സുപ്രീംകോടതി വിധിയോടെ നമ്മളൊരു വെട്ടില്‍ വീണിരിക്കുകയാണ്. നമ്മള്‍ തലകൊണ്ടു പോയി സുപ്രീംകോടതിയില്‍ കൊടുത്തു. കോടതി നമ്മളെ ഒരു വെട്ടില്‍ കൊണ്ടുചെന്നു ചാടിച്ചിരിക്കുകയാണ്. കോടതിയില്‍ പോയില്ലായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. കോടതിയില്‍ പോയി കഴിഞ്ഞാല്‍ കോടതി പറഞ്ഞത് അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണ്. ഈ രാജ്യത്തെ നിയമവും മറ്റും അനുസരിക്കാന്‍ നമ്മള്‍ കടപ്പെട്ടവരാണ്.
കോടതിവിധി പ്രകാരം സ്റ്റാറ്റസ്കോ നിലനില്‍ക്കുന്നു. അസോസിയേഷന്‍ കൂടിക്കഴിഞ്ഞാലേ സ്റ്റാറ്റസ്കോ മാറുകയുള്ളു. സ്റ്റാറ്റസ്കോ അനുസരിച്ച് തങ്ങളും മലങ്കര അസോസിയേഷന്‍ വൈസ്പ്രസിഡന്‍റുമാരാണെന്ന് പാത്രിയര്‍ക്കീസ് വിഭാഗം മെത്രാന്മാര്‍ വാദിക്കുന്നു. നമ്മളിത് അംഗീകരിച്ചുകൊടുത്തിട്ടില്ല. അവര്‍ക്ക് ഇപ്പോള്‍ അവരുടെയിടയില്‍ ഭരണമൊക്കെ നടത്താമെന്നല്ലാതെ, അസോസ്യേഷന്‍ കൂടി കഴിഞ്ഞശേഷമേ അവര്‍ ആ നിലയിലെത്തുകയുള്ളു. ഇന്ത്യയിലെ എല്ലാ മെത്രാന്മാരും ഇവിടുത്തെ സുന്നഹദോസിലെ അംഗങ്ങളാണെന്നും അവര്‍ സുന്നഹദോസിന് കീഴ്പെട്ട് പ്രവര്‍ത്തിക്കേണ്ടതാണെന്നുമാണ് നമ്മള്‍ വാദിക്കുന്നത്.
സിംഹാസനപള്ളികളും പൗരസ്ത്യ സുവിശേഷ സമാജം പള്ളികളും സുന്നഹദോസിന്‍റെ കീഴില്‍ വരണം. പാത്രിയര്‍ക്കീസ് മെത്രാന്മാരെ വാഴിക്കുകയില്ലായിരിക്കാം. പക്ഷേ ഈ മെത്രാന്മാര്‍ ചേര്‍ന്ന് മെത്രാന്മാരെ വാഴിച്ചെന്നു വരാം. അങ്ങനെ ഉണ്ടാകാതിരിക്കുവാനുള്ള വഴികള്‍ നോക്കണം. അവരെ സുന്നഹദോസിന്‍റെ കീഴില്‍ കൊണ്ടുവന്ന് ഭരണഘടനയ്ക്കു വിധേയമാക്കണം. ആ രീതിയിലാണ് ഇപ്പോള്‍ നെഗോസിയേഷനുള്ള ശ്രമങ്ങള്‍ പോകുന്നത്. മലങ്കരസഭയില്‍ ശാശ്വത സമാധാനമുണ്ടാക്കുക എന്നതാണ് നമ്മുടെ ഇപ്പോഴത്തെ ലക്ഷ്യം.
മാര്‍ത്തോമ്മാ സിംഹാസനം
മാര്‍ത്തോമ്മാ ശ്ലീഹായ്ക്ക് സിംഹാസനമില്ല എന്ന വാദം പൂര്‍ണ്ണമായും വിഡ്ഢിത്തമാണ്. യാക്കോബ് തൃതീയന്‍ ബുദ്ധിമോശമായ പല കാര്യങ്ങളും എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തോട് നേരിട്ട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുവാന്‍ എനിക്ക് അവസരം ലഭിച്ചു. ഒരു ഓര്‍ത്തഡോക്സ് വേദശാസ്ത്രജ്ഞനും ബാവാതിരുമേനിയുടെ ഈ വാദഗതി അംഗീകരിക്കുകയില്ല എന്നു ഞാന്‍ തുറന്നുപറഞ്ഞു. ഓര്‍ത്തഡോക്സ് സഭകളുടെ പാരമ്പര്യത്തില്‍ ഇങ്ങനെയൊരു ചിന്താഗതി ഇല്ല എന്നു ഞാന്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ മാര്‍ത്തോമ്മാശ്ലീഹായെ തുബ്ദേനില്‍ ഓര്‍ക്കാന്‍ പാത്രിയര്‍ക്കീസ് തന്നെ കല്പന ഇറക്കിയിട്ടുണ്ട്.
ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യത്തില്‍ സഭാസമാധാനത്തിനായി ഏവരും പ്രാര്‍ത്ഥിക്കുകയും അതിനോട് സഹകരിക്കുകയും ചെയ്യണമെന്ന് അപേക്ഷിച്ചുകൊണ്ട് എന്‍റെ വാക്കുകളെ ചുരുക്കുന്നു.
(കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിചാപ്പലില്‍ വി. മാര്‍ത്തോമ്മാശ്ലീഹായുടെ ദുഖ്റോനോ പെരുനാളില്‍ വി. കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗം. 1996. സമ്പാദകന്‍: ജോയ്സ് തോട്ടയ്ക്കാട്)