1957 ഏപ്രിലില്‍ പോള്‍ വര്‍ഗീസ് കേരളത്തിലെത്തി. ആലുവാ ഫെലോഷിപ്പ് ഹൗസിലെ അവധിക്കാല ബൈബിള്‍ ക്ലാസ്സുകള്‍ക്കും, ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം വാര്‍ഷിക സമ്മേളനത്തിനും അദ്ദേഹം നേതൃത്വം നല്കി. മലങ്കരസഭയിലെ കക്ഷി വഴക്കുകള്‍ പ്രബലമായി നിന്ന സമയം. തന്റെ കണ്ണടയുന്നതിനു മുമ്പേ സഭയില്‍ സമാധാനം ഉണ്ടായിക്കാണണമെന്നു ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് വലിയ ആഗ്രഹമായിരുന്നു. ഇക്കാര്യം അന്ത്യോക്യാ സഭയുടെ മേലദ്ധ്യക്ഷനായ യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസിനെ അനൗദ്യോഗികമായി അറിയിച്ചു പ്രതികരണം തേടാന്‍, ബാവാ പോള്‍ വര്‍ഗീസിനോടു പറഞ്ഞു. വര്‍ഗീസ് അതനുസരിച്ച് ഡമാസ്ക്കസില്‍ പോയി വിവരങ്ങള്‍ അറിഞ്ഞ് തിരികെ വന്നു. എത്യോപ്യന്‍ ചക്രവര്‍ത്തിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നതിനാല്‍ അദ്ദേഹത്തിന് മറ്റാരുടെയും സഹായം കൂടാതെ സ്വന്ത ചെലവില്‍ സിറിയയില്‍ പോകാനും വരാനും കഴിഞ്ഞു.
യാക്കോബ് തൃതീയന്റെ അനുകൂലമായ പ്രതികരണം, കാതോലിക്കാ ബാവായെ വര്‍ഗീസ് അറിയിച്ചു. സഭാ നേതാക്കള്‍ കൂടി കാര്യങ്ങള്‍ ആലോചിച്ചു വയോവൃദ്ധനായ കാതോലിക്കാ ബാവായുടെ കാലത്തു തന്നെ ഒത്തുതീര്പ്പിലെത്തുന്നതാണു നല്ലതെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം. പാത്രിയര്‍ക്കീസ് ബാവായെ ഔദ്യോഗികമായി കാണുവാന്‍ ദാനിയേല്‍ മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായും പോള്‍ വര്‍ഗീസും കൂടെ പോയി, ഒരു ഒത്തുതീര്പ്പുണ്ടാക്കണമെന്നതായിരുന്നു അനൗദ്യോഗിക തീരുമാനം. കാതോലിക്കാബാവാ അതു സമ്മതിച്ചു.
എന്നാല്‍ പോകുന്നതിനു മുമ്പ് പ. സുന്നഹദോസിന്റെ ഔദ്യോഗികാനുമതി വേണമെന്നും, സുന്നഹദോസ് കൂടുമ്പോള്‍ അത്മായക്കാരനായ പോള്‍ വര്‍ഗീസ് കൂടെ സന്നിഹിതനായി ഒരു ഡലിഗേഷന് പോകുന്നതിന്റെ അഭിലഷണീയത സുന്നഹദോസ് അംഗങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തണമെന്നും ബാവാ വര്‍ഗീസിനോടു കല്പിച്ചു.
“അന്ന് സുന്നഹദോസ് പതിവായി കൂടില്ലായിരുന്നു. വളരെ അത്യാവശ്യം വരുമ്പോഴേ കൂടുകയുള്ളൂ. സുന്നഹദോസിലെ അംഗസംഖ്യയും പരിമിതമാണ്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അന്നു ബാവായെക്കൂടാതെ, പിന്നീടു കാതോലിക്കായായി വാഴിക്കപ്പെട്ട ഔഗേന്‍ മാര്‍ തീമോത്തിയോസ്, തോമ്മാ മാര്‍ ദീവന്നാസ്യോസ്, പാറേട്ട് മാര്‍ ഈവാനിയോസ്, ദാനിയേല്‍ മാര്‍ പീലക്സിനോസ് എന്നീ മെത്രാപ്പോലീത്തന്മാരെ ഉണ്ടായിരുന്നുള്ളൂ. വട്ടക്കുന്നേല്‍ മാത്യൂസ് മാര്‍ അത്താനാസ്യോസ് (പിന്നീട് മാത്യൂസ് പ്രഥമന്‍ ബാവാ) മെത്രാപ്പോലീത്താ സുന്നഹദോസില്‍ സംബന്ധിച്ചില്ല. എന്റെ പരിമിതമായ കഴിവുപയോഗിച്ചു കാര്യങ്ങള്‍ തിരുമേനിമാരെ പറഞ്ഞു മനസ്സിലാക്കി. ഒരു ഡലിഗേഷന് പോകുന്നതുകൊണ്ടുണ്ടാവുന്ന പ്രയോജനവും ഇപ്പോള്‍ പോകാതിരുന്നാലുള്ള സംഭാവ്യ തകളും ഒരു അഭിഭാഷകനെപ്പോലെ ഞാന്‍ വിസ്തരിച്ചു.”
ആദ്യം ആരും ഒന്നും പറഞ്ഞില്ല. പിന്നീട് ഒരു മെത്രാപ്പോലീത്താ വര്‍ഗീസിനോട് പറഞ്ഞു: “സാര്‍ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ്. വരുംവരായ്കകളെപ്പറ്റി പറഞ്ഞതൊക്കെ വാസ്തവമാണ്. അതനുസരിച്ച് ഒരു ഡലിഗേഷന് ഇപ്പോള്‍ പാത്രിയര്‍ക്കീസ് ബാവായെ കാണാന്‍ പോകുന്നത് നല്ലതാണെന്നേ ആര്‍ക്കും പറയാനൊക്കുകയുള്ളു. എങ്കിലും ഞങ്ങള്‍ പറയുന്നു, ഇപ്പോള്‍ ഈ ഡലിഗേഷന് പോകേണ്ട എന്ന്. അത് എന്തുകൊണ്ടാണെന്ന് ഞാന്‍ പറയുന്നില്ല. തക്കതായ കാരണം കാണുമല്ലോ. അതുകൊണ്ട് ഇനിയും പോള്‍ വര്‍ഗീസ് സാര്‍ ഒന്നും പറയേണ്ട.”
വര്‍ഗീസ് അമ്പരന്നുപോയി. സഭാരാഷ്ട്രീയത്തില്‍ ഒട്ടും പരിചയമില്ലാതിരുന്ന അദ്ദേഹത്തിനു കാര്യം മനസ്സിലായില്ല. അപ്പോള്‍ കാതോലിക്കാബാവാ അദ്ധ്യക്ഷസ്ഥാനത്തിരുന്നുകൊണ്ടു ഗര്‍ജ്ജിച്ചു: “എന്നെക്കൊണ്ടു കഴിയില്ല. ഇതു ഗുണം പിടിക്കാന്‍ പ്രയാസമാണ്.”
പറയുക മാത്രമല്ല, ഉടനെ അദ്ദേഹം ഇറങ്ങിപ്പോവുകയും ചെയ്തു. ആരാണു പോകേണ്ടതെന്ന കാര്യത്തെക്കുറിച്ച് സുന്നഹദോസില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന് വര്‍ഗീസിന് പിന്നീടാണു മനസ്സിലായത്. ഏതായാലും ആരും പോയില്ല. വാങ്ങിച്ച വിമാന ടിക്കറ്റ് കാന്‍സല്‍ ചെയ്യുകയും ചെയ്തു.
സഭാ സമാധാനത്തിനു വേണ്ടി നിത്യവും പ്രാര്‍ത്ഥിക്കുകയും അക്ഷീണമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ബാവാ നിരാശനായി കാണപ്പെട്ടത് വര്‍ഗീസിന്റെ ഹൃദയത്തെ വേദനിപ്പിച്ചു. മനുഷ്യന്റെ സ്വാര്‍ത്ഥമാണ് സഭയില്‍ അസമാധാനത്തിനു കാരണമെന്ന്, ബാവാ എപ്പോഴും പറഞ്ഞിരുന്നത് അദ്ദേഹം ഓര്‍മ്മിച്ചു.
(ജോയ്സ് തോട്ടയ്ക്കാട് രചിച്ച പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര എന്ന ഗ്രന്ഥത്തില്‍ നിന്നും)