യഥാര്‍ത്ഥ വാതിലിലൂടെ കടന്നുവന്ന നല്ല ഇടയന്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

36

യഥാര്‍ത്ഥ വാതിലിലൂടെ കടന്നുവന്ന നല്ല ഇടയന്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് (PDF File)

നല്ല ഇടയന്‍റെ മൂന്നു ഗുണങ്ങള്‍

ഇന്ന് മലങ്കരസഭയെ സംബന്ധിച്ചിടത്തോളം സുസ്മരണീയമായ ദിവസമാണ്. പ. കാതോലിക്കാ മോറാന്‍ മാര്‍ ബസ്സേലിയോസ് ഔഗേന്‍ പ്രഥമന് അനാരോഗ്യംമൂലം ചുമതലകള്‍ നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടായതിനെ തുടര്‍ന്ന് മലങ്കര മെത്രാപ്പോലീത്തായായ മാത്യൂസ് മാര്‍ അത്താനാസ്യോസ് കിഴക്കിന്‍റെ കാതോലിക്കായായി അവരോധിക്കപ്പെടുകയാണ്.

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 10-ാം അദ്ധ്യായമാണ് ഇന്ന് ഏവന്‍ഗേലിയോനില്‍ വായിക്കുന്നത്. നല്ല ഇടയന്‍റെ മൂന്നു ലക്ഷണങ്ങള്‍ അവിടെ എടുത്തു പറയുന്നുണ്ട്.

ഒന്നാമതു നല്ല ഇടയന്‍ വാതിലിലൂടെ കടക്കുന്നവനാകുന്നു. വാതില്‍ കാവല്‍ക്കാരന്‍ അവനു വാതില്‍ തുറന്നു കൊടുക്കുന്നു. ആ വാതിലിലൂടെ അകത്തു കടക്കുന്ന ഇടയന്‍ ആടുകളെ പേര്‍ചൊല്ലി വിളിക്കുന്നു. ആടുകള്‍ അവന്‍റെ ശബ്ദം അറിയുന്നു. അവ ഇറങ്ങിച്ചെല്ലുന്നു. വേദഭാഗം നമ്മെ പഠിപ്പിക്കുന്നതു വാതിലിലൂടെ കടക്കുന്നവനാണ് നല്ല ഇടയന്‍ എന്നാണ്. പുറംവാതിലിലൂടെ കടക്കുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനും ആകുന്നു. അവന്‍ തന്‍റെ ആടുകളെയും ആടുകള്‍ അവനെയും അറിയുന്നില്ല. അതിനാല്‍ ആടുകള്‍ അവനെ അനുസരിക്കുന്നില്ല.

രണ്ടാമത്, നല്ല ഇടയന്‍ ആട്ടിന്‍പറ്റങ്ങളെ പച്ചയായ പുല്‍പ്പുറങ്ങളിലേക്കു നയിക്കുന്നു. സഭാമക്കളാകുന്ന ആടുകള്‍ക്കു പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് ആത്മീയമായ ആഹാരം ലഭ്യമാക്കുക എന്നതു നല്ല ഇടയന്‍റെ ചുമതലയാണ്.

മൂന്നാമത്, നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി തന്‍റെ ജീവന്‍ കൊടുക്കുന്നു. കൂലിക്കാരനോ ചെന്നായ് വരുന്നതു കണ്ട് ഓടിക്കളയുന്നു. ചെന്നായ് ആട്ടിന്‍പറ്റത്തെ ഛിന്നഭിന്നമാക്കിക്കളയുന്നു.

സഭാപിതാവ് സഭാമക്കളെ സംബന്ധിച്ചിടത്തോളം നല്ല ഇടയനാണ്. നേരായ വാതിലിലൂടെ അകത്തു പ്രവേശിക്കുന്നയാളാണ് യഥാര്‍ത്ഥ പിതാവ്. അദ്ദേഹം നല്ലയിടയനാണ്. നേരായ മാര്‍ഗ്ഗത്തിലൂടെയല്ലാതെ സഭയുടെ നേതൃസ്ഥാനത്തു വരുന്നയാള്‍ നല്ലയിടയനല്ല.

സഭാമക്കള്‍ക്കു നല്ല മേച്ചില്‍സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ചുമതല സഭാപിതാവിന്‍റേതാണ്. ലക്ഷക്കണക്കിനുള്ള സഭാമക്കള്‍ക്കായി നല്ല മെത്രാന്മാരെ സഭയ്ക്കു നല്‍കാനുള്ള ചുമതല നേതാവിനാണ്. സഭാമക്കളെ ചെന്നായ്ക്കളില്‍നിന്നു രക്ഷിക്കാനുള്ള ഉത്തരവാദിത്വവും സഭാതലവന്‍റേതു തന്നെ.

ഇന്നു ചെന്നായ്ക്കള്‍ ധാരാളമായി ആട്ടിന്‍പറ്റത്തിലേക്കു കയറിവരുന്ന കാലമാണ്. അതു കണ്ടു നല്ല ഇടയന്‍ ഓടിപ്പോവുകയില്ല. യുദ്ധം ചെയ്ത് ആടുകളെ രക്ഷിക്കും. നമുക്കിന്നു നല്ല ഇടയനെ ലഭിക്കുന്നു. സമര്‍ത്ഥനായ നല്ലയിടയനായി നിന്‍റെ ദാസനെ വാഴിക്കണമേ എന്നു നമുക്കു ദൈവത്തോടു പ്രാര്‍ത്ഥിക്കാം.

(പ. മാത്യൂസ് പ്രഥമന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ ചെയ്ത പ്രസംഗത്തില്‍ നിന്നും)