ഒരാളെ പരിശുദ്ധനായി കാനോനീകരിക്കുന്ന ഔപചാരികമായ നടപടിക്രമം ഓര്‍ത്തഡോക്സ് സഭകളില്‍ ഇല്ല. റോമന്‍ കത്തോലിക്കാ സഭയില്‍ ഒരാളെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്, തികച്ചും അസ്വാഭാവികമോ വ്യാമിശ്രമോ ആയ ഒരു നടപടിക്രമം വളര്‍ത്തിയെടുത്തിട്ടുണ്ട്. പൗരസ്ത്യ സഭകളില്‍ എനിക്ക് അറിയാവുന്നിടത്തോളം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയും മാത്രമേ ഒരാളെ പരിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള ഔപചാരിക നടപടിക്ക് ഒരുമ്പെട്ടിട്ടുള്ളു.
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ 10 -ാം ശതകത്തിലാണ് നിലവില്‍ വന്നത്. ക്രി. വ. 1339 -ല്‍ തിയോഗ്നോസ്റ്റസ് (Theognostes) മെത്രാപ്പോലീത്താ (അന്ന് അവര്‍ക്ക് പാത്രിയര്‍ക്കീസ് ഇല്ലായിരുന്നു. കീവിലെ മെത്രാപ്പോലീത്തായായിരുന്നു റഷ്യന്‍ സഭയുടെ അപ്പോഴത്തെ തലവന്‍) തന്‍റെ മുന്‍ഗാമിയായിരുന്ന പീറ്റര്‍ മെത്രാപ്പോലീത്തായെ പരിശുദ്ധനായി പ്രഖ്യാപിച്ചു. ഇത് പീറ്റര്‍ മെത്രാപ്പോലീത്താ കാലം ചെയ്ത് 13 വര്‍ഷം കഴിഞ്ഞായിരുന്നു. ഈ പ്രഖ്യാപനം മിക്കവാറും റോമന്‍ സഭയുടെ സമ്പ്രദായത്തെ അനുകരിച്ചുമുള്ളതായിരുന്നു. പിന്നീട് ക്രി. വ. 1448 -ല്‍ ജോനാസ് മെത്രാപ്പോലീത്താ തന്‍റെ മുന്‍ഗാമികളില്‍ ഒരാളായിരുന്ന ആഗ്നീസിനെ അദ്ദേഹത്തിന്‍റെ മരണശേഷം 70 വര്‍ഷം കഴിഞ്ഞ് പരിശുദ്ധനായി പ്രഖ്യാപിച്ചു. അക്കാലത്താകട്ടെ, റാഡറേസിലെ പ. സേര്‍ജിയസും ബൈലോറസിയായിലെ പ. കൂറിലോസും ഔപചാരിക നടപടിക്രമങ്ങള്‍ ഒന്നും കൂടാതെ തന്നെ പരിശുദ്ധന്മാരായി റഷ്യയില്‍ പൊതുവെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഏതാണ്ട് 1547 -ാ മാണ്ട് ആയപ്പോഴേക്കും റഷ്യന്‍ സഭയില്‍ പതിനഞ്ചോളം വിശുദ്ധന്മാരെ വണങ്ങുന്ന പ്രഖ്യാപനം നടപ്പില്‍ വന്നിരുന്നതായി രേഖകളുണ്ട്.
1547 -ലും 1549 -ലും നടന്ന റഷ്യന്‍ സഭയുടെ രണ്ടു പ്രധാന സുന്നഹദോസുകളില്‍ ഏതാണ്ട് മുപ്പതോളം പരിശുദ്ധന്മാരെ പുതുതായി കാനോനീകരിച്ചു (ഇവരില്‍ 28 പേര്‍ അതാതു പ്രദേശങ്ങളില്‍ പരിശുദ്ധന്മാരായി നേരത്തെതന്നെ അംഗീകരിക്കപ്പെട്ടവരായിരുന്നു). ആ രണ്ടു സുന്നഹദോസുകളില്‍തന്നെ വേറെ 9 പരിശുദ്ധന്മാരെ പ്രാദേശികമായും അംഗീകരിച്ചു. ഈ മൂന്നു കൊല്ലം കൊണ്ട് ഇത്രയധികംപേരെ പരിശുദ്ധന്മാരായി പ്രഖ്യാപിക്കാന്‍ ചില രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരുന്നോ?
ഉണ്ട്. 1453 -ലെ കുസ്തന്തീനോപോലീസിന്‍റെ പതനത്തിന്‍റെ ശതാബ്ദി അടുത്തുവന്നിരുന്ന ആ കാലഘട്ടത്തില്‍ റഷ്യന്‍സഭ പൗരസ്ത്യസഭയുടെ കേന്ദ്രമായി മൂന്നാമത്തെ റോമാ എന്ന പേരില്‍ രൂപംകൊള്ളുകയായിരുന്നതിനാല്‍ മുപ്പതോ നാല്പതോ പുതിയ പരിശുദ്ധന്മാരെക്കൂടി നാമസഞ്ചികയില്‍ ചേര്‍ക്കുന്നത് സഭയുടെ പദവി ഉയര്‍ത്തിക്കാട്ടുന്നതിനു സഹായിച്ചു.
എ. ഡി. 1547 – 1721 കാലഘട്ടത്തില്‍ ഏതാണ്ട് 150 പരിശുദ്ധന്മാരെകൂടി നാമകരണം ചെയ്തു. പക്ഷേ, അവരില്‍ 15 പേരെ മാത്രമേ സഭ ഇന്നു സാര്‍വത്രികമായി വണങ്ങുന്നുള്ളു. 1721 മുതല്‍ സഭയെ യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത് സുന്നഹദോസാണ്. ഈ കാലയളവില്‍ ആറു പരിശുദ്ധന്മാരെകൂടി മാത്രമേ പൊതുവണക്കത്തിനു നാമകരണം ചെയ്തിട്ടുള്ളു. അവരില്‍ ഏറ്റവും പ്രധാനപ്പെട്ടത് കഴിഞ്ഞ ശതാബ്ദത്തിന്‍റെ അവസാനത്തില്‍ നാമകരണം ചെയ്യപ്പെട്ട സാരോവിലെ പ. സെറാഫിം ആണ്. ആ നാമകരണ നടപടിക്രമങ്ങളുടെ സാമാന്യം ശരിയായ ഒരു വിവരണം നമുക്ക് ലഭ്യമായിട്ടുള്ളത് ഇങ്ങനെയാണ്.
കാലം ചെയ്ത ആര്‍ച്ചുബിഷപ്പ് സെറാഫിമിന്‍റെ കബര്‍ സ്ഥിതിചെയ്യുന്ന ഭദ്രാസനത്തിലെ ആര്‍ച്ചുബിഷപ്പ് കബറിങ്കല്‍ നടക്കുന്ന അത്ഭുതങ്ങളെപ്പറ്റിയുള്ള ഒരു റിപ്പോര്‍ട്ട് പ. സുന്നഹദോസിന് അയച്ചു. പ. സുന്നഹദോസ് അതേപ്പറ്റി സമഗ്രമായ ഒരു അന്വേഷണത്തിനു കല്പന പുറപ്പെടുവിച്ചു. പ്രാഥമിക അന്വേണം ഒരു ബിഷപ്പ് 1892 – 1894 വരെ നടത്തി. കൂടുതല്‍ അന്വേഷണം നടത്തുന്നതിന് അവിടുത്തെ സന്യാസാശ്രമത്തിന്‍റെ ശ്രേഷ്ഠനെ ചുമതലപ്പെടുത്തുകയും ചെയ്തു. അദ്ദേഹം 1897 -ല്‍ അതേപ്പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അവസാനമായി 1902 ജൂലൈ 19 -ന് അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നതായി സാര്‍ ചക്രവര്‍ത്തി ഒരു പ്രഖ്യാപനം പുറപ്പെടുവിച്ചു. തെളിവുകള്‍ പരിശോധിക്കുവാന്‍ സുന്നഹദോസ് സുദീര്‍ഘമായ സമയം എടുത്തു. പിന്നെ പരിശുദ്ധന്‍റെ ഭൗതീകാവശിഷ്ടങ്ങള്‍ പരിശോധിക്കുവാന്‍ സഭയുടെ അദ്ധ്യക്ഷനും രണ്ടു ബിഷപ്പുമാരും ഒരു യുവരാജാവും മറ്റു ചിലരും അംഗങ്ങളായുള്ള ഒരു കമ്മീഷന്‍ നിയമിക്കപ്പെട്ടു. ഈ കമ്മീഷന്‍ അതിന്‍റെ റിപ്പോര്‍ട്ട് സുന്നഹദോസിന് സമര്‍പ്പിച്ചു. സുന്നഹദോസ് ഇദ്ദേഹത്തെ പരിശുദ്ധനായി പ്രഖ്യാപിക്കാനും പരിശുദ്ധന്‍റെ നാമത്തില്‍ പെരുനാള്‍ ആഘോഷം ഉത്തരവിടുന്നതിനും ഗവണ്മെന്‍റിനോട് അപേക്ഷിച്ചു. 1903 ജനുവരി 26 -ന് സാര്‍ ചക്രവര്‍ത്തി ഔദ്യോഗികമായി ഉത്തരവു പുറപ്പെടുവിച്ചു. അനന്തരം വിശുദ്ധന്‍റെ അസ്ഥികള്‍ പൊതുവണക്കത്തിനു വേണ്ടി പ്രത്യേകം നിര്‍മ്മിക്കപ്പെട്ട ഒരു കല്ലറയിലേക്ക് മാറ്റി സ്ഥാപിച്ചു.
കാനോനീകരണ കാര്യത്തില്‍ റോമാസഭയുടെ നടപടിക്രമങ്ങള്‍ കുറേക്കൂടി വിപുലമാണ്. അതു രണ്ട് ഘട്ടങ്ങളായിട്ടാണ്. ഒന്നു ശ്രേഷ്ഠീകരണം, മറ്റൊന്നു കാനോനീകരണം. വാങ്ങിപ്പോയ ഒരാളിനെ ശ്രേഷ്ഠന്‍ അഥവാ അനുഗൃഹീതന്‍ എന്ന പദവി നല്കുകയാണ് ആദ്യത്തെ പടി. അതുകഴിഞ്ഞ് വീണ്ടും പുതിയ പുതിയ അത്ഭുതങ്ങള്‍ അദ്ദേഹത്തിന്‍റെ കബറിങ്കല്‍ സംഭവിച്ചാല്‍ മാത്രമേ വിശുദ്ധന്‍ എന്ന പദവിയിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെടുന്നുള്ളു. അതിനുള്ള തെളിവന്വേഷണം സാധാരണ പല വര്‍ഷങ്ങളിലേക്കു നീണ്ടുപോകുന്നു. കൂടാതെ അദ്ദേഹം ഒരു വിശുദ്ധനല്ല എന്നു വാദിക്കുന്നതിന് സാത്താന്‍റെ അഭിഭാഷകന്‍ (Devil’s Advocate) എന്നൊരു സാങ്കല്പികവ്യക്തിയെയും നിയമിക്കുന്നു. ഇങ്ങനെ പല സാക്ഷികളെയും തെളിവുകളെയും പരിശോധിച്ചശേഷം മാത്രമേ ഒരാള്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നുള്ളു.
നമ്മുടെ പരുമല പുണ്യവാളന്‍റെ വിശുദ്ധ നാമകരണത്തില്‍ ഇങ്ങനെ വിപുലമായ നടപടിക്രമങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പരുമല തിരുമേനിയുടെ ശിഷ്യനും പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കായുമായിരുന്ന പ. ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാബാവാ തിരുമനസ്സുകൊണ്ട് 1947 ധനു മൂന്നിന് പുറപ്പെടുവിച്ച ഒരു കല്പനയിലൂടെ പരുമല തിരുമേനി പരിശുദ്ധനായി പ്രഖ്യാപിക്കപ്പട്ടു (1947 തുലാം 16 ന് പരുമല സെമിനാരിയില്‍ ചേര്‍ന്ന എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് നിശ്ചയമനുസരിച്ചാണ് പ. കാതോലിക്കാബാവാ ഈ കല്പന പുറപ്പെടുവിച്ചത്).
പരുമലത്തിരുമേനി 1848 ജൂണ്‍ 15-ന് ജനിച്ചു. 54-ാം വയസില്‍ 1902 നവംബര്‍ 2-ന് അദ്ദേഹം കാലം ചെയ്തു. 45 വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇങ്ങനെതന്നെയാണ് റഷ്യന്‍ സഭയിലും വ്യവസ്ഥാപിതമായ സുന്നഹദോസ് കാലം തുടങ്ങുംമുമ്പു ചെയ്തുകൊണ്ടിരുന്നത്. സഭാധിപനായ മെത്രാപ്പോലീത്താ തന്‍റെ മുന്‍ഗാമിയെ പരിശുദ്ധനായി നാമദാനം ചെയ്തുകൊണ്ടിരുന്നു.
ആദിമസഭയില്‍ ഇതിനുള്ള നടപടിക്രമം ഇല്ലായിരുന്നു. മാമോദീസാ ഏറ്റവരില്‍ ഒരാളെ ശുദ്ധനായും മറ്റുള്ളവരെ അല്ലാതെയും കരുതപ്പെടുന്നതിനുള്ള ഒരു മാനദണ്ഡം യഥാര്‍ത്ഥത്തില്‍ അക്കാലത്ത് സഭയില്‍ ഉണ്ടായിരുന്നില്ല. സ്നാനം ഏറ്റ എല്ലാവരും വിശുദ്ധന്മാര്‍ ആയിരുന്നു.
എന്നാല്‍ അക്കാലത്ത് സഭ പ. കന്യകമറിയാമിനെയും അപ്പോസ്തലന്മാരെയും കൂടാതെ നാലു തരം പരിശുദ്ധന്മാരെക്കൂടി വണങ്ങിയിരുന്നു.
1. വിശ്വാസത്തിനുവേണ്ടി സഹദാ മരണം പ്രാപിച്ചവര്‍ ( വി. സ്തെപ്പാനോസ്, ഇഗ്നാത്തിയോസ് തുടങ്ങിയവര്‍).
2. വിശ്വാസത്തിനുവേണ്ടി മരണം ഒഴികെയുള്ള പീഡ അനുഭവിച്ചവര്‍ (മൗദ്യാനന്മാര്‍).
3. സത്യവിശ്വാസം പഠിപ്പിച്ച വിശ്വാസവീരന്മാര്‍ (മാര്‍ അത്താനാസിയോസ്, വി. കൂറിലോസ് തുടങ്ങിയവര്‍).
4. വിശുദ്ധജീവിതം നയിച്ച് സ്വാഭാവിക മരണം പ്രാപിച്ച ദയറാക്കാര്‍ (വി. അന്തോനിയോസ്, പക്കോമിയോസ് തുടങ്ങിയവര്‍).
ചില പരിശുദ്ധന്മാര്‍ ഇതില്‍ ഒന്നിലധികം വിഭാഗത്തില്‍പ്പെടുന്നവരുമുണ്ട്. ഉദാ. പരിശുദ്ധ ബസേലിയോസ്. അതുപോലെ നമ്മുടെ പരുമല പുണ്യവാളനും മേല്പറഞ്ഞ മൂന്നും നാലും വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പാശ്ചാത്യ മിഷനറിമാരില്‍ നിന്നും അവര്‍ മൂലം നമ്മുടെ ആളുകളില്‍ ചിലരില്‍ നിന്നും ഉത്ഭവിച്ച പാശ്ചാത്യ യുക്തിവാദത്തിന്‍റെയും വിശ്വാസവിപരീതത്തിന്‍റെയും കെടുതിയില്‍പെടാതെ ഓര്‍ത്തഡോക്സ് (സത്യവിശ്വാസ) സഭയെ സംരക്ഷിച്ച വിശ്വാസ വീരനായിരുന്നു പരുമല തിരുമേനി. അദ്ദേഹത്തിന്‍റെ അനിതരസാധാരണമായ ജീവിതവിശുദ്ധിയും സത്യേക സഭാവിശ്വാസത്തെപ്പറ്റി അദ്ദേഹത്തിനുള്ള നിസ്തുല ദര്‍ശനവും സമഞ്ജസമായി സമ്മേളിച്ചില്ലായിരുന്നെങ്കില്‍ നമ്മുടെ ആളുകളില്‍ അധികപങ്കും പ്രോട്ടസ്റ്റന്‍റ് യുക്തിവാദത്തിന്‍റെ ഓളത്തില്‍പ്പെട്ടു ഒഴുകിപ്പോകുമായിരുന്നു.
റോമാസഭയുടെ പാരമ്പര്യത്തില്‍ ഒരു പരിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ആളിന് ഏഴു പദവികള്‍ ഉണ്ട്:
1. കുര്‍ബാന തക്സാകളില്‍ അദ്ദേഹത്തിന്‍റെ പേര് അനുസ്മരിക്കപ്പെടുന്നു.
2. സഭയുടെ പൊതു പ്രാര്‍ത്ഥനകളില്‍ പരിശുദ്ധന്‍റെ മദ്ധ്യസ്ഥതയ്ക്ക് യാചിക്കുന്നു.
3. പള്ളികളും ത്രോണോസുകളും ആ നാമത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്നു.
4. ബലിപീഠത്തിനു മുകളില്‍ അവരുടെ ചിത്രം വയ്ക്കുന്നു.
5. ഭൗതീകാവശേഷിപ്പുകള്‍ പ്രത്യേക പാത്രങ്ങളില്‍ അടയ്ക്കപ്പെട്ടു പൊതുവണക്കത്തിനു വയ്ക്കുന്നു.
6. പള്ളികള്‍ അവരുടെ പെരുന്നാള്‍ ആഘോഷിക്കുന്നു.
7. അവരുടെ ബഹുമാനാര്‍ത്ഥം വി. കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു.
അടിസ്ഥാനപരമായി ഇവയെല്ലാം നമുക്കുണ്ട് . പ. ഗ്രീഗോറിയോസ് മാത്രമാണ് നമുക്കുള്ള ഏക ദേശീയ പരിശുദ്ധന്‍. മാര്‍ത്തോമ്മാ ശ്ലീഹാ ഭാരതത്തിന് വെളിയില്‍നിന്നു വന്ന്, ഇവിടെ സാക്ഷിയായി മരിച്ചു. അദ്ദേഹം നമ്മുടെ കാവല്‍പിതാവും സഭാസ്ഥാപകനും അപ്പസ്തോല മഹാചാര്യനും ആണ്. മലങ്കരയുള്ള അപ്പസ്തോലിക സിംഹാസനം അദ്ദേഹത്തിന്‍റെ നാമത്തിലാണ് അറിയപ്പെടുന്നത്.
ഭാഗ്യവതിയായ വി. മാതാവിനെയും വി. മത്ഥിയാസും പൗലൂസും ഉള്‍പ്പെടെയുളള 13 അപ്പോസ്തലന്മാരെയും കൂടാതെ മറ്റു പല വിശുദ്ധന്മാരെയും നാം ബഹുമാനിക്കുന്നു. ഇവരില്‍ ചിലര്‍ – ഏലിയാ, യോഹന്നാന്‍ മാബ്ദാനാ തുടങ്ങിയവര്‍ – പഴയനിയമ പിതാക്കന്മാരും മറ്റു ചിലര്‍, ഈജിപ്തുകാരും ഗ്രീക്കുകാരും റോമാക്കാരും പാലസ്തീന്‍കാരും സിറിയായിലുള്ളവരും മറ്റുമാണ്. ഉദാഹരണമായി വി. സ്തേഫാനോസ് പലസ്തീന്‍കാരനും, അത്താനാസ്യോസും കൂറിലോസും ഈജിപ്തുകാരും ബസേലിയോസും ഗ്രിഗോറിയോസും റോമാക്കാരും ഇഗ്നാത്തിയോസും ഒസ്താത്തിയോസും അന്ത്യോക്യക്കാരും ആയിരുന്നു.
ഭാരതസഭയിലും പല വിശുദ്ധന്മാരും ഉണ്ടായിരുന്നിരിക്കാം. പക്ഷേ, ചരിത്രത്തില്‍ക്കൂടി അവരുടെ പേരുകളും ഓര്‍മ്മകളും നമുക്ക് ലഭ്യമായില്ല എന്നു മാത്രം. എന്നാല്‍ ഇതാ പ്രതിഭാശാലിയായ ഒരു പരിശുദ്ധന്‍ – വാസ്തവമായും വിശുദ്ധിയണിഞ്ഞ ഒരു ദൈവമനുഷ്യന്‍, ഒരു യഥാര്‍ത്ഥ ആത്മീയ വൈദ്യന്‍. ഒരു പരിശുദ്ധനായി എന്നും ലോകമെങ്ങും വണങ്ങപ്പെടേണ്ട മഹാജ്ഞാനി – പരുമലതിരുമേനി.
ഈ വിശുദ്ധന്‍റെ പ്രത്യേകതകള്‍ മൂന്നാണ്. പ്രഥമവും പ്രധാനവുമായത് അദ്ദേഹം ഒരു പ്രാര്‍ത്ഥനാ മനുഷ്യനായിരുന്നു. പാതിരായ്ക്കും പ്രഭാതത്തിനു മുമ്പും എല്ലാ യാമവേളയിലും യാമമദ്ധ്യത്തില്‍പോലും തന്‍റെ ഹൃദയം ദൈവത്തോടു ചേര്‍ന്നിരുന്നു. ഈ സുസ്ഥിരമായ ഭക്തിയാണ് അദ്ദേഹത്തിന്‍റെ മുഖത്ത് തിളങ്ങിക്കണ്ടതും അദ്ദേഹത്തെ ഒരു യഥാര്‍ത്ഥ വിശുദ്ധനായി തെളിയിച്ചതും.
രണ്ടാമതായി അദ്ദേഹം ഒരു മഹാ ഗുരുവായിരുന്നു. പ്രഗത്ഭരായ അദ്ദേഹത്തിന്‍റെ ശിഷ്യവൃന്ദം തന്നെ അദ്ദേഹത്തിന്‍റെ വീറിന്‍റെയും വചോശക്തിയുടെയും ഉത്തമസാക്ഷികളാണ്. മഹാനായ വട്ടശ്ശേരില്‍ തിരുമേനി, പ. ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാബാവാ, കോനാട്ട് മാത്തന്‍ മല്പാന്‍, മട്ടയ്ക്കല്‍ അലക്സന്ത്രയോസ് മല്പാന്‍ എന്നിവര്‍ അദ്ദേഹത്തിന്‍റെ ശിഷ്യപ്രധാനന്മാരായിരുന്നു.
മൂന്നാമതായി അദ്ദേഹം ഒരു നല്ല അജപാലകനായിരുന്നു. ഇന്ന് തുമ്പ മണ്‍, നിരണം, കൊല്ലം എന്നിങ്ങനെ മൂന്നായി അറിയപ്പെടുന്ന ഭദ്രാസനങ്ങളുടെ ഏകോപിച്ചുള്ള ഇടയനായി പ്രവര്‍ത്തിച്ച്, പള്ളികളും സ്കൂളുകളും കെട്ടിപ്പടുത്ത്, രോഗികളെയും അനാഥരെയും ശുശ്രൂഷിച്ച്, സുവിശേഷം പ്രസംഗിച്ചും അനേകരെ ആലയിലേക്ക് ആനയിച്ചും സഞ്ചരിച്ച്, പള്ളികലഹങ്ങള്‍ ശമിപ്പിച്ച്, പ്രാര്‍ത്ഥനയാല്‍ വസന്തകളെ ശാസിച്ച് അടക്കി, തുടര്‍ച്ചയായി തന്‍റെ ജീവരക്തം സ്വന്തം ആടുകള്‍ക്കുവേണ്ടി ഒഴുക്കിതീര്‍ത്ത നല്ല ഇടയന്‍.
ഭാരതം ഇന്നു കൃതകൃത്യയാണ് – ഇതുപോലെ സ്വജീവിതം മുഴുവന്‍ ദൈവത്തിന്‍റെ വിശുദ്ധിയും സ്നേഹവും സാക്ഷാത്ക്കരിക്കുവാന്‍ പിറന്ന കുറ്റമറ്റ ഒരു പൈതലിനെ പ്രസവിച്ച ഭാരതാംബ ഇന്ന് ധന്യയാണ്!
(മംഗളം പരുമലപ്പെരുന്നാള്‍ സപ്ലിമെന്‍റ്, നവംബര്‍ 2, 1994)