പൗരസ്ത്യ കാതോലിക്കേറ്റ് / ഡോ പൗലോസ് മാർ ഗ്രീഗോറിയോസ്

gregory

കാതോലിക്കോസിന്‍റെ സ്ഥാനനാമവും പദവിയും രൂപമെടുത്തത് റോമാസാമ്രാജ്യത്തിന് പുറത്തായിരുന്നു. ക്രിസ്തീയ സഭയിലെ പാത്രിയര്‍ക്കാ സ്ഥാനത്തേക്കാള്‍ പൗരാണികത, കാതോലിക്കാ സ്ഥാനത്തിനുണ്ട്. പാത്രിയര്‍ക്കീസിന്‍റെ സ്ഥാനമാനവും പദവിയും ഉദ്ഭൂതമായത് നാലും അഞ്ചും നൂറ്റാണ്ടുകളില്‍ റോമന്‍ സാമ്രാജ്യത്തിലായിരുന്നു. പിന്നീട് ഇതരദേശങ്ങള്‍ ഈ മാതൃക പിന്‍തുടര്‍ന്നു. ആദിശതകങ്ങളില്‍ മൂന്നു കാതോലിക്കേറ്റുകള്‍ ഉണ്ടായിരുന്നു. ഇവ ഉളവായത് അഞ്ചാം നൂറ്റാണ്ടില്‍ പാത്രിയര്‍ക്കാസ്ഥാനം സ്ഥിരപ്രതിഷ്ട നേടുന്നതിന് വളരെ മുന്‍പുമായിരുന്നു. പൗരസ്ത്യകാതോലിക്കോസ്, അര്‍മ്മീനിയന്‍ കാതോലിക്കോസ് എന്നിവരായിരുന്നു ഈ സ്ഥാനികള്‍.

പൗരസ്ത്യകാതോലിക്കോസ് ആദ്യം അറിയപ്പെട്ടിരുന്നത് കിഴക്കിന്‍റെ വലിയ മെത്രാപ്പോലീത്താ എന്ന അപരനാമത്തിലായിരുന്നു. അദ്ദേഹത്തിന്‍റെ ആസ്ഥാനം സെല്യൂക്യാ-ടെസിഫോണില്‍ (Seleucia-etesiphon) ആയിരുന്നു. നിഖ്യാ സുന്നഹദോസിന് മുന്‍പ് കാതോലിക്കാസ്ഥാനം വഹിച്ചിരുന്നവരുടെ പട്ടിക വൃത്താന്തമെഴുത്തുകാര്‍ തയ്യാറാക്കിയിരിക്കുന്നത് ഇപ്രകാരമാണ്.

1. അപ്പോസ്തലനായ വി. തോമസ്, 2. അപ്പോസ്തലനായ ആദായി (എഴുപത് അറിയിപ്പുകാരില്‍പെട്ട തദിയൂസ്), 3. വി. ഹാഗായി, 4. അബ്രേശു, 5. അബ്രാഹാം പ്രഥമന്‍, 6. ജെയിംസ് ഒന്നാമന്‍, 7. അഹദാബുഹി, 8. ശഹലൂപ്പാ, 9. ബാബാ.

റോമാ സാമ്രാജ്യത്തില്‍ ഉള്‍പ്പെടാതിരുന്ന സഭകളില്‍ താരതമ്യേന ഏറ്റവും വലുത് ഈ പൗരസ്ത്യ സഭയായിരുന്നു. ഗണനീയമായ വലിയ സഭകള്‍ വേറെയും ഉണ്ടായിരുന്നു. ഭാരതസഭ, നുബീയല്‍സഭ, അര്‍മീനിയന്‍സഭ, ഐബീരിയന്‍ (ജോര്‍ജിയന്‍) സഭ എന്നിവയെല്ലാം പ്രാധാന്യം കൈവരിച്ചിരുന്നു. പില്‍ക്കാലത്ത് എത്യോപ്യന്‍ സഭയും മുന്‍പന്തിയിലെത്തി.

അപ്പസ്തോലികപാരമ്പര്യം ഉള്ള സഭയായിരുന്നു സെലൂക്യാ-ടെസിഫോണ്‍ (Seleucia-etesiphon) സഭ. മാര്‍ത്തോമ്മാ ശ്ലീഹായോ, എഴുപതില്‍ ഒരുവനായ ആദായിയോ, ആരുതന്നെയോ ആകട്ടെ ഇതിന്‍റെ സ്ഥാപകന്‍, പൗരസ്ത്യകാതോലിക്കേറ്റ് മഹായിടവകയുടെ അപ്പസ്തോലിക ഉത്ഭവവും ശ്രേഷ്ടതയും ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. നിഖ്യാസുന്നഹദോസ് അവയ്ക്ക് അംഗീകാരം നല്‍കുകയാണുണ്ടായത്.

വി. തോമസ്, വി. ആദായി, വി. മാറി, വി. ഹഗ്ഗായി എന്നീ ആദികാലത്തെ സുവിശേഷക്കാര്‍ പേര്‍ഷ്യ, മെസപ്പൊട്ടേമിയ, മീദിയ, അസ്സീറിയ, പാര്‍ത്ഥിയ, കുര്‍ദിസ്ഥാന്‍, ബാബിലോണ്‍ എന്നീ നാടുകളിലും, ഏഷ്യയുടെ മറ്റു മദ്ധ്യദേശങ്ങളിലും പശ്ചിമദേശങ്ങളിലും സുവിശേഷമറിയിച്ചു. ഈ സഭകളുടെ രൂപവല്‍ക്കരണവും ഏകീകരണവും ഏറെക്കാലംകൊണ്ടു മാത്രമേ സാധിതപ്രായമായുള്ളു. ഈ സഭകളെ ഐക്യത്തിന്‍റെ ശൃംഖലകൊണ്ട് ബന്ധിപ്പിക്കുക എന്ന മഹത്തായ നേട്ടം കൈവരിച്ച ബാബാ എന്നത് കാതോലിക്കോസ് ആയിരുന്നു. അദ്ദേഹം വിവിധ ദേശീയസഭകളെ സാര്‍വ്വത്രിക പിതാവായ കാതോലിക്കോസിന്‍റെ കൊടിക്കീഴില്‍ അണിനിരത്തി (കാതോലിക്കോസ് എന്ന പദത്തിന്‍റെ അര്‍ത്ഥം പൊതുവായ മേല്‍പ്പട്ടക്കാരന്‍ എന്നത്രെ). മൂന്നാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ ഏകീകരണ പ്രക്രിയ ആരംഭിച്ചു (C2. 28 AD). നാലാം നൂറ്റാണ്ടിന്‍റെ ആദിഘട്ടംവരെ അത് തുടര്‍ന്നു.

പേര്‍ഷ്യന്‍ ഗവണ്‍മെന്‍റ് ക്രൈസ്തവ സഭയോടു അനുവര്‍ത്തിച്ചു വന്നിരുന്ന പീഡനനയത്തിന് മാറ്റം വരുവാന്‍ ഒരു കാരണമുണ്ടായി. 399-ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ യെസ്ദിഗെര്‍ഡിന്‍റെ (Yazdegerd) സിംഹാസനാരോഹണം നടന്നു. റോമാ ചക്രവര്‍ത്തിയുടെ പ്രത്യേക പ്രതിനിധിയായി ഈ ആഘോഷത്തില്‍ പങ്കുകൊള്ളാന്‍ എത്തിച്ചേര്‍ന്നത് മെസപ്പെട്ടേമിയനായ മൈഫെര്‍ക്കത്തിലെ മരൂത (Maruta of Maipheaquat) ആയിരുന്നു. അദ്ദേഹം ഒരു വൈദ്യനും മേല്പട്ടക്കാരനുമായിരുന്നു. റോമന്‍ ചക്രവര്‍ത്തിയായിരുന്ന അര്‍ക്കോഡിയസ് ആയിരുന്നു അദ്ദേഹത്തെ പേര്‍ഷ്യയിലേക്കയച്ചത്. ഈ മേല്‍പ്പട്ടക്കാരന്‍റെ വരവിനു ശേഷം പേര്‍ഷ്യന്‍ ഗവണ്‍മെന്‍റ് ക്രൈസ്തവസഭയോട് ആദരവ് പ്രകടിപ്പിച്ചുടങ്ങി. 409-410-ല്‍ ബിഷപ്പ് മരൂത പേര്‍ഷ്യയില്‍ വീണ്ടും വന്ന് സഭയുടെ പുനഃസംവിധാനത്തിന് വേണ്ട ഒത്താശകള്‍ നല്‍കി. നാല്‍പതു മേല്‍പ്പട്ടക്കാര്‍ ഉള്‍പ്പെട്ട വലിയ സുന്നഹദോസ് 410 ഫെബ്രുവരി 1-ാം തീയതി സമ്മേളിച്ചു. പേര്‍ഷ്യന്‍ സഭയുടെ സുന്നഹദോസ് നിഖ്യാവിശ്വാസം സ്വീകരിച്ചു. വിവിധ മെത്രാപ്പോലീത്താമാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹൃതമായി. സെല്യൂക്യ ടെസിഫോണിലെ മെത്രാപ്പോലീത്താ “വലിയ മെത്രാപ്പോലീത്തായും സകല മെത്രാന്മാരുടെയും (മേധാവിയും) മൂപ്പനും” ആയി അംഗീകരിക്കപ്പെട്ടു.

സെല്യൂക്യാ ടെസിഫോണ്‍ സുന്നഹദോസ് പൗരസ്ത്യ കാതോലിക്കോസിന്‍റെ അധികാരസീമയും നിര്‍ണ്ണയിച്ചു. “സിയര്‍ വൃത്താന്തപത്രിക” (chronicle of seert) യില്‍ ഈ സുന്നഹദോസിന്‍റെ തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതില്‍നിന്നും കാതോലിക്കോസിന്‍റെ അധികാരവ്യാപ്തി എത്രമാത്രമായിരുന്നു എന്നു മനസ്സിലാക്കാം. കാതോലിക്കോസിന്‍റെ കീഴില്‍ ആറു മെത്രാപ്പോലീത്താമാരുണ്ടായിരുന്നു. നാലു ഭദ്രാസന മെത്രാന്മാരുടെ മേലധികാരിയായിരുന്ന ബെയിത്ത് ലപത്ത് (ആലശൃഘമുമേ), അഞ്ചു ഭദ്രാസന മെത്രാന്മാരുടെ അധിപനായിരുന്നു. നിസിബിസ്, ആറുപേരുടെ തലവനായിരുന്ന അര്‍ബെലസ്, അഞ്ചുപേരുടെ മേലദ്ധ്യക്ഷനായിരുന്ന ബെത്സ്ലോക്കിലെ കര്‍ക്കാ ഫാര്‍ (പെഴ്സൈഡിലെ) ക്വതര്‍ (ബഹറിനിലെയും തീരപ്രദേശത്തെയും) എന്നിവിടങ്ങളിലെ മെത്രാപ്പോലീത്താമാരും മിദിയായിലും മറ്റു പ്രാന്തപ്രദേശങ്ങളിലുമുള്ള അനവധി എപ്പിസ്കോപ്പന്മാരും കാതോലിക്കോസിന്‍റെ ഛത്രാധിപത്യത്തിന്‍കീഴില്‍ ആയിരുന്നു. അക്കാലത്ത് കാതോലിക്കോസിന് ഭാരതസഭയുടെ മേല്‍നോട്ടം ഉണ്ടായിരുന്നതായി അറിവില്ല.

കല്‍ക്കിദോന്‍ സുന്നഹദോസിനു വഴിയൊരുക്കിയ വിരുദ്ധതകള്‍ പേര്‍ഷ്യന്‍ സഭയേയും പങ്കിലമാക്കി. വിഭജനത്തിന്‍റെ ആദ്യഘട്ടം 484-ലെ ബെത്ത് ലബത്ത് സുന്നഹദോസില്‍ അരങ്ങേറി. നിസ്ബിസത്തിലെ മെത്രാപ്പോലീത്തായായിരുന്ന ബര്‍സൗമ്മാ ഏതാനും എപ്പിസ്കോപ്പാമാരെ വിളിച്ചുകൂട്ടി. പേര്‍ഷ്യന്‍സഭ നെസ്തോറിയന്‍ വിശ്വാസത്തില്‍പെട്ടതാണെന്ന് ഈ സുന്നഹദോസ് പ്രഖ്യാപിച്ചു. ഈ സംഭവത്തിനു മുന്‍പു തന്നെ കാതോലിക്കോസ് ബാവാ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹം ബൈസാന്‍റെ സാമ്രാജ്യവുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു എന്ന കുറ്റം ആരോപിച്ച് ഗവണ്മെന്‍റ് അദ്ദേഹത്തെ വധിക്കുകയാണുണ്ടായത്. എ.ഡി. 485-ല്‍ അക്കേഷ്യസ് കാതോലിക്കാ സ്ഥാനത്ത് അവരോധിക്കപ്പെട്ടു. അദ്ദേഹം ബര്‍സൌമ്മായെക്കാള്‍ മിതവാദിയായിരുന്നു. എങ്കിലും കാതലായ നെസ്തോറിയന്‍ വിശ്വാസത്തെ അദ്ദേഹവും പിന്‍തുടര്‍ന്നു. 498-ല്‍ അന്നത്തെ കാതോലിക്കോസ് ബാബോവി ‘പൗരസ്ത്യ പാത്രിയര്‍ക്കീസ്’ എന്ന സ്ഥാനനാമം സ്വീകരിച്ചു (ബാബിലോണിലെ പാത്രിയര്‍ക്കീസ് എന്ന നാമവും ചിലപ്പോള്‍ ഉപയോഗിക്കുമായിരുന്നു).

ഈ പുതിയ പാത്രിയര്‍ക്കാ സ്ഥാനത്തിന്‍റെ നെസ്തോര്‍ വിശ്വാസം മിതമായ തോതിലുള്ളതായിരുന്നു. പാത്രിയര്‍ക്കീസായിരുന്ന മാര്‍ ബാബായി (മഹാനായ) ഇപ്രകാരം എഴുതി:

“കാലങ്ങളുടെ ആരംഭത്തിനു മുന്‍പ് അനാദിയായ പിതാവില്‍നിന്നും തന്‍റെ ദൈവത്വത്തില്‍ ജന്മമെടുക്കുകയും രണ്ടു സ്വഭാവങ്ങള്‍ ഉള്ളവനായി സര്‍വ്വരാലും ആരാധിക്കപ്പെടുകയും ചെയ്യുന്ന ദൈവപുത്രനായ ക്രിസ്തു ഏകനാകുന്നു. കാലത്തികവില്‍ മറിയാമില്‍ നിന്ന് ഏകജഢത്തോടെ മനുഷ്യജന്മമെടുത്തു. അവന്‍റെ ദൈവത്വം മാതാവിന്‍റെ സ്വഭാവത്തില്‍ നിന്നുള്ളതായിരുന്നില്ല. അവന്‍റെ മനുഷ്യത്വം പിതാവിന്‍റെ സ്വഭാവത്തില്‍ നിന്നുള്ളതുമായിരുന്നില്ല. ഇരു സ്വഭാവങ്ങളും ഭംഗംവരാതെ ഏക ക്നൂമ്മായില്‍ ഏക ആളത്വത്തില്‍ ഏക പുത്രത്വത്തിന്‍റേതായി സ്ഥിതിചെയ്യുന്നു.”

നെസ്തോറിയൂസിന്‍റേതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉപദേശം – രണ്ടാളത്വങ്ങളും രണ്ടു പുത്രത്വങ്ങളും – ഇതില്‍ കാണുന്നില്ല. ബാബായിയുടെ ‘നെസ്തോറിയന്‍ വിശ്വാസം’ ഓര്‍ത്തഡോക്സ് രീതിയില്‍ മാത്രമുള്ളതായിരുന്നു.

ബാബായിയുടെ വാഴ്ചയ്ക്കു ശേഷമുള്ള കാലഘട്ടത്തില്‍ നിസിബിസിലെ വേദശാസ്ത്ര പഠനരീതി പ്രബലപ്പെട്ടു. ഇക്കാലത്തായിരുന്നു ‘നെസ്തോറിയന്‍’ മിഷനറിമാര്‍ നമ്മുടെ നാട്ടിലെത്തി വിശ്വാസം പ്രചരിപ്പിക്കുവാന്‍ തുടങ്ങിയത്.

ഈ കാലയളവില്‍തന്നെ കല്‍ക്കിദോനെ എതിര്‍ത്തവരും കര്‍മ്മോന്മുഖരായി രംഗത്തുണ്ടായിരുന്നു. അന്ത്യോഖ്യായിലെ മാര്‍ സേവേറിയോസിന്‍റെ (Ca 465-538) ഉപദേശങ്ങളും പേര്‍ഷ്യന്‍ സഭയില്‍ സ്വാധീനം ചെലുത്തി. ആ സഭയിലെ അനേകരും തങ്ങളുടെ ഇടയില്‍ നുഴഞ്ഞു കയറിയ നെസ്തോറിയന്‍ വിശ്വാസത്തില്‍ അസ്വസ്ഥരായിരുന്നു. മിതമായതോതിലുള്ളതായിരുന്നുവെങ്കിലും ഈ വ്യതിചലനം അവര്‍ക്ക് അരോചകമായിരുന്നു. യാക്കോബ് ബറദ്യൂസിന്‍റെ (ca. 500-578) കാലത്ത് കല്‍ക്കദോനിയായ്ക്കു മുന്‍പുണ്ടായിരുന്ന സഭാവിശ്വാസം വീണ്ടും സജീവമായിത്തീര്‍ന്നു. ക്രിസ്തുവില്‍ ഏക ആളത്വവും ഏക സ്വഭാവവും എന്ന പാശ്ചാത്യ സിറിയന്‍ വിശ്വാസത്തിന് പേര്‍ഷ്യന്‍ സാമ്രാജ്യത്തെമ്പാടും പ്രപുരപ്രചാരം സിദ്ധിച്ചു. നെസ്തോറിയന്‍ വിശ്വാസത്തെ ചെറുത്തുനിന്ന ശക്തി ദുര്‍ഗ്ഗങ്ങള്‍ ആയിരുന്നു അന്നത്തെ സന്യാസാശ്രമങ്ങള്‍. ബാര്‍സൗമ്മാ (അഞ്ചാം നൂറ്റാണ്ടില്‍) സ്ഥാപിച്ച സന്യാസിനീ മഠങ്ങളും, മാര്‍മത്താ (നാലാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍) മാര്‍ ബഹനാന്‍ (നാലാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍) എന്നീ പിതാക്കന്മാരുടെ ആശ്രമങ്ങളും കല്‍ക്കദോനിയന്‍ വിശ്വാസത്തിനെതിരായ പോരാട്ടമായിരുന്നു. എ.ഡി. 640-ാം ആണ്ടിനോടടുത്ത് അറബികള്‍ സിറിയയും മദ്ധ്യപൂര്‍വ്വദേശവും ആക്രമിച്ചു കീഴടക്കി. അറബികളുടെ സമാധാനപാലന വ്യവസ്ഥിതിയില്‍ (The Pax Arabica) പാശ്ചാത്യ സിറിയന്‍ അഥവാ കല്‍ക്കദോന്യ വിരുദ്ധസഭയുടെ അസ്തിത്വത്തിന് നിയമപരമായ അംഗീകാരം ലഭിച്ചു. കാരണം, അറബികള്‍ ക്രിസ്ത്യാനികളെ വീക്ഷിച്ചത് ‘വിശുദ്ധ ഗ്രന്ഥത്തിലെ ജനത’ (People of the book) എന്ന നിലയില്‍ ആയിരുന്നു. അവരില്‍ ആരെയും വേദവിപരീതികളായി മുദ്രകുത്തി പീഡനത്തിന് വിധേയരാക്കുന്നതില്‍ അറബികള്‍ക്ക് താല്പര്യമില്ലായിരുന്നു. ക്രിസ്ത്യാനികള്‍ കരംകൊടുത്തിരുന്നിടത്തോളം കാലം (ഖരജ് അഥവാ ഭൂനികുതിയും ജിസ്സാ അഥവാ തലവരിയും) അറബികള്‍ അവരെയെല്ലാം ഒരേ നിലയില്‍ വീക്ഷിച്ചു.

അങ്ങിനെ ഏഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ മൂന്നു വ്യത്യസ്ത കാതോലിക്കാസ്ഥാനങ്ങള്‍ ഉണ്ടായി. ഒന്നാമത്തേതു മൂല പേര്‍ഷ്യന്‍ സഭയിലേതും, രണ്ടാമത്തേത് ബൈസാന്‍റൈന്‍ സാമ്രാജ്യത്തിന്‍റെ പിന്തുണയോടെ അന്ത്യോഖ്യായിലെ ബൈസാന്‍റൈന്‍ അഥവാ കല്‍ക്കിദോനിയന്‍ പാത്രിയര്‍ക്കീസ് സ്ഥാപിച്ചതും, മൂന്നാമത്തേത് കല്‍ക്കിദോന്യവിരുദ്ധരുടെ മപ്രിയാന സ്ഥാനവുമായിരുന്നു. അക്കാലത്ത് സിറിയയും, മെസപ്പൊട്ടേമിയയും പേര്‍ഷ്യയും ഒരേ കാലിഫിന്‍റെ ഭരണസീമയില്‍ ആയിരുന്നു. തന്മൂലം പാശ്ചാത്യ സിറിയക്കാര്‍ക്ക് പേര്‍ഷ്യയില്‍ വന്ന് അവിടുത്തെ സഭയ്ക്ക് ഉത്തേജനം നല്‍കാന്‍ കഴിഞ്ഞു. അങ്ങിനെ പേര്‍ഷ്യക്കാരനായിരുന്ന മാര്‍ മരൂത സിറിയന്‍ ദയറായില്‍ അഭ്യസനം പൂര്‍ത്തിയാക്കിയതിനുശേഷം മൂസലിലെ മാര്‍ മാതായുടെ മഠത്തില്‍ എത്തിച്ചേര്‍ന്നു. 629 -ല്‍ മാര്‍ മരൂത ഒന്നാമത്തെ ‘കിഴക്കിന്‍റെ മപ്രിയാനാ’ ആയിത്തീര്‍ന്നു. അദ്ദേഹം ഇരുപതുവര്‍ഷം ഭരണം നടത്തി. നെസ്തോറിയ വിശ്വാസം കൊടികുത്തി വാണിരുന്ന പ്രദേശങ്ങളില്‍ പാശ്ചാത്യ സിറിയന്‍ സഭ വ്യാപിക്കുവാന്‍ മപ്രിയാനായുടെ പ്രഗത്ഭ ഭരണം മൂലം ഇടയായി (ബൈസാന്‍റയിന്‍ കാതോലിക്കേറ്റാകട്ടെ, സ്വന്തമായ പ്രത്യേകാവകാശങ്ങളില്‍ പുളകംകൊണ്ട് അലസതയുടെ ആലസ്യത്തിലമര്‍ന്നു നിന്നു പുരോഗതി കൈവരിക്കാന്‍ മറന്നുപോയി. ഈ സഭ പില്‍ക്കാലത്ത് യാക്കോബ് ബറദ്യൂസിന്‍റെ (Jacob Baradeus) സ്മരണയ്ക്കായി ഗ്രീക്കുകാര്‍ ഈ സഭയ്ക്ക് ‘യാക്കോബായ’ എന്ന പേരു നല്‍കി). ഗ്രീക്കുകാരുടെ ജ്ഞാനം ഉള്‍ക്കൊണ്ട് തത്വശാസ്ത്രം, കണക്ക്, വാനനിരീക്ഷണശാസ്ത്രം, വേദശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പ്രാവീണ്യം നേടി. തല്‍ഫലമായി പല പണ്ഡിതന്മാരും ഈ സഭയില്‍ ഉണ്ടായി. എഡേസ്സായിലെ യാക്കോബ് (633-708) ഒരു ഭാഷാശാസ്ത്ര പണ്ഡിതനും, തത്വചിന്തകനും, വേദപുസ്തക വ്യാഖ്യാതാവും ആയിരുന്നു. സുറിയാനി ഭാഷയിലെ യാക്കോബിന്‍റെ തക്സാ ഇദ്ദേഹം അപഗ്രഥിച്ച് ക്രോഡീകരിച്ചു. മറ്റു ഗണനീയരായ പണ്ഡിതരായിരുന്നു ഗ്രിഗറി ബാര്‍ ഹെബ്രായാ (1226-86), സിറിയാക്കാരന്‍ മീഖായേല്‍ (1126-1199) (ഇവര്‍ ചരിത്രകാരന്മാര്‍ ആയിരുന്നു), ദീവന്നാസ്സ്യോസ് ബര്‍ശ്ലീബാ, മൂശാബര്‍കീഫാ (833-903) എന്നിവര്‍.

ഈ പാശ്ചാത്യ സിറിയന്‍ സഭയുടെ പൗരസ്ത്യ കാതോലിക്കാ (മപ്രിയാനാ) യ്ക്ക് ഭാരതസഭയുടെ മേല്‍ കര്‍തൃത്വം ഇല്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്. പേര്‍ഷ്യന്‍, അഥവാ പൗരസ്ത്യ സിറിയന്‍ (നെസ്തോറിയന്‍) കാതോലിക്കാ ആയിരുന്നു ഏഴും എട്ടും നൂറ്റാണ്ടുകളില്‍ തന്‍റെ മേല്‍ക്കോയ്മ ഭാരതത്തിലേക്ക് വ്യാപിപ്പിച്ചത്. ഈ കാലഘട്ടത്തില്‍ വിശ്വാസപ്രചരണത്തിന് ഭാരതത്തില്‍ വേദിയൊരുക്കാന്‍ പാശ്ചാത്യ സിറിയന്‍ (യാക്കോബായ) മപ്രിയാനാ തുനിഞ്ഞില്ല. ഈ നിസ്സംഗതയ്ക്കുള്ള കാരണം ചരിത്രത്തില്‍ നിന്ന് ഇനിയും ചികഞ്ഞെടുക്കേണ്ടിയിരിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടായപ്പോഴേക്കും അറബിഭരണത്തിന്‍കീഴില്‍ പടര്‍ന്നു പന്തലിച്ച യാക്കോബായ സഭയ്ക്ക് പന്ത്രണ്ടു മെത്രാപ്പോലീത്താമാരും നൂറിലധികം മെത്രാന്മാരും ഉണ്ടായി. സിറിയ, തുര്‍ക്കി, ഇറാക്ക്, ഇറാന്‍, അറേബ്യാ എന്നിവിടങ്ങളിലെല്ലാം ദേവാലയങ്ങളും ജനങ്ങളും ഉണ്ടായി. എന്നാല്‍ ഭാരതം ഈ സ്വാധീനവലയത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല.

തൈഗ്രീസിലെ മപ്രിയാനാ (കാതോലിക്കോസ്) മെസപ്പൊട്ടേമിയന്‍ സമതലത്തിലും, വിദൂരപൂര്‍വ്വദേശത്തുള്ള പതിനെട്ടു മെത്രാസന ഇടവകകളുടെ അധിപതിയായിരുന്നു. ഭാരതവുമായി ഇദ്ദേഹവും ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നതിന് വ്യക്തമായ രേഖകള്‍ ഉണ്ട്. പതിമൂന്നാം നൂറ്റാണ്ടായപ്പോഴേക്കും യാക്കോബായ കാതോലിക്കാ സ്ഥാനം ദുര്‍ബ്ബലമായിത്തുടങ്ങി. അക്കാലത്ത് മംഗോളിയന്‍ ആക്രമണം ഉണ്ടായി. ആക്രമണത്തിന്‍റെ ആദ്യഘട്ടത്തില്‍, ശക്തമായിരുന്ന യാക്കോബായാ സഭ, ആക്രമണം നയിച്ച (മംഗോള്‍ രാജാവായ ഹുലാഗു തുടങ്ങിയ) രാജാക്കന്മാരെ ഈ വിശ്വാസത്തിലേക്കാകര്‍ഷിച്ചു. അവരെ സഭയില്‍ ചേര്‍ത്തു. എന്നാല്‍ 1394-ല്‍ തിമൂറിന്‍റെ ആഗമനത്തോടെ യാക്കോബായ വിഭാഗത്തിന്‍റെ നാശം ആരംഭിച്ചു. മപ്രിയാനാ (കാതോലിക്കാ) സ്ഥാനം അനാഥമായി. 1404-ല്‍ വീണ്ടും കാതോലിക്കാസ്ഥാനം നിലവില്‍ വന്നു. എങ്കിലും അധഃപതനം അനവരതം തുടര്‍ന്നു. കൂട്ടക്കൊല, പരദേശപ്രയാണം, ഇസ്ലാം മതത്തിലേക്കുള്ള കൂട്ടമായ പരിവര്‍ത്തനം എന്നിവ മൂലം യാക്കോബായക്കാരുടെ സംഖ്യ 19-ാം നൂറ്റാണ്ടായപ്പോഴേക്ക് രണ്ടു ലക്ഷത്തില്‍ കുറവായിത്തീര്‍ന്നു. തുടര്‍ന്നും അംഗസംഖ്യയില്‍ കുറവ് സംഭവിച്ചുകൊണ്ടിരുന്നു. പ്രസിദ്ധ സന്യാസാശ്രമങ്ങള്‍ കൊള്ളയിട്ടു നശിപ്പിക്കപ്പെട്ടു. അമൂല്യഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടു. കൊള്ളിവെപ്പില്‍ നശിക്കുകയും ചെയ്തു.

എണ്‍പത്തിഒന്നാമത്തെ മപ്രിയാനാ (കാതോലിക്കോസ്) ബെഹനാന്‍ നാലാമന്‍ 1895-ല്‍ കാലം ചെയ്തു. അതോടെ പേര്‍ഷ്യയിലെ പാശ്ചാത്യ സിറിയന്‍ കാതോലിക്കാ സ്ഥാനം നാമാവശേഷമായി. പതിനേഴു വര്‍ഷങ്ങള്‍ക്കുശേഷം ഭാരതത്തില്‍ കാതോലിക്കാസ്ഥാനം പുനഃസ്ഥാപിതമായി.

(ഓര്‍ത്തഡോക്സ് ഹെറാള്‍ഡ്, 1985, ഓഗസ്റ്റ് 21)