ഗുരുപ്രസാദം തേടി / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

pmg
അധൃഷ്യ പ്രതിഭയായിരുന്ന പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിക്ക് ശിഷ്യഗണങ്ങള്‍ വളരെ ഏറെയുണ്ട്. അദ്ദേഹം അദ്ധ്യക്ഷനായിരുന്ന സെമിനാരിക്കും അദ്ദേഹം സ്നേഹിച്ചിരുന്ന സഭയ്ക്കും അദ്ദേഹം ഉള്‍പ്പെട്ടിരുന്ന മതത്തിനും പുറത്തായിരുന്നു ഭൂരിപക്ഷം ശിഷ്യരും എന്നത് അല്‍പ്പം അസാധാരണമായിത്തോന്നാം. എങ്കിലും ആ മഹാമനീഷിക്കു ചുറ്റുമുള്ള ഭ്രമണപഥങ്ങള്‍ അങ്ങനെ ആയിരുന്നു. അടുത്തുള്ളവയെക്കാള്‍ കൂടുതല്‍ വിസ്തൃതവും നിരങ്കുശവുമായിരുന്നു പുറത്തേ വലയങ്ങള്‍. അകത്തുള്ളവര്‍ക്ക് മനസ്സിലായതില്‍ കൂടുതല്‍ പുറത്തുള്ളവര്‍ മനസ്സിലാക്കി. സാമീപ്യത്തിന്‍റെ സാധാരണത്വവും തങ്ങളെടുത്ത അളവുകോലുകളുടെ അപര്യാപ്തതയും അകത്തുള്ള പലര്‍ക്കും തടസ്സമായപ്പോള്‍, പുറത്തുള്ളവര്‍ക്ക് സ്വതന്ത്രവും സര്‍ഗ്ഗാത്മകവുമായ വിശാലവീക്ഷണത്തിലൂടെ ആ പ്രതിഭയുടെ ബഹുമുഖമാനങ്ങള്‍ ദര്‍ശിക്കാനായി.

വാസ്തവത്തില്‍ അകംപുറങ്ങളുടെ ദ്വന്ദത്തിനതീതമായി ചിന്തിച്ച മനസ്സായിരുന്നു തിരുമേനിയുടേത്. വിവിധ വിജ്ഞാനശാഖകള്‍ ആധുനിക കാലത്ത് സൃഷ്ടിച്ച മതില്‍ക്കെട്ടുകളെ ഭേദിക്കാന്‍ കരുത്തുറ്റ ധിഷണയും സകലവിജ്ഞാനത്തെയും സമ്യക്കായി സംശ്ലേഷണം ചെയ്യാനുള്ള സമഗ്രതാബോധവും തിരുമേനിയുടെ വ്യക്തിത്വത്തിന്‍റെ നിര്‍ണ്ണായക ഭാവങ്ങളായിരുന്നു. ഓരോ രംഗത്തുമുള്ള വിദഗ്ധന്മാര്‍ അവരവരുടെ മേഖലകളെ വേര്‍തിരിച്ച് വേലികെട്ടി, മറ്റൊന്നും കാണാതെയും കേള്‍ക്കാതെയും, അറിവിന്‍റെ താക്കോലുകള്‍ തങ്ങളുടെ കൈയില്‍ മാത്രമാണെന്ന് വൃഥാഭിമാനം കൊള്ളുമ്പോള്‍, തിരുമേനി അവരുടെ അറിവിന്‍റെ വന്‍മതിലുകള്‍ക്കടിയിലൂടെ, ഭൂമിതുരന്ന്, പൂട്ടിയിട്ടിരുന്ന നിലവറകള്‍ തുറന്നു. മതിലുകള്‍ക്ക് മുകളില്‍ വായുവില്‍ പറന്നു. അങ്ങനെ പുതിയൊരു കാഴ്ച്ചപ്പാടും ദര്‍ശനവിശേഷവും അവര്‍ക്ക് കാണിച്ചുകൊടുത്തു. ശാസ്ത്രസാങ്കേതിക വിദ്യയുടെ വന്‍കോട്ടയായ പ്രസിദ്ധമായ മാസ്സച്ച്സെറ്റ്സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയില്‍ വച്ച് 1979ല്‍ നടന്ന Faith, Science and Future എന്ന കോണ്‍ഫറന്‍സില്‍ അദ്ധ്യക്ഷം വഹിക്കവേ തിരുമേനിയുടെ സവിശേഷ സിദ്ധികള്‍കണ്ട് അനേകര്‍ അല്‍ഭുതം കൂറി. ശാസ്ത്രവിഷയങ്ങളില്‍ നൊബേല്‍ സമ്മാനാര്‍ഹരായവര്‍ പലരുണ്ടായിരുന്ന ആ സമ്മേളനത്തില്‍, ശാസ്ത്രത്തിന്‍റെ സ്വഭാവത്തെക്കുറിച്ചും വൈജ്ഞാനികശാഖകള്‍ തമ്മില്‍ അവശ്യം ഉണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ചും തിരുമേനി പാശ്ചാത്യരെ പഠിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ബൗദ്ധികസിദ്ധികളില്‍ അസൂയപൂണ്ട പാശ്ചാത്യ ബുദ്ധിജീവികള്‍ ധാരാളമുണ്ടായിരുന്നു. അവരിലൊരാള്‍ MIT സമ്മേളനഹോളിന്‍റെ കവാടത്തിലെ ബോര്‍ഡില്‍ തമാശ ആയിട്ടാണെങ്കിലും എഴുതിവച്ചു: “ദൈവം ആറുദിവസം കൊണ്ട് ആകാശവും ഭൂമിയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചു എന്ന് ബൈബിള്‍ പറയുന്നു. എന്നാല്‍ ഗ്രീഗോറിയോസ് ദൈവത്തോടു പറഞ്ഞു: “അങ്ങ് എന്നോട് ഉപദേശം ചോദിച്ചിരുന്നെങ്കില്‍, വെറും മൂന്നുദിവസം കൊണ്ട് ഇതെല്ലാം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞുതരാമായിരുന്നല്ലോ”.

പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി പോള്‍ വര്‍ഗീസ് അച്ചനായിരുന്ന കാലംമുതല്‍ തന്നെ മഹാദേഷ്യക്കാരനും ആര്‍ക്കും അടുത്തുകൂടാത്തവനുമായിരുന്നു എന്ന ഒരുധാരണ പലരും പറഞ്ഞുപരത്തിയിട്ടുണ്ട്. ഇതില്‍ സത്യവും മിഥ്യയുമുണ്ട്. സത്യം ഇതാണ്: സ്വന്തം കാര്യം നേടാനും സ്വന്തം മഹത്വം പ്രദര്‍ശിപ്പിക്കാനുമായി കയറിവരുന്ന പണ്ഡിതമ്മന്യന്മാരെയോ പ്രമാണിമാരെയോ സ്വാഗതം ചെയ്യാന്‍ തിരുമേനി മടിക്കുമായിരുന്നു. തങ്ങളുടെ അറിവിന്‍റെ അറകള്‍ പൂട്ടി മുദ്രവച്ച് അവയെ ചുമലിലേറ്റി വരുന്ന അത്തരക്കാരോട് തിരുമേനി കയര്‍ക്കുകയും ചിലപ്പോള്‍ പൊട്ടിത്തെറിക്കയും ചെയ്യുന്നത് കാണാം. ‘ചീര്‍പ്പിക്കുന്ന അറിവിന്‍റെ’ ആടയാഭരണങ്ങള്‍ കിലുക്കിവരുന്നവരെ അദ്ദേഹം സഹിച്ചിരുന്നില്ല. കൊച്ചുവര്‍ത്തമാനങ്ങള്‍ക്കുവേണ്ടി അദ്ദേഹം സമയം കൊടുത്തിരുന്നില്ല. തന്‍റെ ബൗദ്ധികദൗത്യത്തെ അങ്ങേയറ്റം ഗൗരവമായി കരുതി. തന്‍റെ സമയത്തിലേക്കും മനനത്തിലേക്കും ചില മനുഷ്യരുടെ അനാവശ്യ കടന്നുകയറ്റങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഒരുതരം കോട്ടപോലെ, ‘മുന്‍കോപി’യെന്ന പൊതുധാരണയെ തിരുമേനി ഉപയോഗപ്പെടുത്തിയെന്ന് തോന്നുന്നു. അനഭിഗമ്യന്‍ എന്ന പേരുദോഷം സ്വയം സംരക്ഷിക്കാനുള്ള ഒരുതരം ഡിഫന്‍സ് മെക്കാനിസം എന്ന രീതിയിലും ഉപയോഗിക്കാമല്ലോ. അതുകൊണ്ട് പലര്‍ക്കും അദ്ദേഹം അനഭിമതനുമായി.

വാസ്തവത്തില്‍ തിരുമേനി ഏറ്റവും അഭിഗമ്യനും വിനയമുള്ളവനും ആയിരുന്നു മറ്റുചിലരുടെ കാര്യത്തില്‍. നാലുകൂട്ടരുടെ കാര്യം എടുത്തുപറയണം: കൊച്ചുകുഞ്ഞുങ്ങളെയും, നിഷ്ക്കപടമായ വിജ്ഞാനദാഹത്തോടെ വരുന്നവരെയും, വിശുദ്ധരായ വ്യക്തികളെയും, സമൂഹം ഭ്രാന്തരെന്ന് വിളിക്കുന്നവരെയും യാതൊരു വ്യവസ്ഥയും കൂടാതെ ഏതു സമയവും തിരുമേനി സ്വീകരിക്കുന്നതു കണ്ടിട്ടുണ്ട്. ഏതുതിരക്കിലും എത്ര സമയം വേണമെങ്കിലും അവര്‍ക്ക് കൊടുക്കും. അവര്‍ക്കുമുന്‍പില്‍ സവിശേഷമായ ഒരു വിനയഭാവം തിരുമേനിയില്‍ അങ്കുരിക്കുന്നത് കാണാം. തന്‍റെ വ്യക്തിത്വത്തെ സ്വയം വിലയിരുത്താനും, തന്‍റെ കുറവുകളെക്കുറിച്ച് ബോധവാനാകാനും ഒരുവിധത്തില്‍ തന്നോടുതന്നെ ഒരു കുമ്പസാരം നടത്തി അനുതപിക്കാനും ഒരു മാദ്ധ്യമമായിട്ടുകൂടിയാണ് തിരുമേനി ഈ നാലു കൂട്ടം ആളുകളോട് ഇടപെടുന്നത് എന്നുതോന്നിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ആരുംതന്നെ ഏതെങ്കിലും തരത്തില്‍ നാട്യമുള്ളവരല്ല. കറയറ്റ മനുഷ്യഭാവങ്ങളെയാണ് അവര്‍ പ്രതിനിധാനം ചെയ്യുന്നത്. സത്യത്തിന്‍റെ സുതാര്യമായ സൂചനകള്‍ അവരില്‍ കാണാന്‍ കഴിയും:

ഓരോ ശിശുവിന്‍റെയും കാവല്‍ മാലാഖാ ദൈവത്തിന്‍റെ മുഖം എപ്പോഴും കാണുന്നുവെന്ന് ക്രിസ്തുപറയുന്നു. ശിശുക്കളെ ദൈവരാജ്യത്തിന്‍റെ പ്രതീകമായി ക്രിസ്തു കണ്ടു.

വിദ്യയെ വിമലാത്മാവില്‍ ഉപാസിക്കുന്നവര്‍ക്ക് വിനയശീലരാവാതെ മാര്‍ഗ്ഗമൊന്നുമില്ല. അനന്തജ്ഞാനത്തിന്‍റെ ദര്‍ശനം അവരുടെ അഹംബോധത്തെ ചുരുക്കിച്ചുരുക്കി ഇല്ലാതാക്കുന്നു.

വിശുദ്ധരായ വ്യക്തികള്‍ പൊയ്മുഖങ്ങളെ ഊരിവച്ചവരാണ്. ആദിനഗ്നതയാണവരുടെ വസ്ത്രം. അത് സുതാര്യമായ പ്രകാശത്തിന്‍റെ വസ്ത്രമാണ്.

ഭ്രാന്തരെന്ന് മുദ്രകുത്തപ്പെടുന്നവര്‍, സുമുദ്രിതമെന്ന് കരുതപ്പെടുന്ന മനുഷ്യയുക്തിയുടെ വീണുകിട്ടുന്ന വിടവുകളിലൂടെ നിഗൂഢ വെളിച്ചം ഇടയ്ക്കിടെ കാണുന്നവരാണ്.

ഇങ്ങനെയുള്ളവരെ സ്നേഹത്തോടും സഹാനുഭൂതിയോടെയും സ്വീകരിക്കുന്ന ആര്‍ക്കും ആത്മവിമര്‍ശനത്തിന്‍റെയും താഴ്മയുടെയും താഴ്വാരങ്ങളിലൂടെയല്ലാതെ സഞ്ചരിപ്പാനാവില്ല.

ജോയ്സ് തോട്ടക്കാടും ജോണ്‍സണ്‍ മല്ലപ്പള്ളിയും വളരെ ചെറുപ്പത്തിലേതന്നെ പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഭ്രമണപഥത്തില്‍ വീണ രണ്ട് യുവാക്കളാണ്. ആ ഭ്രമണം അവര്‍ക്ക് ലഹരിയാണ്.

‘വട്ടപ്പാലം’ ചുറ്റുന്ന കുട്ടികളെ കണ്ടിട്ടില്ലേ? ചുറ്റിച്ചുറ്റി തലകറങ്ങി വീഴാറാവുമ്പോള്‍ കറക്കത്തിന്‍റെ വൃത്തപരിധിയെ തൊട്ടുതലോടി, അതീന്ദ്രിയാനുഭവത്തിലേക്ക് മിന്നല്‍വേഗത്തില്‍ പായുന്ന ഒരു സ്പര്‍ശരേഖ (tangent) ജനിക്കുന്നു. ഇന്ദ്രിയാതിശായിയായ, നൈമിഷികമായ ഒരു ലഹരിയാണത്. കൊച്ചുകുട്ടികള്‍പോലും അതനുഭവിക്കാനാണ് ശ്രമിക്കുന്നത്. സ്പര്‍ശരേഖയുടെ ആര്‍ജ്ജവത്വമാണ് അവര്‍ക്കും അഭികാമ്യം. നിസ്വാര്‍ത്ഥവും നിസ്തന്ദ്രവുമായി ജ്ഞാനാന്വേഷണം നടത്തുന്ന ആര്‍ക്കും അനുഭവവേദ്യമാണത്. ദൈനംദിനത്തിന്‍റെ ദീനതകളില്‍ നിന്നുള്ള വിമോചനവുമാണത്. മിസ്റ്റിക്കുകളുടെ കാര്യത്തിലാവുമ്പോള്‍ ഉന്മാദത്തിന്‍റെയും ഉല്‍ക്കടമായ പ്രണയത്തിന്‍റെയും ‘വട്ടപ്പാല’ത്തെ തൊട്ടുതൊട്ടാണ് ഈ ലഹരീരേഖ കടന്നുപോകുന്നത്. യേശുക്രിസ്തു പറഞ്ഞു: “ജ്ഞാനമോ അതിന്‍റെ എല്ലാ മക്കളാലും ന്യായീകരിക്കപ്പെടുന്നു” (ലൂക്കോ 7:35).

പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി നിരവധി വിഷയങ്ങളെ സംബന്ധിച്ച് പറയുന്ന അഭിപ്രായങ്ങള്‍ സംഭാഷണശൈലിയില്‍ത്തന്നെ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. ഇംഗ്ലീഷും മലയാളവും ചേര്‍ന്നുള്ള വാക്യങ്ങള്‍ എഡിറ്റിങ്ങ് ഒന്നും കൂടാതെ അപ്പാടെ വരുന്നത് ചില വായനക്കാര്‍ക്കെങ്കിലും പ്രയാസമുണ്ടാക്കിയേക്കും. എങ്കിലും അതാണിവിടെ ശൈലി.

തിരുമേനിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ജോയ്സ് ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെ വളരെയേറെ ശ്രമങ്ങള്‍ നടത്തുന്നു. ഒട്ടും മടിക്കാതെ, ഒരിക്കലും തളരാതെ ഗുരുവിനെ തേടുന്നവരാണ് ജോണ്‍സണും ജോയ്സും. അവര്‍ക്ക് ഗുരുപ്രസാദം ലഭിക്കട്ടെ.

പഴയസെമിനാരി
നവംബര്‍, 2011

(പൗലോസ് മാര്‍ ഗ്രീഗോറിയോസ് സംവദിക്കുന്നു എന്ന ഗ്രന്ഥത്തിനെഴുതിയ അവതാരിക.)