ജനങ്ങള്‍ക്കുവേണ്ടി സ്വയം സംസ്കരിക്കുന്ന, സ്വയം കഷ്ടപ്പെടുന്ന, സ്വയം ബുദ്ധിമുട്ടുകളനുഭവിക്കുന്ന, സത്യത്തിനുവേണ്ടി എതിര്‍പ്പും ആക്ഷേപവും പരിഹാസവും സഹിക്കുന്ന ആളാണ് നല്ല ഇടയന്‍.
കര്‍ത്താവ് പരീശന്മാരെക്കുറിച്ച് പറയുന്നു, നിങ്ങള്‍ പോകുന്നിടത്തൊക്കെ നിങ്ങള്‍ക്ക് മുഖ്യാസനം വേണം, റബ്ബീ എന്നെല്ലാവരും വിളിക്കുന്നത് നിങ്ങള്‍ക്കു കേള്‍ക്കണം. ഇതൊക്കെയാണ് പരീശന്മാരുടെ കുറ്റങ്ങളായി കര്‍ത്താവ് പറയുന്നത്. ഇങ്ങനെയുള്ള കുറ്റങ്ങള്‍ ഇടയന്മാരില്‍ കാണരുത്. അവര്‍ മുഖ്യാസനങ്ങളെ ആഗ്രഹിക്കരുത്. അവനവന്‍ ഏറ്റവും വലിയ ആളാണെന്ന് പറഞ്ഞ് അഹങ്കരിക്കരുത്.
എല്ലാവര്‍ക്കുംവേണ്ടി സ്വയം പരിത്യജിക്കുന്ന, ലോകം നിന്ദിച്ചാലും കുഴപ്പമൊന്നുമില്ല, ലോകത്തില്‍ വലിയ സ്റ്റാറ്റസ് ഒന്നും കിട്ടിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല, സ്വന്തം ഇടവകയിലെ ആളുകള്‍ക്കുവേണ്ടിയും, നമ്മുടെ സമൂഹത്തിലെ ജനങ്ങള്‍ക്കുവേണ്ടിയും സ്വയം ബലികഴിക്കുന്ന, അണ്‍പോപ്പുലര്‍ കോസസിനുവേണ്ടി നീതിയുടെ ഭാഗത്തു നിന്നുകൊണ്ട് സമരം ചെയ്യുന്നവരായിട്ട് അച്ചന്മാര്‍ തീരണം. അങ്ങനെ ചെയ്താല്‍ വലിയ കുഴപ്പമുണ്ടാകുമെന്ന് ഞാന്‍ പറയാതെതന്നെ അറിയാമല്ലോ.
നീതിയുടെ ഭാഗത്തുനിന്ന് തിന്മയ്ക്കെതിരായി സമരം ചെയ്യണം. ചെന്നായ എന്നു പറഞ്ഞാല്‍ നമ്മളെ കൊല്ലാന്‍ വരുന്നവരല്ല. നമ്മുടെ ആടുകളെ നശിപ്പിക്കാന്‍ വരുന്ന തിന്മകള്‍ ധാരാളമുണ്ട്. ആ തിന്മകള്‍ക്കെതിരായിട്ട് സമരം ചെയ്യുമ്പോള്‍ നമുക്കും കേടു പറ്റും. സംശയമൊന്നുമില്ല. പക്ഷേ, ആ തിന്മകള്‍ക്കെതിരായിട്ട് സമരം ചെയ്യുവാനും അതുപോലെ കുറെ ത്യാഗങ്ങള്‍ അനുഭവിക്കാനും നിങ്ങള്‍ക്ക് അവസരമുണ്ടാകണം. ഇന്നത്തെ കാലത്ത് കേരളത്തില്‍ മാത്രമല്ല, ലോകത്തിലൊട്ടാകെ തിന്മയ്ക്കു വലിയ ശക്തി ലഭിച്ചുകൊണ്ടിരിക്കുകയാണ്. തിന്മയുടെ അണ്യൂഷല്‍ ആയിട്ടുള്ള ഫോംസ് ആണ് നമ്മളിപ്പോള്‍ കാണുന്നത്. അതില്‍ ഒന്നാണ് എയ്ഡ്സ് എന്നു പറയുന്നത്. മറ്റൊന്ന് മൈന്‍ഡ്ലെസ് വയലന്‍സ്; അത് ഭയങ്കരമാണ്. അമേരിക്കയില്‍ പ്രത്യേകിച്ചും കാണുന്നുണ്ട്. ഒരു സമയത്ത് ഒരു മനുഷ്യന്‍ ഇരിക്കുന്നഇരിപ്പില്‍ ഒരു ഇംപള്‍സ് വന്നിട്ട് തോക്കുമെടുത്ത് പുറത്തേക്കിറങ്ങിയിട്ട് കാണുന്നവരെയൊക്കെ വെടിവയ്ക്കുകയാണ്. ഒരു ഉദ്ദേശ്യവും ഇല്ല. അതാണ് മൈന്‍ഡ്ലെസ് വയലന്‍സ്. ഏതോ ഒരു പൈശാചികശക്തി മനുഷ്യനില്‍ പ്രവേശിച്ച് അവന്‍ സാധാരണഗതിയില്‍ ചെയ്യുകയില്ലാത്ത കാര്യങ്ങള്‍ പോലും ചെയ്യിച്ചുകൊണ്ടിരിക്കുകയാണ്.
മൂന്നാമത്, ഇപ്പോള്‍ പ്ലേഗ് പോലുള്ള ഒരു സാധനം വെസ്റ്റില്‍ വരുന്നുണ്ട്. അതായത് പഴയ ബാക്ടീരിയകളെ പ്രതിരോധിക്കുവാന്‍ ആന്‍റിബയോട്ടിക്കുകള്‍ കൊടുത്തുകൊടുത്ത് ആ ബാക്ടീരിയകള്‍ക്ക് ആന്‍റിബയോട്ടിക്കുകളെ റെസിസ്റ്റ് ചെയ്യാനുള്ള ശക്തി ഉണ്ടായിരിക്കുകയാണ്. അങ്ങനെ ശക്തിയുള്ള ധാരാളം ബാക്ടീരിയാകള്‍ ലോകത്തിലുണ്ട്. അമേരിക്കയില്‍ 1993-ല്‍ 13500 ആളുകള്‍ മരിച്ചത് ഇങ്ങനെയുള്ള ബാക്ടീരിയാ കൊണ്ടാണ്. അതായത് എന്ത് ആന്‍റിബയോട്ടിക്സ് കൊടുത്താലും ഏല്‍ക്കുകയില്ലാത്ത ബാക്ടീരിയ. എന്തിന്‍റെ ബാക്ടീരിയയാണ്? ട്യൂബര്‍കുലോസിസ്, മെനെഞ്ചൈറ്റിക്സ് പോലെയുള്ള രോഗങ്ങളുടെ ബാക്ടീരിയകളാണ്. ആന്‍റിബയോട്ടിക്സുകൊണ്ട് നമ്മളവയെ അതിജീവിച്ചു കഴിഞ്ഞു എന്ന് പറയുന്ന മരുന്നുകളാണ്. വലിയ പേടിയാണ് യുഎസിന്. ബാക്ടീരിയയ്ക്ക് എല്ലാം ഇതുപോലെയുള്ള റസിസ്റ്റന്‍റ് പവര്‍ വന്നാല്‍ എയ്ഡ്സിന്‍റെ അനുഭവം തന്നെയാണ്. എയ്ഡ്സ് എന്നു പറഞ്ഞാല്‍ എന്താണ്? എമൂ ഡെഫിഷന്‍സി ആണ്. ബാക്ടീരിയയെ ഫൈറ്റ് ചെയ്യുവാനുള്ള കഴിവ് ശരീരത്തിന് ഇല്ലാതാവുക എന്നു പറയുന്നതാണ് എയ്ഡ്സ്. ബാക്ടീരിയ വന്ന് നമ്മളെ അറ്റാക്ക് ചെയ്താല്‍ ആ ബാക്ടീരിയ കൊണ്ടുണ്ടാകുന്ന രോഗം റെസിസ്റ്റ് ചെയ്യാന്‍ സാധിക്കാതെ വരിക എന്നു പറഞ്ഞാല്‍ സാധാരണക്കാര്‍ക്കു വലിയ പേടിയുണ്ടാകുന്ന ഒരു കാര്യമാണ്.
അങ്ങനെ ആലോചിച്ചു നോക്കുമ്പോള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ഒരു ആപത്ത് ഉണ്ടാകുന്ന സമയത്ത് അത് ദൈവശിക്ഷയാണെന്ന് പറയാന്‍ വലിയ മടിയാണ്. ഭൂകമ്പം ഉണ്ടായി, പ്ലേഗ് ഉണ്ടായി. അതൊക്കെ ദൈവശിക്ഷയാണെന്ന് പറയാന്‍ എനിക്ക് മടിയാണ്. കര്‍ത്താവ് പറഞ്ഞിട്ടുണ്ടല്ലോ ശീലോഹോമിലെ ഗോപുരം വീണപ്പോള്‍, അത് അവിടെയുള്ളവരോട് മാത്രം ദൈവം ചെയ്ത ശിക്ഷയാണോ? അല്ല, നിങ്ങളും അനുതപിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും അങ്ങനെ വരുമെന്ന് കാണിക്കാന്‍ വേണ്ടിയാണെന്നാണ് കര്‍ത്താവ് പഠിപ്പിച്ചത്. മറ്റു സ്ഥലങ്ങളില്‍ ഇതുപോലെയുള്ള വയലന്‍സും ആന്‍റിബാക്ടീരിയയും പ്ലേഗും വര്‍ദ്ധിക്കുന്ന സമയത്ത് അവര്‍ക്കു ദൈവശിക്ഷയാണെന്നു പറയരുത്. മനുഷ്യരാശിയെ മുഴുവനും പഠിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉണ്ടാകുന്നത്.
ഇതുപോലെയുള്ള അനേക അനീതികള്‍ വരുന്ന കൂട്ടത്തില്‍ ഒന്നാണ് അഴിമതി. എത്ര തുടച്ചുമാറ്റാന്‍ ശ്രമിച്ചിട്ടും സാധിക്കാത്ത അഴിമതി നമ്മുടെ കേരളത്തിലും വന്നുകഴിഞ്ഞു. വടക്കേ ഇന്ത്യയിലൊക്കെ പണ്ടേ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇവിടെയും സമഗ്രമായിട്ട് വ്യാപിച്ചു കഴിഞ്ഞു. ഇതിനെതിരായിട്ട് ആര് പിടിച്ചുനില്‍ക്കും? പ്രസക്തമായ ചോദ്യമാണിത്.
നിങ്ങളുടെ പ്രാദേശിക ഇടവകയെ അഴിമതിക്കെതിരെ എതിര്‍ത്തു നില്ക്കുവാന്‍ പ്രാപ്തമാക്കുക. അഴിമതി പൈശാചികമാണ്. അഴിമതി ക്രിസ്ത്യാനികളും അല്ലാത്തവരുമായ എല്ലാവരെയും നശിപ്പിക്കുന്ന ഒന്നായതുകൊണ്ട് അതിനെതിരായിട്ട് നില്‍ക്കാന്‍ നമുക്ക് സാധിക്കണം.
ഒരു നല്ല ഇടയന്‍റെ ചുമതല എന്നു പറയുന്നത് ചെന്നായ്ക്കള്‍ വരുമ്പോള്‍ ഓടിക്കളയാതെ, ധൈര്യമായിട്ട് നില്‍ക്കുക എന്നു പറയുന്നതിന്‍റെ ഇന്നത്തെ ആവശ്യം ഇതാണ്. സമൂഹത്തിലെ തിന്മകളാകുന്ന ചെന്നായ്ക്കള്‍ ജനങ്ങളെ നശിപ്പിക്കുവാന്‍ വരുമ്പോള്‍ അവയ്ക്കെതിരായിട്ട് നില്ക്കണം. അതുമൂലം സ്ഥാനം പോയാലും, ചീത്തപ്പേരുണ്ടായാലും, ഗവണ്മെന്‍റ് എതിരായാലും സാരമില്ല, നില്‍ക്കാന്‍ നോക്കണം, ഓടരുത്. തിന്മ വരുമ്പോള്‍ ഭയപ്പെട്ട്, ‘അയ്യോ, എന്നെ കൊള്ളുകയില്ല, ഞാനിതിനകത്തൊന്നും പെടാന്‍ പോകുന്നില്ല’ എന്നു പറഞ്ഞ് നില്‍ക്കാതെ തിന്മകള്‍ക്കെതിരായുള്ള സമരത്തില്‍ മുമ്പോട്ടു നില്‍ക്കുന്ന ആളാണ് നല്ല ഇടയന്‍. അങ്ങനെയുള്ള നില്‍പ്പില്‍ പലപ്പോഴും ക്ഷതമേറ്റെന്നു വരും, ചിലപ്പോള്‍ മരണം തന്നെ വന്നെന്നു വരും. എന്നാലും പിടിച്ചുനില്‍ക്കാന്‍ കഴിയുകയാണ് വേണ്ടത്.
ഡല്‍ഹിയില്‍, നമ്മുടെ കോട്ടയം കലക്ടറായിരുന്ന അല്‍ഫോന്‍സ് പ്രതിനിധാനം ചെയ്തത് അത്ഭുതാവഹമായ പ്രവര്‍ത്തനം ആണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇത്രയും ധൈര്യമായിട്ട് തന്‍റെ ഭാര്യയെയും അതുപോലെ കുറച്ച് ആളുകളെയും കൂട്ടിക്കൊണ്ട് അഴിമതിക്കെതിരായിട്ട് മുമ്പോട്ട് വന്ന് അടികൊള്ളുകയും ചെയ്തു. അദ്ദേഹത്തെയും ഭാര്യയെയും അളിയനെയും അടിച്ചു. ഇത് നമ്മള്‍ ക്രിസ്തീയ സഭകള്‍ ചെയ്യേണ്ടതായിരുന്നു. ഇതുപോലെ ധൈര്യമായിട്ട് തിന്മയെ അഭിമുഖീകരിക്കുകയും അതുമൂലം അടികൊള്ളുകയും ചെയ്യുക. അടിച്ചവനെയെല്ലാം തിരിച്ചടിക്കുക എന്നുള്ളതല്ല പ്രധാനമായ കാര്യം. ഈ ധീരോദാത്തമായ, തിന്മയ്ക്കെതിരായിട്ടുള്ള നില്‍പ്പുമൂലം യഥാര്‍ത്ഥ ഇടയനായിത്തീര്‍ന്നു അല്‍ഫോന്‍സ്. അല്‍ഫോന്‍സിന് സാധാരണഗതിയില്‍ കോടിക്കണക്കിന് രൂപാ ഉണ്ടാക്കാനുള്ള അവസരം ഉണ്ടായിരുന്നു. ആ കോടിക്കണക്കിന് രൂപ ഉണ്ടാക്കാനുള്ള അവസരത്തെ തള്ളിക്കളഞ്ഞ് സത്യത്തിനും നീതിക്കും വേണ്ടി അല്‍ഫോന്‍സ് നിന്നു എന്നുള്ളതാണ് പ്രധാനം. കത്തോലിക്കാ സഭയിലെ അംഗമാണെങ്കിലും എനിക്ക് വളരെയധികം അഭിമാനമുണ്ട് അദ്ദേഹത്തിന്‍റെ കാര്യത്തില്‍. ഞാന്‍ അദ്ദേഹത്തെ അന്നുതന്നെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. അല്‍ഫോന്‍സ് വളരെ കഷ്ടപ്പെട്ടു, പ്രയാസപ്പെട്ടു എങ്കിലും ധൈര്യമായിട്ട് ക്രിസ്തുവില്‍ ആശ്രയിച്ചുകൊണ്ട് പോകുന്നു.
നല്ല ഇടയന്‍റെ ഒരു പ്രധാനപ്പെട്ട കാര്യം നമ്മില്‍ നിന്നു വരേണ്ടത് അങ്ങനെയാണ്. ചെന്നായ്ക്കള്‍ക്കെതിരായിട്ട് ഇടവകയെ കൂടെനിര്‍ത്താനും അതിന്‍റെ മുമ്പില്‍ അച്ചന്‍ തന്നെ നില്‍ക്കാനും സാധിക്കണം എന്ന് എനിക്ക് തോന്നുന്നു. അങ്ങനെ വരുമ്പോള്‍ നിങ്ങളീ കരിസ്മാറ്റിക്ക്കാരെപ്പറ്റിയൊന്നും വിഷമിക്കേണ്ടി വരികയില്ല. നിങ്ങളുടെ ജീവിതത്തില്‍ ഈ പറയുന്ന കാര്യങ്ങള്‍ നടക്കുകയാണെങ്കില്‍ സഭ വളര്‍ന്നുകൊള്ളും. സഭയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകും. എന്നാലും പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും സഭ വളരും. സഭയ്ക്കകത്തുള്ള തിന്മകള്‍ കൂടി ചൂണ്ടിക്കാണിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. സഭയ്ക്കകത്തുള്ള അനീതി ചൂണ്ടിക്കാണിച്ചാല്‍ വള്ളം ഇളകും, മുങ്ങും എന്നൊക്കെ പേടിയുണ്ട് നമുക്ക്. പക്ഷേ, കുറച്ച് അങ്ങനെ ചെയ്യാതെ ഒക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോള്‍ നമ്മുടെ സഭയില്‍ വളരെയധികം തിന്മ വര്‍ദ്ധിച്ചു വരികയാണ്. ഞങ്ങളൊക്കെ അതിനകത്തുള്ളവരാണ്. മുകളില്‍ മുതല്‍ താഴോട്ട് എല്ലാവരും ഈ പ്രശ്നത്തില്‍പെട്ടു കിടക്കുകയാണ്. അതില്‍ സാത്താന്‍ കയറുന്ന പ്രധാനമായ കാര്യം ദ്രവ്യാഗ്രഹമാണ്. അതാണ് ഏറ്റവും പ്രധാനമായ സാത്താന്‍റെ പ്രവര്‍ത്തനം. അതിലാണ് എല്ലാവരും താഴെ വീണുപോകുന്നത്. വലിയ തുക പണ്ട് കണ്ടിട്ടില്ലാതിരുന്നതുകൊണ്ട് നമ്മുടെ കയ്യില്‍ കിട്ടുമ്പോള്‍ നമ്മുടെ ആന്തരികമായ ബലഹീനതകൊണ്ട് അതില്‍ നമ്മള്‍ വീണുപോകും. അതുകൊണ്ട് അങ്ങനെ വലിയ തുകകള്‍ വരുമ്പോള്‍ വീണു പോകുകയില്ല എന്ന് പറയുന്ന ഒരു സംഘം ആളുകള്‍ സഭയ്ക്കകത്തുണ്ടാകണം. മുകളിലുണ്ടാവണം, താഴെയുമുണ്ടാവണം. അതു വന്നെങ്കിലേ നല്ല ഇടയത്വം സംസാദ്ധ്യമാവുകയുള്ളു എന്ന് എനിക്ക് വളരെ ഉറപ്പുണ്ട്. വളരെയധികം മനഃപ്രയാസത്തോടു കൂടിയാണ് ഇത് സംസാരിക്കുന്നത്. എനിക്ക് കൂടുതല്‍ സംസാരിക്കാന്‍ വയ്യ. ഇവിടെ ഇരിക്കുന്ന ചിലര്‍ക്കൊക്കെ അറിയാം, സഭയില്‍ നടക്കുന്ന അഴിമതികള്‍ എത്രമാത്രമാണെന്ന്. ദ്രവ്യാഗ്രഹത്തെ മാത്രം ആസ്പദമാക്കിയുള്ള അഴിമതികളാണ് അതില്‍ പ്രധാന ഭാഗം. അതില്‍ സുന്നഹദോസിനകത്തുള്ളവര്‍ വരെ ഉള്‍പ്പെട്ടുപോകുന്ന അവസ്ഥയാണ് കാണുന്നത്. അതിനെതിരായിട്ട് സഭ നല്ലതുപോലെ നിവര്‍ന്നു നിന്നെങ്കിലേ ഇത് അവസാനിക്കുകയുള്ളു. ഗവണ്മെന്‍റിലെ അഴിമതി പൊളിക്കാന്‍ നമ്മള്‍ പോകുമ്പോള്‍ തന്നെ നമ്മുടെ അകത്തുള്ള അഴിമതി കൂടെ ഇല്ലാതാക്കിത്തീര്‍ക്കണം. നമ്മുടെ സ്ഥാപനങ്ങളിലെ പണത്തിന് കണക്കുണ്ടാകണം, നമ്മുടെ മെത്രാപ്പോലീത്തന്മാര്‍ പിരിക്കുന്ന തുകകള്‍ക്ക് കണക്കുണ്ടാവണം, സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ ക്യാപ്പിറ്റേഷന്‍ ഫീ വാങ്ങുന്നുണ്ടെങ്കില്‍ അതിനും കണക്കുണ്ടാവണം. വളരെ ആവശ്യമാണിത്. അങ്ങനെ ഒരു രീതി സഭയില്‍ നടക്കുന്നില്ല എങ്കില്‍ പിന്നെ നമുക്ക് പുറത്തുള്ള അഴിമതിയെ എങ്ങനെ അഭിമുഖീകരിക്കുവാന്‍ ഒക്കും? നാമും ഈ അഴിമതി നിറഞ്ഞ സമൂഹത്തിന്‍റെ കൂടെ ഒഴുകിപ്പോകുന്ന ഒരു സഭയായിട്ട് കാണുന്നത് വലിയ സങ്കടമാണ് എന്നു മാത്രമേ ഈ സമയത്ത് ഞാന്‍ പറയുന്നുള്ളു.
എന്‍റെ വാത്സല്യമുള്ളവരേ, നിങ്ങള്‍ ദൈനംദിന പ്രശ്നങ്ങളുമായിട്ട് എന്നേക്കാള്‍ കൂടുതലായിട്ട് ഇടപെടുന്നവരാണ്. നിങ്ങള്‍ക്കാണ് കാര്യങ്ങള്‍ എന്നേക്കാള്‍ കൂടുതലായിട്ട് അറിയാവുന്നവര്‍. അതുകൊണ്ട് ഇതൊക്കെ മനസ്സില്‍ വച്ചുകൊണ്ട് നല്ല ഇടയന്മാരായിത്തീരണം. ജനത്തെ വഴിനടത്തുകയും, ജനത്തെ സംരക്ഷിക്കുകയും ജനത്തെ തിന്മയുടെ ചെന്നായ്ക്കളില്‍ നിന്ന് പോരാട്ടത്തോടുകൂടി സംരക്ഷിക്കുകയും ചെയ്യുന്ന നല്ല ഇടയന്മാരായി തീരണം നിങ്ങളോരോരുത്തരും.
(1994-ല്‍ കോട്ടയം വൈദികസെമിനാരിയില്‍ നടന്ന ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍ മെത്രാപ്പോലീത്താ നടത്തിയ പ്രഭാഷണം)