അച്ചടിച്ചു പ്രസിദ്ധം ചെയ്യുന്ന കൃതികളെക്കുറിച്ചല്ലേ പരാമര്‍ശമുള്ളൂ? സ്വന്തം ഉപയോഗത്തിനു വേണ്ടി ഒരാള്‍ മതാധിക്ഷേപപരമായോ അശ്ലീലമായോ കുറെ എഴുതിവച്ചാല്‍ സാധാരണ നിയമം അതിനെ നിയന്ത്രിക്കാന്‍ ശ്രമിക്കാറില്ല. പക്ഷേ പൊതു ഉപയോഗത്തിനായി അച്ചടിച്ചു പ്രസിദ്ധീകരിക്കുന്ന ഒരു കൃതിയില്‍ അശ്ലീലം എഴുതി വയ്ക്കുക എന്നത് അടുത്തകാലം വരെ പൊതുവേ നിഷിദ്ധമായിരുന്നു. ഇന്ന് ഇംഗ്ലീഷ് സാഹിത്യകൃതികളില്‍ പലതിലും കുറെ “ചതുരക്ഷരി”കള്‍ നിരത്തിവയ്ക്കുക എന്നതു ഗ്രന്ഥകര്‍ത്താവ് പ്രായപൂര്‍ത്തിയായ ആള്‍ ആണെന്നുള്ളതിന്‍റെ ഉറപ്പായി കരുതുന്നവരുണ്ട്.
അതുപോലെയല്ല മതബോധത്തെ വ്രണപ്പെടുത്തുന്ന സാഹിത്യം. ആരാധ്യരായ പുരാണ പുരുഷന്മാരെയോ, മതാചാര്യന്മാരെയോ സാഹിത്യത്തില്‍ വിമര്‍ശിച്ചുകൂടാ എന്ന് ഇപ്പറഞ്ഞതിനര്‍ഥമില്ല. ഹൈന്ദവരായ സാഹിത്യകാരികള്‍ തന്നെ ശ്രീരാമന്‍ സീതയോടു കാണിച്ചിട്ടുള്ള മനോഭാവത്തെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ പിന്നെ സല്‍മാന്‍ റുഷ്ദി, മുഹമ്മദ് നബിയെ വിമര്‍ശിച്ചതും ഹൈന്ദവ സ്ത്രീകള്‍ ശ്രീരാമനെ വിമര്‍ശിച്ചതും തമ്മില്‍ തത്ത്വത്തില്‍ എന്താണന്തരം? തത്ത്വത്തില്‍ വ്യത്യാസമില്ലെന്നു തന്നെയാണ് എന്‍റെ പക്ഷം. വ്യത്യാസമുള്ളത് സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളിലാണ്. അതേക്കുറിച്ച് സാഹിത്യകാരന്‍ ബോധവാനാകാതെ നിവൃത്തിയില്ല. സല്‍മാന്‍ റുഷ്ദി നിയമമൊന്നും ലംഘിച്ചെന്നു തോന്നുന്നില്ല. പക്ഷേ അനേകരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തി. അതിനൊരു സാഹിത്യകാരന്നവകാശമുണ്ടോ എന്നാണു ചോദ്യം.
മനുഷ്യമനസിനെ വികാരപരമായി തൊട്ടുണര്‍ത്താന്‍ ഏറ്റവും എളുപ്പമുള്ളവ മതവികാരം, ലൈംഗികവികാരം എന്നിവയാണ്. സല്‍മാന്‍ റുഷ്ദിയുടെ കൃതിയില്‍ ഒരു മതാചാര്യന്‍റെ ലൈംഗികചേതനകളുടെ വര്‍ണനകൊണ്ട് വായനക്കാരെ രസിപ്പിക്കാനുള്ള ഉദ്യമമാണു കണ്ടത്. അങ്ങനെ ചെയ്യുന്നതു മൂലം മതത്തിന്‍റെ സ്വാധീനം തന്നെ ഇല്ലാതാക്കാനുള്ള ഉദ്ദേശ്യം കൂടെയുണ്ടായിരുന്നോ എന്നു പല മുസ്ലീംകളും ബലമായി സംശയിച്ചതുകൊണ്ടു കൂടെയാണ് അവര്‍ ഇത്രയധികം വികാരക്ഷുഭിതരായിത്തീര്‍ന്നതെന്നു തോന്നുന്നു.
സദ്സ്വഭാവത്തിന്‍റെ മകുടോദാഹരണമായി പലരും കരുതുന്ന ശ്രീയേശുവിലും ലൈംഗിക വികാരങ്ങള്‍ വിഭാവനം ചെയ്യുന്നതു വായനക്കാരെ രസിപ്പിക്കാന്‍ മാത്രമാണോ? അല്ലെങ്കില്‍ യേശു ഭഗവാന്‍റെ മനുഷ്യത്വം തെളിയിക്കാന്‍ വേണ്ടിയാണോ?
ലോകത്തില്‍ ഇന്ന് എല്ലാ സമൂഹങ്ങളും അത്യധികമായ അക്രമാസക്തിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ അക്രമാസക്തിയുടെ പിറകില്‍ പല കാരണങ്ങളുമുണ്ട്. സമൂഹത്തില്‍ അക്രമാസക്തി ആദി മുതലേയുള്ളതുകൊണ്ടാണല്ലോ കൊലയും കൊള്ളയും കുരിശു യുദ്ധവും അല്ലാത്ത യുദ്ധവുമൊക്കെ ചിരകാലമായി നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ അടുത്തകാലത്ത് സാഹിത്യം ഈ അക്രമാസക്തി വളര്‍ത്തിയെടുക്കുന്നതിനു സഹായിച്ചിട്ടുണ്ടോ എന്നു ചിന്തിക്കുന്നതു നല്ലതാണ്.
അക്രമം
യുദ്ധസാമഗ്രികളുടെ രൂപത്തിലുള്ള കളിക്കോപ്പുകള്‍ കുട്ടികള്‍ക്കു കൊച്ചുന്നാളിലേ കൊടുക്കുന്നതും പാശ്ചാത്യ രാജ്യങ്ങളിലെ ടെലിവിഷനില്‍, അക്രമ ചിത്രങ്ങള്‍ സദാ കണ്ടുകൊണ്ടിരിക്കുന്നതുമൊക്കെ ഇക്കൂട്ടത്തില്‍പെട്ടതാണ്. പക്ഷേ സാഹിത്യവും അക്രമാസക്തി വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നുണ്ടോ എന്നുള്ളതു സാഹിത്യകാരന്‍ അവധാനപൂര്‍വം ചിന്തിക്കേണ്ട വിഷയമല്ലേ? ഇക്കാര്യത്തില്‍ നിയമനിരോധം കൊണ്ടു വലിയ പ്രയോജനമുണ്ടാവുമോ എന്നു സംശയമാണ്. സാഹിത്യത്തിന്‍റെ സ്വാധീനവും ശക്തിയും സാഹിത്യകാരന്‍ തന്നെ വിലയിരുത്തി ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കുകയേ മാര്‍ഗ്ഗമുള്ളൂ.
അച്ചടിയുടെയും സാക്ഷരതയുടെയും പ്രചാരം വര്‍ധിക്കുന്നതോടെയാണു സാഹിത്യകാരന്‍റെ സ്വാധീനവും വിപുലമായിത്തീരുന്നത്. ചിന്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കാനും സ്വാധീനിക്കാനും തുടങ്ങിയിട്ടു വളരെക്കാലമൊന്നുമായില്ല. പതിനെട്ടാം ശതാബ്ദത്തിലെ ഫ്രഞ്ച് വിപ്ലവത്തിലാണു ചിന്തകര്‍ക്കും എഴുത്തുകാര്‍ക്കും സമൂഹത്തിലുള്ള സ്വാധീനം സാമാന്യം വിപുലമായിത്തീര്‍ന്നതെന്നു തോന്നുന്നു. മനുഷ്യയുക്തിയെ സിംഹാസനത്തില്‍ അവരോധിച്ച ആ വിപ്ലവം വളരെയധികം സാഹിത്യത്തെ ഉത്പാദിപ്പിച്ചു; ആ സാഹിത്യം പുതിയ സമൂഹങ്ങളെ കരുപ്പിടിക്കാന്‍ പരമാവധി ശ്രമിച്ചു. കുറെയൊക്കെ സാധിച്ചു.
എന്നാല്‍ സാഹിത്യത്തിന് സമൂഹത്തെ പൂര്‍ണമായി കരുപ്പിടിക്കാന്‍ സാധിക്കണമെന്ന വാദം ആദ്യം വ്യക്തമായി അവതരിപ്പിച്ചത് ഷെല്ലിയുടെ 1821-ലെ A Defence of Poetry എന്ന ഉപന്യാസമാണ്. “കവികള്‍ ലോകത്തിന്‍റെ അംഗീകരിക്കപ്പെടാത്ത നിയമനിര്‍മാതാക്കള്‍ ആണ്” (Poets are the unacknowledged legislators of the world) എന്നദ്ദേഹം വാദിച്ചു. സമൂഹത്തിനു വഴികാണിച്ചു കൊടുക്കേണ്ടതു മതങ്ങളുടെ ചുമതലയായിരുന്നു. അവരതില്‍ പരാജയപ്പെട്ടു. ഇപ്പോള്‍ ആ ചുമതല സാഹിത്യത്തിന്‍റെ ചുമലില്‍ വന്നു വീണിരിക്കുന്നു. സമൂഹത്തിനു വഴി കാണിക്കുകയെന്നതു ശാസ്ത്രത്തിന്‍റെ പരിധിയില്‍ പെട്ടതല്ല. സാഹിത്യത്തിനേ അതു സാധിക്കൂ. യുക്തിക്കും അതു സാധ്യമല്ല. യുക്തി സമൂഹത്തെ കരുപ്പിടിക്കാന്‍ ശ്രമിക്കുമ്പോഴാണു ഫ്രഞ്ച് വിപ്ലവത്തിനു ശേഷമുണ്ടായപോലെയുള്ള അക്രമാസക്തിയും ഭീകരതയും നടമാടാനിടയാകുന്നത്. സാന്മാര്‍ഗികതയുടെ പുരോഗതി യുക്തിയെയല്ല, ഭാവനാധിഷ്ഠിതമായ സാഹിത്യത്തെ ആശ്രയിച്ചാണു നടക്കുന്നത്. സാഹിത്യം, ഭാവന, സ്വാതന്ത്ര്യം; സകല സംസ്കാരവും നാഗരികതയും ഈ മൂന്നു തൂണുകളിന്മേലാണു നിലകൊള്ളുന്നത് എന്നിങ്ങനെ ഷെല്ലി വാദിച്ചു.
ഷെല്ലിയുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ വാദം ഇന്നത്രതന്നെ വിലപ്പോകയില്ല എന്നു തോന്നുന്നു. എന്നാല്‍ സാഹിത്യകാരനു സമൂഹത്തിന്മേലുള്ള സ്വാധീനശക്തി വളരെ വലിയതാണ്. സമൂഹത്തിന്‍റെ സമ്മര്‍ദത്തെ ചെറുത്ത് വ്യക്തി തന്‍റെ സ്വന്ത ഇഷ്ടപ്രകാരം ജീവിക്കുന്നതിലാണ് വ്യക്തിയുടെ സ്വാതന്ത്ര്യമെന്ന് പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇബ്സന്‍ തന്‍റെ നാടകങ്ങളിലൂടെ വാദിച്ചത് ഇന്നു പലര്‍ക്കും ഒരു നിയമമായിത്തീര്‍ന്നിരിക്കുന്നു. അതിന്‍റെ പിന്‍തുടര്‍ച്ചയായി സാഹിത്യത്തില്‍ കൂടെയാണു പഴയ സാന്മാര്‍ഗികതയുടെ സ്ഥാനത്ത് “പെര്‍മിസ്സിസ് സൊസൈറ്റി”യുടെ പുതിയ സാന്മാര്‍ഗികത ഭാരതത്തിലും ഉടലെടുത്തിരിക്കുന്നത്.
അക്രമാധിഷ്ഠിതമായ ഒരു സമൂഹത്തില്‍ അക്രമത്തെ അക്രമം കൊണ്ടു തന്നെ നേരിടണമെന്നും, അങ്ങനെയുള്ള സമൂഹത്തില്‍ വ്യക്തിയുടെ അക്രമാസക്തി നീതികരിക്കത്തക്കതാണെന്നും മറ്റുമുള്ള കെന്നത്ത് റ്റയ്നന്‍റേയും നോര്‍മന്‍ മെയ്ലറിന്‍റെയും ആശയങ്ങള്‍ സാഹിത്യത്തില്‍ ക്കൂടിയാണ് ലോകത്തിലെങ്ങും പ്രചരിച്ചുവരുന്നത്.
ഉത്തരവാദിത്വം
സാഹിത്യകാരനു സാധ്വീനശക്തിയുണ്ട്. അതോടൊപ്പം ഉത്തരവാദിത്വ ബോധവുമില്ലെങ്കില്‍ സാഹിത്യം സമൂഹത്തിനു വലിയ ദോഷം ചെയ്യും. പക്ഷേ സാഹിത്യത്തില്‍ അശ്ലീലത്തിനും മതാധിക്ഷേപത്തിനും അക്രമാസക്തിക്കും പരിധി നിര്‍ണയിക്കുന്നതു നിയമം കൊണ്ടായിരിക്കരുത്; പ്രത്യുത ഗ്രന്ഥകാരന്‍റെയും പ്രസാധകന്‍റെയും സമൂഹത്തോടുള്ള ഉത്തരവാദിത്വബോധം കൊണ്ടായിരിക്കണമെന്നു മാത്രം. സര്‍ക്കാരിനു ചുമതലയൊന്നുമില്ലെന്നു പറയുന്നില്ല. പക്ഷേ ഇങ്ങനെയുള്ള കാര്യങ്ങള്‍ എഴുത്തുകാരുടെ സംഘടനകളും പ്രസിദ്ധീകരണശാലകളുടെ സംഘടനകളും ഒരുമിച്ചുചേര്‍ന്നു തങ്ങള്‍ തന്നെ നിര്‍ണയിക്കുന്ന ഒരു മാനദണ്ഡം കൊണ്ടു സ്വയം നിയന്ത്രിക്കുന്നതാണ് അഭികാമ്യം. സര്‍ക്കാരിന്‍റെ കൈയില്‍ ഇതു കൊടുത്താല്‍ സാഹിത്യവും രാഷ്ട്രീയത്തിന്‍റെ അടിമയായിത്തീരാന്‍ വഴിയുണ്ട്.
അശ്ലീല സാഹിത്യ പ്രചാരണം, അക്രമ പ്രോല്‍സാഹനം, മതാധിക്ഷേപം ഇതൊക്കെ തമ്മില്‍ അടിസ്ഥാനപരമായി ബന്ധമുണ്ട്. മനുഷ്യസ്വാതന്ത്ര്യമെന്ന അനര്‍ഘമായ മൂല്യത്തെ സംരക്ഷിക്കണമെങ്കില്‍ അതോടൊപ്പം തന്നെ ധാര്‍മ്മികദര്‍ശനവും സമൂഹത്തോടുള്ള ഉത്തരവാദിത്വവും കൂടി വളര്‍ത്തിയെടുക്കാതെ രക്ഷയില്ല.
(ഭാഷാപോഷിണി, 1992 ഡിസംബര്‍-1993 ജനുവരി