉള്ളവരാണ്. അല്ലാതെ ഞാന്‍ മാത്രം പരിശുദ്ധനാകണം എന്നു പറയുന്നയാളല്ല. നീതി എല്ലായിടത്തും നടപ്പിലാകുവാന്‍ വേണ്ടി നിന്‍റെ രാജ്യം വരേണമേ, നിന്‍റെ തിരുവിഷ്ടം സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലുമാകേണമേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ദൈവരാജ്യത്തിന്‍റെ മക്കള്‍.

മറ്റൊന്ന് കര്‍ത്താവ് നമ്മെ പഠിപ്പിച്ചിട്ടുള്ളത്, “കരുണ കാണിക്കുന്നവര്‍ ഭാഗ്യവാന്മാര്‍” എന്നാണ്. ദൈവരാജ്യം അവരുടേതാണ്. മറ്റുള്ളവരുടെ പ്രയാസം എന്‍റെ സ്വന്തം പ്രയാസമായി കാണുക. അതിനുവേണ്ടി എന്നെക്കൊണ്ട് കഴിയുന്നത് എല്ലാം ചെയ്യുക. എന്‍റെ പ്രയാസങ്ങളെ മറന്നിട്ട് മറ്റുള്ളവരുടെ പ്രയാസങ്ങളില്‍ കഷ്ടപ്പെട്ട് അവരെ സഹായിക്കുവാന്‍ സാധിക്കുക. അങ്ങനെയുള്ളവരാണ് ദൈവരാജ്യത്തിന്‍റെ മക്കള്‍.

പിന്നെ കര്‍ത്താവ് പഠിപ്പിക്കുന്നത്, “ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണുന്നു” എന്നാണ്. എന്താണ് ഈ ഹൃദയശുദ്ധി? ഹൃദയം എന്നു പറഞ്ഞാല്‍ സാധാരണ നമ്മള്‍ ചിന്തിക്കുന്നത് വികാരങ്ങളുടെ ആസ്ഥാനം എന്നാണ്. വേദപുസ്തകത്തില്‍ ഹൃദയം എന്നു പറയുന്നത് വികാരങ്ങളുടെ ആസ്ഥാനമല്ല. മനുഷ്യന്‍റെ വ്യക്തിത്വത്തിന്‍റെ സെന്‍റര്‍ ആണ്. നമുക്കുള്ള ഇച്ഛാശക്തി, വികാരശക്തി, ചിന്താശക്തി – ഈ മൂന്നു ശക്തികളുടെയും പിറകില്‍ നില്‍ക്കുന്ന ഞാന്‍ എന്നു പറയുന്ന ആ പ്രതിഭാസം, അതാണ് ഹൃദയം. ഇതാണ് പഴയനിയമത്തില്‍ ഹൃദയം എന്ന വാക്കിന്‍റെ അര്‍ത്ഥം. മനുഷ്യവ്യക്തിത്വത്തിന്‍റെ കേന്ദ്രമാണ് ഹൃദയം. ഏതില്‍ നിന്ന് നമ്മുടെ വികാരങ്ങളും നമ്മുടെ ചിന്തകളും നമ്മുടെ ഇച്ഛകളും ഉദിക്കുന്നുവോ അതാണ് ഹൃദയം. poor in Heart എന്നു പറഞ്ഞാല്‍, വികാരങ്ങള്‍ ദുഷിച്ചതാകുന്നതിനെക്കുറിച്ച് മാത്രമല്ല, ദൈവത്തിന്‍റെ തിരുവിഷ്ടം നടക്കണമെന്ന ഒറ്റ ആഗ്രഹമേ ഉള്ളൂ. മറ്റു യാതൊരു അഗ്രഹങ്ങളുമില്ല. ആരെല്ലാം തള്ളിക്കളഞ്ഞാലും കുഴപ്പമില്ല, എനിക്ക് സ്ഥാനമുണ്ടായാലും ഇല്ലെങ്കിലും കുഴപ്പമില്ല, ഞാന്‍ ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല, അതൊന്നുമല്ല പ്രധാനമായിട്ടുള്ളത്. ഏകാഗ്രമായി ദൈവതിരുഹിതം ഈ സൃഷ്ടിയില്‍ നടക്കുവാന്‍ വേണ്ടി, ആത്മാര്‍ത്ഥമായ ഹൃദയത്തോടെ ഏകാഗ്രമായി ജീവിതം ഉഴിഞ്ഞുവയ്ക്കുന്നവരാണ് ഹൃദയശുദ്ധിയുള്ളവര്‍. അവരാണ് ദൈവത്തെ കാണുകയും അറിയുകയും ചെയ്യുന്നത്. അതുകൊണ്ട് വാത്സല്യമുള്ളവരെ, നമ്മുടെ ഹൃദയങ്ങള്‍ക്ക് ശുദ്ധിയുണ്ടാകണമെങ്കില്‍ വികാരങ്ങളുടെ മേല്‍ വിജയം പ്രാപിച്ചാല്‍ മാത്രം പോരാ. ആന്തരിക മനുഷ്യന്‍റെ സര്‍വ്വ ഓറിയന്‍റേഷനും ദൈവത്തിന്‍റെ ഇഷ്ടം നടക്കാന്‍ വേണ്ടിയാകണം.

അവസാനം കര്‍ത്താവ് പറഞ്ഞ ആ beatitude അന്ന് ആര്‍ക്കും ഒരു പിടിയും കിട്ടിയില്ല. നീതിക്കു വേണ്ടി പീഡിപ്പിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍. നന്മ ചെയ്തിട്ട് മറ്റുള്ളവര്‍ നമ്മെപ്പറ്റി തിന്മ പറയുമ്പോള്‍ ദൈവത്തെ സ്തുതിക്കുക. ഇത് എങ്ങും കാണുകയില്ല. ഹിന്ദുമതത്തിലും ഇസ്ലാമിലും ഒന്നും കാണുകയില്ല. നമുക്കെതിരായിട്ട് നില്‍ക്കുന്നവന്‍ നമ്മുടെ ശത്രുവാണ് എന്ന ചിന്തയേ മറ്റു മതത്തില്‍ അധികവും കാണുകയുള്ളു. എന്നാല്‍ അങ്ങനെയല്ല, നമ്മള്‍ നന്മ ചെയ്യുമ്പോള്‍ പോലും നമ്മെപ്പറ്റി ചീത്ത പറയുമ്പോള്‍ അതാണ് ദൈവരാജ്യത്തിന്‍റെ മക്കളുടെ സ്വഭാവം. അല്ലാതെ ഇയാള്‍ നല്ലവനാണ്, പരിശുദ്ധനാണ്, വലിയ ആളാണ് എന്നു പറഞ്ഞുകൊണ്ട് ജനങ്ങളെല്ലാം കൊണ്ടാടിക്കൊണ്ട് നടക്കുകയൊന്നുമില്ല. ദൈവരാജ്യത്തിന്‍റെ മകനോ മകളോ ആണെങ്കില്‍ നമ്മള്‍ നന്മ ചെയ്യുമ്പോള്‍ നമ്മെ പീഡിപ്പിക്കും, നമ്മെപ്പറ്റി കുറ്റം പറയും. അതിന് തയ്യാറുള്ളവരെയാണ് കര്‍ത്താവ് തിരഞ്ഞെടുത്ത് വിളിച്ചത്. പത്രോസ് ശ്ലീഹായായാലും തോമ്മാശ്ലീഹായായാലും, പിന്നീട് പൗലോസ് ശ്ലീഹായായാലും. അവരെയെല്ലാം വിളിച്ചത് അതിനുവേണ്ടിയാണ്. ദൈവരാജ്യത്തിനുവേണ്ടി കഷ്ടമനുഭവിക്കുവാന്‍, ദൈവരാജ്യത്തിനുവേണ്ടി നല്ലത് പ്രവര്‍ത്തിക്കുവാനും, അതേസമയത്ത് ആ നല്ലതിന് പകരമായി ചീത്ത കേള്‍ക്കാനുമായിട്ടാണ് ദൈവം തന്‍റെ മക്കളെ വിളിച്ചിരിക്കുന്നത്. വലിയ ഒരു പ്രത്യേക പ്രതിഭാസമാണ്. ഈ ലോകത്തില്‍ നന്മ ചെയ്തുകൊണ്ട് തിന്മ പറയപ്പെടുന്നവരായിട്ട് ജീവിക്കുക എന്നുള്ളതാണ് ദൈവരാജ്യത്തിന്‍റെ അര്‍ത്ഥം.

എന്‍റെ വാത്സല്യമുള്ളവരേ, ദൈവരാജ്യത്തിന്‍റെ മക്കളായി നിങ്ങളെല്ലാവരും ജീവിക്കാന്‍ തക്കവിധം നിങ്ങളെയും എന്നെയും നമ്മുടെ സഭയിലുള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. പരിശുദ്ധനായ പരുമലതിരുമേനിയുടെ നാമത്തിലുള്ള ഈ സ്ഥാപനം മേല്‍ക്കുമേല്‍ അഭിവൃദ്ധി പ്രാപിക്കട്ടെ. ഇത് മൂലം അനേകര്‍ ദൈവത്തിങ്കലേക്ക് അടുത്തുവരുകയും ദൈവത്തിനായി തങ്ങളെത്തന്നെ ഉഴിഞ്ഞുവയ്ക്കുകയും ചെയ്യുവാന്‍ ഇടവരട്ടെ. നിങ്ങളെ എല്ലാവരെയും ദൈവംതമ്പുരാന്‍ അനുഗ്രഹിക്കട്ടെ.

(1994 ലെ പരുമലപ്പെരുന്നാളിനോടനുബന്ധിച്ചു നടന്ന മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം സമ്മേളനത്തില്‍ ചെയ്ത പ്രസംഗം. സമ്പാദകന്‍: ജോയ്സ് തോട്ടയ്ക്കാട്)