Emergency in India: Some Questions & Answers / Dr. Paulos Mar Gregorios
ചോദ്യം: അടിയന്തിരാവസ്ഥ പ്രഖ്യാപനം എന്ന കടുത്ത നടപടി ശ്രീമതി ഇന്ദിരാ ഗാന്ധിക്ക് എടുക്കേണ്ടിവന്നത് എന്തുകൊണ്ടാണ്?
ഉത്തരം: A. സർക്കാർ ഉത്തരവുകൾ അനുസരിക്കരുത് എന്ന് സായുധ സേനക്കും, പൊലീസിനും, സർക്കാർ ഉദ്യോഗസ്ഥർക്കും പ്രതിപക്ഷം പരസ്യമായ ആഹ്വാനം കൊടുത്തു. വിദ്യാർത്ഥികളോട് വിദ്യാലയങ്ങൾ ഉപേക്ഷിക്കുവാൻ പറഞ്ഞു, തൊഴിലാളികളോട് വാർത്താവിനിമയം തകരാറിലാക്കാനും, നികുതികൾ ബഹിഷ്‌ക്കരിക്കുവാൻ പൗരന്മാരോടും ആവശ്യപ്പെട്ടു. അരക്ഷിതാവസ്ഥ ഉണ്ടാക്കുവാൻ കഴിയുന്ന ഈ സാഹചര്യം തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനും അനുവദിക്കുവാനാകില്ല. (സുപ്രീം കോടതി അപ്പീലും സ്റ്റേയും അനുവദിച്ച) ഒരു കീഴ്കോടതി വിധിയിൽ പ്രതിപക്ഷം വിജയാഹ്ലാദത്തിൽ ചീഫ് ജസ്റ്റീസിന്റെ നിഷ്പതയെ അപകീർത്തിപ്പെടുത്തുകവഴി ഉന്നത നീതി പീഠത്തിലുള്ള പൊതു വിശ്വാസത്തിനു തുരങ്കം വെക്കുവാൻ ശ്രമിച്ചു.
B. സർക്കാർ ശക്തമായി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ദീർഘകാല പ്രത്യാഘാതം ഇതുവഴി സമ്പത് ഘടനക്കും, സമാധാന ജീവിതത്തിനും ഉണ്ടാകുമായിരുന്നു. അക്രമാസക്തവും തീവ്ര-വാദ നിലപാടുമുള്ള ഒരു ന്യുനപക്ഷത്തിനു കീഴടങ്ങി, തങ്ങളെ തിരഞ്ഞെടുത്ത ഭൂരിപക്ഷത്തിൻറെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ പരാജയപ്പെടുമായിരുന്നു..
C. 352 വകുപ്പ് പ്രകാരം ഇത്തരം നടപടികൾക്ക് വ്യവസ്ഥചെയ്യുന്ന ഭരണഘടന നമ്മുടെ സ്ഥാപക പിതാക്കന്മാർ നിയമ സഭകൾക്ക് അത്തരം സാഹചര്യങ്ങൾ നേരിടുന്നതിന് ഉൾപ്പെടുത്തിയിട്ടുണ്ട്.
ചോദ്യം: ലോക ജനാധിപത്യ ക്രമത്തിൽ ശ്രീമതി ഗാന്ധിയുടെ നേതൃത്വം അനിവാര്യമാകുന്നത് എന്തുകൊണ്ടാണ്?
ഉത്തരം: ആരുടേയും നേതൃത്വം അനിവാര്യമാകുന്നില്ല. എന്നാൽ, പാർട്ടിയിലും രാജ്യത്തും ഉണ്ടായ സംഭവ വികാസങ്ങൾ, ചില ആഭ്യന്തര-രാജ്യാന്തര നയങ്ങളുടെ ഏതാണ്ടൊരു ചിഹ്നമായിത്തന്നെ ശ്രീമതി ഗാന്ധിയെ എടുത്തുകാട്ടി. പാർട്ടിയും, സർക്കാരും സഭാ കക്ഷിയും തീരുമാനിക്കുകയും, പിന്താങ്ങുകയും ചെയ്തിരുന്ന ഈ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള അവരുടെ നിശ്ചയദാർഢ്യം അവരുടെ നേർക്ക് ഉണ്ടായ ആക്രമണത്തിന് പ്രേരകമായി എന്ന് നാം മനസ്സിലാക്കേണ്ടത്, വളരെ പ്രധാനമത്രെ. അവരുടെ പിതാവായ ജവാഹർലാൽ നെഹ്രുവിനെതിരെ തുടങ്ങി വച്ചിരുന്ന ഒരു പ്രക്രിയയുടെ തുടർച്ചയായിരുന്നു അത്.”
സ്വതന്ത്ര തര്‍ജമ: അനില്‍ ജി. ജോര്‍ജ് (Anil G George)