ക്രിസ്ത്യാനികള്‍ സന്യാസജീവിതത്തില്‍ പ്രവേശിക്കുന്നതെന്തിനുവേണ്ടിയാണ്? സ്വന്തം ആത്മാവിന്‍റെ രക്ഷയ്ക്കുവേണ്ടി ലോകജീവിതത്തില്‍ നിന്നും പിന്മാറി തപസ്സു ചെയ്യുകയെന്നത് ഹൈന്ദവാശയമല്ലേ? ക്രിസ്തീയ വിശ്വാസത്തില്‍ അതിന് സ്ഥാനമെന്തെങ്കിലുമുണ്ടോ? പ്രത്യേകിച്ചും ആധുനിക ലോകത്തില്‍?
ഈ പ്രശ്നങ്ങളുടെ മറുപടി പറയുവാന്‍ ഈ ലേഖനത്തിന് കഴിവുപോരാ. എന്നാല്‍ മറുപടിയുടെ ആരംഭം മാത്രമാണിവിടെയുദ്ദേശിക്കുന്നത്. ഭക്തരും പണ്ഡിതരുമായ ക്രൈസ്തവര്‍ ഇക്കാര്യത്തില്‍ ചിന്ത ചെലുത്തേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു.
ഈശ്വരനിഷേധമാണ് ഇന്നു ലോകചിന്തയുടെ അന്തരീക്ഷം. ഈശ്വരനുണ്ടോ എന്നുതന്നെ സംശയമായിരിയ്ക്കുന്ന ഇക്കാലത്ത്, അല്ലാ, ഈശ്വരന്‍ ഇല്ല എന്നു തന്നെ തീര്‍ത്തുപറയുവാന്‍ മടിയ്ക്കാത്ത ധാരാളം ചിന്തകന്മാരെ ഉല്പാദിപ്പിയ്ക്കുന്ന ഈ ആധുനികലോകത്തില്‍ സന്യാസജീവിതത്തെപ്പറ്റി പ്രതിപാദിയ്ക്കുകയെന്നതുതന്നെ മൗഢ്യമായേ പലര്‍ക്കും തോന്നൂ.
രണ്ടു കാര്യങ്ങള്‍ മാത്രമേ ഇവിടെ പ്രതിപാദിയ്ക്കുവാനുദ്ദേശിക്കുന്നുള്ളു. ഒന്നാമത്, താപസവൃത്തിയുടെ ലക്ഷ്യമെന്ത്? രണ്ടാമത് ആധുനികജീവിതത്തിന്നുതകുന്ന ഒരു താപസവൃത്തിയ്ക്കെന്തെല്ലാമാണ് പ്രത്യേകമായി ആവശ്യമുള്ളത്?
സമഗ്രമായി ഈ വിഷയങ്ങളെക്കുറിച്ച് പ്രതിപാദിയ്ക്കണമെങ്കില്‍ വലിയ പുസ്തകങ്ങള്‍ തന്നെ എഴുതണം. പക്ഷേ ചുരുക്കമായി ചില കാര്യങ്ങള്‍ ഇവിടെ കുറിയ്ക്കട്ടെ.
1. സന്യാസജീവിതത്തിന്‍റെ ലക്ഷ്യമെന്ത്?
വനാന്തരത്തിലോ മരുഭൂമിയിലോ ഉള്ള താപസജീവിതം കൊണ്ടു മാത്രമേ മനുഷ്യനു രക്ഷയുണ്ടാകൂ എന്ന് ഒരു മതവും പഠിപ്പിയ്ക്കുന്നില്ല. ഹൈന്ദവമതത്തില്‍ പോലും കര്‍മ്മയോഗികളുണ്ട്. പരിശുദ്ധനായ മാര്‍ ബസേലിയോസ് പറയുന്നത് സാധാരണ ജീവിതമദ്ധ്യത്തിലിരുന്നുകൊണ്ട് ക്രിസ്ത്യാനിയാകുവാനുള്ള മനഃശക്തി തനിയ്ക്കില്ലാത്തതുകൊണ്ടാണ് കുറെക്കൂടെ എളുപ്പമുള്ള താപസജീവിതം താന്‍ തെരഞ്ഞെടുക്കുന്നതെന്നത്രെ.
നാലാം ശതാബ്ദത്തിലാണല്ലോ താപസജീവിതത്തിന്ന് ക്രിസ്തീയ വിശ്വാസത്തില്‍ പ്രചുരപ്രചാരമുണ്ടായത്. അന്തോനിയോസിനേയും പക്കോമിയോസിനേയും മക്കാറിയോസിനേയും ബാസേലിയോസിനേയും ഗ്രിഗോറിയോസിനേയും ഒക്കെ ഈ ജീവിതരീതിയിലേയ്ക്കാകര്‍ഷിച്ച സാഹചര്യങ്ങളേവയായിരുന്നു എന്നറിയുന്നത് നമുക്ക് പ്രയോജനകരമായിരിക്കും.
ഒരുവിധത്തില്‍ പറഞ്ഞാല്‍ നാലാം ശതാബ്ദത്തിന്ന് ഇരുപതാം ശതാബ്ദവുമായി വളരെയധികം സാമ്യമുണ്ടായിരുന്നു. ഈ ലോകത്തിന്‍റെ സര്‍വ്വപ്രാധാന്യം കൂടുതലായി പ്രഖ്യാപിയ്ക്കപ്പെട്ടുകൊണ്ടിരുന്ന ഒരു കാലമായിരുന്നു ഇന്നെന്നപോലെ അന്നും. മൂന്നു ശതാബ്ദങ്ങളിലെ പീഡനങ്ങളനുഭവിച്ച് മനുഷ്യന്‍റെ ആത്മാവ് തളര്‍ന്നതിന്‍റെ ഫലമായി അദ്ധ്യാത്മിക ധാര്‍മ്മിക മാനദണ്ഡങ്ങളെയൊക്കെ താഴ്ത്തി, സാധാരണക്കാരന്‍റെ സാധാരണധാര്‍മ്മികതയെ സര്‍വ്വരുടേയും മാനദണ്ഡമായി ഉയര്‍ത്തുവാന്‍ സഭ പോലും മുതിരുന്ന കാലമായിരുന്നന്നെന്ന് 300-ാ മാണ്ടില്‍ കൂടിയ എല്‍വീറാ സുന്നഹദോസിന്‍റെ തീരുമാനം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഈ ലോകം കടന്നുപോകാനുള്ളതാണ്; സ്ഥാവരമായ മറ്റൊരു ലോകം ക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവോടുകൂടെ വന്നുചേരും എന്നുള്ള പ്രതീക്ഷയൊക്കെ മറന്നിട്ട്, കോണ്‍സ്റ്റന്‍റയിന്‍ ചക്രവര്‍ത്തിയുടെ ഗവര്‍മ്മെന്‍റിന്‍റെ സേവ പിടിച്ച് ലോകദൃഷ്ടിയില്‍ സമ്പത്തും ബഹുമതിയുമാര്‍ജ്ജിയ്ക്കുവാനാണ് മെത്രാപ്പോലീത്തന്മാര്‍ പോലും പ്രധാനമായും ശ്രമിച്ചുകൊണ്ടിരുന്നത്.
ക്രിസ്തുവിന്‍റെ ആളത്വത്തേയും ഇരുസ്വഭാവത്തേയും പരിശുദ്ധാത്മാവിന്‍റെ പുറപ്പാടിനേയും മറ്റും പറ്റിയുള്ള വേദശാസ്ത്ര വാദപ്രതിവാദങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന സഭാപണ്ഡിതന്മാര്‍, ക്രിസ്തുവിനേയും, പരിശുദ്ധാത്മാവിനേയും മറന്ന്, സ്ഥാനലാഭത്തിനും വഴക്കിനും വാശിക്കും വേണ്ടി മാത്രം വേദശാസ്ത്രം വിശദീകരിയ്ക്കുന്നവരായിത്തീര്‍ന്നു. കോണ്‍സ്റ്റന്‍റയിന്‍റെ കാലം കഴിഞ്ഞപ്പോള്‍ അറിയൂസിന്‍റെ വേദവിപരീതം സാമ്രാജ്യത്തിന്‍റെ സിംഹാസനത്തിലും സഭയുടെ ഗുരുപീഠങ്ങളിലും ഒരുപോലെ ആരോഹണം ചെയ്യാന്‍ തുടങ്ങി. റോമിലെ പാപ്പായായ ലൈബീരിയാസും, അലക്സന്തര്യായിലെ മെത്രാപ്പോലീത്തായായ ഗീവറുഗീസും, അന്ത്യോഖ്യായിലേയും കുസ്തന്തീനോപ്പോലീസിലേയും മെത്രാപ്പോലീത്തന്മാരും ഒരുപോലെ വേദവിപരീതികളായിത്തീര്‍ന്ന ഒരു കാലമായിരുന്നു അത്.
സ്ഥാനത്ത് കയറുവാന്‍വേണ്ടി ആരും എന്തും ചെയ്യും. നാസിയാന്‍സിലെ വി. ഗ്രീഗോറിയോസ് പറയുന്നു: “ഇക്കാലത്ത് ഏറ്റവും പരിശുദ്ധമായ പൗരോഹിത്യം ഏറ്റവും അപഹാസ്യമായിത്തീര്‍ന്നേക്കാനിടയുണ്ട്. കാരണം ഒരു ഭദ്രാസനത്തിലെ പ്രധാന സ്ഥാനം ലഭിയ്ക്കണമെങ്കില്‍ തിന്മയില്‍ക്കൂടെയല്ലാതെ നന്മയില്‍ക്കൂടെ സാദ്ധ്യമല്ല. ഏറ്റവും യോഗ്യനായവനല്ല ഭദ്രാസനാദ്ധ്യക്ഷനാകുന്നത്, പ്രത്യുത ഏറ്റവും കയ്യൂക്കുള്ളവനാണ്.”
പരിശുദ്ധ ബാസേലിയോസ് പറയുന്നത് കേള്‍ക്കുക: “പിതാക്കന്മാരുടെ ഉപദേശം പരിഹസിയ്ക്കപ്പെടുന്നു. പുതുമതങ്ങളുടെ പ്രണേതാക്കള്‍ക്കാണ് സഭയില്‍ സ്ഥാനം. വേദശാസ്ത്രപണ്ഡിതന്മാരല്ലവര്‍, പ്രത്യുത മനുഷ്യസാമര്‍ത്ഥ്യം കൊണ്ട് പുതിയ തത്വസംഹിതകളെ സൃഷ്ടിക്കുന്നവരാണ്. ക്രൂശിലുള്ള പ്രശംസയെ മറന്നിട്ട്, ഈ ലോകത്തിന്‍റെ ജ്ഞാനത്തിനാണ് സ്ഥാനവും ബഹുമതിയും. നല്ല ഇടയന്മാരെ അടിച്ചു പുറത്തിറക്കിയിട്ട്, അവരുടെ സ്ഥാനത്ത് ചെന്നായ്ക്കളെ ആട്ടിന്‍പറ്റത്തില്‍ കയറ്റി ആടുകളെ പീഡിപ്പിയ്ക്കയാണ്. പള്ളിയില്‍ പോകുവാനാളില്ല. യഥാര്‍ത്ഥ ഭക്തിയുള്ളവന്‍ മരുഭൂമിയില്‍ പോയി കരയുകയാണ്”(90-ാം ലേഖനം).
ധനമോഹം, സ്ഥാനമോഹം, കലഹപ്രിയം ഇവയാണ് പുരോഹിതന്മാരുടെ ബഹുഭൂരിപക്ഷത്തെയും നയിച്ചിരുന്ന തത്വങ്ങള്‍. രണ്ടാം ശതാബ്ദത്തില്‍ ക്രിസ്ത്യാനികളെക്കുറിച്ച് പുറത്തുള്ളവര്‍ പറഞ്ഞിരുന്നത് “കണ്ടാലും, ഈ ക്രിസ്ത്യാനികള്‍ എത്രമാത്രം പരസ്പരം സ്നേഹിയ്ക്കുന്നു!” എന്നായിരുന്നു. നാലാം ശതാബ്ദത്തില്‍ അറിയൂസിന്‍റെ വേദവിപരീതം മൂലമുണ്ടായ കലഹങ്ങളുടെ പശ്ചാത്തലത്തില്‍ അമിയാനസ് മാഴ്സലീനസ് എന്ന അക്രൈസ്തവ ചരിത്രകാരന്‍ പറയുന്നു. “ക്രിസ്ത്യാനികള്‍ക്ക് പരസ്പരമുള്ള ഘോരശത്രുത മനുഷ്യവര്‍ഗ്ഗത്തോടു വന്യമൃഗങ്ങള്‍ക്ക് പോലുമില്ല.” റോമാ നഗരത്തിലെ പള്ളിയില്‍വെച്ച് സ്ത്രീകളും പുരുഷന്മാരും പരസ്പരം വെട്ടിക്കൊന്ന കഥ ആ ചരിത്രകാരന്‍ വിവരിയ്ക്കുന്നുണ്ട്. രണ്ടു ബദല്‍ പാപ്പാമാരുടെ പരസ്പര സമരത്തിന്‍റെ ഫലമായിരുന്നത്.
ഇങ്ങനെയുള്ള ഒരു സഭയില്‍ പൈശാചിക ശക്തികള്‍ പ്രവേശിച്ചിരിക്കുന്നുവെന്നത് നിസ്സംശയം. ഈ ശക്തികളുമായി സമരം ചെയ്യണമെങ്കില്‍ കര്‍ത്താവ് മരുഭൂമിയില്‍ 40 ദിവസം ഉപവസിച്ച് സാത്താനുമായി സമരം ചെയ്ത് വിജയം പ്രാപിച്ചതുപോലെ ക്രിസ്ത്യാനികളും ചെയ്തെങ്കില്‍ മാത്രമേ സാധിക്കൂ. അങ്ങിനെയേ സഭ ശുദ്ധീകൃതമായിത്തീരുകയുള്ളൂ എന്ന വിശ്വാസം കൊണ്ടാണ് പല യഥാര്‍ത്ഥ ക്രിസ്ത്യാനികളും താപസവൃത്തിയ്ക്കിറങ്ങിയത്. ലോകത്തെപ്പറ്റിയുള്ള നിരാശ കൊണ്ടല്ല, ലോകം നന്നാകണമെങ്കില്‍ കുറെ വ്യക്തികളെങ്കിലും സുശിക്ഷിതജീവിതത്തോടെ തിന്മയുടെ രാജാവായ സാത്താനുമായി സമരം ചെയ്തെങ്കിലേ സാധിക്കൂ എന്നുള്ള ബോദ്ധ്യംകൊണ്ടാണ് അവര്‍ താപസവൃത്തിയ്ക്കിറങ്ങിയത്.
ദ്രവിച്ചുകൊണ്ടിരിക്കുന്ന പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് വിശുദ്ധിയിലും നീതിയിലും പുതിയ മനുഷ്യനെ ധരിയ്ക്കുകയെന്നതാണ് ക്രിസ്തീയ വിശ്വാസജീവിതത്തിന്‍റെ പരമോദ്ദേശ്യം. ഈ ഉദ്ദേശ്യം തന്നെയാണ് താപസജീവിതത്തിന്നുമുള്ളത്. താപസജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ ക്രിസ്തീയ ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ തന്നെയാണ്.
ഈജിപ്ഷ്യന്‍ മണലാരണ്യത്തിലെ താപസപിതാക്കന്മാരുടെ ഉദ്ദേശ്യം ഇതുതന്നെയായിരുന്നു. സാത്താനുമായുള്ള മല്‍പിടുത്തത്തിനുവേണ്ട അടവുകളെല്ലാം കണ്ടുപിടിച്ച് നമ്മെ പഠിപ്പിച്ചതും അവര്‍ തന്നെ. ഭയങ്കരമായ ഈ സമരത്തിന്നുള്ള ശക്തി അവര്‍ക്കെവിടെ നിന്നു ലഭിച്ചു? അടിസ്ഥാനവും സ്ഥാവരതയുമുള്ള ഒരു നിത്യനഗരത്തെ, അതേ ദൈവരാജ്യത്തെത്തന്നെ അവര്‍ കണ്ടു. മ്ശീഹാതമ്പുരാന്‍ നമുക്ക് വാഗ്ദാനം ചെയ്തിട്ടുള്ള ആ ഭാഗധേയത്തെപ്പറ്റി ഉറപ്പായ ബോധമുണ്ടെങ്കില്‍ മാത്രമേ പൈശാചിക ശക്തികളുമായുള്ള കഠിനസമരത്തിന് വേണ്ടുന്ന ധൈര്യവും ബലവും നമുക്ക് സിദ്ധിയ്ക്കുകയുള്ളു.
ഇഹലോകത്തിന് വിരാമമിട്ട് പരലോകം വേഗം വരുത്തുവാനുള്ള ഒരു ശ്രമമായിരുന്നു മിസ്രയിമിലെ മണലാരണ്യങ്ങളില്‍ ക്രിസ്തീയാദ്ധ്യാത്മികായോദ്ധാക്കള്‍ നടത്തിയത്. മൂന്നാം ശതാബ്ദത്തിലേ ഡോസീത്തിയസ് പറഞ്ഞിട്ടുണ്ടായിരുന്നു: “വിവാഹജീവിതം ഇഹഃലോകത്തെ തുടര്‍ന്നുകൊണ്ടുപോകുവാന്‍ സഹായിക്കുന്നു. താപസജീവിതം അതിന് വിരാമമിടുവാനും.” പരലോകമായ പറുദീസയിലെ മാലാഖമാര്‍ക്കടുത്ത ജീവിതം ഇഹത്തില്‍വച്ചേ ആരംഭിയ്ക്കുവാനുള്ള ശ്രമമായിരുന്നു സന്യാസാശ്രമങ്ങളെ ഉത്ഭവിപ്പിച്ചത്.
നാലാം ശതകത്തിലെ താപസവര്യന്മാരുടെ പ്രധാനോദ്ദേശ്യം അവരവരുടെ ആത്മാക്കളെ രക്ഷിയ്ക്കയെന്നതായിരുന്നില്ല. പ്രത്യുത ലോകം മുഴുവനും അതിന്‍റെ കൂടെ സഭയും, ക്രൈസ്തവമൂല്യങ്ങളെ മറന്നിട്ട് ഐഹികതയും സ്വാര്‍ത്ഥമോഹവും മാത്രം അടിസ്ഥാനമൂല്യങ്ങളായിക്കണ്ട്, തങ്ങളെത്തന്നേയും ലോകത്തേയും വിനാശത്തിലേക്ക് നയിക്കുന്നത് കണ്ടിട്ട്, അതിനെതിരായ ഒരു കഠിനപ്രതിഷേധമായിരുന്നത്. വരുന്നതും വരുവാനുള്ളതുമായ ദൈവരാജ്യത്തിന്‍റെ മൂല്യങ്ങള്‍ ഐഹികജീവിതത്തില്‍ സമൂര്‍ത്തമാക്കുക, സാത്താന്‍റെ ഘോരശക്തികളുമായി സാമ്രാജ്യമായ മരുഭൂമിയില്‍ വച്ച് സമരം ചെയ്ത്, സാത്താനേയും അവന്‍റെ സേനകളെയും മറിച്ചിടുക, പ്രാര്‍ത്ഥനമൂലം ഇഹലോകത്തെ അകമേനിന്നും പരിവര്‍ത്തനം ചെയ്യിക്ക, ഉറച്ച നിഷ്ഠയോടെയുള്ള താപസവൃത്തികൊണ്ട് തന്നെത്തന്നെ ദൈവത്തോട് യോജിപ്പിച്ച് അങ്ങിനെ ദൈവശക്തിയെ ഇഹലോകത്തില്‍ വ്യാപരിപ്പിയ്ക്കുന്ന ഒരു മദ്ധ്യസ്ഥനായിത്തീരുക, ഇതൊക്കെയായിരുന്നു താപസവൃത്തിയുടെ ഉന്നതലക്ഷ്യങ്ങള്‍.
(ബേത്ലഹേം സെന്‍റ് മേരീസ് മഠം സുവനീര്‍, കിഴക്കമ്പലം, 1971)