പരിശുദ്ധാത്മ ദാനങ്ങളും വിടുതല്‍ പ്രസ്ഥാനങ്ങളും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

pmg4

വിടുതല്‍ പ്രസ്ഥാനം ഇന്ന് ലോകവ്യാപകമായിത്തീര്‍ന്നിരിക്കുകയാണ്. കത്തോലിക്കാസഭയിലും ആംഗ്ലിക്കന്‍ സഭയിലും ബാപ്റ്റിസ്റ്റ് സംഘങ്ങളിലും മാത്രമല്ല, അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയില്‍ പോലും ‘കരിസ്മാറ്റിക് മൂവ്മെന്‍റ്’ അല്ലെങ്കില്‍ ‘പരിശുദ്ധാത്മദാനപ്രസ്ഥാനം’ നടപ്പിലുണ്ട്. തെക്കേ അമേരിക്കയിലെ പെന്തിക്കോസ്തല്‍ സഭകളില്‍ ഈ പ്രസ്ഥാനം ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് വ്യാപിച്ച് വികസിച്ച് ഇന്ന് ആ സഭകള്‍ ലോകത്തിലെ പ്രധാന സഭാവിഭാഗങ്ങളിലൊന്നായി വളര്‍ന്നിരിക്കുകയാണ്.

പക്ഷേ, ഓരോ സ്ഥലത്തും ഓരോ സഭയിലും ഉള്ള വിടുതല്‍ പ്രസ്ഥാനത്തിന് അതതിന്‍റേതായ പ്രത്യേകതകളുണ്ട്. കേരളത്തിലെ കത്തോലിക്കാസഭയില്‍ വിടുതല്‍ പ്രസ്ഥാനം ശക്തിയായി പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണയായി ഒരു പുരോഹിതന്‍റെയും ഒരു കന്യാസ്ത്രീയുടേയും നേതൃത്വത്തിലാണ് കത്തോലിക്കാ സഭയിലെ വിടുതല്‍ ഗ്രൂപ്പുകള്‍. അത്മായനേതൃത്വത്തിന് അതിന്‍റെ സ്ഥാനമുണ്ടെങ്കിലും പൗരോഹിത്യ നല്‍വരമോ സഭയില്‍ ഔദ്യോഗികമായ സ്ഥാനമോ ഉള്ളവരുടെ നേതൃത്വത്തില്‍ വേണം ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍. അതല്ലെങ്കില്‍ വഴിതെറ്റിപ്പോകുവാന്‍ ധാരാളം സാദ്ധ്യതയുണ്ട് എന്ന് അവര്‍ വിശ്വസിക്കുന്നു.

കുര്‍ബ്ബാനയിലുള്ള സംബന്ധവും പള്ളിയിലുള്ള ആരാധനയുമാണ് കത്തോലിക്കാ സഭയിലെ വിടുതല്‍ പ്രസ്ഥാനത്തില്‍ പ്രധാനമായിട്ടുള്ളത്. ഇടദിവസങ്ങളിലും, ഞായറാഴ്ച ഉച്ച കഴിഞ്ഞും അവര്‍ പള്ളിയില്‍ കൂടി കുര്‍ബാനയില്‍ സംബന്ധിക്കുകയും അനുഭവിക്കുകയും ചെയ്യുകയും പിന്നീട് ധ്യാനയോഗങ്ങള്‍ പോലെ നടത്തുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ വീടുകളിലും കൂടി പ്രാര്‍ത്ഥിക്കും. പ്രത്യേകിച്ച് രോഗികളെ സന്ദര്‍ശിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. മറുഭാഷകളുടെ നല്‍വരവും അവര്‍ക്ക് ചിലപ്പോഴൊക്കെ അനുഭവപ്പെടാറുണ്ടെങ്കില്‍ മറുഭാഷ സംസാരിച്ചെങ്കിലേ പരിശുദ്ധാത്മ സാന്നിദ്ധ്യത്തിന്‍റെ ഉറപ്പുണ്ടാകുകയുള്ളു എന്ന് അവര്‍ വിശ്വസിക്കുന്നില്ല.

അമേരിക്കയിലെ ഓര്‍ത്തഡോക്സ് സഭയിലെ പരിശുദ്ധാത്മദാന പ്രസ്ഥാനത്തിലും പൗരോഹിത്യ നേതൃത്വത്തിനും വി. കുര്‍ബാനയില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആരാധനയ്ക്കും പ്രധാന സ്ഥാനമാണ് കൊടുക്കുന്നത്.

നമ്മുടെ നാട്ടിലെ ഓര്‍ത്തഡോക്സ് സഭയിലെ വിടുതല്‍ പ്രസ്ഥാനത്തിലും മൂന്നോ നാലോ പുരോഹിതന്മാര്‍ ഉണ്ടെങ്കിലും അല്‍മായ നേതൃത്വത്തിനാണ് മുന്‍തൂക്കം. കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്നതും അനുഭവിക്കുന്നതും മറ്റുള്ളവരേക്കാള്‍ കൂടുതലുണ്ടെങ്കിലും അതിന് കേന്ദ്രികമായ സ്ഥാനം കൊടുക്കുന്നുണ്ടോ എന്ന് സംശയമാണ്.
ഈ പരിതഃസ്ഥിതിയില്‍ പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ദാനങ്ങളെക്കുറിച്ചും സഭയുടെ വിശ്വാസം എന്താണെന്ന് അറിയുന്നത് പ്രയോജനപ്രദമായിരിക്കുമെന്ന് തോന്നുന്നു.

പരിശുദ്ധാത്മാവിന്‍റെ ആളത്വം

പരിശുദ്ധാത്മാവിന്‍റെ ആളത്വത്തിന് നാം നല്‍കുന്ന അതിപ്രാധാന്യം പാശ്ചാത്യസഭകളില്‍ നഷ്ടപ്പെട്ടു പോയിട്ട് നൂറ്റാണ്ടുകള്‍ പലതായി. പൗരസ്ത്യ സഭകളില്‍ പരിശുദ്ധാത്മാവിന്‍റെ ആളത്വത്തേയും പ്രവര്‍ത്തനത്തേയുംപറ്റിയുള്ള വിശ്വാസം വ്യക്തമായി കാണുന്നതു പെന്തിക്കോസ്തി പെരുന്നാളിലെ നമ്മുടെ ആരാധനക്രമത്തിലാണ്. പരിശുദ്ധനായ മാര്‍ ബസേലിയോസ് നാലാം ശതാബ്ദത്തില്‍ പരിശുദ്ധ റൂഹായെപ്പറ്റി വേദാധിഷ്ഠിതമായി എഴുതിയ കൃതിയിലെ ആശയങ്ങളാണ് ഈ പ്രാര്‍ത്ഥനകളില്‍ അധികമായി കാണുന്നത്. അതിന്‍റെ ചുരുക്കം ഇങ്ങനെ ആണ്.

1. പിതാവും പുത്രനും പരിശുദ്ധ റൂഹായും തമ്മില്‍ വേര്‍തിരിപ്പാന്‍ സാദ്ധ്യമല്ല. പിതാവും പുത്രനും പരിശുദ്ധ റൂഹായും ഏകദൈവമാകുന്നു. പിതാവിനോടൊപ്പം പുത്രനും പരിശുദ്ധാത്മാവും ഒരുപോലെ സകല മാനുഷിക ചിന്തകള്‍ക്കും നിരൂപണങ്ങള്‍ക്കും അതീതനായി, സ്വയംഭൂവും, സ്വയം അറിയുന്നവനും സ്വയം ശക്തനുമായി നിലകൊള്ളുന്നു. ഒരു ക്നൂമാ മറ്റൊന്നിനേക്കാള്‍ പ്രായം കൂടിയതോ, ഒന്ന് മറ്റൊന്നില്‍ നിന്ന് അകന്നു നില്‍ക്കുന്നതോ, വലിപ്പച്ചെറുപ്പമുള്ളതോ അല്ല.

2. പരിശുദ്ധ റൂഹാ പിതാവില്‍ നിന്ന് വ്യാഖ്യാനാതീതമായ രീതിയില്‍ നിത്യമായി പുറപ്പെടുന്നു. റൂഹാ സത്യത്തിന്‍റെ ആത്മാവാകയാല്‍ വ്യാജത്തേയും, കപടത്തേയും ദൂരീകരിച്ച് സത്യം വെളിപ്പെടുത്തുന്നു. റൂഹാ ശക്തിയുടെ റൂഹായാകയാല്‍ ബലമില്ലാത്തവരെ താങ്ങിയെഴുന്നേല്പിച്ച് വലിയ ശക്തി നല്‍കുന്നവനാകുന്നു. ആത്മീയശക്തിയും ശാരീരിക ശക്തിയും ബുദ്ധിശക്തിയും എല്ലാം പരിശുദ്ധ റൂഹായില്‍ നിന്നുള്ളതാകുന്നു. റൂഹാ രാജകീയാത്മാവാകുന്നു (റൂഹോ മല്‍കോയോ); ദാസനല്ല; ആര്‍ക്കും പരിശുദ്ധറൂഹാ എന്‍റെയോ ഞങ്ങളുടെയോ കുത്തകയാണെന്ന് പറയാന്‍ സാദ്ധ്യമല്ല. അവന് ഞാന്‍ വിധേയനാവുകയല്ലാതെ അവനെ എന്‍റേതാക്കുവാന്‍ സാദ്ധ്യമല്ല. കാപട്യവും മറച്ചുവയ്ക്കലും എവിടെയുണ്ടോ അവിടെ റൂഹായുടെ പ്രവര്‍ത്തനത്തിന്‍റെ പൂര്‍ണ്ണതയില്ല.

3. റൂഹാ സ്നേഹത്തിന്‍റെയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെയും റൂഹായാകുന്നു (റൂഹോ റോഹെംബ്നായ്നോഷോ, റൂഹോമ്ബായോനോ). എല്ലാ സമയത്തും എല്ലാ മനുഷ്യരോടും സ്നേഹമുള്ളവരും എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നവരുമായിട്ടുള്ളവരിലുമാണ് റൂഹായുടെ പ്രവര്‍ത്തനം ഏറ്റവും പൂര്‍ണ്ണമായി കാണുന്നത്. മറ്റുള്ളവരെ ദ്വേഷിക്കുകയോ നിന്ദിക്കുകയോ പുച്ഛിക്കുകയോ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വൈമനസ്യം കാണിക്കുകയോ ചെയ്യുന്നവരില്‍ റൂഹായുടെ പ്രവര്‍ത്തനത്തിന്‍റെ പൂര്‍ണ്ണതയില്ലെന്ന് സുവ്യക്തമാണ്.

4. റൂഹാ നന്മയുടെയും വിജ്ഞാനത്തിന്‍റെയും വീര്യത്തിന്‍റെയും റൂഹായാകുന്നു (റൂഹോതോബോ, റൂഹോദ്ഹേകുംതോ, റൂഹോദ് ഗാബോറൂഥോ). നന്മയും വിജ്ഞാനവും ഭയമില്ലാത്ത സത്യസന്ധതയും എവിടെ കാണുന്നുവോ അവിടെ റൂഹായുടെ പ്രവര്‍ത്തനമുണ്ട്. പാവപ്പെട്ടവനെ സഹായിക്കാന്‍ വൈമുഖ്യം കാണിക്കുന്നവനും കള്ളന്മാരുടെയിടയില്‍ വീണ് പരുക്കു പറ്റിയവന് ശുശ്രൂഷ ചെയ്യാത്തവനും, കുഴിയില്‍ വീണവനെ വലിച്ചുകയറ്റാന്‍ മടി കാണിക്കുന്നവനും റൂഹായ്ക്കുള്ളവരല്ല. മനുഷ്യരുടെ ആത്മാവിനെപ്പറ്റി മാത്രമേ എനിക്ക് താല്‍പര്യമുള്ളു; അവരുടെ മാനുഷികാവശ്യങ്ങളെക്കുറിച്ച് എനിക്ക് ചുമതലയൊന്നുമില്ല എന്നു പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനെയും പരിശുദ്ധാത്മാവിനെയും അറിയാത്തവരാണ്. ദൈവം മനുഷ്യന്‍റെ ആദ്ധ്യാത്മികാവശ്യങ്ങളെ മാത്രമല്ല മാനുഷികാവശ്യങ്ങളെയും നടത്തിക്കൊടുക്കുന്നവനാണല്ലോ. ഭക്ഷണമില്ലാത്തവര്‍ക്ക് ഭക്ഷണം കൊടുക്കാത്തവനും, ദാഹിക്കുന്നവന് വെള്ളം കൊടുക്കാത്തവനും, ഉടുപ്പില്ലാത്തവനെ ഉടുപ്പിക്കാത്തവനും, ‘പോകുവിന്‍ നിങ്ങളെ ഞാന്‍ അറിയുന്നില്ല, ശപിക്കപ്പെട്ടവരേ, നിത്യാഗ്നിയിലേക്ക് പോകുവിന്‍’ എന്നുള്ള നിര്‍ദ്ദയശബ്ദം കേള്‍ക്കേണ്ടി വരുമെന്ന് നമ്മുടെ കര്‍ത്താവ് പഠിപ്പിക്കുന്നു (വി. മത്തായി 25:31-46). പരിശുദ്ധാത്മാവുള്ളിടത്ത് പാവപ്പെട്ടവരോടും കഷ്ടപ്പെടുന്നവരോടും ഉള്ള നന്മപ്രവര്‍ത്തികള്‍ ധാരാളമായിക്കാണും. മറുഭാഷ സംസാരിക്കാത്തവന്‍ നരകാഗ്നിയില്‍ പ്രവേശിക്കുമെന്ന് നമ്മുടെ കര്‍ത്താവ് പഠിപ്പിച്ചില്ല. എന്നാല്‍ പാവപ്പെട്ടവനോട് നന്മ പ്രവര്‍ത്തിക്കാത്തവരെ ശപിക്കപ്പെട്ടവരായി കര്‍ത്താവ് കണക്കാക്കുന്നു. പരിശുദ്ധാത്മാവ് മനുഷ്യസ്നേഹി (റൂഹോ റോഹെംബ്നായ് നോഷോ) യും നന്മകള്‍ പ്രവര്‍ത്തിക്കുന്നവനും (റൂഹോസോ ആര്‍ നോബോഥോ) ആകയാല്‍ അങ്ങനെയുള്ള പ്രവൃത്തികളും മനുഷ്യരോടുള്ള സ്നേഹവും ഇല്ലാത്ത ഏത് പ്രസ്ഥാനവും പരിശുദ്ധാത്മാവിന്‍റേതല്ലെന്ന് സുവ്യക്തമാണ്.

പരിശുദ്ധാത്മാഭിഷേകം

പരിശുദ്ധാത്മാഭിഷേകം ലഭിക്കുന്നതും പരിശുദ്ധാത്മ ദാനങ്ങള്‍ ലഭിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.

പരിശുദ്ധാത്മാവിന്‍റെ അഭിഷേകം മാമോദീസായും മൂറോനഭിഷേകവും മൂലം എല്ലാ വിശ്വാസികള്‍ക്കും ലഭിക്കുന്നു. ഇവിടെ പുരുഷനെന്നോ, സ്ത്രീയെന്നോ, പട്ടക്കാരനെന്നോ, അത്മായക്കാരനെന്നോ, വൃദ്ധനെന്നോ, ശിശുവെന്നോ, ഒക്കെയുള്ള വ്യത്യാസങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. ഗ്രീക്കു ഭാഷയില്‍ ഖ്റീസ്മാ (ഇവൃശാമെ) എന്നു പറയുന്ന ഈ പരിശുദ്ധാത്മാഭിഷേകം നമുക്കെല്ലാമുണ്ട് എന്ന് 1 യോഹ. 2:20-ലും 27-ലും 2 കൊരി. 1:21-ലും കാണുന്നു. ഈ ഖ്റീസ്മ അല്ലെങ്കില്‍ അഭിഷേകം (മെശ്ഹോ സുറിയാനിയില്‍) പ്രധാനമായി ലഭിച്ചിട്ടുള്ളത് ദൈവത്തിന്‍റെ അഭിഷിക്തനായ മിശിഹാതമ്പുരാന് തന്നെയാണ്. ‘മ്ഷീഹോ’ (ങലശൈമവ) എന്നുവച്ചാലും ഖ്റീസ്തോസ് (രവൃശീെേെ) എന്നുവച്ചാലും അഭിഷിക്തന്‍ എന്നാണല്ലോ അര്‍ത്ഥം. ദൈവം തന്‍റെ പുത്രനെ അഭിഷേകം ചെയ്തതു മൂലം അവന്‍ അഭിഷിക്തന്‍, അല്ലെങ്കില്‍ ക്രിസ്തു, അല്ലെങ്കില്‍ മശിഹായായി (അ.പ്ര. 4:27, 10:38).

നാമും മാമോദീസായില്‍ ചേര്‍ത്ത വെള്ളത്തില്‍ നിന്നും ആത്മാവില്‍ നിന്നും ജനിച്ച്, മൂറോനഭിഷേകം പ്രാപിച്ച് പരിശുദ്ധാത്മാലയങ്ങളും ക്രിസ്തുവിന്‍റെ ശരീരത്തിലെ അംഗങ്ങളും ആയിത്തീരുന്നു. ഇത് എല്ലാ വിശ്വാസികള്‍ക്കും ഒരുപോലെയാണ് (1 കൊരി. 12:27).

എല്ലാ വിശ്വാസികള്‍ക്കും പൊതുവെയുള്ള ഈ അഭിഷേകം മൂലം അവര്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും തങ്ങളുടെ പാപത്തില്‍ നിന്ന് കഴുകപ്പെട്ട, ക്രിസ്തുവിന്‍റെ ശരീരത്തിലെ അംഗങ്ങളായിത്തീര്‍ന്ന് ക്രിസ്തുവിന്‍റെ പൗരോഹിത്യത്തിലും രാജത്വത്തിലും പ്രവാചകത്വത്തിലും പങ്കാളികളായിത്തീരുകയും ചെയ്യുന്നു.

ഈ പരിശുദ്ധാത്മാഭിഷേകത്തിന്‍റെ ദൃശ്യഫലങ്ങള്‍ പ്രധാനമായുള്ളത് പൂര്‍ണ്ണമായ സത്യസന്ധത, തിന്മയെ ഭയമില്ലായ്മ, വിശുദ്ധ ജീവിതം, മനുഷ്യരോടുള്ള സ്നേഹം, കാര്യങ്ങള്‍ വിവേചിച്ചറിയുവാനുള്ള കഴിവ് എന്നിവയാണ്. ഇത് നമ്മുടെ പലയാളുകളിലും കാണുന്നില്ല എന്നതിന്‍റെ അര്‍ത്ഥം നമുക്ക് മാമോദീസായില്‍ മൂറോന്‍ മൂലം ലഭിച്ച പരിശുദ്ധാത്മാഭിഷേകത്തെ നാം വിലമതിക്കാതെ, നമ്മുടെ പാപങ്ങള്‍ മൂലം അതിനെ മൂടിവച്ചിരിക്കുന്നു എന്നതാണ്. സഭയിലെ കൂദാശകളുടെയും ആരാധനയുടെയും പ്രസംഗത്തിന്‍റെയും പഠിപ്പിക്കലിന്‍റെയും പ്രധാന ഉദ്ദേശ്യം, ഈ മറഞ്ഞിരിക്കുന്ന പരിശുദ്ധാത്മാഭിഷേകത്തെ, നമ്മുടെ പാപങ്ങളില്‍ നിന്നുള്ള വേര്‍പെടല്‍ മൂലവും, ദൈവത്തിങ്കലേക്കുള്ള നമ്മുടെ അനുതാപവും സ്നേഹവും മൂലവും ദൈവകരുണയാല്‍ അനാവരണം ചെയ്യുകയെന്നതാണ്. അങ്ങനെ അനാവരണം ചെയ്യപ്പെടുമ്പോള്‍ പ്രത്യക്ഷമാകുന്ന പ്രധാന ഗുണം സ്നേഹമാണ് – എല്ലാ മനുഷ്യരോടും ഉള്ള സ്നേഹം. കുടുംബാംഗങ്ങളോടും വേലക്കാരോടും ജാതിമതഭേദമെന്യേ നാം ആരുമായി ഇടപെടുന്നുവോ ആരെപ്പറ്റി ചിന്തിക്കുന്നുവോ അവരോടെല്ലാമുള്ള നിഷ്കളങ്കമായ സ്നേഹം. ആ സ്നേഹത്തിനു പരിധിയില്ല. അത് നാം സ്നേഹിക്കുന്നവരുടെ ആത്മാക്കള്‍ രക്ഷിക്കപ്പെടുന്നതിനുവേണ്ടിയുള്ള സ്നേഹമല്ല. യഥാര്‍ത്ഥവും, നിഷ്കളങ്കവും, സ്വയപരിത്യാഗ സന്നദ്ധതയുള്ളതും, മറ്റുള്ളവരുടെ ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആത്മാവിന്‍റെയും എല്ലാ യഥാര്‍ത്ഥ ആവശ്യങ്ങളേയും കണക്കിലെടുത്ത് അവര്‍ക്ക് നിസ്വാര്‍ത്ഥ സേവനം നല്‍കി, നമ്മെത്തന്നെ മറ്റുള്ളവര്‍ക്കു ചൊരിഞ്ഞുകൊടുത്ത്, മറ്റുള്ളവരുടെ ഉല്‍ക്കര്‍ഷത്തില്‍ മാത്രം ആനന്ദം കൊള്ളുന്ന ക്രിസ്തുവിന്‍റെ സ്നേഹമാണ് പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ കോരിച്ചൊരിയുന്നത്.

ഈ സ്നേഹമില്ലെങ്കില്‍, പരിശുദ്ധ പൗലോസ് അപ്പോസ്തോലന്‍ പറയുന്നതുപോലെ, മനുഷ്യരുടേയും മാലാഖമാരുടേയും ഭാഷകളില്‍ സംസാരിച്ചാലും, വലിയ പ്രവചന നല്‍വരവും, ദര്‍ശന നല്‍വരവും ഉണ്ടായാലും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിപ്പാന്‍ കഴിവുള്ള ഉറച്ച വിശ്വാസമുണ്ടായിരുന്നാല്‍പ്പോലും, എത്ര തന്നെ ത്യാഗം ചെയ്താലും, അനേക മണിക്കൂറുകള്‍ പ്രാര്‍ത്ഥനയില്‍ കഴിച്ചാലും പ്രയോജനമില്ല (1 കൊരി. 13:1-3). സ്വന്തം ഇഷ്ടം നടക്കണമെന്ന് നിര്‍ബന്ധിക്കാത്തതാണ് യഥാര്‍ത്ഥ സ്നേഹം (1 കൊരി. 13:5). കര്‍ത്താവിന്‍റെ ഇഷ്ടമാണെന്നു പറഞ്ഞാണ് നാം പലപ്പോഴും സ്വന്തം ഇഷ്ടത്തെപ്പറ്റി ശാഠ്യം പിടിക്കുന്നത്. സ്നേഹത്തിന് അഹങ്കാരമില്ല. അത് മറ്റുള്ളവരെ പുച്ഛിച്ചു പുറന്തള്ളുന്നില്ല.

പ്രവചന നല്‍വരം നീങ്ങിപ്പോകും; മറുഭാഷകളും നീങ്ങിപ്പോകും; അറിവും നീങ്ങിപ്പോകും (1 കൊരി. 13:8-9). സ്നേഹം മാത്രമേ നിലനില്‍ക്കുന്നതായുള്ളു. ഇന്ന് നമ്മുടെ സഭയിലെ വിടുതല്‍ പ്രസ്ഥാനത്തെപ്പറ്റിയുള്ള ഏറ്റവും വലിയ വിമര്‍ശനം ഈ സ്നേഹത്തിന്‍റെ അഭാവത്തെപ്പറ്റിയുള്ളതാണ്. തങ്ങളുടെ കൂട്ടായ്മയ്ക്ക് പുറത്തുള്ളവരോടു കാണിക്കുന്ന സ്നേഹരാഹിത്യവും പുച്ഛവും, രണ്ടാം തരക്കാരായി മറ്റുള്ളവരെ കാണുന്ന സ്വഭാവവും ക്രിസ്തുവിന്‍റേതല്ല. മറ്റേതോ ദുഃശക്തിയുടേതാണെന്നാണ് എന്‍റെ വിശ്വാസം. യഥാര്‍ത്ഥ സ്നേഹം, ക്രിസ്തു നമ്മോടു കാണിച്ചതുപോലുള്ള തുറന്ന സ്നേഹം ഇല്ലാത്തിടത്ത് പരിശുദ്ധാത്മാവിന്‍റെ അടിസ്ഥാനപരമായ അഭിഷേകം ഇപ്പോഴും പാപം മൂലം മറഞ്ഞിരിക്കുന്നുവെന്നു തന്നെയാണ് എന്‍റെ ഉറച്ച വിശ്വാസം.

പക്ഷേ, വിശ്വാസികളായ നാം നമ്മുടെ സഭയിലെ അംഗങ്ങളായ വിടുതല്‍ പ്രസ്ഥാനക്കാരോട് അതുപോലുള്ള സ്നേഹം കാണിച്ചില്ലെങ്കില്‍ നമ്മിലും പരിശുദ്ധാത്മ പ്രവര്‍ത്തനമില്ലെന്നതിന്‍റെ ലക്ഷണമായിരിക്കും. യഥാര്‍ത്ഥ സേവന മനഃസ്ഥിതിയും വിശുദ്ധ ജീവിതവും പ്രാര്‍ത്ഥനാശീലവും നിറഞ്ഞ അനേകംപേര്‍ വിടുതല്‍ പ്രസ്ഥാനത്തില്‍ ഉണ്ടെന്നു മാത്രമല്ല, പേരിനു മാത്രം സഭാംഗങ്ങളായിരുന്ന് അശുദ്ധാത്മാലയങ്ങളായിത്തീര്‍ന്നിരുന്ന പലരേയും ദൈവത്തിന്‍റെ വഴിയിലേക്കു തിരിപ്പാന്‍ വിടുതല്‍ പ്രസ്ഥാനത്തിനു സാധിച്ചിട്ടുണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല. വിടുതല്‍ പ്രസ്ഥാനക്കാരെ നാം പുച്ഛിച്ചു പുറന്തള്ളുന്നെങ്കില്‍ അത് ഒരിക്കലും ക്രിസ്തീയമായിരിക്കയില്ല. അവര്‍ സഭയോട് യഥാര്‍ത്ഥ സ്നേഹമുള്ളവരായിത്തീര്‍ന്ന് സഭയുടെ കെട്ടുപണിക്കു വേണ്ടി ഉത്സാഹിക്കുന്നവരും എല്ലാ മനുഷ്യരോടും പ്രത്യേകിച്ച് സ്വന്തം കുടുംബാംഗങ്ങളോടും വേലക്കാരോടും, കൂടെ ജോലി ചെയ്യുന്നവരോടും യഥാര്‍ത്ഥ സ്നേഹമുള്ളവരുമായി തീരുന്നതിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയെന്നുള്ളതാണ് നമുക്കിന്നു ചെയ്യാവുന്ന വലിയ കാര്യം. അവര്‍ക്കുള്ള ആത്മശിക്ഷണത്തിന്‍റെയും പ്രാര്‍ത്ഥനാശീലത്തിന്‍റെയും ഒരു ചെറിയ പങ്കെങ്കിലും നമുക്കും ഉണ്ടാകാതെ ഇതു സാദ്ധ്യമല്ല.

അടിസ്ഥാനപരമായ പരിശുദ്ധാത്മാഭിഷേകം വി. മാമോദീസാ മൂലവും വി. മൂറോന്‍ മൂലവും ക്രിസ്തുശരീരത്തിലെ അംഗങ്ങളായി തീര്‍ന്നിട്ടുള്ള എല്ലാവര്‍ക്കും ഒരുപോലെ നല്‍കപെട്ടിട്ടുള്ളതാണ്. പക്ഷേ, അതിന്‍റെ ദൃശ്യഫലങ്ങള്‍ വിടുതല്‍ പ്രസ്ഥാനത്തില്‍പ്പെട്ടവരും പെടാത്തവരുമായ മിക്കവാറും പേരില്‍ കാണുന്നില്ലായെന്നുള്ളത് പാപത്തിന്‍റെയും തിന്മയുടെയും ശക്തി അതിനെ ആവരണം ചെയ്തിരിക്കുന്നു എന്നതിന്‍റെ ലക്ഷണമാണ്. ഇതു നമ്മിലും നമ്മുടെ വിടുതല്‍ സഹോദരങ്ങളിലും ഒരുപോലെ മറഞ്ഞിരിക്കയാണെന്നു തോന്നുന്നു. സ്നേഹത്തിന്‍റെ അഭാവവും സഭയുടെ കെട്ടുപണിയെപ്പറ്റി ശുഷ്കാന്തിയില്ലായ്മയും വിശുദ്ധ ജീവിതമില്ലായ്മയും എവിടെ കാണുന്നുവോ അവിടെ പരിശുദ്ധാത്മപ്രവര്‍ത്തനം പാപതമസ്സുകൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നു വ്യക്തമാണ്. നമുക്ക് വിടുതല്‍ പ്രസ്ഥാനക്കാരോടു സ്നേഹമില്ലെങ്കില്‍ നാം എങ്ങനെ പരിശുദ്ധാത്മാവിന്‍റെ ഉപകരണങ്ങളായിത്തീരുവാന്‍ സാധിക്കും?

പരിശുദ്ധാത്മദാനങ്ങള്‍

എല്ലാ ക്രിസ്ത്യാനികള്‍ക്കും നല്‍കപ്പെടുന്ന പരിശുദ്ധാത്മാഭിഷേകവും ഓരോരുത്തര്‍ക്കും വേറെ വേറെ നല്‍കപ്പെടുന്ന പരിശുദ്ധാത്മ ദാനങ്ങളും തമ്മില്‍ വ്യത്യാസം ഉണ്ട്.

പരിശുദ്ധാത്മദാനങ്ങള്‍ പരിശുദ്ധാത്മാവ്, സഭയുടെ കെട്ടുപണിക്കു വേണ്ടി, സഭാംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസത്തിന്‍റെ പരിമാണമനുസരിച്ച് പങ്കിട്ടു കൊടുക്കുന്നവയാണ്. പരിശുദ്ധാത്മാവിന്‍റെ അഭിഷേകം ലഭിച്ചിട്ടുള്ളവര്‍ക്കാണ് പരിശുദ്ധാത്മ ദാനങ്ങള്‍ നല്‍കപ്പെടുന്നത്. റോമാ ലേഖനം 5:5-ല്‍ പറയുന്നപോലെ, ദൈവത്തിന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു പകരുന്നത്, ദൈവം നമുക്കു നല്‍കിയിട്ടുള്ള പരിശുദ്ധാത്മാവിലാകുന്നു. പുത്രത്വത്തിന്‍റെ ആത്മാവാണ് (റോമ്മര്‍ 8:15) നമുക്കു നല്‍കപ്പെട്ടിട്ടുള്ളത്. എല്ലാ വിശ്വാസികള്‍ക്കുമുള്ള ആ അടിസ്ഥാനദാനത്തിന്‍റെ മുകളിലാണു മറ്റു ദാനങ്ങള്‍ പലര്‍ക്കും പല വിധത്തിലായി നല്‍കപ്പെടുന്നത്.

നല്‍കപ്പെടുന്ന ദാനം, ദാനം സ്വീകരിക്കുന്നയാളിന്‍റെ ആത്മീയ വളര്‍ച്ചയ്ക്കെന്നതിനേക്കാളുപരി, സഭയുടെ കെട്ടുപണിക്കും വളര്‍ച്ചയ്ക്കും വേണ്ടിയാകുന്നു, പൊതു നന്മയ്ക്കു വേണ്ടിയാകുന്നു (1 കൊരി. 12:7). ഓരോ ദാനപ്രാപകനും സഭയുടെ കെട്ടുപണിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു; അതു മൂലം സഭ വളരുന്നു (1 കൊരി. 2:12-27). വിടുതല്‍ പ്രസ്ഥാനത്തിന്‍റെ പ്രധാന പരീക്ഷ ഇതു തന്നെയാണ്. അതു സഭയുടെ കെട്ടുപണിക്കുതകുന്നില്ലെങ്കില്‍, അതു പരിശുദ്ധാത്മാവിന്‍റേതല്ല, ക്രിസ്തീയമല്ല എന്നു തീര്‍ത്തു പറയുവാന്‍ സാധിക്കും. ക്രിസ്തുവാണ് ദാനദാതാവ്. പരിശുദ്ധാത്മദാനങ്ങളുമാണ്. അവ എന്തിനുവേണ്ടി? എഫേസ്യലേഖനം 4:11 മുതലുള്ളതു വായിച്ചു നോക്കുക.

‘മനുഷ്യവര്‍ഗ്ഗത്തിന് നല്‍വരങ്ങള്‍ നല്‍കിയതും കര്‍ത്താവു തന്നെ. ചിലരെ അപ്പോസ്തോലന്മാരാക്കി; മറ്റു ചിലരെ പ്രവാചകരും, ചിലരെ സുവിശേഷകരും, മറ്റു ചിലരെ ഇടയന്മാരും ഗുരുക്കന്മാരുമാക്കി. സേവന പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിനുള്ള എല്ലാ കഴിവുകളും ഉപകരണങ്ങളും വിദഗ്ധന്മാരായ സഭാംഗങ്ങള്‍ക്കു നല്‍കി. ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയുടെ കെട്ടുപണിക്കുവേണ്ടിത്തന്നെ. ഈ ദാനങ്ങളുടെ ഉദ്ദിഷ്ട ലക്ഷ്യമോ സഭാംഗങ്ങളായ നാമെല്ലാവരും വിശ്വാസൈക്യത്തിലേക്ക് ഒരുമിച്ച് വളര്‍ന്ന്, ഒരുമിച്ചു ദൈവപുത്രനെ അറിഞ്ഞ് ഒരു പൂര്‍ണ്ണമനുഷ്യനായി വളരുന്നതിനുവേണ്ടി, ക്രിസ്തുവിന്‍റെ പൂര്‍ണ്ണതയാകുന്ന പ്രായപൂര്‍ത്തി പ്രാപിക്കുന്നതിനു വേണ്ടിത്തന്നെ. അങ്ങനെ പ്രായപൂര്‍ത്തി പ്രാപിച്ചില്ലെങ്കില്‍, നാം അറിവില്ലാത്ത കുഞ്ഞുങ്ങളെപ്പോലെ, മനുഷ്യരുടെ വേലത്തരം കൊണ്ടുണ്ടാക്കുന്ന ഓരോ പുതിയ ഉപദേശക്കാറ്റിലും ഊതിപ്പറപ്പിക്കപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടുമലഞ്ഞ് വഞ്ചനയുടെ കുതന്ത്രങ്ങളില്‍പ്പെട്ട് നശിച്ചുപോകും. സ്നേഹത്തിന്‍റെ സത്യസന്ധതയില്‍, എല്ലാവിധത്തിലും നമുക്കൊരുമിച്ച്, ക്രിസ്തുവാകുന്ന തലയിങ്കലേക്കു വളരാം. ആ തലയില്‍ നിന്നാണല്ലോ ശരീരത്തെ മുഴുവന്‍ പരസ്പര ബന്ധങ്ങളില്‍ക്കൂടെ നിയാമനം ചെയ്തത്, ഓരോ നല്ല ഉപദേശങ്ങളുടേയും സന്ധിബന്ധങ്ങളില്‍ കൂടെ ഒരുമിപ്പിക്കുന്നത്. ഓരോ ഭാഗവും ഓരോ അവയവം, അതിനുള്ള പ്രവൃത്തി ശരിയായി ചെയ്യുമ്പോള്‍ ശരീരം മുഴുവന്‍ വളര്‍ച്ച പ്രാപിക്കുന്നു, സ്നേഹത്തിലൂടെ പടുത്തുയര്‍ത്തപ്പെടുന്നു’ (എഫേ. ലേഖനം 4:11-16).

ഈ വേദാധിഷ്ഠിതമായ ലക്ഷ്യപ്രയാണത്തിലേക്ക് വിടുതല്‍ പ്രസ്ഥാനം വരുന്നതുവരെ അതേക്കുറിച്ചുള്ള ക്രിസ്തീയ വിമര്‍ശനവും നിലനില്‍ക്കും. തങ്ങളെത്തന്നെ പരിശുദ്ധാത്മാവിന്‍റെ ആളുകളായി എണ്ണി മറ്റുള്ളവരെപ്പറ്റി സ്നേഹമില്ലാതെയും സഭയുടെ മുഴുവന്‍ കെട്ടുപണിക്കുവേണ്ടി താഴ്മയോടും സ്നേഹത്തോടും കൂടി പ്രവര്‍ത്തിക്കാതെയും, സ്വന്ത കൂട്ടായ്മയുടെ ഉന്നമനത്തിനുവേണ്ടി മാത്രം ജീവിക്കുന്ന ഒരു വിടുതല്‍ പ്രസ്ഥാനം യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മ നിശ്വസിതമാണെന്ന് വിശ്വസിക്കുവാന്‍ പ്രയാസമാണ്.

പക്ഷേ, വിടുതല്‍ പ്രസ്ഥാനത്തെ വിമര്‍ശിക്കുന്നവര്‍, തങ്ങളില്‍ പരിശുദ്ധാത്മപ്രവര്‍ത്തനം പ്രതിബന്ധമില്ലാതെയുണ്ടാകുന്നതിനുവേണ്ടി എന്തു ചെയ്യുന്നു എന്നു ചോദിക്കാതിരിക്കാന്‍ നിവര്‍ത്തിയില്ല. എന്തുകൊണ്ട് പൊതുവായ പരിശുദ്ധാത്മാഭിഷേകത്തിന്‍റെയും പ്രത്യേക നല്‍വരദാനങ്ങളുടേയും പ്രത്യക്ഷ ലക്ഷണങ്ങള്‍ സഭയില്‍ കാണുന്നില്ല? എന്തുകൊണ്ട് പണത്തിനും കെട്ടിടത്തിനും വേണ്ടിയുള്ള കേസ്സുകള്‍ക്കും അടിപിടികള്‍ക്കുമായി മാത്രം സഭാംഗങ്ങള്‍ വെമ്പല്‍കൊള്ളുകയും പണം ചെലവഴിക്കുകയും ചെയ്യുന്നു? എന്തുകൊണ്ട് സഭയുടെ കെട്ടുപണിക്കുവേണ്ടി ത്യാഗം ചെയ്യുവാന്‍ സഭാംഗങ്ങള്‍ തയ്യാറാകുന്നില്ല? എന്തുകൊണ്ട് തങ്ങളുടെ മിടുക്കന്മാരായ മക്കളെ പൗരോഹിത്യവേലയ്ക്കായി നമ്മുടെ ആളുകള്‍ വിടുന്നില്ല? പരിശുദ്ധാത്മാഭിഷേകത്തിന്‍റെയും പരിശുദ്ധാത്മദാനങ്ങളുടേയും പ്രവര്‍ത്തനത്തെ തടയുന്ന പാപം നമ്മില്‍ കിടക്കുന്നു എന്നല്ലേ അതു കാണിക്കുന്നത്?

പരിശുദ്ധാത്മദാനങ്ങളേവ?

പരിശുദ്ധാത്മദാനങ്ങള്‍ ഇന്നവയാണെന്നു വ്യക്തമായ ഒരു ലിസ്റ്റ് വേദപുസ്തകം നല്‍കുന്നില്ല. പൗലോസ് ശ്ലീഹാ മൂന്നു പ്രാവശ്യവും പത്രോസ് ശ്ലീഹാ ഒരു പ്രാവശ്യവും ലിസ്റ്റുകള്‍ നല്‍കുന്നുണ്ട്. അവ താഴെ പറയുംപ്രകാരമാണ്.

1 കോരി 11:8, 10: 1) വിജ്ഞാനത്തിന്‍റെ വചനം 2) അറിവിന്‍റെ വചനം 3) വിശ്വാസ നല്‍വരം 4) രോഗശാന്തിയുടെ നല്‍വരങ്ങള്‍ 5) പിശാചുക്കളെ പുറത്താക്കുവാനുള്ള ശക്തി 6) പ്രവചന നല്‍വരം 7) ആത്മാക്കളെ വിവേചിച്ചറിയുവാനുള്ള നല്‍വരം 8) മറുഭാഷാ നല്‍വരം 9) മറുഭാഷാ വ്യാഖ്യാന നല്‍വരം.

റോമ്മാ 12:6-8: 1) പ്രവചനം 2) ശുശ്രൂഷാ നല്‍വരം 3) ആചാര്യത്വ നല്‍വരം 4) ആശ്വാസപ്രബോധന നല്‍വരം 5) വിതരണ നല്‍വരം 6) അദ്ധ്യക്ഷസ്ഥാന നല്‍വരം 7) ജീവകാരുണ്യ പ്രവൃത്തികളുടെ നല്‍വരം.

എഫേസ്യ 4:11: 1) അപ്പോസ്തലത്വം 2) പ്രവാചകത്വം 3) സുവിശേഷകത്വം 4) ഇടയത്വവും ഗുരുത്വവും.

1 പത്രോ. 4:11: 1) പ്രഭാഷണ നല്‍വരം 2) ശുശ്രൂഷാ നല്‍വരം.

ഈ ലിസ്റ്റുകള്‍ തമ്മില്‍ വലിയ സരൂപ്യമില്ലെന്നു മാത്രമല്ല, നാലു ലിസ്റ്റിലും ഒരുപോലെ കാണുന്ന ഒരു ദാനവുമില്ല. എല്ലാ ദാനങ്ങളും പൊതുവെ സഭയുയെ ഉദ്ബോധനത്തിനും ഭരണത്തിനും, ജീവകാരുണ്യ പ്രവൃത്തികള്‍ക്കും വേണ്ടിയുള്ളവയാണ്. ഒരാള്‍ക്ക് ഒരു ദാനമേ ഉണ്ടായിക്കൊള്ളു എന്നില്ല. വി. പൗലോസ് അപ്പോസ്തോലന്‍ (ഗലാ. 1:1) മറുഭാഷാ നല്‍വരമുള്ളവനും (1 കൊരി. 14:18) അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനും (കൊലോ 1:29) ആയിരുന്നു. എന്നാല്‍ സ്നേഹമല്ലാതെ മറ്റേതെങ്കിലും ഒരു പരിശുദ്ധാത്മ നല്‍വരം എല്ലാവര്‍ക്കും വേണമെന്ന് അപ്പോസ്തോലന്‍ പറയുന്നില്ല. സഭയുടെ ഭരണകാര്യങ്ങളിലും ഉപദേശപ്രവൃത്തികളിലും കൂദാശാനുഷ്ഠാനങ്ങളിലും, സേവനരംഗങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്കെല്ലാം അതതിനാവശ്യമായ കൃപാവരം പരിശുദ്ധാത്മാവ് കൊടുത്തുകൊണ്ടാണിരിക്കുന്നത് (റോമ്മാ. 12:6-8). അങ്ങനെ പ്രത്യേകമായി എടുത്തു കാണിക്കുന്നതും ആത്മീയ അഹങ്കാരം ഉളവാക്കുന്നവയുമല്ല ഈ പരിശുദ്ധാത്മദാനങ്ങള്‍. അഹങ്കാരം ഉളവാക്കുന്ന ദാനങ്ങള്‍ മറുഭാഷയും രോഗശാന്തിയുടെ നല്‍വരവും, മറ്റ് അത്ഭുതങ്ങള്‍ പ്രവൃത്തിക്കുന്നതിനും പിശാചുക്കളെ പുറത്താക്കുന്നതിനും മറ്റും ശക്തി നല്‍കുന്ന പ്രത്യേക ദാനങ്ങളുമാണ്. അവയെ പലപ്പോഴും മനുഷ്യര്‍ കൂടുതലായി ആഗ്രഹിക്കുന്നത് തങ്ങള്‍ക്കു ലഭിക്കുന്ന പരിശുദ്ധാത്മദാനം മറ്റുള്ളവരും കൂടി കാണണമെന്നുള്ള പാപകരവും സ്വാര്‍ത്ഥമയവുമായ ആഗ്രഹംകൊണ്ടായിരിക്കണം.

അതുകൊണ്ട് ഈ പ്രത്യേക ദാനങ്ങള്‍ക്കു വേണ്ടി അധികം ആഗ്രഹിക്കാതിരിക്കുന്നതാണു നല്ലത്. അല്ലെങ്കില്‍ നമ്മുടെ പാപാസക്തി മൂലം പരിശുദ്ധ റൂഹായുടെ നല്ല ദാനങ്ങള്‍ നമ്മെ ആത്മീയ അഹങ്കാരത്തിലേക്കും പാപവീഴ്ചയിലേക്കും നയിക്കുവാന്‍ സാദ്ധ്യതയുണ്ട്. ‘ഉയര്‍ന്ന നല്‍വരങ്ങള്‍ക്കായി നിങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുക’ എന്ന് വി. പൗലോസ് ശ്ലീഹാ കൊരിന്ത്യരോടു പറയുന്നു (1 കൊരി. 12:31). എന്നാല്‍ തുടര്‍ന്നു പറയുന്നത് ‘ഏറ്റവും ഉയര്‍ന്ന നല്‍വരം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാം’ എന്നാണ്. അതു കഴിഞ്ഞു വരുന്നത് സ്നേഹത്തെപ്പറ്റിയുള്ള 13-ാം അദ്ധ്യായമാണ്. പരിശുദ്ധാത്മ നല്‍വരങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് സ്നേഹമാണ്. അതിനായി നാം വാഞ്ചിക്കുകയും ദൈവസ്നേഹത്തിന്‍റെ അനുഭവത്തില്‍ ജീവിച്ച് അതില്‍ നിന്നുത്ഭവിക്കുന്ന മനുഷ്യസ്നേഹത്തെ നാം പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ പ്രവര്‍ത്തിക്കാവശ്യമായ മറ്റെല്ലാ നല്‍വരങ്ങളും പരിശുദ്ധാത്മാവ് നല്‍കിക്കൊള്ളും. വിടുതല്‍ പ്രസ്ഥാനത്തിലും ഈ മനുഷ്യസ്നേഹവും എല്ലാ നല്‍വരങ്ങളുടേയും നിര്‍ദ്ദിഷ്ടോദ്ദേശ്യമായ സഭയുടെ കെട്ടുപണിക്കായിട്ടുള്ള ശ്രദ്ധയും, ധാരാളമായി വളര്‍ന്നു കഴിയുമ്പോള്‍, വിടുതല്‍ പ്രസ്ഥാനം യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മ പ്രസ്ഥാനമായി പരിവര്‍ത്തനം ചെയ്യപ്പെടും.

പരിശുദ്ധാത്മദാനങ്ങള്‍ എല്ലാ വിശ്വാസികള്‍ക്കുമുള്ളവയാണ്. ‘വിടുതല്‍’ എന്നൊരു പുതിയ പ്രസ്ഥാനമുണ്ടാക്കുന്നവര്‍ക്കു മാത്രമുള്ളതല്ല. സഭയിലെ എല്ലാ അംഗങ്ങളിലും വ്യാപരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ശ്രേഷ്ഠ ദാനങ്ങള്‍ കൂടുതല്‍ സമൃദ്ധിയായി ഉണ്ടാകുന്നതിനു വേണ്ടി നാമെല്ലാവരും ഉപവാസത്തിലും പ്രാര്‍ത്ഥനയിലും അനുതാപത്തിലും കണ്ണുനീരിലും കാത്തിരിക്കുമ്പോള്‍ വിടുതല്‍ പ്രസ്ഥാനത്തിലുള്ളവരേയും ഇല്ലാത്തവരേയും ഒരുമിച്ച് പരിശുദ്ധാത്മാവ് കര്‍ത്തൃമഹത്വത്തിനായി ഉപയോഗിച്ചുകൊള്ളും. സഭയിലിന്നാവശ്യമായിട്ടുള്ളത് മനുഷ്യസ്നേഹത്തോടും സഭയുടെ കെട്ടുപണിക്കായിട്ടുള്ള ശ്രദ്ധയോടുംകൂടെ നാമും ജീവിതവിശുദ്ധിയും പ്രാര്‍ത്ഥനാശീലവും ആത്മശിക്ഷണവുമുള്ളവരായിത്തീരുകയെന്നതാണ്.

പരിശുദ്ധാത്മ പ്രവര്‍ത്തനത്തിന്‍റെ വ്യാപ്തി

പരിശുദ്ധ റൂഹാ സഭയില്‍ മാത്രം പ്രവര്‍ത്തിക്കുന്നവനോ, സഭയുടെ പരിധിക്കുള്ളില്‍ ഒതുക്കി നിര്‍ത്താവുന്നവനോ അല്ല. സൃഷ്ടിയുടെ ആരംഭം മുതലേ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നു. ഉല്പത്തി പുസ്തകം 1:2-ല്‍ “ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിന്‍മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു” എന്നു കാണുന്നു. ആത്മാവിന്‍റെ ശക്തി കൊണ്ടാണു സൃഷ്ടിയുണ്ടായത്. വെളിപാട് പുസ്തകത്തിന്‍റെ അവസാനത്തിലും ആത്മാവും സഭയാകുന്ന മണവാട്ടിയും ഒരുമിച്ചു നിന്ന് കര്‍ത്താവേ വരിക (മാറാനാഥാ) എന്നു പറഞ്ഞു കര്‍ത്താവിനെ ക്ഷണിക്കുന്നു (വെളിപാട് 22:17). അങ്ങനെ വേദപുസ്തകത്തിലാദ്യന്തം കാണുന്ന പരിശുദ്ധാത്മാവ് പഴയനിയമത്തിലും പുതിയനിയമത്തിലും ഇസ്രായേലിലും ക്രിസ്തുസഭയിലും മാത്രമല്ല, സൃഷ്ടി മുഴുവനിലും പ്രവര്‍ത്തിക്കുന്നു. “ഉണ്ടായതും ഉണ്ടാകുവാനിരിക്കുന്നതുമായ സകലത്തെയും പൂര്‍ത്തിയാക്കി തികയ്ക്കുന്നവനായ പരിശുദ്ധ റൂഹാ നമ്മോടുകൂടെ’ എന്ന് നാം വിശുദ്ധ ബലിയുടെ ആരാധനയില്‍ പറയുന്നു. നമ്മോട് കൂടെയുള്ളവനായ പരിശുദ്ധ റൂഹാ സൃഷ്ടി മുഴുവനിലും പ്രവര്‍ത്തിക്കുന്നവനാണ്. എവിടെ നന്മയും സ്നേഹവും സത്യവും വിശുദ്ധിയും കാണുന്നുവോ അവിടെയെല്ലാം പരിശുദ്ധാത്മാവുണ്ട്.

സഭയ്ക്ക് പരിശുദ്ധാത്മാവ് കൊടുക്കുന്ന ദാനങ്ങള്‍ക്കു പുറമെ, സഭേതരലോകത്തിലും ബുദ്ധിശക്തിയും ഭരണസാമര്‍ത്ഥ്യവും കലാപരമായ സര്‍ഗ്ഗാത്മകതയും പുതിയ നന്മകളുടേയും സത്യങ്ങളുടേയും ആവിഷ്ക്കരണവും നടക്കുന്നതും പരിശുദ്ധാത്മശക്തിയാലാണ്.

പരിശുദ്ധനായ മാര്‍ ബസ്സേലിയോസിന്‍റെ (329-379 എ.ഡി.) ചിന്തയില്‍ അഞ്ച് പ്രത്യേക പ്രവര്‍ത്തനങ്ങളില്‍ പരിശുദ്ധാത്മ ശക്തി വ്യാപരിക്കുന്നതായി പറയുന്നു.

1) വിശ്വത്തിലെ വിവിധ ഗോളങ്ങളുടെ പരസ്പര ക്രമീകരണത്തിലും അവയുടെ രമ്യതയിലും പ്രവര്‍ത്തിക്കുന്നത് പരിശുദ്ധാത്മാവാണ്.

2) വളര്‍ച്ചയുള്ള എല്ലാറ്റിന്‍റെയും വളര്‍ച്ചയുടെ പിറകിലുള്ളത് പരിശുദ്ധാത്മാവാണ്.

3) ദൈവസന്നിധിയില്‍ നില്‍ക്കുന്ന ക്രൂബേന്മാരുടേയും സ്രോഫേന്മാരുടേയും പ്രധാന മാലാഖമാരുടെയും വൃന്ദങ്ങളെ ക്രമീകരിക്കുന്നതും പരിശുദ്ധാത്മാവ് തന്നെ.

4) ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിലും അതിന്‍റെ മുന്‍കുറിയായ പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങളിലും വചനങ്ങളിലും കൂടെ പ്രവര്‍ത്തിക്കുന്നത് പരിശുദ്ധാത്മാവാണ്. കന്യകമറിയാമിനോടുള്ള അറിയിപ്പിലും ഗര്‍ഭധാരണത്തിലും പ്രസവത്തിലും ദൈവാലയ പ്രവേശനത്തിലും, മരുഭൂമിയിലെ പരീക്ഷണങ്ങളിലും യോര്‍ദാനിലെ മാമ്മോദീസായിലും ക്രിസ്തുവിന്‍റെ ഉപദേശങ്ങളിലും അത്ഭുതപ്രവൃത്തികളിലും എല്ലാം പരിശുദ്ധാത്മ വ്യാപാരമുണ്ടായിരുന്നുയെന്ന് വിശുദ്ധ വേദപുസ്തകം സാക്ഷിക്കുന്നു.

5) അവസാന ന്യായവിധിയിങ്കലും പരിശുദ്ധാത്മാവിന് പ്രധാന സ്ഥാനമുണ്ട്. യഥാര്‍ത്ഥത്തില്‍ ന്യായവിധിയിങ്കല്‍ തീരുമാനിക്കപ്പെടുന്നത് ഓരോരുത്തനും എത്രമാത്രം പരിശുദ്ധാത്മ ശക്തിയും ജീവനും നല്‍കപ്പെടണം അല്ലെങ്കില്‍ പൂര്‍ണ്ണമായും പരിശുദ്ധാത്മ ശക്തിയില്‍ നിന്ന് വേര്‍പെടുത്തപ്പെട്ട് ഇല്ലായ്മയിലേക്ക് പോകണം എന്നുള്ളതാണെന്ന് പരിശുദ്ധ ബസ്സേലിയോസ് പറയുന്നു.

ഈ അഞ്ചു കാര്യങ്ങളോടു കൂടെ മനുഷ്യനിലുള്ള സകല കലാശക്തികളിലും പരിശുദ്ധാത്മാവാണ് വ്യാപരിക്കുന്നത്. നേതൃത്വശക്തി, വിവേചനശക്തി, കഴിവുകള്‍, വീര്യം, ധൈര്യം മുതലായവയെല്ലാം സഭയ്ക്കകത്തും പുറത്തും പരിശുദ്ധാത്മാവില്‍ നിന്നാണ് വരുന്നത്. ശിംശോന് ശക്തി കൊടുക്കുന്നതും (ന്യായാധി: 13:25, 14:6, 14:19, 15:14) ദേവാലയത്തിന്‍റെ ശില്പകലയ്ക്കും അലങ്കരണത്തിനും ഉള്ള കഴിവ് ബെസാലേലിന് കൊടുക്കുന്നതും (പുറപ്പാട് 3:3, 35:31) മറഞ്ഞിരിക്കുന്ന നിഗൂഢ കാര്യങ്ങളെ വെളിവാക്കുന്നതും (ഉല്പത്തി 41:38; ദാനിയേല്‍ 5:14) യഥാര്‍ത്ഥ വിജ്ഞാനം നല്‍കുന്നതും (സദൃ. 1:23, ബാറാസീറാ 39:6, സൂസന്നാ 45, ശ്ളേമോന്‍റെ വിജ്ഞാനം 1:5, 7:7, 22, 9:17), ഭരണത്തിനും നീതിയുടെ പരിപാലനത്തിനുമുള്ള ശക്തി നല്‍കുന്നതും (സംഖ്യാ 11:25; ആവര്‍ത്തനം 34:9, 1 ശമു. 16:13, 14, ഏശായാ 28:6, 42:1, 11:2), പ്രവചനശക്തി നല്‍കുന്നതും (ഹോശേയ 9:7, മീഖാ 3:8, 1 രാജാ. 18:12, 2 രാജാ. 2:16, യെഹെസ്കേല്‍ 3:14) എല്ലാം ദൈവത്തിന്‍റെ ആത്മാവു തന്നെ.

സൃഷ്ടി മുഴുവനിലും വ്യാപരിക്കുകയും രാഷ്ട്രീയത്തിലും, സാമൂഹ്യത്തിലും സാമ്പത്തികത്തിലും ഭൂമിയുടെ ചലനങ്ങളിലും രസതന്ത്രത്തിലും, ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിജ്ഞാനത്തിന്‍റെയും കലാസൃഷ്ടിയുടേയും എല്ലാ നല്ല പരിപാടികളിലും പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‍റെ ആത്മാവിനെ നമുക്കാര്‍ക്കും നമ്മുടെ കൊച്ച് വലയങ്ങളില്‍ ഒതുക്കിനിര്‍ത്താന്‍ സാദ്ധ്യമല്ലെന്നുള്ളത് വിടുതല്‍ പ്രസ്ഥാനക്കാരും അല്ലാത്തവരും ഒരുപോലെ ഓര്‍മ്മിച്ചിരിക്കുന്നത് നല്ലതാണ് (യോഹ. 3:8).

പരിശുദ്ധാത്മാവിന്‍റെ അജ്ഞാതത്വം

പരിശുദ്ധാത്മാവ് തന്നെത്തന്നെ പരസ്യം ചെയ്യുന്നവനല്ല. എപ്പോഴും ഒതുങ്ങിനിന്നുകൊണ്ട് മറ്റുള്ളവരില്‍കൂടെ പ്രവര്‍ത്തിക്കുന്നവനും ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുമ്പോഴും സ്വയം ഉയര്‍ത്തിക്കാണിക്കാതിരിക്കുന്നവനുമാണ്. ഇപ്പോഴും പരിശുദ്ധാത്മാവിനെപ്പറ്റി കൂടുതല്‍ സംസാരിക്കുന്നതു കൊണ്ടോ പരിശുദ്ധാത്മ ശക്തികളുടെ പരസ്യപ്രകടനം കൊണ്ടോ പരിശുദ്ധാത്മാവിനെ പ്രസാദിപ്പിപ്പാന്‍ സാദ്ധ്യമല്ല. താഴ്മയും സ്നേഹവും സത്യസന്ധതയും സേവനമനഃസ്ഥിതിയും ജീവിത വിശുദ്ധിയും പ്രാര്‍ത്ഥനാശീലവും ആത്മശിക്ഷണവുമുള്ളിടത്ത് പരിശുദ്ധാത്മാവ് ശാന്തമായും ബഹളം കൂടാതെയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ആരുടേയും കുത്തകയായിത്തീരുകയില്ല. സഭയ്ക്കുപോലും പരിശുദ്ധാത്മാവിന്മേല്‍ നിയന്ത്രണാധികാരമില്ല. പരിശുദ്ധാത്മാവ് രാജകീയനാകുന്നു; ദാസനല്ല; ആരുടേയും. അതു വിടുതല്‍കാരനായാലും അല്ലാ

ത്ത മെത്രാപ്പോലീത്തായായാലും ആരുടെയും പിടിയില്‍ നില്‍ക്കാത്ത സര്‍വ്വാധിപതിയായ റൂഹാ, നമ്മിലും മറ്റുള്ളവരിലും പ്രവര്‍ത്തിച്ച് ദൈവത്തിന് മഹത്വവും മനുഷ്യന് ജീവനും സ്നേഹവും നന്മയുമുണ്ടാകുവാനും തക്കവിധം പ്രസാദിക്കുമാറാകട്ടെ.

(ഓര്‍ത്തഡോക്സ് യൂത്ത്, 1985 സെപ്റ്റംബര്‍)