ഓരോ ശിശുവിനും ഓരോ മാലാഖയോ? എന്തുതന്നെയായാലും, ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

TN_pmg
ശിശുക്കള്‍ മാലാഖമാരാണ് – കുറഞ്ഞ പക്ഷം മിക്ക ശിശുക്കളും. പക്ഷേ, അവര്‍ക്കു മാലാഖമാരുണ്ടോ? ഓരോ ശിശുവിനും ഓരോ മാലാഖയുണ്ടോ? ക്രിസ്തു നമ്മെ അങ്ങനെ പഠിപ്പിച്ചുവോ? വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തില്‍ (18:10) നമ്മുടെ കര്‍ത്താവു തന്‍റെ ശിഷ്യന്മാരെ ഇങ്ങനെ താക്കീതു ചെയ്തു: “ഈ ചെറിയവരില്‍ ആരെയും നിസ്സാരരായി കാണാതിരിക്കാന്‍ സൂക്ഷിക്കുക. സ്വര്‍ഗ്ഗത്തില്‍ അവരുടെ മാലാഖമാര്‍ എപ്പോഴും എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുഖം കണ്ടുകൊണ്ടാണ് ഇരിക്കുന്നത് എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”
ശിഷ്യന്മാരുടെ ഇടയില്‍, അവരില്‍ ആര് സ്വര്‍ഗ്ഗരാജ്യത്തില്‍ ‘ഒന്നാമന്‍’ ആകും എന്നതിനെക്കുറിച്ചുള്ള തര്‍ക്കമായിരുന്നു പശ്ചാത്തലം. ഒരു ശിശുവിനെ അടുക്കെ വിളിച്ച് അവരുടെ നടുവില്‍ നിറുത്തിയിട്ടു ക്രിസ്തു ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങള്‍ മനഃപരിവര്‍ത്തനം വന്ന് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍ ഒരിക്കലും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കയില്ല” (മത്താ. 18:1-3).
എന്നാല്‍ ‘അവരുടെ മാലാഖമാര്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുഖം കണ്ടുകൊണ്ടാണ് ഇരിക്കുന്നത്’ എന്നു കര്‍ത്താവ് പറഞ്ഞതിന്‍റെ അര്‍ത്ഥമെന്താണ്? അദ്ദേഹം എന്ത് ഉദ്ദേശിച്ചിരുന്നുവെങ്കിലും രണ്ടു മൂന്നു കാര്യങ്ങള്‍ ഇതില്‍ നിന്നും വ്യക്തമാണ്.
1. ക്രിസ്തു ദരിദ്രരുടെ പക്ഷത്തിരിക്കുന്നതുപോലെ അവന്‍ ശിശുക്കളുടെയും പക്ഷത്തിരിക്കുന്നു. എന്നാല്‍ ദരിദ്രര്‍ സ്വര്‍ഗരാജ്യം അവകാശമാക്കുന്നതോടെ നീക്കുപോക്കുണ്ടാകുന്ന ഒരു അവസ്ഥയാണു ദാരിദ്ര്യം. ഇതിനു വിപരീതമായി, സ്വര്‍ഗരാജ്യത്തില്‍ കടക്കുവാന്‍ മുതിര്‍ന്നവര്‍ ആയിത്തീരേണ്ടുന്ന – അവര്‍ ആഗ്രഹിക്കുന്ന – ഒരു അവസ്ഥയാണു ശൈശവം.
2. ശിശുക്കള്‍ക്കു വിശ്വാസം ഉണ്ടാകുവാന്‍ പ്രായമായിട്ടില്ലാത്തതിനാല്‍ അവര്‍ക്കു രക്ഷിക്കപ്പെടുവാന്‍ സാദ്ധ്യതയില്ലെന്നു നാം ചിന്തിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതു വലിയ തെറ്റാണ്. മുതിര്‍ന്നവര്‍ക്കു മാത്രമേ സ്വര്‍ഗരാജ്യത്തില്‍ കടക്കുവാന്‍ സാധിക്കുകയുള്ളു എന്നു വിചാരിക്കുന്നത് എത്ര അര്‍ത്ഥശൂന്യതയാണ്! ക്രിസ്തു തികച്ചും വിപരീതമായാണു പറയുന്നത്. ഉദാഹരണത്തിനു മര്‍ക്കോസ് 10:14 ല്‍ ഇങ്ങനെ പറയുന്നു: ‘ശിശുക്കള്‍ എന്‍റെ അടുക്കല്‍ വരട്ടെ. അവരെ തടയരുത്. ദൈവരാജ്യം ഇവരെപ്പോലുള്ളവരുടേതാകുന്നു’. അപ്പോള്‍ കര്‍ത്താവു പഠിപ്പിച്ചതു സ്വര്‍ഗരാജ്യം ശിശുക്കളുടേതാണെന്നതാണ്; മുതിര്‍ന്നവര്‍ അവിടെ പ്രവേശിക്കുന്നത് അവര്‍ തിരിഞ്ഞു ശിശുക്കളെപോലെയാകുമ്പോള്‍ മാത്രമാണ്. ശിശുസ്നാനത്തെപ്പറ്റി എതിര്‍ത്തു പറയുകയും മുതിര്‍ന്ന സ്നാനത്തെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന കൂട്ടര്‍ ക്രിസ്തുവിനും വേദപുസ്തകത്തിനും എതിരായതിനെക്കുറിച്ചു പഠിപ്പിക്കുന്നു.


അതേ, ദൈവരാജ്യം ദരിദ്രരുടേയും, സൗമ്യതയുള്ളവരുടേയും യാതനയനുഭവിക്കുന്നവരുടെയും അതോടൊപ്പം തന്നെ ശിശുക്കളുടേതുമാണ്. അത് അവരുടെ അവകാശമാണെന്നു തോന്നുന്നു. ശിശുക്കള്‍ വിലപ്പെട്ടവരാണ്. അവര്‍ മുതിര്‍ന്നവരാകുമ്പോള്‍ വലിയവരാകുമെന്നതുകൊണ്ടല്ല, അവര്‍ ശിശുക്കളായിതന്നെ വിലപ്പെട്ടവരാണ്. ഇതാണു നമ്മുടെ കര്‍ത്താവു പഠിപ്പിച്ചത്.
എന്നിരുന്നാലും, ‘അവരുടെ മാലാഖമാര്‍’ എന്നതുകൊണ്ടു കര്‍ത്താവ് അര്‍ത്ഥമാക്കിയതെന്താണ്? ശിശുക്കള്‍ക്കു ദൈവത്തെപ്പറ്റി വ്യക്തമായും സൂക്ഷ്മമായും ബോധമില്ലായിരിക്കാം. എങ്കിലും സ്വര്‍ഗ്ഗത്തിലുള്ള അവരുടെ പ്രതിനിധികള്‍ ദൈവസാന്നിദ്ധ്യം നിരന്തരമായി അനുഭവിക്കുന്നു എന്നത് അനുമാനിക്കാവുന്നതാണ്. ഓരോ ശിശുവിനും സ്വര്‍ഗത്തില്‍ ഓരോ ‘എയ്ഞ്ചലോസ്’ അഥവാ മാലാഖ അഥവാ പ്രതിനിധി ഉണ്ട്. അപ്പോള്‍ മുതിര്‍ന്നവരാകുമ്പോള്‍ നമ്മുടെ പാപങ്ങള്‍ മൂലം നമ്മുടെ മാലാഖമാര്‍ നമുക്കു നഷ്ടപ്പെടുന്നുവോ? ഉത്തരം എനിക്ക് അറിയുവാന്‍ വയ്യ. പക്ഷേ ഒന്നെനിക്കറിയാം – ദരിദ്രര്‍ പ്രാധാന്യം അര്‍ഹിക്കുന്നതുപോലെ തന്നെ ശിശുക്കളും പ്രാധാന്യമുള്ളവരാണ്, കാരണം സ്വര്‍ഗരാജ്യം ഇങ്ങനെയുള്ളവരുടേതാണല്ലോ.
സ്വര്‍ഗരാജ്യത്തില്‍ ആര്‍ കടക്കുമെന്നതിനെക്കുറിച്ചു ക്രിസ്തുവിന് എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അവിടെ അനേകം ശിശുക്കളും ലാസറിനെപ്പോലെ അനേകം പാവപ്പെട്ടവരും ഉണ്ടാകും. ഇപ്പോള്‍ നാം ഇങ്ങനെയുള്ളവരെ കൈക്കൊള്ളുകയും നമുക്കു ചെയ്യാവുന്നതൊക്കെയും അവര്‍ക്കു ചെയ്തുകൊടുക്കുകയും ചെയ്യണം. എന്തുകൊണ്ടെന്നാല്‍ ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ അവയവങ്ങളും; അവന്‍റെ മനസ്സും ആഗ്രഹവും ഉദ്ദേശ്യവും പങ്കിടുന്നവരുമാകുന്നുവല്ലോ.
നമ്മുടെ വിദ്യാലയങ്ങള്‍ ശിശുക്കളെ എങ്ങനെ വഴിതെറ്റിക്കുന്നുവെന്നും, സമൂഹം എങ്ങനെ അവരെ ദുഷ്ടവഴികള്‍ പഠിപ്പിക്കുന്നുവെന്നും പോഷകാഹാരങ്ങള്‍ നിരോധിക്കുന്നുവെന്നതും, പട്ടിണിയും രോഗവും മൂലം അവര്‍ എങ്ങനെ കഷ്ടപ്പെടുന്നു എന്നതിനെക്കുറിച്ചും നമുക്കു ചിന്തിക്കാം. നമ്മുടെ ശിശുക്കളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഒരു സമൂഹം നമുക്കു കെട്ടിപ്പടുക്കാം. ചുരുക്കം ചില ബാലഭവനുകളും ബാലവാടികളുമുള്ളതുകൊണ്ടു മാത്രം അപ്രകാരമൊരു സമൂഹമുണ്ടാക്കുവാന്‍ സാധ്യമല്ല. നമ്മുടെ പാപം നിറഞ്ഞ സമൂഹമാണു മാലാഖമാരോടു സമരായ ശിശുക്കളെ പാപികളാക്കുന്നത്. ദൈവത്തിന്‍റെ മാലാഖമാരോടു തുല്യരായ ശിശുക്കള്‍ അവരെക്കാളും നല്ല മനുഷ്യരായി വളരുവാന്‍ തക്കതായ ഒരു സമൂഹം കെട്ടിപ്പടുക്കുവാന്‍ നമുക്കു യജ്ഞിക്കാം.