ക്രൈസ്തവ പാരമ്പര്യത്തില്‍ ഒരു സഹോദരനോ സഹോദരിയോ വിട പറയുമ്പോള്‍ നാം വിലപിക്കരുത്. ദൈവഭക്തന്മാരുടെ മരണം സ്വര്‍ഗ്ഗത്തില്‍ സന്തോഷമുളവാക്കുന്നു. സ്വര്‍ഗ്ഗത്തില്‍ ഒരംഗം കൂടി പ്രവേശിക്കുന്നതിനാല്‍ മാലാഖമാര്‍ സന്തോഷിക്കുന്നു. നാമോ വിലപിക്കേണ്ട ആവശ്യമില്ല.
ലാസര്‍ മരിച്ച സമയത്ത്, ലാസറിന്‍റെ സഹോദരിമാരും സുഹൃത്തുക്കളും കരയുന്നതു കണ്ടിട്ട് കര്‍ത്താവും കരഞ്ഞു. ദുഃഖം മനുഷ്യസഹജമാണ്. എന്നാല്‍ കര്‍ത്താവ് എന്തുകൊണ്ട് കരഞ്ഞു എന്നത് പ്രസക്തിയുള്ള ചോദ്യമാണ്. അവരുടെ മരണത്തോടുള്ള ഭയവും ദുഃഖവും കണ്ടിട്ട് കര്‍ത്താവിന് അവരോടുണ്ടായ സഹതാപമായിരുന്നു അത്.
ജീവിച്ചിരിക്കുന്നവരെ ഉദ്ബോധിപ്പിക്കുക എന്നതാണ് മരണത്തിന്‍റെ ലക്ഷ്യം. മരണത്തിന് നമ്മെ ദൈവത്തില്‍നിന്നു വേര്‍പിരിക്കാനാവില്ല.
നാമെല്ലാവരും മാതൃഗര്‍ഭത്തില്‍ നിന്നാണ് ഈ ലോകത്തിലേക്ക് വന്നത്. ഗര്‍ഭസ്ഥ അവസ്ഥയില്‍ ശിശുവിന്, പുറത്തുള്ള ലോകത്തിലെ കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുകയില്ല; അറിയുവാന്‍ കഴിയുകയില്ല. ഗര്‍ഭസ്ഥ അവസ്ഥയില്‍ കഴിയുന്ന കാലയളവുപോലെയാണ് മനുഷ്യന്‍റെ 70-തോ 80-തോ വയസ്സു വരെയുള്ള ജീവിതവും. മരണശേഷം അടുത്ത പുതിയ ജീവിതത്തിലേക്കുള്ള പ്രവേശനമാണ്.
ഈ ശരീരത്തില്‍ നിന്നു നാം വാങ്ങിപ്പോകുമ്പോള്‍ സ്ഥലകാല പരിമിതിയുള്ള ഈ ലോകവും താനെ തിരോധാനം ചെയ്തിട്ട്, വര്‍ണ്ണിക്കാവതല്ലാത്ത മറ്റൊരു ലോകവ്യവസ്ഥിതിയിലേക്കു നാം പ്രവേശിക്കുന്നു. അവിടെ മാലാഖമാരെപ്പോലെ നാമും ജനനമരണങ്ങളോ സ്ഥലകാലപരിമിതികളോ ഇല്ലാത്ത ഒരു മനുഷ്യരാശിയായിത്തീരുന്നു.
അതിന്‍റെയും അടുത്ത ലോകമായ പുനരുത്ഥാനലോകത്തില്‍ പുതിയ ശരീരം നമുക്കു ലഭിക്കുന്നുവെങ്കിലും അവിടെ ജനനമരണങ്ങളോ വിവാഹബന്ധങ്ങളോ ഇല്ലെന്നു കര്‍ത്താവു നമ്മെ പഠിപ്പിക്കുന്നു (വി. ലൂക്കോസ് 20:35-36).
(ശരീരത്തില്‍ നിന്ന് വാങ്ങിപ്പോയ ശേഷമുള്ള അവസ്ഥയെക്കുറിച്ച് സുഹൃത്തായ ആചാര്യ പി. റ്റി. തോമസിന്‍റെ കബറടക്ക ശുശ്രൂഷാമദ്ധ്യേ മെത്രാപ്പോലീത്താ പ്രസംഗിച്ചത്)