അഞ്ചാം തൂബ്ദേനിലെ പരിശുദ്ധ പിതാക്കന്മാര്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

pmg_1

ശ്ലൈഹികവും ന്യൂനതയില്ലാത്തതുമായ സത്യേകവിശ്വാസത്തെ സംരക്ഷിച്ച് നമുക്കേല്പിച്ചു തന്നിട്ടുള്ള പിതാക്കന്മാരെയാണ് അഞ്ചാം തൂബ്ദേനില്‍ നാം അനുസ്മരിക്കുന്നത്. ഇവരുടെ പേരുകള്‍ എല്ലാ കുര്‍ബാനയിലും നാം കേള്‍ക്കാറുണ്ടെങ്കിലും അവരെക്കുറിച്ച് വ്യക്തിപരമായി നമ്മില്‍ പലര്‍ക്കും വളരെയൊന്നും അറിവില്ല. അവരില്‍ ചിലരെപ്പറ്റി ചുരുങ്ങിയ ഒരു വിവരണം താഴെ കൊടുക്കുന്നു:- നിഖ്യാ സുന്നഹദോസിലും (ക്രിസ്താബ്ദം 365-ാമാണ്ട്) എഫേസോസ് സുന്നഹദോസിലും (381) കുസ്തന്തീനോപോലീസ് സുന്നഹദോസിലും (431) വച്ചാണ് ഇന്നു നാം ഏറ്റുപറയുന്ന വിശ്വാസപ്രമാണം രൂപംകൊണ്ടത്. നിഖ്യാ വിശ്വാസപ്രമാണമെന്നു പറയുന്നുണ്ടെങ്കിലും അതിന്‍റെ ചില ഭാഗങ്ങള്‍ (പ്രത്യേകിച്ചും പരിശുദ്ധറൂഹായേയും മാമോദീസായേയും മറ്റും കുറിച്ചുള്ള ഭാഗങ്ങള്‍) രൂപംകൊണ്ടത് നിഖ്യാ സുന്നഹദോസിനു 96 വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായ കുസ്തന്തീനോപോലീസ് സുന്നഹദോസില്‍ വച്ചായിരുന്നു. ഈ മൂന്നു സുന്നഹദോസുകളിലേയും പിതാക്കന്മാരെ പൊതുവായി ഏറ്റുപറഞ്ഞതിനുശേഷം ആദ്യകാലം മുതല്‍ ഏഴാം ശതാബ്ദം വരെയുണ്ടായിട്ടുള്ള ചില പ്രധാന മല്പാന്മാരെ പ്രത്യേകമായി ഓര്‍ക്കുകയാണ് നാം ചെയ്യുന്നത്.

1. വി. യാക്കോബ് (64-ല്‍ അന്തരിച്ചു)

നമ്മുടെ കര്‍ത്താവിന്‍റെ കാലശേഷം ഊര്‍ശ്ലേം മെത്രാപ്പോലീത്തായായിരുന്ന വി. യാക്കോബിനെക്കുറിച്ചു നാം അപ്പൊസ്തോല പ്രവൃത്തികളില്‍ വായിക്കുന്നു. ഇദ്ദേഹം പന്തിരുവരില്‍ ഒരാളായിരുന്നില്ലെങ്കിലും ശ്ലീഹാ എന്ന് തന്നെ സംബോധനം ചെയ്യുന്നു. നമ്മുടെ കര്‍ത്താവിന്‍റെ “സഹോദരന്‍” എന്നു വിളിക്കപ്പെടുന്ന ഈ ആദ്യ മെത്രാപ്പോലീത്താ, സഭയുടെ ആദ്യത്തെ രക്തസാക്ഷികളിലൊരാളായിരുന്നു. 62-ാമാണ്ടില്‍ സന്നിദ്രിംസംഘത്തിന്‍റെ തീരുമാനപ്രകാരം അദ്ദേഹം വധിയ്ക്കപ്പെട്ടു. ഭക്തനും സന്യാസിയും പണ്ഡിതനുമായ അദ്ദേഹത്തിന്‍റെ കാല്‍മുട്ടുകള്‍ ഒട്ടകത്തിന്‍റേതുപോലെ ഉറച്ചതായിരുന്നുവെന്ന് ഹെഗസിപ്പസ് പറയുന്നു (അപ്പൊസ്തലപ്രവൃത്തികള്‍ 12:17; 15:13; ഗലാത്യലേഖനം 1:19; 2:12 മുതലായവ നോക്കുക).

ശ്ലീഹന്മാരെ പൊതുവേയും പത്രോസിനേയും പൗലോസിനേയും പ്രത്യേകമായും നാലാം തൂബ്ദേനില്‍ ഓര്‍ത്തുകഴിഞ്ഞു. അഞ്ചാം തൂബ്ദേനില്‍ ഇദ്ദേഹത്തിന്‍റെ കാര്യം പ്രത്യേകം എടുത്തുപറയുന്നതിനുള്ള കാരണം, സുറിയാനി സഭയുടെ പാരമ്പര്യം പ്രത്യേകമായും യെറുശലേമിലെ സഭയുടെ പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയായതുകൊണ്ടായിരിക്കണം. നാം ഉപയോഗിക്കുന്ന യാക്കോബിന്‍റെ ക്രമത്തിന്‍റെയും ജനയിതാവ് ഈ പിതാവാണല്ലോ.

2. മാര്‍ ഇഗ്നാത്യോസ് നൂറോനോ (ക്രിസ്താബ്ദം 35-107)

അന്ത്യോഖ്യയിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ മെത്രാപ്പോലീത്തായായ മാര്‍ ഇഗ്നാത്യോസ് അപ്പൊസ്തലന്മാരുടെ ശിഷ്യരില്‍ ഒരുവനായിരുന്നു. സുറിയാനിസഭയുടെ പാരമ്പര്യം ഊര്‍ശ്ലേമില്‍ നിന്നും ആരംഭിച്ച് അന്ത്യോഖ്യായിലേക്കു മാറിയത് ഏതാണ്ട് 45-ാം വര്‍ഷത്തിനു ശേഷമാണ്. അന്ത്യോഖ്യായില്‍ ആ പാരമ്പര്യത്തിന്‍റെ ജനയിതാക്കള്‍ അപ്പൊസ്തലന്മാരായ പത്രോസും പൗലോസും യൂഹാനോനും അവരുടെ ശിഷ്യരായ ബര്‍ന്നബാസും ശിമയോനും മറ്റുമായിരുന്നു (അ. പ്ര. 13:1). അന്ത്യോഖ്യായില്‍ നിന്നുമാണ് സുവിശേഷ പ്രഖ്യാപനത്തിനായി വി. പൗലോസും മറ്റു ശ്ലീഹന്മാരും ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കു യാത്ര പുറപ്പെട്ടത്.

അങ്ങനെ അപ്പൊസ്തോലിക കേന്ദ്രമായിരുന്ന അന്ത്യോഖ്യായില്‍ ശ്ലീഹന്മാരോടൊരുമിച്ചു വളര്‍ന്നുവന്ന ഒരു ബാലനായിരുന്നു അഗ്നിമയനായ മാര്‍ ഇഗ്നാത്യോസ്. ക്രിസ്താബ്ദം 45-ാമാണ്ടിലാണ് സഭയുടെ കേന്ദ്രം അന്ത്യോഖ്യായിലേക്കു മാറ്റിയതെങ്കില്‍ അന്നദ്ദേഹം പത്തു വയസ്സുള്ള ഒരു ബാലനായിരുന്നു. ശ്ലീഹന്മാര്‍ പലസ്തീന്‍കാരായ യഹൂദന്മാരായിരുന്നു. മാര്‍ ഇഗ്നാത്തിയോസ് സുറിയാനിക്കാരനായിരുന്നു. അദ്ദേഹത്തിന്‍റെ മാതൃഭാഷ സുറിയാനിയായിരുന്നു. ഏതാണ്ട് 69-ാമാണ്ടിലാണ് അദ്ദേഹം അന്ത്യോഖ്യായിലെ മെത്രാനാകുന്നത്. ഏതാണ്ട് 106-ാമാണ്ടില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് റോമില്‍ കൊണ്ടുപോയി അവിടെയുള്ള കൊലോസ്യത്തില്‍ വച്ച് വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കപ്പെട്ട് രക്തസാക്ഷിമരണം പ്രാപിച്ചു.

സഭയില്‍ മെത്രാപ്പോലീത്തായ്ക്കുള്ള സ്ഥാനം, പരിശുദ്ധ കുര്‍ബ്ബാനയുടെ ഔന്നത്യം എന്നീ രണ്ടു കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ ലേഖനങ്ങളില്‍ നിന്നു നമുക്കു പ്രത്യേകം പഠിക്കുവാന്‍ സാധിക്കുന്നുണ്ട്.

3. മാര്‍ ക്ലീമീസ് (ഒന്നാം ശതാബ്ദം)

ഇംഗ്ലീഷില്‍ ക്ലെമന്‍റ് എന്ന പേരിലറിയപ്പെടുന്ന ഈ പിതാവ് ആദിമശതാബ്ദത്തിന്‍റെ അവസാനത്തില്‍ റോമിലെ മെത്രാപ്പോലീത്തായായിരുന്നു (ക്രിസ്താബ്ദം 96). മാര്‍ ഇഗ്നാത്യോസിനെപ്പോലെ അദ്ദേഹവും വി. പത്രോസിന്‍റെ രണ്ടാം പിന്‍ഗാമിയായിരുന്നു. ആദിമസഭയില്‍ ആചാര്യത്വത്തേയും കൂദാശകളേയും പറ്റി അപ്പൊസ്തലന്മാര്‍ പഠിപ്പിച്ചിട്ടുള്ളത് മാര്‍ ഇഗ്നാത്യോസിന്‍റെയും മാര്‍ ക്ലീമിസിന്‍റെയും ലേഖനങ്ങളില്‍ നിന്നാണ് നാം മനസ്സിലാക്കുന്നത്.

4. അലക്സന്ത്ര്യായിലെ മാര്‍ ദീവന്നാസ്യോസ് (264-ല്‍ അന്തരിച്ചു)

ഊര്‍ശ്ലേം, അന്ത്യോഖ്യാ, റോം, അലക്സന്ത്ര്യാ – ഇവ നാലുമായിരുന്നു ആദിമസഭയിലെ പ്രധാന കേന്ദ്രങ്ങള്‍. നാലു സഭയിലേയും പാരമ്പര്യം ആദിയില്‍ ഒന്നായിരുന്നു. ആ പാരമ്പര്യമാണ് ഇന്നും സത്യവിശ്വാസത്തിന്‍റെ അടിസ്ഥാനം.

അലക്സന്ത്ര്യായിലെ സുപ്രസിദ്ധമായ ക്രിസ്തീയ വിദ്യാലയത്തിന്‍റെ തലവനും പിന്നീടു മെത്രാപ്പോലീത്തായുമായിത്തീര്‍ന്ന ഈ പരിശുദ്ധ പണ്ഡിതനില്‍ നിന്നു പലതും നമുക്ക് പഠിക്കുവാനുണ്ട്. പാപത്തില്‍ വീണു മുടക്കപ്പെട്ട ക്രിസ്ത്യാനികള്‍ക്കു പശ്ചാത്താപമുണ്ടെങ്കില്‍ അവര്‍ക്കു മോചനം കൊടുത്തു അവരെ തിരികെയെടുക്കുന്ന കാര്യവും, വേദവിപരീതികള്‍ മാമോദീസാ മുക്കിയവരെ സത്യസഭയിലേക്കു വരുമ്പോള്‍ വീണ്ടും മാമ്മോദീസാ മുക്കേണ്ടുന്നയാവശ്യമില്ല എന്നതും ഇദ്ദേഹമാണ് സ്ഥാപിച്ചത്. അന്നു റോമ്മായിലെ മെത്രാപ്പോലീത്തായായിരുന്ന മറ്റേ ദീവന്നാസ്യോസ് വിശ്വാസകാര്യങ്ങളില്‍ തനിക്കു പരമാധികാരമുണ്ടെന്ന് അവകാശപ്പെടാന്‍ തുടങ്ങിയപ്പോള്‍ അതിനെ ചോദ്യം ചെയ്തതും ഇദ്ദേഹമാണ്.

5. അലക്സന്ത്ര്യായിലെ വലിയ മാര്‍ അത്താനാസ്യോസ് (296-373)

നിഖ്യാ സുന്നഹദോസില്‍ അലക്സന്ത്ര്യാ പാത്രിയര്‍ക്കീസിന്‍റെ സെക്രട്ടറിയായി സംബന്ധിച്ച അത്താനാസ്യോസ് ശെമ്മാശ്ശന്‍ മൂന്നു വര്‍ഷങ്ങളള്‍ക്കുശേഷം മെത്രാപ്പോലീത്തായായി ഉയര്‍ത്തപ്പെട്ടു. അറിയൂസിന്‍റെ വേദവിപരീതത്തിന്നെതിരായുള്ള സമരത്തിന്‍റെ നേതാവായിരുന്നു ഇദ്ദേഹം. ചക്രവര്‍ത്തിമാരേയും അനേകം വേദവിപരീതികളായ മെത്രാന്മാരേയും ഭയപ്പെടാതെ സുധീരമായ ഒരു സമരം മൂലം ക്രിസ്തുവിന്‍റെ ദൈവത്വത്തിലുള്ള സത്യവിശ്വാസത്തെ സംരക്ഷിച്ച ഈ പിതാവ് സഭയുടെ ഒരു നടുത്തൂണാണ്.

6. റോമിലെ മാര്‍ യൂലിയോസ് (352-ല്‍ അന്തരിച്ചു).

മാര്‍ അത്താനാസ്യോസിന്‍റെ സ്നേഹിതനായിരുന്ന ഈ പുണ്യവാന്‍ അറിയൂസിന്‍റെ വേദവിപരീതക്കാര്‍ മാര്‍ അത്താനാസ്യോസിനെ പീഡിപ്പിച്ചയവസരത്തില്‍ അദ്ദേഹത്തിനു താങ്ങും തണലുമായി നിന്നു. അക്കാലത്തു റോമ്മാസഭയും മറ്റു സഭകളെല്ലാം ഒന്നായിരുന്നു. അദ്ദേഹത്തിന്‍റെ വകയായ ഒരു കുര്‍ബ്ബാനക്രമം നമ്മുടെ തക്സായിലുണ്ട്.

7. കൈസറിയായിലെ വലിയ മാര്‍ ബാസേലിയോസ് (330-379)

പണ്ഡിതാഗ്രേസരനും താപസവര്യനുമായ ഈ മഹാപിതാവ് സഭയുടെ അഭിമാനസ്തംഭം തന്നെയാണ്. തന്‍റെ സമകാലീനരില്‍ വച്ച് ഏറ്റവും അഭ്യസ്തവിദ്യനായിരുന്നു അദ്ദേഹം. സഭയില്‍ സന്യാസമഠങ്ങള്‍ക്ക് മാതൃകയായ ആദ്യത്തെ ദയറാ സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ത്രിത്വവിശ്വാസത്തെ പണ്ഡിതോചിതമായ രീതിയില്‍ അടിയുറപ്പിച്ചതും അദ്ദേഹം തന്നെ. ചക്രവര്‍ത്തിമാരോടു പോലും നേരിട്ടെതിര്‍ത്തു നിന്ന് അറിയൂസിന്‍റെ വേദവിപരീതത്തില്‍ നിന്നു സഭയെ രക്ഷിച്ചതദ്ദേഹമായിരുന്നു.

8. മാര്‍ ഗ്രീഗോറിയോസ്

സമകാലീനന്മാരും വിസ്വാസ സംരക്ഷണത്തില്‍ പ്രധാനപങ്കു വഹിച്ചിട്ടുള്ളവരുമായ മാര്‍ ഗ്രീഗോറിയോസുമാര്‍ രണ്ടു പേരുണ്ട്. തൂബ്ദേനില്‍ ഒരു കാലത്ത് “മാര്‍ ബാസേലിയോസും മാര്‍ ഗ്രീഗോറിയോസും മാര്‍ ഗ്രീഗോറിയോസും” എന്നുണ്ടായിരുന്നില്ലേയെന്നു ഞാന്‍ സംശയിക്കുന്നു. മാര്‍ ബാസേലിയോസിന്‍റെ സഹപാഠിയും സ്നേഹിതനുമായിരുന്ന നാസിയാന്‍സിലെ മാര്‍ ഗ്രീഗോറിയോസിനേയും (329-389), മാര്‍ ബാസേലിയോസിന്‍റെ ഇളയ സഹോദരനായിരുന്ന നിസ്സായിലെ മാര്‍ ഗ്രീഗോറിയോസിനേയും (330-395) ഒരുപോലെ സഭ ഓര്‍ക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. പണ്ഡിതാഗ്രേസരരായ മൂന്നു കപ്പദോക്യന്‍ പിതാക്കന്മാരേയും (ബാസേലിയോസ്, ഗ്രീഗോറിയോസ്, ഗ്രീഗോറിയോസ്) വിശ്വാസസംരക്ഷകന്മാരായി നാം ഓര്‍ക്കണം.

9. ദീയസ്ക്കോറോസ് (454-ല്‍ അന്തരിച്ചു)

അലക്സന്ത്ര്യാ പാത്രിയര്‍ക്കീസായി സുപ്രസിദ്ധനായ മാര്‍ കൂറിലോസിന്‍റെ അനന്തിരവനും പിന്‍ഗാമിയുമായ ഇദ്ദേഹം ഇരുസ്വഭാവവിശ്വാസിയായ റോമ്മാ പാപ്പാ ലേയോനുമായി സത്യവിശ്വാസത്തിനു വേണ്ടി സമരം ചെയ്തു. പാശ്ചാത്യസഭക്കാരും ഗ്രീക്കുകാരും ഇദ്ദേഹത്തെ മുടക്കപ്പെട്ടവനായി കരുതുന്നു. 449-ലെ എഫേസൂസ് സമ്മേളനത്തില്‍ ആദ്ധ്യക്ഷം വഹിച്ചു.

10. അലക്സന്ത്ര്യായിലെ മാര്‍ തീമോത്തിയോസ് (477-ല്‍ അന്തരിച്ചു)

ഇരുസ്വഭാവവിശ്വാസത്തിനെതിരായി സമരം ചെയ്ത ഈ പിതാവ് ചക്രവര്‍ത്തിയുടെ വിശ്വാസം (ഇരുസ്വഭാവവിശ്വാസം) സ്വീകരിക്കായ്കയാല്‍ നാടുകടത്തപ്പെട്ടു. എവുത്തിക്കോസിന്‍റെയും ലെയോന്‍റെയും വേദവിപരീതങ്ങള്‍ക്കെതിരായി പല പുസ്തകങ്ങളുമെഴുതി.

11. മാബൂഗിലെ മാര്‍ ഫീലക്സിനോസ് (440-523)

പണ്ഡിതനായ ഈ സുറിയാനി പിതാവ് ദൈവം എങ്ങനെ മനുഷ്യനായിത്തീര്‍ന്നു എന്ന വിഷയത്തെക്കുറിച്ചും തന്‍റെ ദൈവത്വവും മനുഷ്യത്വവും പൂര്‍ണ്ണമായിട്ടുള്ള ഏക സ്വഭാവത്തെക്കുറിച്ചും പ്രഗത്ഭങ്ങളായ ഗ്രന്ഥങ്ങള്‍ രചിച്ചു.

12. അന്തിമോസ്

457-ാമാണ്ടിനോടടുത്തു ജീവിച്ചിരുന്ന ഈ സന്യാസി പിതാവ് സുപ്രസിദ്ധ ഗായകനായ ഔക്സന്തിയോസിന്‍റെ ശിഷ്യനും നമ്മുടെ സഭയിലെ ആരാധനകളിലെ എക്ബാകള്‍ പലതും എഴുതിയ ആളുമായിരുന്നു. അദ്ദേഹം സന്യാസിയാകുന്നതിനു മുമ്പ് രാജകൊട്ടാരത്തിലെ ഒരുദ്യോഗസ്ഥനായിരുന്നു.

13. സ്വര്‍ണ്ണനാവുകാരന്‍ മാര്‍ ഈയോവാനീസ് (347-407)

സുപ്രസിദ്ധ വാഗ്മിയും കപ്പദോക്യന്‍ പിതാക്കന്മാരുടെ സ്നേഹിതനുമായിരുന്ന ഈ പിതാവ് മാര്‍ ബാസേലിയോസിന്‍റെയും മാര്‍ ഗ്രീഗോറിയോസിന്‍റെയും ഗുരുവായ ലീബാനിയോസ് എന്ന അക്രൈസ്തവനില്‍ നിന്നാണ് തന്‍റെ വാഗ്മിത്വം (ൃവലീൃശേര) അഭ്യസിച്ചത്. 386-ല്‍ കശ്ശീശാസ്ഥാനം പ്രാപിക്കുകയും നാമമാത്ര ക്രിസ്തീയ നഗരമായിരുന്ന അന്ത്യോഖ്യായിലെ അവിശ്വാസത്തിനും ദുര്‍മ്മാര്‍ഗ്ഗങ്ങള്‍ക്കുമെതിരായി വിപുലവും സുദീര്‍ഘവുമായ ഒരു വാക്സമരം പന്ത്രണ്ടു വര്‍ഷക്കാലത്തോളം നടത്തുകയും ചെയ്തു. ഇക്കാലത്താണ് സ്വര്‍ണ്ണനാവുകാരന്‍ എന്ന പേരു കിട്ടിയത്. വേദപുസ്തക പണ്ഡിതനായ അദ്ദേഹം വേദവ്യാഖ്യാനപരമായ പ്രസംഗങ്ങളാണ് അധികവും ചെയ്തിട്ടുള്ളത്. ഉല്പത്തിപുസ്തകം, മത്തായിയുടേയും യോഹന്നാന്‍റേയും സുവിശേഷങ്ങള്‍, റോമാ, ഗലാത്യ, കോരിന്ത്യ, എഫെസ്യ ലേഖനങ്ങള്‍, തീമോത്തിയോസിനും തീത്തോസിനും എഴുതിയ ലേഖനങ്ങള്‍ ഇവയെ ക്രമാനുഗതമായി പഠിപ്പിച്ചു.

അതുപോലെ ദുര്‍മ്മാര്‍ഗ്ഗം നിറഞ്ഞ നഗരമായ കുസ്തന്തീനോപോലീസിനേയും സന്മാര്‍ഗ്ഗത്തിലേക്കു കൊണ്ടുവരുവാനെന്നവണ്ണം 398-ാമാണ്ടില്‍ കുസ്തന്തീനിയാ പാത്രിയര്‍ക്കീസായി അവരോധിക്കപ്പെട്ടു. ദുര്‍മ്മാര്‍ഗ്ഗത്തിനെതിരായ പ്രസംഗങ്ങളില്‍ ചിലത് ചക്രവര്‍ത്തിനിയെ കോപിപ്പിച്ചു. 403-ാമാണ്ടില്‍ ആ സ്ത്രീയുടെ ഉത്സാഹഫലമായി വ്യാജാരോപണങ്ങളിന്മേല്‍ മാര്‍ ഈവാനിയോസിനെ സ്ഥാനഭ്രംശം ചെയ്തു. ആരോഗ്യമില്ലാതിരുന്ന അദ്ദേഹത്തെ ഹേമിച്ചു കൊന്നു.

14. അലക്സന്ത്രിയായിലെ മാര്‍ കൂറിലോസ് (444-ല്‍ അന്തരിച്ചു)

സുപ്രസിദ്ധ വേദശാസ്ത്രപണ്ഡിതനും ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള സഭാവിശ്വാസം ശരിയായി പഠിപ്പിച്ചവനുമായ ഈ പിതാവ് 412 ല്‍ അലക്സന്ത്രിയാ പാത്രിയര്‍ക്കീസായി അവരോധിക്കപ്പെട്ടു. അവിശ്വാസികളും വേദവിപരീതികളുമായ എല്ലാവരുമായി സമരം ചെയ്തു. ഈജിപ്തിലെ റോമന്‍ വൈസ്റോയിയായ ഒറസ്റ്റസിനേയും കുസ്തന്തിനിയാ പാത്രിയര്‍ക്കീസ് നേസ്റ്റോറിയസിനേയും ഒരുപോലെ എതിരിട്ടു തോല്പിച്ചു. ഏകസ്വഭാവവിശ്വാസികളായ നമ്മുടെ പ്രധാന പിതാവായ ഇദ്ദേഹത്തിന്‍റെ വിശ്വാസമാണ് ഇരുസ്വഭാവവിശ്വാസികളെന്നു വിളിക്കപ്പെടുന്നവരായ ഗ്രീക്കുകാരും അടിസ്ഥാനമായി സ്വീകരിക്കുന്നത്. അലക്സന്ത്രിയാ വിഹായസ്സിലെ രണ്ടുജ്ജ്വല നക്ഷത്രങ്ങളാണ് മാര്‍ അത്താനാസ്യോസും മാര്‍ കൂറിലോസും.

15. അന്ത്യോഖ്യായിലെ മാര്‍ സേവേറിയോസ് (465-538)

488-ല്‍ ഇദ്ദേഹം ക്രിസ്ത്യാനിയായി. ഉടനെതന്നെ സന്യാസജീവിതം സ്വീകരിച്ചു. 508 ല്‍ കുസ്തന്തീനിയായില്‍ പോയി ഇരുസ്വഭാവവിശ്വാസികളായ ഗ്രീക്കുകാര്‍ ഏകസ്വഭാവവിശ്വാസികളായവരെ പീഡിപ്പിക്കുന്ന കാര്യത്തില്‍ ചക്രവര്‍ത്തിയോടു പരാതിപ്പെട്ടു. ചക്രവര്‍ത്തിയുടെ സഹായത്തോടെ 512-ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസായി അവരോധിക്കപ്പെട്ടു. 518 -ല്‍ ചക്രവര്‍ത്തി മരിച്ചു. പുതിയ ചക്രവര്‍ത്തി അദ്ദേഹത്തിനെതിരായിരുന്നതുകൊണ്ട് സ്ഥാനഭ്രഷ്ടനാക്കി. ഈജിപ്തില്‍ പോയി മാര്‍ തീമോത്തിയോസിന്‍റെയടുക്കല്‍ അഭയം പ്രാപിച്ചു. കുസ്തന്തീനോപോലീസില്‍ വച്ച് 536 ല്‍ കൂടിയ ഗ്രീക്ക് സുന്നഹദോസില്‍ അദ്ദേഹത്തെ മുടക്കി. 538-ല്‍ അന്തരിച്ചു.

ഏകസ്വഭാവ വിശ്വാസത്തെ മാര്‍ കൂറിലോസിന്‍റെ പഠനത്തെയാസ്പദമാക്കി ശരിയായി നിര്‍വചിച്ചതു പണ്ഡിതനായ ഈ പിതാവായിരുന്നു. ഇദ്ദേഹത്തെ ഗ്രീക്കുകാരും കത്തോലിക്കരും വേദവിപരീതിയായി കരുതുന്നു. പണ്ഡിതാഗ്രേസരനായിരുന്ന അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളാണ് ക്രിസ്തുവിനെക്കുറിച്ച് ഇന്നു നമുക്കുള്ള വിശ്വാസത്തിനടിസ്ഥാനം. അവയില്‍ യാതൊരു വേദവിപരീതവും കണ്ടുപിടിപ്പാന്‍ ഇരുസ്വഭാവവിശ്വാസികള്‍ക്കു കഴിഞ്ഞിട്ടുമില്ല.

16. മാര്‍ യാക്കോബ് ബൂര്‍ദ്ദോനോ (500-578)

“യാക്കോബായക്കാര്‍” എന്ന പേര്‍ നമുക്ക് ഗ്രീക്കുകാരും കത്തോലിക്കരും കൂടി ഇട്ടത്, നാം ഇദ്ദേഹത്തിന്‍റെ അനുഗാമികളാണെന്നുള്ള നിലയിലാണ്. യഥാര്‍ത്ഥത്തില്‍ സുറിയായിലെ പുരാതനസഭയെ ഗ്രീക്കു ഗവണ്‍മെന്‍റും ഗ്രീക്കുസഭയും മര്‍ദ്ദിച്ചു നശിപ്പിക്കാന്‍ ശ്രമിച്ചിട്ട്, അങ്ങനെ പൂര്‍ണ്ണമായും സാധിക്കാതെ പോയത് മാര്‍ യാക്കോബ് ബൂര്‍ദ്ദോനോയുടെ തീവ്രപരിശ്രമങ്ങളുടെ ഫലമായിരുന്നു. 528-ല്‍ ചക്രവര്‍ത്തിനിയോടു സുറിയാനിക്കാരെ ഉപദ്രവിക്കരുതെന്നഭ്യര്‍ത്ഥിക്കുവാന്‍ വേണ്ടി കുസ്തന്തീനോപോലീസില്‍ പോയി. പതിനഞ്ചു വര്‍ഷം അവിടെ താമസിച്ചു. 542-ല്‍ ഉറഹായിലെ (എഡേസ്സായിലെ) മെത്രാപ്പോലീത്തായായി അഭിഷിക്തനായി. അവിടെ നിന്നും ഈജിപ്തിലും സിറിയായിലും ബാബിലോന്യന്‍ പ്രദേശങ്ങളിലും ഒളിവില്‍ സഞ്ചരിച്ച് ഏകസ്വഭാവവിശ്വാസമുള്ള സഭകള്‍ക്കു പുരോഹിതന്മാരെ നിയമിച്ചുകൊടുത്തു. വേഷപ്രച്ഛന്നനായി കീറത്തുണിയുടുത്താണ് സഞ്ചരിച്ചിരുന്നത്. ബൂര്‍ദ്ദോനോ എന്നാല്‍ “കീറത്തുണിയുടുത്തവന്‍” എന്നാണര്‍ത്ഥം. നമ്മുടെ സഭയുടെ പുനരുദ്ധാരകനാണിദ്ദേഹം. സ്ഥാപകനല്ല. അതുകൊണ്ടു “യാക്കോബായക്കാര്‍” എന്നു ഗ്രീക്കുകാരും കത്തോലിക്കരും കൂടി നമ്മെ പുതിയ സഭക്കാരെന്ന നിലയില്‍ ആക്ഷേപിച്ചിട്ട ഈ പേര് നമുക്കു സ്വീകാര്യവുമല്ല.

17. പരിശുദ്ധനായ മാര്‍ അപ്രേം (306-373)

വളരെയധികം വേദവ്യാഖ്യാനങ്ങള്‍ എഴുതുകയും ഗാനങ്ങള്‍ (മെമ്രാകള്‍) രചിക്കുകയും ചെയ്ത പരിശുദ്ധനായ മഹാകവി. നിസിബിസിലെ മെത്രാപ്പോലീത്തായായ മാര്‍ യാക്കോബുമൊന്നിച്ച് ഒരു ചെറുപ്പക്കാരനായ സന്യാസിയായി ഇദ്ദേഹം നിഖ്യാ സുന്നഹദോസില്‍ സംബന്ധിച്ചെന്നു തോന്നുന്നു. 338-ല്‍ ഇദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനയാണ് പേര്‍ഷ്യന്‍ സേനയില്‍ നിന്നും തന്‍റെ സന്യാസാശ്രമാസ്ഥാനമായ നിസിബിസ് നഗരത്തെ രക്ഷിച്ചത്. 363-നു ശേഷം നിസിബിസ് പേര്‍ഷ്യാക്കാര്‍ കീഴടക്കിയപ്പോള്‍ അദ്ദേഹം ഉറഹായില്‍ (എഡേസ്സായില്‍) താമസമുറപ്പിച്ചു. ഈജിപ്തില്‍ പോയി മാര്‍ അത്താനാസ്യോസിനേയും കപ്പദോക്യായില്‍ പോയി മാര്‍ ബാസേലിയോസിനെയും സന്ദര്‍ശിച്ചു.

നമ്മുടെ ഇന്നത്തെ സഭയിലെ യാമപ്രാര്‍ത്ഥനകളുടെ ഒരു വലിയ ഭാഗം ഈ മഹര്‍ഷിയാല്‍ രചിക്കപ്പെട്ടിട്ടുള്ളവയാണ്. പരിശുദ്ധ കന്യകമറിയാമിനോടുള്ള ഭക്തിയും ആരാധനയില്‍ അവളെ ബഹുമാനിക്കുന്നതിന്‍റെ ആവശ്യകതയും ഇദ്ദേഹം പഠിപ്പിച്ചു. കന്യകമറിയാം പാപരഹിതയായിരുന്നുവെന്നു തീര്‍ത്തു പറയുന്നുണ്ട്. എന്നാല്‍ അമലോത്ഭവം പഠിപ്പിക്കുന്നുമില്ല.

ആകമാനസഭയുടെ പുണ്യവാനായ ഇദ്ദേഹത്തെ എല്ലാ സഭകളും ബഹുമാനിക്കുന്നു. അദ്ദേഹത്തിന്‍റെ സുറിയാനി കൃതികള്‍ ഗ്രീക്കിലും ലത്തീനിലും അര്‍മ്മേനിയന്‍ ഭാഷയിലും ആദ്യകാലത്തു തന്നെ പരിഭാഷ ചെയ്യപ്പെട്ടു. 1920-ാമാണ്ടില്‍ റോമാ മാര്‍പ്പാപ്പാ ഇദ്ദേഹത്തെ “സഭാഗുരു” ആയി പ്രഖ്യാപിച്ചു. ഉല്പത്തിപുസ്തകം മുതല്‍ വെളിപാടു വരെയുള്ള സകല വേദഗ്രന്ഥങ്ങളുടെയും വ്യാഖ്യാനമെഴുതി.

18. നിസിബിസിലെ മാര്‍ യാക്കോബ് (നാലാം ശതാബ്ദത്തിന്‍റെ ആദ്യഭാഗം)

“മെസോപ്പൊട്ടേമ്യയിലെ മോശ” എന്ന് മറുപേര്‍ വിളിക്കപ്പെട്ട ഈ പരിശുദ്ധന്‍ പാണ്ഡിത്യത്തിലും വിശുദ്ധിയിലും ഒരുപോലെ വിഖ്യാതനായിരുന്നു. നിഖ്യാസുന്നഹദോസിലെ വാദപ്രതിവാദങ്ങളില്‍ അദ്ദേഹം സത്യവിശ്വാസത്തിന് നേതൃത്വം നല്കി. അറിയൂസിന്‍റെ വേദവിപരീതം എല്ലാവരും സ്വീകരിക്കണമെന്ന് ചക്രവര്‍ത്തി ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം എല്ലാവരും ഏഴു ദിവസത്തേക്കു ഉപവാസത്തിലും പ്രാര്‍ത്ഥനയിലുമിരിക്കണമെന്നാവശ്യപ്പെടുകയും സഭയുടെ പ്രാര്‍ത്ഥനാഫലമായി അറിയൂസ് പെട്ടെന്നു മരണം പ്രാപിക്കുകയും ചെയ്തു.

ഈ പേരില്‍ മറ്റു പിതാക്കന്മാരും സുറിയാനി സഭയ്ക്കുണ്ട്. സറുഗീലെ മാര്‍ യാക്കോബ് (451-521) രചിച്ചിട്ടുള്ള അനേകം ഗാനങ്ങള്‍ (ബോവൂസോകള്‍) നാം ഇന്ന് ആരാധനയിലുപയോഗിക്കുന്നു. “പരിശുദ്ധാത്മാവിന്‍റെ മുരളി” എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപേര്‍.

കൂടാതെ ഉറഹായിലെ മാര്‍ യാക്കോബ് (649-708) പ്രശസ്ത പണ്ഡിതനും സമഗ്രമായ വേദഭാഷാജ്ഞാനമുള്ളവനുമായിരുന്നു. 692-ാമാണ്ട് വരെയുള്ള സഭാചരിത്രവും വ്യാകരണഗ്രന്ഥങ്ങളും വേദവ്യാഖ്യാനങ്ങളും എഴുതിയതിനു പുറമെ സുറിയാനിവേദപുസ്തക വിവര്‍ത്തനത്തെ എബ്രായഭാഷയിലുള്ള വേദപുസ്തകവുമായി താരതമ്യം ചെയ്ത് തെറ്റു തിരുത്തി.

ഇതില്‍ ഏത് മാര്‍ യാക്കോബിനെയാണിവിടെ അനുസ്മരിക്കുന്നത് എന്ന് തീര്‍ത്തു പറയുവാന്‍ പ്രയാസമാണ്.

19. നിനവയിലെ മാര്‍ ഇസ്ഹാക്ക് (ക്രിസ്താബ്ദം 700-ല്‍ അന്തരിച്ചു)

കുര്‍ദ്ദിസ്താനില്‍ മെത്രാനായിരുന്ന ശേഷം സ്ഥാനമൊഴിഞ്ഞ് വീണ്ടും സന്യാസിയായിത്തീര്‍ന്ന ഈ പിതാവ് സന്യാസാശ്രമജീവിതത്തെക്കുറിച്ച്അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളതു ഗ്രീക്കിലും അറബിയിലും എത്യോപ്യന്‍ ഭാഷയിലും വിവര്‍ത്തനം ചെയ്ത് എല്ലാ പൗരസ്ത്യാശ്രമങ്ങളും ഉപയോഗിച്ചു വന്നു.

20. സഭാഗായകനായ മാര്‍ ബാലായി (450 -നോടടുത്ത് അന്തരിച്ചു)

നമ്മുടെ പ്രാര്‍ത്ഥനാഗ്രന്ഥങ്ങളിലെ ബോവൂസാകളില്‍ പലതും ഈ പിതാവാണെഴുതിയിട്ടുള്ളത്. പഞ്ചാക്ഷരിമാത്രയിലാണെഴുതിയതിലധികവും. വളരെ ഭക്ത്യുദ്ദീപകങ്ങളും സത്യവിശ്വാസത്തിന്നടിസ്ഥാനവുമാണീ പിതാവിന്‍റെ പദ്യകൃതികള്‍.

21. ആബീലന്മാരുടെ തലവനായ മോര്‍ ബര്‍സൌമ്മാ (458-ല്‍ അന്തരിച്ചു)

ഒരു സന്യാസമഠത്തിന്‍റെ അധിപനായിരുന്ന ഈ താപസവര്യന്‍ 449-ല്‍ എഫേസൂസില്‍ വെച്ചു നടന്ന സുന്നഹദോസിലും 451-ലെ കല്ക്കിദൂന്‍ സുന്നഹദോസിലും സന്യാസാശ്രമങ്ങളുടെ പ്രതിനിധിയായി പങ്കെടുത്തു. തേവോദോസ്യോസ് ചക്രവര്‍ത്തിയുടെ പ്രത്യേക ക്ഷണപ്രകാരം എഫേസൂസില്‍ സന്നിഹിതനായിരുന്ന ഇദ്ദേഹവും കൂടെയുണ്ടായിരുന്ന സന്യാസിമാരുമാണ് ലിയോയുടെ വേദവിപരീതത്തിന്നെതിരായി ദീയസ്കോറോസിനോടൊരുമിച്ചു സമരം ചെയ്തത്. കല്‍ക്കിദൂന്‍ സുന്നഹദോസിനുശേഷം നാടുകടത്തപ്പെട്ടു.

22. ശെമ്വൂന്‍ ദെസ്തുനേ (390-459)

ഈ പിതാവ് തൂണിന്മേല്‍ തപസ്സു ചെയ്യുന്ന സന്യാസിമാരില്‍ ആദ്യത്തെയാളായിരുന്നു. 16 വയസ്സില്‍ ഏകാന്തവാസം ആരംഭിച്ച ഈ താപസവര്യന്‍ ഭാരതത്തിലെ പുരാതനകാലത്തെ മഹര്‍ഷിമാരോടു തുല്യനായിരുന്നു. തന്നെ ആളുകള്‍ ബുദ്ധിമുട്ടിക്കുന്നതുകൊണ്ട് അവരില്‍ നിന്നു രക്ഷപെടുവാന്‍ വേണ്ടി തുണുകെട്ടി അതിന്മേല്‍ ഇരുന്ന് പ്രാര്‍ത്ഥന തുടങ്ങി. ആളുകള്‍ താഴെ കൂട്ടംകൂടിയുപദ്രവിച്ചതുകൊണ്ടു തൂണിന്‍റെ ഉയരം 60 അടിയായി. കൂട്ടി. എന്നാല്‍ തൂണിന്‍റെ മുകളില്‍ ഇരുന്നുകൊണ്ട് അനേകരെ സത്യവിശ്വാസത്തിലേക്കു വഴി നയിക്കുകയും തേവോദോസ്യോസ് ചക്രവര്‍ത്തിക്കുപോലും ഉപദേശം നല്കുകയും ചെയ്തു.

23. തെരഞ്ഞെടുക്കപ്പെട്ടവനായ മാര്‍ അബ്ഹായി (അഞ്ചാം ശതാബ്ദത്തിന്‍റെ ആദ്യഭാഗം)

401 മുതല്‍ 450 വരെ രാജ്യം ഭരിച്ചിരുന്ന തെവോദോസ്യോസ് ചക്രവര്‍ത്തിയുടെ കാലത്ത് നിഖ്യായിലെ മെത്രാപ്പോലീത്തായായി ചക്രവര്‍ത്തിയാല്‍ നിയമിക്കപ്പെട്ടത് നിഖ്യാ വിശ്വാസസംരക്ഷണത്തിനു വേണ്ടിയായിരുന്നു. മാര്‍ കുറിയാക്കോസിനോടും മാതാവായ മര്‍ത്ത യൂലിത്തിയോടും ഒരുമിച്ച് ജൂലൈ 15-നു ഓര്‍മ്മ കൊണ്ടാടുന്നു. എന്നാല്‍ ഒക്ടോബര്‍ 1-നും മാര്‍ അബ്ഹായി സഹദായുടെ ഓര്‍മ്മ കൊണ്ടാടുന്നുണ്ട്. രണ്ടും രണ്ടു പേരാണെന്ന് തോന്നുന്നു.

*     **           ***                  **

ഈ ലിസ്റ്റില്‍ കാണുന്ന പിതാക്കന്മാര്‍ ക്രിസ്താബ്ദം 8-ാം നൂറ്റാണ്ടുവരെ ജീവിച്ചിരുന്നവരാണ്. അതിനുശേഷമുള്ള പേരുകളൊന്നും കാണുന്നില്ല. എട്ടാം നൂറ്റാണ്ടിലോ അതിനുശേഷമോ ആണ് ഈ പ്രാര്‍ത്ഥന വിരചിതമായതെന്ന് ചിന്തിക്കാം. ആ കാലത്തിനു ശേഷമുള്ള പിതാക്കന്മാരാണ് മോശേ ബര്‍കീപ്പാ, ദീവന്നാസ്യോസ് ബര്‍സ്ളിബി, ഗ്രീഗോറിയോസ് ബാര്‍ എബ്രായ മുതലായവര്‍. “സത്യവിശ്വാസത്തെ പാലിച്ച് നമുക്ക് എല്പിച്ചു തന്നവരായി” സുറിയായിലും ഇവിടെയുമുള്ള മറ്റു പിതാക്കന്മാരേയും നാം ഓര്‍ക്കുന്നുണ്ട്. അവരുടെ പേര് പറയുന്നില്ലെന്നു മാത്രം.

ആരാധനയില്‍ ആദിമകാലം മുതലുള്ള സഭ മുഴുവന്‍ സംബന്ധിക്കുന്നുവെന്നുള്ളതും, ഇന്ന് നമുക്ക് സത്യവിശ്വാസികളായിരിക്കുവാന്‍ സാധിക്കുന്നത് ഈ പിതാക്കന്മാരുടെ ത്യാഗബുദ്ധിയും ജീവിതശുദ്ധിയും സത്യസന്ധതയും കൊണ്ടാണെന്നുള്ളതും നമുക്കു മറക്കുവാന്‍ അനുവാദമില്ല.