AYODHYA Issue.
Speech by Dr. Paulose Mar Gregorios
Venue: Sophia Centre, Orthodox Theological Seminary, Kottayam.
“അയോദ്ധ്യ”
പ്രഭാഷണം (ചുരുക്കത്തിൽ)
ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ്
സ്ഥലം: സോഫിയ സെന്റർ, ഓർത്തഡോൿസ് തിയളോജിക്കൽ സെമിനാരി
കോട്ടയം.
അയോദ്ധ്യ ഒരു മത വിഷയമല്ല, രാഷ്ട്രീയ വിഷയമാണ് എന്നതാണ് എൻറെ കാഴ്ചപ്പാട്. ഇതൊരു യാദൃശ്ചിക വിഷയമല്ല.
നിലവിലുള്ള ഭരണം അട്ടിമറിക്കുവാൻ ദീർഘകാലമായി നടക്കുന്ന വിവിധ ശ്രമങ്ങളിൽ ഒന്ന് മാത്രമാണ് അയോദ്ധ്യ. വി പി സിംഗ്, ചന്ദ്രശേഖർ ഒക്കെ പരാജയപ്പെട്ടു. എന്നാൽ, ഭരണം പിടിച്ചെടുക്കുകയും, നിലനിൽക്കുന്ന ഭരണം സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള ദീർഘകാല പദ്ധതിയുടെ / ഗൂഢാലോചനയുടെ ഒരു ഭാഗമാണ്.അയോദ്ധ്യ എന്ന പൊളിറ്റിക്കൽ പ്ലാനിംഗ്.
യഹൂദരെപ്പോലെ, ഹിന്ദുരാജ്യം ‘ഹിന്ദുസ്ഥാൻ’ എന്നത് വേണം, ഹിന്ദുക്കളൊഴികെ മറ്റുള്ളവരെ രണ്ടാംകിട പൗരന്മാരാക്കി, ഹൈന്ദവരെ മുന്നിൽ കൊണ്ടുവന്ന്, ‘ഹിന്ദുത്വം’ സ്വീകരിക്കുന്നവർ മാത്രം അധിവസിക്കുന്ന രാജ്യം ആണ് അവരുടെ – 10 ലക്ഷത്തിൽ അധികം വരുന്ന സ്വാമിമാരുടെ – എന്നാൽ രാജ്യ ഭരണം സംബന്ധിച്ചു ഒരു വിവരവും ഇല്ലാത്ത, കടുത്ത ഹിന്ദുത്വവാദികളുടെ, ലക്‌ഷ്യം.
ഭൂരിഭാഗം ഹൈന്ദവർ ഈ ആശയത്തെ എതിർക്കും എന്നായിരുന്നു എൻറെ വിചാരം. എന്നാൽ, അത് അങ്ങനെ അല്ല, ഒരു ഹൈന്ദവാധിപത്യ ഭൂരിപക്ഷ രാഷ്ട്ര ഭരണത്തിനുള്ള സാധ്യത ഭാരതത്തിൽ നിലനിൽക്കുന്നു എന്നതാണ് യാഥാർഥ്യം എന്ന് എനിക്ക് ബോദ്ധ്യമായി.
ഹിമവൽ-ദക്ഷിണ സമുന്ദ്ര സംരക്ഷിത സന്താനങ്ങളായ “ഭാരതീയൻ” ആയാൽ പോരാ, ‘ഹൈന്ദവൻ’ തന്നെ ആകണം എന്നതാണ് സ്വാമിമാരുടെ ആവശ്യം. .
നെഹ്രുവിന്റെ സെക്കുലറിസം തെറ്റാണ്, ഹൈന്ദവ ആധിപത്യ സര്ക്കാർ രൂപീകരിച്ചു ഭരിക്കുക എന്നതാണ് തന്ത്രം. അതിനു പാവപ്പെട്ട ഹൈന്ദവരെ ഉപയോഗിച്ചു എന്ന് മാത്രം. സർവർക്കാർ , ഗോഡ്‌സെ, ഗോൾവാൾക്കർ തുടങ്ങിയവരിൽ നിന്ന് 1947 മുതൽക്കെങ്കിലും ഉടലെടുത്ത ഫാഷിസ്റ് തീവ്രവാദം എന്ന് പറയാം. .
മുസ്ലിം ഭൂരിപക്ഷ ജില്ല ആയ ഫൈസബാദിലെ രാമജന്മ ഭൂമി ആണ് “അയോദ്ധ്യഉദ്യമം”, ഇത് പരാജയപ്പെട്ടാൽ കൃഷ്ണജന്മ ഭൂമിയായ മഥുര യിലുള്ള മുസ്ലിം ദേവാലയം , ബനാറസ് വലിയ ക്ഷേത്രത്തോട് ചേർന്നുള്ള മുസ്ലിം ദേവാലയം എന്നിവകൾ കൂടി പൊളിച്ച് മത വികാരം ഇളക്കി ഇത് സാധ്യമാക്കുക എന്നതാണ് പിന്നിലുള്ള ദീർഘകാല തന്ത്രം.
ഇതല്ലാതെ, രാമജൻമഭൂമി ഏറ്റെടുത്തു പവിത്രീകരിക്കുന്നതൊന്നും അവരുടെ വൈകാരിക ലക്ഷ്യമല്ല. അഡ്‌വാനി എനിക്ക് വളരെ അടുത്ത, വിവരമുള്ള ആളാണെങ്കിലും, ഭൂരിപക്ഷ രാഷ്ട്രീയ ഇച്ഛകൾക്കു വിധേയനാണ്. അദ്ദേഹത്തിൻറെ ‘രഥയാത്ര’ ഈ ഹൈന്ദവ വികാരം വലിയ തോതിൽ ഏകോപിപ്പിക്കുന്നതിന് സഹായിച്ചു എന്ന് വേണം പറയുവാൻ.
ഭൂരിപക്ഷം വലിയ ശക്തി ഉപയോഗിച്ച് ന്യുനപക്ഷത്തെ അടിച്ചമർത്തുന്ന ഭരണ സംവിധാനമാണ് “ഫാഷിസം”. ജനാധിപത്യത്തിന് നേരെ വിപരീതം. ഇതിൽ, മതവൽക്കരണം സുപ്രധാനമാണ്. നിർബന്ധമായും ഫാഷിസ്റ്റ് മതത്തിൽ ന്യുനപക്ഷങ്ങൾ ചേരേണ്ടതുണ്ട്. ഇല്ലാത്തവരെ രണ്ടാം കിട പൗരന്മാരായി താഴ്ത്തി അമർച്ച ചെയ്യും.
ഈ താൽപ്പര്യം, മുൻപ് പറഞ്ഞപോലെ, ഗാന്ധിജിയെ കൊന്നുകളഞ്ഞ നാഥുറാം ഗോഡ്‌സെ, ഗോൾവാൾക്കർ , സർവർക്കർ എന്നിവരിൽ തുടങ്ങി, BJP, RSS, VHP, ബജരംഗ്ദൾ ഒക്കെ ഇന്ന് ഏറ്റെടുത്തിരിക്കുന്നു.
ഹൈന്ദവവൽക്കരണം എന്ന സ്വകാര്യ അജണ്ട ഹിന്ദുവിനും, ഇസ്‌ലാമിനെക്കുറിച്ചു അവർക്കുള്ള പ്രധാന ആശങ്കയായ മുസ്ലിമിൻറെ ഭാരതത്തിനു പുറത്തേക്കു നീളുന്ന വംശീയ കൂറും പരിപൂർണ്ണമായും തള്ളിക്കളയുവാൻ, ഇരുപക്ഷത്തെയും പ്രമുഖരോട് നേരിട്ട്ചോദിച്ചതിൽ, അവർ തയ്യാറാകുന്നില്ല എന്നതാണ് ഞാൻ മനസ്സിലാക്കിയ പരമാർത്ഥം.
ബാബറി മസ്ജിദ് പൊളിക്കുമ്പോൾ, ഞാൻ മാൾട്ടയിൽ ആണ്. അവിടുത്തെ പരിപാടികൾ ചുരുക്കി, രണ്ടു ദിവസം കഴിഞ്ഞു ദില്ലിയിൽ തിരികെ എത്തി. ദില്ലി ആകെ കലുഷിതമായിരുന്നു. മുസ്ലിം, ഹിന്ദു പണ്ഡിതന്മാരെയും എല്ലാ പത്രക്കാരെയും വിളിച്ചു കൂട്ടി ഒരു അടിയന്തിര സമ്മേളനം ഞാൻ സംഘടിപ്പിച്ചു.
എല്ലാവരും അവരുടെ കാഴ്ചപ്പാടുകൾ പറഞ്ഞു. എൻറെ മറുപടിയിൽ ഞാൻ പറഞ്ഞത്, “ഈ സംഭവത്തെ ‘തെറ്റ്’ എന്ന് വാജ്‌പേയി പറഞ്ഞിട്ടുണ്ട്. ഇത് എല്ലാ പ്രധാന ഹൈന്ദവ നേതാക്കളും ഏറ്റു പറഞ്ഞാൽ, മുസ്ലിം നേതാക്കളും ഈ വിശാല കാഴ്ചപ്പാടിലേക്കു വരാൻ നിർബന്ധിതരാകും, സമാധാനം സ്ഥാപിതമാകും” എന്നത്രെ.
എല്ലാവരും അത് കൈയ്യടിച്ചു സ്വീകരിച്ചു . എന്നാൽ , ഒരു സന്യാസി ചാടി എൻറെ അടുക്കലേക്കു വന്നു “അത് സാധ്യമല്ല” എന്ന് ആക്രോശിച്ചു; ഞാൻ പത്രസമ്മേളനം പിരിച്ചു വിട്ടു!
ഇത് ഫാഷിസത്തിന്റെ നല്ല ഉദാഹരണമാണ്; ബലഹീനനെ സംഖ്യാ ബലമുള്ള മതസ്ഥർ അടിച്ചു അമർത്തുന്നു. നെഹ്രുവിന്റെ സെക്യൂലറിസത്തിൽ, ഇത് സാദ്ധ്യമല്ല.