ആലുവാ ഫെലോഷിപ്പ് ഹൗസ്

PAULOSE (15)
പോള്‍ വറുഗീസ് സാര്‍ എവിടെയാണെങ്കിലും അദ്ദേഹം ചെയ്തുകൊണ്ടിരുന്ന ക്രിസ്തീയ സേവനം ചെയ്യാതിരിക്കുകയില്ല. പക്ഷേ ഈ ആലുവാ ഫെലോഷിപ്പ് ഹൗസ് പ്രത്യേകം എന്തു കാര്യത്തിനായുള്ള സ്ഥാപനമാണ്?” അഭ്യസ്തവിദ്യയായ ഒരു ക്രൈസ്തവ യുവതി ഈയിടെ സംഭാഷണമദ്ധ്യേ ഉന്നയിച്ച ഒരു ചോദ്യമാണിത്. ശ്രീ. പോള്‍ വറുഗീസ് തല്‍ക്കാലത്തേയ്ക്കെങ്കിലും എത്യോപ്യന്‍ ചക്രവര്‍ത്തിയുടെ ലെയ്സണ്‍ ഓഫീസര്‍ എന്ന ജോലി സ്വീകരിച്ച് വിദേശത്തേക്കു പോകുന്ന ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കൂടെ ഫെലോഷിപ്പ് ഹൗസിനെപ്പറ്റി കേള്‍ക്കാന്‍ ഇടയായിട്ടുള്ള പലരുടെയും മനസ്സില്‍കൂടെ കടന്നുപോകുന്ന ഒരു ചോദ്യമാണ് ഇത് എന്ന് ഞങ്ങള്‍ കരുതുന്നു.
അടുത്തയിടെ ശ്രീ. പോള്‍ വറുഗീസിന്‍റെ വിദേശയാത്ര സംബന്ധിച്ച് ഫെലോഷിപ്പ് ഹൗസില്‍ വച്ചു നടത്തപ്പെട്ട ഒരു സുഹൃത് സമ്മേളനത്തില്‍ താന്‍ ഫെലോഷിപ്പ് ഹൗസിലെ അംഗമായിത്തീര്‍ന്ന സാഹചര്യങ്ങളെ അദ്ദേഹം തന്നെ ചുരുക്കമായി വിവരിക്കുകയുണ്ടായി. അഞ്ചാറു കൊല്ലക്കാലം അമേരിക്കയില്‍ പഠനം നടത്തിയശേഷം മലങ്കരയിലെ ഏതെങ്കിലും ക്രൈസ്തവ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണമെന്നുള്ള ആഗ്രഹത്തോടുകൂടി സ്വദേശമായ തൃപ്പൂണിത്തുറയില്‍ എത്തിയ അദ്ദേഹത്തിന് തന്‍റെ ആഗ്രഹസാദ്ധ്യത്തിനായി എങ്ങോട്ടാണ് ചെല്ലേണ്ടതെന്നും ആരെയാണ് കാണേണ്ടതെന്നും ഉള്ളത് ഒരു വിഷമപ്രശ്നം തന്നെ ആയിരുന്നു. അപ്പോഴാണ് ഒരു പൂര്‍വ്വ സുഹൃത്ത് അദ്ദേഹത്തെ ആലുവാ ഫെലോഷിപ്പ് ഹൗസിലേക്ക് പറഞ്ഞയച്ചത്. സാധാരണരീതിയില്‍ ചിന്തിക്കുകയാണെങ്കില്‍ കേവലം യാദൃച്ഛികമായിരുന്ന ആ സന്ദര്‍ശനത്തിന്‍റെ ഫലം ശ്രീ. പോള്‍ വറുഗീസ് ഫെലോഷിപ്പ് ഹൗസിന്‍റെ ഒരു സജീവ പ്രവര്‍ത്തകനായി തീരുകയെന്നതായിരുന്നു. ഈയിടെ എത്യോപ്യയിലേക്ക് തന്നെ യാത്ര അയയ്ക്കുവാന്‍ വന്നവരോട് അദ്ദേഹം പറഞ്ഞത്, “ഈ ഫെലോഷിപ്പ് ഹൗസാണ് എന്‍റെ വീട്, കുറേക്കാലത്തേക്ക് മറ്റൊരിടത്ത് വേല ചെയ്യുവാന്‍ ഞാനിപ്പോള്‍ പോകുന്നത് അചിരേണ ഈ എന്‍റെ വീട്ടിലേക്കും ഇവിടെയുള്ള എന്‍റെ സഹോദരങ്ങളുടെ അടുക്കലേക്കും തിരികെ വരുന്നതിനായിട്ടു തന്നെയാണ്” എന്നിപ്രകാരമായിരുന്നു.

73

ശ്രീ. പോള്‍ വറുഗീസിനെപ്പോലെ ബുദ്ധിശക്തിയും, പാണ്ഡിത്യവും, പ്രവര്‍ത്തന ചാതുര്യവും, ആത്മികനേതൃത്വവും ഉള്ള അധികംപേര്‍ ഇന്നു സുറിയാനി സഭയിലില്ല. അദ്ദേഹത്തെപ്പോലെയുള്ള ഒരാള്‍ തന്‍റെ ആദ്ധ്യാത്മിക ജീവിതത്തില്‍ ആലുവാ ഫെലോഷിപ്പ് ഹൗസിന് ഇത്ര വലിയ ഒരു സ്ഥാനം കൊടുക്കുവാനുള്ള കാരണം മനസ്സിലാക്കുന്നത് പ്രയോജനകരമായിരിക്കും. ക്രിസ്തീയ ജീവിതം സഖിത്വത്തില്‍ അധിഷ്ഠിതമാണ്. “നിങ്ങളില്‍ രണ്ടു പേര്‍ ഏതു കാര്യത്തെക്കുറിച്ചും യാചിക്കുവാന്‍ പരസ്പരം ഏക മനസ്സുള്ളവരായിത്തീരുമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിങ്കല്‍ നിന്ന് അവര്‍ക്ക് അതു ലഭിക്കും” – എന്ന ദിവ്യോപദേശം ക്രിസ്തീയ ജീവിതത്തിന്‍റെ അടിസ്ഥാനപരമായ ഒരു തത്വത്തെയാണ് സൂചിപ്പിക്കുന്നത്. വ്യക്തികള്‍ എത്രതന്നെ പ്രതിഭാവിലാസമുള്ളവരായാലും മറ്റുള്ളവരുമായുള്ള കൂട്ടായ്മയിലല്ലാതെ സ്വായത്തമാക്കുവാന്‍ കഴിയാത്ത ചില ആത്മിക മൂല്യങ്ങളുണ്ട്. അതുപോലെതന്നെ മനുഷ്യദൃഷ്ടിയില്‍ കേവലം സാധാരണക്കാരായ രണ്ടോ മൂന്നോ പേര്‍ ക്രിസ്തീയ സഖിത്വത്തില്‍ ഒരുമനപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ വളരെ വലിയ കാര്യങ്ങളെപ്പോലും അവരില്‍കൂടെ ദൈവം നിവര്‍ത്തിക്കുമെന്നുള്ളത് ഒരു അനുഭവ സത്യമാകുന്നു. വ്യക്തികളില്‍ ഉണ്ടായേക്കാവുന്ന ഏകപക്ഷീയത, ചിന്താവൈകല്യങ്ങള്‍ മുതലായവയെ പ്രതിരോധിച്ച് ദൈവാശ്രയബോധം വളര്‍ത്തുക, ബലഹീനതയെ താങ്ങി വിശ്വാസത്തെ ഊര്‍ജ്ജിതപ്പെടുത്തുക എന്നിവയിലെല്ലാം ക്രിസ്തീയ കൂട്ടായ്മയ്ക്ക് വലിയ സംഭാവനകള്‍ ചെയ്യുവാനുണ്ട്. അവരവരുടെ പരിമിതമായ കഴിവുകളെ ദൈവവേലയ്ക്കായി പ്രതിഷ്ഠിക്കുവാന്‍ പരമാര്‍ത്ഥമായി ആഗ്രഹിക്കുന്ന അനേകം യുവാക്കള്‍ ഈ നാട്ടില്‍ ഇപ്പോള്‍ ഉണ്ടെന്നുള്ളതിന് സംശയമില്ല. അങ്ങനെയുള്ള ആര്‍ക്കെങ്കിലും എങ്ങോട്ടാണ് ചെല്ലേണ്ടത് ആരെയാണ് കാണേണ്ടത് എന്നുള്ളത് ശ്രീ. പോള്‍ വറുഗീസിനുണ്ടായിരുന്നതുപോലെ ഒരു വിഷമപ്രശ്നമായിത്തീരുന്നപക്ഷം അങ്ങനെയുള്ളവര്‍ക്ക് സ്വാഗതം ലഭിക്കുമെന്നുള്ള നിശ്ചയത്തോടുകൂടി ചെല്ലുവാനുള്ള ഒരു സ്ഥാപനമാണ് ആലുവാ ഫെലോഷിപ്പ് ഹൗസ്.

k_c_chacko

പരേതനായ ശ്രീ. കെ. സി. ചാക്കോ തന്‍റെ ജീവിതകാലത്ത് ആലുവാ കേന്ദ്രമായി ക്രിസ്തീയ കൂട്ടായ്മയില്‍ക്കൂടെ നിര്‍വ്വഹിച്ചുകൊണ്ടിരുന്ന ആത്മീയ സേവനം സുവിദിതമാണല്ലോ. ജീവിതായോധനത്തില്‍ ക്ഷീണിതരായി ഭാവിയെപ്പറ്റി വ്യാകുലചിത്തരായോ, ആത്മിക ജീവിതത്തിലുള്ള അനിശ്ചിതാവസ്ഥമൂലം നിരുന്മേഷരായോ തീര്‍ന്നവര്‍ക്ക് ക്രിസ്തീയ കൂട്ടായ്മ കൊടുത്ത് സ്നേഹത്തിന്‍റെയും ആദരവോടുകൂടിയുള്ള അനുകമ്പയുടേയും അന്തരീക്ഷത്തില്‍ അവരുടെ ജീവല്‍പ്രശ്നങ്ങളെ കര്‍ത്തൃസന്നിധിയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം അഭിമുഖീകരിക്കുവാന്‍ സഹായിക്കുക എന്നുള്ളതായിരുന്നു ശ്രീ. കെ. സി. ചാക്കോയുടെ ബഹുമുഖ സേവനങ്ങളിലൊന്ന്. ശ്രീ. ചാക്കോയുടെ നിര്യാണത്തിനുശേഷം ഏതെങ്കിലും ഒരാള്‍ മാത്രമായി ചെയ്യുവാന്‍ സാധിക്കാത്തതും, എന്നാല്‍ എങ്ങനെയെങ്കിലും തുടര്‍ന്നുകൊണ്ടു പോകേണ്ടത് അത്യാവശ്യമായതും ആയ ആ പ്രത്യേക ക്രിസ്തീയ സേവനത്തിനായിട്ടാണ് അദ്ദേഹത്തിന്‍റെ സ്മാരകമായി ആലുവാ ഫെലോഷിപ്പ് ഹൗസ് സ്ഥാപിതമായത്. അതിന്‍റെ പ്രവര്‍ത്തനത്തിനായി മുഴുവന്‍ സമയവും നല്‍കുവാന്‍ ആത്മപ്രതിഷ്ഠ ചെയ്തിട്ടുള്ള ഒരു സ്ഥിരം സെക്രട്ടറി ഫെലോഷിപ്പ് ഹൗസിനുണ്ടെങ്കിലും ആ സ്ഥാപനത്തിലെ സേവനത്തിന്‍റെ പ്രത്യേക സ്വഭാവം കൊണ്ടുതന്നെ കൂടുതലോ കുറവോ സമയം അതിനായി സംഭാവന ചെയ്യുവാന്‍ സന്നദ്ധരായ പലരുടെയും സേവനങ്ങള്‍ കൊണ്ടുമാത്രമെ അതു നടന്നു പോകുകയുള്ളു. അപ്രകാരമുള്ള പ്രവര്‍ത്തകരെ അനൗപചാരികമായോ ഔപചാരികമായിത്തന്നെയോ കൂട്ടിച്ചേര്‍ത്തു ക്രിസ്തീയ സഖിത്വത്തില്‍ പരസ്പര സഹകരണത്തിനായി പ്രചോദിപ്പിക്കുക എന്നുള്ളതാണ് ഫെലോഷിപ്പ് ഹൗസിന്‍റെ ഉദ്ദേശ്യങ്ങളിലൊന്ന്. ഈ സ്ഥാപനം കൂടുതല്‍ പ്രയോജനപ്പെടുന്നതിനുവേണ്ടി പുതിയ ആശയങ്ങള്‍ വഴിയായോ, മദ്ധ്യസ്ഥ പ്രാര്‍ത്ഥനാസഹായത്താലോ മറ്റേതെങ്കിലുംവിധത്തിലുള്ള സഹകരണം മൂലമോ അതിനെ സഹായിക്കുവാന്‍ ചര്‍ച്ചുവീക്കിലി വായനക്കാരോട് അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.

(പോള്‍ വര്‍ഗീസ് – ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് – എത്യോപ്യയിലേക്കു പോയതിനെ തുടര്‍ന്ന് ചര്‍ച്ച് വീക്കിലി പ്രസിദ്ധീകരിച്ച മുഖപ്രസംഗം.)

PAULOSE (4)PAULOSE (22)PAULOSE (1)