നന്മയുടെ രൂപങ്ങള്‍ സ്ത്രീകളില്‍ നിന്ന് / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

pmg
നമ്മുടെ കുടുംബങ്ങളില്‍ കാരണമില്ലാതെ തന്നെ ക്രൂരത വര്‍ധിച്ചിട്ടുണ്ട്. ജീവിതം എന്തിനു വേണ്ടിയാണ്? പണം ഉണ്ടാക്കാന്‍ മാത്രം. മറ്റു മൂല്യങ്ങളെല്ലാം അതിനു താഴേക്കു പോവുന്നു. പണ്ട് തെറ്റായ മാര്‍ഗങ്ങളിലൂടെ പണം ഉണ്ടാക്കുന്നവരെ സമൂഹത്തിനു പുച്ഛമായിരുന്നു. ഇപ്പോള്‍ മാര്‍ഗം ഏതായാലും പണം ഉണ്ടാക്കുന്നവരെ ജനം അഭിനന്ദിക്കുന്നു.

ഇത്തരം ചരിത്രഘട്ടത്തില്‍ രാഷ്ട്രീയവും മതവുമാണ് മനുഷ്യന്‍റെ രക്ഷയ്ക്ക് എത്തേണ്ടത്. ഇന്ന് അവയുടെ അവസ്ഥയോ? രാഷ്ട്രീയത്തിലും പണവും അധികാരവും പ്രാമുഖ്യം നേടുകയാണ്. മൂല്യങ്ങളെക്കുറിച്ചും മൂല്യനഷ്ടങ്ങളെക്കുറിച്ചുമുള്ള പ്രസംഗങ്ങള്‍ക്ക് ഇപ്പോഴും കുറവില്ല. പക്ഷേ, പ്രസംഗത്തേക്കാള്‍ മൂല്യങ്ങളുടെ ജീവിക്കുന്ന മാതൃകകളാണ് സമൂഹത്തിന് വേണ്ടത്. ചെറുപ്പക്കാര്‍ക്ക് നല്ല വഴികള്‍ ആരും കാണിച്ചു കൊടുക്കുന്നില്ല.

മതങ്ങളുടെ ഉള്ളിലും പരാജയം സംഭവിച്ചതായി കാണുന്നു. മതനേതാക്കളും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ഈശ്വരനെ ആരാധിക്കാനും മനുഷ്യനെ സ്നേഹിക്കാനുമാണ് മതങ്ങള്‍. പക്ഷേ, പണത്തിനും അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയുള്ള പാച്ചില്‍ മതനേതാക്കളിലും പ്രകടമാണ്. മതങ്ങള്‍ക്ക് അവരുടെ അനുയായികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലും സ്ഥാപനങ്ങള്‍ വര്‍ധിപ്പിക്കുന്നതിലുമാണ് താല്‍പര്യമെന്നു തോന്നുന്നു. ആത്മീയമായ വളര്‍ച്ചയേക്കാള്‍ ലൗകികമായ സമൃദ്ധിയിലാണ് കണ്ണ്.

യഥാര്‍ത്ഥത്തില്‍ കുടുംബമാണ് മൂല്യങ്ങളുടെ ഗര്‍ഭപാത്രം. ഈശ്വരന്‍ ഉണ്ടാക്കിയ സ്ഥാപനമാണ് കുടുംബം. പരസ്പരമുള്ള പങ്കിടലുകളിലൂടെയും കരുതലുകളിലൂടെയുമാണ് കുടുംബബന്ധങ്ങള്‍ വളരേണ്ടത്. പക്ഷേ അത് ഇല്ലാതെ വരുമ്പോള്‍ മൂല്യങ്ങളുടെ അടിസ്ഥാനം അടുത്ത തലമുറയ്ക്കും കിട്ടാതെ പോവുന്നു. സമൂഹത്തില്‍ പൊതുവെ അവനോട് തന്നെ കടുത്ത അസംതൃപ്തി ഉള്ളില്‍ അനുഭവപ്പെടുന്നുമുണ്ട്. സ്വയം മെച്ചപ്പെടാന്‍ മാര്‍ഗം കാണുന്നുമില്ല.

പലതരം പ്രലോഭനങ്ങളുടെ കാലവുമാണിത്. ലൈംഗികതയ്ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെടുന്നു. സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ വിവാഹത്തിനു പുറത്തുള്ള ബന്ധങ്ങളും ഏറുകയാണ്. പഴയ കുറ്റബോധമോ, മനസാക്ഷിയുടെ മുഴക്കങ്ങളോ ആരെയും അലട്ടുന്നില്ലെന്നു തോന്നുന്നു. സുഖം തരുന്നത് എന്തും സ്വീകാര്യമെന്നാണ് പുതിയ കാഴ്ചപ്പാട്.
ഇതിനൊക്കെ പൊടുന്നനെ ഒരു പരിഹാരം നിര്‍ദ്ദേശിക്കാനില്ല. രാഷ്ട്രീയ വ്യവസ്ഥിതിയും അഴിമതിയുമൊക്കെ മാറേണ്ടതുണ്ട്. ഈ ജീര്‍ണത അങ്ങേയറ്റമായതിനു ശേഷം ഒരു പൊട്ടിത്തെറിയില്‍ നിന്നും നന്മ തിരിച്ചുവരുമെന്നാണ് എന്‍റെ പ്രതീക്ഷ.

ലോകത്തിന്‍റെ വഴികളെ ആശ്രയിക്കാതെ സത്യത്തിന്‍റെ വഴികളെ നമ്മള്‍ ആശ്രയിക്കണം. പക്ഷേ, പ്രലോഭനങ്ങളെ ചെറുക്കാന്‍ നല്ല മനക്കരുത്തു വേണം.

ഈ അവസ്ഥയെ നമ്മള്‍ ഗൗരവപൂര്‍വം കാണേണ്ടതുണ്ട്. എന്തു ചെയ്യാന്‍ കഴിയും എന്ന് മതങ്ങള്‍ കൂട്ടായി ചര്‍ച്ചകള്‍ നടത്തി തീരുമാനിക്കണം.

സ്ത്രീകള്‍ സമൂഹത്തിന്‍റെ ഈ പുതിയ ഗതിയില്‍ അത്ര കണ്ട് വീണു പോയിട്ടില്ലെന്നു ഞാന്‍ വിചാരിക്കുന്നു. അതുകൊണ്ട് എനിക്ക് സ്ത്രീശക്തിയിലാണു പ്രതീക്ഷ. തിന്മയുടെ ശക്തികളെ നമ്മള്‍ പുറത്തു കൊണ്ടു വരണം. നന്മയുടെ പുതിയ രൂപങ്ങള്‍ ആവിഷ്ക്കരിക്കണം… സ്ത്രീകള്‍ ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കണം. വീട്ടിലും പുറത്തും വിഷമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് ആശ്വാസമാവുന്ന മട്ടില്‍ പദ്ധതികള്‍ക്ക് രൂപം കൊടുക്കണം.

(വനിത മാസിക, സെപ്റ്റംബര്‍ 15-31, 1995)