ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

 

gregory

ജറുസലേമിലെ സഭയൊഴികെ അപ്പോസ്തോലിക പാരമ്പര്യമുള്ള മറ്റ് ക്രൈസ്തവ സഭകളേക്കാള്‍ പൗരാണികമാണ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ. ക്രിസ്തുവിന്‍റെ ശിഷ്യനായ വി. തോമാശ്ലീഹായാല്‍ നേരിട്ട് സ്ഥാപിതമായ സഭയാണിത്. ഈയൊരു വിശേഷാവകാശം അന്ത്യോഖ്യന്‍ സഭയ്ക്കോ, റോമന്‍ സഭയ്ക്കോ, കോണ്‍സ്റ്റാന്‍റി നോപ്പിളിനോ, അലക്സാന്ത്രിയന്‍ സഭയ്ക്കോ ഇല്ല.

വി. സ്തേഫാനോസിന്‍റെ രക്തസാക്ഷിത്വത്തെ തുടര്‍ന്നാണ് അന്ത്യോഖ്യയില്‍ ക്രൈസ്തവ സഭ ഉദയംകൊണ്ടത്. വി. പത്രോസ്-പൗലൂസ് ശ്ലീഹന്മാരാണ് റോമിലെ സഭ സ്ഥാപിക്കുന്നത്. കര്‍ത്താവിന്‍റെ പന്ത്രണ്ട് അപ്പോസ്തോലന്മാരില്‍ ഉള്‍പ്പെടാത്ത വി. മര്‍ക്കോസിന്‍റെ പ്രവര്‍ത്തനങ്ങള്‍ അലക്സാന്ത്രിയായില്‍ സഭയുണ്ടാകാന്‍ കാരണമായി. എ.ഡി. 330-ലാണ് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ രൂപീകൃതമാകുന്നത്. എന്നാല്‍ ജറുസലേമിലെ സഭയുടെ കാലത്തു തന്നെ ക്രിസ്തുശിഷ്യനായ വി. തോമ്മാ ശ്ലീഹാ ഇന്ത്യയില്‍ ഈ സഭ സ്ഥാപിക്കുകയുണ്ടായി.
കേരളത്തില്‍ വി. തോമാ ശ്ലീഹാ ഏഴു പള്ളികള്‍ സ്ഥാപിക്കുകയും ഹേരിയസ് എന്നു വിളിക്കാവുന്ന പുരോഹിതരെ നിയമിച്ചുവെന്നും ചരിത്രം അവകാശപ്പെടുന്നു. നിസ്സായിലെ കൗണ്‍സിലിനു മുമ്പ് ഹേരിയസ് എന്ന വാക്ക് പുരോഹിതര്‍ക്ക് ഉപയോഗിച്ചിരുന്നില്ല. എല്ലാ പ്രാദേശിക സഭകളും ഒരു മെത്രാപ്പോലീത്തായുടെ അധികാരപരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. അതോടൊപ്പം ഒരു പ്രത്യേക കൗണ്‍സിലും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ആ മെത്രാപ്പോലീത്താ തന്നെയായിരുന്നു പുരോഹിതനായിട്ടും പ്രവര്‍ത്തിച്ചു വന്നത്. ഹേരിയസ് എന്നത് ഗ്രീക്കു വാക്കാണ്. ലാറ്റിനില്‍ സാര്‍സിഡസ് എന്നു വിളിക്കും. ഇതില്‍ നിന്നും വ്യക്തമാകുന്നത് യഥാര്‍ത്ഥ ഇന്ത്യന്‍ സഭയ്ക്ക് ഏഴു മെത്രാപ്പോലീത്തന്മാര്‍ ഉണ്ടായിരുന്നെന്നും ഇതൊരു സ്വതന്ത്ര സഭയായിരുന്നുവെന്നുമാണ്. അപ്പോള്‍ മറ്റെല്ലാ ശ്ലൈഹിക സഭകളെയുംപോലെ അധികാരാവകാശങ്ങള്‍ ഉള്ള സഭയെന്ന് ഇന്ത്യന്‍ സഭയെ വിളിക്കാം. നാലോ അതില്‍ കൂടുതലോ മെത്രാന്മാരുള്ള ഒരു സഭയില്‍, ഒരു മെത്രാപ്പോലീത്താ കാലം ചെയ്താല്‍ മറ്റ് മൂന്നു മെത്രാപ്പോലീത്തന്മാര്‍ ജനങ്ങളുടെ സഹായത്തോടെ ഒരാളെ തെരഞ്ഞെടുത്ത് സഭയുടെ പരമാധികാരിയായി വാഴിക്കുന്ന രീതിയുണ്ടായിരുന്നു. അതിനാല്‍ മറ്റ് വിദേശീയ സഭകളുടെ അധികാരത്തിന്‍കീഴില്‍ കഴിയേണ്ടതിന്‍റെ ആവശ്യം ഉണ്ടായിട്ടില്ല. ഒരു സ്വതന്ത്ര സഭയ്ക്ക് ഏറ്റവും കുറഞ്ഞത് നാല് മെത്രാപ്പോലീത്താമാരെങ്കിലും ഉണ്ടായാല്‍ മതി. നമുക്ക് ഏഴ് പിതാക്കന്മാര്‍ ഉണ്ടായിരുന്നു. എന്നിട്ടും നാം കുറച്ചുകാലം മറ്റു സഭകളുടെ ആധിപത്യത്തിന്‍കീഴില്‍ കഴിയേണ്ടി വന്നു.

ഒരിക്കല്‍ നമ്മുടെ സഭയ്ക്കുണ്ടായിരുന്ന ഈ സ്വാതന്ത്ര്യം ഇടക്കാലത്ത് എങ്ങനെ നഷ്ടപ്പെട്ടു. ഏഴാം നൂറ്റാണ്ടിന്‍റെ അവസാനമായപ്പോഴേക്കും സ്വന്തമായി മെത്രാപ്പോലീത്താമാരില്ലാതെയാവുകയും പേര്‍ഷ്യന്‍ സഭയുടെ അധികാരത്തിന്‍കീഴിലാവുകയും ചെയ്തു. ഇതിന്‍റെ കാരണമെന്തെന്ന് വിശദീകരിക്കാന്‍ നമുക്ക് സാധിക്കുന്നില്ല. നമ്മള്‍ നമ്മോടുതന്നെ കലഹിച്ചുകൊണ്ടിരുന്നു. നമ്മുടെ പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും നശിപ്പിക്കുകയും ചെയ്തു.

1912 ആയപ്പോഴേക്കും ഭാഗികമായിട്ടാണെങ്കിലും ഇതില്‍ നിന്നും മോചനം നേടാന്‍ നമുക്കു സാധിച്ചു. നീണ്ട എണ്‍പതു വര്‍ഷത്തിനുശേഷവും പൂര്‍ണ്ണമായ സ്വാതന്ത്ര്യം അനുഭവിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം. സഭയുടെ സ്വാതന്ത്ര്യം വ്യക്തമാക്കുന്ന ഒരു ഭരണഘടന നമുക്കാവശ്യമാണ്. നമുക്ക് മറ്റൊരു സഭയുടെ പിന്‍ബലത്തോടു കൂടിയല്ലാതെ കാതോലിക്കോസിനെ തെരഞ്ഞെടുക്കാനുള്ള സാഹചര്യം സംജാതമാകണം. നമുക്ക് അതിനുള്ള സുന്നഹദോസുണ്ട്. എങ്കിലും ഒരു സാര്‍വത്രിക സുന്നഹദോസിന്‍റെയും അനുമതിക്കായി നാം പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. അതിന്‍റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. എപ്പിസ്കോപ്പല്‍ സിനഡിന്‍റെ സകല അധികാരങ്ങളും ഭരണഘടനയില്‍ പ്രത്യേകമായി നിര്‍വചിക്കപ്പെട്ടിരിക്കണം. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. പരിശുദ്ധ സുന്നഹദോസിന് ഒരു സെക്രട്ടറിയും പ്രത്യേകം ഓഫീസുമുണ്ട്.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കോസിനും മറ്റു മെത്രാപ്പോലീത്താമാര്‍ക്കും ധാരാളം അധികാരങ്ങള്‍ ഉണ്ട്. സുന്നഹദോസും കാതോലിക്കോസും ചേര്‍ന്നുള്ള പങ്കിടലാണ് അധികാരങ്ങളില്‍ ഉണ്ടാകേണ്ടത്. എന്നാല്‍ മാത്രമേ, ‘സ്വാതന്ത്ര്യം’ എന്ന വാക്കിന്‍റെ അര്‍ത്ഥപൂര്‍ണത സഭയ്ക്ക് കൈവരിക്കാനാവൂ.
1912-ല്‍ സഭയുടെ കാതോലിക്കേറ്റ് പുനഃസംഘടിപ്പിക്കപ്പെട്ടു. അതേ തുടര്‍ന്ന് ഇപ്പോഴത്തെ ഭരണഘടന എഴുതിയുണ്ടാക്കി അംഗീകരിച്ചു. ആ ഘട്ടത്തില്‍ പൗരസ്ത്യസഭയുടെ ചട്ടങ്ങളെക്കുറിച്ച് വേണ്ടത്ര ജ്ഞാനമില്ലായിരുന്നു. 1995-ന്‍റെ ആരംഭത്തില്‍തന്നെ സുപ്രീംകോടതി സഭാഭരണഘടനയില്‍ വരുത്തേണ്ട പരിഷ്കാരങ്ങള്‍ക്കു അനുമതി നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

നമുക്കൊരു പുതിയ ഭരണഘടന ആവശ്യമാണ്. ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങളെല്ലാം പ്രതിഫലിപ്പിക്കുന്ന വിധത്തിലുള്ളതായിരിക്കണം പ്രസ്തുത ഭരണഘടന.

ഇക്കഴിഞ്ഞ അമ്പത് വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയെ നാം ഓരോരുത്തരും വിചാരിച്ചതിനേക്കാള്‍ അധികമായി ദൈവം അനുഗ്രഹിച്ചു. അങ്ങനെ ഈ സഭ ഒരു സാര്‍വത്രിക സഭയായി പരിണമിച്ചു. നാലു ഭൂഖണ്ഡങ്ങളിലായി ഭദ്രാസനങ്ങളും ഇടവകകളും ധാരാളമായിട്ടുണ്ടായി. അമേരിക്ക, കാനഡ, യൂറോപ്പ്, ഏഷ്യ, ആസ്ത്രേലിയ എന്നിവിടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ സവിശേഷ വ്യക്തിത്വം പുലര്‍ത്തുന്നു. ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലുമാണ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഇന്ന് ശക്തമായ വേരുകളില്ലാത്തത്. ഈ നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഒരു മെത്രാപ്പോലീത്തായായിരുന്നു നമ്മെ ഭരിച്ചിരുന്നത്. അന്നു നമുക്ക് കാതോലിക്കോസും, സുന്നഹദോസും മാനേജിംഗ് കമ്മിറ്റിയും മലങ്കര അസ്സോസിയേഷനും ഒന്നും ഇല്ലായിരുന്നു. അന്ന് നമ്മള്‍ തിരുവിതാംകൂറിലും കൊച്ചിയിലും മാത്രം ഒതുങ്ങി നിന്നു. ഇന്നത്തെ സ്ഥിതി അതല്ല. കേരളത്തിനു പുറത്തു തന്നെ ആറ് ഭദ്രാസനങ്ങള്‍ നമുക്കുണ്ട്. ബോംബെ, കല്‍ക്കട്ട, ഡല്‍ഹി, മദ്രാസ്, യു,എസ്.എ., കാനഡ, എന്നിവിടങ്ങളില്‍ ഓര്‍ത്തഡോക്സ് ഇടവകകള്‍ വളരെ ശ്രദ്ധേയമായ സഭയുടെ നേട്ടങ്ങള്‍ക്ക് ഉദാഹരങ്ങളാണ്. ബാഹ്യകേരളത്തിലുള്ള ഭദ്രാസനങ്ങളും ഇടവകകളും സഭാംഗങ്ങളും സഭയുടെ സാമ്പത്തിക ഭദ്രതയുടെ സുപ്രധാന ആധാരങ്ങളാണ്.